Wednesday, April 15, 2020

സൈനുദ്ധീൻ വലിالشيخ زي الدين الرملي

വഴി വിളക്കുകൾ.10
➖➖➖➖➖➖➖

ശൈഖുൽ മശായിഖ്  മണലിലെ മൂപ്പര്     
🥉🌹🥉🌹🥉🌹🥉🌹🥉
P. S.K.Moidu Baqavi മാടവന
  
       പെരുമ്പടപ്പിലെ നൂണകടവിൽ നിന്നും കണ്ണൂരിലെ പാലത്തുംകരയിലേക്കൊരു യാത്ര . പന്തൽ പോലെ പടർന്ന് നിൽക്കുന്ന കണ്ടൽ വനങ്ങളിലൂടെ പുഴയുടെ ഭംഗി കൺനിറയെ കണ്ട് , മണൽ തിട്ടയിൽ ശയിക്കുന്ന സഞ്ചാരിപക്ഷികളുടെ കാഴ്ചകൾ കണ്ടൊരു തോണിയാത്ര . സതീർത്ഥ്യരും എന്നാൽ ഗുരു ശിഷ്യരുമായ മൂന്ന് വിജ്ഞാന മുത്തുകൾ . അക്ഷരകൂട്ടുകളിലെ പിടികിട്ടാ പൊരുളുകൾ മുടിനാരിഴകീറി ചർച്ച ചെയ്ത യാത്ര . കായലിന്റെ ഇരു കരകളിലും ഇടതൂർന്ന് നിൽക്കുന്ന വാഴത്തോപ്പുകൾ . താമര കുളങ്ങൾ , ജനസാന്ത്രമായ ഗ്രാമങ്ങൾ . തെക്കൻ മലബാറിന്റെ കവല വിട്ട് വടക്കേ മലബാറിന്റെ മണം പിടിച്ചു തുടങ്ങി . തോണിക്കുള്ളിൽ തണുത്ത കാറ്റടിച്ചു വീശുന്നതിനിടെ മണലിൽ മൂപ്പര് സംസാരം എടുത്തിട്ടു . " അല്ല ; ചിയാമു മുസ്ലിയാരെ! നമ്മൾ മൂവരും പാലത്തുംകരയിലെ മൂലയിൽ റമളാൻ ശൈഖിനെ കാണാൻ പോവുകയല്ലേ , അവിടെ ചെന്നാൽ നമുക്ക് എന്ത് വിരുന്നാണ് കിട്ടേണ്ടത് ? " . " എനിക്ക് നെല്ല് കുത്തരിയുടെ ചോറും ചക്കകൂട്ടാനും " . ചിയാം മുസ്ലിയാർ എന്ന എരമംഗലം വലിയ ഹിശാം മുസ്ലിയാർ പറഞ്ഞു . അപ്പോൾ രണ്ടാമനായ പെരുമ്പടപ്പ് കുഞ്ഞഹമ്മദ് മുസ്ലിയാർ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു . " എനിക്ക് പൊടിയരിക്കഞ്ഞിയും ചമ്മന്തിയും " . അവസാനം കഥാനായകനും ഇരുവരുടെയും ഉസ്താദുമായ സൈനുദ്ദീൻ റംലി എന്ന മണലിൽ മൂപ്പര് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു . " എനിക്ക് പത്തിരിയും കോഴിക്കറിയും വേണം " .   
        
ജലപാതയിലെ കയറ്റിറക്കങ്ങൾ തരണം ചെയ്ത് മന്ദം മന്ദം അവർ റമളാൻ ശൈഖിന്റെ ചാരത്തണഞ്ഞു . ആതിഥേയ മര്യാദകൾ കഴിഞ്ഞ് ഭക്ഷണത്തിന് ക്ഷണിച്ചു . അത്ഭുതം! , അത്യാത്ഭുതം!!. മൂവരുടെയും ആഗ്രഹ ഭക്ഷണങ്ങൾ മൂന്ന് വിധത്തിലായി ഉണ്ടാക്കി വിളമ്പിയിരിക്കുന്നു . മൂവരും ഇടിവെട്ടേറ്റത് പോലെ നിന്നു പോയി . പൂർണമായും തോറ്റ് പോയതായി തോന്നി . 

