Tuesday, April 5, 2022

വിധി വിശ്വാസം : ഒരു യുക്തി വിചാരം

 *വിധി വിശ്വാസം : ഒരു യുക്തി വിചാരം*


ഇസ്ലാമിലെ മർമ്മപ്രധാനമായ ആറ് അടിസ്ഥാന വിശ്വാസങ്ങളിൽ പെട്ടതാണ് വിധിവിശ്വാസം. അഥവാ പ്രപഞ്ചത്തിൽ ഇന്നുവരെ കഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകലകാര്യങ്ങളും അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള നിശ്ചയപ്രകാരമാണ് നടക്കുന്നത് എന്ന വിശ്വാസം.


 ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ, അനുഷ്ഠാന കാര്യങ്ങളെ സംബന്ധിച്ച് സദസ്യർക്ക് ഗ്രാഹ്യമാകും വിധം സുവ്യക്തമാക്കാൻ ജിബ്‌രീൽ മാലാഖ തിരുനബിക്ക് സമീപം ഇരുന്ന് ചോദിച്ചപ്പോൾ തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച പ്രശസ്ത ഹദീസാണല്ലോ.


 സർവലോക സ്രഷ്ടാവും പരിപാലകനുമായ ഒരു രക്ഷിതാവ് തനിക്കുണ്ടെന്നും അവൻ കാരുണ്യവാനും നീതിമാനുമാണെന്നും അവന്റെ മുൻ നിശ്ചയം അനുസരിച്ചാണ് ഇവിടെ ഒരു ഇല പോലും അനങ്ങുക യുള്ളൂ എന്നുമുള്ള വിശ്വാസം ഒരു അടിമയുടെ ജീവിതത്തിൽ പകരുന്ന കരുത്ത് അപാരമാണ്.


തുടർ ഗമനത്തിനുള്ള  കവാടങ്ങളഖിലവും കൊട്ടിയടക്കപ്പെട്ട്, ജീവിതം വഴിമുട്ടിയ വന് പ്രതീക്ഷയുടെ പുതിയ പുലരി യാണ് വിധി. അപ്രതീക്ഷിത ആഘാതങ്ങൾ ഏറ്റ് അസഹനീയമായ വേദനയാൽ വിങ്ങുന്ന മനസ്സുകൾക്കത് സാന്ത്വനത്തിന്റെ പൊൻതൂവലാണ്. നഷ്ടബോധവും നിർഭാഗ്യ ചിന്തയും വരിഞ്ഞുമുറുക്കി നിരാശയോടെ ജീവിതത്തോട് പുറംതിരിഞ്ഞവന് മുന്നോട്ടു കുതിക്കുവാനുള്ള ഊർജ്ജമാണ്. ഇങ്ങനെ ഒരടിമയിൽ വിധിവിശ്വാസം ചെലുത്തുന്ന സ്വാധീനങ്ങൾ അനവധിയാണ്.

 

 അതേ സമയം സ്വന്തം ഉത്തരവാദിത്വം മറന്ന്, കടപ്പാടുകളിൽ നിന്നകന്ന് നിഷ്ക്രിയനായി അടങ്ങിയിരിക്കാനും ഇസ്ലാം അനുവദിക്കുന്നില്ല. സ്വന്തം കർമ്മ ഭാരം അപരനിൽ അടിച്ചേൽപ്പിച് വിധിയെ പഴിച്ചിരിക്കാനും അവസരമില്ല. മറിച്ച് സ്വന്തം കർമ്മങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ജീവിത വിജയത്തിനായി കർമ്മനിരതനാവാനും ഒപ്പം തന്നിൽ വന്നു ഭവിക്കുന്ന ആഘാതങ്ങളിൽ ക്ഷമ കൈകൊണ്ട് പ്രതീക്ഷയോടെ മുന്നേറാനും പ്രാപ്തമാക്കുക യാണ് ഇസ്ലാമിലെ വിധി വിശ്വാസം.


