Saturday, May 18, 2024

ഉത്തരവാദിത്വം തിരിച്ചറിയുക !

 



ഉത്തരവാദിത്വം തിരിച്ചറിയുക !


- December 28, 2022


  🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴 


ഉത്തരവാദിത്വം തിരിച്ചറിയുക !



അഭിവന്ദ്യ ഗുരു ടി.ടി ഉസ്താദി(ന:മ) ന്റെ,

കക്കാട് ദർസിൽ പഠിക്കുന്ന കാലം.  'ഖത്വറുന്നദാ' യാണ് പ്രധാന കിതാബ്. അന്നൊരു ചൊവ്വാഴ്ച, ഉസ്താദ് എന്തോ അത്യാവശ്യത്തിന് നാട്ടിൽ പോകുന്നു. കുറച്ചു നാളത്തെ ആഗ്രഹമായിരുന്നു ഉസ്താദുൽ അസാതീദ് ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദിനെ ഒന്ന് കാണുക എന്നത്. അങ്ങനെ ഉസ്താദിനോട് അനുവാദം വാങ്ങി ഒതുക്കുങ്ങലിലേക്ക് ബസ് കയറി.


അസ്വറിനോടടുത്ത സമയം. വീടിനടുത്തെ നിസ്കാരപ്പള്ളിയിൽ ഒ.കെ ഉസ്താദ് ഇരുന്ന് ഖുർആനോതുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി താടിരോമങ്ങളിലൂടെ ഇറ്റി വീഴുന്നു. മുൽക് സൂറതായിരുന്നു എന്നാണ് ഓർമ്മ. ഈമാനുള്ളവരുടെ കണ്ണുകൾ നിറക്കുന്ന കാര്യങ്ങളാണല്ലോ ആ സൂറതിലുള്ളത്. അർത്ഥം ചിന്തിക്കാതെയുളള നമ്മുടെ ഖുർആനോത്തും ഈമാനിന്റെ കുറവും കാരണം ഖുർആനോതി കരയുന്നവർ വളരെ അപൂർവ്വമായിരിക്കുന്നു. മുതഅല്ലിമായ എന്നെ കണ്ടപ്പോൾ ഉസ്താദ് ചോദിക്കാ: "ഇന്ന് ചൊവ്വാഴ്ചയല്ലേ ? ഓത്തുള്ള ദിവസം വന്നിരിക്കുകയാണോ ...?"

ഉസ്താദ് നാട്ടിൽ പോയതാണെന്നും അനുവാദം വാങ്ങി വന്നതാണെന്നും ഞാൻ പറഞ്ഞു. അപ്പോൾ വീണ്ടും ഓർ ചോദിച്ചു: "എന്നാലും കഴിഞ്ഞ ക്ലാസുകൾ ഓതിപ്പാഠമാക്കാനില്ലേ..?"


ഈ ഒരു വാക്ക് എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഇൽമ് പഠിക്കുന്നതിന് അവിടുന്ന് നൽകുന്ന പ്രധാന്യമെത്രയാണ് ! ചെറിയ ഉപദേശങ്ങൾ നൽകി അന്ന് അവിടെ പിരിഞ്ഞു.


ഉസ്താദ് ചാലിയത്ത് ദർസ് നടത്തിയിരുന്ന കാലം. ഒരു തബ്‌ലീഗ്കാരൻ പള്ളിയിൽ വന്നു. സ്വുബ്ഹി നിസ്കാരത്തോടെ തുടങ്ങുന്ന ദർസ്, രാത്രി ഒമ്പതു വരെ നീണ്ടു നിൽക്കുന്നത് കണ്ട് ടിയാൻ ചില വിദ്യാർത്ഥികളോട് പറഞ്ഞത്രെ: 'നിങ്ങളുടെ ഉസ്താദ് നല്ല മനുഷ്യനാ, പക്ഷെ, ഇബാദത് തീരെയില്ല ! ' (ഉസ്താദിനെതിരെ ആക്ഷേപം പറഞ്ഞ അയാളെ കുട്ടികൾ ചേർന്ന് ഘരാവൊ നടത്തി ഇറക്കിവിട്ടതായി കേട്ടിട്ടുണ്ട്.) ഇമാം നവവി(റ) ഏറ്റവും ഉത്തമമായ ഇബാദതുകളിൽ പെട്ടതാണെന്ന് പ്രഖ്യാപിച്ച ഇൽമിലായുള്ള മുഴുസമയ ജീവിതത്തെ ഇബാദത് അല്ലെന്നും മറിച്ച് നിസ്കരിക്കലും ദിക്റുകൾ ചൊല്ലലും മാത്രമാണ് ഇബാദത് എന്നും  ധരിച്ചതാണ് ആ പരമസാധു.


