Wednesday, September 28, 2022

മൗലിദിന്റെ വിധി

 *🌹മൗലിദിന്റെ വിധി🌹*


മൗലിദ് കർമ്മം, മീലാദ് കഴിക്കൽ, നേർച്ച കഴിക്കൽ ഇതെല്ലാം നാടൻ പ്രയോഗങ്ങളാണ്. തിരുനബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ ഗദ്യമായും പദ്യമായും ഗദ്യ പദ്യ സമ്മിശ്രമായും അറബി ഭാഷയിൽ രചിക്കപ്പെട്ട കീർത്തനങ്ങൾ പാരായണം ചെയ്യുക, അതിന്റെ മുമ്പും പിമ്പുമായി ഫാത്തിഹ ഓതി ദുആയിരക്കുക, കഴിഞ്ഞു പിരിയുമ്പോൾ വല്ല ഭക്ഷണവും കഴിക്കുക വിതരണം ചെയ്യുക എന്നീ കർമ്മങ്ങൾ ഒത്തുചേർന്ന രൂപത്തിനാണ് ബഹുജനങ്ങൾ മേൽപ്രകാരം നാമകരണം നടത്തിയത്.


ഭാഷാകസർത്തുകളുമായി ഈ നാടൻ നാമകരണത്തെ പ്രതിക്കൂട്ടിലാക്കാൻ ചിലർ തുനിയാറുണ്ട്. അതിലർത്ഥമില്ല. മാങ്ങ, ചക്ക, പേരക്ക, കറമൂസ പോലുള്ള നാമങ്ങൾ അതതു നാമങ്ങളിൽ അറിയപ്പെടുന്ന ഫലങ്ങൾക്ക് ബഹുജനങ്ങൾ പേരിട്ടു വിളിക്കുമ്പോൾ അതിൽ ഭാഷാപരമായ ന്യൂനത കണ്ടെത്താൻ ശ്രമിക്കുന്നത് വ്യർത്ഥമാണല്ലോ. പേരെന്തോ ആവട്ടെ, മേൽ വിവരിച്ച മൗലിദ് മനുഷ്യർ നടത്തുന്ന ഒരു കർമ്മമാണ്‌. മറ്റേതു കർമ്മങ്ങളെയും പോലെ ആ കർമ്മത്തിനും ശർഇൽ അംഗീകൃതമായ അഞ്ചാലൊരു വിധി അനിവാര്യമാണ്. വാജിബ്, മുബാഹ്, കറാഹത്ത്, ഹറാം, സുന്നത്ത് ഇവയാണ് അഞ്ചു വിധികൾ. ഇവയിൽ ഏതു വിധിയാണ് മൗലിദ് കർമ്മത്തിന് ഉള്ളത്? ഇതാണ് നാം ഗ്രഹിക്കേണ്ടത്.


ഇസ്ലാമിൽ ഈ അഞ്ചാലൊരു വിധിയില്ലാത്ത ഒരു മനുഷ്യ കർമ്മവും ഇല്ല. കാരണം ഇസ്ലാം സമ്പൂർണ്ണമാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകൾക്കും വ്യാപകമായ നിയമസംഹിതയാണ്‌. മനുഷ്യന്റെ പ്രവർത്തി, മൊഴി, വിശ്വാസം ഇവയിൽ ഏതു പരിശോധിച്ചാലും അത് സംബന്ധിച്ച് ഇസ്ലാമിനു അതിന്റേതായ കാഴ്ചപ്പാടുണ്ട്; നിയമമുണ്ട്. അതാണ്‌ 'ഏതൊരു സംഭവത്തിനും ഇസ്ലാമിൽ വിധി ഇല്ലാതെയില്ല' എന്ന് ഇമാമുകൾ പ്രസ്താവിച്ചത്. (ജംഉൽ ജവാമിഅ് നോക്കുക) അതിനാൽ ബഹുജനങ്ങൾ 'മൗലൂദ് കഴിക്കൽ' എന്നോ മറ്റോ പേർവിളിച്ചു വരുന്ന കർമ്മത്തിനും പഞ്ച വിധികളിൽ ഒന്ന് ശരീഅത്തിലുണ്ടാകണം. ആ കർമ്മം ഇതേ രൂപത്തിൽ നബിയുടെ കാലത്ത് നടപ്പുണ്ടെങ്കിലും ഇല്ലെങ്കിലും, സ്വഹാബികളോ താബിഉകളോ ശേഷം വന്നവരോ നടത്തിയാലും ഇല്ലെങ്കിലും ഇതേപ്പറ്റി ഇസ്ലാമിനു വിധി വേണം. ആ വിധി എന്ത്? ഹറാം ആണോ? അതല്ല കറാഹതോ? വാജിബ് എന്നോ അതോ സുന്നത്തോ? അതുമല്ല മുബാഹോ?