ഭക്ഷണം വായിൽ വെക്കുമ്പോൾ ശൈഖുനാ റംലി ഓർമ്മകളുടെ വളപ്പൊട്ടുകൾ മനസ്സിന്റെ ചെപ്പിലാക്കി കുലുക്കുകയായിരുന്നു . മൂലയിൽ റമളാൻ എന്ന സാധാരണ മനുഷ്യനെ ഉൽകാഴ്ചയുള്ള ഈ ഉന്നത പതവിയിലേക്കെത്തിച്ച കണ്ണികൾ , ശൈഖുമാർ , ഒരു മിന്നൽ പിണർ പോലെ മനസ്സിൽ ഓളം വെട്ടി . നൂഞ്ഞേരി കുഞ്ഞുമുഹമ്മദ് സൂഫി എന്ന ശൈഖിലേക്കെത്തുന്ന ആ സംഭവം റംലിയുടെ മനം കുളിരണിയിച്ചിരിക്കുന്നു . നാട്ടിലെ പഠനങ്ങൾ കഴിഞ്ഞ് ഹജ്ജിന് പുറപ്പെട്ട നൂഞ്ഞേരി ശൈഖ് നഖ്ശബന്ദി ത്വരീഖത്തിന്റെ അക്കാലത്തെ ശൈഖായിരുന്ന യഹ്‌യാ ദാഗിസ്ഥാനിയുമായി ബന്ധപ്പെട്ടു . ആത്മീയതയുടെ രാജപാതയിൽ ശൈഖുമായി പന്ത്രണ്ട് വർഷം താമസിച്ചു . ഒരു നാൾ ശൈഖ് തന്റെ ശിഷ്യരുടെ മുന്നിൽ ഒരാവശ്യം സമർപ്പിച്ചു . " നാല്പത് ദിവസം സുബ്ഹിയുടെ മുമ്പേ തന്നെ എനിക്ക് വെള്ളം ചൂടാക്കി തരണം , ആരാണ് തയ്യാർ ? " . നൂഞ്ഞേരി കുഞ്ഞഹമ്മദ് സൂഫി ഒരു മടിയും കൂടാതെ സന്നദ്ധനായി . ചാരിദാർത്ഥ്യത്തോടെ സേവനം തുടർന്നു . ഉഷ്ണ ശൈത്യ വിത്യാസമില്ലാതെ ഒരു വീഴ്ചയും കൂടാതെ മുപ്പത്തിഒമ്പത് ദിവസം തുടർന്നു . നാൽപതാം ദിവസം എഴുന്നേൽക്കാൻ അൽപ്പം വൈകിപ്പോയി . കൃത്യ സമയത്ത് തന്നെ വെള്ളം ചൂടാക്കാൻ കഴിഞ്ഞില്ല . ഭയക്രാന്തനായി അദ്ദേഹം മുറ്റത്തേക്ക് ഓടിയിറങ്ങി . കിണറിനരികിൽ ചെന്ന് വെള്ളം കോരാൻ ബക്കറ്റ് താഴ്ത്തി . മഞ്ഞിന്റെ മറ ഉരുകി തീരാത്തതിനാൽ പുറത്തെ ദൃശ്യങ്ങൾ അവ്യക്തമായിരുന്നു . കപ്പി കരഞ്ഞ് വെള്ളം വലിച്ചു കയറ്റി . വെള്ളം അസാധാരണമായി തിളപ്പിച്ച ചൂട് . ചൂടാക്കേണ്ടി വന്നില്ല . ശൈഖ് യഹ്‌യാക്ക് കൊണ്ടുകൊടുത്തു . 
അതൊരു ' രിയാള' യായിരുന്നു . ശൈഖ് അതീവ സന്തുഷ്ടനായി . കോരിതരിപ്പിന്റെ കുത്തൊഴുക്കിലേക്ക് ഇരുവരും നീങ്ങി . നഖ്ശബന്ദി ത്വരീഖത്തിന്റെ ' ഖിർഖ ' നൽകി ശിഷ്യനെ ആദരിച്ചു . നാട്ടിലേക്ക് പോരാനുള്ള സമ്മതവും ശൈഖ് നൽകി . ആത്മീയ ചികിത്സയുടെ മലബാറിലെ കണ്ണിയായി ശൈഖിനെ വിടുമ്പോൾ ആ മഹാൻ ഒന്നു കൂടി പറഞ്ഞു : " ഞാൻ ഒരു ചികിത്സാ മുറ നിന്നെ ഏല്പിക്കാം . അത് നീ നാട്ടിൽ എത്തുമ്പോൾ ആദ്യം കാണുന്ന വ്യക്തിക്ക് കൈമാറണം " . അദ്ദേഹം ഒന്ന് നിശ്ചസിച്ചു . തല കുലുക്കി സന്തോഷത്തോടെ ഏറ്റെടുത്തു . 

നൂഞ്ഞേരി ശൈഖ് നാട്ടിലെ പാലത്തുംകരയിലെത്തി . തെങ്ങും കമുങ്ങും വരിവരിയായി നിൽക്കുന്ന പാടവരമ്പിനോട് ചേർന്ന് നടക്കുമ്പോൾ വിശാലമായ പാടത്ത് ആദ്യം കണ്ടത് മൂലയിൽ റമളാൻ എന്ന മനുഷ്യനെയായിരുന്നു . കുശലാന്വേഷണങ്ങൾ കഴിഞ്ഞ് ശൈഖ് പിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ റമളാൻ ചോദിച്ചു : " അല്ല ;! എനിക്ക് തരാൻ മക്കയിൽ നിന്നേല്പിച്ച അമാനത്ത് എവിടെ ? മറന്നുവോ..? " . ചോദ്യം നൂഞ്ഞേരി ശൈഖിന്റെ അകതാരിൽ ഏല്പിക്കേണ്ട വ്യക്തിയെ ഉറപ്പ് വരുത്തി . ഉടമ്പടി കൈമാറ്റം സുഖകരമായി നടന്നു . കാലം വരച്ചു വെച്ച ചിത്രം പോലെ ശൈഖ് യഹ്‌യാ ദാഗിസ്ഥാനിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കുകയായിരുന്നു . റമളാൻ  ശൈഖായി വളർന്നു . അദ്ദേഹത്തിന്റെ ഭവനം ലക്ഷ്യമാക്കി ആയിരങ്ങൾ ഒഴുകി . ആത്മീയതയുടെ ലോകത്ത് ഇത് പുത്തരിയല്ല . റമളാൻ ശൈഖിലൂടെ തന്റെ ഗുരുക്കന്മാർ അറിയപ്പെട്ടു . 
നഖ്ശബന്ദി സരണിയുടെ ദ്വീപം മലബാറിൽ കൊളുത്തിയ ഉത്കൃഷ്ട വ്യക്തിയാണ് ശൈഖ് കുഞ്ഞഹമ്മദ് സൂഫി. 

ഭക്ഷണ ശേഷം റമളാൻ ശൈഖ് ആഗതരായ അതിഥികൾക്ക് അർഹിക്കുന്ന അംഗീകാരം നൽകി . ഒരു പച്ച ഷാൾ കൊണ്ട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ തലയിൽ വെച്ചിട്ട് പറഞ്ഞു : " ഈ മകൻ എവിടെയിരുന്നാലും വലിയ ബർകത്തുണ്ടാകും " . അദ്ദേഹമാണ് വിഷചികിത്സക്ക് പേര് പെറ്റ പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ . അടുത്തത് ഹിശാം മുസ്ലിയാരുടെ ഊഴമാണ് .കുഞ്ഞഹമ്മദ് മുസ്ല്യാരുടെ ശിരസ്സിൽ ഇട്ടിരുന്ന ഷാൾ തിരികെ വാങ്ങി  ധാരാളം സ്വലാത്ത് ചൊല്ലാറുള്ള ഹിഷാം മുസ്ല്യാരെ ഷാൾ കൊണ്ട് പുതപ്പിച്ചിട്ട് പറഞ്ഞതിങ്ങനെ : " ഇത് നിങ്ങളെ പുതപ്പിച്ച് നിങ്ങൾക്ക് തരാൻ റസൂലുള്ള പറഞ്ഞ ആദരവാണ് " . നിങ്ങൾ കയ്യിൽ വെച്ചോളൂ .

രണ്ടും കഴിഞ്ഞപ്പോൾ സൈനുദ്ദീൻ റംലി (റ) ചോദിച്ചു : " അല്ല ; എനിക്ക് അതൊന്നുമില്ലേ ? " . വിനയം കൊണ്ട് ശിരസ്സ് കുനിച്ച അദ്ദേഹത്തിന്റെ ശിരസ്സിൽ തടവി റമളാനാ ശൈഖ് പറഞ്ഞത് തങ്കത്തിൽ കൊത്തിയ വാക്കുകളാണ് . " നിങ്ങൾക്ക് ഞനല്ല താരേണ്ടത് , നിങ്ങൾ എനിക്ക് തരാൻ അർഹതപ്പെട്ട ആളാണ് " . 

കാലം കാതോർത്ത മുത്ത് മൊഴി . അർഹതക്കുള്ള അംഗീകാരം .

 ഈ വെള്ളി വെളിച്ചം മക്കയിൽ നിന്ന് കൊണ്ട് വന്ന നൂഞ്ഞേരി ശൈഖിൽ നിന്ന് നേരിട്ട് മുരീദായ മഹാനാണ് മണലിൽ മൂപ്പരും തന്റെ സതീർത്ഥനായ  താനൂർ അബ്ദുറഹ്മാൻ ശൈഖും . താനൂർ ശൈഖ് ആത്മജ്ഞാനത്തിന്റെ വഴികൾ വിശദീകരിക്കുന്ന ഒരു ചെറു ഗ്രന്ഥം രചിച്ചിട്ടുണ്ട് . " അൽ ഇഫാളത്തുൽ ഖുദ്സിയ്യ " . അതിൽ നഖ്ശബന്ദി ത്വരീഖത്തിന്റെ മുരടും ചില്ലയും പൂത്തുലഞ്ഞ സരണികൾ വിശദീകരിക്കുന്നുണ്ട് . പ്രശസ്ത സരണിയുടെ വലിയ ശൈഖുമാരായ ബഹാഉദ്ദീൻ നഖ്ശബന്ദി (റ) , ശൈഖ് കുലാൽ (റ) , ഉബൈദുല്ലാഹിൽ അഹ്‌റാർ (റ) , മുഹമ്മദ് ബാബാ സുമാസി (റ) തുടങ്ങിയ മഹാന്മാക്കൾ ബുഖാറയിൽ അന്ത്യവിശ്രമം കൊള്ളുന്നു . 

ഉസ്‌ബിക്കിസ്ഥാൻ യാത്രയിൽ അവിടെ പല തവണ സിയാറത്ത് ചെയ്യാൻ ഈ വിനീതന് സൗഭാഗ്യമുണ്ടായത് അനുസ്മരിക്കുന്നു . 

