Wednesday, May 9, 2018

ത്വരീഖത്ത്, ശൈഖ്: ഇസ്‌ലാം പറയുന്നതെന്ത്?


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ത്വരീഖത്ത്, ശൈഖ്: ഇസ്‌ലാം പറയുന്നതെന്ത്?

● പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ



മനുഷ്യരുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കലാണ്. യജമാനനായ അല്ലാഹുവിനെ നേരിൽ കാണും വിധം ആരാധനയർപ്പിക്കുമ്പോഴാണ് ആരാധനയുടെ സമ്പൂർണതയിലേക്കെത്തുന്നത്. ഖുർആൻ പറയുന്നു: ആത്മാർത്ഥതയോടെ അല്ലാഹുവിന് ആരാധന ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല (അൽബയ്യിന/5).

ഇതിനുവേണ്ടി സ്രഷ്ടാവ് സമർപ്പിച്ച ജീവിത സരണിയാണ് ഇസ്‌ലാമിക ശരീഅത്ത്. ശരീഅത്തിന് ഇൽമ്, അമല്, ഇഖ്‌ലാസ് എന്നീ മൂന്ന് ഘടകങ്ങളുണ്ടെന്ന് ശൈഖ് സർഹിന്ദി(റ) അൽ മുൻതഖബാതു മിനൽ മക്തൂബാത് എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഈ മൂന്ന് ഘടകങ്ങളും മേളിക്കുമ്പോഴാണ് ശരീഅത്ത് പൂർണമാവുന്നത്. ഒരു വിശ്വാസി ശരീഅത്ത് നിയമങ്ങൾ പാലിച്ച് ജീവിച്ചാൽ അവന് അല്ലാഹുവിന്റെ സംതൃപ്തി ലഭിച്ചു. അതാകട്ടെ, ഇഹപര വിജയങ്ങളേക്കാൾ മീതെയാണ് താനും. അപ്പോൾ ഇരുലോക വിജയം ശരീഅത്തിൽ കേന്ദ്രീകരിക്കുന്നുവെന്ന് മനസ്സിലാക്കാം.

ശരീഅത്തിന്റെ പരിപൂർണതയിലേക്കുള്ള മാർഗങ്ങളായ ത്വരീഖത്ത്, ഹഖീഖത്ത് എന്നിവയിൽ വ്യാപൃതരായി വിജയതീരമണഞ്ഞവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ. മുകളിൽ പറഞ്ഞ ഇഖ്‌ലാസിനെ സാധ്യമാക്കലാണ് ത്വരീഖത്ത്, ഹഖീഖത്തുകളുടെ ധർമം. ശരീഅത്ത് നിയമങ്ങൾ പാലിച്ച് ബാഹ്യചലനങ്ങൾ ഇസ്‌ലാമികമായി ക്രമീകരിച്ചാലും ആന്തരികമായി ശൈത്വാൻ ദുർബോധനം തുടർന്ന് കൊണ്ടേയിരിക്കും. തൽഫലമായുണ്ടാവുന്ന ഹൃദയരോഗങ്ങൾ ചികിത്സിച്ച് ആത്മാവിന് ശാന്തി കൈവരിക്കലാണ് ത്വരീഖത്തിന്റെ ധർമം. ഇതിലേക്കാണ് ‘ഹൃദയത്തിലുള്ള ഒന്നിന്റെ ശിഫയും നിങ്ങൾക്ക് വന്നിരിക്കുന്നു’ (യൂനുസ്/57) എന്ന ഖുർആൻ സൂക്തം വിരൽ ചൂണ്ടുന്നത്.

ശൈഖ് ദഹ്‌ലാൻ(റ) പറയുന്നു: ഹൃദയത്തിന് നാശമുണ്ടാക്കുന്ന ദുഃസ്വഭാവങ്ങൾ പൊങ്ങച്ചം, അഹങ്കാരം, ലോകമാന്യം, അസൂയ, കോപം, ഉദര താൽപര്യം, ലൈംഗിക വികാരം, നാവിന്റെ നാശങ്ങൾ, സ്ഥാനമോഹം, സാമ്പത്തിക ആർത്തി, വഞ്ചന, വ്യാമോഹം തുടങ്ങിയവയാകുന്നു. ഇതിൽ നിന്ന് ഹൃദയത്തെ രക്ഷപ്പെടുത്തുന്ന ചികിത്സ പാപമോചനം, ക്ഷമ, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കുള്ള നന്ദി, അല്ലാഹുവിലുള്ള പ്രത്യാശ, അല്ലാഹുവിനെ സംബന്ധിച്ചുള്ള ഭയം, ദാരിദ്ര്യം, താഴ്മ, ഐഹികാഡംബരങ്ങൾ വെടിയൽ, സൂക്ഷ്മത, സർവം അല്ലാഹുവിൽ അർപ്പിക്കൽ, സദുദ്ദേശ്യം, നിഷ്‌കളങ്കത, സത്യസന്ധത, അല്ലാഹുവിലുള്ള സ്‌നേഹം, അവനിലുള്ള ആഗ്രഹം, അവനെക്കുറിച്ചുള്ള ചിന്തയിൽ വ്യാപരിക്കൽ, അവനിലുള്ള സംതൃപ്തി, ഐഹിക ആഗ്രഹങ്ങളിലുള്ള കുറവ്, മരണത്തെ ഇഷ്ടപ്പെടൽ തുടങ്ങിയവയാകുന്നു. സ്വൂഫികളുടെയും സർവ ത്വരീഖത്തുകളുടെയും അടിസ്ഥാനം തന്നെ ഇൽമ്, അമല്, ദുഃസ്വഭാവങ്ങളിൽ നിന്നുള്ള മുക്തി, സൽസ്വഭാവങ്ങൾ കൊണ്ട് നന്നായിത്തീരൽ എന്നിവയത്രെ (തഖ്‌രീബുൽ ഉസ്വൂൽ/18,19).

ശൈഖ് അബ്ദുല്ലാഹിബ്‌നു അബീബക്കർ അൽ ഐദറൂസി(റ)യുടെ വാക്കുകൾ ഇപ്രകാരം വായിക്കാം: ത്വരീഖത്ത് എന്നാൽ പദവികളും മഖാമുകളും മുറിച്ചുകടന്ന് അല്ലാഹുവിലേക്ക് നിന്നെ അടുപ്പിക്കുന്ന കാര്യങ്ങൾ കൊണ്ടും തഖ്‌വ കൊണ്ടും പിടിച്ചുനിൽക്കലാകുന്നു (രിസാലതുൽ ഐദറൂസി/11).

ശരീഅത്ത് കൊണ്ടുള്ള ഉദ്ദേശ്യം ബാഹ്യമായ ഇസ്തിഖാമത് (ചൊവ്വാകൽ) ആയതുപോലെ ത്വരീഖത്ത് കൊണ്ടുള്ള ഉദ്ദേശ്യം ആന്തരികമായ ഇസ്തിഖാമത്ത് ആണെന്ന് മേൽപറഞ്ഞ ഉദ്ധരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. ആന്തരിക വിമലീകരണത്തിനു വേണ്ടിയുള്ള പ്രയത്‌നമായതു കൊണ്ട് ത്വരീഖത്തിനെ അല്ലാഹുവിലേക്കുള്ള പ്രയാണം എന്നും വിളിക്കാറുണ്ട്. ശരീഅത്തിന്റെ അടിസ്ഥാനപരമായ കർമങ്ങൾ കൃത്യമായി കൊണ്ടുനടക്കുന്നവർക്കാണ് അടുത്ത ഘട്ടമായ ത്വരീഖത്തിൽ പ്രവേശിക്കൽ ആവശ്യമായി വരുന്നത്. പ്രാഥമിക ശരീഅത്ത് പോലും പാലിക്കാത്തവർ ത്വരീഖത്തിൽ വലിഞ്ഞുകേറുന്നത് കൂടുതൽ നാശത്തിനു വഴിവെക്കും. കെട്ടിടത്തിന് തറയൊരുക്കാതെ വെറും മണ്ണിൽ ചുമർ കെട്ടിപ്പൊക്കുന്ന വൃഥാവൃത്തിയായേ ഇതിനെ ഗണിക്കാനാവൂ.

