Monday, May 2, 2022

മുഹമ്മദ് നബിയിൽ ഉത്തമ മാതൃക 20-63

 : 

കൃഷി ചെയ്യലും കൃഷിസ്ഥലം പാട്ടത്തിന് മറ്റുള്ളവരെ ഏല്‍പ്പിച്ചു കൊടുക്കൽ


20:അനസ്(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലുമൊരു മുസ്ളിം ചെടി വെച്ചു പിടിപ്പിക്കുകയോ വിത്തു വിതക്കുകയോ ചെയ്തു. അങ്ങനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അതു അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല. (ബുഖാരി. 3. 39. 513)


 വിഷയം: 

ജലദാനം


21:അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരിക്കല്‍ ഒരു മനുഷ്യന്‍ നടന്നു പോകുമ്പോള്‍ അയാള്‍ക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റില്‍ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യന്‍ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസില്‍ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ! നബി(സ) അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി. 3. 40. 551)


ഹദീസ് മലയാളം - വിഷയം: 

ജലദാനം


22:അസ്മാഅ്(റ) പറയുന്നു: നബി(സ) ഒരു ഗ്രഹണനമസ്കാരം നിര്‍വ്വഹിച്ചു. ശേഷം പ്രസംഗിച്ചുകൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ! ഞാന്‍ അവരുടെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞു പോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവര്‍(മലക്കുകള്‍)പറഞ്ഞു. അവള്‍ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി. 3. 40. 552)


വിഷയം: 

ചിലവ്‌ ചെയ്യല്‍


23:അബൂമസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് തന്റെ കുടുംബത്തിന് വേണ്ടി ഒരാള്‍ ധനം ചെലവ് ചെയ്താല്‍ അതവന്റെ പുണ്യദാന ധര്‍മ്മമായി പരിഗണിക്കും. (ബുഖാരി. 7. 64. 263)


 - വിഷയം: 

ചിലവ്‌ ചെയ്യല്‍


അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 7. 64. 265)


 - വിഷയം: 

ആഹാരങ്ങള്‍


24:അബൂഹുറൈറ(റ) നിവേദനം: മൂന്ന് ദിവസം തുടര്‍ച്ചയായി മുഹമ്മദിന്റെ കുടുംബം വയര്‍ നിറച്ചിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 7. 65. 287)


 - വിഷയം: 

ആഹാരങ്ങള്‍


25:ഖതാദ(റ) നിവേദനം: ഞങ്ങള്‍ അനസിന്റെ അടുത്തു ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് അദ്ദേഹത്തിന് റൊട്ടി ചുടുന്ന ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു. അപ്പോള്‍ അനസ്(റ) പറഞ്ഞു: നബി(സ) മരണം വരെ മൃദുവായ റൊട്ടിയോ പ്രായം കുറഞ്ഞ ആട്ടിന്‍കുട്ടിയെ അറുത്തു ചൂടുവെളളത്തില്‍ മുക്കി രോമം കളഞ്ഞു വേവിച്ച് പാകപ്പെടുത്തിയ മാംസമോ കഴിച്ചിരുന്നില്ല. (ബുഖാരി. 7. 65. 297)


 - വിഷയം: 

ആഹാരങ്ങള്‍


26:അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു പേരുടെ ഭക്ഷണം മൂന്നുപേര്‍ക്കും മൂന്നുപേരുടെ ഭക്ഷണം നാലു പേര്‍ക്കും മതിയാകുന്നതാണ്. (ബുഖാരി. 7. 65. 304)



 - വിഷയം: 

ആഹാരങ്ങള്‍


27, :നാഫിഅ്(റ) പറയുന്നു: തന്റെ കൂടെ ഭക്ഷിക്കുവാന്‍ ഒരു ദരിദ്രനെ ക്ഷണിച്ചുകൊണ്ട് വരുന്നതുവരെ ഇബ്നുഉമര്‍(റ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം ആഹാരം കഴിക്കുവാന്‍ ഒരു മനുഷ്യനെ വിളിച്ചുകൊണ്ട് വന്നു. അയാള്‍ അമിതമായി ആഹാരം കഴിച്ചത് കണ്ടപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലയോ നാഫിഅ്! ഈ മനുഷ്യനെ മേലില്‍ എന്റെയടുക്കലേക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. സത്യനിഷേധി ഏഴു വയര്‍ കൊണ്ടും. (ബുഖാരി. 7. 65. 305)