*വിവിധ ആശയധാരകൾ*


 പ്രകൃതി നിയമങ്ങളും പ്രപഞ്ച പ്രതിഭാസങ്ങളുമെല്ലാം അല്ലാഹുവിന്റെ അലംഘനീയമായ വിധി അനുസരിച്ചാണ് സംഭവിക്കുന്നത് എന്നതിൽ കൂടുതൽ തർക്കങ്ങൾക്ക് പ്രസക്തിയില്ല. എന്നാൽ മനുഷ്യന്റെ കർമ്മങ്ങളും അപ്രകാരം സൃഷ്ടാവിന്റെ മുൻവിധി അനുസരിച്ചാണോ,അതോ മനുഷ്യന് പ്രവർത്തി സ്വാതന്ത്ര്യമുണ്ടോ? തുടങ്ങിയ വിഷയങ്ങളിൽ അനേകം ചർച്ചകളും സംവാദങ്ങളും പൂർവ കാലം മുതലേ അരങ്ങേറിയിട്ടുണ്ട്. നാലാം ഖലീഫ അലി (റ), റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് (റ) തുടങ്ങിയ ശ്രേഷ്ഠ സ്വഹാബികൾ അക്കാലത്തു തന്നെ പ്രകടമായ തെറ്റിദ്ധാരണകൾ തിരുത്തി, കൃത്യമായ വിശ്വാസം അവതരിപ്പിച്ചത് ചരിത്രത്തിൽ കാണാം.


മനുഷ്യന്റെ കർമ്മങ്ങൾ എങ്ങിനെയാവണം എന്ന വിഷയത്തിൽ അല്ലാഹുവിന് യാതൊരു അറിവും നിശ്ചയവും  ഇല്ലെന്നായിരുന്നു ഖദരികൾ വാദിച്ചത്. കാരണം അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ് മനുഷ്യന്റെ പ്രവർത്തികളെങ്കിൽ അവന്റെ സൽ കർമ്മങ്ങൾക്കും ദുഷ്കർമ്മങ്ങൾക്കുമെല്ലാം ഉത്തരവാദി അള്ളാഹു  തന്നെയായിരിക്കും. അപ്പോൾ മനുഷ്യന് പ്രതിഫലവും ശിക്ഷയും നൽകുന്നത് നിരർത്‌ഥകമാകും എന്നതായിരുന്നു അവരുടെ ന്യായം. പക്ഷേ അല്ലാഹുവിന്റെ അറിവിനെയും വിധിയേയും പരിമിതപ്പെടുത്തുകയെന്ന ഗുരുതരമായ വീഴ്ച അവരിൽ സംഭവിച്ചു. ഹിജ്റ 72 ൽ മരണപ്പെട്ട മഅബദു ബിനു ഖാലിദിനിൽ ജുഹനി ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്.


 ഖദരികളോട് കൂടുതൽ സമാനത പുലർത്തുന്നവരായിരുന്നു മുഅതസിലത്. മനുഷ്യന്റെ ചെയ്തികൾ രൂപപ്പെടുന്നതിന്റെ നിദാനം സ്വന്തം തീരുമാനത്തിൽ പരിമിതമാണെന്ന് മാത്രമല്ല കർമ്മങ്ങൾ സൃഷ്ടിക്കുന്നതു കൂടി മനുഷ്യൻ തന്നെയാണ് എന്നാണ് അവരുടെ വാദം. കർമ്മങ്ങളെ സൃഷ്ടിക്കാൻ കൂടി മനുഷ്യന് കഴിവുണ്ടെങ്കിലേ അവനോടുള്ള കൽപനകൾക്ക് പ്രസക്തിയുണ്ടാവൂ എന്നതാണ് അവരുടെ ന്യായം. വാസിലുബ്നു അതാഅ ആണ് അവരുടെ സ്ഥാപക നേതാവ്.


 എന്നാൽ ഖദരിയ്യത്തിനെതിരെ രൂപപ്പെട്ട മറ്റൊരു അതിവാദമായിരുന്നു ജബ്രിയ്യത്. സർവ്വ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാനം ആകയാൽ മനുഷ്യന്റെ കർമ്മങ്ങളും അല്ലാഹു അടിച്ചേല്പിക്കുന്ന താണ്, അവയിൽ മനുഷ്യന് യാതൊരു സ്വാതന്ത്ര്യവും ഇല്ലെന്നവർ വാദിച്ചു. മറ്റൊരാളുടെ റിമോട്ട് കൺട്രോളിന്ന് വിധേയമാകുന്ന റോബോട്ട് കണക്കെ മനുഷ്യർ അല്ലാഹുവിന്റെ കളിപ്പാവകളാണെന്നാണ് അവരുടെ പക്ഷം. മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം കൈവന്നാൽ അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള വിധിയെ നിഷേധിക്കലായിരിക്കും എന്നതാണ് അവരുടെ ന്യായം. ജഹ്മുബ്നു സഫ്‌വാന്റെ നേതൃത്വത്തിലാണ് അവർ സംഘടിതമായത് .


ഇത്തരം വികല വാദങ്ങൾക്കെതിരെ സമൂഹത്തിൽ ഇസ്ലാമിന്റെ ഋജുവായ വിശ്വാസം പകർന്നു കൊടുത്തവരായിരുന്നു അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പൂർവസൂരികൾ. മഹാനായ ഇമാം അബൂ ഹസനിൽ അശ്അരി (റ), അബു മൻസൂരിനിൽ മാതുരീതി (റ) യും അവരിൽ പ്രധാനികളായിരുന്നു. മനുഷ്യന്റെ ചെയ്തികളടക്കം ലോകത്തുള്ള സർവ്വവും അല്ലാഹുവിന്റെ മുൻ നിശ്ചയം അനുസരിച്ചാണ് നടക്കുന്നതെന്ന് അംഗീകരിക്കുന്നതോടൊപ്പം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നൽകിയിട്ടുമുണ്ടെന്നാണ് അവർ പഠിപ്പിച്ചത്. അഥവാ മനുഷ്യന്റെ കർമ്മത്തിനുള്ള സ്വാതന്ത്ര്യം അല്ലാഹുവിന്റെ നിശ്ചയത്തിനതീതമല്ല. മറിച്ച് അങ്ങനെ സ്വാതന്ത്ര്യം അനുഭവിക്കണം എന്നു തന്നെയാണ് അല്ലാഹുവിന്റെ നേരത്തെയുള്ള നിശ്ചയം.


*സ്വാതന്ത്ര്യവും അറിവും ഏറ്റു മുട്ടുന്നുവോ !*


 മനുഷ്യന്റെ കർമ്മങ്ങളെല്ലാം അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തിയതാണെങ്കിൽ അവന് സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നതിന് പ്രസക്തി എന്താണ്? സർവ്വമനുഷ്യരും ജനിക്കുന്നതിന് മുൻപ് തന്നെ അവന്റെ മരണം വരെയുള്ള സകല കർമ്മങ്ങളും അള്ളാഹു കണക്കാക്കി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ശേഷം അവൻ സ്വർഗ്ഗസ്ഥനാകുമോ നരകവാസി ആകുമോ എന്നതടക്കം രേഖപ്പെടുത്തിവെച്ചിട്ടുണ്ട് ഉണ്ടെങ്കിൽ മനുഷ്യനോട് നന്മതിന്മകൾ കൽപ്പിക്കുന്നതിന് എന്താണ് പ്രസക്തി? അവന്റെ രേഖകൾക്ക് വിഭിന്നമായി പ്രവർത്തിക്കാൻ മനുഷ്യന് സാധിക്കുമോ? ഇല്ലെങ്കിൽ മനുഷ്യന്റെ കർമ്മ സ്വാതന്ത്ര്യത്തിന് എന്തർത്ഥമാണുള്ളത്?


 ഇവിടെ നിരവധി സംശയങ്ങൾക്ക് വകുപ്പുണ്ട്. ആദ്യമായി മനുഷ്യന് ഇഖ്തിയാർ (free will, ഇച്ഛാ സ്വാതന്ത്ര്യം) ഉണ്ടോ എന്ന് പരിശോധിക്കാം. അതിനു മുൻപ് എന്താണ് ഇഖ്തിയാർ എന്ന് നിർണയിക്കപ്പെടേണ്ട തുണ്ട്. എന്താണ് ഇഖ്തിയാർ എന്ന് മനസ്സിലാക്കാൻ നമ്മുടെ അനുഭവത്തിലേക്ക് തന്നെ ഒന്ന് കണ്ണയച്ചാൽ മതി.


 നാം ബോധപൂർവ്വം കൈകാലുകൾ ചലിപ്പിക്കുന്നു. അതേസമയം നമ്മുടെ ശരീരത്തിൽ ഹൃദയം മിഡിക്കുകയും ചെയ്യുന്നു. ഇവ രണ്ടും ശരീരത്തിൽ നടക്കുന്ന വ്യത്യസ്ത ചലനങ്ങളാണെങ്കിലും ഹൃദയമിടിപ്പിൽ ഇല്ലാത്ത ഒരു സ്വാതന്ത്ര്യം നമ്മുടെ ഐശ്ചിക പ്രവർത്തനങ്ങൾക്കുണ്ട് എന്നത് അവിതർക്കിതമാണ്. അഥവാ കൈ ഉയർത്തുന്നവൻ ആ കർമ്മത്തെ ഉദ്ദേശിക്കുമ്പോൾ അത് ഉദ്ദേശിക്കാതിരിക്കാനും കഴിയുമായിരുന്നു. പക്ഷേ ഹൃദയം നിശ്ചലമാകാൻ അവനു സാധിക്കില്ല. അല്ലെങ്കിൽ ഹൃദയ ചലനം അവന്റെ ഇച്ച അനുസരിച്ച് സംഭവിച്ചതല്ല. ഈ ഇച്ചയെ ആണ് ഇഖ്തിയാർ എന്ന് വിവക്ഷിക്കുന്നത്.


 ഇഖ്തിയാർ (freewill) എന്തെന്ന് മനസ്സിലാക്കുന്നതോടൊപ്പം നമുക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇതിലൂടെ വ്യക്തമാകുന്നു.


ബോധപൂർവ്വമുള്ള കർമ്മങ്ങളെ നിർണയിക്കുന്നത് മനുഷ്യൻ തന്നെയാണ്. ആ കർമനിർണയത്തിനുള്ള സ്വാതന്ത്ര്യമാണ് മേൽ സ്ഥാപിച്ച ഇഖ്തിയാർ. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് തിരഞ്ഞെടുക്കുന്ന കർമ്മം എന്തായിരിക്കുമെന്ന് നേരത്തെ മറ്റൊരാൾ അറിയുന്നത് ഈ സ്വാതന്ത്ര്യത്തെ ഒരുനിലക്കും ബാധിക്കുകയില്ല.  കാരണം അപരൻ അറിയുന്നത് ഇയാൾ സ്വന്തം സ്വാതന്ത്ര്യം ഉപയോഗിച്ച് എന്ത് ചെയ്യും എന്നതാണ്. മറിച്ച് നിരുപാധികം നിശ്ചിത കർമ്മം നിർബന്ധമായും ഇവിടെ നടന്നിരിക്കും എന്നല്ല. ഈ മുൻകൂട്ടിയുള്ള അറിവ് നേരത്തെ രേഖപ്പെടുത്തി വെച്ചിരുന്നത് കൊണ്ട് കർമങ്ങളെ അത് സ്വാധീനിക്കുന്നില്ല .


 നാളത്തെ സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും സമയം നിലവിൽ നമ്മുടെ കലണ്ടറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി നൂറു വർഷങ്ങൾക്കു ശേഷം രൂപപ്പെടുന്ന ചന്ദ്രഗ്രഹണത്തിന്റെ സമയവും സ്ഥലവും വളരെ കൃത്യമായി ജ്യോതിശാസ്ത്രജ്ഞർ കണക്കാക്കി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഇവയെല്ലാം അവരുടെ അറിവിന്റെ അടിസ്ഥാനത്തിലുള്ള അടയാളപ്പെടുത്തലുകൾ ആണ്. അവ പൊതുവേ കൃത്യമായി സംഭവിക്കുകയും ചെയ്യും. എന്ന് കരുതി ഈ രേഖയെ അടിസ്ഥാനമാക്കിയല്ല സൂര്യൻ ചലിക്കുന്നത്, മറിച്ച് സൂര്യന്റെ സ്വതവേയുള്ള ചലനം മനസ്സിലാക്കി അതടിസ്ഥാനപ്പെടുത്തിയാണ് ഈ രേഖപ്പെടുത്തൽ. അഥവാ ശാസ്ത്രജ്ഞർ മറ്റൊരു സമയമായിരുന്നു എഴുതിയിരുന്നതെങ്കിലും സൂര്യന് വ്യതിയാനം ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം.


 അറിവ് വസ്തുതയെ ബാധിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണീ ഉദാഹരണം. എന്നാൽ സർവ്വലോക പരിപാലകനായ അള്ളാഹുവിന്റെ ജ്ഞാനം സൃഷ്ടികളുടെ ജ്ഞാനം പോലെ അപൂർണ്ണമാവുകയില്ല. അവ പൂർണമായും കൃത്യവും ഉറപ്പുള്ളതുമായിരിക്കും. ഇവിടെ സൂര്യ ചലനം സ്വയം ഇച്ച അനുസരിച്ചുള്ളതല്ല. എന്നാൽ മനുഷ്യന്റെ ഇച്ച അനുസരിച്ചുള്ള ചെയ്തികളും സർവ്വജ്ഞാനിയായ അല്ലാഹുവിന് നേരത്തെ അറിയുന്നതിന് പ്രയാസമില്ലല്ലോ.


 ആകയാൽ ഓരോവ്യക്തിക്കും ഇച്ഛാ സ്വാതന്ത്ര്യം നൽകിയാൽ ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഓരോരുത്തരും എന്തെല്ലാം കർമ്മങ്ങൾ സെലക്ട് ചെയ്യുമെന്ന് അനാദി യിലേ അറിയുന്ന അള്ളാഹു അവയെല്ലാം നേരത്തെ രേഖപ്പെടുത്തുകയും തൽഫലമായി അവന് നൽകേണ്ട സ്വർഗ്ഗനരകങ്ങൾ നേരത്തെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ചുരുക്കം.


*അറിവിലുപരി തീരുമാനവും ഉണ്ടോ?*


 അല്ലാഹുവിന് ഓരോ വ്യക്തിയും സെലക്ട് ചെയ്യുന്ന കർമ്മങ്ങൾ എന്തൊക്കെയായിരിക്കുമെന്ന അറിവ് മാത്രമാണോ ഉള്ളത് അതോ, എന്തൊക്കെ കർമ്മങ്ങൾ നടപ്പിൽ വരണമെന്ന തീരുമാനവും ഉണ്ടോ? അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് കർമ്മങ്ങൾ എങ്കിൽ മനുഷ്യൻ അതിനുത്തരവാദിയാകുന്നതെങ്ങനെ?


 അല്ലാഹുവിന് കേവല അറിവ് മാത്രമല്ല, തീരുമാനവും ഉണ്ട്. അതോടൊപ്പം മനുഷ്യന് കർമ്മത്തിന്റെ ഉത്തരവാദിത്വവും ഉണ്ട്. ഒരു ഉദാഹരണം നോക്കാം.


 ഒരു ചുവന്ന കാർ റോഡിലൂടെ പതിയെ മുന്നോട്ടു സഞ്ചരിക്കുകയാണ്. ഡ്രൈവിങ്ങും റോഡ് നിയമങ്ങളും നന്നായി അറിയുന്ന പത്തുപതിനഞ്ചു വർഷത്തെ പരിചയസമ്പത്തുള്ള നിപുണനാണ് ഡ്രൈവർ. റോഡിൽ തനിക്കനുവദിച്ച വശത്തുകൂടെ മാത്രമേ സഞ്ചരിക്കാവൂ, മറ്റു വാഹനങ്ങളേയോ റോഡരികിലെ മതിലിലോ മരത്തിലോ കുത്തരുത്, വഴിയാത്രക്കാരെ പരിക്കേൽപിക്കരുത്... അങ്ങിനെ നിയമങ്ങൾ പാലിച്ച് അനുവദനീയമായ പാതയിലൂടെ എത്രയും സഞ്ചരിക്കാം. നിയമം തെറ്റിക്കുന്നത് ശിക്ഷാർഹമാണ്. അനുസരിക്കുന്നത്  പ്രതിഫലാർഹവും. അൽപ ദൂരം സഞ്ചരിച് റോഡ് ഇരു ദിശകളിലേക്ക് രണ്ടായി പിരിയുകയാണ്. ഇടത്തോട്ടുള്ളത് നിരോധിത മേഖലയാണ്. അപകട സാധ്യതയുണ്ട്. ശിക്ഷാർഹമാണ്. വലത്തോട്ടുള്ളതാണ് ശരിയായ വഴി. ഇതിലൂടെയുള്ള യാത്ര പ്രതിഫലാർഹവുമാണ്.


 കാർ ഇപ്പോൾ രണ്ടിനുമിടയിലെ മദ്യ ബിന്ദുവിലാണുള്ളത്. ഇനി എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് ഡ്രൈവറാണ്. വാഹനത്തിന്റെ സ്റ്റിയറിങ്ങ് അദ്ദേഹത്തിന്റെ കയ്യിലാണ്. അത് ഇരു ഭാഗത്തേക്കും തിരിക്കാവുന്ന പരുവത്തിലാണ്. ഇരു വഴികളും എവിടേക്കാണെന്നും അതിന്റെ പരിധി എന്താണെന്നും നന്നായി അറിയുന്ന ആ നല്ല ഡ്രൈവർ സ്റ്റീയറിംഗ് വലത്തോട്ട് തിരിച്ചു. വാഹനം വലത് ദിശയിലേക്ക് സഞ്ചരിക്കുകയും  സുരക്ഷിതമായി യാത്ര തുടരുകയും  പ്രതിഫലാർഹനാവുകയും ചെയ്തു.


 എന്നാൽ മറ്റൊരു ഡ്രൈവർ കാര്യങ്ങളെല്ലാം അറിയാമായിരുന്നിട്ടും സമാനമായ കാറിൽ അതേ മദ്യ ബിന്ദുവിൽ നിന്ന് ഇടത്തേക്കാണ് സ്റ്റീയറിംഗ് തിരിച്ചത്. വാഹനം ഇടത്തോട്ട് സഞ്ചരിക്കുകയും ഒടുവിൽ അപകടത്തിൽ പെടുകയും ശിക്ഷാർഹനാവുകയും ചെയ്തു.


ഇവിടെ ആരും ആരെയും നിർബന്ധിച്ചിട്ടില്ല. രണ്ടാമത്തെ വാഹനം ഇടത്തോട്ട് സഞ്ചരിക്കുകയും അപകടത്തിൽ പെടുകയും ചെയ്തതിന്റെ ഉത്തരവാദി അവൻ തന്നെ. ഒന്നാമന്റെ വാഹനം വലത്തോട്ട് ശരിയായ രീതിയിൽ സഞ്ചരിച്ചതിന്റെ മേന്മയും അവനു തന്നെ. കാരണം രണ്ടുപേർക്കും ലഭിച്ചത് ഇരു ദിശകളിലേക്കും തിരിക്കാവുന്ന സ്റ്റീയറിങ് ആണ്.


 ഇനി നമുക്ക് ഈ വാഹനത്തെ പറ്റി പറയാം. വളരെ വിദഗ്ധനായ ഒരു നിർമ്മാതാവാണ് ഇതിന്റെ ശില്പി. അദ്ദേഹം ഈ വാഹനത്തിന് ചുറ്റും ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. അത് സദാ പ്രവർത്തനനിരതമാണ്. അഥവാ ഈ വാഹനം എപ്പോഴും എവിടെയാണ്, എത്ര വേഗത്തിലാണ്, എങ്ങിനെയാണ് യാത്രചെയ്യുന്നത് എന്ന് കൃത്യമായി ഒപ്പിയെടുത്ത നിർമ്മാതാവിന്റെ റൂമിലെ സ്ക്രീനിൽ തെളിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അഥവാ ഡ്രൈവറുടെ യാത്രകൾ പൂർണമായും നിർമ്മാതാവിന്റെ അറിവോടുകൂടി മാത്രമായിരിക്കും.


 കാറിന് മറ്റൊരു അത്ഭുത വിശേഷം കൂടിയുണ്ട്. ഈ വാഹനം നിയന്ത്രിക്കുന്നതിന്റെ പരമാധികാരി നിർമാതാവ് തന്നെയാണ്. അഥവാ നിർമ്മാതാവിന്റെ കയ്യിൽ ഒരു റിമോട്ടുണ്ട്. ഡ്രൈവർ തിരിക്കുന്ന സ്റ്റിയറിങ്ങിനുപരി റിമോട്ടിൽ അമർത്തുന്ന സ്വിച്ചനുസരിച്ചേ കാർ സഞ്ചരിക്കൂ. പക്ഷേ അതിന് മൂന്ന് സ്വിച്ചുകൾ ഉണ്ട്. ഒന്നാം സ്വിച്ച് അമർത്തിയാൽ കാർ വലത്തോട്ട് തിരിയും. അപ്പോൾ ഡ്രൈവറുടെ സ്റ്റിയറിങ് എവിടേക്ക് തിരിച്ചിട്ടും കാര്യമില്ല. അങ്ങനെ അയാൾ സുരക്ഷിത വഴിയിൽ എത്തിയാൽ അതിന്റെ മേന്മയും ഡ്രൈവർക്കില്ല. രണ്ടാം സ്വിച്ചിൽ അമർത്തിയാൽ വാഹനം ഇടത്തോട്ടാണ് തിരിയുക. അവിടെയും ഡ്രൈവറുടെ സ്റ്റിയറിങ്ങിനു പ്രസക്തിയില്ല. ആ സമയം താൻ അപകടത്തിൽപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വവും ഡ്രൈവറിനില്ല. പക്ഷേ നിഷ്പക്ഷനും ബുദ്ധിമാനുമായ നിർമ്മാതാവ് മൂന്നാം സ്വിച്ച് ആണ് അമർത്തുന്നത്. അപ്പോൾ ഡ്രൈവർ തിരിക്കുന്ന സ്റ്റീയറിംഗിന്റെ ദിശ അനുസരിച്ചാണ് വാഹനം തിരിയുക.


 ഇവിടെ റിമോട്ട് ഏത് സ്വിച്ച് അമർത്തണം എന്ന് തീരുമാനിക്കുന്നതും ഡ്രൈവർക്ക് സ്വാതന്ത്ര്യം നൽകണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതും നിർമ്മാതാവായതിനാൽ ആത്യന്തികമായി വാഹനം നിയന്ത്രിക്കുന്നത് നിർമ്മാതാവ് തന്നെ. പക്ഷേ മൂന്നാം സ്വിച്ച് അമർത്തുന്ന പക്ഷം ഉണ്ടാകുന്ന അപകടങ്ങൾക്കും മേന്മകൾക്കുമെല്ലാം  ഉത്തരവാദി ഡ്രൈവർ ആവുകയും ചെയ്യുന്നു.


പറഞ്ഞുവരുന്നത് ശരീരം എന്ന വാഹനത്തിൽ മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങൾക്കുള്ള ഉപമയാണ്. ഡ്രൈവർ സ്റ്റിയറിങ് വലത്തോട്ട് തിരിച്ചതുകൊണ്ട് മാത്രം വാഹനം വലത് ദിശയിലേക്ക് സഞ്ചരിക്കുന്നില്ല. ഒപ്പം നിർമാതാവ് മൂന്നാം സ്വിച്ച് അമർത്തുകയും വേണം. അഥവാ അവന്റെ സ്റ്റിയറിങ്ങിനനുസരിച്ച് വാഹനം സഞ്ചരിക്കട്ടെ എന്ന് ശില്പി തീരുമാനിക്കുക കൂടി വേണം. അല്ലാഹു എല്ലായിപ്പോഴും മൂന്നാം സ്വിച്ച് തന്നെ അമർത്തണം എന്ന് നിർബന്ധമില്ല. പലപ്പോഴും മനുഷ്യൻ ചെയ്യാൻ ശ്രമിക്കുന്ന പ്രവർത്തികൾ നടപ്പിൽ വരാതെ ശരീരം തളർന്നു പോകുന്നത് അത് കൊണ്ടാണ്. ചിലപ്പോൾ മനുഷ്യൻ ഉദ്ദേശിക്കാതെ അവന്റെ ശരീരം ചലിപ്പിക്കാറും ഉണ്ട്. (വിറയൽ പോലെ) പക്ഷേ ഇത്തരത്തിൽ സംഭവിക്കുന്ന കർമ്മങ്ങൾക്കൊന്നും അള്ളാഹു ശിക്ഷ നൽകുകയില്ല.


മനുഷ്യന്റെ പ്രവർത്തിക്കാനുള്ള ശ്രമം ഉണ്ടായതു കൊണ്ട് മാത്രം കർമ്മം സംഭവിക്കില്ല. മറിച്ച് അതിന് അല്ലാഹുവിന്റെ ഉദ്ദേശം കൂടി വേണം. ആകയാൽ മനുഷ്യന്റെ ഉദ്ദേശത്തോടെ നടക്കുന്ന ഒരു കർമ്മം അല്ലാഹുവിന്റെ ഉദ്ദേശവും സൃഷ്ടിപ്പും കൂടി ഉള്ളതുകൊണ്ട് മാത്രമാണ് സംഭവിക്കുന്നത്. ആകയാൽ അല്ലാഹു മനുഷ്യന് കർമ്മ നിർണ്ണയം നടത്താനുള്ള ശേഷി നൽകുന്നു. ആ ശേഷി ഉപയോഗിച് വ്യക്തി നിർണയിച്ച കർമ്മം നടപ്പിൽ വരണമെന്ന് അള്ളാഹു ഉദ്ദേശിക്കുന്നു. അങ്ങിനെ ആ കർമ്മത്തെ അള്ളാഹു അവനിൽ സൃഷ്ടിക്കുന്നു. ഇങ്ങനെയാണ് ഓരോ വ്യക്തിയിലും ഓരോ കർമ്മങ്ങളും സംഭവിക്കുന്നത്.


മനുഷ്യനെന്തു ഉദ്ദേശിക്കുന്നുവോ അത് നടക്കട്ടെ എന്ന അള്ളാഹുവിന്റെ തീരുമാനം അവ്യക്തമല്ലേ എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ഓരോ വ്യക്തിയും ഓരോ സാഹചര്യത്തിലും എന്തൊക്കെയാണ് ഉദ്ദേശിക്കുക എന്ന് അനാദിയിലേ അറിയുന്നവനാണ് അല്ലാഹു. മനുഷ്യൻ നിർണയിച്ച ഒരു കർമ്മം നടത്തണമോ വേണ്ടയോ എന്ന് സർവ്വജ്ഞാനിയായ അവനാണ് ആത്യന്തികമായി തീരുമാനിക്കുന്നത്.


 മനുഷ്യന്റെ യുക്തിബോധത്തിനും ചിന്താശേഷിക്കും ഉപരിയായി തന്ത്രശാലിയും നീതിയുക്തനുമായ അല്ലാഹുവിന്റെ സംവിധാനങ്ങളും നയങ്ങളും എത്ര ഉന്നതമെന്നോർത്ത് നമുക്കിനിയും അവനെ വണങ്ങാം. നാഥൻ നന്മയിലേക്കുള്ള വാതായനങ്ങൾ തുറന്നു കൂടുതൽ സൽകർമ്മങ്ങൾക്ക് വിധിയേകട്ടെ.


അബ്ദുന്നാസർ സുറൈജി, മണ്ടാട് 

▪️

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....