കേരള ജനതയിൽ ജാതി മത വിത്യാസമില്ലാതെ സകലജനങ്ങളും പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ സന്ദർശനത്തിനെത്താറുണ്ട്‌ . അവിടെ അന്തിയുറങ്ങുന്ന കുഞ്ഞഹമ്മദ് മുസ്ലിയാരുടെ കറാമത്തിന്റെ ജലം പാനം ചെയ്യാത്തവരുണ്ടാകില്ല . വിഷചികിത്സയുടെ ഔഷധമായി അത് നാട് നീളെ കൊണ്ട് പോകുന്നു . എന്നാൽ അദ്ദേഹത്തെ പഠിപ്പിച്ചു വളർത്തി ആത്മീയ വിഹായസ്സിലേക്കുയർത്തിയ അവരുടെ ഗുരുവര്യനാണ് ശൈഖ് സൈനുദ്ദീൻ റംലി .പുത്തൻപള്ളിയുടെകുറച്ചപ്പുറത്ത് നൂണകടവിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത് .

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിനടുത്ത് കക്കാട് ജനിച്ചു വളർന്ന കുഞ്ഞഹമ്മദ് മുസ്ലിയാർ (1269-1332 ഹി:) ഉപരിപഠ നാർത്ഥം പൊന്നാനി ദർസിലെത്തി ചേർന്നു . അറബി സാഹിത്യത്തിലെ ഉന്നത കിത്താബായ തൽഖീ സുൽ മിഫ്താഹ്تلخيص المفتاح ഓതണമെന്ന ആഗ്രഹം വെളിപ്പെടുത്തി.ഗുരു മഖ്ദൂം കുടുംബത്തിലെ പണ്ഡിത കേസരിയും മലയാള നാട്ടിലെ ഇബ്നുഖല്ലിക്കാൻ എന്ന ഖ്യാതി നേടിയവരുമായ ശൈഖ് സൈനുദ്ദീൻ ആഖിർ (1225-1305 ഹി:) ആയിരുന്നു. 

 നവവിദ്യാർത്ഥിയിൽ ആത്മീയ സൂക്ഷ്മ ജീവിതത്തിന്റെ ചന്ത്ര പൊട്ടുകൾ ദർശിച്ച മഖ്ദൂം പറഞ്ഞു : " മോനേ , നീ ഇവിടെ നിൽക്കുന്നതിനേക്കാൾ നല്ലത് മണലിൽ സൈനുദ്ദീൻ മുസ്ലിയാർ എന്ന ശരീഅത്തും ഹഖീഖത്തും നന്നായി തലയിലെടുത്ത ഒരു പണ്ഡിതനുണ്ട് . അവിടെ പോയി പഠിച്ചു കൊള്ളുക . അദ്ധേഹം വി ജ്ഞാനസാഗരത്തിലെ പതിനെട്ടോളം കലകളിൽ അവഗാഹം നേടിയ കേസരിയാണ്.

സൈനുദ്ധീൻ റംലി (റ) യുടെ പർണ്ണശാലയിൽ പഠിച്ചുയർന്ന ഒട്ടനവധി ഔലിയാക്കളായ ശിഷ്യരുണ്ട് . മണ്ണണ്ണ വിളക്കിന്റെ പ്രകാശത്തിനിടയിലൂടെ ഗ്രന്ഥങ്ങൾ പരതി പാഠമിട്ടവർ . അരപട്ടിണിയും മുഴുപട്ടിണിയുമായി കഴിഞ്ഞു കൂടിയവർ . വിശന്ന് കണ്ണ് തുറിക്കുമ്പോൾ പിണ്ണാക്ക് തിന്നും കപ്പ ചുട്ട് തിന്നും ക്ഷുത്തടക്കിയ വർ .കഷ്ടപ്പാടിൻ്റ വിളർച്ച ക്കപ്പുറം വിജ്ഞാനത്തിന്റെ പ്രകാശം അവരെ അടയാളപ്പെടുത്തിയിരുന്നു . തിരൂരങ്ങാടി നടുവിലെ പള്ളി , പൊന്നാനി മഖ്ദൂം പള്ളി , ഒടുവിൽ തന്റെ വസതി എന്നിവിടങ്ങളിലാണ് ശൈഖ് റംലി ദർസ് നടത്തിയിരുന്നത് . 

കുഞ്ഞഹമ്മദ് മുസ്ലിയാരെ കൂടാതെ നടെ പരാമർശിച്ച ഹിശാം മുസ്ലിയാർ എരമംഗലം (1254 _1331 ഹി.)അദ്ധേഹം ശിഷ്യനു പുറമെ സഹ മുദര്വിസ് കൂടിയായിരുന്നു.   അറക്കൽ ശൈഖിന്റെ ഗുരുവായ വെളിയങ്കോട് തട്ടാങ്ങര കുട്ട്യാമു മുസ്ലിയാർ (1273-1341ഹി:) കുഞ്ഞൻ ബാവ മുസ്ലിയാർ എന്ന അബ്ദുറഹ്മാൻ മഖ്ദൂമി (1268-1341 ഹി:) , ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായ ശൈഖ് സിറാജുദ്ദീൻ ഖാദിരി (1277-1378ഹി.) . ആഖിർ മഖ്ദൂമിന്റെ മകൻ അഹമ്മദ് ബാവ മുസ്ലിയാർ (1277-1314 ഹി:) ശൈഖ് അലി ഹസൻ മുസ്ലിയാർ എന്ന കോയക്കുട്ടി മുസ്ലിയാർ (1263-1297 ഹി:) ചുളളിയിൽ അബൂബക്കർ മുസ്ലിയാർ കല്ലൂർ (1263-1343 ഹി:) നിരവധി വർഷം ഹറമിൽ ദർസ് നടത്തിയിരുന്ന കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാർ (1260-1323 ഹി:) എന്നീ പ്രഗത്ഭ പണ്ഡിതർ സൈനുദ്ദീൻ റംലിയുടെ ശിഷ്യന്മാരായിരുന്നു . മുയ്ല്യാർപാപ്പ എന്നാണ് ജനങ്ങൾ കോടഞ്ചേരിയെ ആദരിച്ചു വിളിച്ചു വന്നിരുന്നത് . ഫത്ഹുൽ മുഈനിന്റെ വ്യാഖ്യാനം ഇആനത്തു ത്വാലിബിന്റെ കർത്താവ് സയ്യിദുൽ ബക്കരി (റ) ( 1265 -13 | 0 ഹി:)യുടെ ഗുരുനാഥനാണ് മുയ്ല്യാർപാപ്പ . 

ബദർ മൗലിദിന്റെ രചയിതാവ് വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ (1269-1322 ഹി:) വലിയുള്ളാഹി കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ (1270-1354 ഹി:) പുന്നയൂർ അഹമ്മദ് മുസ്ലിയാർ കോറോത്തയിൽ (1268-1338 ഹി:) ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ കോക്കൂർ (1258-1340 ഹി:) ഖാളി അബ്ദുള്ള മുസ്ലിയാർ കാസർകോട് (1261-1337 ഹി:) ശുജാഇ മൊയ്‌തു മുസ്ലിയാർ (1278-1336 ഹി:) ഹാഫിള് അമ്മു  മുസ്ലിയാർ അണ്ടത്തോട് (1269-1319 ഹി:) വലിയുള്ളാഹി ഞമനേക്കാട് ഏനി കുട്ടി മുസ്ലിയാർ (1274-1352 ഹി:) എന്നീ സൂര്യ തേജസ്സുകൾ ശൈഖ് റംലിയുടെ ശിഷ്യന്മാരാണ് . ഇവർ ഓരോരുത്തരും വ്യക്തിയല്ല . ഓരോ ഉമ്മത്തായിരുന്നു . സമൂഹ മനസ്സിനെ സ്പർശിച്ച , കാലത്തിന്റെ ആത്മാവിനെ സ്വാധീനിച്ച വിജ്ഞാന ഗോപുരങ്ങൾ . എങ്കിൽ ഇനി മണലിൽ മൂപ്പരുടെ മാഹാത്മ്യത്തിന് വേറെ ഉദാഹരണം വേണ്ടതില്ല . എന്നിരുന്നാലും റംലിയുടെ ഗുരുനാഥന്മാരെ കേൾക്കേണ്ടതല്ലേ . 

നൂണക്കടവിലെ മണലിൽ മുഹിയിദ്ധീൻ എന്നവരുടെ മകനായി ജനിച്ച സൈനുദ്ദീൻ റംലി (റ) (1249-- 13 09) ഉപരിപഠനാർത്ഥം തിരഞ്ഞെടുത്ത ഗുരുവര്യർ പ്രസിദ്ധരായ ഔലിയാക്കളായിരുന്നു . ഔലിയാക്കൾ രണ്ട് വിധമുണ്ട് . പ്രശസ്തരും അപ്രശസ്തരും . പണ്ഡിത പാമര ജനങ്ങൾക്കിടയിൽ വിലായത്ത് അവിതർക്കിതമായി 'മശ്ഹൂർ 'ആയ ഔലിയാക്കളെയാണല്ലോ അല്ലാമാ ഇബ്നു ഹജർ (റ) പ്രത്യേകം പരാമർശിച്ചിട്ടുള്ളത് . ആ വിഭാഗത്തിൽ പെട്ട കേമന്മാരായിരുന്നു റംലിയുടെ ഗുരുനാഥന്മാർ . ഒന്ന് , പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാർ (1222-1292 ഹി:) . രണ്ട് , വെളിയങ്കോട് ഉമർഖാളി (1177-1273 ഹി:) . മൂന്ന് , അല്ലാമാ അബ്ദുൽ ഹമീദ്‌ശ്ശർവാനി മക്കി (1215-1294 ഹി:) . നാല് , ശൈഖ് അഹമ്മദ് സൈനി ദഹ്‌ലാൻ (1233-1304 ഹി:) . അഞ്ച് , മുഹമ്മദ് ഹസ്ബുല്ലാഹിൽ മക്കി (1244-1335 ഹി:) . 

അതിബുദ്ധിമാനായ റംലി (റ) കമ്പ്യൂട്ടറിനെ വെല്ലുന്ന മെമ്മറി പവറിന്റെ ഉടമയായിരുന്നു . അക്ഷരലോകം മനസ്സിലെന്നും നിറക്കൂട്ടുകൾ ചാലിച്ചിരുന്നു . ഒരിക്കൽ കേട്ടാൽ മതി , വായിക്കണമെന്നുപോലുമില്ല . വായിച്ചത് ഒരിക്കലും മറന്നിട്ടുമില്ല .പുസ്തകങ്ങളുടെ ആദ്യ വരി വായിച്ചുകൊടുത്താൽ അവസാന വരി വരെ മാലയിലെ മുത്തുകൾ പോലെ അടർന്നു വീഴുന്ന വാക്കുകളുടെ ഇന്ദ്രജാലം തീർത്ത അത്യപൂർവ്വ പണ്ഡിതൻ . 

അദ്ദേഹത്തിന്റെ കാലത്താണ് അൽഫിയ്യയുടെ വ്യാഖ്യാനം ഉശ്മൂനി اشموني  പ്രിന്റ് ചെയ്ത് വന്നത് . കേരളത്തിൽ പ്രിന്റിങ് ടെക്നോളജി വികസിച്ചിട്ടില്ലാത്ത അക്കാലത്ത് ഒരു കോപ്പി ശിഷ്യന്മാർഎങ്ങിനെയോ പണിപ്പെട്ട് സംഘടിപ്പിച്ചു . അത്യാവേശത്തോടെ അത് ഉസ്താദ് റംലിക്ക് സമർപ്പിച്ചു . സന്തോഷത്തോടെ മറിച്ച് നോക്കുമ്പോൾ മധ്യഭാഗത്ത് ഒരു കുറാസ് (കുറേ പേജുകൾ) ഇല്ല . ഇനിയെന്ത് പരിഹാരം . രണ്ടാമതൊന്ന് സംഘടിപ്പിക്കാൻ വഴിയില്ല . നഷ്ടപ്പെട്ട എടുകളില്ലാത്ത കിത്താബ് കൈവശം വെക്കുക തന്നെ . പക്ഷെ ഉസ്താദ് പറഞ്ഞു : വേഗം ' വുർഖും വലിമ ' യും വാങ്ങികൊള്ളൂ (കടലാസും പേനയും) . കുറെ ദിവസം ശിഷ്യരെ മുന്നിലിരുത്തി ഓർമ്മയിലെ ഉശ്മൂനി പറഞ്ഞു കൊടുത്തു . അക്ഷരം പിഴക്കാത്ത, സെന്റൻസുകൾ മാറാത്ത പറയൽ . ശിഷ്യർ കേട്ടെഴുതി . ഏതാനും പേജുകൾ കഴിഞ്ഞപ്പോൾ " ഫഖാല " فقال എന്ന് ചൊല്ലി കൊടുത്തു . അവർ പറഞ്ഞു : മതി , അത് മുതൽ ഇതിലുണ്ട് . 

വ്യാഖരണ ഗ്രന്ഥമായ ' അൽഫിയ്യ ' രണ്ട് തവണ ചുരുങ്ങിയത് ഓതിപഠിക്കുന്ന ശൈലിയാണ് അന്നുണ്ടായിരുന്നത് . ആദ്യം ശർഹില്ലാതെ ബൈത്ത് മാത്രം . പിന്നീട് ശർഹ്‌ ഉൾപ്പടെ . മൊത്തം നാല് കൊല്ലം . അപ്രകാരം പഠിച്ച ശിഷ്യരാണ് ഉശ്മൂനിയിൽ മാനസം കണ്ടത്തിയതെന്ന് കൂടി ഓർക്കണം . 

ഓർമ്മയിൽ നിന്ന് വായിച്ചു എഴുതിച്ച മറ്റൊരു സംഭവം കൂടിയുണ്ട് . 

ഹജ്ജിന് പോയ ഒരു കേരളീയ പണ്ഡിതൻ , അദ്ദേഹത്തിന് ഒരു കിത്താബ് വാങ്ങണം . അതിനായി മക്കയിലെ ബുക്ക് ഷാപ്പുകൾ ഏകദേശം കറങ്ങി .എ വിടെ നിന്നും കിട്ടിയില്ല. അവസാനം ഒരു മലയാളി ജോലി ചെയ്യുന്ന കടയിലെത്തി . തിരക്കിയപ്പോൾ അയാൾ പറഞ്ഞു : ഈ ഗ്രന്ഥം ഇവിടെ സൗദി അറേബ്യയിൽ വിലക്കപ്പെട്ടതാണ് . വിൽക്കാൻ പാടില്ല . ആകയാൽ നിങ്ങളന്വേഷിച്ച് നടന്നാൽ കിട്ടില്ല . അന്വേഷകന്റെ അത്യാഗ്രഹം മനസ്സിലാക്കിയ മലയാളി ഒന്നു കൂടെ പറഞ്ഞു : ഒരു കോപ്പി എന്റെ കൈവശമുണ്ട് , പക്ഷേ അത് ടാമേജാണ് . കുറെ കഷ്ണങ്ങളില്ല . വിൽപ്പനക്ക് പറ്റാത്തത് കൊണ്ട് മാറ്റിയതാണ് . അത് വേണമെങ്കിൽ തരാം . കഴിഞ്ഞ വർഷം ഹജ്ജിന് വന്ന പെരുമ്പടപ്പുകാരനായ ഒരു മുസ്ലിയാർ ഇത് ഇവിടെ വെച്ച് മുഴുവൻ വായിച്ചു തീർത്തിരുന്നു . അദ്ദേഹം വാങ്ങിയിട്ടുണ്ടെങ്കിൽ അവരെ സമീപിച്ചാൽ ഫുൾ കോപ്പി കിട്ടിയേക്കും .യഥാർത്ഥത്തിൽ റംലി കിത്താബ് വാങ്ങിയിട്ടില്ല.

