Saturday, April 18, 2020

ഇസ്ലാം ' ▪️മതം, ശാസ്ത്രം #ഇസ്‌ലാമിന്റെയും_ക്രൈസ്തവതയുടെയും #സമീപന_വൈജാത്യങ്ങൾ




അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


▪️മതം, ശാസ്ത്രം
#ഇസ്‌ലാമിന്റെയും_ക്രൈസ്തവതയുടെയും
#സമീപന_വൈജാത്യങ്ങൾ

വിജ്ഞാനവും വിശ്വാസവും ഒരുമിച്ചു പോകുകയില്ലെന്ന നിരീക്ഷണം ആഴത്തിൽ വേരൂന്നിയത് യൂറോപ്പിലാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ലോകത്തെ, വിശിഷ്യ യൂറോപ്പിലെ, ബഹുജനങ്ങളിൽ വിശ്വാസപരമായ ആധിപത്യം സ്ഥാപിച്ചിരുന്ന ക്രൈസ്തവതക്ക് ശാസ്ത്രത്തോടുണ്ടായിരുന്ന പ്രതിലോമപരമായ സമീപനമാണ്. ശാസ്ത്രവും വിശ്വാസവും പൊരുത്തപ്പെട്ടു പോകുകയില്ലെന്ന് യൂറോപ്പ് വിശ്വസിച്ചു. ബൈബിളിലെ ചില വചനങ്ങളാണതിനു കാരണമായത്. ഉൽപത്തി പുസ്തകത്തിലെ ഒരു വചനം കാണുക: 

“യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം, എന്നാൽ   നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്. തിന്നുന്ന നാളിൽ നീ മരിക്കും'' (ഉൽപത്തി 2:16,17).

“യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോടു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ” എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോട്: "തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. പാമ്പ് സ്ത്രീയോടു: “നിങ്ങൾ മരിക്കയില്ല. നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യുമെന്നു ദൈവം അറിയുന്നു' എന്നു പറഞ്ഞു (ഉൽപത്തി 3:1-5).

 “യഹോവയായ ദൈവം: “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലം കൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതി വരരുത്'' എന്നു കല്പിച്ചു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽ നിന്നു പുറത്താക്കി (ഉൽപത്തി 3:22,23).

ബൈബിൾ നൽകുന്ന വിവരണമനുസരിച്ച് മനുഷ്യനോടു കഴിക്കരുതെന്ന് ദൈവം കല്പിച്ച വിലക്കപ്പെട്ട വൃക്ഷം അറിവിന്റെ വൃക്ഷമായിരുന്നു. മനുഷ്യൻ അതിനെ സമീപിക്കരുത് എന്നായിരുന്നുവത്രേ ദൈവത്തിന്റെ തീരുമാനം. എന്നാൽ പിശാചിന്റെ പ്രലോഭനത്തിനു വിധേയനായ മനുഷ്യൻ ദൈവത്തെ ധിക്കരിച്ച് ആ പഴം പറിച്ചു ഭക്ഷിച്ചു. അതുവഴി അവൻ ജ്ഞാനിയായി. അരിശം മൂത്ത ദൈവം അമരനാകുന്നതിനുള്ള മാർഗം കൂടി മനുഷ്യൻ തേടിയേക്കുമെന്നു ഭയന്ന് അവനെ സ്വർഗത്തിൽ നിന്നു പുറത്താക്കി! 

ചിന്താശേഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ് ഈ വിവരണം. മുസ്‌ലിംകൾ ഈ കഥ കേട്ടാൽ സ്വാഭാവികമായും പകച്ചുപോകും. കാരണം, വിശുദ്ധ ഖുർആന്റെ വിവരണത്തിൽ മനുഷ്യനെ സൃഷ്ടിച്ച ശേഷം സകലമാന വസ്തുക്കളുടെയും വസ്തുതകളുടെയും വിവരണം ആദ്യമനുഷ്യന് സൃഷ്ടി കർത്താവു തന്നെ നേരിട്ടു പഠിപ്പിച്ചു എന്നാണുള്ളത്. അതുവഴി അവനു ലഭിച്ച അറിവു കാരണം അവൻ പ്രത്യേകമായ ആദരവ് അർഹിക്കുന്നുവെന്നു പഠിപ്പിച്ച സ്രഷ്ടാവ് മലക്കുകളോട് ഒന്നാകെ മനുഷ്യനു മുമ്പിൽ പ്രണമിക്കുവാൻ കൽപിക്കുക കൂടി ചെയ്തു!

