Wednesday, October 28, 2020

ഇസ്‌ലാമും ബഹുസ്വരതയും

 




ഇസ്‌ലാമും ബഹുസ്വരതയും




സമൂഹത്തിനിടയിലെ ബഹുസ്വരതയെ ഇസ്ലാം കൃത്യമായി പരിഗണിക്കുകയും നിയമനിര്‍മാണം നടത്തുകയും ഏത് കാലത്തേക്കും പര്യാപ്തവും യുക്തവുമായ വ്യവസ്ഥിതികള്‍ പ്രമാണ ബന്ധിതമായിത്തന്നെ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.വൈവിധ്യങ്ങള്‍ നിറഞ്ഞ സാംസ്കാരികത്തനിമകള്‍ നിലനില്‍ക്കുന്ന സാമൂഹികാന്തരീക്ഷത്തെ ഏത് രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക ജീവിതവും നമുക്ക് പറഞ്ഞുതരുന്നുണ്ട്.വിവിധ വിശ്വാസാചാരങ്ങള്‍ നിലനില്‍ക്കുന്ന സാമൂഹികാവസ്ഥയുടെ മനശ്ശാസ്ത്രമറിഞ്ഞുകൊണ്ട് സമീപനങ്ങള്‍ രൂപീകരിക്കണമെന്നും നിര്‍ബന്ധിതവും കടുത്തതുമായ രീതീശാസ്ത്രങ്ങള്‍ അപകടകരമായ പരിണതിയായിരിക്കും വിളിച്ചുവരുത്തുകയെന്നും ഇസ്ലാം അടിക്കടിയുണര്‍ത്തുന്നുണ്ട്.

വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഇഴപിരിച്ചിലുകള്‍ വര്‍ദ്ധിച്ച് വരുന്നതിന്‍റെ ഫലമായി ഉയരുന്ന ഇരകളുടെ രോദനങ്ങള്‍ ദൈനംദിനം കൂടിവരുന്ന സാഹചര്യത്തില്‍ ബഹുസ്വര സാംസ്കാരികതയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്‍റെ ഇസ്ലാമിക പാഠങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുകയാണ്.ലോക ചരിത്രത്തിന്‍റെ ഇന്നോളമുള്ള പാഠങ്ങളില്‍ ഇസ്ലാമിനെക്കാള്‍ സുന്ദരമായി ഇത് കൈകാര്യം ചെയ്ത മറ്റൊരു ദാര്‍ശനിക വ്യവസ്ഥിതിയെയും നമുക്ക് കാണാന്‍ സാധ്യമല്ല.നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യം മുഴക്കുന്ന ഇന്ത്യയില്‍ പോലും ബഹുസ്വരതയെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ എല്ലാ വിഭാഗങ്ങള്‍ക്കും സംഭവിക്കുന്നുണ്ടെന്നതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാനാകുന്നതാണ്.തീവ്രവാദ ചിന്താഗതികളും പാര്‍ശ്വവല്‍ക്കരണവും അപരവല്‍ക്കരണവുമെല്ലാം സംഭവിക്കുന്നതും വ്യാപിക്കുന്നതും സാമൂഹികതയെക്കുറിച്ചുള്ള നൈതിക ചിന്താധാരകളിലെ വൈകല്യങ്ങളുടെ സൃഷ്ടിയാണ്.എല്ലാവരെയും പരിഗണിക്കുകയും നീതിപൂര്‍വ്വകമായ ചുറ്റുപാടുകളൊരുക്കിക്കൊടുക്കുകയും ചെയ്യാനുള്ള ബാധ്യത ഇസ്ലാം ഓരോ വിശ്വാസികള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്.സാമൂഹികസമാധാനത്തിന്‍റെ അടിത്തറയായി വൈവിധ്യങ്ങളെയുള്‍ക്കൊണ്ട് ജീവിതപരിസരങ്ങളെ വഴി നടത്തിയതിന്‍റെ ഫലമായി സുന്ദരവും അച്ചടക്കവുമുള്ള തലമുറയെ വാര്‍ത്തെടുത്തതിന്‍റെ നിരവധി ജാജ്ജ്വല്യമാനമായ ചിത്രങ്ങളെ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാകുന്നതാണ്.വിശുദ്ധ ഖുര്‍ആനും പ്രവാചക ജീവിതവും ഇസ്ലാമിക ചരിത്രവും ബഹുസ്വര സാംസ്കാരികതയോട് രൂപപ്പെടുത്തിയ സമീപനങ്ങളെക്കുറിച്ചുള്ള ചെറിയൊരു അന്വേഷണമാണിത്.

ബഹുസ്വരതയെന്നത് വിശാലാര്‍ത്ഥത്തില്‍ ഉപയോഗിക്കാനാകുന്ന പദ പ്രയോഗമാണെങ്കിലും വിവിധ മതവിശ്വാസധാരകള്‍ നിലനില്‍ക്കുന്ന സമൂഹമെന്ന അര്‍ത്ഥത്തിലാണ് ഇത് നാം ഇന്ന് പൊതുവെ ഉപയോഗിച്ച് പോരുന്നത്.വ്യത്യസ്ത മത സമൂഹങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി സൂചിപ്പിക്കുന്നുണ്ട് ‘മതത്തിന്‍റെ കാര്യത്തില്‍ ബല പ്രയോഗമേ ഇല്ല.സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വേര്‍തിരിഞ്ഞിരിക്കുന്നു.അതുകൊണ്ട് ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു.അത് പൊട്ടിപ്പോവുകയേ ഇല്ല.അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’.

ബലപ്രയോഗത്തിലൂടെ മതകീയമായ അന്തരീക്ഷത്തെ ചിട്ടപ്പെടുത്തുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നാണ് ഉദൃത സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്.

‘(നബിയേ),നിനക്കിതാ സത്യ പ്രകാരം വേദ ഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു.അതിന്‍റെ മുന്നിലുള്ള വേദ ഗ്രന്ഥങ്ങളെ ശരി വെക്കുന്നതും അവയെ കാത്തു രക്ഷിക്കുന്നതുമത്രെ അത്.അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച് വിധി കല്‍പ്പിക്കുക.നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപ്പോകരുത്.നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമ ക്രമവും കര്‍മ്മ മാര്‍ഗവും നാം നിശ്ചയിച്ചു തന്നിരിക്കുന്നു.അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു.പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവനുദ്ദേശിക്കുന്നു)അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിക്കുക.അല്ലാഹുവിങ്കലിലേക്കത്രെ നിങ്ങളുടെ മടക്കം’.

മനുഷ്യന് മുന്നില്‍ അല്ലാഹു സത്യമാര്‍ഗം പ്രവാചകന്മാര്‍ മുഖേന കാണിച്ചിട്ടുണ്ട്.അത് പിന്‍പറ്റേണ്ടതും ആ വഴിയിലൂടെ മാത്രം ജീവിതം നയിക്കേണ്ടതും മനുഷ്യന്‍റെ ആത്യന്തിക ബാധ്യതയാണ്.ആ മാര്‍ഗത്തിലേക്ക് നിര്‍ബന്ധിപ്പിച്ച് ആരെയും കൂട്ടേണ്ടതില്ലെന്നാണ് ഈ ആയത്തിലൂടെ അല്ലാഹു ഉദ്ബോധിപ്പിക്കുന്നത്.സത്യം മുന്നിലെത്തിയിട്ടും അതിനെ അവഗണിക്കുന്നത് പാരത്രിക ജീവിതത്തില്‍ പരാജയത്തിനിടയാക്കുമെന്ന് ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്.

വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുതെന്ന ഖുര്‍ആനികാഹ്വാനവും സാമൂഹികാന്തരീക്ഷം സുസ്ഥിതിയോടെ നിലനില്‍ക്കേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.അക്രമവും ബല പ്രയോഗവും ഇസ്ലാമിന്‍റെ മാര്‍ഗമല്ലെന്ന് പ്രഖ്യാപിക്കുന്ന നിരവധി സൂക്തങ്ങള്‍ നമുക്ക് കാണാനാകുന്നതാണ്.ഇസ്ലാമിന്‍റെ ഈ സമാധാന ചിന്താഗതിയാണ് ലോക ചരിത്രത്തിലിത്രത്തോളം ക്രിയാത്മകമായി ഇടപെടാനുള്ള അവസരമൊരുക്കിക്കൊടുത്തത്.മറ്റു മാര്‍ഗങ്ങളായിരുന്നു ഇസ്ലാമിന്‍റെ മുഖമുദ്രയെങ്കില്‍ ഈ പ്രത്യയ ശാസ്ത്രം എന്നേ അകാല മൃതിയടയുന്നതിന് ചരിത്രം സാക്ഷിയാകുമായിരുന്നു.എന്നിരുന്നാലും ചില ധാരണാപിശകുകള്‍ ഇസ്ലാമിനെ വിലയിരുത്തിയതില്‍ മനപ്പൂര്‍വ്വമോ അജ്ഞതമൂലമോ ചിലര്‍ക്കെങ്കിലും സംഭവിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.മുന്‍വിധികളും മുന്‍ധാരണകളും മാറ്റി നിറുത്തി ഇസ്ലാമിനെ വിലയിരുത്തിയാല്‍ തീരാവുന്നതേയുള്ളൂ അത്തരം വൈകല്യങ്ങളൊക്കെയും.അതിനുള്ള മുന്നൊരുക്കങ്ങളാണ് അടിയന്തിരമായി നടക്കേണ്ടത്.ഇസ്ലാമിന്‍റെ അകക്കാമ്പിന്‍റെ രുചിയേതെന്ന് മനസ്സിലാക്കാന്‍ ഇന്നലെകളില്‍ കേരളീയ പരിസരങ്ങളിലെ ഇസ്ലാമിക സ്വാധീനത്തിന്‍റെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ മാത്രം മതിയാകും. ലോകത്തെല്ലായിടത്തും സംഭവിച്ച ഇസ്ലാമിക വ്യാപന ചരിത്രത്തെ അതിനോട് തുലനപ്പെടുത്താന്‍ സാധിക്കുന്നതാണ്.


