*ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും -ഭാഗം 2*
----------------------------------------------------
ആയിശ(റ)യുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് നാസ്തികര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക്, മുഹമ്മദ് നബി(സ)യോടും അദ്ദേഹം പ്രബോധനം ചെയ്ത ആദര്‍ശത്തോടുമുള്ള അവരുടെ വിരോധത്തിന്‍റെ നുരഞ്ഞുപൊങ്ങല്‍ എന്നതിലുപരി വൈജ്ഞാനികമോ ചരിത്രപരമോ ആശയപരമോ ആയ യാതൊരു പ്രസക്തിയുമില്ല. എന്തെന്നാല്‍:
1. മുഹമ്മദ് നബി(സ)ക്കെതിരെ രൂക്ഷമായ പലവിധ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട മക്കാ മുശ്രിക്കുകള്‍ പക്ഷേ, ആയിശ(റ)യെ കുട്ടിപ്രായത്തില്‍ വിവാഹം കഴിച്ചു എന്നത് ഒരു പ്രശ്നമായി അവതരിപ്പിച്ചിട്ടേയില്ല. പേരിന് പോലും ആയിശയുടെ വിവാഹ പ്രായത്തെ അവര്‍ വിമര്‍ശനവിധേയമാക്കിയതായി ചരിത്രം പറയുന്നില്ല. നമ്മുടെ നാട്ടില്‍വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നിരുന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ ആരും കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യാത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും, വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനികവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശ(റ)യുടെ വിവാഹം. പരമാവധി പോയാല്‍, നബി(സ) വിവാഹം കഴിക്കുമ്പോള്‍ ആയിശ(റ)ക്കുണ്ടായിരുന്ന വയസ്സിന്റെ രണ്ടോ മൂന്നോ ഇരട്ടിയോളം പ്രായമേ അതിനെതിരായ യുക്തിവാദി വിമര്‍ശനങ്ങള്‍ക്കുളളൂ.
2. നബി(സ) വിവാഹം കഴിക്കുന്ന സമയത്ത് ഏതോ നിലക്ക് ആഇശ(റ)ക്ക് പക്വതയെത്തിയിരുന്നോ എന്നാണ് ചോദ്യമെങ്കില്‍ ആയിരുന്നു എന്നുതന്നെയാണ് അതിനുള്ള മറുപടി. നബി(സ)ക്ക് മുമ്പേ, ഖുറൈശികളുടെ നേതാവായിരുന്ന മുത്ഇമുബ്നു അദിയ്യ് തന്റെ മകനായ ജുബൈറിന് വേണ്ടി ആഇശ(റ)യെ വിവാഹാലോചന നടത്തിയിരുന്നു എന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. മുത്ഇമിന്‍റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഇസ്‌ലാമിനോടുള്ള തെറ്റായ സമീപനമായിരുന്നു ആ വിവാഹം നടക്കാതിരിക്കാന്‍ കാരണം. (മുസ്നദ് അഹ്മദ് 2/211). നാട്ടുനടപ്പനുസരിച്ച് വിവാഹാലോചന നടന്നുകൊണ്ടിരുന്ന പ്രായത്തിലാണ് നബി(സ) ആഇശ(റ)യെ വിവാഹം ചെയ്യുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തം.
3. അറേബ്യയുടെ ഉഷ്ണ കാലാവസ്ഥയില്‍ സ്ത്രീകള്‍ക്ക് സഹജമായിത്തന്നെ പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും പുഷ്ടിയുമുണ്ടായിരുന്നു. അസാധാരണമായ ധിഷണാശക്തിയും മാനസിക വികാസവും സിദ്ധിച്ച വ്യക്തികളുടെ ആകാരസൗഷ്ഠവവും മികച്ചുനില്‍ക്കുമെന്നത് സാധാരണ അനുഭവമാണല്ലോ. ഇംഗ്ലീഷില്‍ Precocious എന്ന്‍ വിളിക്കുന്നത് അതിനെയാണ്. ഏതായാലും ഒമ്പതാം വയസ്സില്‍ ആഇശയെ നബിതിരുമേനി ദാമ്പത്യപദത്തില്‍ കൊണ്ടുവന്നതുതന്നെ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അന്നേ അവരില്‍ പ്രകടമായിരുന്നു എന്നതിന്റെ തെളിവത്രെ.
