അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 3
20- മറ്റു മദ്ഹബുകൾ പറയുന്നത്
ഇനി നമുക്ക് ഇവ്വിഷയകമായി മറ്റു മദ്ഹബുകൾ എന്ത് പറയുന്നുവെന്ന് നമുക്ക് നോക്കാം:
ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ സൈനുൽ ആബിദീൻ ഇബ്നു നുജൈമ്(റ) ഹാഫിള് നാസഫീ(റ)യുടെ കൻസുദ്ദഖാഇഖിന്റെ ശര്ഹിൽ എഴുതുന്നു:
"സ്ത്രീകൾ ജമാഅത്തുകളിൽ പങ്കെടുക്കരുത്". നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങിങ്ങി താമസിക്കുക എന്ന ആയത്തിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നത്. നബി(സ) പറഞ്ഞു: "സ്ത്രീ അവളുടെ വീടിന്റെ ഉള്ളറയിൽ നിസ്കരിക്കൽ വീടിന്റെ മറ്റുഭാഗത്ത് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ അവളുടെ വീടിന്റെ മറ്റുഭാഗത്ത് നിസ്കരിക്കുന്നത് അവളുടെ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". "സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം". മാത്രവുമല്ല അവർ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ നാശമുണ്ടാവുകയില്ലെന്ന് നിർഭയഹത്വം ഉണ്ടാവുകയുമില്ല.'സ്ത്രീകൾ ജമാഅത്തുകൾക്ക് പങ്കെടുക്കരുത്' എന്ന് ഗ്രൻഥകർത്താവ് നിരുപാധികം പ്രസ്താവിച്ചതിനാൽ യുവതിയും കിഴവിയും പകലിലെ നിസ്കാരവും രാത്രിയിലെ നിസ്കാരവും അതിൽ ഉൾപ്പെട്ടു. 'അൽകാഫീ' എന്ന ഗ്രൻഥത്തിൽ ഗ്രൻഥകാരൻ പറഞ്ഞത് ഇക്കാലത്ത് നാശം വെളിവായതിനുവേണ്ടി സ്ത്രീ ഏതു നിസ്കാരത്തിൽ പങ്കെടുക്കുന്നതും കറാഹത്താണെന്നു ഫത്‌വ നല്കണം എന്നാണ്. (അൽബഹ്‌റുറാഇഖ് : 1/380)
പ്രമുഖ ഹനഫീ പണ്ഡിതൻ ഇബ്നു ആബിദീൻ(റ) പറയുന്നു:
അർത്ഥം:
കാലം ഫസാദായതിനുവേണ്ടി ഫത്‌വ നല്കപ്പെടാവുന്ന പ്രബലഭിപ്രായമാനുസരിച്ച് സ്ത്രീകൾ നിരുപാധികം ജമാഅത്തിന് ഹാജറാകുന്നത് കറാഹത്താണ്. കിഴവി എന്നോ രാത്രി എന്നോ ഉള്ള വ്യത്യാസം ഇതിലില്ല. (റദ്ദുൽ മുഖ്താർ: 2/307)
പ്രമുഖ ഹനഫീ പണ്ഡിതനായ അലാഉദ്ദീൻ അബൂബക്ർ അൽകാസാനി(റ) പറയുന്നു:
അർത്ഥം:
രണ്ടു പെരുന്നാളുകളിൽ പുറപ്പെടാൻ സ്ത്രീകൾക്ക് ഇളവ് ചെയ്യാമോ എന്ന വിഷയം ചർച്ച ചെയ്യേണ്ടതാണ്. ജുമുഅ, രണ്ട് പെരുന്നാൾ, മറ്റു നിസ്കാരങ്ങൾ എന്നിവയിൽ യുവതികൾക്ക് പുറപ്പെടാൻ ഇളവ് ചെയ്യുകയില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക" എന്ന ആയത്താണ് ഇതിനു പ്രമാണം. വീട്ടിൽ അടങ്ങിക്കഴിയാനുള്ള നിർദ്ദേശം പുറപ്പെടുന്നതിനുള്ള വിലക്കാണ്. മാത്രമല്ല അവർ പുറത്തിറങ്ങുന്നത് നാശത്തിനു കാരണമാണെന്നതിൽ സംശയമില്ല. നാശം നിഷിദ്ദമാണ്. നാശത്തിലേക്കു നയിക്കുന്ന കാര്യവും നിഷിദ്ദം തന്നെ. (ബദാഇഉസ്സ്വനാഇഅ്: 275)
പ്രമുഖ ഹനഫീ പണ്ഡിതനും സ്വഹീഹുൽ ബുഖാരിക്ക് ശർഹ് എഴുതിയവരുമായ അല്ലാമാ ഐനി(റ) പറയുന്നു:
നമ്മുടെ അസ്വഹാബ് പറയുന്നു: സ്ത്രീകൾ പുറപ്പെടുന്നതിനാൽ നാശം ഭയപ്പെടേണ്ടതുണ്ട്. അത് ഹറാമിനുള്ള കാരണമാണ്. ഹറാമിലേക്കു ചെന്നെത്തിക്കുന്നതും ഹറാമാണ്. ഇതനുസരിച്ച് അവർ പറയുന്ന കറാഹത്തിന്റെ വിവക്ഷ ഹറാമാണ് എന്നാണ്. ഫസാദ് വ്യാപകമായ ഇക്കാലത്ത് വിശേഷിച്ചും. ( ഉംദത്തുൽ ഖാരി: 5/233)
പ്രമുഖ മാലികീ പണ്ഡിതനും ഇമാം മാലികി(റ)ന്റെ പ്രമുഖ ശിഷ്യനായ യഹ്‌യബ്‌നു യഹ്‌യ(റ) പറയുന്നു:
സ്ത്രീ പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനാൽ ശ്രേഷ്ടം അവൾ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് എന്നതിൽ ജനങ്ങൾ ഏകോപിച്ചിരിക്കുന്നു. (മവാഹിബിൽ ഖലീൽ: 5/55)
'അൽബുർഹാൻ' എന്ന ഗ്രൻഥത്തെ ഉദ്ദരിച്ച് മുവത്വയുടെ ശർഹായ ഔജസുൽ മസാലികിൽ പറയുന്നു:
എല്ലാ നിസ്കാരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് യുവതിയെപ്പോലെ കിഴവിയെയും തടയണമെന്ന് പില്കാലക്കാരായ മശാഇഖുമാർ ഫത്‍വ നൽകിയിരിക്കുന്നു. ജനങ്ങളുടെ അവസ്ഥകളിൽ വരുന്ന മാറ്റം കണക്കിലെടുത്ത് നിയമങ്ങൾ മാറുന്നത് വിദൂരമായ ഒരു സംഗതിയല്ല. അതിനാൽ ഫസാദ് വ്യാപകമായി എന്ന് പരിഗണന വെച്ച് യുവതികളെപോലെ കിഴവികളെയും നിരുപാധികം തടയണമെന്ന് അവർ ഫത്‌വ നൽകി.(ഔജസുൽ മസാലികി:4/106)