നൈതികതയുടെ ചരിത്ര സാക്ഷ്യങ്ങള്‍


‘സത്യവിശ്വാസികളേ,നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക.ഒരു ജനതയോടുള്ള അമര്‍ശം നീതി പാലിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്.നിങ്ങള്‍ നീതി പാലിക്കുക.അതാണ് ധര്‍മ്മ നിഷ്ഠയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്.നിങ്ങള്‍ അല്ലാവുവെ സൂക്ഷിക്കുക.തീര്‍ച്ചയായും നിങ്ങള്‍പ്രവര്‍ത്തിക്കുന്നതിനെ ക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു’. ‘മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല.തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’.

‘മത കാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചു മാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു വിലക്കുന്നത്.വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമ കാരികള്‍’.

തുടങ്ങിയ ആയത്തുകളാണ് ഇസ്ലാമിക നൈതികതയുടെ അടിത്തറ.ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും നീതി എന്നത് മാത്രമായിരിക്കണം ഓരോ മുസ്ലിമിന്‍റെയും മുഖമുദ്രയെന്ന് ഉണര്‍ത്തുകയാണ് ഈ സൂക്തങ്ങള്‍. അക്രമം കാണിക്കാത്ത ഏത് മതക്കാരോടും നീതി മാത്രം കാണിക്കണമെന്നും അവരോട് നന്മ ചെയ്യണമെന്നും വിശ്വാസികളോട് നിര്‍ദ്ദേശിക്കുകയാണ് അല്ലാഹു.വൈവിധ്യങ്ങള്‍ നിറഞ്ഞ സമൂഹത്തിലെ ജീവിതം ഏത് രീതിയിലാണ് ക്രമപ്പെടുത്തേണ്ടതെന്ന് ഇവിടെ നിന്നും നമുക്ക് കൃത്യമായി വായിച്ചെടുക്കാനാകുന്നുണ്ട്.ഇവിടെ സംഭവിക്കുന്ന വീഴ്ചകളാണ് നമ്മെ അപകടങ്ങളിലേക്ക് നയിക്കുന്നതും സാമൂഹികാന്തരീക്ഷത്തെ മതങ്ങളുടെ പേരില്‍ അസ്വസ്ഥമാക്കുന്നതും.

ഇസ്ലാമിക ചരിത്രം ശോഭനവും മാതൃകായോഗ്യവുമാണ്.ഇസ്ലാമിക രാഷ്ട്രത്തിന് കീഴില്‍ ജീവിച്ച അമുസ്ലിങ്ങളായ ആളുകളുകളോട് സ്വീകരിച്ച സമീപനങ്ങളെക്കുറിച്ചറിയുമ്പോള്‍ ഇക്കാലത്ത് അത്ഭുതത്തോടെ മാത്രമേ അതിനെ വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.അബൂദാവൂദ്(റ)റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് കാണുക;നബി(സ)പറഞ്ഞു; ‘സൂക്ഷിച്ച് കൊളളുക,അമുസ്ലിം പൗരന്മാരെ വല്ലവരും അടിച്ചമര്‍ത്തുകയോ അവരുടെ മേല്‍ കഴിവിന്നതീതമായ നികുതിഭാരം ചുമത്തുകയോ അവരോട് ക്രൂരമായി പെരുമാറുകയോ അവരുടെ അവകാശങ്ങള്‍ വെട്ടിക്കുറക്കുകയോ ചെയ്യുകയാണെങ്കില്‍ അന്ത്യവിധി നാളില്‍ അവനെതിരില്‍ ഞാന്‍ സ്വയം തന്നെ പരാതി ബോധിപ്പിക്കുന്നതാണ്’.

മറ്റൊരിക്കല്‍ നബി (സ) പറഞ്ഞു;’ആരെങ്കിലും നമ്മുടെ ഒരു ദിമ്മിയെ(ഇസ്ലാമിക ഭരണകൂടത്തെ അംഗീകരിച്ച് ജീവിക്കുന്ന അമുസ്ലിങ്ങള്‍)ദ്രോഹിച്ചാല്‍ അന്ത്യനാളില്‍ ഞാനവന്‍റെ ശത്രുവായിരിക്കും.ഞാന്‍ വല്ലവന്‍റെയും ശത്രുവായി തീരുന്ന പക്ഷം അവനെ ഞാന്‍ പരാജയപ്പെടുത്തുന്നതാണ്’. മുസ്ലിംകള്‍ക്കിടയില്‍ ജീവിക്കുന്ന അമുസ്ലിങ്ങള്‍ക്ക് ഇന്ന് മതേതര നാടുകളില്‍ പോലും ലഭ്യമാകാത്ത അത്രയും വലിയ സമാധാനാന്തരീക്ഷമായിരുന്നു ലഭിച്ചിരുന്നത്.നീതിയും സമത്വവും അവര്‍ക്ക് കൃത്യമായ രീതിയില്‍ അനുഭവിക്കാനവസരം കിട്ടുകയും അതുകൊണ്ട് തന്നെ മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴില്‍ അവര്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നതായി ചരിത്രത്താളുകളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്.സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവും മതപരവുമായി എല്ലാ തലങ്ങളിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യം അമുസ്ലിങ്ങള്‍ക്കുണ്ടായിരുന്നു.

ഖൈബറിലെ ജൂതന്മാരില്‍ നിന്നും കരം പിരിക്കാന്‍ വേണ്ടി അബ്ദുല്ലാഹിബ്നുസഹല്‍ (റ)എന്നവര്‍ നിയോഗിക്കപ്പെട്ടു.അദ്ദേഹത്തിന്‍റെ കൂടെ പിതൃവ്യ പുത്രനായ മഹീശയും പുറപ്പെട്ടു.ഖൈബറിലെത്തിയ ഉടനെ അവിടെത്തെയാളുകള്‍ ഇവര്‍ രണ്ടാളെയും പരസ്പരം വേര്‍പ്പെടുത്തി.ഒറ്റപ്പെടുത്തിയ അബ്ദുല്ലാ(റ)നെ അവര്‍ വധിക്കുകയുണ്ടായി.ഈ വാര്‍ത്ത നബി(സ)യെ മഹീശ അറിയിച്ചു.അവരോട് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട മഹീശയോട് ഘാതകനെ തിരിച്ചറിയാന്‍ ദൃക്സാക്ഷികളില്ലാത്തതിനാല്‍ ജൂതര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യമല്ലെന്നറിയിക്കുകയും പൊതു ഖജനാവില്‍ നിന്നും അബ്ദുല്ല(റ) ന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വേണ്ട നടപടികള്‍ റസൂല്‍(സ) സ്വീകരിക്കുകയും ചെയ്തു(ബുഖാരി)

നബി(സ)യോട് അങ്ങേയറ്റം വിരോധമുണ്ടായിരുന്നെങ്കിലും ജൂതന്മാര്‍ നബിതങ്ങളുടെ നിക്ഷ്പക്ഷതയും നീതിയെയും ശ്ലാഘിക്കുകയും അവരുടെ ആവലാതികള്‍ തിരുസന്നിധിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു.ജൂതന്മാരുടെ മത നിയമമനുസരിച്ച് അവര്‍ക്ക് വിധി നല്‍കുകയുംചെയ്യാറുണ്ടായിരുന്നു(അബൂദാവൂദ്).

സൈദുബ്നുസനാ എന്ന ജൂതന്‍ നബി(സ)ക്ക് അല്‍പം പണം കടം നല്‍കിയിരുന്നു.അയാള്‍ അവധിയെത്തുന്നതിന് മുമ്പ് തന്നെ ആ സംഖ്യ തിരികെയാവശ്യപ്പെട്ടു.എന്നാല്‍ ആ സമയത്ത് നബി(സ)യുടെ കയ്യില്‍ പണം തിരിച്ചു നല്‍കാനുണ്ടായിരുന്നില്ല.ഇതറിഞ്ഞപ്പോള്‍ ആ ജൂതന്‍ തിരുമേനിയുടെ കുപ്പായത്തിന്‍റെ മാറ് പിടിച്ചുവലിച്ചു.ഇതുകണ്ട ഉമറി(റ)ന് ശുണ്ഠി കയറി.അതു കണ്ട് സഹിച്ചിരിക്കാനായില്ല.അദ്ദേഹം ആ ജൂതനോട് കയര്‍ത്തപ്പോള്‍ നബി (സ) ഇപ്രകാരം പറഞ്ഞു;ഉമര്‍,നിന്നില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചത് ഇതല്ല.ശാന്തമായി സംഖ്യ തിരിച്ചു ചോദിക്കാന്‍ ഇയാളോട് ആവശ്യപ്പെടുകയും കടം കൊടുത്തുവീട്ടാന്‍ എന്നെ ഉപദേശിക്കുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.തുടര്‍ന്ന് ചില വ്യവസ്ഥകളുണ്ടാക്കുകയും ആ കടം വീട്ടുകയും ചെയ്തു(മുസ്ലിം)

ഒരിക്കല്‍ ചില ജൂതന്മാര്‍ ‘നിനക്ക് മരണം’ എന്നര്‍ത്ഥത്തിലുള്ള ‘അസ്സം അലൈക്കും’ എന്ന് പറഞ്ഞപ്പോള്‍ ആയിശ ബീവിക്ക് സഹിക്കാനായില്ല.പക്ഷെ, ‘ആത്മനിയന്ത്രണം പാലിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’ എന്ന് പറഞ്ഞ് മഹതിയെ സമാധാനിപ്പിക്കുകയാണ് നബി തങ്ങള്‍ ചെയ്തത്.

മദീനയിലെത്തിയ നബി(സ) മുഹാജിറുകളും അന്‍സ്വാറുകളുമായി ഉടമ്പടിയുണ്ടാക്കി.അതില്‍ അവിടത്തെ ജൂതന്മാരുമായി ചില കരാറുകള്‍ പ്രഖ്യാപിക്കുകയുണ്ടായി.അതിപ്രകാരമായിരുന്നു;’നമ്മുടെ ഭരണത്തിന് കീഴിലുള്ള ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍ നിന്നും ദ്രോഹങ്ങളില്‍ നിന്നും രക്ഷ നല്‍കും.നമ്മുടെ സഹായത്തിനും സംരക്ഷണത്തിനും സ്വന്തം സമുദായാംഗങ്ങളെ പോലെ അവര്‍ക്കും അവകാശമുണ്ട്’.ലോകത്തെ പ്രമുഖ ചരിത്രകാരന്മാരെല്ലാം നബി (സ)തങ്ങളുടെ ഇതര സമുദായങ്ങളുമായുള്ള ഇടപഴകലുകളെ പ്രശംസിച്ചിട്ടുണ്ട്; തോമസ് ആര്‍നോള്‍ഡ് പറയുന്നത് കാണുക;’മുഹമ്മദ് തന്നെ അറബ് ക്രൈസ്തവ ഗോത്രങ്ങളുമായി സന്ധിയിലേര്‍പ്പെട്ടിരുന്നു.അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പു വരുത്തി.അവരുടെ പുരോഹിതര്‍ക്കുണ്ടായിരുന്ന പ്രത്യേകാധികാരങ്ങള്‍ പഴയത് പോലെ നിലനിറുത്തി’.

ഇസ്ലാമിനെതിരെ കലാപമുയര്‍ത്തിയിരുന്ന ബനുഹനീഫ ഗോത്രത്തിന്‍റെ നേതാവ് ശമാമാഇബ്നുഅസല്‍ മുസ്ലിങ്ങളുടെ കയ്യിലകപ്പെട്ടു.അദ്ദേഹത്തെ മദീനയില്‍ കൊണ്ടുവന്ന് പള്ളിയുടെ തൂണില്‍ ബന്ധിച്ചു. വല്ലതും നിനക്ക് പറയാനുണ്ടോയെന്ന് എന്ന് തിരുമേനി ചോദിച്ചപ്പോള്‍ ശമാമ ഇപ്രകാരം പറഞ്ഞു;’മുഹമ്മദേ,താങ്കള്‍ എന്നെ വധിക്കുകയാണെങ്കില്‍ താങ്കള്‍ വധിക്കുന്നത് ഒരു ഘാതകനെയായിരിക്കും,ദയ കാണിക്കുകയാണെങ്കില്‍ താങ്കള്‍ ദയ കാണിക്കുന്നത് കൃതജ്ഞനായ ഒരു വ്യക്തിയോടായിരിക്കും.താങ്കള്‍ മോചന ദ്രവ്യം ആവശ്യപ്പെടുകയാണെങ്കില്‍ എത്രവേണമെങ്കിലും സംഖ്യ പറഞ്ഞാല്‍ മതി’. ഇതുകേട്ടപ്പോള്‍ നബി തങ്ങള്‍ അയാള്‍ക്ക് മാപ്പ് നല്‍കി.നബിയുടെ ഈ പെരുമാറ്റം കണ്ട് മനം മാറി ശമാമ മുസ്ലിമായി.

മഹാനായ ഇബ്നു മസ്ഊദ് (റ) പറയുന്നത് കാണുക;മുസൈലിമത്തുല്‍ കദ്ദാബില്‍ നിന്ന് ഇബ്നുനവാഹാ ,ഇബ്നുഉത്വാല്‍ എന്നീ രണ്ട് ദൂതന്മാര്‍ തിരുനബിയുടെ അടുക്കല്‍ വന്നു.അവരോട് നബി തങ്ങള്‍ ചോദിച്ചു;ഞാന്‍ ദൈവ ദൂതനാണെന്ന് നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ?അപ്പോള്‍ അവര്‍ രണ്ട് പേരും ‘മുസൈലിമയാണ് ദൈവത്തിന്‍റെ ദൂതന്‍ എന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു’ എന്ന് മറുപടി നല്‍കി.അപ്പോള്‍ നബി തങ്ങള്‍ ഇപ്രകാരം മറുപടി നല്‍കി; ‘ഞാന്‍ അല്ലാഹുവിലും അവന്‍റെ എല്ലാ നബിമാരിലും വിശ്വസിക്കുന്നു.ഞാന്‍ ദൂതന്മാരെ കൊല ചെയ്യുന്നവനായിരുന്നെങ്കില്‍ നിങ്ങളെ രണ്ട് പേരെയും കൊലപ്പെടുത്തുമായിരുന്നു’.

നജ്റാന്‍ പ്രദേശത്തെ കൃസ്ത്യാനികളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് സന്ദേശമയച്ചു.ഇത് സ്വീകരിച്ചു കൊണ്ട് അവര്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ മദീന പള്ളിയിലെത്തി.അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നബി (സ) ചെയ്തു കൊടുത്തു.പ്രാര്‍ത്ഥിക്കാന്‍ അവിടെത്തന്നെ സ്ഥലം സജ്ജീകരിച്ചു.നബിയുടെ ഈ സ്വഭാവം കണ്ട് ഇസ്ലാമിന്‍റെ മഹിമ മനസ്സിലാക്കി നജ്റാനിലെ കൃസ്ത്യാനികള്‍ക്ക് പുറമെ അബ്സീനിയ,റോം,ഈജിപ്ത്, തുടങ്ങിയ പ്രദേശങ്ങളിലെ ക്രൈസ്തവ രാജാക്കന്മാരും നബി(സ)യുടെ ദൗത്യത്തെ സ്വീകരിക്കുകയുണ്ടായി.

ജീവിതത്തിന്‍റെ ഏത് നേരവും എല്ലാവരോടും കരുണയും നീതിയും മാത്രമായിരുന്നു നബി തങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്.


മുസ്ലിം ഭരണകൂടങ്ങളും സാമൂഹിക വിനിമയങ്ങളും


പ്രവാചകന്‍ (സ) യെപ്പോലെത്തന്നെ അനുചരന്മാരും ഇതര സമുദായങ്ങളെ പരിഗണിക്കുകയും അവരുടെ അവകാശങ്ങളെ സംരക്ഷിക്കാനും എന്നും മുന്‍പന്തിയിലുണ്ടായിരുന്നു.

ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ ആദ്യത്തെ ഖലീഫ സിദ്ദീഖ്(റ) ഹീറാ നിവാസികളോടുണ്ടാക്കിയ സന്ധിയിലിങ്ങനെ കാണാം;’അവരുടെ ആരാധനാലയങ്ങളും കനീസയും ശത്രുക്കളില്‍ നിന്നും രക്ഷ നേടുന്ന കോട്ടയും പൊളിക്കപ്പെടുന്നതല്ല.മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല’. രണ്ടാം ഖലീഫ ഉമര്‍(റ)ഈയിലാവാസികളുമായുണ്ടാക്കിയ വ്യവസ്ഥകള്‍ കാണുക; അല്ലാഹുവിന്‍റെ അടിമയും മുഅ്മിനീങ്ങളുടെ നേതാവുമായ ഉമര്‍ ഈലിയാ വാസികള്‍ക്ക് നല്‍കുന്ന സംരക്ഷണമാണിത്.’എല്ലാവരുടെയും ചര്‍ച്ചുകള്‍ക്കും കുരിശുകള്‍ക്കും മത സംബന്ധമായ എല്ലാത്തിനും സംരക്ഷണം ഉറപ്പു നല്‍കുന്നു.ആരുടെയും ചര്‍ച്ചുകള്‍ വാസസ്ഥലമാക്കുകയോ നശിപ്പിക്കുകയോ അരുത്.അവയോട് ചേര്‍ന്നു നില്‍ക്കുന്ന വസ്തുവഹകള്‍ കുറച്ച് കളയരുത്.അതുപോലെത്തന്നെ അവരുടെ സ്വത്തുക്കളെയോ കുരിശുകളെയോ പിടിച്ചെടുക്കരുത്.വിശ്വാസ കാര്യങ്ങളില്‍ ആരുടെയും മേല്‍ പ്രതിബന്ധമുണ്ടാക്കുകയോ മതം മാറ്റത്തിന് നിര്‍ബന്ധിക്കുകയോ അരുത്.ആരെയും ഉപദ്രവിക്കാനും പാടില്ല’. (ത്വബ്രി)

‘ഉടമ്പടികള്‍ക്ക് വിധേയമായവനെ (ദിമ്മി)ഉപദ്രവിക്കുകയോ അമിതമായ നികുതി ചുമത്തുകയോ ചെയ്യുന്നവനെതിരെ അന്ത്യദിനത്തില്‍ ഞാന്‍ വാദിക്കുന്നതാണെന്ന്’ മുത്ത് നബി തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഖാലിദുബ്നുവലീദ്(റ)ഉണ്ടാക്കിയ സന്ധിയില്‍ ഇപ്രകാരമായിരുന്നു;’അവരുടെ മഠങ്ങളും ചര്‍ച്ചുകളും നശിപ്പിക്കപ്പെടുകയില്ല.നമസ്കാര വേളയിലൊഴിച്ച് രാത്രിയോ പകലോ അവര്‍ ഇഛിക്കുമ്പോഴെല്ലാം മണിയടിക്കാവുന്നതും വിശേഷ ദിവസങ്ങളില്‍ കുരിശ് എഴുന്നള്ളിക്കാവുന്നതുമാണ്’.

ഫലസ്തീന്‍ കീഴടക്കി ഹിറാക്ലിയസ്സിന്‍റെ മര്‍ദ്ദക ഭരണമവസാനിപ്പിച്ച മഹാനായ ഉമര്‍ (റ)നെ തദ്ദേശ വാസികള്‍ ഹൃദയം തുറന്ന് സ്വീകരിച്ചു.ആ പ്രദേശങ്ങള്‍ ചുറ്റിക്കാണുന്നതിന് വേണ്ടി ഉമര്‍(റ)നോടൊപ്പം ക്രൈസ്തവ പുരോഹിതനായ സഫര്‍ നിയൂസും സംഘവും ഉമര്‍(റ)നെ അനുഗമിച്ചു.നിസ്കാര സമയമായപ്പോള്‍ അതിന് വേണ്ടി സ്ഥലമാവശ്യപ്പെട്ട ഉമര്‍(റ)നോട് അവരുടെ ചര്‍ച്ചില്‍ വെച്ച് നിസ്കരിക്കാനാവശ്യപ്പെട്ടുഎന്നാല്‍ ഉമര്‍ (റ)ഇത് തിരസ്കരിക്കുകയും ‘താനവിടെ വെച്ച് നിസ്കരിച്ചാല്‍ പില്‍ക്കാലത്ത് അവിവേകികളായ മുസ്ലിങ്ങളാരെങ്കിലും അതിന്‍റെ പേരില്‍ അവകാശമുന്നയിക്കുകയും അത് പളളിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തേക്കാം’എന്ന് പറഞ്ഞ് പള്ളിക്ക് പുറത്ത് വസ്ത്രം വിരിച്ച് നിസ്കരിക്കുകയാണ് ചെയതത്.

അംറുബ്നുആസ്(റ)ഒരു ക്രൈസ്തവ സ്ത്രീയുടെ വീട് പൊളിച്ച് നിര്‍ബന്ധപൂര്‍വ്വം പള്ളിയോട് ചേര്‍ത്തു.ആ സ്ത്രീ ഖലീഫ ഉമര്‍(റ)നോട് പരാതിപ്പെട്ടു.മഹാന്‍ ഗവര്‍ണറെ പരാതിയുടെ അടിസ്ഥാനത്തില്‍ വിചാരണക്ക് വിളിച്ചു.ഖലീഫയോട് അംറ് (റ)ഇപ്രകാരം മറുപടി നല്‍കി;’മുസ്ലിങ്ങളുടെ സംഖ്യ വളരെയേറെ വര്‍ദ്ധിച്ചു.പള്ളിയില്‍ സ്ഥലമില്ലാതെ നിസ്കരിക്കാന്‍ പ്രയാസം നേരിട്ടു.അത് വിശാലമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന്‍റെ അടുത്ത് ആ സ്ത്രീയുടെ വീടുണ്ടായിരുന്നു.അതിന് ന്യായമായ വില നല്‍കാമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് വില്‍ക്കാന്‍ തയ്യാറായില്ല.അതിനാല്‍ വീട് പൊളിച്ച് പള്ളിയോട് ചേര്‍ക്കുകയാണ് ഉണ്ടായത്.അതിന്‍റെ വില ആ സ്ത്രീക്ക് ഏത് നേരവും സ്വീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പൊതു ഖജനാവില്‍ നിക്ഷേപിച്ചിട്ടുണ്ട്’. എന്നാല്‍ ഈ മറുപടി ഉമര്‍ (റ) സ്വീകരിച്ചില്ല.പ്രസ്തുത പള്ളിയുടെ ഭാഗം പൊളിച്ച് നീക്കി പകരം ആ ക്രൈസ്തവ സ്ത്രീയുടെ വീട് നിര്‍മ്മിച്ച് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

മുസ്ലിങ്ങളുടെ ഈ സ്വഭാവം മൂലം മറ്റു സമുദായങ്ങള്‍ മുസ്ലിങ്ങളുടെ സാന്നിധ്യത്തെ അതിയായി ആഗ്രഹിച്ചിരുന്നു.അബൂ ഉബൈദ(റ)യുടെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം ജോര്‍ദാന്‍ താഴ്വരയിലെത്തിയപ്പോള്‍ തദ്ദേശവാസികളായ ക്രിസ്ത്യാനികള്‍ മുസ്ലിങ്ങള്‍ക്കിപ്രകാരം എഴുതി; മുസ്ലിങ്ങളേ,ഞങ്ങള്‍ ബൈസാന്‍റിയക്കാരെക്കാള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.അവര്‍ ഞങ്ങളുടെത്തന്നെ വിശ്വാസത്തില്‍ ഉള്ളവരാണെങ്കിലും നിങ്ങളാണ് ഞങ്ങളോട് വാക്കുപാലിക്കുകയും കാരുണ്യം കാണിക്കുകയും അനീതി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത്.

ഈജിപ്തില്‍ ഇസ്ലാമെത്തുന്നത് ഉമര്‍(റ)ന്‍റെ കാലത്താണ്.ഇവിടെ കീഴടക്കിയ ശേഷം അവിടത്തെ നിവാസികളെ നിര്‍ബന്ധിപ്പിച്ച് മത പരിവര്‍ത്തനത്തിന് വിധേയമാക്കുകയെന്ന സ്വഭാവം മുസ്ലിം ഭരണാധികാരികള്‍ സ്വീകരിച്ചിരുന്നില്ല.അവിടെ ഭരണം നടത്തിയ എല്ലാ ഖലീഫമാരും ക്രിസ്ത്യാനികളടക്കമുള്ള അവിടെത്തെ എല്ലാവരോടും നീതി പൂര്‍വ്വകമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.

ലോകത്ത് ഇസ്ലാം വ്യാപിച്ച എല്ലാ നാടുകളിലും ഇതേ ചിത്രം തന്നെയാണ് നമുക്ക് കാണാനാകുന്നത്.ഉത്തരാഫ്രിക്കയിലും ഇസ്ലാമിന്‍റെ സുന്ദരമായ മുഖം ദര്‍ശിക്കാനുള്ള അവസരം ആ നാട്ടുകാര്‍ക്ക് ലഭിക്കുകയുണ്ടായി.ഈജിപ്ത് മുതല്‍ അറ്റ്ലാന്‍റിക്ക് തീരം വരെ പരന്ന് കിടക്കുന്ന വിശാല പ്രദേശമാണ് ഉത്തരാഫ്രിക്ക.അംറുബ്നുല്‍ ആസ്(റ),മുആവിയ(റ),ഉഖ്ബത്തുബ്നു നാഫിഅ്(റ),അബുല്‍ മുഹാജിര്‍ ദീനാര്‍, ഹസ്സാദുബ്നു നുഅ്മാന്‍ ,മൂസബ്നു നുസൈര്‍,ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) തുടങ്ങി ഉത്തരാഫ്രിക്ക ഭരിച്ച എല്ലാ ഭരണാധികാരികളുടെ ചരിത്രവും സൗഹാര്‍ദ്ദത്തിന്‍റെതും സഹിഷ്ണുതയുടെയും വൈവിധ്യങ്ങളോടിഴുകിച്ചേര്‍ന്ന് ജീവിതം നയിക്കാനുള്ള മാനസികാവസ്ഥയുടെയും ഉദാത്തമായ വശങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.അബുല്‍ മുഹാജിര്‍ ദീനാര്‍ ഉത്തരാഫ്രിക്കയുടെ ഭരണം കയ്യാളിയിരുന്ന സന്ദര്‍ബത്തില്‍ അവിടത്തെ പ്രമുഖരായിരുന്ന ബര്‍ബറുകള്‍ മുസ്ലിങ്ങളുടെ സ്വഭാവമഹിമയില്‍ ആകൃഷ്ടരായി ഇസ്ലാം പുല്‍കുകയാണ് ചെയ്തത്.

ഇറാഖില്‍ മുസ്ലിങ്ങളെത്തുമ്പോള്‍ റബീഅ ഗോത്രത്തില്‍ പെട്ട അറബികളായിരുന്നു അവിടെയുണ്ടായിരുന്നത്.പേര്‍ഷ്യക്കാര്‍ക്ക് കീഴിലായിരുന്നു അന്ന് ഇറാഖിന്‍റെ പ്രവിശ്യകള്‍.എന്നാല്‍ മുസ്ലിങ്ങള്‍ ആ നാട് കീഴടക്കിയ ശേഷം അവരുടെ ഭൂമികള്‍ പിടിച്ചടക്കുകയോ ഇസ്ലാമിലേക്ക് കടന്നു വരാന്‍ അവരെ നിര്‍ബന്ധിക്കുകയോ ചെയ്തിരുന്നില്ല.

യഹൂദരും ക്രൈസ്തവരും ബുദ്ധരും സൗരാഷ്ട്ര മതക്കാരുമായിരുന്നു മുസ്ലിങ്ങള്‍ പേര്‍ഷ്യയിലെത്തുമ്പോള്‍ അവിടെ താമസിച്ചിരുന്നത്.മുസ്ലിങ്ങള്‍ പേര്‍ഷ്യ കീഴടക്കിയ സന്ദര്‍ബത്തിലും ആ മതക്കാര്‍ക്കൊന്നും യാതൊരു വിധ പ്രയാസമോ പ്രതിസന്ധിയോ തടസ്സങ്ങളോ അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല.എല്ലാവരുടെയും വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും ചെയ്തു.

ഉബൈദുല്ലാഹിബ്നുസിയാദ് ബസ്വറയിലെ ഗവര്‍ണറായിരുന്ന കാലത്ത് (ഹിജ്റ;55 മുതല്‍ 64 വരെ) അദ്ദേഹത്തിന്‍റെ തൊഴില്‍ കാര്യ മന്ത്രാലയത്തിലെ പേര്‍ഷ്യന്‍ ഉദ്യോഗസ്ഥരുടെ എണ്ണം 140,000 ആയിരുന്നു.മുസ്ലിം ഭരണകൂടവും മറ്റുള്ളവരും തമ്മിലെ ബന്ധം എത്രമായിരുന്നുവെന്ന് ഇതില്‍ നിന്നും ഊഹിക്കാവുന്നതേയുള്ളൂ.പരസ്പരമുളള ഈ ബന്ധം അവസാനം പേര്‍ഷ്യക്കാരിലെ ഭൂരിഭാഗവും ഇസ്ലാം സ്വീകരിക്കുന്നതിലാണെത്തിപ്പെട്ടത്.

ട്രാന്‍സ് ഓക്സിയാന (മാ വറാഅന്നഹ്ര്‍) ഖുതൈബത്തുബ്നുമുസ്ലിമില്‍ ബാഹിലി എന്ന മുസ്ലിം സൈന്യാധിപന്‍ കീഴടക്കിയ ശേഷവും അവിടെയുള്ള നിവാസികളോട് നല്ല രീതിയിലാണ് വര്‍ത്തിച്ചത്.മുസ്ലിങ്ങളുടെ സമീപനത്തിലെ സൗന്ദര്യം കണ്ട് ആ പ്രദേശ വാസികള്‍ കൂട്ടത്തോടെ ഇസ്ലാം സ്വീകരിക്കുകയാണ് ചെയ്തത്.ആളുകള്‍ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് ഒഴുകിയപ്പോള്‍ പ്രവിശ്യാഭരണത്തിന് സാമ്പത്തിക പ്രയാസം നേരിടുകയുണ്ടായി.ഇതിനെ മറികടക്കാന്‍ ഭരണാധികാരികള്‍ നാട്ടുകാരായ പുതുമുസ്ലിങ്ങളില്‍ നിന്നും ജിസ്യ(കപ്പം)വാങ്ങാന്‍ തുടങ്ങി.ഇസ്ലാമിക ശരീഅത്തിന് കടക വിരുദ്ധമായിരുന്നു ഈ നടപടി.എന്നാല്‍ പ്രവിശ്യാ ഗവര്‍ണര്‍മാരുടെ ഈ നടപടിയെക്കുറിച്ചറിഞ്ഞ ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ക്ഷോഭിച്ച് കൊണ്ട് ഇപ്രകാരം കത്തെഴുതുകയുണ്ടായി;’നിങ്ങളുടെ അഭിപ്രായം അല്ലാഹു വികൃതമാക്കട്ടെ,അല്ലാഹു മുഹമ്മദ് നബിയെ അയച്ചത് മാര്‍ഗ ദര്‍ശകനായിട്ടാണ്.നികുതി പിരിവുകാരനായല്ല’

ഇങ്ങനെ എല്ലാ നിലയിലും സൗഹാര്‍ദ്ദ പൂര്‍ണമായ നടപടിക്രമങ്ങളായിരുന്നു മുസ്ലിം ഭരണാധികാരികളില്‍ നിന്നും ഇതര സമൂഹങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നത്.

ഇസ്ലാമിക ഭരണകൂടങ്ങളെല്ലാം തന്നെ പിന്തുടര്‍ന്നിരുന്നത് പ്രവാചകനും തിരുസ്വഹാബത്തും കാണിച്ചു തന്നിരുന്ന അതേ മാതൃകകള്‍ തന്നെയായിരുന്നു.എല്ലാ മത സമൂഹങ്ങള്‍ക്കും അവരുടേതായ രീതി ശാസ്ത്രങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഓരോ ഭരണാധികാരികളും വക വെച്ചു നല്‍കുകയുണ്ടായി.നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങളോ അടിച്ചമര്‍ത്തലുകളോ മുസ്ലിം ഖിലാഫത്തുകള്‍ക്ക് കീഴില്‍ ആര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല.പ്രമുഖ പണ്ഡിതനായ ഡോക്ടര്‍ മുസ്തഫാ സിബാഈ പറയുന്നത് കാണുക;ഉമവി കാലം തൊട്ട് കൃസ്ത്യാനികള്‍ തങ്ങളുടെ ചടങ്ങുകളും ഉത്സവങ്ങളും നടത്തിയിരുന്നത് പൊതു നിരത്തുകളില്‍ വെച്ചായിരുന്നു.കുരിശ് ചുമന്ന് ഘോഷയാത്രകള്‍ നടത്തുന്നത് അവര്‍ പതിവാക്കിയിരുന്നു.മത നേതാക്കډാര്‍ അതില്‍ സംബന്ധിച്ചിരുന്നത് മത വസ്ത്രങ്ങളണിഞ്ഞായിരുന്നു.ഹാറൂണ്‍ റഷീദിന്‍റെ കാലത്ത് ഇസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് കൃസ്ത്യാനികള്‍ വലിയ കുരിശ് ചുമന്ന് വമ്പിച്ച പ്രകടനം നടത്തിയിരുന്നുچ9

ഇസ്ലാമിക രാഷ്ട്രം മത മേധാവികള്‍ക്ക് തങ്ങളുടെ മേഖലകളില്‍ പൂര്‍ണ്ണസ്വാതന്ത്ര്യമനുഭവിക്കുകയും തങ്ങളുടെ അനുയായികളുടെ മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കുകയും ചെയ്തിരുന്നു.ഭരണകൂടം അതിലൊന്നും ഇടപെട്ടിരുന്നില്ല.റോമാ ഭരണാധികാരികളുടെ കാലത്ത് അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്ത സ്വാതന്ത്ര്യമാണ് സ്വദേശികളായ കൃസ്ത്യാനികള്‍ക്ക് മുസ്ലിങ്ങളില്‍ നിന്ന് ലഭിച്ചത്.

എന്നിരുന്നാലും ഇത്തരം സുന്ദരമായ ചരിത്ര ചിത്രങ്ങളെ അവഗണിക്കുകയും മുസ്ലിങ്ങള്‍ക്കെതിരെയും മുസ്ലിം ഭരണാധികാരികള്‍ക്കെതിരെയും ആരോപണമുന്നയിക്കുകയും ചെയ്യുന്നവരെയും നമുക്ക് ലോകത്ത് കാണാനാവുന്നതാണ്.ഇസ്ലാമിന് കീഴില്‍ മറ്റു സമൂഹങ്ങള്‍ക്ക് പീഢനങ്ങളും പ്രയാസങ്ങളും മാത്രമായിരുന്നു എന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ചരിത്രകാരന്മാരും നമുക്കിടയില്‍ സുലഭമാണ്.ഇസ്ലാമിന്‍റെ വ്യാപനത്തിന് വാളിന്‍റെ സഹായം അനിവാര്യമായിരുന്നു എന്ന് വാദിക്കുന്നവരെയും ചരിത്രവും വര്‍ത്തമാനവും നമുക്ക് പറഞ്ഞു തരുന്നുണ്ട്.ഇസ്ലാമിക ചരിത്രത്തെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ മടിയുള്ളവരാണ് ഇതിനൊരുങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.എന്നാല്‍ ലോകത്തുടനീളമുള്ള ഇസ്ലാമിക വ്യാപനത്തെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷം ഗ്രന്ഥമെഴുതിയ ഡോക്ടര്‍ തോമസ് ആര്‍നോള്‍ഡ് പറയുന്നത് കാണുക;ക്രൈസ്തവരോട് മുസ്ലിം ഭരണത്തിന്‍റെ ആദ്യ കാലത്ത് കാണിച്ച സഹിഷ്ണുതയുടെ വെളിച്ചത്തില്‍ വാളാണ് മത പരിവര്‍ത്തനത്തിന്‍റെ മുഖ്യ ഉപകരണം എന്ന വാദം ഒട്ടും തൃപ്തികരമല്ലാത്തതാകുന്നു(ഇസ്ലാം;പ്രബോധനവും പ്രചാരവും)

തോമസ് ആര്‍നോള്‍ഡ് ദഹ്നോബിയെ ഉദ്ദരിച്ച് പറയുന്നത് കാണുക;മത വിശ്വാസം രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്നും മുക്തമായപ്പോള്‍ വ്യക്തിപരമായ വിശ്വാസത്തെ കയ്യേറ്റം ചെയ്യുന്നതില്‍ നിന്നും അകന്ന് നിന്ന ഏറ്റവും ഉദാത്തമായ മതം ഇസ്ലാം മാത്രമായിരുന്നു എന്ന് കാണാം.രാഷ്ട്രത്തിന്‍റെ ഭദ്രത ഭീഷണിക്ക് വിധേയമായപ്പോള്‍ ഇസ്ലാമിക ഭരണകൂടങ്ങള്‍ മതപരമായ ഏകീകരണത്തിന് എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ പ്രേരിതമായി.അപ്പോള്‍ പോലും ഇസ്ലാമിക മൂല്യങ്ങളില്‍ നിന്നും ഉയിര്‍കൊണ്ട ഉദാരതയുടെ ഈ തത്വം അതിന്‍റെ പരമകാഷ്ഠയില്‍ തന്നെയായിരുന്നു.പീഢനത്തിന്‍റെയും ബലാല്‍കാരത്തിന്‍റെയും യാതൊരു ലാഞ്ജനയും എവിടെയും നമുക്ക് കാണാനാകുന്നില്ല.

പ്രവാചകനാന്തരമുളള എല്ലാ ഖിലാഫത്തുകള്‍ക്ക് കീഴിലും വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട് ഭരണം നടത്താനും ഇതര സമൂഹങ്ങളുമായുള്ള സാംസ്കാരിക വിനിമയങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മുസ്ലിങ്ങള്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

സ്പെയിന്‍ മുസ്ലിങ്ങളുടെ അധീനതയില്‍ വരുന്നതിന് മുമ്പ് തന്നെ അവിടെയുള്ള ക്രൈസ്തവ ഭരണാധികാരിയായിരുന്ന റെഡറിക്കിന്‍റെ ശല്യത്തില്‍ നിന്നും സ്പെയിന്‍ നിവാസികളെ രക്ഷിക്കാന്‍ ആവശ്യപ്പെട്ട് മറ്റൊരു ക്രൈസ്തവ നേതാവായിരുന്ന ജൂലിയാന്‍ മുസ്ലിങ്ങളുടെ സേനാനായകനായിരുന്ന മൂസബ്നു നുസൈറിനോട് സഹായമാവശ്യപ്പെട്ടത് ചരിത്രത്താളുകളിലെ തുല്യതയില്ലാത്ത മാതൃകയാണ്.എന്നാല്‍ സ്പെയിന്‍ കീഴടക്കി എട്ട് നൂറ്റാണ്ടുകളോളം ഭരണം നടത്തിയിട്ടും അവിടുത്തെ മറ്റു മതസ്ഥരോട് ജേതാക്കള്‍ എന്ന നിലയില്‍ ഗോത്തിക്കുകളോട് പ്രതികാരം ചെയ്യുകയോ ക്രിസ്തുമത വിശ്വാസികളെ ഉډൂലനം ചെയ്യുകയോ ചെയ്തിരുന്നില്ല.എന്നാല്‍ മുസ്ലിങ്ങളില്‍ നിന്നും ഭരണം തിരിച്ചു പിടിച്ചതിന് ശേഷം ഫെര്‍ഡിനന്‍റും ഇസബെല്ലയും മുസ്ലിങ്ങള്‍ അവരോട് കാണിച്ചിരുന്നതിന് നേരെ വിപരീതമായാണ് പ്രവര്‍ത്തിച്ചത്.

മത സ്വാതന്ത്ര്യം വക വെച്ചു നല്‍കുകയെന്നത് മാത്രമായിരുന്നില്ല മുസ്ലിങ്ങളും ഇതര സമൂഹങ്ങളും തമ്മിലെ ബന്ധത്തില്‍ നിഴലിച്ച് നിന്നിരുന്നത്.സാമൂഹികവും ഭൗതികവുമായ വികാസത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഇതര സമൂഹങ്ങളില്‍ നിന്നും സ്വീകരിക്കാനും ഇസ്ലാമിക ഭരണ കൂടങ്ങള്‍ നേതൃത്വം നല്‍കിയിരുന്നു.വിവിധ വൈജ്ഞാനിക ശാഖകള്‍ക്ക് അടിത്തറ പാകിയ ആദ്യ കാല മുസ്ലിങ്ങള്‍ അറിവുകള്‍ സ്വീകരിക്കാന്‍ ഇതര സമൂഹങ്ങളിലെ ആളുകളാല്‍ വിരജിതമായ കൃതികളെയായിരുന്നു ആശ്രയിച്ചിരുന്നത്.ഗ്രീക്ക്,പേര്‍ഷ്യന്‍ അടക്കമുള്ള കൃതികളെ അറബിയിലേക്ക് ഭാഷാന്തരം നടത്താനും അതിനെ പ്രോത്സാഹിപ്പിക്കാനും വ്യവസ്ഥാപിതമായ മാര്‍ഗങ്ങളും സംവിധാനങ്ങളും അവിടെയുണ്ടായിരുന്നു.അബ്ബാസി ഖിലാഫത്തിന് കീഴിലുണ്ടായിരുന്ന ബൈതുല്‍ ഹിഖ്മ ഇതിന്‍റെ മകുടോദാഹരണമായിരുന്നു.പ്രവാചക കാലം മുതല്‍ മുതല്‍ ഉസ്മാനിയ്യ ഖിലാഫത്ത് വരെ നീണ്ടു നില്‍ക്കുന്ന ഓരോ ഭരണകൂടങ്ങള്‍ക്ക് കീഴിലും ഇത്തരം സാമൂഹിക മുന്നേറ്റത്തിന്‍റെ പാതയില്‍ കാലാനുസൃതമായ പരസ്പര സഹകരണത്തിന്‍റെയും വിനിമയത്തിന്‍റെയും സുന്ദരവും ശോഭനവുമായ ചിത്രങ്ങള്‍ നിരവധി നമുക്ക് കാണാവുന്നതാണ്.


ഉസ്മാനിയ്യ ഖിലാഫത്ത് പകര്‍ന്ന മാതൃകകള്‍


ഉസ്മാനിയ്യ ഖിലാഫത്തിന് കീഴിലെ ഇതര സമൂഹങ്ങളുടെ ജീവിതം ഭാസുരവും ആരെയും ആകര്‍ഷിപ്പിക്കുന്നതുമായിരുന്നു.എഡി.1288 മുതല്‍ 1700 വരെയായിരുന്നു ഉസ്മാനിയ്യാഖിലാഫത്തിന്‍റെ സുവര്‍ണ്ണ കാലം.1700 മുതല്‍ 1924 വരെ ക്ഷയോന്മുഖമായ അവസ്ഥയിലും ഈ മുസ്ലിം ഭരണകൂടം മുന്നോട്ട് നീങ്ങി.ഇസ്ലാമിക ശരീഅത്തിന്‍റെയടിസ്ഥാനത്തിലായിരുന്നു ഭരണം നീങ്ങിയിരുന്നതെങ്കിലും സാമ്രാജ്യത്തിന് കീഴിലെ ഇതര മത ജാതി വംശീയ വിഭാഗങ്ങള്‍ക്കെല്ലാം വിശ്വാസപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യത്തോടൊപ്പം പ്രാദേശിക സ്വയം ഭരണാവകാശം കൂടി നല്‍കിയ മതേതര ഫെഡറല്‍ സ്വഭാവത്തോട് കൂടിയ ഭരണ സംവിധാനമായിരുന്നു ഉസ്മാനികളുടേത്.

എല്ലാ ഇസ്ലാമിക രാജ്യങ്ങളിലുമെന്ന പോലെ ഉസ്മാനി ഭരണകൂടത്തിന് കീഴിലും അമുസ്ലിം പ്രജകള്‍ക്ക് മാന്യമായ പെരുമാറ്റമാണ് ലഭിച്ചത്.അവര്‍ക്ക് പൂര്‍ണ്ണമായ മത സ്വാതന്ത്ര്യം ലഭിക്കുകയും സാമ്പത്തിക സാമൂഹിക രംഗത്ത് സ്വന്തമായി അഭിവൃദ്ധി നേടാനും വികസിക്കാനുമുള്ള അവസരം ഉദാരമായി അനുവധിക്കപ്പെടുകയും ചെയ്തു.(വിജ്ഞാനകോശം;450/6)

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കിയ ശേഷം സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് അതിനെ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമാക്കിയപ്പോള്‍ മതാധിഷ്ഠിതമായ നാല് മില്ലത്തുകളാണ് അന്ന് അവിടെയുണ്ടായിരുന്നത്.

നഗരങ്ങളില്‍ ഓരോ മില്ലത്തിനും പ്രത്യേകം വാസ സ്ഥലങ്ങളും അതിനോടനുബന്ധിച്ച് ആരാധനാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉണ്ടായിരുന്നു.ഓരോ മത വിഭാഗത്തിനും അവരുടേതായ സാംസ്കാരികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിഞ്ഞു എന്നതാണ് ഈ സംവിധാനത്തിന്‍റെ മെച്ചം.

ഉസ്മാനീ സല്‍ത്തനത്തിന് കീഴില്‍ ഓരോ മത മേധാവികള്‍ക്കും കാര്യങ്ങള്‍ സ്വന്തം മത വിധി പ്രകാരം നടത്താന്‍ അനുവാദമുണ്ടായിരുന്നു.ഓരോ മില്ലത്തുകളും സ്വന്തം നിലക്ക് സ്കൂളുകളും വൃദ്ധ സദനങ്ങളും സാധു പരിപാലന കേന്ദ്രങ്ങളും സ്ഥാപിക്കുകയും റോഡുകള്‍ നിര്‍മ്മിക്കുകയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു.പൊതുവായ പ്രശ്നങ്ങളുടെ പരിഹാരത്തിനായി വിവിധ മില്ലത്തുകളുടെ നേതാക്കള്‍ സംയുക്തമായി സമ്മേളിക്കുകയും പൊതുവായ ആഘോഷങ്ങളുടെ സമയത്ത് അവര്‍ പരസ്പരം സഹകരിക്കുകയും ചെയ്തു.വിവിധ മില്ലത്തുകള്‍ ഇങ്ങനെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത് ഏറ്റവും ആധുനികമായ ഒരു സെക്കുലര്‍ ഫെഡറല്‍ സ്റ്റേറ്റിന്‍റെ വിതാനത്തിലേക്ക് ഉയര്‍ത്തുന്നതായിരുന്നു ഈ മില്ലത്ത് വ്യവസ്ഥ.

ക്രിസ്ത്യാനികള്‍ക്കും ജൂതډാര്‍ക്കുമിടയിലുണ്ടായിരുന്ന പ്രശ്നങ്ങളും സംഘര്‍ഷങ്ങളും മുസ്ലിം സുല്‍ത്താډാരായിരുന്നു ഇല്ലാതാക്കിയിരുന്നത്.ചരിത്രത്തിലെക്കാലത്തും ക്രൈസ്തവരും ജൂതന്മാരും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.ഈ രണ്ട് മതങ്ങള്‍ക്കിടയില്‍ വര്‍ഗപരമായ വിരോധങ്ങള്‍ നിലനിന്നതായി കാണാവുന്നതാണ്.എന്നാല്‍ ഇസ്ലാമിനോട് ജൂതര്‍ കടുത്ത വിരോധം വെച്ചു പുലര്‍ത്തിയിരുന്നെങ്കിലും അവരോട് സഹിഷ്ണുതയുടെതായ സമീപനമായിരുന്നു മുസ്ലിങ്ങള്‍ സ്വീകരിച്ചിരുന്നത്.ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ഇതിന് കണ്ടെത്താന്‍ സാധിക്കുന്നതാണ്.ഫലസ്തീന്‍റെ മണ്ണില്‍ ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി സാമ്രാജ്യത്വ ശക്തികളുടെ പിന്‍ബലത്തോടെ ജൂതര്‍ ശ്രമം നടത്താന്‍ തുടങ്ങിയത് മുതലാണ് ജൂതരെ പരസ്യമായി എതിര്‍ക്കാന്‍ മുസ്ലിം ലോകം തയ്യാറാകുന്നത്.