നാട്ടിൽ തിരിച്ചെത്തിയ മുസ്ലിയാർ നൂനകടവിലെ ശൈഖ് റംലിയുടെ വസതിയിൽ വന്ന് സലാം പറഞ്ഞു . " എന്താ വന്നത്‌ ? " , കിത്താബോതാൻ . ആഗതൻ ആവശ്യമറിയിച്ചു . ഏത് കിത്താബ് എന്ന ചോദ്യമില്ല . ഏത് കിത്താബും ഏത് വിഷയവും അവിടെ പാസ്സാകും .എന്നാൽ വായിക്കൂ . റംലി ആവേശത്തോടെ തയ്യാറായി . കുറെ ദിവസത്തെ വായനയും പഠനവും കഴിഞ്ഞപ്പോൾ പഠിതാവ് പിന്നെ   വായിക്കാതെയായി . മൗനം നീണ്ടപ്പോൾ ശൈഖ് ശബ്ദമുയർത്തി." എന്താ വായിക്കാത്തത് ? " ഗൗരവമുള്ള വാക്കുകൾ . ഗുരുവിന്റെ മുമ്പിൽ ഗ്രന്ഥമില്ല . ഗ്രന്ഥം ശിഷ്യന് മാത്രമാണ് ഉള്ളത് . " ഇതിൽ കുറച്ചു പേജുകളില്ല " . ഭവ്യതയോടെ ശിഷ്യൻ പറഞ്ഞൊപ്പിച്ചു . ഉടനെ ഗുരുവിന്റെ സാന്ത്വനപ്പെടുത്തൽ . " അതിന് കുഴപ്പമില്ല , പേനയും കടലാസും തയ്യാറാക്കി കൊൾക , ഞാൻ പറഞ്ഞു തരാം " . 

സൈനുദ്ദീൻ റംലിയുടെ ശിഷ്യരിൽ പ്രധാനിയായിരുന്നു ചുള്ളിയിൽ അബൂബക്കർ മുസ്ലിയാർ . കല്ലൂർ ജുമാ പള്ളിയുടെ മുറ്റത്ത്‌ ഒരേ ഒരു ഖബർ മാത്രമേയുള്ളൂ . അത് ആ മഹാന്റെതാണ് . അദ്ദേഹം തന്റെ മക്കൾക്ക് പങ്കുവെച്ച അനുഭവജ്ഞാനങ്ങളാണ് പൗത്രന്മാരിലൂടെ കൈമാറി മുകളിൽ ഞാൻ കുറിച്ചിട്ടുള്ളത് .

കേരളത്തിലെ ഇന്നത്തെ തലമുറയിലെ അഹ്‌സനി , സഖാഫി , സഅദി എന്നീ സനദുകൾ വാങ്ങിയ പണ്ഡിത സമൂഹം മുഴുവൻ സൈനുദ്ദീൻ റംലിയോട് കടമപ്പെട്ടിരിക്കുന്നു . കാരണം , അവരുടെ അഭിവന്ദ്യ ഗുരുക്കന്മാരായ ബഹറുൽ ഉലൂം ഒ.കെ ഉസ്താദ് , റഈസുൽ ഉലമാ സുലൈമാൻ ഉസ്താദ് , സുൽത്വാനുൽ ഉലമാ എ.പി ഉസ്താദ് , താജുൽ ഉലമാ ഉള്ളാൾ തങ്ങൾ , നൂറുൽ ഉലമാ എം.എ ഉസ്താദ് , എന്നിവരുടെ മശായിഖ്മാരുടെ വിവിധ പരമ്പര പരിശോധിച്ചാൽ അവയിലെല്ലാം ശൈഖുൽ മശായിഖ് സൈനുദ്ദീൻ റംലി (റ) കടന്നു വരുന്നതായി കാണാം . അപ്രകാരം തന്നെയാണ് ശൈഖുനാ കണ്ണിയത്ത് ഉസ്താദ് , ശൈഖുനാ സദഖത്തുള്ളാ മുസ്ലിയാർ തുടങ്ങിയവരുടെ പരമ്പരയും .