പ്രമുഖ മാലികീ പണ്ഡിതൻ ഇബ്നു ഹാജ്ജ്(റ) പറയുന്നു:
ഇക്കാലത്ത് ഏത് അവസ്ഥയിലും സ്ത്രീകളെ തടഞ്ഞേ മതിയാകൂ. കാരണം അവർ പുറത്തിറങ്ങുന്നതിനാൽ നാശങ്ങളുണ്ടെന്ന കാര്യം വ്യക്തമാണ്. നിർദ്ദേശമുള്ള ഇബാദത്തിന്റെ മാറ്റം വരുന്നതും അതിനാൽ പ്രതീക്ഷിക്കാം. (അൽമദ്ഖൽ: 2/288)
പ്രമുഖ ഹമ്പലി പണ്ഡിതൻ ഇബ്നു ഖുദാമ(റ) പറയുന്നു:
സ്ത്രീ അവളുടെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് ഇവൾക്ക് ഏറ്റവും ഉത്തമവും കൂടുതൽ പുണ്യകരവും. ഇബ്നു ഉമർ(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു രേഖയാണ്. നബി(സ) പറയുന്നു: "നിങ്ങളുടെ സ്ത്രീകൾക്ക് നിങ്ങൾ പള്ളികൾ വിലക്കരുത്. അവരുടെ വീടുകളാണ് അവർക്കു കൂടുതൽ ഉത്തമം". ഈ ഹദീസ് അബൂദാവൂദ്(റ) നിവേദനം ചെയ്തിരിക്കുന്നു. നബി(സ) പറയുന്നു: "സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ നിസ്കരിക്കുന്നത് അവളുടെ റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ അവളുടെ വീട്ടിലെ രഹസ്യ റൂമിപ്പോൾ വെച്ച് നിസ്കരിക്കുന്നത് അവളുടെ പ്രൈവറ്റ് റൂമിൽ വെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". ഈ ഹദീസ് അബൂദാവൂദ്(റ) നിവേദനം ചെയ്തു. (മുഗ്‌നി: 3/443)
21- പണ്ഡിത വീക്ഷണം
പ്രശസ്തമായ നാല് മദ്ഹബുകളിലെ അഭിപ്രായങ്ങൾ നാം മനസ്സിലാക്കി. ഇനി നമുക്ക് പൊതുവെ ഈ വിഷയത്തിൽ സ്വഹാബത്തിന്റെയും മറ്റു പണ്ഡിതന്മാരുടെയും സമീപനം എന്താണെന്നു പരിശോധിക്കാം. ഇമാം ബുഖാരി(റ) സ്വാഹീഹിൽ നിവേദനം ചെയ്യുന്നു:
ആയിഷ(റ)യിൽ നിന്ന് നിവേദനം: സ്ത്രീകൾ പുതുതാക്കിയ കാര്യം റസൂലുല്ലാഹി(സ) എത്തിച്ചിരുന്നുവെങ്കിൽ ബനൂഇസ്റാഈല്യരിലെ സ്ത്രീകളെ വിലക്കിയതുപോലെ അവർക്ക് പള്ളികൾ അവിടുന്ന് വിളക്കുമായിരുന്നു. അംറ(റ)യോട് ഞാൻ ചോദിച്ചു: ബനൂഇസ്റാഈല്യരിലെ സ്ത്രീകളെ വിലക്കിയിരുന്നുവോ. അവർ പറഞ്ഞു: "അതെ". (ബുഖാരി: 822)
പ്രസ്തുത ഹദീസ് വിശദീകരിച്ച് അല്ലാമാ ഐനി(റ) എഴുതുന്നു:
لو شاهدت عائشة رضي الله عنها ما أحدث نساء هذا الزمان من أنواع البدع والمنكرات لكانت أشد إنكاراً ...... وليس بين هذا القول وبين وفاة النبي صلى الله عليه وسلم إلا مدة يسيرة ، على أن نساء ذلك الزمان ما أحدثن جزءاً من ألف جزء مما أحدثت نساء هذا الزمان (عمدة القاري: ٤٨٩-٤٩٠/٩)
ഇക്കാലത്ത് സ്ത്രീകൾ പുതുതാക്കിയ ബിദ്അത്തുകളും ദുരാചാരങ്ങളും ആയിഷാബീവി(റ) കണ്ടിരുന്നുവെങ്കിൽ ഇതിനേക്കാൾ ശക്തമായി മഹതി അതിനെ വിമർശിക്കുമായിരുന്നു...... മഹതി ഇത് പ്രസ്താവിക്കുന്നതിനും നബി(സ)യുടെ വിയോഗത്തിനുമിടയിൽ വളരെ കുറഞ്ഞകാലം മാത്രമാണുള്ളത്. ഇക്കാലത്ത് സ്ത്രീകൾ പുതുതാക്കിയതിന്റെ ആയിരത്തിലൊന്ന് അക്കാലത്തെ സ്ത്രീകൾ ഉണ്ടാക്കിയിട്ടില്ലെന്നതാണ് വസ്തുത. (ഉംദത്തുൽ ഖാരി: 9/489-490)
സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനം 'ലാമിഉദ്ദറാരി' യുടെ കർത്താവ് എഴുതുന്നു:
ഹിജ്‌റ: 855-ൽ വഫാത്തായ അല്ലാമാ ഐനി(റ)യുടെ കാലത്തെ കാര്യമതാണെങ്കിൽ തിന്മകളും നാശവും നിറഞ്ഞുനിൽക്കുന്ന ഇക്കാലത്തെ കാര്യമെന്താണെന്നാണ് നീ മനസ്സിലാക്കുന്നത്?. 'ഏതൊരുകാലവും അതിന്റെ മുമ്പുള്ളതിനേക്കാൾ മോശമായിരിക്കും' എന്നൊരു അദ്ധ്യായം ഫിതനിന്റെ കിതാബിൽ ബുഖാരിയിൽ വരുന്നുണ്ട്. നബി(സ)യിൽ നിന്ന് ഉദ്ധരിച്ചാണ് അനസ്(റ) അത് പറയുന്നത്. (ലാമിഉദ്ദറാരി:1/359)
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം:
عن بلال بن عبد الله بن عمر عن أبيه قال: قال رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (( لا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ إِذَا اسْتَأْذَنَّكُمْ)) فَقَالَ بِلالُ: وَاللَّهِ لَنَمْنَعُهُنَّ، فقال له عبد الله: أقول قال رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وتقول أنت لنمنعهن. (مسلم: ٦٧٢)