ഇമാം ഇബ്നു ദഖീഖ് അൽ ഈദി(റ)ന്, ഇമാം റാഫിഈ(റ)ന്റെ കിതാബ് കിട്ടിയപ്പോൾ സുന്നത്ത് നിസ്കാരങ്ങളെല്ലാം ഒഴിവാക്കി ആ കിതാബ് വായിച്ചു പഠിക്കുന്നതിൽ വ്യാപൃതനായി. റവാതിബ് പോലോത്ത സുന്നത്തുകൾ ഒഴിവാക്കിയവൻ  സാക്ഷി നിന്നാൽ അത് സ്വീകാര്യമല്ല എന്നുണ്ട്. എന്നാൽ അതിനേക്കാൾ ഉത്തമമായ കാര്യം ചെയ്യാൻ വേണ്ടിയാണ് ഒഴിവാക്കിയതെങ്കിൽ ഈ പ്രശ്നം വരില്ലെന്നും ഫവാഇദ് അൽ മക്കിയ്യ: (പേ:13 ) യിൽചേർത്തു കൊടുത്തത് കാണാം


ഫർളായ ഹജ്ജിനോടൊപ്പം മദീന: യിൽ പോയി മുത്ത്നബി(സ്വ) തങ്ങളെ സിയാറത് ചെയ്തവനാണെങ്കിലും പിന്നീട് ഹജ്ജ് ആവർത്തിക്കുമ്പോഴും അല്ലാതെയും ഇടക്കിടെ മദീന:യിൽ പോകണം എന്ന് പറഞ്ഞതിന് ശേഷം ഇമാം ഇബ്നു ഹജർ (റ) പറയുന്നു:  "ഇൽമ് പഠിക്കുക, പഠിപ്പിക്കുക പോലോത്ത കാര്യങ്ങളിൽ ജോലിയായവൻ മുത്ത്നബി(സ്വ) തങ്ങളെ സിയാറത് ചെയ്യുന്നത് ആവർത്തിക്കുന്നതിന് പകരം, അത്തരം കാര്യങ്ങളിൽ അവൻ വ്യാപൃതനാവുകയാണ് വേണ്ടത്." (അൽ ജൗഹർ അൽ മുനള്ള്വം - പേ: 61).


അപ്പോൾ, ഇൽമുമായി ബന്ധപ്പെട്ടുള്ള തിരക്കുകൾ ചില സന്ദർഭങ്ങളിൽ റവാതിബ് സുന്നത്ത് നിസ്കാരങ്ങളേക്കാളും, എന്നല്ല തിരുനബി (സ്വ) തങ്ങളെ സിയാറത് ചെയ്യുന്നതിനേക്കാളും മുഖ്യമായ കാര്യമായി മാറും. ഇതിനർത്ഥം പണ്ഡിതന്മാർ തീരേ സുന്നത്ത് നിസ്കരിക്കാത്തവരാണെന്നോ സിയാറത് ചെയ്യാത്തവരാണെന്നോ എന്നല്ല.


നമുക്ക് ഇങ്ങനെ മനസ്സിലാക്കാം:

പരിശുദ്ധ ഇസ്‌ലാമിൽ നന്മയിലായുള്ള ജീവിതത്തിന് വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. ഒരു വിഭാഗം മതത്തിന്റെ ജീവനാഡിയായ ഇൽമിലായി ജീവിക്കണം. അത് പണ്ഡിതന്മാരും മുതഅല്ലിമുകളും നിറവേറ്റട്ടെ.

മറ്റൊരു വിഭാഗം, അവർക്ക് വേണ്ടപ്പെട്ട കാര്യങ്ങളുമായി ഓടി നടക്കണം. കിതാബ് വിൽപനയായും അതിന്റെ പ്രിന്റിംഗ് വർക്കുകളും പ്രഭാഷണ വേദികളുടെ സംഘാടകരും സഹകാരികളുമായി ഒരു പാട് പേർ വേണ്ടതുണ്ട്. ഇമാം മഹല്ലി(റ) പറയുന്നത് നോക്കൂ:



(ﻭﺃﺳﺄﻟﻪ اﻟﻨﻔﻊ ﺑﻪ ... ﻟﻲ) ﺑﺘﺄﻟﻴﻔﻪ (ﻭﻟﺴﺎﺋﺮ اﻟﻤﺴﻠﻤﻴﻦ) ﺃﻱ ﺑﺎﻗﻴﻬﻢ ﺑﺄﻥ ﻳﻠﻬﻤﻬﻢ اﻻﻋﺘﻨﺎء ﺑﻪ ﺑﻌﻀﻬﻢ ﺑﺎﻻﺷﺘﻐﺎﻝ ﺑﻪ ﻛﻜﺘﺎﺑﺔ ﻭﻗﺮاءﺓ ﻭﺗﻔﻬﻢ ﻭﺷﺮﺡ، ﻭﺑﻌﻀﻬﻢ ﺑﻐﻴﺮ ﺫﻟﻚ ﻛﺎﻹﻋﺎﻧﺔ ﻋﻠﻴﻪ ﺑﻮﻗﻒ ﺃﻭ ﻧﻘﻞ ﺇﻟﻰ اﻟﺒﻼﺩ ﺃﻭ ﻏﻴﺮ ﺫﻟﻚ ﻭﻧﻔﻌﻬﻢ ﻳﺴﺘﺘﺒﻊ ﻧﻔﻌﻪ ﺃﻳﻀﺎ ﻷﻧﻪ ﺳﺒﺐ ﻓﻴﻪ.


"ഇമാം നവവി (റ) വിന്റെ ദുആ, കിതാബുകളുമായി ബന്ധപ്പെട്ട എഴുത്ത്, പഠനം, വ്യാഖ്യാനം തയ്യാറാക്കൽ, ചുമക്കൽ, അതിന് വേണ്ടി സഹായിക്കൽ തുടങ്ങി എല്ലാവർക്കും ലഭിക്കുന്നതാണ് " (മഹല്ലി - 1/16).


പള്ളിയുമായി ബന്ധപ്പെട്ട് മുഅദ്ദിൻ, ഇമാം, മറ്റു ക്ലീനിംഗ് വർക്കുകൾ അങ്ങനെയങ്ങനെ. കരുത്തരായ യുവാക്കളും കാരണവരും, സംഘടനാ പ്രവർത്തകരായും നേതാക്കന്മാരുമായും നിലകൊളളണം.


തുടങ്ങി നന്മകൾ വാരിക്കൂട്ടാൻ ജോലിയായിട്ടും സേവനമായിട്ടും വ്യത്യസ്ത മേഖലകൾ നമുക്കുണ്ട്. എല്ലാം നന്മയാണെന്ന് കരുതി എല്ലാം കൂടി ചെയ്യുക ഒരിക്കലും സാധ്യമല്ല. ഇത് വ്യക്തമാക്കുന്ന ഒരു ഹദീസ് തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.


ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ، ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ: «ﺇﻥ اﻟﺪﻳﻦ ﻳﺴﺮ، ﻭﻟﻦ ﻳﺸﺎﺩ اﻟﺪﻳﻦ ﺃﺣﺪ ﺇﻻ ﻏﻠﺒﻪ، ﻓﺴﺪﺩﻭا ﻭﻗﺎﺭﺑﻮا، ﻭﺃﺑﺸﺮﻭا، ﻭاﺳﺘﻌﻴﻨﻮا ﺑﺎﻟﻐﺪﻭﺓ ﻭاﻟﺮﻭﺣﺔ ﻭﺷﻲء ﻣﻦ اﻟﺪﻟﺠﺔ» رواه البخاري( رقم الحديث- ٣٩).


ഈ 'ദീൻ' വളരെ സിമ്പിളായി ജീവിക്കാൻ പറ്റുന്ന വിധത്തിലാണുള്ളത്. അത് കൊണ്ട് ഇതിലെ എല്ലാ നന്മകളും ചെയ്യാൻ തുനിഞ്ഞ് സ്വയം കഷ്ടപ്പാട് ഏറ്റെടുക്കേണ്ടതില്ല - ഇബാദതുകളിൽ മധ്യമ നിലപാടെടുക്കുക. ഉത്തമമായ രൂപത്തിൽ ചെയ്യാൻ ശ്രമിക്കുക. രാവിലെ, ഉച്ചക്ക് ശേഷം, സ്വുബ്ഹിക്ക് തൊട്ടുമുമ്പുള്ള സമയം ഇത്തരം ഉന്മേഷമുള്ള സമയത്ത് പ്രത്യേകം കണക്കിലെടുത്ത് ചെയ്യുക - ബുഖാരി.


