*മുഴുവന്‍ അഭൗതിക പ്രവര്‍ത്തനങ്ങളുടെയും കര്‍ത്താവും സ്രഷ്ടാവുമൊക്കെ പടച്ചവന്‍ മാത്രമാകുന്നു.* അതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവില്‍ നിന്നേ ഉണ്ടാവൂ. അത് അല്ലാഹു അല്ലാത്തവര്‍ക്ക് ഉണ്ടാകും എന്ന് വിശ്വസിച്ചാല്‍ സ്രഷ്ടാവിന് മാത്രമുള്ള കഴിവ് സൃഷ്ടികള്‍ക്ക് കൊടുത്ത കാരണത്താല്‍ ആ വിശ്വാസം ബഹുദൈവാരാധനയായി എന്നാണ് വാദം.
മറുപടി: *മുഅ്ജിസത്തുകള്‍- പ്രവാചകന്മാര്‍ക്കുള്ള അമാനുഷിക സിദ്ധികള്‍ അഭൗതിക കാര്യങ്ങളാണല്ലോ.* അവയില്‍ ധാരാളം കാര്യങ്ങള്‍ പ്രവാചകന്മാര്‍ തന്നെ *നേരിട്ട് ചെയ്യുന്നതാണ്.* ഉദാഹരണം പറയാം. നബി മുഹമ്മദ്(സ) തന്റെ പിറകിലുള്ളത് കാണുന്നു. അഭൗതികമായ കാഴ്ചയല്ലേ? ആരാണ് കണ്ടത്? തിരുനബി! നാളെ ബദ്‌റില്‍, അബൂജഹ്ല്‍ എവിടെയാണ് കൊല്ലപ്പെടുക എന്ന് തിരുനബി ഇന്ന് പറയുന്നു. അഭൗതികമായ അറിവാണിത്. ആരാണ് അറിഞ്ഞത്? തിരുനബി തന്നെ.7 ദിവസമുള്ള യാത്ര ഒരു ദിവസം കൊണ്ട് ഒരു മഹാത്മാവ് സഞ്ചരിക്കുമ്പോള്‍ അവിടെ സഞ്ചരിക്കുന്നത് ആരാണ്? വലിയ്യ് തന്നെ. അല്ലാഹു സഞ്ചരിക്കുകയല്ലല്ലോ. ഇത്തരം കാഴ്ചകളും അറിവുകളും കഴിവുകളും മറ്റും എപ്പോഴെങ്കിലും തിരുനബി മുഹമ്മദ്(സ) അറിയാതെ അവിടുത്തെ മേല്‍ പൊട്ടിവീഴുന്നതൊന്നുമല്ല. *അതവരുടെ കഴിവില്‍ പെട്ട കാര്യങ്ങളാണ്* എന്നതാണ് പണ്ഡിത പക്ഷം. ഇമാം ആമിദി(റ) ഈ പക്ഷമാണ് ശരിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അടിമകള്‍ ഫര്‍ളുകളും സുന്നത്തുകളും പതിവാക്കി അല്ലാഹുവിലേക്ക് അടുക്കുമ്പോള്‍ ദൂരെയുള്ളത് കാണാനും കേള്‍ക്കാനും പറ്റും വിധം അവരുടെ അവയവങ്ങള്‍ക്ക് അല്ലാഹു ശക്തി പകരുമെന്ന് ഇമാം റാസി, ഇബ്‌നു ഹജറില്‍ അസ്ഖലാനി തുടങ്ങിയ പണ്ഡിതര്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാഴ്ച, കേള്‍വി തുടങ്ങിയ കാര്യങ്ങളില്‍ *പ്രത്യേകമായ സിദ്ധി* തന്നെ പ്രവാചകന്മാര്‍ക്ക് അല്ലാഹു നല്‍കിയതായി ഇമാം ഗസ്സാലിയും(റ) വ്യക്തമാക്കിയിട്ടുണ്ട്. അമാനുഷിക സിദ്ധിയാല്‍ ഒരു മഹാത്മാവ് പറക്കുന്നു എന്ന് സങ്കല്‍പിക്കുക. മനുഷ്യന് പറക്കാന്‍ കഴിയില്ല, അല്ലാഹുവിന് മാത്രമേ അഭൗതിക കാര്യങ്ങള്‍ കഴിയൂ എന്ന് പറഞ്ഞാല്‍ പറക്കുന്നത് അല്ലാഹുവാണ് എന്ന് പറയേണ്ടിവരില്ലേ?
അമാനുഷികമായ സിദ്ധികള്‍ അല്ലാഹുവിന്റെ മാത്രം കഴിവാണെന്നും അല്ലാഹു ഒരോ സന്ദര്‍ഭത്തിലും അവയെ പ്രവാചകന്മാരില്‍ സൃഷ്ടിക്കുകയാണന്നും വാദത്തിന് വേണ്ടി സങ്കല്‍പിക്കുക. എന്നാല്‍ തന്നെയും പ്രവാചകന്മാരോട് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കൊണ്ട് സഹായിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ അത് ബഹുദൈവാരാധനയാവുമോ?