അമ്പിയാക്കൾ നിയോഗിക്കപ്പെട്ട ഏതൊരു ജനതയും രണ്ടു വിഭാഗമായി തരം തിരിയുന്നത് കാണാം. ഒന്ന്, അവാമ് (സാധാരണക്കാർ). രണ്ട്, ഖവാസ്വ് (വിശിഷ്ട വ്യക്തികൾ). മനുഷ്യ സ്വഭാവം, ബാഹ്യാധികാരം എന്നിവ യഥാക്രമം ആത്മീയത, ആന്തരികാധികാരം എന്നിവയേക്കാൾ മികച്ച് നിൽക്കുന്നവരാണ് സാധാരണക്കാരെങ്കിൽ മനുഷ്യ സ്വഭാവം, ബാഹ്യാധികാരം എന്നിവയേക്കാൾ ആത്മീയത, ആന്തരികാധികാരം എന്നിവ മികച്ചുനിൽക്കുന്നവരാണ് വിശിഷ്ട വ്യക്തികൾ.

നബി(സ്വ) പറഞ്ഞു: ഞങ്ങൾ അതായത് നബിമാരുടെ സമൂഹം, ജനങ്ങളുടെ ബുദ്ധിയനുസരിച്ച് സംസാരിക്കാൻ കൽപിക്കപ്പെട്ടവരാണ്.’ എല്ലാവരും പാലിക്കേണ്ട ശരീഅത്തിനെ കുറിച്ചല്ല റസൂൽ ഇങ്ങനെ പറഞ്ഞത്. മറിച്ച് ലോകത്തുള്ള സർവ ജനങ്ങളും ത്വരീഖത്ത് പ്രയത്‌നത്തിലൂടെ വിശിഷ്ട ജ്ഞാനങ്ങളും രഹസ്യ കാര്യങ്ങളും അറിയുന്ന ഹഖീഖത്തിന്റെയും മഅ്‌രിഫത്തിന്റെയും സ്ഥാനത്തേക്കെത്തണമെന്നില്ല എന്നതിലേക്കാണിത് സൂചന നൽകുന്നത്. ‘ശൈഖില്ലാത്തവന്റെ ശൈഖ് ശൈത്വാൻ’ എന്ന ആപ്തവാക്യം വലിച്ചുനീട്ടി ഏതൊരാൾക്കും ഏതെങ്കിലുമൊരു ത്വരീഖത്തിൽ പ്രവേശിക്കൽ നിർബന്ധമാണെന്ന് ശഠിക്കുന്നവരുടെ വാദം ശരിയല്ലെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. എങ്കിൽ ദാഹിച്ചു അവശനായവൻ വെള്ളത്തിലേക്ക് ആവശ്യമുള്ളവനാവുകയും വെള്ളമന്വേഷിച്ചില്ലെങ്കിൽ മരിക്കുമെന്ന അവസ്ഥ സംജാതമാവുകയും ചെയ്താൽ വെള്ളമന്വേഷിക്കൽ അനിവാര്യമാണെന്ന് പറയുംപോലെ ആത്മീയ ദാഹം നേരിടുന്നവൻ യഥാർത്ഥ ശൈഖിനെ അന്വേഷിക്കലും ബുദ്ധിപരമായ അനിവാര്യമാണെന്ന് പറയാം.

ശൈഖ് അബുൽ അബ്ബാസ്(റ) പറയുന്നു: തർബിയതിന്റെ ശൈഖിനെ (ത്വരീഖത്തിന്റെ ശൈഖ്) സ്വീകരിക്കൽ ഏതൊരു വ്യക്തിക്കും നിർബന്ധമുള്ള കാര്യമല്ല. എന്നാൽ ശൈഖുത്തഅ്‌ലീം (ശരീഅത്ത് നിയമങ്ങൾ പഠിപ്പിക്കുന്ന ശൈഖ്/ഉസ്താദ്) അങ്ങനെയല്ല; അതെല്ലാവർക്കും അനിവാര്യമത്രെ (അൽ മിഅ്‌യാറുൽ മുഅർറബ് 12/295).