ഉസ്മാനീ ഖിലാഫത്തിലെ ഭരണാധികാരികളെപ്പോലെ തന്നെയായിരുന്നു അവിടുത്തെ സാധാരണക്കാരായ മുസ്ലിങ്ങളും.അതിനെക്കുറിച്ചുള്ള വിവരണം കാണുക;തുര്‍ക്കി ജനതയില്‍ എന്നെ ഏറെ ആകര്‍ഷിച്ച കാര്യം ,ഉയര്‍ന്ന മേധാ ശക്തിയും ശുചിത്വ ബോധവും ഉള്ളവരാണെങ്കിലും അഹന്തയുടെയോ ദുരഭിമാനത്തിന്‍റെയോ കണിക പോലും അവരിലില്ല എന്നതാണ്.പ്രഗത്ഭരായ അമീറുമാരും മന്ത്രിമാരും വരെ സാധാരണക്കാരെ പോലെയാണ് അങ്ങാടിയില്‍ ഇറങ്ങി നടക്കാറുള്ളത്.ആറ് നൂറ്റാണ്ട് കാലം ഒരു സാമ്രാജ്യത്വ ശക്തിയായി നിലനിന്നിട്ട് പോലും ആഢംബരവും ആര്‍ഭാടവും അവരെ പിടികൂടിയിരുന്നില്ല.

ആര്‍ക്കും വിശ്വസിക്കാന്‍ പറ്റിയ വിഭാഗമായിരുന്നു ഉസ്മാനി ഖിലാഫത്തിന് കീഴിലെ മുസ്ലിങ്ങള്‍.ഡബ്ളിയൂ,എസ് സെഡോ എഴുതുന്നത് കാണുക;നല്ല വിശ്വാസ്യത ആവശ്യമായി വരുന്ന ഏതെങ്കിലും ജോലി ആവശ്യമായി വരുമ്പോള്‍ അത് ഗ്രീക്കുകാരെയോ ജര്‍മ്മനിക്കാരെയോ യഹൂദികളെയോ ഏല്‍പ്പിക്കാതെ തുര്‍ക്കികളെ ഏല്‍പ്പിക്കണമെന്ന് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കച്ചവടക്കാര്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. (ഉദ്ധരണം;ദൗലത്തെ ഉസ്മാനി,ശിബ്ലി നുഹ്മാനി)


മുസ്ലിങ്ങള്‍ സംരക്ഷിച്ച ഇന്ത്യന്‍ ബഹുസ്വരത


ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളുടെ ചരിത്രമെടുത്ത് പരിശോധിച്ച് നോക്കിയാലും മത സൗഹാര്‍ദ്ദത്തിന്‍റെയും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്‍റെയും മാതൃകാപരമായ നടപടി ക്രമങ്ങള്‍ നമുക്ക് മഞ്ഞക്കണ്ണടയുടെ സ്വാധീനമില്ലാത്ത ചരിത്ര പുസ്കതകങ്ങളില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്.

സിന്ധ് ആക്രമിച്ച് കീഴടക്കിയ മുഹമ്മദുബ്നു ഖാസിമിന് സിറിയന്‍ ഗവര്‍ണറായിരുന്ന ഹജ്ജാജുബ്നുയൂസുഫ് അയച്ച കത്ത് ഇപ്രകാരമായിരുന്നു;അവര്‍ നമ്മുടെ സംരക്ഷണ വ്യവസ്ഥയില്‍ വരികയും നികുതി ദായകരായി മാറുകയും ചെയ്തിരിക്കെ നാം മറ്റെന്താണ് അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.?.അവരുടെ ദൈവങ്ങളെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നാം അനുവദിച്ചിരിക്കുന്നു.ഒരാളെയും തന്‍റെ മതത്തില്‍ നിന്നും പിന്തിരിപ്പിക്കാനോ ആരാധനാനുഷ്

ഠാനങ്ങളില്‍ നിന്നും തടയുവാനോ പാടുള്ളതല്ല.

സിന്ധ് കീഴടക്കിയ മുഹമ്മദുബ്നുഖാസിമിനെക്കുറിച്ച് ഈശ്വരീപ്രസാദ് എന്ന ചരിത്രകാരന്‍ പറയുന്നത് കാണുക;അദ്ദേഹം ബ്രാഹ്മണരോട് അവരുടെ മാന്യതക്കും പദവിക്കുമനുസരിച്ച് പെരുമാറിയിരുന്നു.മത സ്വാതന്ത്ര്യം അനുവധിക്കപ്പെട്ടു.ആരാധനാലയങ്ങളുടെ കാര്യത്തില്‍ ബ്രാഹ്മണരുടെ അവകാശങ്ങള്‍ മാനിക്കപ്പെടുകയും ചെയ്തു.

ഇന്ത്യ ഭരിച്ച എല്ലാ മുസ്ലിം ഭരണാധികാരികളും ഇതര സമൂഹങ്ങളോട് സഹവര്‍ത്തിത്വത്തിന്‍റേതായ നയമായിരുന്നു സ്വീകരിച്ചിരുന്നത്.എഴുതപ്പെട്ട ചരിത്രങ്ങള്‍ പാര്‍ശ്വവല്‍ക്കരണത്തിന് വിധേയമായില്ലായിരുന്നെങ്കില്‍ അത് ഇന്ത്യ മുഴുവന്‍ ഇന്ന് കൊണ്ടാടപ്പെടുമായിരുന്നു.പക്ഷെ മുസ്ലിം ഭരണാധികാരികളില്‍ അധിക പേരും തെറ്റിദ്ധരിപ്പിക്കപ്പെടുകയാണുണ്ടായത്.പണ്ഡിറ്റ് സുന്ദര്‍ ലാല്‍ എഴുതുന്നത് കാണുക;അക്ബര്‍ ,ജഹാംഗീര്‍,ഷാജഹാന്‍,എന്നിവരുടെ കാലത്തും ഔറന്‍ഗസീബിന്‍റെയും പിന്‍ഗാമികളുടെയും കാലത്തും ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്.രണ്ട് മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു.മതത്തിന്‍റെ പേരില്‍ ആരോടും ഒരു വിവേചനവും കാണിച്ചിരുന്നില്ല.എല്ലാ ചക്രവര്‍ത്തിമാരും നിരവധി ക്ഷേത്രങ്ങള്‍ക്ക് ഒട്ടേറെ ഭൂസ്വത്തുക്കള്‍ നല്‍കുകയുണ്ടായി.ഇന്നും ഇന്ത്യയിലെ വിവിധ ക്ഷേത്ര പൂജാരികളുടെ വശം ഔറന്‍ഗസീബിന്‍റെ ഒപ്പുള്ള രാജകല്‍പന നിലവിലുണ്ട്.അവ അദ്ദേഹം പാരിതോഷികങ്ങളും ഭൂ സ്വത്തുക്കളും നല്‍കിയതിന്‍റെ സ്മരണയത്രെ.ഇത്തരം രണ്ട് കല്‍പനകള്‍ ഇന്നും ഇലഹാബാദിലുണ്ട്.അവയിലൊന്ന് സോമനാഥ ക്ഷേത്രത്തിലെ പൂജാരിയുടെ വശമാണ്.

എന്നാല്‍ ചില മുസ്ലിം നാമധാരികളായ ഭരണാധികാരികള്‍ ക്ഷേത്ര ധ്വംസനം നടത്തിയതായി കാണാവുന്നതാണ്.എന്നാല്‍ നിക്ഷ്പക്ഷ വായനയില്‍ ഇത് കേവല സാമ്പത്തിക താല്‍പര്യം മാത്രമായിരുന്നു ഇതിന് പിന്നിലെന്ന് ബോധ്യമാകുന്നതാണ്.ഡോക്ടര്‍ സികെ കരീം തന്‍റെ ചരിത്രപഠനങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഇത് വിശദീകരിക്കുന്നുണ്ട്.

ടിപ്പു സുല്‍ത്താനാണ് ഇന്ത്യയില്‍ ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെട്ട മുസ്ലിം ഭരണാധികാരി.എന്നാല്‍ ഇദ്ദേഹത്തെ പോലെ ഇതര സമുദായങ്ങളെ പരിഗണിക്കുകയും അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുകയും ചെയ്ത മറ്റൊരു ഭരണാധികാരിയെയും ഇന്ത്യാചരിത്രത്തില്‍ നമുക്ക് കാണാനാവുകയില്ല.ബ്രിട്ടീഷുകാരുടെ സില്‍ബന്ധികളായി പ്രവര്‍ത്തിച്ചിരുന്ന സവര്‍ണത്തമ്പുരാക്കന്മാരാണ് ഇവിടെ ചരിത്ര രചനക്ക് നേതൃത്വം നല്‍കി എന്നതാണ് അവര്‍ക്ക് മുന്നില്‍ വിലങ്ങ് തടിയായി നില നിന്നിരുന്ന ടിപ്പു സുല്‍ത്താനെ ഇതര സമുദായങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ച ഭരണാധികാരിയായി എഴുതപ്പെടാന്‍ കാരണം.എന്നാല്‍ ടിപ്പു സുല്‍ത്താന്‍റെ ജീവ ചരിത്രം നിക്ഷ്പക്ഷമായി വിലയിരുത്തിയ രാഷ്ട്ര പിതാവിന്‍റെ അഭിപ്രായം കാണുക;വിദേശ ചരിത്രകാരന്മാരന്മാര്‍ ടിപ്പുവിനെ മത ഭ്രാന്തനായും ഹിന്ദു പ്രജകളെ അടിച്ചമര്‍ത്തി ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്.എന്നാല്‍ അദ്ദേഹം അത്തരക്കാരനായിരുന്നില്ല.മറിച്ച് ,ഹിന്ദു പ്രജകളുമായി അദ്ദേഹത്തിന്‍റെ ബന്ധം തികച്ചും സൗഹാര്‍ദ്ദ പരമായിരുന്നു.മേസൂര്‍ നാട്ടുരാജ്യത്തിന്‍റെ പുരാവസ്തു വിഭാഗത്തില്‍ ടിപ്പു ശൃംഗേരി മഠത്തിലെ ശങ്കരാചാര്യര്‍ക്ക് എഴുതിയ മുപ്പതിലേറെ കത്തുകളുണ്ട്.ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ടിപ്പു വന്‍തോതില്‍ ഭൂസ്വത്ത് ദാനം ചെയ്തു.ടിപ്പുവിന്‍റെ കൊട്ടാരങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന ശ്രീ വെങ്കിട്ട രാമണ്ണ ശ്രീനിവാസ്,ശ്രീ രങ്കനാഥ് തുടങ്ങിയ ക്ഷേത്രങ്ങള്‍ ആ മഹാനുഭാവന്‍റെ സഹിഷ്ണുതയുടെയും വിശാല മനസ്കതയുടെയും അനശ്വര സ്മരണകളാണ്.അല്ലാഹുവിന്‍റെ ഭക്തനായ മഹാനായ ഈ രക്തസാക്ഷി (അദ്ദേഹം സ്വാതന്ത്ര്യത്തിന്‍റെ രക്ത സാക്ഷിയായിരുന്നു.)ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള മണിനാദങ്ങള്‍ തന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് ശല്യമായി കരുതിയിരുന്നില്ല.