4. ആഇശ തന്റെ ഇണയായി വരുന്നത് നബി(സ) സ്വപ്നം കണ്ടിട്ട് പോലും അദ്ദേഹം മുന്‍കൈയെടുത്ത് ആഇശ(റ)യെ വിവാഹമാലോചിക്കുകയായിരുന്നില്ല. സ്നേഹനിധിയായ ഖദീജയുടെ വിയോഗം മൂലമുണ്ടായ ഏകാന്തതയുടെ ദു:ഖഭാരം നിമിത്തം ജീവിതം തന്നെ അതീവ ദുഷ്കരമായനുഭവപ്പെട്ടിരുന്ന നബി(സ)യോട്, അബൂബക്റി(റ)നെയും കുടുംബത്തെയും നന്നായറിയുന്ന, ഉഥ്മാന്ബ്നു മള്ഊനി(റ)ന്‍റെ ഭാര്യയായ ഖൗല ബിന്‍ത് ഹകീം വന്ന് ചോദിക്കുകയാണ്, താങ്കള്‍ക്കൊരു പുനര്‍വിവാഹമായിക്കൂടേ എന്ന്‍. അന്നേരം അവരാണ് കന്യകയായ ആഇശ(റ)യുടെയും വിധവയായ സൌദ(റ)യുടെയും കാര്യം നബിതിരുമേനിയുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. പ്രവാചകന്‍ സമ്മതം മൂളിയപ്പോള്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് മുന്‍കൈയെടുത്തതും അവര്‍ തന്നെയായിരുന്നു. (മുസ്നദ് അഹ് മദ്). പ്രവാചകന്‍ അതിന് താല്‍പര്യമെടുത്തതാകട്ടെ, അബൂബക്റു(റ)മായി ആദര്‍ശപരമായ സാഹോദര്യ ബന്ധത്തിലുപരി വിവാഹത്തിലൂടെ കുടുംബ ബന്ധവും സ്ഥാപിക്കുക എന്ന നിലക്കും. (പില്‍കാലത്ത് ഉമറി(റ)ന്‍റെ മകളായ ഹഫ്സ(റ)യെയും ഇതേ ഉദ്ദേശ്യാര്‍ഥം പ്രവാചകന്‍ വിവാഹം ചെയ്യുകയുണ്ടായി. ഉസ്മാന്നും(റ) അലിക്കും(റ) തന്റെ മക്കളെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.)
5. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള തന്റേടം എത്തിക്കഴിഞ്ഞാല്‍ അവരുടെ ഭര്‍ത്താക്കന്മാരായി വരുന്ന പുരുഷന്മാരുടെ പ്രായം അക്കാലത്ത് പരിഗണനീയമായ ഒരു വിഷയമേ ആയിരുന്നില്ല. ഖുറൈശി പ്രമാണിയും പ്രവാചകന്റെ പിതാമഹനുമായിരുന്ന അബ്ദുല്‍ മുത്വലിബ് ഹാലയെ വിവാഹം കഴിക്കുന്നത് തന്‍റെ മകനും പ്രവാചകന്റെ പിതാവുമായ അബ്ദുല്ല ആമിനയെ വിവാഹം കഴിക്കുന്ന അതേ വേദിയില്‍ വെച്ചായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇതുപോലെത്തന്നെ, ഭാര്യയായി വരുന്ന സ്ത്രീ ഭര്‍ത്താവിനേക്കാള്‍ പ്രായമുള്ളവളാകുന്നതോ, വിധവയാകുന്നതോ അക്കാലത്ത് ഒരു പ്രശ്നമായിരുന്നില്ല. മുഹമ്മദ് നബി(സ) തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പത് വയസ്സുള്ള ഖദീജയെയായിരുന്നല്ലോ ആദ്യമായി വിവാഹം ചെയ്തത്. നേരത്തെ രണ്ട് തവണ വിവാഹം കഴിഞ്ഞവരായിരുന്നു അവര്‍. ഖദീജയുടെ മരണശേഷം നബി(സ) ഇണയായി സ്വീകരിച്ചത് വൃദ്ധയും വിധവയുമായിരുന്ന സൗദ(റ)യെയായിരുന്നു. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസമോ സ്ത്രീയുടെ പുന:വിവാഹമോ അക്കാലത്ത് ഒരു വിഷയമേ ആയിരുന്നില്ല.