ഇതിൽ നിന്നും ശർഇയ്യായ അനിവാര്യ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന ഒരു ശൈഖിനെ സ്വീകരിക്കൽ എല്ലാവർക്കും ശർഇയ്യായ നിലക്കുതന്നെ നിർബന്ധമാണെന്നും ത്വരീഖത്തിന്റെ ശൈഖിനെ സ്വീകരിക്കൽ ആർക്കും തന്നെ ശർഇയ്യായ വാജിബ് അല്ലെന്നും എന്നാൽ, അല്ലാഹുവിലേക്കുള്ള വുസ്വൂൽ (ചേരൽ) ഉദ്ദേശിച്ച് അവനിലേക്ക് പ്രയാണം നടത്തുന്ന മുരീദിന് ഒരു ശൈഖ് ബുദ്ധിപരമായി അനിവാര്യമാണെന്നും മനസ്സിലാക്കാം.

ആരാണ് ശൈഖ്?

ശൈഖുമാർ നാല് വിധമുണ്ട്.

ശൈഖുത്തഅ്‌ലീം (പഠിപ്പിക്കുന്ന ഗുരുനാഥൻ).

ശൈഖുത്തബർറുക് (ബറകത്തിന് വേണ്ടി തുടരപ്പെടുന്ന വ്യക്തി.

ശൈഖുത്തർഖിയത് (സ്ഥാനാരോഹണം കൊടുക്കുന്ന ശൈഖ്).

ശൈഖുത്തർബിയത് (വളർത്തിയെടുക്കുന്ന ശൈഖ്).

ദീനീ വിജ്ഞാനങ്ങൾ പഠിപ്പിച്ച് കൊടുക്കുന്ന ഗുരുനാഥനാണ് ശൈഖുത്തഅ്‌ലീം. ജ്ഞാനവും ഭക്തിയും ആത്മാർത്ഥതയും മേളിച്ചവരാണ് ശൈഖെങ്കിൽ വിദ്യാർത്ഥികൾ തീർച്ചയായും നല്ലവരായി മാറും.

പുണ്യലബ്ധിക്കു വേണ്ടി തുടരപ്പെടുന്ന വ്യക്തിയാണ് ശൈഖുത്തബർറുക്. പുണ്യലബ്ധിക്ക് യോഗ്യരായ ആരെയും തബർറുകിന്റെ ശൈഖായി സ്വീകരിക്കാമെന്ന് ഇബ്‌നുഹജർ(റ)വും ഇമാം ശഅ്‌റാനി(റ)വും വ്യക്തമാക്കുന്നുണ്ട് (അൽ ഫതാവൽ ഹദീസിയ്യ/76, അൽ അൻവാറുൽ ഖുദ്‌സിയ്യ 1/64).

ക്രമേണയുള്ള പരിപാലനത്തിലൂടെയല്ലാതെ പെട്ടെന്ന് തന്റെ മുരീദിനെ മേൽപദവിയിലേക്ക് എത്തിക്കാൻ പ്രാപ്തിയുള്ള ശൈഖാണ് തർഖിയത്തിന്റെ ശൈഖ്. മുരീദുമാരുടെ ഹൃദയങ്ങളെ പെട്ടെന്ന് തന്നിലേക്ക് വലിച്ചെടുക്കാനുള്ള ആകർഷണ ശക്തിയും മനക്കരുത്തും ആർജിച്ചവരാണിവർ.

