https://m.facebook.com/story.php?story_fbid=pfbid0dsbpNpbHn9XcJP7KREtH3ngDGEpa4fz1z5rniZK1aZJxVdnBYdA9qndMZQ2iqkoPl&id=100024345712315&mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 87/313
➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*ആദ്യമായി നടന്ന*
*അനറബി ഖുതുബ*
ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക വിശ്വാസവും കർമ്മവും പ്രചരിപ്പിച്ചിരുന്നത് സ്വഹാബികളാണ്. നമ്മുടെ കൊച്ചു കേരളത്തിൽ സഹാബികൾ ഇസ്‌ലാം പ്രചരിപ്പിക്കുകയും പന്ത്രണ്ടോളം പള്ളികൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. അവരെല്ലാവരും ഖുതുബയും ജുമുഅയും നിർവഹിച്ചത് ഒരേ ഭാഷയിലായിരുന്നു. കെ എം മൗലവി പോലും ഈ യാഥാർത്ഥ്യം അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ ഇതിൽ നിന്നും വിഭിന്നമായി ഒരു പുതിയ ചിന്താഗതിക്ക് രൂപം നൽകിയത് 1865 കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ്. ലോകത്ത് എവിടെയെങ്കിലും ഇതിനുമുമ്പ് അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. അനറബി ഖുത്ബക്ക് ആദ്യമായി സാക്ഷ്യം വഹിച്ചത് കേരളമാണെങ്കിലും ഉപയോഗിച്ച ഭാഷ മലയാളം ആയിരുന്നില്ല. ആദ്യമായി അനറബി ഭാഷയിൽ നടന്ന ഖുതുബ ഉറുദു ഭാഷയിലാണ്. കേരളത്തിൽ ഉറുദു ഭാഷയിൽ എന്തിന് ഖുതുബ നടന്നു ? ഇതിനൊരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്.
കൊച്ചി മട്ടാഞ്ചേരിയിലെ ഹനഫി പള്ളിയിലെ ഖത്തീബ് ആയിരുന്നു ഹൈദരാബാദ് കാരൻ അബ്ദുൽ കരീം മൗലവി. ഇദ്ദേഹം ഒരു വഹാബി ചിന്താഗതിക്കാരനായിരുന്നു. മഹാന്മാരുടെ പേരിൽ നേർച്ചയാക്കപ്പെടുന്നതിനെ എതിർക്കുകയും സുന്നി വാദങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തപ്പോൾ ആ പള്ളിയിൽ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് സേട്ടു കുടുംബത്തിലെ അബ്ദുല്ല ഹാജി ആദം സേട്ട് ഇയാൾക്ക് പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാൻ പള്ളി സ്ഥാപിച്ചു കൊടുത്തു. ഖത്തീബും ഇമാമുമായി നിശ്ചയിച്ചു. ഇദ്ദേഹമാണ് ആദ്യമായി അനറബി ഖുത്തുബക്ക് നേതൃത്വം വഹിച്ചത്. മലയാളികൾ ബഹിഷ്കരിച്ചത് കൊണ്ടാണത്രേ ഉറുദു തൊഴിലാളികളെ വെച്ച് ഉറുദു ഖുതുബ നിർവഹിച്ചത്.
"അക്കാലത്ത് മട്ടാഞ്ചേരി ബസാറിലെ പേര് കേട്ട അരി വ്യാപാരിയും ഭക്തനും ധർമ്മിഷ്ഠനും ആയിരുന്നു അബ്ദുള്ള ഹാജി ആദം സേട്ട്. പള്ളിയിൽനിന്നും ബഹിഷ്കൃതനായ ഇമാം അബ്ദുൽ കരീം മൗലവിയെ അദ്ദേഹം പാണ്ഡിക ശാലയിൽ വിളിപ്പിച്ച് കാര്യകാരണങ്ങൾ തിരക്കി. തൗഹീദിന്റെ പ്രകാശം കൊണ്ട് പ്രശോഭിതമായ ആ ദത്ത ഹൃദയം താമസം വിന പ്രതികരിച്ചു. "ഈ സത്യം മനുഷ്യരെ ബോധ്യപ്പെടുത്താൻ നമുക്ക് ഒരു മസ്ജിദ് വേണം അത് ഞാൻ നിർമ്മിക്കും " അങ്ങനെ പുതിയ പള്ളി 1865ൽ നിർമ്മിക്കപ്പെട്ടു. ഒന്നാമത്തെ ഇമാമും ഖത്തീബുമായി മൗലവി മുഹമ്മദ് അബ്ദുൽ കരീം സാഹിബ് ചുമതലയിൽ ചെയ്തു. പ്രാരംഭത്തിൽ ഉറുദു ഭാഷയിൽ ആയിരുന്നു ഖുതുബ "
(മുജാഹിദ് സംസ്ഥാന
സമ്മേളനം 2002 എറണാകുളം പേ: 57 )
അനിസ്‌ലാമികമായ ഈ അനാചാരത്തിന് കൂട്ടുനിൽക്കാതിരുന്ന മലയാളികളെ അബ്ദുല്ല ഹാജി സേട്ട് പണം കൊടുത്ത് ആകർഷിച്ച ചരിത്രം കെ ഉമർ മൗലവി ഓർമ്മകളുടെ തീരത്തിൽ എഴുതിയിട്ടുണ്ട്.
