Saturday, March 10, 2018

നാരിയത് സ്വലാത്: മഹത്വവും ഗുണങ്ങളും

*⭕നാരിയത് സ്വലാത്: മഹത്വവും ഗുണങ്ങളും🌹*
➖➖➖➖➖

*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


നാരിയത് സ്വലാത് എന്ന പേരില്‍ അറിയപ്പെടുന്ന അസ്സ്വലാതുത്തഫ്‌രീജിയ്യതുല്‍ ഖുര്‍ത്വുബിയ്യ (الصلاة التفريجية القرطبية) വളരെ ശ്രേഷ്ഠമായ സ്വലാത്തുകളില്‍ ഒന്നാണ്. ഈ സ്വലാത്തിന്‍റെ സവിശേഷതകള്‍ വിവരിക്കുന്നിടത്ത് ബഹുമാനപ്പെട്ട അശ്ശൈഖ് അല്‍ആരിഫ് മുഹമ്മദ് ഹഖീ അഫ്നദി അന്നാസിലീ (الشيخ السيد العارف محمد حقي أفندي النازلي)  ഇമാം ഖുര്‍ത്വുബിയെ ഉദ്ധരിച്ച് പറയുന്നു: “ആരെങ്കിലും പ്രധാനമായ ഒരു സംഗതി നേടിയെടുക്കാനോ അല്ലെങ്കില്‍ ഒരു വലിയ വിപത്ത് തടയാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ സ്വലാത്ത് 4444 പ്രാവശ്യം ഓതിയിട്ട് റസൂല്‍ (സ)യിലേക്ക് തവസ്സുല്‍ ചെയ്യട്ടെ. അവന്റെ നിയ്യത്തിനനുസൃതമായി അവന്‍റെ ഉദ്ദേശ്യങ്ങള്‍ അല്ലാഹു പൂര്‍ത്തിയാക്കിക്കൊടുക്കുന്നതാണ്. ഇപ്രകാരം തന്നെ ഈ എണ്ണത്തിന്റെ പ്രത്യേകത അസ്ഖലാനി(റ)വും പരാമര്‍ശിച്ചിട്ടുണ്ട്. പ്രതിഫലന കാര്യത്തില്‍ ഇതൊരു ഇക്സീര്‍ ആണ്.” (അസാമാന്യ ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു രാസ വസ്തുവാണു ഇക്സീര്‍.
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