തന്റെ മുരീദ് അല്ലാഹുവിലേക്ക് ചേരുകയും സദ്‌വൃത്തനാവുകയും ചെയ്യുന്നതുവരെ അൽപാൽപമായി നിയന്ത്രിച്ചും തിരുത്തിയും വളർത്തിയെടുക്കുന്ന ശൈഖാണ് ശൈഖുത്തർബിയ. മനുഷ്യരുടെ ബാഹ്യജീവിതത്തിന് ശൈശവം, കൗമാരം, യൗവനം എന്നീ ഘട്ടങ്ങളുള്ളത് പോലെ സുലൂകിൽ (അല്ലാഹുവിലേക്കുള്ള പ്രയാണം-ത്വരീഖത്ത്) പ്രവേശിച്ച മുരീദിനും പല ഘട്ടങ്ങളുണ്ട്. ആത്മീയാരോഗ്യത്തിന്റെ പൂർണ ഘട്ടമായ വുസ്വൂൽ (അല്ലാഹുവിലേക്ക് ചേരൽ) സിദ്ധിക്കാൻ ശൈശവ ഘട്ടമായ സുലൂക്ക് മുതൽ മുരീദിനെ അൽപാൽപമായും ലളിതരീതിയിലും അതാത് ഘട്ടങ്ങളിൽ ആവശ്യമായ ദിക്‌റുകൾ കൊടുത്തും നിർദേശങ്ങൾ നൽകിയും പരിചരിച്ച് കൊണ്ടിരിക്കണം. ഈ പ്രക്രിയക്കാണ് സാങ്കേതികമായി തർബിയത് എന്നു പറയുന്നത്. ഇത് നടത്തുന്ന ശൈഖാണ് മുറബ്ബിയായ ശൈഖ്.

അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് തഖ്‌വ ചെയ്യുകയും അവനിലേക്ക് വസ്വീലയെ തേടുകയും ചെയ്യുക (മാഇദ/35).

ഈ ആയത്തിനെ വ്യാഖ്യാനിച്ച് ശൈഖ് ഇസ്മാഈലുൽ ഹിഖി(റ) എഴുതിയത് കാണാം: ഈ സൂക്തം വസ്വീലയെ തേടാൻ ആജ്ഞാപിക്കുകയാണ്. വസ്വീല അത്യാവശ്യമാണ്. കാരണം അല്ലാഹുവിലേക്കുള്ള വുസ്വൂൽ (ചേരൽ) വസ്വീല കൊണ്ടല്ലാതെ സാധിക്കുകയില്ല. ഉലമാഉൽ ഹഖീഖതും (ഹഖീഖത്തിന്റ പണ്ഡിതർ) ത്വരീഖത്തിന്റെ ശൈഖുമാരുമാണ് പ്രസ്തുത വസ്വീല (റൂഹുൽ ബയാൻ 2/388).

ഹിജ്‌റ 914-ൽ വഫാതായ ശൈഖ് അഹ്മദുബിൻ യഹ്‌യൽ വൻശരീസി(റ) പറയുന്നു: തസ്വവ്വുഫിന്റെ മാർഗത്തിൽ പ്രവേശിക്കാൻ ഒരു ശൈഖിനെ സ്വീകരിക്കൽ അനിവാര്യമാണ്. മുറബ്ബിയായ ഒരു ശൈഖിനെ അവലംബിക്കലാണ് സ്വൂഫിയാക്കളിൽ നിന്നുള്ള പിൽക്കാല ഇമാമുകളുടെ ചര്യ (അൽ മിഅ്‌യാർ 12/296).

മേൽ വാക്യങ്ങളിൽ നിന്ന് മനസ്സിലാവുന്നത് അല്ലാഹുവിലേക്കുള്ള പ്രയാണം ഉദ്ദേശിക്കുന്ന മുരീദിന് മുറബ്ബിയായ ശൈഖ് അനിവാര്യമാണെന്നാണ്. മുറബ്ബിയായ ശൈഖിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ധാരാളം നിബന്ധനകളുണ്ട്. ശൈഖ് അഹ്മദ് ളിയാഉദ്ദീൻ(റ) എഴുതുന്നു: മുരീദ് തന്റെ ശരീരത്തെ ഏൽപ്പിക്കുന്ന ശൈഖിന്റെ നിബന്ധനകൾ അഞ്ചെണ്ണമാകുന്നു. 1, വ്യക്തമായ ആസ്വാദന ശേഷിയുള്ള ബുദ്ധിശക്തി. 2, ശരിയായ അറിവ്. 3, ഉയർന്ന മനക്കരുത്ത്. 4, തൃപ്തികരമായ അവസ്ഥ. 5, ഫലപ്രദമായ ഉൾക്കാഴ്ച. ബാഹ്യവും ആന്തരികവുമായ വിജ്ഞാനത്തിന്റെ ഗുണങ്ങളൊന്നും പരിപൂർണമായി മേളിക്കാത്ത ഒരു ശൈഖുമായി സഹവസിക്കുന്ന മുരീദുമാർ തീർച്ചയായും നാശത്തിലാണ് (ജാമിഉൽ ഉസ്വൂൽ/39).