ഇതിലേതെങ്കിലും ഒരു വിധിയില്ലാതെ ഒരു കർമ്മമില്ല. വിധി ഏതെന്നാണ് വ്യക്തമാക്കേണ്ടത്. അല്ലാതെ നബിയും സ്വഹാബത്തും അങ്ങനെ ഒരു കർമ്മം നടത്തിയിരുന്നില്ല; അത് കൊണ്ട് അത് അനാചാരമാണ് ബിദ്അത്താണ്‌ എന്ന് മൗലിദ് വിരോധികൾ അങ്ങ് വാദിക്കുക, പകരം അത് അനാചാരം അല്ലെന്നു സ്ഥാപിക്കാൻ ആ കർമ്മം നബിയും സ്വഹാബത്തും എല്ലാം നടത്തിയതാണെന്ന് നാം സുന്നികൾ 'തെളിയിക്കുക'; ഇതിലെന്തർത്ഥം? ഒരു കർമ്മം അനുവദനീയം ആണെന്നോ പുണ്യമുള്ളതാണെന്നോ പറയണമെങ്കിൽ അത് നബി(സ്വ)യോ സ്വഹാബത്തോ പ്രവർത്തിച്ചു എന്ന് തെളിയണമെന്നോ? കഷ്ടം ! നബി(സ്വ)യുടെയും സ്വഹാബാക്കളുടെയും കാലത്ത് നടപ്പില്ലാത്ത കർമങ്ങൾ എല്ലാം പുണ്യമറ്റതും അനാചാരവും ആണെന്നോ.?! ഇതെന്ത് മൗഡ്യം.! ഒരു കർമ്മത്തിന്റെ അനുവദനീയതക്ക് നിദാനം ആ കർമ്മം നബി(സ്വ)യുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്നതും നിഷിദ്ധതക്ക് തെളിവ് അക്കാലത്ത് നടന്നില്ല എന്നുമാണ് ഇസ്ലാമിലെ സ്ഥിതിയെങ്കിൽ, ഇസ്ലാമിന്റെ സമ്പൂർണ്ണതക്കും സമകാലിതക്കും അത് ഭീഷണി ആകില്ലേ? ഒരു കാര്യം നബിയും സ്വഹാബത്തും പ്രവർത്തിച്ചില്ല അത് കൊണ്ട് അത് അനാചാരമാണ് എന്ന് ഓരിയിടാൻ ഒരു വിഭാഗവും, പകരം അക്കാര്യം അനാചാരമല്ലെന്നു സ്ഥാപിക്കുവാൻ അത് നബി(സ്വ)യും സ്വഹാബാക്കളും പ്രവർത്തിച്ചതാണ് എന്ന് തെളിവ് നിരത്താൻ മറുവിഭാഗവും തുനിഞ്ഞാൽ ഇരുവിഭാഗവും കുഴഞ്ഞു പോകില്ലേ? എല്ലാ കർമ്മങ്ങളെക്കുറിച്ചും ഈ നയം അനുവർത്തിക്കാൻ ആകുമോ? ഒരിക്കലുമാവില്ല.


നോക്കുക - ഇസ്ലാമിൽ സുന്നത്തായ കർമ്മമാണ്‌ നിക്കാഹ് (വിവാഹം). ഈ കർമ്മം മുസ്‌ലിംകൾ ഏവരും ഇന്ന് നടത്തുന്ന രീതി എങ്ങനെ? നിക്കാഹിനായി കാലേ കൂട്ടി ഒരു ദിവസം നിശ്ചയിച്ചുറക്കുന്നു. വേണ്ടപ്പെട്ടവരെല്ലാം അതിനൊത്ത് ചേരുന്നു. നിശ്ചിത ദിവസത്തിന് കല്യാണമെന്നു പേര് നൽകി സാഘോഷം കൊണ്ടാടുന്നു. ക്ഷണപ്പത്രം കാലേക്കൂട്ടി അച്ചടിപ്പിച്ച്‌ വേണ്ടപ്പെട്ടവരെയെല്ലാം നേരിൽ കണ്ടും മറ്റും ക്ഷണിക്കുന്നു. കല്യാണ സുദിനത്തിന് വേണ്ടി ഒരു വലിയ പന്തൽ തയ്യാറാക്കുന്നു. തോരണങ്ങൾ ചാർത്തി പന്തൽ മോടിയാക്കുന്നു. ക്ഷണിതാക്കൾ വരുന്നു, ശാപ്പിടുന്നു, കുശലം പറയുന്നു, പിരിയുന്നു. പുതുമാരൻ സുഹൃത്തുക്കളാൽ വലയിതനായി മണവാട്ടിയുടെ വീട്ടിലേക്കാനയിക്കപ്പെടുന്നു. പുതുനാരി മറിച്ചും. അതിനിടക്ക് എപ്പോഴോ നിക്കാഹ് എന്ന ചടങ്ങ് നടക്കുന്നു. അതിനു ഖാസി അഥവാ മതപണ്ഡിതൻ കാർമ്മികത്വം നടത്തുന്നു. ഇങ്ങനെ ഒരു വിവാഹാഘോഷം തിരുനബി(സ്വ)യുടെ കാലത്തുണ്ടായിരുന്നുവോ? സ്വഹാബികളിൽ ആരെങ്കിലും ഇങ്ങനെ ആഘോഷിച്ചുവോ? അവരുടെ ആരുടെ എങ്കിലും നിക്കാഹിന് നബി(സ്വ) പദം ചൊല്ലിക്കൊടുത്തുവോ? പ്രസംഗിച്ചുവോ? നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ല എന്ന പേര് പറഞ്ഞ് ഇന്നത്തെ മൗലിദാഘോഷത്തെ അനാചാരവും നിഷിധവുമാക്കി മുദ്രയടിക്കുന്നവർ നമ്മുടെ വിവാഹാഘോഷവും നിഷിദ്ധമാക്കുമോ? അനാചാരമാക്കുമോ? അവരങ്ങനെ ജൽപ്പിക്കുന്നതിനു ബദലായി ഈ രൂപത്തിലുള്ള വിവാഹാഘോഷം നബി(സ്വ)യും സ്വഹാബത്തും നടത്തിയിരുന്നത് തന്നെയാണെന്ന് തെളിവ് നിരത്തി പ്രസംഗിക്കുവാൻ നമ്മുടെ കൂട്ടർ തുനിയുമോ? ഗ്രന്ഥമെഴുതുമോ?


അത് പ്രകാരം ശർഇൽ നിർബന്ധമായ ഒരു കാര്യമാണ് വിദ്യയഭ്യസിക്കലും അഭ്യസിപ്പിക്കലും. ഈ നിർബന്ധ കടമ നിറവേറ്റുവാൻ കാലോചിതമായി നാമിന്നു പാഠശാലകൾ പടുത്തുയർത്തുന്നു. നഴ്സറികൾ, മദ്രസ്സകൾ, കോളേജുകൾ എന്നിവ. അവിടെ സിലബസ് സുസ്റ്റത്തിൽ അധ്യാപനം ക്രമീകരിക്കപ്പെടുന്നു. അധ്യാപകരെ ശമ്പളം കൊടുത്ത് നിയമിക്കുന്നു. വിദ്യാർഥികൾ മുറകൾ പാലിച്ച് കൊണ്ട് അഡ്മിഷൻ നേടുന്നു. ക്ളാസ്സിൽ കൃത്യസമയത്ത് ഹാജറാകുന്നു. ഹാജർ വിളിക്കപ്പെടുന്നു. നിശിത സമയത്ത് പരീക്ഷ നടക്കുന്നു... ഇങ്ങനെ ഈ രൂപത്തിൽ വിദ്യാഭ്യാസം നടത്തുന്ന വഴക്കം നബി(സ്വ)യുടെ കാലത്തുണ്ടോ? സ്വഹാബികൾ നടത്തിയോ? താബിഈങ്ങളോ? ഈ സമ്പ്രദായം ആരംഭിച്ചിട്ട് എത്ര നൂറ്റാണ്ടു കഴിഞ്ഞു? ഈ കാരണം പറഞ്ഞു ഇന്നത്തെ വിദ്യാഭ്യാസ രീതിയും ബിദ്അത്തും അനാചാരവും ആണെന്ന് മൗലിദ് വിരോധികൾ വാദിക്കുമോ? വാദിച്ചാൽ അത് സുന്നത്താണെന്ന് സ്ഥാപിക്കാൻ അവയെല്ലാം നബി(സ്വ)യും സ്വഹാബാക്കളും മുഴുക്കെ പ്രവർത്തിച്ചിരുന്നതാണെന്ന് വലിച്ചു നീട്ടി എഴുതുവാൻ നമ്മുടെ കൂട്ടർ തയ്യാറാകുമോ? ലജ്ജാകരമെന്നല്ലാതെ എന്ത് പറയാൻ?!


ഇങ്ങനെ ചോദിക്കുമ്പോൾ ചിലർക്കൊരു മുടന്തൻ ന്യായം പറയാനുണ്ടാകും: വിവാഹാഘോഷവും വിദ്യാഭ്യാസവും മറ്റും ഭൌതിക കാര്യങ്ങളാണ്. അവ നമ്മുടെ ഇഷ്ടം പോലെ കാലോചിതമായി നടത്താം. നബി(സ്വ)യും സ്വഹാബത്തുമൊന്നും പ്രവർത്തിച്ചത് നോക്കേണ്ടതില്ല. മൗലിദാഘൊഷവും മറ്റും അങ്ങനെയല്ല. അത് ദീനീ കാര്യമാണ്. അതിൽ നബി(സ്വ) ചെയ്യാത്തത് പാടില്ല. ബിദ്അതാണ്‌, അനാചാരമാണ് എന്ന്. നാണക്കേട് ! അല്ലാതെന്ത്? വാജിബായ ദീനീ വിദ്യാഭ്യാസ കാര്യവും സുന്നത്തായ നിക്കാഹ് കർമ്മവുമെല്ലാം ഭൗതികകാര്യവും പുതിയ പുതിയ രൂപങ്ങൾ കണ്ടു പിടിച്ചു നടപ്പാക്കാവുന്നതുമാണെങ്കിൽ, പ്രതിഫലാർഹവും പുണ്യകർമ്മവുമായ മൗലിദാഘോഷവും ഭൌതിക കാര്യങ്ങളുമാണെന്നങ്ങ് പറഞ്ഞാൽ പോരെയോ? എന്നാൽ വിവാഹാഘോഷത്തിന്റെ സ്ഥാനം നൽകിയെങ്കിലും ഈ ആഘോഷവും സമ്മതിക്കാമല്ലൊ. എന്തിനീ വിവാദമുണ്ടാക്കണം. അല്ലെങ്കിൽ ഒരു കമ്മത്തിന്റെ മതവിധി നിർണ്ണയിക്കും മുമ്പേ ആ കർമ്മം ദീനിയ്യ്, ദുനിയവിയ്യ് എന്ന് പറഞ്ഞു വിവേചിക്കുന്നത് തന്നെ ഒരുതരം കുരുട്ടു വിദ്യയല്ലേ.?


ഒരു കർമ്മം ദീനിയ്യ് (മതപരം), ദുനിയവിയ്യ് (ഭൗതികം) എന്ന് നിർണ്ണയിക്കുന്നതിൽ ആ കർമ്മത്തിന്റെ ഇസ്ലാമിക വിധിനിർണ്ണയത്തിനും വ്യക്തമായ സ്വാധീനമുണ്ട്. വിദ്യാഭ്യാസം അനിവാര്യമായ മാർഗ്ഗത്തിലൂടെ നടത്തുക വാജിബ് (നിർബന്ധം) ആണെന്ന് സ്ഥിരപ്പെട്ടാൽ അത് ദീനിയ്യല്ല: ഭൌതികമാണ് എന്ന് പറയാനൊക്കുമോ? ഒരിക്കലുമില്ല. ചുരുക്കത്തിൽ നബി(സ്വ)യുടെയും സ്വഹാബികളുടെയും കാലത്ത് നടപ്പില്ലെങ്കിലും ഒരു കർമ്മത്തിന്റെ മതവിധി വാജിബോ സുന്നത്തോ ആണെന്ന് വ്യക്തമായാൽ ആ കർമ്മം ദീനിയ്യ് തന്നെ. വേണ്ട മുബാഹ് (കേവലം അനുവദനീയമായത്) ആയ കാര്യങ്ങൾ പോലും സദുദ്ദേശപൂർവ്വം ആവർത്തിച്ചാൽ പ്രതിഫലാർഹമാണല്ലോ. അതും ത്വാഅത്തും ദീനീ കാര്യവും ആകുമെന്നർത്ഥം. അതിനാൽ മതപരം, ഭൗതികം എന്ന് തരംതിരിക്കുമ്പോൾ, തങ്ങൾ കൂടി പ്രവർത്തിക്കുന്ന ബിദ്അത്തുകളെല്ലാം ഭൗതികവും അപരർ മാത്രം പ്രവർത്തിക്കുന്ന ബിദ്അത്തുകൾ മതപരവുമാക്കി തടി സലാമത്താക്കുവാനൊന്നും ആരും ശ്രമിക്കേണ്ടതില്ല. നബി(സ്വ)യുടെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിലുള്ള ബിദ്അത്തുകൾ അടങ്കലും അനാചാരവും നിഷിദ്ധവും എന്ന് വിധി കൽപ്പിച്ചു കൂടാ. മറിച്ച് നബി(സ്വ)യുടെ കാലത്തില്ലെങ്കിലും ഒരു കർമ്മത്തിന് പഞ്ചവിധികളിൽ ഒരു വിധി ശർഇൽ ഉണ്ടായിരിക്കും. തീർച്ച.