ബനാറസിലെ ഗവര്‍ണറായ അബുല്‍ഹസന് ചക്രവര്‍ത്തിയായ ഔറംഗസേബ് ഹിന്ദു പ്രജകളെ സംരക്ഷിക്കണമെന്ന് ആജ്ഞാപിച്ച ഉത്തരവിന്‍റെ വിശദാംശങ്ങള്‍ സി.കെ കരീമിന്‍റെ څചരിത്ര പഠനങ്ങളിچല്‍ കാണാവുന്നതാണ്.

ബാബര്‍ ചക്രവര്‍ത്തി തന്‍റെ മകന്‍ ഹുമയൂണിന് നല്‍കിയ അന്ത്യോപദേശമിങ്ങനെയായിരുന്നു;ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്.അതില്‍ നീ നന്ദി രേഖപ്പെടുത്തണം.അല്ലാഹു നിനക്കധികാരം നല്‍കിയാല്‍ മത പക്ഷപാതിത്വം കാണിക്കരുത്.ഹൈന്ദവരുടെ ഹൃദയം വൃണപ്പെടുത്തും വിധം പശുക്കളെ അറുക്കരുത്.അത് ചെയ്താല്‍ ജനം നിന്നെ വെറുക്കും.ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കരുത്.ഭരണാധികാരി ഭരണീയരെയും തിരിച്ചും സ്നേഹിക്കുന്ന സാഹചര്യം സൃഷ്ടിക്കുക.ദയാഹൃദയം കൊണ്ടാണ് ഇസ്ലാമിനെ ധന്യമാക്കേണ്ടത്.അടിച്ചമര്‍ത്തലിലൂടെയല്ല.

കേരളക്കരയിലും ഇസ്ലാമിന്‍റെ സുന്ദരമായ മുഖമാണ് അതിന്‍റെ പ്രചരണത്തിനും വ്യാപനത്തിനും സഹായകമായത്.സൈനുദ്ദീന്‍ മഖ്ദൂം തന്‍റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ വിവരിക്കുന്നത് കാണുക; ഇസ്ലാം മത പ്രചരണാര്‍ത്ഥം സഞ്ചരിച്ചിരുന്ന ഒരു സംഘം മുസ്ലിങ്ങള്‍ മലബാര്‍ തുറമുഖങ്ങളില്‍ വരികയും സ്ഥിഇതാമസമാക്കുകയും ചെയ്തു.അവരില്‍ നിന്ന് ഇസ്ലാം മതത്തെയുംഅതിന്‍റെ മാഹാത്മ്യത്തെയും മനസ്സിലാക്കാന്‍ കഴിഞ്ഞ മലബാറുകാര്‍ അന്ന് കൂട്ടം കൂട്ടമായി ഇസ്ലാമില്‍ ചേരാന്‍ തുടങ്ങി.

വിവിധ മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ നിലനിന്ന കാലത്താണ് ദക്ഷിണേന്ത്യയിലേക്ക് ലളിതമായ വിശ്വാസ സംഹിതയും അനുഷ്ഠാനങ്ങളും വ്യക്തമായ നിയമങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇസ്ലാം രംഗത്ത് വന്നതെന്ന് ബി.എന്‍ പാണ്ഡെ തന്‍റെ ഇസ്ലാമും ഇന്ത്യന്‍ സംസ്കാരവും എന്ന കൃതിയില്‍ സൂചിപ്പിക്കുന്നുണ്ട്.

ആദ്യ പ്രവാചകന്‍റെ കൊടിയ ശത്രുവായിരുന്ന അബൂസുഫ്യാന്‍റെ വീട്ടില്‍ അഭയം പ്രാപിച്ചവര്‍ക്ക് പോലും മക്കാവിജയത്തിന്‍റെ വേളയില്‍ മാപ്പുണ്ടെന്ന് പ്രഖ്യാപിച്ച തിരുമേനി(സ)യില്‍ നിന്നും മാതൃകകള്‍ സ്വീകരിച്ച മുസ്ലിങ്ങള്‍ക്ക് എല്ലാ കാലത്തും നീതിയുടെയും വിശാല മനസ്കതയുടെയും ആളുകളാകാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ഇന്നോളമുള്ള ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഇന്ന് ലോകത്തുടനീളം വര്‍ഗീയ കലാപങ്ങളും വംശീയ സംഘട്ടനങ്ങളും

പല വിധത്തില്‍ അരങ്ങേറുകയാണ്.ചോരക്കളങ്ങള്‍ ഇതിന്‍റെ പേരില്‍ തീര്‍ക്കപ്പെടുന്നു.നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് എത്രയെത്ര ഉദാഹരണങ്ങള്‍ക്ക് നാം ദൃക്സാക്ഷികളായി.വര്‍ഗീയ കാര്‍ഡിളക്കി ഇന്ത്യയെ അസ്വസ്ഥമാക്കിയ ഒരു വ്യക്തി പ്രധാനമന്ത്രിക്കുപ്പായവും നെയ്ത് കാത്തിരിക്കുന്നിടത്ത് വരെയെത്തിരിക്കുന്നു ആധുനിക ഇന്ത്യയുടെ വൃത്താന്തങ്ങള്‍.വര്‍ഗീയ ചിന്താഗതികളും തീവ്ര വാദ മനോഭാവങ്ങളും നാടിന്‍റെ ബഹുസ്വരതയെ പച്ചയായി വ്യഭിചരിക്കുന്നത് അഭംഗുരം തുടരുകയാണ്.ഇതര സമൂഹങ്ങളോട് സഹവര്‍ത്തിത്വത്തിലൂടെ മാത്രം കഴിയണമെന്ന് പഠിപ്പിച്ച ഇസ്ലാം മതത്തിന്‍റെ അനുയായികള്‍ പോലും പലപ്പോഴും എടുത്തുചാടി വൈവിധ്യങ്ങള്‍ക്ക് നേരെ ഉറഞ്ഞു തുള്ളുകയാണ്.വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ പരസ്പം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന ഇന്നലെകള്‍ കേവലം ഓര്‍മ്മകള്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.ഇത്തരമൊരു സാഹചര്യത്തില്‍ ഇസ്ലാമിന്‍റെ ബഹുസ്വരതയെ കാത്തുവെക്കാനുള്ള ആഹ്വാനങ്ങള്‍ക്ക് സമകാലിക ലോകത്ത് ഏറെ പ്രസക്തിയുണ്ട്.’സംരക്ഷണ ബാധ്യതയുള്ള അമുസ്ലിമിനെ വധിച്ചവന് സ്വര്‍ഗത്തിന്‍റെ വാസന പോലും ലഭിക്കുകയില്ലെന്ന’ മുത്ത് നബിയുടെ വാക്കിനെക്കാള്‍ പ്രസക്തമായ ഒരു മുദ്രാവാക്യവും ഇന്നത്തെ പ്രതിസന്ധികള്‍ മറികടക്കാന്‍ നമ്മുടെ മുന്നിലില്ല.’നിന്‍റെ അയല്‍വാസി അമുസ്ലിമാണെങ്കില്‍ പോലും നീ അവനെ ബഹുമാനിക്കണമെന്ന’ പ്രവാചകാധ്യാപനം ഇവിടെ പ്രായോഗിക തലത്തില്‍ വന്നാല്‍ ആത്യന്തിക സമാധാനത്തിന്‍റെ പാതയുടെ സുഗന്ധവും സൗന്ദര്യവും എല്ലാവര്‍ക്കും ആസ്വദിക്കാനും അനുഭവിക്കാനും സാധിക്കുന്നതാണ്.

ചുരുക്കത്തില്‍ ഇസ്ലാമിന്‍റെ മുഖ മുദ്രയും വിനിമയ ഭാഷയും നീതിയുടേതും പരസ്പര സഹകരണത്തിന്‍റേതും ഐക്യത്തിന്‍റേതുമാണ്.ആ വഴിയിലേക്കുള്ള മനസ്സ് തുറന്നുള്ള സഞ്ചാരമാണ് ആധുനിക ലോകത്തിന് അനിവാര്യമായിരിക്കുന്നത്.അത് വൈകുന്നതിനനുസരിച്ച് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിച്ച് കൊണ്ടേയിരിക്കും.ഓരോ മുസ്ലിമിനും തന്‍റെ വൈയക്തിക ജീവിതത്തിലൂടെ ഇസ്ലാമിന്‍റെ ശോഭനമായ സൗഹാര്‍ദ്ദ ചിത്രങ്ങള്‍ സമൂഹമധ്യേ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരും ഉത്തരവാദപ്പെട്ടവരുമാണ്.അത്തരം ആലോചനകള്‍ എല്ലാ അര്‍ത്ഥത്തിലും വിഭാഗീയതകള്‍ക്കധീതമായി ഉയര്‍ന്നു വരട്ടെ.അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീന്‍.


No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...