 തത്വജ്ഞാനികളുടെ കല്ല് എന്നും ഇത് അറിയപ്പെട്ടിരുന്നു.) (ഖസീനതുല്‍ അസ്റാര്‍ – خزينة الأسرار)
ശൈഖ് യൂസുഫ് അന്നബ്ഹാനി(റ)യും തന്‍റെ أفضل الصلوات على سيد السادات എന്ന കിതാബിലും سعادة الدارين എന്ന കിതാബിലും മേല്‍പറഞ്ഞവ ഉദ്ധരിച്ചിട്ടുണ്ട്.
അഗ്നി വേഗതയില്‍ ഫലപൂര്‍ത്തി ലഭിക്കുന്നതിനാലാണ് ഇതിന് الصلاة النارية എന്നു പേരു വന്നത്. സൂഫികള്‍ക്കിടയില്‍ ഈ സ്വലാത് അറിയപ്പെടുന്നത് مفتاح الكنز المحيط لنيل مراد العبيد എന്ന പേരിലാണ്.
സ്വലാതുകളെ പൊതുവേ നാലായിരത്തില്‍ പരം ഇനങ്ങളായി തിരിക്കാം. പല സ്വഹാബാക്കളും പണ്ഡിതന്മാരും പലരീതികളിലുള്ള സ്വലാതുകള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇത്തരം സ്വലാത്തുകളില്‍ വളരെ ശ്രേഷ്ടമായതാണ് നാരിയത്ത് സ്വലാത്ത്. അശ്ശൈഖ് നാസിലീ (റ) ഈ സ്വലാത്തിനെ കുറിച്ച് വിശദീകരിക്കാനായി മാത്രം തന്റെ ഗ്രന്ഥത്തിലെ നാലു പേജുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൊറോക്കക്കാരനായ ശൈഖ് മുഹമ്മദ് അത്തൂനുസിയും ശൈഖ് സയ്യിദ് മക്കിയും അദ്ദേഹത്തിന് ഈ സ്വലാത്തിനുള്ള ഇജാസത് (പ്രത്യേക അനുമതി) നല്‍കിയിരുന്നു. മാത്രമല്ല, മദീന മുനവ്വറയില്‍ വെച്ച് ഹി 1261 ല്‍ അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശൈഖ് മുസ്ഥഫാ ഹിന്ദിയും ഇതിനുള്ള ഇജാസത് നല്‍കുകയും ഇതിന്റെ സനദ് പറഞ്ഞു കൊടുക്കുകയും ചെയ്തു. പഠനം കഴിഞ്ഞ് മദീന വിട്ടു പോകുന്നതിനു മുമ്പായി തന്റെ പ്രസ്തുത ശൈഖിനോട് അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സാമീപ്യവും ജ്ഞാനങ്ങളിലേക്കുള്ള തെളിച്ചവും ലഭിക്കാനുതകുന്ന എന്തെങ്കിലും പ്രത്യേക ദിക്റുകള്‍ പറഞ്ഞു തരണമെന്ന് അഭ്യര്‍ഥിച്ചു. ആയതുല്‍കുര്‍സിയ്യും നാരിയതുസ്സ്വലാതും പഠിപ്പിച്ചു കൊടുത്തിട്ട് ശൈഖ് മുസ്ഥഫാ തന്റെ ശിഷ്യനായ ശൈഖ് ഹഖീ നാസിലീയോട് പറഞ്ഞു: “ഈ സ്വലാത് നീ പതിവാക്കിയാല്‍ നിനക്ക് പ്രത്യേക ജ്ഞാനനങ്ങളും രഹസ്യങ്ങളും വ്യക്തമാവും. റസൂല്‍(സ)യുടെ ആത്മീയ പരിപാലനം ലഭ്യമാകും. ഇത് പരീക്ഷിച്ചു വിജയിച്ചതാണ്.” അങ്ങനെ വിജയം കണ്ട പലരുടെയും പേരുകള്‍ പറഞ്ഞു കൊടുത്തു. ശൈഖ് ഹഖീ നാസിലീ പറയുന്നു: “ഞാന്‍ അദ്ദേഹത്തിന്റെ കൈ മുത്തി. അദ്ദേഹം എനിക്കു ബര്‍കത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ ആ രാത്രിയില്‍ തന്നെ ഈ സ്വലാത് ചൊല്ലാന്‍ തുടങ്ങി. ആദ്യമായി നൂറു പ്രാവശ്യം ചൊല്ലിത്തീര്‍ത്തു. അന്നു സ്വപ്നത്തില്‍ റസൂല്‍(സ)യെ കണ്ടു. നിനക്കും നിന്റെ മാതാപിതാക്കള്‍ക്കും നിന്റെ സഹോദരങ്ങള്‍ക്കും ശഫാഅത്തുണ്ടെന്നു റസൂല്‍(സ) അരുള്‍ ചെയ്തു. നിങ്ങള്‍ക്കും എനിക്കും ഈ സന്തോഷ വാര്‍ത്ത ആവര്‍ത്തിതമായി ലഭിക്കാന്‍ അല്ലാഹു തൌഫീഖ് നല്‍കട്ടെ. പിന്നീട് അല്ലാഹുവിന്റെ മഹത്തായ കഴിവു കൊണ്ട് എന്റെ ശൈഖ് പറഞ്ഞതൊക്കെയും എനിക്ക് അനുഭവവേദ്യമായി. ഞാനെന്റെ പല സഹോദരങ്ങള്‍ക്കും ഇതു പഠിപ്പിച്ചു കൊടുത്തു. അവര്‍ക്കെല്ലാം എനിക്കു ലഭ്യമായതെല്ലാം ലഭിച്ചു. എനിക്ക് അല്ലാഹു അവന്റെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും റസൂല്‍(സ) അവിടന്നു ഇജാസത് നല്കുകയും ചെയ്തിരിക്കുന്നു. അതു കൊണ്ട് ഈ സ്വലാത് നീ പതിവാക്കിയേക്കൂ – രാത്രിയിലും പകലിലും”
ശൈഖ് മുഹമ്മദ് തൂനുസി(റ) പറഞ്ഞു: ആരെങ്കിലും നാരിയത് സ്വലാത് ദിവസവും പതിനൊന്നു പ്രാവശ്യം ഓതിയാല്‍ അവന് റിസ്ഖ് ആകാശത്ത് നിന്നു വര്‍ഷിക്കുകയും ഭൂമിയില്‍ നിന്ന് മുളച്ചു വരികയും ചെയ്യുന്നതു പോലെയാണ്.
ഇമാം ദൈനൂരി (റ) പറയുന്നു:
“ആരെങ്കിലും നിസ്കാര ശേഷം പതിനൊന്നു പ്രാവശ്യം ഈ സ്വലാതു ചൊല്ലുകയും മുറിഞ്ഞു പോകാതെ ഒരു വിര്‍ദ് ആയി പതിവാക്കുകയും ചെയ്താല്‍ ഉന്നതമായ സ്ഥാനങ്ങളും ഐശ്വര്യമുള്ള അധികാരങ്ങളും വന്നെത്തുന്നതാണ്.
എല്ലാ ദിവസവും സുബ്ഹിനു ശേഷം ഇത് നാല്പത്തൊന്നു പ്രാവശ്യം പതിവാക്കുന്നവരുടെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നതാണ്.
എല്ലാ ദിവസവും നൂറു പ്രാവശ്യം ഇത് പതിവാക്കുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ഉദ്ദേശിച്ചിലുപരിയായി ലക്ഷ്യം കൈവരിക്കുകയും ചെയ്യും.
ആരെങ്കിലും ഈ സ്വലാതിനെ മുര്‍സലീങ്ങളുടെ എണ്ണം കണക്കെ – അഥവാ മൂന്നൂറ്റി പതിമൂന്നു പ്രാവശ്യം പതിവാക്കിയാല്‍ അവനു രഹസ്യങ്ങള്‍ വെളിപ്പെടുകയും അവനുദ്ദേശിക്കുന്നതില്‍ നിന്നെല്ലാം മുക്തി നേടുകയും ചെയ്യും.
എല്ലാ ദിവസവും ആയിരം പ്രാവശ്യം ചൊല്ലിയാല്‍ അവനു വിശേഷണങ്ങള്‍ക്കതീതമായതു ലഭിക്കും. ഒരു കണ്ണും കാണാത്ത, ഒരു ചെവിയും കേള്‍ക്കാത്ത, ഒരു മനുഷ്യമനസ്സും നിനക്കാത്ത സൌഭാഗ്യങ്ങള്‍ക്ക് ഉടമയാകും.”
ഇമാം ഖുര്‍ത്വുബീ(റ) പറയുന്നു:
“ആരെങ്കിലും ഈ സ്വലാത് ദിവസവും നാല്‍പത്തൊന്നു പ്രാവശ്യം അല്ലെങ്കില്‍ നