Saturday, April 9, 2022

തറാവീഹ് :വേഗതയേറിയ നിസ്കാരം* *🔰 അറിയേണ്ടതെല്ലാം

 ‎‎  *‎‎📌 വേഗതയേറിയ നിസ്കാരം*

        *🔰 അറിയേണ്ടതെല്ലാം🔰*


       ✍🏼നമ്മുടെ നാടുകളിൽ തറാവീഹ് നിസ്കാരത്തിന്റെ വേഗതയും നടത്തിപ്പും വളരെ പ്രസിദ്ധമാണല്ലോ... കുറച്ച് സാവകാശം നിസ്കരിക്കുന്ന ഇമാമിനു പിന്നിൽ നമസ്കരിക്കാൻ ആളുകൾ കുറവാകുകയും പള്ളി കമ്മിറ്റിക്കാർ പോലും അത്തരം ഇമാമുകളെ മാറ്റി മറ്റു ആളുകളെ തൽസ്ഥാനത്ത് അവരോധിക്കുകയും ചെയ്യുന്ന  കലികാലത്തിൽ ആണ് നാം ജീവിക്കുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ വേഗതയേറിയ തറാവീഹ് നിസ്കാരം പല ആളുകൾക്കും  നിസ്കാരത്തിന്റെ സ്വീകാര്യത നഷ്ടപ്പെടുത്താൻ കാരണമാകുന്നു. വേഗത്തിൽ നിസ്കരിക്കുന്ന ഇമാമുകളെ വിമർശിക്കുകയല്ല മറിച്ച്  സാധാരണക്കാർക്ക് സംഭവിക്കുന്ന അബദ്ധം ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം...


 നിസ്കാരത്തിന്റെ റുക്നിൽ വളരെ പ്രധാനപ്പെട്ടതാണ് *طمئنينة* അഥവാ അനക്കം അടങ്ങൽ.

എന്താണ് *طمئنينة*??

هي سكون الاعضاء عند الحركة ولو لحظة

"അവയവങ്ങളെ അനക്കത്തിൽ നിന്നും അടക്കി നിർത്തൽ" (ഒരു നിമിഷമെങ്കിലും)


هي السكون في كل ركن فعلي


'പ്രാവർത്തികമായ എല്ലാ റുക്നുകളിലും അനക്കം അടങ്ങൽ'.

ഇങ്ങനെയൊക്കെയാണ് നിർവചനം നൽകപ്പെട്ടിട്ടുള്ളത്.

വിശദമായി പറഞ്ഞാൽ നിറുത്തം  ( *قيام* ) എന്ന പ്രാവർത്തികമായ റുക്നിൽ നിന്നും റുകൂഇലേക്ക് എത്തിക്കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞത്  റുകൂഇലേക്ക് എത്താൻ വേണ്ടി ഉണ്ടായ  അനക്കം പരിപൂർണ്ണമായി അടങ്ങുന്നത് വരെ റുകൂഅ് ചെയ്യുന്നവനായി തുടരുക.


وأما الطمأنينة في الصلاة فركن عند جمهور أهل العلم واختلفوا في مقدارها، والأصح أنها سكون بعد حركة بمقدار قول (سبحان الله) مرة واحدة، 


*طمئنينة* നിസ്കാരത്തിൽ

  റുക്ന് തന്നെയാണ്. അതിന്റെ പരിധിയുടെ വിഷയത്തിൽ ഉലമാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.

പ്രബലമായ അഭിപ്രായത്തിൽ  

*سبحان الله*

 എന്ന് ഒരു പ്രാവശ്യം പറയാൻ എടുക്കുന്ന സമയം ഏറ്റവും കുറഞ്ഞ പരിധിയാണ്.


 ഇമാം ഇബ്നു ഹജർ (റ) തങ്ങൾ പറയുന്നു 

قال ابنُ حجر الهيتمي "وضابطُها أن تسكُنَ وتستقِرَّ أعضاؤُه".

                      ( تحفة المحتاج)


 "കൃത്യമായി പറഞ്ഞാൽ അനക്കം അടങ്ങലും അവയവങ്ങൾ ശാന്തമാക്കി വെക്കലുമാണ്." (തുഹ്ഫ)


*📍ഹദീസുകളിൽ*


   ഇമാം അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്ന വളരെ നീണ്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം...


  "ഒരിക്കൽ പ്രവാചകൻ (ﷺ) പള്ളിയുടെ വരാന്തയിൽ ഇരിക്കുമ്പോൾ ഒരാൾ  പള്ളിയിൽ കയറി നിസ്കരിച്ച ശേഷം നബിﷺയോട് സലാം പറഞ്ഞു. സലാം മടക്കിയ ശേഷം പ്രവാചകൻ ﷺ ഇപ്രകാരം പറഞ്ഞു:


*ارجع فصل فانك لم تصل* 

 വീണ്ടും പോയി നിസ്കരിക്കുക. നീ നിസ്കരിച്ചിട്ടില്ല.


 പ്രവാചക കല്പന അനുസരിച്ച് അദ്ദേഹം രണ്ടാമതും നിസ്കരിച്ചു തിരിച്ചുവന്നു. അപ്പോൾ നബി ﷺ വീണ്ടും പറഞ്ഞു:


*ارجع فصل فانك لم تصل* 

 വീണ്ടും പോയി നിസ്കരിക്കുക. നീ നിസ്കരിച്ചിട്ടില്ല.


 ഇങ്ങനെ മൂന്നാമതും ആവർത്തിച്ചപ്പോൾ അയാൾ നബിﷺയോട് പറഞ്ഞു:


*علمني يا رسول الله*

 എനിക്ക് പഠിപ്പിച്ചു തരൂ പ്രവാചകരേ.. അപ്പോൾ നബി ﷺ വിശദീകരിച്ചു.

നീ നിസ്കാരം ഉദ്ദേശിച്ചാൽ

പരിപൂർണ്ണമായ അംഗശുദ്ധി വരുത്തുകയും ഖിബ്‌ലക്ക് മുന്നിട്ട് നിന്ന് തക്ബീറത്തുൽ ഇഹ്റാം ചൊല്ലുകയും ചെയ്യുക. ശേഷം ഫാതിഹയും സൂറത്തും ഓതി റുകൂഅ് ചെയ്യുക

*حتى تطمئن راكعا*

 റുകൂഇൽ അനക്കം അടങ്ങുന്നതുവരെ അതായത് നിറുത്തത്തിൽനിന്ന്  റുകൂഇലേക്ക് പോകുമ്പോൾ അനങ്ങുന്ന നിന്റെ ശരീരാവയവങ്ങൾ പരിപൂർണ്ണമായി അടങ്ങുന്നത് വരെ...


 ശേഷം റുകൂഇൽ നിന്ന് എഴുന്നേറ്റ് നിൽക്കുക

*حتى تستوي قائما*

 ശരിയായ രൂപത്തിൽ നിൽക്കുന്നത് വരെ.

 ശേഷം സുജൂദ് ചെയ്യുക

*حتى تطمئن ساجدا*

 സുജൂദിലും അനക്കം അടങ്ങുന്നതുവരെ.

 ശേഷം സുജൂദിൽ നിന്ന് ഉയരുക

*حتى تطمئن جالسا*

 ഇരുന്നവനായി അനക്കം 

അടങ്ങുന്നതുവരെ.

 ശേഷം രണ്ടാമത്തെ സുജൂദും  ചെയ്യുക

*ثم افعل ذلك في صلاتك كلها*

 നിന്റെ നിസ്കാരത്തിന്റെ മുഴുവൻ ഭാഗങ്ങളും ഇപ്രകാരം ചെയ്യുക.


 നബി ﷺ തങ്ങൾ ഓരോ റുക്നുകളിലും പ്രത്യേകമായി 

*حتى تطمئن*

 അനക്കം അടങ്ങുന്നതുവരെ എന്നോ

*حتى تستوي*


 ശരിയായ രൂപത്തിൽ ചെയ്യുന്നതുവരെ എന്നോ പ്രത്യേകമായി എടുത്തുപറയുകയും അവസാനം  നിസ്കാരത്തിന്റെ എല്ലാ ഭാഗങ്ങളിലും  ഇപ്രകാരം ചെയ്യണം എന്ന് കൽപിക്കുകയും ചെയ്തു. 


 ഈ ഹദീസിനെ വിശദീകരിച്ച് കർമ്മശാസ്ത്ര പണ്ഡിതർ പറയുന്നു:

فبين النبي ان هذا الرجل لا صلاة له لانه لم يطمن  فكرره ثلاثا ليستقل في ذهنه ان صلاته غير مجزئة ,

 നബിﷺതങ്ങൾ വിശദമാക്കി തന്നു "ആ പുരുഷന്റെ നിസ്ക്കാരം സ്വഹീഹ് അല്ല.  കാരണം അവൻ അനക്കം അടങ്ങിയിട്ടില്ല.

 മൂന്നുപ്രാവശ്യം ആവർത്തിച്ചത്  അയാളുടെ മനസ്സിൽ തന്റെ നിസ്കാരം മതിയായത് അല്ല എന്ന് സ്ഥിരപ്പെടുത്താൻ വേണ്ടിയാണ്.


*● ഹദീസ്* *2*


عن زيدِ بنِ وهبٍ الجُهَنيِّ قال: ((رأى حُذَيفةُ رضيَ اللهُ عنه رجلًا لا يُتمُّ الرُّكوعَ والسُّجودَ، قال: ما صلَّيْتَ، ولو مِتَّ مِتَّ على غيرِ الفِطرةِ التي فطَرَ اللهُ محمَّدًا صلَّى اللهُ عليه وسلَّم عليه


 സൈദ് ബിൻ വഹബ് (റ)വിൽ നിന്ന് നിവേദനം, അദ്ദേഹം പറയുന്നു:


 മഹാനായ ഹുദൈഫ (റ) ഒരാൾ റുകൂഉം സുജൂദും പരിപൂർണ്ണമാകാത്ത രൂപത്തിൽ നിസ്കരിക്കുന്നതായി കണ്ടപ്പോൾ അയാളോട് പറഞ്ഞു:

*ما صليت لو مت مت على غير الفطرة*

 നീ നിസ്കരിച്ചിട്ടില്ല. ഈ രൂപത്തിൽ നീ മരിച്ചാൽ അല്ലാഹു തആല നബി ﷺ തങ്ങൾക്ക് ചര്യയാക്കി കൊടുത്ത ദീനിന്റെ മേലിൽ മരിക്കാൻ നിനക്ക് കഴിയില്ല.


 ഇമാം നസാഈ (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ മറ്റൊരു രൂപത്തിൽ കാണാം...


وفي روايةِ النَّسائي: أنَّ حذيفةَ - رضي الله عنه - قال له: "منذ كم تصلي هذه الصَّلاة؟" قال: منذ أربعين عامًا، قال: "ما صليتَ منذ أربعين سنة"

؛ سنن النسائي الكبرى.


 റുകൂഇലും സുജൂദിലും അനക്കം അടങ്ങാത്ത രൂപത്തിൽ നിസ്കരിച്ച വ്യക്തിയോട് ഹുദൈഫ (റ) ചോദിച്ചു

*منذ كم تصلي هذه الصلاة*

 എത്ര വർഷമായി നിങ്ങൾ ഇങ്ങനെ നിസ്കരിക്കാൻ തുടങ്ങിയിട്ട്..?


 അദ്ദേഹം മറുപടി പറഞ്ഞു...

*منذ 40 سنة*

 40 വർഷമായി..!!


 അപ്പോൾ ഹുദൈഫ (റ) പറഞ്ഞു:


 "40 വർഷം നീ നിസ്കരിക്കാത്തവനെ പോലെയാണ്..."


 റുകൂഉം സുജൂദും പരിപൂർണ്ണ അനക്കം അടങ്ങാതെ ചെയ്തതിന്റെ പേരിൽ 40 വർഷത്തെ നിസ്കാരം ശരിയല്ലെന്നും  പ്രവാചകചര്യയിൽ ആയി മരിക്കാൻ സാധിക്കില്ല എന്നും പറയുമ്പോൾ എത്ര ഗൗരവം ആണ് ഈ വിഷയം എന്ന് മനസ്സിലാക്കാമല്ലോ..!!


 ഈ ഹദീസിന്റെ വെളിച്ചത്തിൽ കർമശാസ്ത്ര പണ്ഡിതർ പറയുന്നു:


*يقول العلماء ان قوله ما صليت دلالة على واجب الطمئنينة*

 ഹുദൈഫ (റ) വിന്റെ  *ماصليت*  എന്ന വാചകം 

*طمئنينة* 

 നിർബന്ധമാണ് എന്നതിന്റെ തെളിവാണ്.


*● ഹദീസ്* *3*


 عن أبي مسعودٍ الأنصاريِّ قال: قال رسولُ اللهِ صلَّى اللهُ عليه وسلَّم: لا تُجزئُ صلاةٌ لا يُقيمُ الرَّجُلُ فيها صُلْبَه في الرُّكوعِ والسُّجودِ


 അബൂ മസ്ഊദിൽ അൻസ്വാരി (റ) വിൽ നിന്ന്, അദ്ധേഹം പറയുന്നു:


 നബി ﷺ പറഞ്ഞു: "മുതുകിനെ നേരെയാക്കാതെ സുജൂദും റുകൂഉം ചെയ്യുന്നവന്റെ നിസ്കാരം സ്വീകാര്യ യോഗ്യമാവാൻ മതിയാകാത്തതാണ്."


 ഈ ഹദീസിനെ ഇമാം ഇബ്നു റജബ് (റ) ഫത്ഹുൽ ബാരിയിൽ ഇങ്ങനെ വിശദീകരിക്കുന്നു...


قال الشافعي وأحمد وإسحاق: من لا يقيم صلبَه في الركوعِ والسجود فصلاتُه فاسدة، لحديث النبي - صلَّى الله عليه وسلَّم -: ((لا تجزئ صلاةٌ لا يقيمُ الرجلُ فيها صلبَه في الركوع والسجود))؛

       ( فتح الباري لابن رجب.)


 ഇമാം ശാഫിഈ, അഹ്‌മദ്, ഇസ്ഹാഖ് എന്നവർ പറഞ്ഞു: മുതുക് സമം ആകാത്തവന്റെ (റുകൂഇലും സുജൂദിലും) നിസ്കാരം  *فاسدة* (സ്വീകാര്യയോഗ്യമല്ലാത്തത്) ആണ് എന്ന് ഈ ഹദീസ് വ്യക്തമാക്കിയിട്ടുണ്ട്.

  (ഫത്ഹുൽ ബാരി)


 ഷെയ്ഖ് അതിയ്യ് സാലിം പറയുന്നു: നിസ്കാരത്തിൽ അനക്കമടങ്ങാത്ത ഒരു വിഭാഗം ജനങ്ങളുമായി ഞാൻ സംവദിച്ചു. ചിലർ റുകൂഅ് ചെയ്യുന്നത് കണ്ടാൽ പിരടിയിൽ ഉള്ള എന്തോ കുടഞ്ഞെറിയുന്നത് പോലെയാണ് തോന്നുക, അത്രയും വേഗതയാണ്.

ഞാൻ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു, അവരുടെ മദ്ഹബിൽ ഇതെല്ലാം ചെറിയ റുക്നുകൾ ആണ്.

നമ്മൾ പറയുന്നു

*ليس في الاركان خفيف وثقيل*

 റുക്നുകളിൽ നേരിയതോ കനം കൂടിയതോ ഒന്നുമില്ല

നബിﷺതങ്ങൾ റുകൂഉം, ഇടയിലെ ഇരുത്തവും, നിറുത്തവുമെല്ലാം അനക്കം അടങ്ങിയവരായിട്ടാണ് ചെയ്തിരുന്നത് എത്രത്തോളം എന്ന് വെച്ചാൽ

 حتى يستقرَّ ويعود كل فقارٍ في مقره، ويعود كلُّ عظمٍ في مكانه، والحركة الخفيفة ليست استقرارًا


 ( شرح الأربعين النووية).


 ഓരോ എല്ലുകളും അവയുടെ സ്ഥാനങ്ങളിൽ മടങ്ങി ശാന്തമാകുന്നത് വരെയും, ഓരോ അസ്ഥികളും കൃത്യമായ സ്ഥലങ്ങളിൽ സ്ഥിരപ്പെടുത്തുന്നത് വരെയും അനക്കം അടങ്ങുമായിരുന്നു.

والحركه الخفيفة ليس استقرارا

 ചെറിയ അനക്കം ഉണ്ടെങ്കിൽ അതിനെ ശാന്തത എന്ന് പറയാൻ പറ്റില്ലല്ലോ...

   (ശറഹുൽ അർബ ഈൻ അന്നബവിയ്യ)


*❓ഇഹ്തിദാലും സൂജൂദിന്നിടയിലെ ഇരുത്തവും ചെറിയ റുക്ന് അല്ലേ..?*


 ഇഹ്തിദാൽ (റുക്കൂഇന്റെയും സുജൂദിന്റെയും ഇടയിലുള്ള നിറുത്തം)

അതുപോലെ രണ്ടു സുജൂദ്ന്റെ ഇടയിലെ ഇരുത്തം എന്നിവ വളരെ ചെറിയ റുക്നുകൾ ആണെന്നും അതുകൊണ്ട്  അവിടെ അനക്കം അടങ്ങൽ  ആവശ്യമില്ലെന്നും ഒരു മൂഢധാരണ ചിലർക്കുണ്ട്. ഇതൊരു ധാരണ പിശകാണ്.


 ഇമാം ഇബ്നു ഹജർ (റ) തുഹ്ഫയിൽ വിവരിക്കുന്നു:

ويجب ان يطمئن فيه للخبر الصحيح ، *ثم ارفع حتى تطمئن قائما*

 ഇഹ്തിദാലിൽ അനക്കം അടങ്ങൽ നിർബന്ധമാണ്. സ്വഹീഹായ ഹദീസിൽ അപ്രകാരം വന്നിട്ടുണ്ട്.

             ( *تحفة المحتاج* )

*اعتدال*

 എന്ന പദത്തിന്റെ അർത്ഥം തന്നെ നേരെ സമമായി നിൽക്കുക എന്നാണ്.

ചില കിതാബുകളിൽ ചെറിയ റുക്നുകൾ എന്ന് ഉപയോഗിക്കപ്പെട്ടത് 

നിൽക്കൽ, റുകൂഅ്, സുജൂദ് പോലെയുള്ള റുക്നുകളിൽ നിർവഹിക്കുന്നത് പോലെ നീണ്ട പ്രാർത്ഥനകൾ നടത്തേണ്ടതില്ല എന്ന ഉദ്ധേശത്തിലാണ്.

മാത്രമല്ല, അനക്കം അടങ്ങാത്ത രൂപത്തിൽ വേഗത്തിൽ നിസ്കരിക്കുന്ന ഇമാമുകളെ തുടരാൻ പാടില്ല എന്നും, തുടർന്നാൽ തന്നെ നിസ്ക്കാരം സ്വഹീഹാവുകയില്ല എന്നും കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. 


فإن كان الإمام يسرع إسراعاً واضحاً يخلُّ في صلاته بالطمأنينة ، ولا تسكن أعضاؤه في كل ركن : فإن الصلاة لا تصح خلفه ، لإخلاله بركن من أركان الصلاة .

     (   الفقه على مذاهب الاربعة )

 ഇമാം വളരെ വേഗത്തിൽ നിസ്കരിക്കുന്നവൻ ആണെങ്കിൽ,  ഓരോ റുക്നിലും അവയവങ്ങൾ കൃത്യമായി അനക്കം അടങ്ങുന്നില്ലെങ്കിൽ ആ ഇമാമിനെ തുടരൽ സ്വഹീഹ് അല്ല. 

കാരണം, അദ്ദേഹം നിസ്കാരത്തിന്റെ ഒരു റുക്നിൽ ഭംഗം വരുത്തിയിരിക്കുന്നു.


وإذا دخلتَ مع الإمام ثم رأيته لا يطمئنُّ فإنَّ الواجبَ عليك أن تنفردَ عنه، وتتم الصلاة لنفسك بطمأنينة حتى تكون صلاتك صحيحة،

 നീ ഒരു ഇമാമിനോട് തുടരുകയും അദ്ദേഹം  

*طمئنينة*

 പൂർണമായി ചെയ്യാത്തവൻ ആണെന്ന് വ്യക്തമാവുകയും ചെയ്താൽ  ഇമാമിനോട് വിട്ടുപിരിഞ്ഞ് തനിച്ച് നിസ്കാരം പൂർത്തിയാക്കൽ നിർബന്ധമാണ്.


 ഹദീസുകളും, കർമശാസ്ത്ര ഗ്രന്ഥങ്ങളും  ഈ റുക്നിനെക്കുറിച്ച് വളരെ ഗൗരവമായിത്തന്നെ പഠിപ്പിക്കുമ്പോൾ  അശ്രദ്ധ കാരണം നമ്മുടെ നിസ്കാരം നഷ്ടപ്പെടാതിരിക്കാൻ ജാഗരൂകരാകുക.


 ചെറിയ ശ്രദ്ധ കുറവ് മണിക്കൂറുകളോളം നിസ്കരിക്കുന്ന കൂലി നഷ്ടപ്പെടുത്തിയേക്കാം.

അതോടൊപ്പം നിസ്കരിക്കാത്തവന്റെ കുറ്റവും ഏറ്റെടുക്കേണ്ടി വന്നേക്കാം... ജാഗ്രതൈ..!!


*📍പിന്തി തുടർന്നവർ ശ്രദ്ധിക്കുക* 


     ഇമാമിനോട് പിന്തിത്തുടർന്നവർ ശ്രദ്ധിക്കേണ്ട മുഖ്യമായ ചില വിഷയങ്ങൾ സൂചിപ്പിക്കാം...

 

 ചില ആളുകൾ പള്ളിയിൽ എത്തുമ്പോൾ ഇമാം റുകൂഇൽ ആയിരിക്കും

 റക്കഅത്ത് കിട്ടാനുള്ള വ്യഗ്രതയിൽ നിയ്യത്തും തക്ബീറത്തുൽ ഇഹ്റാമും ശരിയായ രൂപത്തിൽ ചെയ്യാതെ വേഗത്തിൽ റുകൂഇലേക്ക് പോകും


 റകഅത്ത് ലഭിക്കാൻ വേണ്ടി ചെയ്യുന്ന ഈ വ്യഗ്രത നിസ്കാരത്തെ മൊത്തത്തിൽ ബാത്വിലാക്കുന്നു. കാരണം തക്ബീറത്തുൽ ഇഹ്റാം പരിപൂർണ്ണമായി നിന്നവനായ സ്ഥിതിയിൽ ചെയ്യൽ നിർബന്ധമാണ്. ഇവിടെ പ്രധാനപ്പെട്ട മൂന്ന് റുക്നുകൾ ഉണ്ട്...


*1)* നിയ്യത്ത്


*2)* തക്ബീറത്തുൽ ഇഹ്റാം


*3)* നിൽക്കാൻ കഴിവുള്ളവർ നിൽക്കുക


 ഈ മൂന്നു റുക്നുകളും, മുഴുവനായോ, അല്ലെങ്കിൽ ഇവയിൽ ചിലതോ നഷ്ടപ്പെടാൻ കാരണമാകുന്നതിനാൽ നിസ്കാരം വൃഥാവിൽ ആകുന്നു.

 ഇമാം നവവി (റ) പറയുന്നു:


قال النووي رحمه الله :

" يَجِبُ أَنْ يُكَبِّرَ لِلْإِحْرَامِ قَائِمًا حَيْثُ يَجِبُ الْقِيَامُ ، وَكَذَا الْمَسْبُوقُ الَّذِي يُدْرِكُ الْإِمَامَ رَاكِعًا يَجِبُ أَنْ تَقَعَ تَكْبِيرَةُ الْإِحْرَامِ بِجَمِيعِ حُرُوفِهَا فِي حَالِ قِيَامِهِ ، فَإِنْ أَتَى بِحَرْفٍ مِنْهَا فِي غَيْرِ حَالِ الْقِيَامِ لَمْ تَنْعَقِدْ صَلَاتُهُ فَرْضًا ، بِلَا خِلَافٍ " انتهى

" المجموع " (3/296) .

 നിൽക്കാൻ കഴിവുള്ളവൻ തക്ബീറത്തുൽ ഇഹ്റാമിലെ ഹർഫുകൾ പരിപൂർണ്ണമായും ഉച്ചരിക്കേണ്ടത്  

നിന്നു കൊണ്ടാകണം .

 തക്ബീറത്തുൽ ഇഹ്റാമിലെ ( *الله اكبر* ) ചില ഹർഫുകൾ നിറുത്തത്തിൽ അല്ലാതെ സംഭവിച്ചാൽ നിസ്കാരം ഫർള്  ആയി കെട്ടു പെടുകയില്ല.

  (മജ്മൂഅ്) 


 ഫർള് എന്ന് പ്രത്യേകം എടുത്തു പറഞ്ഞത്, സുന്നത്ത് നിസ്കാരങ്ങളിൽ      നിറുത്തം എന്നത് നിർബന്ധം ഇല്ലാത്തതുകൊണ്ടാണ്.


 വളരെ വേഗത്തിൽ റകഅത്ത് ലഭിക്കാൻ വേണ്ടി നാം ചെയ്യുന്ന അബദ്ധങ്ങൾ നിസ്കാരത്തിന്റെ സ്വീകാര്യതയെ ബാധിക്കുന്നതാണ്.


المسبوق إذا أدرك الإمام راكعاً ، فإنه يلزمه أن يكبر للإحرام قائماً ، فإن أتى بتكبيرة الإحرام حال انحنائه لم تصح صلاته .  

     ( الفقه على مذاهب الاربعة )


 പിന്തിത്തുടർന്നവൻ ഇമാമിനെ റുകൂഇൽ എത്തിച്ചാൽ നിന്നവനായിട്ട് തന്നെ  തക്ബീറത്തുൽ ഇഹ്റാം ചൊല്ലൽ നിർബന്ധമാണ്. റുകൂഇലേക്ക് 

കുനിയുന്നതിനിടയിൽ തക്ബീറത്തുൽ ഇഹ്റാം കൊണ്ടുവന്നാൽ നിസ്ക്കാരം സ്വഹീഹാവുകയില്ല.


*📍ഇമാമിന്റെ സലാമിന് ശേഷം*


     മസ്ബൂഖ് (പിന്തി തുടർന്നവൻ) ഇമാം സലാം വീട്ടിയ ശേഷം തനിക്ക് നഷ്ടപ്പെട്ട ഭാഗം പൂർത്തിയാക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ ഇമാം രണ്ട് സലാമും വീട്ടിയ ശേഷം എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. കാരണം ശ്രേഷ്ഠമായ രൂപം അങ്ങനെയാണ്.


وأما قيام المسبوق: فإنه لا يجوز له القيام إلا بعد فراغ الإمام من التسليمتين، عند من يرى ركنية التسليمة الثانية، وهو قول الحنابلة، وأما من يرى سنية التسليمة الثانية، فلا حرج عنده في قيام المسبوق، قبل إتيان الإمام بها، وإن كان خلاف الأولى، 


 രണ്ട് സലാമും റുക്നാണ് എന്ന് പറയപ്പെടുന്ന ചില (ഹമ്പലി) പണ്ഡിതന്മാർ ഉള്ളതുകൊണ്ട് തന്നെ ഏറ്റവും നല്ലത് ഇമാമിന്റെ രണ്ടു സലാമിന്റെയും ശേഷം പിന്തിതുടർന്നവൻ ബാക്കി പൂർത്തീകരിക്കാൻ എഴുന്നേൽക്കലാണ്.

നമ്മുടെ മദ്ഹബ് പ്രകാരം രണ്ടാമത്തെ സലാം റുക്ന് അല്ല എങ്കിലും ഇമാം ഒരു സലാം വീട്ടിയ ഉടനെ എഴുന്നേൽക്കൽ സൂക്ഷ്മതക്ക് എതിരാണ്.


 നല്ല സൂക്ഷ്മതയോടെ സ്വീകാര്യയോഗ്യമായ രൂപത്തിൽ നമസ്കരിക്കാൻ അല്ലാഹു ﷻ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ..,

 ആമീൻ യാ റബ്ബൽ ആലമീൻ


*_✍🏼പി കെ എം ഹനീഫ് ഫൈസി ഖത്തർ_*


         *☝🏼അല്ലാഹു അഅ്ലം☝🏼*

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...