ബധിരനായ ഒരാളോട് എന്നെ സഹായിക്കണേ എന്ന് വിളിച്ചാര്‍ത്താല്‍ ശിര്‍ക്കാവുമോ? അയാള്‍ക്ക് കേള്‍ക്കാനുള്ള ശക്തി സാധാരണഗതിയില്‍ നല്‍കിയിട്ടില്ല എന്നത് കൊണ്ട് അല്ലാഹു ഒരിക്കലും നല്‍കില്ല എന്നില്ലല്ലോ. വല്ലപ്പോഴെങ്കിലും നല്‍കാമല്ലോ. നല്‍കിയാല്‍ കേള്‍ക്കാമല്ലോ. ഇനി തീരെ കേട്ടില്ല എന്നത് കൊണ്ട് അയാളെ സഹായം കിട്ടില്ല എന്നല്ലാതെ ശിര്‍ക്കാണെന്ന് എങ്ങനെയാണാവോ വരിക!
*എന്നാല്‍ ചില അമാനുഷിക സിദ്ധികളുണ്ട്. അവയുടെ കര്‍ത്താവ് തന്നെ അല്ലാഹുവാണ്. മരിച്ചവരെ ജീവിപ്പിക്കുന്നത് പോലെ. വഴിപിഴച്ചവരെ ഹിദായത്തിലേക്ക് ചേര്‍ക്കുന്നത് പോലെ. രോഗികളെ ഭേദമാക്കുന്നത് പോലെ. ഇവിടെ പ്രവാചകന്മാര്‍ ഇക്കാര്യങ്ങള്‍ നേരിട്ട് ചെയ്യുന്നില്ല.* അതിന് കാരണങ്ങളായി അല്ലാഹു നിശ്ചയിച്ച പ്രവര്‍ത്തനങ്ങളോട് ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഉദാഹരണം ഈസാ നബി മൃതദേഹത്തോട് ‘ഖും ബി ഇദ്‌നില്ലാഹ്’ എന്നുപറയുമ്പോള്‍ മരിച്ച മനുഷ്യന്‍ എഴുന്നേല്‍ക്കുന്നു. ഇവിടെ പറയുന്നത് ഈസാനബിയും ജീവിപ്പിക്കുന്നത് അല്ലാഹുവുമാണ്. തിരുനബിയെ ഒരാള്‍ സമീപിക്കുന്നു, അവിടുന്ന് അദ്ദേഹത്തോട് മാന്യമായി പെരുമാറുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നു. ഇവിടെ തിരുനബിയുടെ പെരുമാറ്റം കാരണമായി അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ഹിദായത്താക്കുന്നത് അല്ലാഹുവാണ്. ഈസാനബി കുഷ്ഠരോഗിയെ തടവുന്നു. അദ്ദേഹത്തിന്റെ രോഗം സുഖമാവുന്നു.ഇവിടെ തടവുന്നത് ഈസാനബിയും രോഗം മാറ്റുന്നത് അല്ലാഹുവുമാണ്. എങ്കിലും ഈസാ നബി ജീവിപ്പിച്ചു, സുഖപ്പെടുത്തി, തിരുനബി ഹിദായത്താക്കി എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. ഖുര്‍ആനിലും ഹദീസിലും ഇത്തരം പ്രയോഗങ്ങള്‍ എമ്പാടുമുണ്ട്. ഡോക്ടര്‍ രോഗം സുഖപ്പെടുത്തി എന്നു പറയുമ്പോഴും വിഷയം ഇപ്രകാരം തന്നെയാണ്.സാധാരണമായ പ്രയോഗമാണ് അത്.
*അങ്ങനെ പറയുമ്പോള്‍ ഈസാനബി/ തിരുനബി /ഡോക്ടര്‍ എന്നിവര്‍ യഥാക്രമം ജീവന്‍ ലഭിക്കുന്നതിന് / ഹിദായത്ത് ലഭിക്കുന്നതിന് /രോഗം സുഖമാകുന്നതിന് കാരണക്കാരായി എന്നുമാത്രമേ വിശ്വാസികള്‍ മനസിലാക്കുന്നുള്ളൂ.*
*ഇത്തരം കാര്യങ്ങളില്‍ പ്രവാചകന്മാര്‍ക്ക് സ്വേച്ഛ പോലെ(കസ്ബ്) ചെയ്യാനാവില്ല.* എങ്കിലും അതിന്റെ കാരണങ്ങളില്‍ അവര്‍ക്ക് സ്വേച്ഛമാവാം. മാത്രവുമല്ല ആ പ്രവര്‍ത്തനവുമായി ബന്ധപ്പെടുമ്പോള്‍ ആ അത്ഭുതം സംഭവിക്കാന്‍ അവര്‍ക്ക് തേടുകയോ ആഗ്രഹിക്കുകയോ(ത്വലബ്, തമന്നീ) ചെയ്യാം. അപ്പോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് അല്ലാഹു അത് സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. *ഈ വിശാല അര്‍ത്ഥത്തില്‍ പ്രവാചകന്മാര്‍ക്കും മഹാത്മാക്കള്‍ക്കും അമാനുഷിക സിദ്ധികളില്‍(മുഅ്ജിസത്ത്, കറാമത്) ഇഖ്തിയാര്‍ ഉണ്ടെന്ന് പറയാം. ഇമാം നവവിയും ഇബ്‌നുല്‍ ഹജറില്‍ അസ്ഖലാനിയുമൊക്കെ അക്കാര്യം (ഇഖ്തിയാര്‍ ഉണ്ടെന്ന കാര്യം) തുറന്നുപറഞ്ഞിട്ടുമുണ്ടല്ലോ.*
No comments:
Post a Comment