അബ്ദുല്ലാഹിബ്നു ഉമറി(റ) ന്റെ മകൻ ബിലാൽ(റ) പിതാവിൽ നിന്നുദ്ധരിക്കുന്നു: റസൂലുല്ലാഹി(സ) പറഞ്ഞു: "സ്ത്രീകൾ നിങ്ങളോടു അനുവാദം ചോദിച്ചാൽ പള്ളികളിൽനിന്നുള്ള അവരുടെ avakaashangal നിങ്ങൾ അവർക്കു വിലക്കരുത്". അപ്പോൾ ബിലാൽ(റ) പറഞ്ഞു: 'അല്ലാഹുവാണ് സത്യം. ഞങ്ങൾ അവരെ വിലക്കുകതന്നെ ചെയ്യും'. അപ്പോൾ മകനോട് അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു: 'റസൂലുല്ലാഹി(സ) പറഞ്ഞുവെന്ന് ഞാൻ പറയുമ്പോൾ അവരെ ഞങ്ങൾ തടയുക തന്നെ ചെയ്യും ചെയ്യുമെന്ന് നീ പറയുന്നു അല്ലെ?'. (മുസ്ലിം: 672)
ബിലാൽ(റ) അപ്രകാരം പറയാനുള്ള കാരണം ഇമാം ഗസാലി(റ) വിവരിക്കുന്നു:
وإنما استجرأ على المخالفة لعلمه بتغير الزمان، وإنما غضب عليه لإطلاقه اللفظ بالمخالفة ظاهراً من غير إظهار العذر. (إحياء علوم الدين: ٣٩٨/١)
കാലത്തിൽ വന്ന മാറ്റം അറിഞ്ഞതുകൊണ്ടാണ് എതിര് പറയാൻ ബിലാൽ(റ) ധൈര്യം കാണിച്ചത്. എന്നാൽ കാരണം പറയാതെ ഹദീസിനെ ബാഹ്യമായി എതിർത്തുകൊണ്ടാണ് അബ്ദുല്ലാഹിബ്നു ഉമർ(റ) മകനോട് ദേഷ്യപ്പെട്ടത്. (ഇഹ്‌യാഉ ഉലൂമുദ്ദീൻ: 1/398)
ഇമാം അസ്ഖലാനി(റ) എഴുതുന്നു:
وكأنه قال ذلك لما رأى من فساد بعض النساء في ذلك الوقت وحملته على ذلك الغيرة ، وإنما أنكر عليه ابن عمر لتصريحه بمخالفة الحديث ، وإلا فلو قال مثلا إن الزمان قد تغير وإن بعضهن ربما ظهر منه قصد المسجد وإضمار غيره لكان يظهر أن لا ينكر عليه ، وإلى ذلك أشارت عائشة بما ذكر في الحديث الأخير(فتح الباري شرح صحيح البخاري: ٢٦٦/٣)
അക്കാലത്തെ സ്ത്രീകളിൽനിന്ന് ചിലരിൽ നിന്നുണ്ടായ ഫസാദ് കണ്ടത്കൊണ്ടാകാം ബിലാൽ(റ) അപ്രകാരം പറഞ്ഞത്. ഈർഷ്യതയാണ് അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഹദീസിനെ നേർക്കുനേർ എതിർത്തതിന്റെ പേരിലാണ് അബ്ദുല്ലാഹിബ്നു ഉമർ(റ) മകനെ വിമർശിച്ചത്. മറിച്ച് കാലത്തിൽ ഗണ്യമായ മാറ്റംവന്നിരിക്കുന്നുവെന്നും സ്ത്രീകളിൽ ചിലർ ബാഹ്യമായി ലക്‌ഷ്യം വെക്കുന്നത് പള്ളിയാണെങ്കിലും പലതും മറച്ചുവെച്ചാണ് അവർ പുറപ്പെടുന്നതെന്നുമാണ് ബിലാൽ(റ) പറഞ്ഞിരുന്നതെങ്കിൽ അദ്ദേഹം ബിലാൽ(റ) നെ വിമർശിക്കുമായിരുന്നില്ല. അവസാനം പറയുന്ന ഹദീസിൽ ആയിഷാബീവി(റ) ഇതിലേക്കാണ് സൂചിപ്പിക്കുന്നത്. (ഫത്ഹുൽ ബാരി: 3/266)
പ്രമുഖ ശാഫിഈ പണ്ഡിതൻ സയ്യിദ് തഖിയ്യുദ്ദീൻ ഹിസ്വ് നി(റ) എഴുതുന്നു:
قلت : ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات لكثرة الفساد وحديث أم عطية : وإن دل على الخروج إلا أن المعنى الذي كان في خير القرون قد زال والمعنى أن كان في المسلمين قلة فأذن رسول الله صلى الله عليه وسلم لهن في الخروج ليحصل بهن الكثرة ولهذا أذن للحيض مع أن الصلاة مفقودة في حقهن وتعليله صلى الله عليه وسلم بشهودهن الخير ودعوة المسلمين لا ينافي ما قلنا وأيضا فكان الزمان زمان أمن فكن لا يبدين زينتهن ويغضضن من أبصارهن وكذا الرجال يغضون من أبصارهم ومفاسد خروجهن محققة وقد صح عن عائشة رضي الله عنها أنها قالت : [ لو رأى رسول الله صلى الله عليه وسلم ما أحدث النساء لمنعهن المساجد كما منعت نساء بني إسرائيل ] فهذا فتوى أم المؤمنين في خير القرون فكيف بزماننا هذا الفاسد ؟.... وأما في زماننا هذا فلا يتوقف أحد من المسلمين في منعهن إلا غبي قليل البضاعة في معرفة أسرار الشريعة قد تمسك بظاهر دليل حمل على ظاهره دون فهم معناه مع إهماله فهم عائشة رضي الله عنها ومن نحا نحوها ومع إهمال الآيات الدالة على تحريم إظهار الزينة وعلى وجوب غض البصر فالصواب الجزم بالتحريم والفتوى به والله أعلم (كفاية الأخيار: ١٢٥-١٢٦/١)