അക്ഷര കൂട്ടുകളെ പ്രണയിച്ച റംലിക്ക് കുടുംബമോ കുട്ടികളോ ഇല്ല . കോക്കൂരിൽ നിന്ന് ഒരു മഹതിയെ വിവാഹം ചെയ്‌തിരുന്നെങ്കിലും ഒരു മാസം മാത്രമേ ദാമ്പത്യ ജീവിതം തുടർന്നുള്ളൂ . 

ജ്ഞാനമാകുന്ന താമര പൂവിലെ തേൻ ആവോളം നുകരുന്ന ശിഷ്യരായിരുന്നു അവരുടെ ജീവിത ഹാരി . ആറ് പതിറ്റാണ്ട് കാലത്തെ  ധന്യ ജീവിതം കൊണ്ട് വൈജ്ഞാനിക നീലാകാശത്തിൽ പ്രഭാ പൂരിതങ്ങളായ ഒട്ടനവധി നക്ഷത്രങ്ങളെ അദ്ദേഹം ജനിപ്പിച്ചു . അവരും അവരുടെ പണ്ഡിത പരമ്പരകളുമാണ് അദ്ദേഹത്തിന്റെ കുടുംബവും കൂട്ടാളികളും . 

വിലപ്പെട്ട ആ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു മൗലിദിന്റെ പോരായ്മ ഉണ്ടായിരുന്നു. ആവിടവ് നികത്താൻ മഹാ ഭാഗ്യം ലഭിച്ച ഒരു യുവ പണ്ഡിതനുണ്ട് . ഉബൈദുല്ലാ സഖാഫി അൽ അസ്ഹരി . മൂപ്പരുടെ സ്ഥാനമാനത്തിന് അനുയോജ്യമായ ഒരു മൗലിദ് فيض العلي എന്ന പേരിൽ അദ്ധേഹം രചിച്ചു . സാഹിത്യ സംമ്പുഷ്ട സൃഷ്ടിയാണ് ആ രചന . മൂപ്പരുടെ മഖാമുള്ള പള്ളിയിൽ അവരുടെ ചാരത്തിരുന്ന് ദർസ് നടത്താൻ ഭാഗ്യം ലഭിച്ച സഖാഫി വലിയ ഭാഗ്യവാനും പ്രാപ്തനുമാണ് . വർഷങ്ങളോളമായി അദ്ദേഹത്തിന്റെ ദർസ് അവിടെ തുടരുന്നു . 

പരിശുദ്ധ മക്കയും മലബാറും മലബാറിലെ പാമരജനങ്ങളുടെ ഫർള് നിസ്കാരം  ഒഴിവാക്കിയുള്ള തറാവീഹും തമ്മിൽ ബന്ധിപ്പിച്ച സൈനുദ്ദീൻ റംലിയുടെ ഒരു വിജ്ഞാന കണികയുണ്ട് . പണ്ഡിത ശ്രദ്ധ പതിയുന്നതിന് വേണ്ടി ഞാനതിവിടെ നൽകുന്നുണ്ട് . 

നാഷണൽ ഹൈവേയിൽ വെളിയങ്കോട് ചാവക്കാട് റോഡിൽ കുറച്ചു യാത്ര ചെയ്താൽ റോഡിന്റെ ഇടത് വശത്ത്‌ അറബിയിൽ വലിയ ബോർഡ് സ്ഥാപിച്ചത് കാണാം . مقام الشيخ زين الدين الرملي അത് നൂനക്കടവിലെ മഖാമിലെത്തിക്കുന്ന വഴികാട്ടിയാണ് . ഈ കുറിപ്പ് വായിക്കുന്നവർ ആ മഹാന്റെ ചാരത്തണയാൻ ഭാഗ്യം ലഭിച്ചാൽ എന്നെ കൂടി ദുആയിൽ ചേർത്തണെ . ഹിജ്റാബ്ദം 13 09 ജമാദുൽ ആഖിറിലാണ് നമ്മുടെ ശൈഖുൽ മശായിഖ് അല്ലാഹു വിൻ്റെ വിളിക്കുത്തരം ചെയ്തത്. 
അല്ലാഹു ആ പുണ്യാത്മാവിന്റെ ബറക്കത്ത് കൊണ്ട് നമ്മെ ഇഹപരവിജയികളിൽ പെടുത്തിത്തരട്ടെ . കൊറോണ കാലത്തെ ഈ തീരാ കെടുതികൾ ലോകത്ത് നിന്ന് ഇല്ലാതാക്കി തരട്ടെ . 
*يارب يارحماننا نتوسل*
 *بالشيخ زين الدين رمل المرشد*  
*شاعت كرامات الولي الاكرم*
*بحقه نرجوالسلامة في الغد*
15/4/2020
pskbaqavi3 @gmail.com

3 comments:

  1. Alhamdulillah, allahu sweekarikattey ameen

    ReplyDelete
  2. തറാവീഹും തമ്മിൽ ബന്ധിക്കുന്ന ബന്ധിപ്പിക്കുന്ന അ വിജ്ഞാന കണിക ഏതാണ്

    ReplyDelete

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....