6. ശൈശവ വിവാഹത്തെ ഇസ്ലാം നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും അതിനെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. പ്രായപൂര്‍ത്തിയെ, വിവേകത്തെയാണ് അത് വിവാഹ പ്രായമായി നിശ്ചയിച്ചിട്ടുള്ളത്. "അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. അങ്ങനെ അവര്‍ക്ക് വിവാഹ പ്രായമെത്തിയാല്‍ അവരില്‍ നിങ്ങള്‍ കാര്യബോധം കാണുന്നപക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക." (സൂറ: അന്നിസാഅ് 6). മനുഷ്യര്‍ക്ക് സാധാരണഗതിയില്‍ കാര്യബോധം വരുന്ന പ്രായമാണ് വിവാഹ പ്രായമെന്ന് ഈ വചനത്തില്‍നിന്ന്‍ വ്യക്തമാകുന്നു. വിവിധ ദേശങ്ങളില്‍ വിവിധ ജനവിഭാഗങ്ങളില്‍ കാര്യബോധവും പക്വതയും കൈവരുന്ന പ്രായത്തിന് ചെറിയ വ്യത്യാസമുണ്ടാകും. ഒരു കുടുംബത്തിലെ സന്തതികള്‍പോലും പക്വത പ്രാപിക്കുന്നത് ഒരേ പ്രായത്തിലായിരിക്കണമെന്നില്ലല്ലോ. അവരെ അടുത്തറിയുന്ന രക്ഷിതാക്കള്‍ക്കാണ് അവരുടെ പക്വതയും കാര്യബോധവും സംബന്ധിച്ച വ്യക്തമായ ധാരണയുണ്ടാവുക. ഇത്തരം കാരണങ്ങളാല്‍ ഇസ്ലാം വിവാഹത്തിന് നിര്‍ണിത വയസ്സ് എന്ന നിബന്ധന വെച്ചിട്ടില്ല. നിയമപ്രകാരമുള്ള വിവാഹ പ്രായം എല്ലാ ഭരണകൂടങ്ങളും ഒരുപോലെയല്ല നിശ്ചയിച്ചിട്ടുള്ളത്, ചിലര്‍ മുമ്പ് നിശ്ചയിച്ചത് മാട്ടിയിട്ടുമുണ്ട്. ഇതുതന്നെ അങ്ങനെയൊരു കൃത്യമായ പ്രായ നിര്‍ണയം അശാസ്ത്രീയമാണ് എന്നാണ് തെളിയിക്കുന്നത്. ഉയര്‍ന്ന പ്രായ പരിധി നിശ്ചയിക്കപ്പെട്ട രാജ്യങ്ങളില്‍ അത് വ്യാപകമായി ലംഘിക്കപ്പെടുന്നതും കാണാം. നിര്‍ണിത വയസ്സ് എന്ന്‍ പറയാതെ, കാര്യബോധവും പക്വതയും എത്തുമ്പോഴാണ് വിവാഹം ചെയ്തുകൊടുക്കേണ്ടത് എന്നുമാത്രം പറഞ്ഞുമതിയാക്കിയ ഖുര്‍ആനിക സമീപനമാണ് കൂടുതല്‍ യുക്തിവൂര്‍വകമായിട്ടുള്ളത് എന്നാണ് അതില്‍നിന്ന്‍ മനസ്സിലാവുന്നത്.
7. പൊതുവായ അവസ്ഥയില്‍ പെണ്‍കുട്ടിയുടെ അനുവാദത്തോടുകൂടി മാത്രമേ അവളെ നികാഹ് കഴിച്ചയക്കാവൂ എന്നതാണ് ഇസ്ലാമിക നിയമം. അവളുടെ അനുവാദമില്ലാതെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കപ്പെട്ടതാണെങ്കില്‍ ആ ബന്ധം വേര്‍പ്പെടുത്താന്‍ വരെ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും സവിശേഷമായ സാമൂഹിക നന്മയുണ്ടെങ്കിലല്ലാതെ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ രക്ഷിതാവ് വിവാഹം കഴിപ്പിച്ചയക്കുന്നത് വെറുക്കപ്പെട്ട നടപടിയാണ്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ അവളുടെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യംവെച്ചുകൊണ്ട് അത്തരക്കാരെ കെട്ടിച്ചയക്കുന്നതോ, അവരെ നികാഹ് ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍ പ്രായം ചെന്നവരാകുന്നതോ തെറ്റായി ഇസ്ലാം കാണുന്നില്ല. (ഇമാം നവവി -ശറഹു മുസ്ലിം 9/206). ആ പെൺകുട്ടിയുടെ വീട്ടുകാർക്കും അവൾക്കും സമ്മതമാണെങ്കിൽ അതിൽ ഇടപെടാൻ നമുക്ക് അവകാശവുമില്ല. ഇബ്നുല്‍ മുന്‍ദിര്‍ പറഞ്ഞതായി ഇമാം ഇബ്നു ഖുദാമ ഉദ്ധരിക്കുന്നു: "അനുയോജ്യനായ ഒരാള്‍ക്കാണ് ഒരു പിതാവ് തന്റെ കുഞ്ഞു മകളെ വിവാഹം ചെയ്തുകൊടുക്കുന്നതെങ്കില്‍ അതനുവദനീയമാണ് എന്ന കാര്യത്തില്‍ നമുക്കറിയാവുന്ന പണ്ഡിതന്മാരെല്ലാം യോജിച്ചിരിക്കുന്നു. ഒഴിവാക്കേണ്ടതും വെറുക്കപ്പെട്ടതുമാണെന്നതോടൊപ്പം തന്നെ അതദ്ദേഹത്തിന് അനുവദനീയമാണ്." (അശ്ശറഹുല്‍ കബീര്‍ 7/386)
*ശൈശവ വിവാഹം: ഇവര്‍ക്കെതിരെ യുക്തിവാദി വിമര്‍ശനമുയരാത്തതെന്ത്?!*
കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ മത-മതേതര മേഖലകളില്‍ ശൈശവ-ബാല വിവാഹങ്ങള്‍ നിരവധി നടന്നതായി കാണാം. സി രവിചന്ദ്രന്‍ പറഞ്ഞതുപോലെ, അന്നത്തെ സാഹചര്യത്തില്‍ അതൊരു തെറ്റായിരുന്നില്ല. അതിനാല്‍ തന്നെ അത്തരം കാര്യങ്ങള്‍ എടുത്തുപറഞ്ഞു ഇന്നിപ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് വിമര്‍ശകരുടെ സ്ഥല-കാല ബോധമില്ലായ്മയുടെ അടയാളമാണ്. 55 ആം വയസിൽ ഒളിവുകാലത്ത് പന്ത്രണ്ടുകാരി സുശീലാ ഗോപാലന്‍ എന്ന പെണ്‍കുട്ടിയോട് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എ.കെ.ജിക്ക് അനിയന്ത്രിതമായ പ്രേമം തോന്നുകയും അദ്ദേഹം ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു എന്നത് കൂടുതല്‍ പഴക്കമില്ലാത്ത ചരിത്രം. തന്റെ പതിമൂന്നാം വയസ്സിൽ, ഏഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കസ്തൂര്‍ബയുമായി വിവാഹമുറപ്പിക്കുകയും പന്ത്രണ്ടാം വയസ്സില്‍ വീട് കൂടുകയും ചെയ്തതാണ് ഗാന്ധിജിയുടെ അനുഭവം.
13 വയസ്സ് മാത്രമുണ്ടായിരുന്ന നാഗമ്മാളിനെ വിവാഹം ചെയ്ത, പതിനഞ്ചാം വയസ്സില്‍ അവരില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ഇന്ത്യൻ നവോഥാന നായകനും യുക്തിവാദി നേതാവുമാണ് പെരിയാർ രാമസ്വാമി!
തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവൻ തന്റെ ആത്മകഥയായ 'ജീവിത സമര'ത്തിൽ പറയുന്നത് പ്രകാരം, ആറു വയസ്സിനകം രണ്ടു പെണ്ണ് കെട്ടിയിട്ടുണ്ട്. തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി (സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിലായിരുന്നു കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തത്. മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ.എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
ഛാന്‍സി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന മനുകര്‍ണ്ണിക പതിമൂന്നു വയസ്സുള്ളപ്പോഴാണ് നാല്പത്തഞ്ചു വയസ്സുള്ള ഛാന്‍സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ പാണീഗൃഹം ചെയ്യുമ്പോൾ അവൾക്ക് അഞ്ച്- ആറ് വയസ്സ് മാത്രമായിരുന്നു പ്രായം! പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാന്‍റെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു.
വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തന്‍റെ ഇരുപത്തിയൊന്നാം വയസ്സിൽ (1909 ല്‍) വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 9 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തന്‍റെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു. ബോസ് ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സിന്‍റെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ബോസോൺ കണികകൾക്ക് ശാസ്ത്രലോകം ആ പേര് നൽകിയത്. ഇനിയും ഒരുപാട് പ്രശസ്തർ ഇതുപോലെ ഉണ്ട്. ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതുകൊണ്ട് മാത്രം നിർത്തുന്നു.
ഇതുവരെ നാം കണ്ടത് ഏതാനും ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ്. മറ്റു രാജ്യക്കാരുടെ പേരുകള്‍ ഇതുപോലെ ക്രോഡീകരിക്കുകയാണെങ്കില്‍ വലിയ ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവരും.
പതിനാല് നൂറ്റാണ്ട് മുമ്പല്ല, ലോകം ഏറെ ‘പരിഷ്കരിച്ച’ ഇക്കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളിലാണ് മേല്‍പറഞ്ഞ വിവാഹങ്ങളെല്ലാം നമുക്ക് ചുറ്റും നടന്നത് എന്നോര്‍ക്കുക. എന്നിട്ടും അവയ്ക്കെതിരെ പറയത്തക്ക ആരോപണങ്ങളൊന്നുമുന്നയിക്കാത്ത, അവ വിവാദമാക്കാത്ത നാസ്തികര്‍ മുഹമ്മദ് നബി(സ)യെ മാത്രം പ്രതിസ്ഥാനത്ത് നിറുത്തുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ അവരുടെ തനിനിറത്തെ കുറിച്ചറിയുന്നവര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരില്ല. വൈര്യനിരാതന ബുദ്ധിയും കാപട്യവുമല്ലാതെ മറ്റൊന്നും അതിന്റെ പിന്നിലില്ല.
ഇനി, പരിഷ്കൃത നാടുകളുടെ അവസ്ഥയെടുത്ത് പരിശോധിച്ചാല്‍ അതിലുമുണ്ട് പ്രവാചക നിന്ദകരായ നാസ്തികര്‍ക്ക് വലിയ ചില പാഠങ്ങള്‍. അവരില്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത് പോലെ, സ്ത്രീകള്‍ക്ക് 18 വയസ്സോ പുരുഷന്‍മാര്‍ക്ക് 21 വയസ്സോ അല്ല ലോകവ്യാപകമായി വിവാഹത്തിന്റെ മിനിമം പ്രായം. 'അപരിഷ്കൃത' അറബ് രാജ്യങ്ങളിൽ മാത്രമുള്ള നിയമവുമല്ല വിവാഹ പ്രായം 18 നും താഴെ എന്നത്. ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. ഇന്നത്തെ അഥവാ 2019 സെപ്റ്റംബറിലെ കണക്കെടുത്താൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിൽ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. എങ്കിലും പെൺകുട്ടിക്ക് 12 വയസ്സും ആൺകുട്ടിക്ക് 14 വയസ്സും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവേ നിയമ വൃത്തങ്ങളിൽ കരുതപ്പെടുന്നു. എന്നാൽ ഇതിൽ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്നങ്ങളില്ല.
ഇംഗ്ലണ്ടിൽ പത്തുവയസ്സുകാരിയുമായുള്ള ദാമ്പത്യം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോലും നിയമാനുസൃതമായിരുന്നു. (Internet Child Pornography: Causes, Investigation, and Prevention -page 10). 1960 കളിൽ ഐക്യ അമേരിക്കൻ നാടുകളിൽ, അമ്പത് വയസ്സുകാരന് പത്തു വയസിന് താഴെയുള്ള പെൺകുട്ടിയുമായി ദാമ്പത്യം നയിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവും ഇല്ലായിരുന്നുവെന്ന് സോഷ്യോളജി പ്രോഫെസ്സർ Anthony Joseph Paul Cortese വെളിപ്പെടുത്തുന്നുണ്ട്. (Opposing Hate, page 85) ഈ സമയം മറ്റു പല നാടുകളിലും 12 ഉം 13 ഉം 14 ഉം ആയിരുന്നു വിവാഹ പ്രായം. 2007 ൽ പോലും വിവാഹപ്രായം 13 വയസ്സ് നിശ്ചയിച്ചിട്ടുള്ള രാജ്യങ്ങളാണ് സ്പെയ്നും അർജന്റീനയും. ഓസ്ട്രിയ, ബൾഗേറിയ, ജർമനി, പോര്‍ച്ചുഗൽ, ബ്രസീൽ, ഇക്വഡോർ, കാനഡ, ഹാലി തുടങ്ങിയ നാടുകളിൽ 2007 ല്‍ പതിനാലു വയസ്സാണ്. ഇറ്റലിയും ബ്രസീലും 2007 ൽ വിവാഹ പ്രായവുമായി ബന്ധപ്പെട്ട നിയമം പുതുക്കി 16 ൽ നിന്നും 14 ലേക്ക് കുറച്ചു! ക്യൂൻസ് ലാൻഡ് പതിനേഴ് പതിനാറാക്കി. 18 നെ 15 ആക്കിയ രാജ്യമാണ് കൊളറാഡോ. (Colorado).
ഇന്ത്യയുടെ പൌരാണിക - മധ്യ കാലഘട്ടത്തിലെ ചരിത്രം പരതിയാല്‍ ബാല വിവാഹം വ്യാപകമായിരുന്നു എന്നുകാണാം. സ്വയംവര കന്യകമാരുടെ കാലമായിരുന്നു അത്. ഗന്ധർവ വിവാഹ(=പ്രേമ വിവാഹ)വും അസുര (നിർബന്ധിച്ചുള്ള) വിവാഹവും അക്കാലത്ത് വ്യാപകമായിരുന്നു. ബി.സി നാലാം നൂറ്റാണ്ടുമുതൽ ബാലികാ വിവാഹം പ്രോൽസാഹിപിക്കപ്പെട്ടു. ബുദ്ധമതവും ജൈനമതവും വളർച്ച പ്രാപിച്ചപ്പോൾ ബാല വിവാഹം അനവരതം തുടർന്നു.
പഴയ കാലത്ത് ക്രൈസ്തവര്‍ക്കിടയില്‍ ശൈശവ വിവാഹം നിത്യസാധാരണവും മതത്തില്‍ മാതൃകയുള്ളതുമായിരുന്നു. ബൈബിള്‍ വിവരണ പ്രകാരം, എണ്‍പത് വയസ്സ് പിന്നിട്ട എബ്രഹാം കൊച്ചു പെണ്‍കുട്ടിയായിരുന്ന ഹാജറയെ പരിണയിക്കുന്നു. മത്തായി 1: 18-25 വചനങ്ങൾ പ്രകാരം, വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോഴായിരുന്നു അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങിയത്. 90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പക്ഷെ, അപ്പോൾ മർയം എന്ന ബാലിക 'സംസർഗ്ഗപാകം' ആയിട്ടില്ലായിരുന്നു. അങ്ങനെ, ദേവാലയത്തിലെ വാസം ഉപേക്ഷിച്ച് അവൾ സ്വന്തം വീട്ടിൽ കഴിയവേ, പരിശുദ്ധാത്മാവ് ആഗതനാവുകയും മർയം ഗർഭിണി ആവുകയും ചെയ്തു. വിവാഹ ഉടമ്പടിക്ക് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് ജോസെഫ്- മർയം ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്.
ബാലികമാരെ വിവാഹം ചെയ്ത സാധാരണക്കാരും പ്രമുഖരും -അവര്‍ മതമുള്ളവരാണെങ്കിലും അല്ലെങ്കിലും- ധാരാളമുണ്ടായിരുന്നു, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അതൊരു തെറ്റോ കുറ്റമോ ആയി ഗണിക്കപ്പെട്ടിരുന്നില്ല എന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്ന് വ്യക്തമാണല്ലോ.
അതിനാല്‍ തന്നെ, പതിനെട്ട് വയസ്സിന് മുമ്പുള്ള വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ അത്തരം സംഭവങ്ങളില്‍ ചിലത് പൊക്കിപ്പിടിച്ചുകൊണ്ട് ചരിത്ര പുരുഷന്മാരില്‍ ചിലരെ മോശക്കാരായി ചിത്രീകരിക്കുന്നത്, കഥയറിയാതെ ആട്ടം കാണുന്ന വെറുപ്പുല്‍പാദകരായ യുക്തിവാദികളുടെ വൈര്യനിരാതന മനസ്സിന്‍റെ ബഹിര്‍സ്ഫുരണമാണെന്ന് വ്യക്തം. അതവര്‍ സ്വയം ചികിത്സിച്ച് ഭേദമാക്കേണ്ട അസുഖമാണ്. പ്രവാചക നിന്ദകൊണ്ട് ആ അസുഖം വര്‍ദ്ധിക്കുകയേ ഉള്ളൂ! (അവസാനിച്ചു)
-
No comments:
Post a Comment