ഇത് കൊണ്ടാണ് വിധി നിർണ്ണയാടിസ്ഥാനത്തിൽ ബിദ്അത്ത് അഞ്ചു വിധമാണെന്ന് ബഹു: ഇമാമുകൾ രേഖപ്പെടുത്തിയത്. ഒരു ഉദ്ധരണി കാണുക. "പുതിയ ആചാരങ്ങൾ വാജിബ്, ഹറാം, സുന്നത്ത്, കറാഹത്ത്, മുബാഹ് എന്നിങ്ങനെ വിവിധ ഇനമാണ്. ഈ ആചാരങ്ങളെ ശരീഅത്തിന്റെ പൊതു പ്രമാണങ്ങളുടെ മേൽ വെളിപ്പെടുത്തി വിലയിരുത്തുകയാണ് മേൽ പ്രകാരം വിധി നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗം. വാജിബിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് വാജിബായിരിക്കും. അറബി വ്യാകരണ ശാസ്ത്രം അഭ്യസിക്കൽ, അഭ്യസിപ്പിക്കൽ എന്നിതുകൾ പോലെ. ഹറാമിന്റെ പ്രമാണങ്ങളിൽ പെടുന്ന ബിദ്അത്തുകൾ ഹറാം തന്നെ. റാഫിളത്, മുജസ്സിമത്ത്, മുർജിഅത്ത്, ഖദ്‌രിയ്യത്ത്, എന്നീ മുബ്തദിഉകളുടെ ആദർശങ്ങൾ ആണിതിനുദാഹരണം. ഇനി സുന്നത്തിന്റെ പ്രമാണങ്ങളിലാണ് ബിദ്അത്ത് വരുന്നതെങ്കിലോ അത് സുന്നത്തായിരിക്കും. മദ്രസ്സകൾ, സത്രങ്ങൾ പോലെയുള്ളവ പണിയുക, ആദ്യ കാലത്ത് നടപ്പില്ലാത്ത സദുദ്ദേശപരമായ നൽക്കാര്യങ്ങൾ എന്നിതുകൾ ഉദാഹരണം. മുബാഹിന്റെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്തുകൾ മുബാഹാണ്. സുബ്ഹ് നമസ്ക്കാരത്തിനും അസർ നമസ്ക്കാരത്തിനും ഉടനെ പരസ്പരം മുസാഫഹത്ത് ചെയ്യുക, ഭക്ഷണ വസ്ത്രാദികൾ മെച്ചപ്പെടുത്തുക പോലുള്ളത് ഉദാഹരണം" (ശർവാനി 10/235).


ഇനി ഈയടിസ്ഥാനത്തിൽ മൗലിദ് കർമ്മത്തിന്റെ വിധിയെന്ത്‌ എന്ന് ചിന്തിക്കാം. ഇന്നത്തെ രീതിയിലുള്ള മൗലിദ് കഴിക്കൽ നബി(സ്വ)യുടെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിൽ ഉള്ള ബിദ്അത്താണ്. എന്നാൽ ദീനിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധവും അനാചാരവും എന്ന അർത്ഥത്തിലുള്ള സാങ്കേതിക ബിദ്അത്തല്ല. മഹാന്മാരുടെ മദ്ഹ് പറയുക എന്ന കർമ്മം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തിട്ടില്ലെന്ന് ഇപ്പറഞ്ഞതിനു അർത്ഥമില്ല. അത് തീർച്ചയായും നബിചര്യ തന്നെയാണ്. പ്രത്യുത, മുൻഗാമികളാൽ രചിക്കപ്പെട്ട ഒരു മൗലിദ് കിതാബ് നോക്കി അത് പാരായണം ചെയ്യുക, അതിനായി സമ്മേളിക്കുക, അത് കഴിഞ്ഞ ശേഷവും അതിനിടയിലും അന്നദാനാദി കർമ്മങ്ങൾ നടത്തുക ഇതെല്ലാം ഒത്തു ചേർന്ന് കൊണ്ടുള്ള മൗലിദ് കഴിക്കൽ തിരുമേനി(സ്വ)യുടെ കാലത്ത് പതിവില്ലാത്ത ഒരു കർമ്മം തന്നെയാണ്. ഇന്ന് നാം ഏവരും ചെയ്യുന്ന മുസ്ഹഫ് നോക്കി ഖുർആൻ പാരായണം ചെയ്യുക, കിതാബ് നോക്കി ഹദീസ് പഠിക്കുക, ഗ്രന്ഥങ്ങൾ നോക്കി ഇൽമു പഠിക്കുക, എന്നിവയെല്ലാം നബി(സ്വ)കാലത്തില്ലാത്ത ബിദ്അത്തുകളായത് പോലെ തന്നെ. അതെ സമയം ബിദ്അത്തെങ്കിലും ഇന്നത്തെ സമ്പ്രദായത്തിലുള്ള മൗലിദ് കർമ്മത്തിനും ഒരു വിധി ഉണ്ടാകുമല്ലോ.