ഫസാദിന്റെ ആധിക്യം കണക്കിലെടുത്ത് യുവതികളും ഭംഗിയുള്ളവരും ഇക്കാലത്ത് പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയേണ്ടിയിരിക്കുന്നു. ഉമ്മുഅത്വിയ്യ(റ)യുടെ ഹദീസ് പോകാമെന്നു കാണിക്കുന്നുവെങ്കിലും ഉത്തമ നൂറ്റാണ്ടിൽ അതിനുണ്ടായിരുന്ന നിമിത്തം ഇന്നില്ല. അന്നുണ്ടായിരുന്ന നിമിത്തം അന്ന് മുസ്ലിംകൾ ന്യൂനപക്ഷമായിരുന്നു. അതിനാൽ സ്ത്രീകളുടെ സാന്നിധ്യം മുഖേന മുസ്ലിംകളുടെ അംഗബലത്തിൽ ആധിക്യമുണ്ടാകുന്നതിനുവേണ്ടി സ്ത്രീകൾക്ക് പുറപ്പെടാൻ നബി(സ) അനുവാദം നൽകി. നിസ്കരിക്കാൻ പറ്റാത്ത ആർത്തവകാരികൾക്കും പുറപ്പെടാൻ അനുവാദം നൽകിയത് ഇതുകൊണ്ടാണ്. നന്മയിലും മുസ്ലിംകളുടെ പ്രാർത്ഥനയിലും പങ്കെടുക്കാനെന്ന് നബി(സ) പറഞ്ഞ കാരണം ഇതിനെതിരല്ല. മാത്രവുമല്ല അക്കാലം നിർഭയത്വത്തിന്റെ കാലമായിരുന്നു. സ്ത്രീകൾ അവരുടെ ഭംഗി പ്രദർഷിപ്പിക്കുകയോ അന്യപുരുഷന്മാരെ നോക്കുകയോ ചെയ്തിരുന്നില്ല. ഇതുപോലെ പുരുഷന്മാരും അന്യസ്ത്രീകളിലേക്കു നോട്ടമിട്ടിരുന്നില്ല. എന്നാൽ നമ്മുടെ കാലം അതല്ല. സ്ത്രീകൾ വീട്ടിൽ നിന്ന് പുറപ്പെടുന്നത് തന്നെ സൗന്ദര്യം പ്രദർശിപ്പിക്കാനാണ്. സ്ത്രീകൾ അന്യപുരുഷന്മാരെയും അന്യപുരുഷന്മാർ അന്യസ്ത്രീകളെയും നോക്കാതിരിക്കുന്നുമില്ല. അതിനാൽ അവർ പുറപ്പെടുന്നതിനാൽ വരുന്ന നാശങ്ങൾ ഉറപ്പാണ്. മഹതിയായ ആയിഷാ(റ) ഇപ്രകാരം പ്രസ്താവിച്ചതായി പ്രബലമായി വന്നിട്ടുണ്ട്: "സ്ത്രീകൾ പുതുതാക്കിയ കാര്യം റസൂലുല്ലാഹി(സ) എത്തിച്ചിരുന്നുവെങ്കിൽ ബനൂഇസ്രാഈല്യരിലെ സ്ത്രീകളെ വിലക്കിയതുപോലെ പള്ളികൾ അവർക്കു അവിടന്ന് വിലക്കുമായിരുന്നു". ഉത്തമ നൂറ്റാണ്ടിൽ ഉമ്മുൽ മുഅമിനീൻ(റ) നടത്തിയ പ്രസ്താവനയാണിത്. എങ്കിൽ നാം ജീവിക്കുന്ന ഫസാദായ ഈ കാലത്തെ കാര്യം എന്തായിരിക്കും?....
അതിനാൽ നമ്മുടെ ഈ കാലത്ത് സ്ത്രീകളെ വിളക്കുന്നതിൽ മുസ്ലിംകളിൽ ഒരാളും ശങ്കിച്ച് നിൽക്കുകയില്ല. പ്രമാണത്തിന്റെ ശരിയായ ആശയം മനസ്സിലാക്കാത്ത, പ്രമാണത്തെ ബാഹ്യാർത്ഥത്തിൽ മാത്രം വിലയിരുത്തുന്ന, ശരീഹത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കുവാനുള്ള കോപ്പുകളില്ലാത്ത മൂഢന്മാർ മാത്രമേ ഇതിൽ ശങ്കിച്ച് നിൽകുകയുള്ളൂ. മഹതിയായ ആയിഷാബീവി(റ)യും അവരുടെ റൂട്ട് സ്വീകരിച്ചവരും ഗ്രഹിച്ച ആശയം അവർ ഒഴിവാക്കുന്നു. സൗദര്യപ്രകടനം നിഷിദ്ധമാണെന്നും കാണിക്കുന്ന പ്രമാണങ്ങളും ഒഴിവാക്കുന്നു. അതിനാൽ നിഷിദ്ധമാണെന്നു തറപ്പിച്ചു പറയലും അതനുസരിച്ച് ഫത്‌വ നൽകാനുമാണ് ശരിയായ സമീപനം. (കിഫായത്തുൽ അഖ്‌യാർ: 1/125-126)
സ്ത്രീകൾക്ക് പള്ളി വിലക്കരുതെന്നു പറയുന്ന ഹദീസ് വിശദീകരിച്ച് അല്ലാമാ ഐനി (റ) എഴുതുന്നു:
അർത്ഥം:
സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോഴുള്ള നിയമമാണിത്. അക്കാലത്ത് പൊതുവെയുള്ള സ്വഭാവം അതായിരുന്നു. എന്നാൽ നമ്മുടെ കാലത്ത് സ്വഭാവം അതല്ല. നമ്മുടെ കാലത്ത് നാശം വ്യാപകവും നാശകാരികൾ കൂടുതലുമാണ്. ആയിഷാ(റ)യുടെ വരാൻ പോകുന്ന ഹദീസ് ഇക്കാര്യം വ്യക്തമാക്കുന്നു. (ഉംദത്തുൽ ഖാരി: 9/477)
ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുൽ ഹുമാം(റ) എഴുതുന്നു:
എല്ലാ സമയങ്ങളിലും നാശം മികച്ചു നിൽക്കുന്നതിനാൽ എല്ലാ നിസ്കാരങ്ങളിലും യുവതികൾ, കിഴവികൾ എന്ന വ്യത്യാസമില്ലാതെ തടയണമെന്ന് പിൽക്കാല പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു. (ഫത്ഹുൽ ഖാദർ: 1/376)
ഇമാം ഗസ്സാലി(റ) പറയുന്നു:
നിസ്കരിക്കാൻ വേണ്ടി പള്ളിയിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കൽ നിര്ബന്ധമാണ്....(ഇഹ്‌യാഅ്: 2/337)
നബി(സ)യുടെ കാലത്ത് സ്ത്രീകൾ പള്ളിയിൽ വന്നിരുന്നത് ഇസ്‌ലാം പ്രചരിപ്പിക്കുന്നതിന് മുമ്പായിരുന്നുവെന്ന് മഹതിയായ ആയിഷാ(റ) പ്രസ്താവിച്ചതായി ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം:
ആയിഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി ഇശാനിസ്‌കാരം പിന്തിപ്പിച്ചു. അത് ഇസ്‌ലാം വ്യാപിക്കുന്നതിനു മുമ്പായിരുന്നു. അങ്ങനെ 'സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി' എന്ന് ഉമർ(റ) വിളിച്ചു പറയുന്നവരെ നബി(സ) പുറപ്പെട്ടില്ല. തുടർന്ന് നബി(സ) വന്ന് പള്ളിയിലുള്ളവരോട് ഇപ്രകാരം പ്രസ്താവിച്ചു: "ഭൂലോകത്ത് ഇന്ന് നിങ്ങളല്ലാതെ ഒരാളും ഇതിനെ പ്രതീക്ഷിച്ചിരുന്നില്ല". (ബുഖാരി: 533)
സ്ത്രീകൾ പള്ളിയിൽ പോയിരുന്നത് ഇസ്‌ലാമിന്റെ ആദ്യകാലത്തായിരുന്നുവെന്ന് ഹനഫീ മദ്ഹബിലെ കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമായി പരാമർശിച്ചത് കാണാം: ഇമാം കാസാനി(റ) എഴുതുന്നു:
സ്ത്രീകൾ ജമാഅത്തായി നിസ്കരിക്കുന്നത് നമ്മുടെ വീക്ഷണത്തിൽ കറാഹത്തും ഇമാം ശാഫീ(റ)യുടെ വീക്ഷണത്തിൽ സുന്നത്തുമാണ്. തദ്വിഷയകമായി ചില ഹദീസുകൾ ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാൽ അത് ഇസ്‌ലാമിന്റെ ആദ്യകാലത്തായിരുന്നു. പിന്നീട് അത് ദുർബ്ബലപ്പെടുത്തി. യുവതികൾ ജമാഅത്തുകൾക്ക് പോകൽ ഹലാലല്ല. യുവതികൾ പുറപ്പെടുന്നത് ഉമർ(റ)വിലക്കിയതാണ് ഉദ്ദരിക്കപ്പെടുന്ന ഹദീസിന്റെ അടിസ്ഥാനത്തിലാണത്. മാത്രവുമല്ല അവർ ജമാഅത്തുകൾക്ക് പുറപ്പെടുന്നത് ഫിത്‍നക്ക് കാരണമാണ്.ഫിതന ഹറാമാണ്. ഫിതനയിലേക്കു ചെന്നിത്തിക്കുന്നതും ഹറാം തന്നെ. (ബദാഇഉസ്സ്വനാഇഅ്: 1/157)
സുബ്ഹ് നിസ്കാരം രാത്രിയുടെ അവസാനത്തിലുള്ള ഇരുളിൽ നിസ്കരിക്കുന്നതാണോ അതല്ല വെളിച്ചം വെച്ചതിനു ശേഷം നിസ്കരിക്കുന്നതാണോ നല്ലത് എന്നത് ശാഫിഈകളും ഹനഫികളും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ള ഒരു കാര്യമാണ്. ഇരുളിൽ നിസ്കരിക്കുന്നതാണ് കൂടുതൽ നല്ലതെന്നതിന് ശാഫിഈകൾ എടുത്തുകാണിക്കുന്ന ഹദീസിന് ഹനഫികൾ പറയുന്ന മറുപടിയിതാണ്:
أو كان ذلك فى الإبتداء، حين كن النساء يحضرن الجماعات، ثم لما أمرن بالقرار فى البيوت انتسخ ذلك والله أعلم (بدائع الصنائع:١٢٥)
നബി(സ) ഇരുളിൽ നിസ്കരിച്ചിരുന്നത് സ്ത്രീകൾ ജമാഅത്തിന് പള്ളിയിൽ വന്നിരുന്ന ഇസ്‌ലാമിന്റെ ആദ്യകാലത്താണ്. പിന്നീട് വീട്ടിൽ ഒതുങ്ങിക്കഴിയാണ് സ്ത്രീകൾ കല്പിക്കപ്പെട്ടപ്പോൾ അത് ദുർബ്ബലമാക്കപ്പെട്ടു.( ബദാഇഉസ്സ്വനാഇഅ്: 1/157)
സ്ത്രീകൾ പള്ളിയിൽ വരൽ നിറുത്തൽ ചെയ്തപ്പോൾ ഇരുളിൽ നിസ്കരിക്കുന്നതും നിറുത്തിയെന്നവാദം ശരിയെല്ലെന്നാണ് ശാഫിഈകളുടെ മറുപടി. ഇമാം റാസി(റ)യുടെ വിവരണത്തിൽ നിന്ന് ഇത് വ്യക്തമാണ്. (റാസി: 2/430)
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇബ്നു ഹജർ(റ) എഴുതുന്നു:
"സ്ത്രീകൾ പുതുതാക്കിയ കാര്യം റസൂലുല്ലാഹി(സ) എത്തിച്ചിരുന്നുവെങ്കിൽ ബനൂഇസ്രാഈല്യരിലെ സ്ത്രീകളെ വിലക്കിയതുപോലെ പള്ളികൾ അവർക്കു അവിടുന്ന് വിലക്കുമായിരുന്നു" എന്ന ആയിഷാബീവി(റ)യുടെ പ്രസ്താവനയും സ്ത്രീകളെ തടയണമെന്ന ആശയത്തിന് ശക്തിപകരുന്നു. എന്നാൽ മഹതിയുടെ പ്രസ്തുത പ്രസ്താവന തടയൽ നിർബന്ധമാണെന്നതിനും അനുവദനീയമാണെന്നതിനും സാധ്യതയുള്ളതാണ്. എന്നാൽ നിര്ബന്ധമാണെന്നതിനാണ് കൂടുതൽ സാധ്യതയുള്ളത്. നാശത്തിന്റെ മൂലകാരണങ്ങളാൽ മുറിച്ചുകളയണമെന്ന് തേടുന്ന മതത്തിന്റെ പൊതുനിയമങ്ങളിൽ നിന്ന് ഗവേഷണം നടത്തി കണ്ടെത്തിയ പ്രസ്തുത മുലാസമത്ത് (എത്തിച്ചിരുന്നുവെങ്കിൽ തടയുമായിരുന്നു)ഇപ്പറഞ്ഞതിനു രേഖയാണ്.
'ജനങ്ങൾ പുതുതായുണ്ടാക്കുന്ന തെമ്മാടിത്തരത്തിന്റെ തോതനുസരിച്ച് ജനങ്ങൾക്ക് പുതിയ ഫത്‌വകൾ വരും' എന്ന ഇമാം മാലികി(റ)ന്റെ പ്രസ്താവനയും ഞാൻ പറയുന്നതിന് ശക്തി പകരുന്നതാണ്. ഇമാം മാലിക്(റ) ണ് ആദ്യമായ് അത് പ്രസ്താവിച്ചത് എന്നതിന്റെ പേരിലാണ് അദ്ദേഹത്തിലേക്കു ചേർത്തി അതിനെ പറയുന്നത്. അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിനുശേഷം വന്ന പണ്ഡിതന്മാരെല്ലാം ആ അഭിപ്രായക്കാരാണെന്ന് അവരുടെ മദ്ഹബുകളിൽ നിന്ന് വ്യക്തമാണ്.