അഭിനവ ത്വരീഖത്തുകളിലെ മിക്ക ശൈഖുമാരും സ്വയം മുറബ്ബിയായി ചമയുകയല്ലാതെ മുറബ്ബിയായ ശൈഖിന്റെ നിബന്ധനകൾ മേളിച്ചിട്ടില്ലെന്നതാണ് വസ്തുത. സുലൂകിൽ (ആത്മപ്രയാണം) പ്രവേശിക്കുന്ന മുരീദുമാരിലും ചില നിബന്ധനകൾ മേളിക്കൽ അനുപേക്ഷണീയമാണ്.

ഇബ്‌നു അറബി(റ)യിൽ നിന്ന് ജുർജാനി(റ) ഇപ്രകാരം ഉദ്ധരിക്കുന്നു: മുരീദ് എന്നാൽ സ്വന്തം വീക്ഷണങ്ങളും കണ്ടെത്തലുകളും ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് ശരണം പ്രാപിച്ചവനത്രെ (തഅ്‌രീഫാത്/140).

അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചും ദേഹേച്ഛകളെ ഉപേക്ഷിച്ചും ഹൃദയം കൊണ്ട് അല്ലാഹുവിലേക്ക് മുന്നിടുകയെന്നതായിരിക്കണം യഥാർത്ഥ മുരീദിന്റെ ഉദ്ദേശ്യം. ഇമാം ശഅ്‌റാനി(റ) എഴുതുന്നു: ഇതുകൊണ്ടാണ് അവർ മുരീദിനോട് ഇപ്രകാരം പറഞ്ഞത്. ആദ്യമായി നീ നിന്റെ ദീനിൽ ഫഖീഹ് ആവുക. ശേഷം ത്വരീഖത്തിൽ പ്രവേശിക്കുക (അൽ അൻവാറുൽ ഖുദ്‌സിയ്യ 1/66).

ചുരുക്കത്തിൽ അത്യന്താപേക്ഷിതമായ ശരീഅത്ത് നിയമങ്ങൾ അറിയുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നതോടെ തുടർന്നുള്ള ജീവിതത്തിൽ സൂക്ഷ്മത പുലർത്തുക കൂടി ചെയ്യുമ്പോഴാണ് അല്ലാഹുവിലേക്ക് ചേരാനുള്ള നൂറുൽ ഇറാദത്ത് എന്ന കവാടം തുറക്കപ്പെടുന്നത്. ത്വരീഖത്ത്, ശൈഖ്, മുരീദ് തുടങ്ങിയവ ഇത്രമേൽ ഗൗരവമുള്ള വിഷയമായിരിക്കെ അതിനോട് ലാഘവത്തോടെ സമീപിക്കുന്നതാണ് സമകാലിക ലോകത്തെ ആത്മീയ മേഖല നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

ഇമാം ഖുശൈരി(റ) പറയുന്നു: നീ അറിയുക, നിശ്ചയം അല്ലാഹുവിലേക്ക് ചേരാനുള്ള സർവകാര്യത്തിന്റെയും അടിസ്ഥാനം സമ്പൂർണമായി ദീൻ പാലിക്കലും ശരീഅത്തനുസരിച്ചുള്ള ആരാധനകളുമാകുന്നു. അത് നബി(സ്വ)യോടും സ്വഹാബത്തിനോടും മുസ്‌ലിം ഉമ്മത്തിലെ സലഫുസ്വാലിഹുകളോടുമുള്ള അനുകരണത്തോടും അനുധാവനത്തോടും കൂടിയുള്ളതാവുകയും വേണം. ശർഅ് വിമർശിക്കുന്ന ഏതൊരു വ്യക്തിയും വഞ്ചനയിൽ അകപ്പെട്ടവനാണ് (തഖ്‌രീബുൽ ഉസ്വൂൽ/238).