ഏതു കർമ്മങ്ങളുടെയും ഇസ്ലാമിക വിധി ഗ്രഹിക്കുന്നത് ഫിഖ്ഹ് (കർമ്മ ശാസ്ത്രം) ഗ്രന്ഥങ്ങളിൽ നിന്നാണല്ലോ. ഇന്നറിയപ്പെടുന്ന പഞ്ചവിധികളുടെ തന്നെ ഉപജ്ഞാതാക്കൾ ഫുഖഹാഅ് (കർമ്മശാസ്ത്ര പടുക്കൾ) ആണ്. അല്ലാതെ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ഒഴിച്ച് നിർത്തി ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ കർമ്മങ്ങളുടെ സാങ്കേതിക ഭാഷയിലുള്ള വിധി ആർക്കും ഗ്രഹിക്കാൻ ആകുകയില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നാകട്ടെ, മുമ്പുണ്ടായിട്ടുള്ളതും ഇനി ഉണ്ടാകാനിരിക്കുന്നതുമായ സകലമാന കർമ്മങ്ങളുടെയും മതവിധി ഗ്രഹിക്കാൻ ആകുകയും ചെയ്യും. ഈ നിലക്ക് മാത്രമേ ഇസ്ലാമിന്റെ സമഗ്രതയും സമ്പൂർണ്ണതയും സാർവ്വകാലികതയും സ്ഥിരീകരിക്കുവാനുമാകൂ. ഖുർആനും ഹദീസും മാത്രമേ പ്രമാണങ്ങളായുള്ളൂ, ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഉള്ളതെല്ലാം കേവലം 'ഖോജാക്കളുടെ ഖൗലും ഖീലയുമാണ്' എന്ന് പരിഹസിക്കുന്നവർ ടെസ്റ്റ്‌ ട്യൂബ് ശിശുവും ലിംഗമാറ്റ ശസ്ത്രക്രിയയുമെല്ലാം യാഥാർത്ഥ്യമായിരിക്കുന്ന ഇക്കാലത്തും ഈ പരിഹാസം നിർത്താത്തതിലാണത്‌ഭുതം. ഇത്തരം ആധുനിക പ്രശ്നങ്ങൾ സംബന്ധിച്ച് വിലയിരുത്താൻ നിർബന്ധിതരാകുമ്പോൾ 'ഖുർആനിലും ഹദീസിലും അവ സംബന്ധിച്ചൊന്നുമില്ലെന്നും പക്ഷെ ഇമാമുകൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും' തുറന്നെഴുതാൻ ഈ നാണം കെട്ട ഖുർആൻ സുന്നത്ത് വാദികൾക്കിപ്പോൾ മടിയില്ല. ആധുനിക പ്രശ്നങ്ങൾക്ക് മുമ്പിൽ മുസ്ഹഫും ബുഖാരിയും മറിച്ച് വെച്ച് ഗവേഷണം ചെയ്യാൻ ശ്രമിച്ചിട്ട് കാറ്റ് പോകുമ്പോൾ ഫിഖ്ഹ് ഗ്രന്ഥങ്ങൾ തന്നെ ഇവറ്റകളും അവലംബമാക്കുന്നത് കാണുന്നു. 'ഗതികെട്ടാൽ പുലി പുല്ലും തിന്നും' എന്ന മൊഴിയാണ് ഓർമ്മ വരുന്നത്. ചുരുക്കത്തിൽ ഇസ്ലാമിക വിധി നിർണ്ണയത്തിൽ ഫിഖ്ഹ് ഗ്രന്ഥങ്ങൾ ആർക്കും അവഗണിക്കാനാവില്ല. അവയിലൂടെ നമുക്ക് മൗലിദ് കർമ്മത്തിന്റെ വിധി എന്താണെന്ന് നോക്കാം. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇന്ന് നടന്നു വരുന്ന മൗലിദ് സമ്പ്രദായത്തിന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നൽകപ്പെട്ടിരിക്കുന്ന വിധി അത് 'മൻദൂബ്' (പ്രതിഫലാർഹവും ശറഅ് പ്രേരണ നൽകുന്നതുമായ ഒരു പുണ്യ കർമ്മം) എന്നത്രെ. (ശർവാനി 7/422) നോക്കുക.


നബിതിരുമേനി(സ്വ)യും സ്വഹാബത്തുമൊന്നും നിർവ്വഹിക്കാത്ത ഒരു കാര്യമെങ്ങനെ പുണ്യകർമ്മമാകും എന്ന് ചില അൽപ്പബുദ്ധികൾ സംശയിച്ചേക്കാം. ആ സംശയം അസ്ഥാനത്താണ്. എന്ത് കൊണ്ടെന്നാൽ ഒരു കാര്യം ശറഇൽ സുന്നത്താണ് (പ്രതിഫലാർഹമായ പുണ്യകർമ്മം) എന്നു പറയുവാൻ ആ കാര്യം നബി(സ്വ) പ്രവർത്തിച്ചതായി തെളിയുകയൊന്നും വേണ്ട. നോക്കുക - പ്രത്യേകം വിലക്കപ്പെടാത്ത സമയങ്ങളിൽ സുന്നത്ത് നിസ്ക്കാരം (നഫ്ൽ മുത്വ്‌ലഖ്) എത്രയും നിർവ്വഹിക്കുന്നത് പുണ്യകർമ്മമാണ്‌ - സുന്നത്താണ്. എന്നാൽ നബി(സ്വ) അങ്ങനെ പ്രവർത്തിച്ചു കാണിച്ചതാണെന്നോ ഇക്കാര്യം പ്രത്യേകം കൽപ്പിച്ചിട്ടുണ്ടെന്നോ ആർക്കും തെളിയിക്കാനാകില്ല. മറിച്ച് ശറഇന്റെ പൊതു നിർദ്ദേശത്തിൽ ഉൾക്കൊണ്ടിരുന്നാലും ഒരു കാര്യം സുന്നത്താണെന്ന് വിധി കൽപ്പിക്കാവുന്നതാണ്. മറ്റൊരുദാഹരണം കാണുക. നമസ്ക്കാരത്തിന്റെ സമയമായ ശേഷം ഒറ്റക്ക് നിസ്ക്കരിച്ച ആൾക്ക് ശേഷം ജമാഅത്ത് ലഭിക്കുമ്പോൾ ആ നിസ്ക്കാരം മടക്കി നിർവ്വഹിക്കൽ സുന്നത്തുണ്ട്. ഇത് സംബന്ധിച്ച് ഫുഖഹാഅ് പറയുന്നു.


وعدم نقل الاعادة عنه صلعم لا يستلزم عدم ندبها - تحفة (1-434)


(ഇങ്ങനെ നബി(സ്വ) തങ്ങളെ തൊട്ട് മടക്കി നിസ്ക്കരിച്ചതായി ഉദ്ധരിക്കപ്പെട്ടിരുന്നില്ലെന്ന് വെച്ച് അക്കാര്യം സുന്നത്തല്ലെന്ന് വരുന്നില്ല - തുഹ്ഫ 1-434).


ആകയാൽ തിരുനബി (സ്വ) പ്രവർത്തിച്ചതല്ലെങ്കിലും ഇന്നത്തെ മൗലിദു കർമ്മവും അതോടനുബന്ധിച്ച സദാചാരങ്ങളുമെല്ലാം സുന്നത്തും പ്രതിഫലാർഹവുമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിലൂടെ മനസ്സിലാക്കാൻ പ്രയാസമില്ല.


ഇന്ന് നടക്കുന്ന മൗലിദ് കർമ്മത്തിലുള്ളതെന്താണ്.? കുറെ മുസ്ലിംകൾ സമ്മേളിക്കും. ആരുടെ മൗലിദാണെങ്കിലും ശരി, ആദ്യം ഒരു ഫാത്തിഹ ഓതി നബി(സ്വ)യുടെയും മറ്റും പേരിൽ ഹദ്‌യ ചെയ്യും. ഇത് സുന്നത്താണെന്ന് തുഹ്ഫ 6-158 ൽ വ്യക്തമാക്കിയിട്ടുണ്ട്. ശേഷം നബി(സ്വ)യുടെ സ്ഥാനമാനങ്ങൾ വിവരിക്കുന്ന ഖുർആൻ വാക്യങ്ങൾ സമ്മേളിച്ചവർ ഓരോരുത്തരും ഓതും. ഖുർആൻ ഓതൽ പുണ്യകർമ്മമാണെന്ന് പറയേണ്ടതില്ലല്ലോ. അതിൽ പിന്നെ നബി(സ്വ)യെയോ മറ്റു മഹാത്മാക്കളെയോ പ്രകീർത്തിച്ച് കൊണ്ട് വിരചിതമായ ഗദ്യങ്ങളും പദ്യങ്ങളും ചൊല്ലും. ഇങ്ങനെ മഹാത്മാക്കളെ പ്രകീർത്തിക്കൽ സൽക്കർമ്മവും സുന്നത്തുമാണെന്നതിൽ പുത്തൻവാദികൾക്ക് പോലും സംശയമില്ല. ആ പ്രകീർത്തനം ആരോ രചിച്ച ഗ്രന്ഥത്തിൽ നോക്കിയായിപ്പോയി, അറബി ഭാഷയിലായിപ്പോയി, എന്നത് കൊണ്ട് പ്രകീർത്തനത്തിന്റെ പുണ്യം എങ്ങനെ നഷ്ടപ്പെടും? ഈ പ്രകീർത്തനം കഴിഞ്ഞു ചിലപ്പോള്‍ വീണ്ടും പ്രാരംഭത്തിൽ ചെയ്ത പോലെ ഖുർആൻ ഓതി നബി(സ്വ)ക്കും മറ്റും പ്രതിഫലം ദാനം ചെയ്ത് പ്രാർത്ഥിക്കും. അതും സുന്നത്താണെന്ന് മുകളിൽ ഉദ്ധരിച്ചുവല്ലോ. ഇനിയത്തെ കർമ്മം നബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിൽ അന്നദാനം പോലുള്ളവ നടത്തുകയാണ്. ഇത്തരം ധർമ്മങ്ങൾ പൊതുവിൽ സുന്നത്തും മരണപ്പെട്ടവരുടെ പേരിൽ പ്രത്യേകം സുന്നത്തും മയ്യിത്തിനു ഫലവത്തുമാണെന്നത് ഇജ്‌മാഉ കൊണ്ട് സ്ഥിരപ്പെട്ടതത്രേ. ഈ ദാനധർമ്മം നബി(സ്വ)യുടെയോ മറ്റു മഹാത്മാക്കളുടെയോ പേരിലാകുമ്പോൾ പുണ്യം കൂടുകയല്ലെയുള്ളൂ? നഷ്ടപ്പെടുന്നതെങ്ങനെ? ഇത്തരം കാര്യങ്ങളാണ് ഇന്ന് സർവ്വ സാധാരണയായി മൗലിദ് കർമ്മങ്ങളിൽ ഉള്ളത്.