ഇമാം മാലിക്(റ) അഭിപ്രായപ്പെടുന്നത് പൊതുവായ ഗുണം പരിഗണിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രസ്താവനയെന്നും അത് ശരീഅത്തിനെതിരാണെന്നും ധരിച്ചവർക്കു തെറ്റുപറ്റി. മഹതിയായ ആയിഷാബീവി(റ) ഉദ്ദേശിച്ചതെന്താണോ അതുതന്നെയാണ് ഇമാം മാലിക്കും(റ) ഉദ്ദേശിച്ചത്. ഒരാൾ ഒരു കാര്യം പുതുതായുണ്ടാക്കുകയും ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ മുമ്പുള്ള നിയമമല്ലാത്ത ഒരു നിയമം അതിൽ വരണമെന്ന് തേടുകയും ചെയ്യുന്ന ഘട്ടത്തിൽ പുതിയകാര്യം പരിഗണിച്ച് അതിൽ നിയമം പറയണമെന്നും മുമ്പുള്ള അവസ്ഥ പരിഗണിച്ചല്ല അതിൽ നിയമം പറയേണ്ടതെന്നുമാണ് മഹതിയുടെ വിവക്ഷ. (അൽഫതാവൽ കുബ്റാ: 2/275)
ഇബ്നു ഹജർ(റ) തുടരുന്നു:
തഖിയുദ്ദീൻ ഹിസ്വ് നി(റ) യും അലാഉദ്ദീൻ മുഹമ്മദുബ്നു മുഹമ്മദ്(റ) അന്നജജാരി(റ)യും പറഞ്ഞതിതാണ്: ഈ കാലത്ത് ഫത്‌വ നൽകേണ്ടത് സ്ത്രീകൾ പുറപ്പെടാൻ പാടില്ലെന്നാണ്. തടിയിച്ച്ചയോടു പിൻപറ്റുന്ന മൂഢനല്ലാതെ അതിൽ ശങ്കിച്ച് നിൽക്കുകയില്ല. കാരണം കാലത്തിൽ ആളുകൾക്ക് വരുന്ന മാറ്റമനുസരിച്ച് നിയമത്തിലും മാറ്റം വരും. സലഫ്-ഖലഫിൽ നിന്നുള്ള പണ്ഡിതന്മാരുടെ മദ്ഹബുകളനുസരിച്ച് ഈ ആശയം ശരിയാണ്. (ഫതാവൽ കുബ്റാ: 2/257)
ഇബ്നു ഹജർ(റ) തുടരുന്നു:
وفي شرح ابن دقيق العيد : (( وقد كان ذلك الوقت أهل الإسلام في حيز القلة فاحتيج إلى المبالغة في إخراج العواتق وذوات الخدور ، وفي مصنف ابن العطار: وينبغي للمرأة أن لا تخرج من بيتها ، بل تلزم قعره فإنها كلها عورة ، والعورة يجب سترها ، وأما الخروج إلى المساجد في الغلس عند أمن الضرر والفتنة فقد كان مأذونا فيه زمن النبي صلى الله عليه وسلم وزمان بعض أصحابه ، ثم منع منه لما أحدث النساء من الافتتان بهن والتبهرج والتطيب وفتنتهن بالرجال(الفتاوي الكبري: ٢٧٢/٢)
ഇബ്നു ദഖീഖിൽ ഈദി(റ)ന്റെ ശര്ഹിൽ ഇങ്ങനെ വായിക്കാം: ഇസ്‌ലാമിന്റെ ആദ്യകാലത്ത് മുസ്ലിംകൾ ന്യൂനപക്ഷമായിരുന്നു. അതിനാൽ യുവതികളെയും വീടുകളിൽ മറഞ്ഞിരിക്കുന്ന തരുണികളെയും പുറപ്പെടുവിച്ച് അംഗബലം കാണിക്കൽ ആവശ്യമുണ്ടായിരുന്നു.
ഇബ്നുൽ അത്വാറി(റ) ന്റെ മുസ്വന്നഫിൽ ഇപ്രകാരം കാണാം: സ്ത്രീ അവളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കൽ അത്യാവശ്യമാണ്. പ്രത്യുത അവൾ അവളുടെ വീടിന്റെ ഉള്ളറയെ വിഷയമാക്കണം. കാരണം അവൾ മുഴുവനും ഔറത്താണ്. ഔറത്ത് മറച്ചുവെക്കൽ നിര്ബന്ധമാണല്ലോ. അപ്പോൾ നാശവും പ്രയാസവും ഇല്ലാത്തപ്പോൾ ഇരുളിൽ പള്ളിയിലേക്ക് പുറപ്പെടാൻ നബി(സ)യുടെ കാലത്തും സ്വഹാബിമാരിൽ ചിലരുടെ കാലത്തും അനുവാദം നല്കപ്പെട്ടിരുന്നു. പിന്നീട് സ്ത്രീകൾ പുതുതായി ഉണ്ടാക്കിയതിന്റെ കാരണത്താൽ അത് വിലക്കപ്പെട്ട. സ്ത്രീകൾ സുഗന്ധം ഉപയോഗിക്കുക, സൗന്ദര്യം പ്രദർശിപ്പിക്കുക, സ്ത്രീകൾ പുരുഷന്മാരെ ഫിത്നയിലാക്കുക തുടങ്ങിയവയാണ് അവർ പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ. (ഫതാവൽ കുബ്റാ: 2/272)
ഇബ്നു ഹജർ(റ) തുടരുന്നു:
فهذه أقاويل العلماء في اختلاف الحكم فيها بتغير الزمان، وأهل الأقاويل المذكورة هم جمهور العلماء من المجتهدين والأئمة المتقين والفقهاء الصالحين الذين هم من الممهرين فيجب الأخذ بأقاويلهم، لأنهم علم الأمة واختيارهم لنا خير من اختيارنا لأنفسنا ومن خالفهم فهو متبع لهواه .(الفتاوي الكبري: ٢٧٣/٢)
കാലത്തിൽ വരുന്ന മാറ്റത്തിനനുസരിച്ച് നിയമത്തിലും മാറ്റം വരുമെന്ന് കാണിക്കുന്ന പണ്ഡിത പ്രസ്താവനകളാണിത്. മേൽ പ്രസ്താവനകൾ നടത്തിയ പണ്ഡിതന്മാർ ഗവേഷണയോഗ്യരായ പണ്ഡിതരഹത്തുക്കളിൽ നിന്ന് ബഹുഭൂരിഭാഗം വരുന്നവരും ഭയഭക്തിയുള്ള ഇമാമുമാരും സച്ചരിതരായ കർമശാസ്ത്ര പണ്ഡിതരുമാണ്. അതിനാൽ അവരുടെ പ്രസ്താവനകൾ സ്വീകരിക്കൽ നമുക്ക് നിർബന്ധമാണ്. അവർ നമുക്ക് തെരഞ്ഞെടുത്ത് തരുന്ന അഭിപ്രായമാണ് നമുക്കുവേണ്ടി നാം തെരഞ്ഞെടുക്കുന്ന അഭിപ്രായത്തേക്കാൾ ഉത്തമം. അതിനാൽ അവരോടു വിയോജിപ്പ് പ്രകടിപ്പിക്കുന്നവൻ സ്വന്തം ഇച്ഛയോട് പിന്പറ്റുന്നവനാണ്. (ഫതാവൽ കുബ്റാ: 2/273)
ഹാഫിള് മുൻദിരി(റ) എഴുതുന്നു:
രോഗിയെ സന്ദർശിക്കലും ജനാസയിൽ പങ്കെടുക്കലും പള്ളിയില്വെച്ച് നിസ്കരിക്കലും നല്ല പ്രവർത്തനങ്ങളാണ്. എന്നാൽ പുരുഷനു മാത്രം. സ്ത്രീക്കല്ല. സ്ത്രീയെ സംബന്ധിച്ചൊടത്തോളം കൂടുതൽ പ്രതിഫലം ലഭിക്കുക അവളുടെ വീട്ടിൽ വെച്ചുള്ള ആരാധനക്കാണെന്ന് നബി(സ) സൂചിപ്പിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വെള്ളിയാഴ്ച ദിവസം സ്ത്രീകളെ പള്ളിയിൽ നിന്ന് പുറത്താക്കുകയുണ്ടായി. അല്ലാഹുവെ ആരാധിക്കാനും അവന്നു നിഷ്കളങ്കമായി പ്രവർത്തിക്കാനും വന്ന വരെ എന്തുകൊണ്ട് പറത്താക്കി?. സ്ത്രീ അകന്നു നിൽക്കാനും അവൾ പുരുഷനുമായി ഇടകലരാതിരിക്കാനും നാശത്തെ ഭയപ്പെടുന്നതിനും പിശാചിന്റെ വസ്‌വാസിനെ തട്ടിക്കളയാനും വേണ്ടിയായിരുന്നു അത്. (അത്തർഗീബുവത്തർഹീബു: 1/228)
പ്രസ്തുത ഗ്രൻഥത്തിൽ ഹാശിയയിൽ പറയുന്നു:
ഓ മുസ്ലിം സമൂഹമേ! ഇതാണ് മുഹമ്മദ് നബി(സ)യുടെ ദീൻ. കാരണം ഇപ്പോൾ പള്ളിയിലേക്കു പുറപ്പെടുന്ന യുവതികളും മറ്റു സ്ത്രീകളും നാമമാത്ര മുസ്ലിംകളാണ്. അല്ലാഹുവിനോടും അവന്റെ റസൂലിനോടും എതിരു പ്രവർത്തിക്കുന്നവരും ദീനിന്റെ മര്യാദകൾക്കെതിരിൽ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയവരുമാണ്. അന്ത്യപ്രവാചകരുടെ പരിശുദ്ധ മാർഗ്ഗത്തെ പുച്ചിച്ചു തള്ളുന്നവരുമാണ്. ഇപ്രകാരം ആസ്ത്രീകളെ നിയന്ത്രിക്കുന്നവരും നാമമാത്ര മുസ്ലിംകൾ തന്നെ. പള്ളിലകളിൽ സ്ത്രീകൾ പ്രവേശിക്കുന്നതും അവിടെ വെച്ച് ദിക്റ്,തസ്ബീഹ്, മറ്റാരാധനകൾ നിർവഹിക്കുന്നതും ഇസ്‌ലാമിന്റെ ആദ്യകാലഘട്ടങ്ങളിൽ തടഞ്ഞിരുന്നു. "അല്ലാഹുവിനോടും അവന്റെ റസൂലിനോടും എതിരു പ്രവർത്തിക്കുകയും അവന്റെ അതിർവരമ്പുകളെ അതിലംഘിക്കുകയും ചെയ്താൽ ശാശ്വതമായ നരകാഗ്നിയിൽ പ്രവേശിക്കുന്നതാണ്". എന്ന ഖുർആൻ വാക്യം ഇവിടെ സ്മരണീയമാണ്. (ഹാശിയത്തുത്തർഗ്ഗീബ്: 1/228)
22- ചിന്തനീയ പോയിന്റുകൾ
1- "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങി ഒതുങ്ങിക്കഴിയുകയും ചെയ്യുക" എന്നർത്ഥം വരുന്ന ആയത്ത് അവതരിച്ചതിനു ശേഷം രണ്ടായിരത്തോളം നിസ്കാരങ്ങൾ നബി(സ) ജമാഅത്തായി നിർവ്വഹിച്ചിട്ടുണ്ട്. പള്ളിയിൽ വെച്ച ജമാഅത്തായി നിസ്കരിക്കൽ പുരുഷന്മാരെ പോലെ സ്ത്രീകൾക്കും സുന്നത്തായിരുന്നുവെങ്കിൽ പുരുഷന്മാരുടെ അത്രെയോ അതിന്റെ പകുതിയോ മൂന്നിൽ ഒന്നോ നാലിൽ ഒന്നോ എങ്കിലും എണ്ണം സ്ത്രീകളും പങ്കെടുക്കേണ്ടിയിരുന്നു. നല്ല കാര്യങ്ങൾ പ്രവർത്തിക്കുന്നതിൽ സ്വഹാബി വനിതകൾ മുന്പന്തിയിലായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പ്രസ്തുത ആയത്ത് അവതരിച്ച ശേഷം അപ്രകാരം അവർ പങ്കെടുത്തിരുന്നതായി ഒരു ഹദീസിലും കാണുന്നില്ല.
2- പ്രസ്തുത ആയത്ത് അവതരിച്ചതിനു ശേഷം മേൽപ്പറഞ്ഞ രൂപത്തിൽ അവർ ജുമുഅ-ജമാഅത്തുകളിൽ പങ്കെടുത്തിരുന്നുവെങ്കിൽ ആ സമ്പ്രദായം നിറുത്തൽ ചെയ്തതാര്?. നബി(സ)യുടെ കാലത്ത് നിരുപാധികം അറിയപ്പെട്ടൊരു സുന്നത്ത് സ്വഹാബാകിറാം നിറുത്തൽ ചെയ്യുകയോ, സ്വഹാബാകിറാമിന്റെ കാലത്ത് നിരുപാധികം അറിയപ്പെട്ടൊരു സുന്നത്ത് അവരുടെ ശിഷ്യന്മാരായ താബിഉകൾ നിറുത്തൽ ചെയ്യുകയോ ഇല്ലെന്നതിന് അവരുടെ ചരിത്രം രേഖയാണ്.