അല്ലാമാ സഅ്ദുദ്ദീനുത്തഫ്താസാനി(റ) രേഖപ്പെടുത്തി: പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഒരാളും ശറഇന്റെ ആജ്ഞകളും വിലക്കുകളും ബാധകമല്ലാത്തൊരവസ്ഥയിലേക്ക് തീർച്ചയായും എത്തുകയില്ല. എന്നാൽ ചില വിലക്കുകളെ അവഗണിച്ചവർ ഇപ്രകാരം പറയുന്നു: ഒരടിമ (അല്ലാഹുവിനോടുള്ള) മഹബ്ബത്തിൽ പരമാവധി സ്ഥാനമെത്തിക്കുകയും തന്റെ ഹൃദയം സ്ഫുടമാവുകയും കാപട്യമില്ലാത്ത വിധം വിശ്വാസത്തെ അവിശ്വാസത്തേക്കാൾ തിരഞ്ഞെടുക്കുകയും ചെയ്താൽ ശറഇന്റെ ആജ്ഞകളും വിലക്കുകളും അവന് ബാധകമാവുന്നതോ വൻ കുറ്റങ്ങൾ ചെയ്യുന്നതുകൊണ്ട് അല്ലാഹു അവനെ നരകത്തിൽ കടത്തുന്നതോ അല്ല. മറ്റു ചിലർ ഇപ്രകാരം പറയുന്നു: ഉപരിസൂചിത അവസ്ഥയെത്തിയാൽ ബാഹ്യ ഇബാദത്തുകളായ നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയവ അവന് ബാധകമല്ലാതാവും. (അല്ലാഹുവിലുള്ള) ചിന്ത മാത്രമാവും അവന്റെ ഇബാദത്ത്. ഇപ്പറഞ്ഞതെല്ലാം പിഴച്ച മാർഗവും കുഫ്‌റുമാ(അവിശ്വാസം)കുന്നു. കാരണം ഈമാനിന്റെയും മഹബ്ബത്തിന്റെയും വിഷയത്തിൽ ജനങ്ങളിൽ വെച്ച് ഏറ്റവും പരിപൂർണർ അമ്പിയാക്കളാണ്. വിശിഷ്യാ അല്ലാഹുവിന്റെ ഹബീബായ മുഹമ്മദ് നബി(സ്വ). എന്നിട്ടും ശറഈ കൽപനകൾ അവരിലാണ് പരിപൂർണമായുള്ളത് (ശർഹുൽ അഖാഇദ്/148).

ശറഇന് വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന ഒരു ത്വരീഖത്തിനും ഇസ്‌ലാം അനുവാദം നൽകുന്നില്ല എന്നത് മേലുദ്ധരണങ്ങളിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. ശരീഅത്ത് നിയമങ്ങൾ അറിഞ്ഞു അനുഷ്ഠിക്കുമ്പോഴല്ലാതെ ആന്തരിക ശുദ്ധീകരണം സാധ്യമാവുന്നുമില്ല. അല്ലാഹുവിലേക്കുള്ള പ്രയാണം (ത്വരീഖത്ത്) അതി സങ്കീർണമായിരിക്കെ അതിനെ നിസ്സാരമായി സമീപിക്കുന്നത് ശരിയല്ല. സ്വയം വിലായത്ത് പദവി അവകാശപ്പെട്ടും ശൈഖ് പട്ടം ചമഞ്ഞുമുള്ള വ്യാജന്മാർ ഇന്നു മാത്രമല്ല, മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ നാശം സംബന്ധിച്ച് സ്വൂഫിയാക്കളടക്കമുള്ള പണ്ഡിതന്മാർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. സയ്യിദ് ഉമറുന്നൂത്വി(റ) പറയുന്നു: പരിപൂർണനായ ഒരു ശൈഖിന്റെ അനുവാദമില്ലാതെ ശൈഖ് സ്ഥാനം അലങ്കരിക്കുന്നത് വളരെ അപകടമാണ്. അതിനാൽ അന്ത്യം ചീത്തയാകും. തൗബ ചെയ്തില്ലെങ്കിൽ കാഫിറായിട്ടല്ലാതെ അവൻ മരിക്കില്ല (അൽ ഫതാവൽ അസ്ഹരിയ്യ/54).

🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....