"പള്ളി പണിത ശേഷം ജുമുഅ തുടങ്ങി. ഹൈദരാബാദുകാരൻ മൗലവി ഉറുദുവിൽ ഖുതുബ നടത്തി. ശ്രോതാക്കൾ അധികവും ഉറുദു അറിയുന്ന കച്ചിൻമേൽക്കാരും ആലിയികളും ആയിരുന്നു. അവർ തന്നെ അബ്ദുല്ല ഹാജി ആദം സേട്ടുവിന്റെ സ്വാധീനത്താൽ എത്തുന്നവരും. 50 താഴെ ആളുകൾ. മലയാളികൾ കയറുകയില്ല. വഹാബികളുടെ പള്ളിയിൽ പോയാൽ നമസ്കാരത്തിന് നാലോ അഞ്ചോ പേർ കാണും. പള്ളിയിൽ നമസ്കാരത്തിന് സ്ഥിരമായി ആളെ ഉണ്ടാക്കുവാൻ സേട്ടു സാഹിബ് വളരെ ത്യാഗം ചെയ്തിട്ടുണ്ട്. തൃഷ്നാപ്പിള്ളിയിൽ നിന്നും നെയ്ത്തുകാരായ റാവുത്തർ വിഭാഗത്തിലുള്ള മുസ്‌ലിം തൊഴിലാളി കുടുംബങ്ങളെ അദ്ദേഹം കൊച്ചിയിൽ കൊണ്ടുവന്നു. പള്ളിയുടെ പരിസരത്ത് അവർക്ക് താമസിക്കാൻ വീടു നൽകി. തങ്ങളുടെ നെയ്തു ജോലി ചെയ്യാൻ സേട്ടുവിന്റെ ചെലവിൽ നെയ്ത്തുപകരണമായ തറി കൊടുത്തു. വീടും ജോലിയും സൗജന്യം. ഒരു നിബന്ധന മാത്രം എല്ലാ വക്തിനും പള്ളിയിൽ ജമാഅത്തിന് ഹാജറുണ്ടാകണം. അങ്ങനെ സ്ഥിരമായി കുറച്ചുപേർ ഉണ്ടായി. സേട്ട് വലിയ ധർമ്മിഷ്ഠൻ ആയിരുന്നു. പാവങ്ങൾക്ക് ഉച്ചയൂണിന് ഹോട്ടലിലേക്ക് പാണ്ഡിക ശാലയിൽ നിന്നും ചീട്ടു കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. വൈകുന്നേരം ധാരാളം പേർ വരും ചായക്കാശിനായി. ഇതെല്ലാം പാണ്ടികശാലയിൽ നിന്നും മാറ്റി പള്ളിയിൽ നിന്നും നമസ്കാരശേഷം കൊടുക്കലാക്കി. അത് വാങ്ങാൻ വരുന്ന സാധുക്കൾ ളുഹറിനും അസറിനും പള്ളിയിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പകൽ പള്ളി സജീവമായി...കുറേക്കാലത്തെ ഉറുദു ഖുതുബക്ക് ശേഷം പിന്നീടത് മലയാളത്തിലായി "
(ഓർമ്മകളുടെ തീരത്ത്
പേജ് 236)
പാവപ്പെട്ട ജനങ്ങളെ സാമ്പത്തികമായി ആകർഷിപ്പിച്ച് ബിദ്അത്തിലേക്കടുപ്പിക്കുന്ന ശൈലി ഇപ്പോഴും പലയിടത്തും നടക്കുന്നുണ്ട്. ആദർശം മറച്ചുവെച്ച് സാമ്പത്തിക ലാഭത്തിനുവേണ്ടി ഇവരിലേക്കടുക്കന്നവർ ഇപ്പോഴും വിരളമല്ല.
ഏതായാലും കുറെ കാലം ഉറുദുഭാഷയിൽ നടന്ന് പിന്നീടാണ് ഈ പള്ളിയിൽ മലയാളഭാഷയിൽ ഖുതുബ നിർവഹിക്കപ്പെട്ടത്.
ജനങ്ങളെ വഴിതെറ്റിക്കുന്നതായി ബോധ്യപ്പെട്ടപ്പോൾ പുറത്താക്കപ്പെട്ട മൗലവിക്ക് അയാളുടെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാനും പഴയ പള്ളിക്കാരോടുള്ള വാശി തീർക്കാനും എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ ഒരു വ്യക്തി മുന്നിൽ നിന്നതിന്റെ ഫലമാണ് ജുമുഅ ഖുതുബ എന്ന ഇബാദത് തന്നെ നിഷ്ഫലമാക്കുന്ന ഈയൊരു അനാചാരത്തിന് കേരളീയർ സാക്ഷിയാകേണ്ടിവന്നത്.
എന്നാൽ ഇതിനെ അനുകരിച്ച് കേരളത്തിൽ എവിടെയും അനറബി ഖുതുബ നടന്നതായി അറിവില്ല. 1936 ലെ മൗലവിമാരുടെ പുണർപ്പ സമ്മേളന പ്രമേയത്തിന് ശേഷമാണ് വ്യാപകമായി അനറബി ഖുതുബ കേരളത്തിൽ നടന്നത്.