 - വിഷയം: 

ആഹാരങ്ങള്‍


28:അബൂഹുറൈറ(റ) നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലീമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബി(സ)യോട് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി. 7. 65. 309)



 - വിഷയം: 

ആഹാരങ്ങള്‍


29:അബൂജൂഹൈഫ(റ) നിവേദനം: നബി(സ) അരുളി: ഞാനൊരിക്കലും ചാരിയിരുന്നു കൊണ്ട് ഭക്ഷിക്കുകയില്ല. (ബുഖാരി. 7. 65. 310)



 - വിഷയം: 

ആഹാരങ്ങള്‍


30:അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കില്‍ അവിടുന്ന് അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി. 7. 65. 320)


- വിഷയം: 

ആഹാരങ്ങള്‍


31:ആയിശ(റ) നിവേദനം: മദീനയില്‍ വന്നശേഷം നബി(സ) മരിക്കുന്നതുവരേക്കും അവിടുത്തെ കുടുംബം ഗോതമ്പിന്റെ ആഹാരം തുടര്‍ച്ചയായി മൂന്നു ദിവസം വയറുനിറയെ കഴിച്ചിട്ടില്ല. (ബുഖാരി. 7. 65. 327)



 - വിഷയം: 

ആഹാരങ്ങള്‍


32:അബ്ദുല്ല ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദുതന്‍ പറഞ്ഞു: ഒരാള്‍ ആഹാരത്തിനു ക്ഷണിക്കപ്പെടുകയും സ്വീകരിക്കാതിരിക്കയും (അല്ലെങ്കില്‍ മറുപടികൊടുക്കാതിരിക്കയും) ചെയ്യുമ്പോള്‍, അയാള്‍ അല്ലാഹുവിനെയും ദൂതനെയും അനുസരിക്കാതിരിക്കുന്നു. ക്ഷണിക്കാതെ (ഒരു സദ്യക്ക്) പോകുന്നവനാരോ അവന്‍ കള്ളനെപ്പോലെ പ്രവേശിക്കയും കൊള്ളക്കാര നെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യുന്നു. (അബൂദാവൂദ്)


 - വിഷയം: 

ആഹാരങ്ങള്‍


33:അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളില്‍ വല്ലവനും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിക്കട്ടെ. നോമ്പുകാരനാണ് അവനെങ്കില്‍ ക്ഷണിച്ചവനു വേണ്ടി പ്രാര്‍ത്ഥിക്കുകയും നോമ്പില്ലാത്തവനാണെങ്കില്‍ ഭക്ഷിക്കുകയും ചെയ്യട്ടെ. (മുസ്ലിം) 


 - വിഷയം: 

ആഹാരങ്ങള്‍


34:സല്‍മാന്‍(റ) നിവേദനം ചെയ്തു, ദൈവദൂതന്‍(സ) പറഞ്ഞു: ആഹാരത്തിനുമുമ്പും അതിനുശേഷവും കൈകള്‍ കഴുകുന്നതു ആഹാരത്തിന്റെ അനുഗ്രഹമാണ്. (തിര്‍മിദി)



- വിഷയം: 

അറുക്കലും വേട്ടയാടലും


35:അനസ്(റ) നിവേദനം: കുറെ യുവാക്കന്മാര്‍ ഒരു പിടക്കോഴിയെ ബന്ധിച്ച് അമ്പെയ്തു ശീലിക്കുന്നത് അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ ബന്ധിപ്പിച്ച് വധിക്കുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. (ബുഖാരി. 6. 67. 421)



 - വിഷയം: 

അറുക്കലും വേട്ടയാടലും


36:ഇബ്നുഉമര്‍(റ) നിവേദനം: അദ്ദേഹം യഹ്യബ്നുസഅ്ദ്്് ന്റെ അടുത്ത് പ്രവേശിച്ചു. യഹ് യായുടെ ഒരു മകന്‍ ഒരു കോഴിയെ ബന്ധിച്ച് അമ്പെയ്ത് ശീലിക്കുന്നത് അദ്ദേഹം കണ്ടു. ഉടനെ ഇബ്നു ഉമര്‍(റ)അതിന്റെ നേരെ നടന്ന് ചെന്ന് അതിനെ മോചിപ്പിച്ചു. ശേഷം അദ്ദേഹം പറഞ്ഞു: നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ ശാസിക്കുവീന്‍. ജീവികളെ ബന്ധിപ്പിച്ച് വധിക്കുന്നതിന് സംബന്ധിച്ച്. (ബുഖാരി. 6. 67. 422)


 - വിഷയം: 

അറുക്കലും വേട്ടയാടലും


37:ഇബ്നുഉമര്‍ (റ) നിവേദനം: ഏതു ജീവിയുടേയും മുഖത്തടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 6. 67. 449)


 - വിഷയം: 

ചികിത്സ


38:അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ഔഷധമില്ലാത്ത ഒരു രോഗവും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. (ബുഖാരി. 7. 71. 582)



- വിഷയം: 

അക്രമവും അപഹരണവും


39:അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: സത്യവിശ്വാസികള്‍ നരകത്തില്‍ നിന്ന് വിമോചിതരായി കഴിഞ്ഞാല്‍ നരകത്തിനും സ്വര്‍ഗ്ഗത്തിനുമിടക്കുള്ള ഒരു പാലത്തിന്മേല്‍ അവരെ തടഞ്ഞുനിര്‍ത്തും. മുന്‍ജീവിതത്തില്‍ അവര്‍ക്കിടയില്‍ നടന്ന അക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യും. അങ്ങിനെ അവര്‍ തികച്ചും പരിശുദ്ധത നേടിക്കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ക്കനുവാദം നല്‍കും. മുഹമ്മദിന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെ സത്യം! സ്വര്‍ഗ്ഗത്തില്‍ ഒരുക്കി വെച്ചിരിക്കുന്ന വാസസ്ഥലം അവര്‍ തികച്ചും വേര്‍തിരിച്ചു മനസ്സിലാക്കും. ഈ ലോകത്ത് അവര്‍ താമസിച്ചിരുന്ന വീട്ടിനേക്കാളും വ്യക്തമായി അതവര്‍ മനസ്സിലാക്കും. (ബുഖാരി. 3. 43. 620)



 - വിഷയം: 

അക്രമവും അപഹരണവും


40-ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഒരക്രമിക്ക് ദ്രോഹിക്കാന്‍ വിട്ടു കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തില്‍ പ്രവേശിച്ചാല്‍ അവന്റെ ആവശ്യം അല്ലാഹുവും നിര്‍വ്വഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്ളിമിനെ ബാധിച്ച പ്രയാസത്തില്‍ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദു:ഖത്തില്‍ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ളിമിന്റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും. (ബുഖാരി. 3. 43. 622)



 - വിഷയം: 

അക്രമവും അപഹരണവും


41-അനസ്(റ) നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നീ അവനെ സഹായിച്ചുകൊള്ളുക. അനുചരന്മാര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! അക്രമിക്കപ്പെടുന്നവനെ (മര്‍ദ്ദിതനെ) സഹായിക്കുന്നത് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ അക്രമിയെ ഞങ്ങള്‍ എങ്ങിനെ സഹായിക്കും? നബി(സ) അരുളി: അക്രമിയുടെ രണ്ടു കൈയും പിടിക്കുക. (ബുഖാരി. 3. 43. 624)



- വിഷയം: 

അക്രമവും അപഹരണവും


42-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ സ്നേഹിതന്റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്റെ പാപത്തില്‍ ഒരു ഭാഗം ഇവന്റെ മേല്‍ ചുമത്തും. (ബുഖാരി. 3. 43. 629)



 - വിഷയം: 

അക്രമവും അപഹരണവും


43-സഈദ് ബിന്‍ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്റെ ഏഴിരട്ടി ഭൂമി അവന്റെ കഴുത്തിലണിയിക്കപ്പെടും. (ബുഖാരി. 3. 43. 632)


 - വിഷയം: 

അക്രമവും അപഹരണവും


44-അബൂസലമ(റ) പറയുന്നു: എന്റെയും ചില മനുഷ്യരുടെയും ഇടയില്‍ തര്‍ക്കമുണ്ടായി. ആയിശ(റ) യോട് ഈ വിവരം പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അബൂസലമ! നീ ഭൂമിയെ ഉപേക്ഷിക്കുക. നിശ്ചയം നബി(സ) പറയുകയുണ്ടായി. വല്ലവനും ഒരു ചാണ്‍ കണക്കിന്ന് ഭൂമിയില്‍ അതിക്രമം ചെയ്താല്‍ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ്. (ബുഖാരി. 3. 43. 633)



 - വിഷയം: 

അക്രമവും അപഹരണവും


45-ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: അന്യായമായി വല്ലവനും ഭൂമിയുടെ വല്ല അംശവും കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ ഏഴ് ഭൂമിയിലേക്ക് അവനെ താഴ്ത്തിക്കളയും. (ബുഖാരി. 3. 43. 634)


 - വിഷയം: 

അക്രമവും അപഹരണവും


46-ജബല് (റ) പറയുന്നു: ഞങ്ങള്‍ മദീനയില്‍ ഇറാഖിലെ ചില ആളുകളുടെ അടുത്ത് താമസിക്കുമ്പോള്‍ വരള്‍ച്ച ഞങ്ങളെ പിടികൂടി. ഇബ്നു സൂബൈര്‍ ഈത്തപ്പഴം ഞങ്ങളെ തീറ്റിക്കാറുണ്ട്. ഒരിക്കല്‍ ഇബ്നു ഉമര്‍(റ) ഞങ്ങളുടെ അടുത്തുകൂടി നടന്ന് പോയപ്പോള്‍ അദ്ദേഹം പറഞ്ഞു. നിശ്ചയം തന്റെ കൂട്ടുകാരന്റെ അനുവാദം കൂടാതെ രണ്ട് കാരക്ക ഒന്നിച്ചെടുത്ത് ഭക്ഷിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 635)


 - വിഷയം: 

അക്രമവും അപഹരണവും


47-ആയിശ(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി. 3. 43. 637)


 - വിഷയം: 

അക്രമവും അപഹരണവും


48-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു അയല്‍വാസി തന്റെ അയല്‍വാസിയുടെ മതിലിലൊരു മരകഷ്ണം നാട്ടുന്നത് തടയരുത്. ശേഷം അബൂഹുറൈറ(റ) പറയാറുണ്ട്. നബി(സ)യുടെ ഈ നിര്‍ദ്ദേശത്തെ എന്തുകൊണ്ടാണ് നിങ്ങള്‍ അവഗണിക്കുന്നത്?! അല്ലാഹു സത്യം. ഞാന്‍ ഈ നിര്‍ദ്ദേശം നിങ്ങളുടെ ചുമലിലേക്ക് എറിഞ്ഞുകൊണ്ടേയിരിക്കും. (ബുഖാരി. 3. 43. 643)



 - വിഷയം: 

അക്രമവും അപഹരണവും


49-അനസ്(റ) പറയുന്നു: അബൂത്വല്‍ഹത്തിന്റെ വീട്ടില്‍ ജനങ്ങളെ കള്ള് കുടിപ്പിക്കുന്നവനായിരുന്നു ഞാന്‍. അന്ന് അവരുടെ കള്ള് ഈത്തപ്പഴത്തില്‍ നിന്നാണ്. അപ്പോള്‍ വിളിച്ചു പറയുന്നവനോട് ഇപ്രകാരം വിളിച്ചുപറയുവാന്‍ നബി(സ) കല്‍പ്പിച്ചു. അറിയുക, കള്ള് നിഷിദ്ധമാക്കിയിരിക്കുന്നു. അബൂതല്‍ഹത്ത് എന്നോട് പറഞ്ഞു. നീ പുറത്തുപോയി മദ്യത്തെ ഒഴിച്ചു കളയുക. അങ്ങനെ ഞാന്‍ പുറപ്പെട്ടു അതിനെ ഒഴിച്ചു. മദീനയിലെ തെരുവീഥിയിലൂടെ അത് ഒഴുകുവാന്‍ തുടങ്ങി. ചിലര്‍ പറഞ്ഞു: കള്ള് വയറ്റിലാക്കിയവരായി ചിലര്‍ വധിക്കപ്പെട്ടുവല്ലോ. അവരുടെ സ്ഥിതി എന്താണ്? അപ്പോള്‍ അല്ലാഹു ഇറക്കി. (വിശ്വസിക്കുകയും പുണ്യകര്‍മ്മം ചെയ്യുകയും ചെയ്തവര്‍ മുമ്പ് ഭക്ഷിച്ചതില്‍ തെറ്റില്ല). (ബുഖാരി. 3. 43. 644)



 - വിഷയം: 

അക്രമവും അപഹരണവും


50-അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: വഴിയരികില്‍ ഇരിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുവിന്‍. അപ്പോള്‍ അനുചരന്മാര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അതല്ലാതെ മറ്റു സ്ഥലമില്ല. ഞങ്ങളിരുന്നു സംസാരിക്കുന്ന സ്ഥലങ്ങളാണവ. അതിനാല്‍ അതു ഞങ്ങള്‍ക്ക് അനിവാര്യമാണ്. നബി(സ) അരുളി: അവിടെയല്ലാതെ നിങ്ങള്‍ക്കിരിക്കാന്‍ സാധ്യമല്ലെങ്കില്‍ വഴിക്ക് അതിന്റെ അവകാശം നിങ്ങള്‍ വിട്ടുകൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന് അവര്‍ ചോദിച്ചു. നബി(സ) പ്രത്യുത്തരം നല്‍കി. കണ്ണിനെ നിയന്ത്രിക്കുക, ഉപദ്രവത്തെ നീക്കുക. വല്ലവനും സലാം പറഞ്ഞാല്‍ സലാം മടക്കുക. നന്മ ഉപദേശിക്കുക, തിന്മ വിരോധിക്കുക. (ബുഖാരി. 3. 43. 645)



 - വിഷയം: 

അക്രമവും അപഹരണവും


51-അബ്ദുല്ല(റ) നിവേദനം: പിടിച്ചു പറിയും അംഗങ്ങള്‍ ഛേദിച്ചു കളയുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 654)



 - വിഷയം: 

അക്രമവും അപഹരണവും


52-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിശ്വാസിയായിക്കൊണ്ട് ഒരുവന്‍ വ്യഭിചരിക്കുകയോ കള്ള് കുടിക്കുകയോ മോഷ്ടിക്കുകയോ ജനങ്ങള്‍ നോക്കി നില്‍ക്കുന്ന അവസ്ഥയില്‍ പിടിച്ചു പറിക്കുകയോ ചെയ്യുകയില്ല. ബുഖാരി പറയുന്നു: ഇതിന്റെ അര്‍ത്ഥം ആ സന്ദര്‍ഭത്തില്‍ അവന്റെ വിശ്വാസം ഊരിയെടുക്കപ്പെടുമെന്നാണ്. (ബുഖാരി. 3. 43. 655)


 - വിഷയം: 

അക്രമവും അപഹരണവും


53-അബ്ദുല്ല(റ) നിവേദനം: വല്ലവനും തന്റെ ധനത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പോരാടി മരണമടഞ്ഞാല്‍ അവന്‍ രക്തസാക്ഷിയാണ്. (ബുഖാരി. 3. 43. 660)



 - വിഷയം: 

അടിമത്ത മോചനം


54-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മുസ്ളീം അടിമയെ സ്വതന്ത്രനാക്കിയാല്‍ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്റെ അംഗത്തിനും പ്രതിഫലമായി ഇവന്റെ ഓരോ അംശത്തേയും നരകശിക്ഷയില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്. സഈദ്ബ്നുമര്‍ജാന്‍(റ) പറയുന്നു: ഈ ഹദീസുമായി ഞാന്‍ അലിയ്യ്ബ്നു ഹുസൈന്‍(റ)ന്റെ അടുത്ത് ചെന്നു. അപ്പോള്‍ അദ്ദേഹം അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ ആയിരം സ്വര്‍ണ്ണനാണയം കൊടുത്തു വാങ്ങിയ തന്റെ അടിമയെ മോചിപ്പിച്ചു. (ബുഖാരി. 3. 46. 693)



 - വിഷയം: 

അടിമത്ത മോചനം


55-അബൂദര്‍റ്(റ) പറയുന്നു: ഏറ്റവും പുണ്യമുള്ള പ്രവര്‍ത്തനമേതെന്ന് നബി(സ)യോട് ഞാന്‍ ചോദിച്ചു. അവിടുന്ന് അരുളി: അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലുമാണ്. ഞാന്‍ ചോദിച്ചു. ഏത് അടിമയാണ് മോചിപ്പിക്കുവാന്‍ കൂടുതല്‍ നല്ലത്? നബി(സ) പറഞ്ഞു: ഉടമസ്ഥന്റെ പക്കല്‍ കൂടുതല്‍ വിലപിടിച്ച അടിമ. ഞാന്‍ വീണ്ടും ചോദിച്ചു. അതിന് എനിക്ക് കഴിവില്ലെങ്കിലോ? കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്ന ഒരുത്തനെ നീ സഹായിക്കുക. അല്ലെങ്കില്‍ തൊഴിലറിയാത്തവന് തൊഴില്‍ പരിശീലിപ്പിച്ചു കൊടുക്കുക. നബി(സ) പ്രത്യുത്തരം നല്‍കി. അതിനും കഴിവില്ലെങ്കിലോ എന്ന് ഞാന്‍ ആവര്‍ത്തിച്ചു. നബി(സ) അരുളി: മനുഷ്യര്‍ക്ക് ദ്രോഹമേല്‍പ്പിക്കാതെ അവരെ അവരുടെ പാട്ടില്‍ വിട്ടേക്കുക. നിന്റെ ആത്മാവിന് നല്‍കുന്ന വലിയൊരു ദാനമാണിത്. (ബുഖാരി. 3. 46. 694)


 - വിഷയം: 

അടിമത്ത മോചനം


56-അബൂഹുറൈറ(റ) നിവേദനം:നബി(സ) അരുളി: നിങ്ങളില്‍ ആരും തന്നെ നിന്റെ തമ്പുരാന് (റബ്ബിന്ന്) ആഹാരം കൊടുക്കൂ, നിന്റെ തമ്പുരാന് വുളു ഉണ്ടാക്കാന്‍ സഹായിക്കൂ എന്നൊന്നും പറയരുത്. എന്റെ യജമാനന്‍ (സയ്യിദ്) എന്റെ ഉടയോന്‍ (മൌലായ്യ) എന്നോ മറ്റൊ പറഞ്ഞു കൊളളട്ടെ. അപ്രകാരം തന്നെ നിങ്ങളില്‍ ആരും തന്നെ എന്റെ അടിമ എന്റെ വെളളാട്ടി എന്നും പറയരുത്. എന്റെ ഭൃത്യന്‍, എന്റെ പരിചാരകന്‍ എന്നെല്ലാം പറഞ്ഞുകൊള്ളട്ടെ. (ബുഖാരി. 3. 46. 728)



 - വിഷയം: 

അടിമത്ത മോചനം


57-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ വല്ലവന്റെയും അടുക്കല്‍ സ്വഭൃത്യന്‍ ആഹാരവുമായി വന്നാല്‍ അവനെ കൂടിയിരുത്തിയില്ലെങ്കില്‍ ഒന്നോ രണ്ടോ പിടി ഭക്ഷണം അവന്ന് നല്‍കുകയെങ്കിലും ചെയ്യട്ടെ. അതു അധ്വാനിച്ച് പാകം ചെയ്തത് അവനാണല്ലോ. (ബുഖാരി. 3. 46. 732)



ഹദീസ് മലയാളം - വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


58-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ മുസ്ളിം സ്ത്രീകളെ! ഒരു അയല്‍വാസിനി മറ്റേ അയല്‍വാസിനിക്ക് വല്ലതും സമ്മാനിച്ചാല്‍ അതിനെ അവള്‍ താഴ്ത്തിക്കാണിക്കരുത്. പാരിതോഷികമായി നല്‍കിയത് ഒരാട്ടിന്റെ കുളമ്പാണെങ്കിലും ശരി. (ബുഖാരി. 3. 47. 740)


ഹദീസ് മലയാളം - വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


59-ആയിശ(റ) നിവേദനം: അവര്‍ ഉര്‍വ്വാ(റ) യോട് പറഞ്ഞു: എന്റെ സഹോദരിപുത്രാ! നിശ്ചയം ഞങ്ങള്‍ ചന്ദ്രപ്പിറവി കാണും. പിന്നെയും ഒരു ചന്ദ്രപ്പിറവി കാണും. അങ്ങനെ മൂന്ന് ചന്ദ്രപ്പിറവികള്‍ കണ്ടുകൊണ്ട് രണ്ടു പൂര്‍ണ്ണമാസം കടന്നുപോകും. എന്നാലും നബി(സ)യുടെ വീടുകളില്‍ തീയും പുകയുമുണ്ടായിരിക്കുകയില്ല. ഉര്‍വ(റ) അപ്പോള്‍ ആയിശ(റ) യോട് ചോദിച്ചു: എന്റെ മാതൃസഹോദരി, എങ്കില്‍ നിങ്ങളെങ്ങിനെയാണ് ജീവിക്കുക?! ആയിശ(റ) പറഞ്ഞു: രണ്ടു കറുത്ത സാധനങ്ങള്‍ - ഈത്തപ്പഴവും പച്ചവെളളവും - പക്ഷെ നബി(സ)ക്ക് അയല്‍വാസികളായി ചില അന്‍സാരികളും അവര്‍ക്ക് പാല്‍ കറക്കുന്ന ചില മൃഗങ്ങളുമുണ്ടായിരുന്നു. അവയുടെ പാല്‍ നബി(സ)ക്ക് അവര്‍ സമ്മാനിക്കും. അവിടുന്ന് അതില്‍ നിന്ന് ഒരംശം ഞങ്ങള്‍ക്ക് നല്‍കും. (ബുഖാരി. 3. 47. 741)


- വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


60-അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മൃഗത്തിന്റെ കയ്യോ കാലോ എനിക്ക് വല്ലവനും സമ്മാനമായി നല്‍കിയാല്‍ ഞാനതു സ്വീകരിക്കും. വല്ലവനും ഒരു മൃഗത്തിന്റെ കയ്യോ കാലോ തിന്നാന്‍ എന്നെ വിളിച്ചാല്‍ ഞാനാ വിളിക്ക് ഉത്തരം നല്‍കും. (ബുഖാരി. 3. 47. 742)



 - വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


61-ആയിശ(റ) നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! എനിക്ക് രണ്ടു അയല്‍വാസികള്‍ ഉണ്ട്. ഞാന്‍ അവരില്‍ ആര്‍ക്കാണ് സമ്മാനം നല്‍കുവാന്‍ ഏറ്റവും അവകാശപ്പെട്ടത്? നബി(സ) അരുളി: നീയുമായി വാതില്‍ ഏറ്റവും അടുത്തവള്‍ക്ക്. (ബുഖാരി. 3. 47. 767)



 - വിഷയം: 

പാരിതോഷികം - അതിന്റെ ശ്രേഷ്ഠത, അതിനുള്ള പ്രേരണ


62-ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) ഒരിക്കല്‍ ഫാത്വിമാ(റ) യുടെ വീട്ടില്‍ ചെന്നു. അകത്തു പ്രവേശിച്ചില്ല. അലി വന്നപ്പോള്‍ ഫാത്വിമ അദ്ദേഹത്തോട് വിവരം പറഞ്ഞു. അലി(റ) അതു നബിയോട് പറഞ്ഞു. നബി(സ) അരുളി: ഞാനവളുടെ വാതില്‍ക്കല്‍ ചിത്രപ്പണികളുളള ഒരു വിരി കണ്ടു. ഭൌതികാഢംബരങ്ങളുമായി എനിക്കെന്തു ബന്ധം? അലി(റ) ഫാത്വിമ(റ) യുടെ അടുത്തു ചെന്ന് ഈ വിവരം അവരോട് പറഞ്ഞു. അപ്പോള്‍ ഫാത്തിമ(റ) ഞാനെന്ത് വേണമെന്ന് നബി(സ) എന്നോട് കല്‍പ്പിച്ചാലും. അലി(റ) പറഞ്ഞു: ഇന്നയാളുടെ വീട്ടിലേക്ക് അതുകൊടുത്തയക്കുക. അവര്‍ക്കത് വല്ല ആവശ്യവും കാണും എന്ന് നബി(സ) അരുളിയിട്ടുണ്ട്. (ബുഖാരി. 3. 47. 783)


 - വിഷയം: 


വിശം നൽകിയ ജൂത പെണ്ണിനെ വെറുതെ വിടുന്നു.


63-അനസ്(റ) നിവേദനം: ഒരു ജൂതസ്ത്രീ നബി(സ)ക്ക് വിഷം കലര്‍ത്തിയ ആട്ടിന്റെ മാംസം പാരിതോഷികം നല്‍കി. നബി(സ) അതില്‍ നിന്ന് തിന്നു. ഞങ്ങള്‍ അവളെ വധിക്കട്ടെയോ എന്ന് ചോദിക്കപ്പെട്ടു. പാടില്ലെന്ന് നബി(സ) പറഞ്ഞു. അനസ്(റ) പറയുന്നു: നബി(സ)യുടെ ചെറുനാക്കില്‍ അതിന്റെ ശല്യം ദര്‍ശിച്ചു കൊണ്ടിരുന്നു. (ബുഖാരി. 3. 47. 786)


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....