3- ജുമുഅക്കും ജമാഅത്തിനും പള്ളിയിൽ വരാൻ നബി(സ) തങ്ങൾ സ്ത്രീകൾക്ക് പ്രോത്സാഹനം നൽകുന്നതായി ഒരു ഹദീസിലും നാം കാണുന്നില്ല. പുരുഷന്മാർക്ക് അതിനു പ്രോത്സാഹനം നൽകുന്ന ഹദീസുകൾ സുലഭവുമാണ്. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും അത് സുന്നത്തായിരുന്നുവെങ്കിൽ ഉമ്മത്തിന്റെ നന്മ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നബി(സ)തങ്ങൾ അതിനു പ്രോത്സാഹനം നല്കുമായിരുന്നില്ലേ?.
4- നബി(സ)നേത്രത്വം നൽകുന്നതും അല്ലാഹു തൃപ്പ്തിപ്പെട്ടവരാണെന്ന് ഖുർആൻ വിശേഷിപ്പിച്ച സ്വഹാബികിറാം(റ) മഅ്മൂമകളായി നിസ്കരിക്കുന്നതും ഒരു നിസ്കാരത്തിനു ചുരുങ്ങിയത് 1000 പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്നതുമായ മദീനാ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കാൻ നബി(സ) പ്രേരിപ്പിച്ചിട്ടില്ലെങ്കിൽ ഫിത്നയും ഫസാദും വ്യാപകമായ ഇക്കാലത്ത് നാമെന്തിന് അതിനു മുതിരണം?.
5- മുഹാജിറുകളും അൻസ്വാറുകളുമായ സ്വാഹാബികിറാമിൽ ഒരാൾ പോലും പള്ളിയിൽ വരാൻ സ്ത്രീകളെ പ്രെപ്പിച്ചതായി ഒരു 'അസറി'ലും നാം കാണുന്നില്ല. പ്രത്യുത അവർ അതിനെ നിരുത്സാഹപ്പെടുത്തിയതായും പള്ളിയിൽ വന്ന ചില സ്ത്രീകളെ കല്ലെറിഞ്ഞു ഓടിച്ചതായും അതിനെതിരെ അമർഷം രേഖപ്പെടുത്തിയതായും പ്രബലമായ ഹദീസുകളിൽ നാം കാണുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) സ്ത്രീകളെ കല്ലെറിഞ്ഞു ഓടിച്ചതും ആതിക(റ)യുടെ പുറപ്പാടിനെതിരെ ഉമർ(റ) അമർഷം രേഖപ്പെടുത്തിയതും ഇതിനുദാഹരണമാണ്.
6-സ്വഹാബത്തിന്റെ ശിഷ്യന്മാരായ താബിഉകളോ അവരുടെ ശിഷ്യന്മാരായ തബഉത്താബിഉകളോ അവരുമായി ബന്ധപ്പെട്ട സ്ത്രീകൾക്കോ മറ്റു സ്ത്രീകൾക്കോ ജുമുഅ-ജമാഅത്തുകളിൽ പങ്കെടുക്കാൻ പ്രോത്സാഹനം നൽകിയതായി കാണുന്നില്ല.
7- നാലുമദ്ഹബിന്റെ ഇമാമുകളിൽ ഒരാളും അതിന് പ്രോത്സാഹനമോ അനുമതിയോ നൽകിയില്ല. അവരാരും തന്നെ അവരുടെ സ്ത്രീകളെ ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളികളിലേക്ക് അയച്ചതുമില്ല. ഇക്കാര്യം ഇമാം ശാഫിഈ(റ) പ്രഖ്യാപിച്ചതായി നേരത്തെ നാം വായിച്ചുവല്ലോ.
8- സ്ത്രീകളോട് അല്ലാഹു വീടുകളിൽ ഒതുങ്ങി നിന്ന് നിസ്കരിക്കുവാൻ നിർദ്ദേശിക്കുന്നു. പുത്തൻ പ്രസ്ഥാനക്കാർ വീടുവിട്ടിറങ്ങി പള്ളിയിൽ വരാൻ നിർദ്ദീശിക്കുന്നു. സ്ത്രീകൾക്ക് നിസ്കരിക്കുവാൻ ഏറ്റവും ഉത്തമം അവരുടെ വീടുകളാണെന്ന് നബി(സ) പഠിപ്പിക്കുന്നു. സ്ത്രീകൾക്ക് നിസ്കരിക്കുവാൻ ഏറ്റവും ഉത്തമം പള്ളികളാണെന്ന് പുത്തൻവാദികൾ ഉദ്‌ഘോഷിക്കുന്നു. ഖുർആനിനും സുന്നത്തിനും കടകവിരുദ്ധമായി പ്രസ്താവന നടത്തുന്ന ഇവരെയാണോ അതല്ല ഖുർആനും സുന്നത്തുമാണോ ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ടത്?.
9- സ്ത്രീകൾക്ക് നിസ്കരിക്കുവാൻ ഏറ്റവും ഉത്തമം അവരുടെ വീടുകളാണ് എന്നത് സ്ത്രീകളോടുള്ള നബി(സ)യുടെ ഉപദേശമാണ്. സ്വഹാബി വനിതകൾ നബി(സ)യുടെ ഉപദേശം സ്വീകരിക്കാതിരിക്കില്ലെന്നുറപ്പാണ്. പ്രസ്തുത ഉപദേശം അറിയാതെ വല്ല സ്ത്രീകളും പള്ളിയിൽ വന്നിട്ടുണ്ടെങ്കിൽ അവരെ മാതൃകയാക്കാനും പറ്റുകയില്ല. അവർ വന്നത് മറ്റു ആവശ്യങ്ങൾക്കാകാനുള്ള സാധ്യത നിലനിൽക്കെ വിശേഷിച്ചും.
10- സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമവും കൂടുതൽ പ്രതിഫലാർഹവും വീടാണെന്നതിൽ അഭിപ്രായാന്തരമില്ലല്ലോ. എങ്കിൽ പിന്നെ കൂടുതൽ പ്രതിഫലം ഒഴിവാക്കി കുറഞ്ഞ പ്രതിഫലത്തിനായി പള്ളിയിലേക്കു പോകുന്നത് ബുദ്ദിയാണോ?!!!.
23- സ്ത്രീകളും ഹിജാബും
ഇന്ഷാ അല്ലാ അടുത്ത ബ്ലോഗിൽ തുടരും....
No comments:
Post a Comment