മനുഷ്യന്റെ ശാരീരികമായ പ്രകൃതത്തെ നിശ്ചയിച്ചു നൽകിയവൻ തന്നെ അവനു വൈജ്ഞാനികമായ ഔന്നത്യം പ്രാപിക്കുവാനുള്ള അവസരവും നൽകി എന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. ഇതിനു നേർവിപരീതമായിരുന്നു ക്രൈസ്തവത മുന്നോട്ടുവെച്ച ആശയം. മനുഷ്യനെ മഥിക്കുന്ന സകലമാന പ്രലോഭനങ്ങളുടെയും പിന്നിലെ പ്രചോദനം അറിവാണെന്നും അത് അവനിൽ കുത്തിവെച്ചതു പിശാചാണെന്നും അവർ സിദ്ധാന്തിച്ചു. ഈ സിദ്ധാന്തമാണ് നൂറ്റാണ്ടുകളോളം ശാസ്ത്രത്തെ ആജന്മവൈരിയായി മാറ്റി നിർത്താൻ ക്രൈസ്തവതയെ പ്രേരിപ്പിച്ചത്.

ഈ നിലപാടിനു സ്വാധീനമുണ്ടായിരുന്ന സ്ഥലങ്ങളിൽ ദീർഘകാലം ശാസ്ത്ര വളർച്ചക്ക് മുരടിപ്പുണ്ടായതിനു കാരണവും മറ്റൊന്നല്ല. ക്രൈസ്തവതയല്ലാത്ത മറ്റൊരു മതത്തെ പരിചയപ്പെടാൻ അവർക്ക് അവസരം ഉണ്ടായിരുന്നില്ല. അതിന്റെ അനിവാര്യമായ പരിണതിയെന്നോണം ക്രൈസ്തവ യൂറോപ്പിൽ ബൗദ്ധിക വ്യവഹാരങ്ങൾക്കു നേതൃത്വം കൊടുത്തിരുന്നവരും ധിഷണാശാലികളും ശാസ്ത്രജ്ഞന്മാരും മതത്തോടു
പൊതുവെ വിമുഖത കാട്ടി. അടിയുറച്ച വിശ്വാസികളായിരുന്ന പലരും മതമുപേക്ഷിച്ച് നാസ്തിക വിചാരങ്ങളിൽ അഭയംതേടി. പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ചാൾസ് ഡാർവിൻ ഒരു ക്രൈസ്തവ പാതിരിയായിരുന്നു. ബൈബിളിലെ ഉത്പത്തി പുസ്തകം അവതരിപ്പിച്ച പ്രപഞ്ചോത്പത്തി സിദ്ധാന്തത്തിന്റെ അർഥശൂന്യത ബോധ്യപ്പെട്ടാണ് അദ്ദേഹം മതം വിട്ടത്!! ശാസ്ത്ര പഠനങ്ങളിൽ ഏർപ്പെട്ടിരുന്നവർ പുരോഹിത കോടതികളിൽ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടി വന്നു. വിശ്വാസവും വിജ്ഞാനവും ഒരു വിധേനയും ഒത്തുപോകുകയില്ലെന്ന ധാരണ മൂടുറച്ചതായിരുന്നു ഇതിനു കാരണം. മനുഷ്യന്റെ നാഗരിക വളർച്ചക്കും ബൗദ്ധിക വികാസത്തിനും ഇത്രമേൽ ആഘാതമേറ്റ മറ്റൊരനുഭവം ചരിത്രത്തിലില്ല. എന്നാൽ മനുഷ്യപ്രകൃതിയെ യഥോചിതം ഉൾക്കൊള്ളുന്ന ഇസ്‌ലാമിക നാഗരികതയുടെ സുവർണ കാലഘട്ടം വിശ്വാസവും വിജ്ഞാനവും തമ്മിലുള്ള പാരസ്പര്യത്തിന്റെ വിജയഗാഥ ആലപിക്കുകയായിരുന്നു.

ശാസ്ത്ര മുന്നേറ്റങ്ങളുടെ ഭൂമികയായിരുന്നു പൂർവകാല ഇസ്‌ലാമിക നാഗരികതകൾ. ആ മേഖലയിലുണ്ടായ തകർച്ചയുടെ ഫലമായി വിശ്വാസത്തിനു തന്നെ കരുത്ത് നഷ്ടപ്പെട്ടതിനും ചരിത്രാനുഭവങ്ങളുണ്ട്. വിശ്വാസവും വിജ്ഞാനവും പരസ്പര പൂരകങ്ങളാണ് എന്നതിന് ഉദാഹരണമാണിത്. നേരെ മറിച്ചായിരുന്നു യൂറോപ്പിലെ ക്രൈസ്തവരുടെയും ജപ്പാനിലെ ബുദ്ധമതക്കാരുടെയും അനുഭവം. വിശ്വാസ രംഗം തങ്ങളുടെ മൗലികമായ കാഴ്ചപ്പാടുകളിൽ ആധിപത്യം പുലർത്തിയ കാലത്ത് ശാസ്ത്രീയ അവബോധം തീരെ കുറഞ്ഞവരും വൈജ്ഞാനിക മണ്ഡലത്തിൽ അധഃസ്ഥിതരുമായിരുന്നു അവർ. ഈ രംഗത്തുള്ള വളർച്ച ധനാത്മകമായ ലക്ഷണങ്ങൾ കാണിച്ചപ്പോഴെല്ലാം അവർ വിശ്വാസപരമായി പിറകോട്ടു പോവുകയും മതത്തിന്റെ മൗലിക വീക്ഷണങ്ങളിൽ നിന്നു മാറി നിൽക്കുകയും ചെയ്തു.

പ്രശസ്ത ചരിത്രപണ്ഡിതനായ വിൽഡ്യൂറന്റ് എഴുതുന്നു: “The ancient world differed from the new machine world only in means, not in aims. What will you say if it is found that all our progress consists in the improvement of methods and means and not in the betterment of the aims and goals?' - "ആധുനിക യന്ത്രയുഗവും പൗരാണിക കാലഘട്ടവും തമ്മിലുള്ള അന്തരം ലക്ഷ്യങ്ങളിലല്ല; മാർഗങ്ങളിലും രീതിയിലുമാണ്. ഉദ്ദേശ്യവും ലക്ഷ്യവും പരിഷ്കരിക്കുന്നതിന് പകരം വഴി നന്നാക്കുവാനാണ് നമ്മുടെ ശ്രദ്ധയും നീക്കവുമെങ്കിൽ അതിനെക്കുറിച്ചെന്തു പറയാനാണ്?' (The Pleasure of Philosophy, Page 40)

വിഖ്യാത ചിന്തകനായ ബർട്രണ്ട് റസ്സൽ പറയുന്നു: "പ്രകൃതിയുമായുള്ള സമരത്തിൽ മനുഷ്യൻ ശാസ്ത്രത്തിന്റെ സഹായത്തോടെ വിജയം വരിച്ചെങ്കിലും സ്വന്തം ശരീരത്തിലുള്ള സമരത്തിൽ അവന് വിജയിക്കാനായിട്ടില്ല. ശാസ്ത്രം എന്ന ആയുധം അതിലവനെ സഹായിച്ചിട്ടില്ല. (ഉദ്ധരണം: അൽഈമാനു വൽമഅ്'രിഫതു വൽഫൽസഫ, ഡോ. മുഹമ്മദ് ഹുസൈൻ ഹൈക്കൽ). തികഞ്ഞ ഭൗതികവാദിയായിരുന്നിട്ടും ശാസ്ത്രത്തിന്റെ അഭൂതപൂർവമായ വളർച്ചയിൽ അഭിമാനിയായിരുന്നിട്ടും അടിസ്ഥാന ലക്ഷ്യത്തിലേക്ക് മാനവികതയെ ആനയിക്കുവാൻ ശാസ്ത്രം മതിയാവുന്നില്ല എന്ന തിരിച്ചറിവാണ് റസ്സലിന്റെ വാക്കുകളിലുള്ളത്.

ശാസ്ത്രവും ശാസ്ത്രീയ വിദ്യാഭ്യാസവും വിശ്വാസത്തിന്റെ അഭാവത്തിൽ അന്തസാരശൂന്യമായ, ആദ്ധ്യാത്മികപ്പശിമയില്ലാത്ത കുറേ യന്ത്രമനുഷ്യരെയാണ് സൃഷ്ടിക്കുന്നത് എന്ന കാര്യം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസം പോലും അത്തരമൊരു ആപത്കരമായ ശൂന്യതയിലേക്കാണു നമ്മെ നയിക്കുന്നതെന്ന് വിൽഡ്യൂറന്റ് തന്നെ എഴുതിയിട്ടുണ്ട്: 

"The damage done to our schools and colleges is mostly due to the education theory of Spencer, who has defined education as bringing man in harmony with his environment. This definition is lifeless and mechanical, and it stems from the philosophy of the superiority of mechanics. Every creative spirit and brain is averse to it. The result is that our schools and colleges have been filled with theoretical and mechanical sciences and have remained devoid of such subjects as literature, history, philosophy and art, which are being considered to be useless. An education which is purely scientific, can produce nothing except tools. It alienates man from beauty and estranges him from wisdom. It would have been better for the world if Spencer had not written a book.' 

"നമ്മുടെ സ്കൂളുകൾക്കും കോളേജുകൾക്കും ക്ഷതമേറ്റത് പ്രധാനമായും സ്പെൻസറുടെ വിദ്യാഭ്യാസ വീക്ഷണം മുഖേനയാണ്. "വ്യക്തിയെ തന്റെ പരിസ്ഥിതിയുമായി ഇണക്കിച്ചേർക്കുന്നതാണ് വിദ്യാഭ്യാസം" എന്നാണ് അദ്ദേഹം നിർവചിച്ചത്. നിശ്ചേതനവും യാന്ത്രികവുമായ ഒരു നിർവചനമാണിത്. വെറും യന്ത്രത്തിന്റെ മേലാളത്ത ഫിലോസഫിയിൽ നിന്നാണത് ഉടലെടുത്തത്. ഏതൊരു സർഗാത്മക ചൈതന്യത്തിനും മനസ്സിനും അത് അരോചകമായിരിക്കും. ഇതിന്റെ പ്രത്യാഘാതമായി നമ്മുടെ സ്കൂളുകളും കോളേജുകളും സൈദ്ധാന്തികവും യാന്ത്രികവുമായ ശാസ്ത്രങ്ങൾ കൊണ്ട് കുത്തി നിറയ്ക്കപ്പെട്ടിരിക്കുന്നു. സാഹിത്യം, ചരിത്രം, തത്വശാസ്ത്രം, കല തുടങ്ങിയവ അവഗണിക്കപ്പെടുകയും അവ നിഷ്പ്രയോജനങ്ങളാണെന്ന ധാരണ പരക്കുകയും ചെയ്തിരിക്കുന്നു. തീർത്തും ശാസ്ത്രീയം (scientific) എന്ന് പറയാവുന്ന ഒരു വിദ്യാഭ്യാസത്തിന് കുറേ ഉപകരണങ്ങളെ (യന്ത്രമനുഷ്യരെ) അല്ലാതെ സൃഷ്ടിച്ചു വിടാൻ സാധിക്കുകയില്ല. അത് മനുഷ്യനെ തന്റെ സൗന്ദര്യവാസനയിൽ നിന്ന് അകറ്റുകയും തത്വജ്ഞാനത്തിൽ നിന്ന് വേർപെടുത്തുകയും ചെയ്യും. സ്പെൻസർ ഇങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലായിരുന്നുവെങ്കിൽ അതായിരുന്നു ലോകത്തിന് നല്ലത്!!' (The Pleasure of Philosophy, Page168, 169, Newyork 1953).

ശാസ്ത്രീയ മുന്നേറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധിക്കു പരിഹാരമാകാൻ കലയ്ക്കും സാഹിത്യത്തിനും സാധിക്കുമെന്ന് വിൽഡ്യൂറന്റ് കരുതുന്നു. എന്നാൽ അതൊരിക്കലും ശാശ്വതമായ ഒരു പരിഹാരമല്ല തന്നെ. താത്കാലികമായ ചില അനുഭൂതികൾക്കപ്പുറത്ത് മാനവികതയ്ക്കു സമഗ്ര തല സ്പർശിയായ സമാശ്വാസം പകരാൻ അതിനു സാധിക്കുകയില്ല. വിശ്വാസത്തെയും വിജ്ഞാനത്തെയും, അതായത് മതത്തെയും ശാസ്ത്രത്തെയും വിരുദ്ധധ്രുവങ്ങളിൽ പ്രതിഷ്ഠിക്കുന്നതിനു പകരം ഇസ്‌ലാം സമീപിച്ചതു പോലെ രണ്ടിനെയും രണ്ട് മൗലിക യാഥാർഥ്യങ്ങളായി ഉൾക്കൊള്ളുന്നതാണു ശരിയായ നിലപാട്.

✍🏻 Muhammad Sajeer Bukhari
#Epista_Commune

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....