അവ ഓരോന്നും പുണ്യമാണ് എന്ന് തെളിഞ്ഞിരിക്കെ എല്ലാം കൂടി ഒത്തു ചേർന്ന് ഒരു രൂപമാകുമ്പോൾ അതെങ്ങനെ പുണ്യമറ്റതാകും? അനാചാരമാകും? ഈ സമ്മേളിത രൂപം 'നബി (സ്വ) പ്രവർത്തിച്ചില്ല' 'സ്വഹാബത്ത് പ്രവർത്തിച്ചില്ല' എന്ന് കരുതി ശർഇന്റെ പൊതുവായ നിർദ്ദേശങ്ങളിൽ ഇത് പെടില്ലെന്നെങ്ങനെ പറയും?! നോക്കുക - മുസ്ലിംകൾക്ക് സന്തോഷം ഉളവാകുന്ന ഏതൊരു കർമ്മവും അത് പ്രത്യേകം വിലക്കപ്പെട്ടിട്ടില്ലെങ്കിൽ അതൊരു قربة (അല്ലാഹുവിന്റെ സാമീപ്യം നേടുവാനുതകുന്ന പുണ്യ കർമ്മം) ആയിരിക്കുമെന്ന് തുഹ്ഫ 10-81 ൽ പ്രസ്താവിച്ചിട്ടുണ്ട്. ഖുർബത്ത് പ്രവർത്തിക്കുവാൻ ആകട്ടെ ഖുർആൻ ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ.


وابتغو اليه الوسيلة

എന്ന ഖുർആൻ വാക്യത്തിന് അല്ലാഹുവിന്റെ സാമീപ്യം നേടുവാൻ ഉതകുന്ന 'ഖുർബത്തുകൾ' പ്രവർത്തിക്കണം എന്നാണു മുഫസ്സിറുകൾ ഒരു വ്യാഖ്യാനം നൽകിയിട്ടുള്ളത്.


അപ്രകാരം തന്നെ خير,معروف

എന്നിവ പ്രവർത്തിക്കുവാനും അതിലേക്ക് അപരരെ ക്ഷണിക്കുവാനും ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്.


ولتكن منكم أمة يدعون إلى الخير ويأمرون بالمعروف الخ

എന്നിത് പോലുള്ള ഖുർആൻ ആയത്തുകൾ ശ്രദ്ധേയമാണ്. ഈ ഖുർആൻ വാക്യങ്ങളിൽ പറഞ്ഞ خير و معروف എന്നിവയുടെ അർത്ഥം ഖുർആൻ വ്യാഖ്യാതാക്കൾ വിവരിച്ചത് കാണുക


المعروف: اسم جامع لكل ما عرف من طاعة الله والاحسان الى الناس جمل – ٤: ٢٣٣ خازن ١: ٢٦٨


(ബഹുജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും അല്ലാഹുവിനുള്ള طاعة ഉം ആയി അറിയപ്പെടുന്ന സർവ്വകാര്യങ്ങളും ഉൾക്കൊള്ളുന്ന പദമാണ്


(الخير: افعال الحسنة الموافقة للشرع)

(ശരഇനു വിരുദ്ധമല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഖൈറ് തന്നെ

(اكليل : ٣: ٤٥ التأويل: ١: ٢٦٨ )


അന്നദാനം പോലുള്ള ജനങ്ങളിലേക്കുള്ള ഔദാര്യങ്ങളും ഖുർആൻ പാരായണം, ദുആ, മദ്ഹ് കീർത്തനം, സ്വലാത്ത്, സലാം ആദിയായ طاعة കളായി അറിയപ്പെടുന്ന കാര്യങ്ങളും മാത്രമാണല്ലോ ഇന്നത്തെ മൗലീദ് കർമ്മത്തിലുള്ളത്. അത് കൊണ്ട് ഇതെല്ലാം ഖുർആൻ നിർദേശിച്ച معروف ൽപെട്ടതും ശർഇനോടനുയോജ്യമായ നല്ല പ്രവർത്തികളിൽ പെട്ടതുമാണെന്ന് സുവ്യക്തം. തദടിസ്ഥാനത്തിൽ ഇത് പുണ്യകർമ്മവും ശർഉ പ്രോത്സാഹിപ്പിച്ചതുമാണ്. ഈ നൽപ്രവർത്തനത്തിലേക്ക് സഹായകമായ മറ്റൊരു സൽപ്രവർത്തനമാണ് മൗലിദ് രചന. അത് കൊണ്ടത്രേ പ്രഗത്ഭരായ പല ഇമാമുകളും മഹാത്മാക്കളുടെ മൗലിദുകൾ രചിച്ചിരുന്നത്.


📚മൗലാനാ നജീബ്‌ ഉസ്താദ്‌ 1989ൽ എഴുതിയ ഒരു ലേഖനം*

*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....