അത് കൊണ്ടാണല്ലോ രാത്രി തീരെ ഉറങ്ങാതെയുള്ള ഇബാദതും, രാത്രിയും പകലും ചേർത്ത് നോമ്പനുഷ്ഠിക്കുന്ന വിസ്വാലുമൊക്കെ നമുക്ക് വിലക്കപ്പെട്ടത്.


ബാങ്ക് വിളിക്കുന്നതിന്റെ മഹത്വം മനസ്സിലാക്കിയപ്പോൾ ഉമർ(റ) പറഞ്ഞു:

لولا الخليفى لأذنت

'ഖലീഫ സ്ഥാനം എനിക്കില്ലായിരുന്നെങ്കിൽ ഞാൻ മുക്രിയായി നിലകൊണ്ടേനെ..'


ഇമാം ശാഫിഈ (റ) പറഞ്ഞു:


لولا أصحاب الحديث، لكنا بياع الفول. اه .رواه البيهقي في مناقب الشافعي (ص: ٤٧٧)

"മുഹദ്ദിസുകളായവർ അവരുടെ ജോലി ചെയ്തില്ലായിരുന്നെങ്കിൽ നമ്മൾ 'ഫൂൽ' (ഒരു തരം ഭക്ഷ്യവസ്തു) വിറ്റ് നടക്കുന്നവർ ആയിരുന്നേനെ .."



اختلاف الأئمة رحمة للأمة

എന്നതിന് വ്യഖ്യാനമായി ഇബ്നുന്നള്ളാം പറയുന്നു: ഉലമാഇന്റെ അഭിരുചികൾ വ്യത്യാസപ്പെടുത്തി ഓരോരുത്തരും വ്യത്യസ്ത മേഖലകളിലായതും ഈ റഹ്‌മതിൽ പെട്ടതാണ് - (ഫവാതിഹ് അർറഹമൂത് )


അതായത്, ഓരോരുത്തർ ചെയ്യേണ്ട ജോലി അവർ തന്നെ ചെയ്യുക. എല്ലാം കൂടി ചെയ്യാനൊക്കില്ല.


ഉദാഹരണത്തിന് ഒരു മഹാസമ്മേളനം സങ്കൽപിച്ചോളൂ, ഒരു വിഭാഗം അതിന്റെ സംഘാടന സമിതിയായി ദിവസങ്ങൾ അധ്വാനിക്കുന്നവരുണ്ടാകും, നിസ്വാർത്ഥരായ പ്രവർത്തകർ റോഡ് വൃത്തിയാക്കിയും ലൈറ്റുകൾ വെച്ചും റോഡിലെ ട്രാഫിക് നിയന്ത്രിച്ചും സമ്മേളനത്തിൽ പങ്കെടുക്കാനേ കഴിയാത്തവരുണ്ടാകും. ഇതിനൊന്നും നിൽക്കാത്ത മന്ത്രിമാരും നേതാക്കളും ധന്യ മുഹൂർത്തം നോക്കി സ്റ്റേജിൽ ഉപവിഷ്ടരായി പ്രസംഗിച്ച് ഇറങ്ങിപ്പോകും. ഇവിടെ കഠിനാധ്വാനികളായ നിസ്വാർത്ഥരായ പ്രവർത്തകർ മന്ത്രിമാരെപ്പോലെ സ്റ്റേജിനടുത്ത് നോക്കി നിന്നിരുന്നെങ്കിൽ പരിപാടി നടക്കുമോ ? നേതാക്കന്മാർ പ്രവർത്തകരെപ്പോലെ ജോലിക്കാരായി ട്രാഫിക് നിയന്ത്രിച്ചിരുന്നെങ്കിലോ ?


അതാണ് പറഞ്ഞു വന്നത്, എല്ലാ വിഭാഗക്കാരും ഒത്തൊരുമിച്ച് അവരുടെ മേഖലകളിലും സ്ഥാനങ്ങളിലും നിന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കണം.


ദർസ് നടത്താൻ കഴിവുള്ളവർ ദർസ് പഠനം ഗംഭീരമായി നടത്തണം. യുവാക്കൾ നിസ്വാർത്ഥരായ പ്രവർത്തകരായി മാറണം. ഓരോന്നിനും അതിന്റേതായ പ്രതിഫലം റബ്ബിൽ നിന്ന് പ്രതീക്ഷിക്കുകയും വേണം. അല്ലാതെ, ദർസ് നടത്തുന്നവരും പ്രവർത്തകരായി മാറിയെങ്കിൽ മാത്രമേ ദീൻ നിലനിൽക്കൂ എന്നത് മിഥ്യാ ധാരണയാണ്. ഒരു പ്രവർത്തനത്തിനും മുതിരാതെ, ദർസിൽ മാത്രം ഒതുങ്ങിക്കൂടിയ ശൈഖുനാ ഒ.കെ ഉസ്താദ്, ഇന്ന് കാണുന്ന സുന്നീ കൈരളിയുടെ നേതാക്കന്മാരുടെയെല്ലാം ഗുരുവായി തിളങ്ങുന്നത് അന്ന് മറ്റെല്ലാം മാറ്റിവെച്ച് ദർസിൽ മുഴുകിയത് കൊണ്ടാണ് എന്നോർക്കണം.


പ്രവർത്തകർക്ക് ആവേശം പകർന്ന് ഓടി നടക്കുന്ന നേതാക്കൾ അത്യാവശ്യമായ പോലെ ദർസിൽ മാത്രം ഒതുങ്ങിക്കൂടുന്ന ഒരു വിഭാഗവും ഇവിടെ നിലനിൽക്കണം.

ഇമാം നവവി (റ) പറയുന്നു:

ﻭﻣﻦ ﻓﺮﻭﺽ اﻟﻜﻔﺎﻳﺔ اﻟﻘﻴﺎﻡ ﺑﺈﻗﺎﻣﺔ اﻟﺤﺠﺞ ﻭﺣﻞ اﻟﻤﺸﻜﻼﺕ ﻓﻲ اﻟﺪﻳﻦ ﻭﺑﻌﻠﻮﻡ اﻟﺸﺮﻉ ﻛﺘﻔﺴﻴﺮ ﻭﺣﺪﻳﺚ ﻭاﻟﻔﺮﻭﻉ ﺑﺤﻴﺚ ﻳﺼﻠﺢ ﻟﻠﻘﻀﺎء ﻭاﻷﻣﺮ ﺑﺎﻟﻤﻌﺮﻭﻑ ﻭاﻟﻨﻬﻲ ﻋﻦ اﻟﻤﻨﻜﺮ. اه منهاج الطالبين

"മത നിയമങ്ങളിലും മറ്റും ഉണ്ടാകുന്ന സംശയങ്ങൾക്ക് മറുപടിക്കും വിധി തീർപ്പുകൾക്കും ആവും വിധം ശറഇയ്യായ അറിവ് നിലനിർത്തുന്ന ഒരു വിഭാഗം ഉണ്ടാകൽ ഫർള് കിഫായ: യിൽ പെട്ടതാണ് ... "

അപ്പോൾ ഇങ്ങനെ ഒരു വിഭാഗം ഇല്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും. അത് കൊണ്ട് , 'പള്ളിയുടെ നാല് ചുമരുകൾക്കുള്ളിൽ ചുരുങ്ങിപ്പോയ ...' എന്നത് ഈ വിഭാഗത്തിനെ സംബന്ധിച്ച് മദ്ഹ് മാത്രമാണ്. അല്ലാതെ, അതൊരു പഴഞ്ചനായി കാണുന്നത് ഒരിക്കലും ശരിയല്ല.




ولكل واحدهم طريق من طرق #

يختاره فيكون من ذا واصلا



كجلوسه بين الأنام مربيا #


وككثرة الأوراد كالصوم الصلاة



 وكخدمة للناس والحمل الحطب #


لتصدق وبمحصل ومتمولا. اه



ഓരോരുത്തർക്കും വ്യത്യസ്ത വഴികളുണ്ട്, അവരിൽ ജനങ്ങൾക്ക് വേണ്ടി ഇരുന്ന് കൊടുക്കുന്നവരുണ്ട്, വേറെ ചിലർ വിറക് വെട്ടി വിറ്റ് ധർമ്മം ചെയ്തും നന്മകൾ ചെയ്യും. മറ്റു ചിലർ ദിക്റിലും സ്വലാത്തിലും മുഴുകിയിരിക്കും. ഇവയെല്ലാം ഓരോ മാർഗ്ഗങ്ങളാണ്. ഏതിലൂടെയും റബ്ബിലേക്ക് ചെന്നെത്താം എന്ന മഖ്ദൂം(റ) യുടെ വാക്ക് ഇവിടെ സ്മരിക്കാം.



✍️ അഷ്റഫ് സഖാഫി പളളിപ്പുറം . 





(കേട്ടെഴുത്ത്: 



അബൂ ഹസന: ഊരകം)



💫


No comments:

Post a Comment

മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*

 *മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ* അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ...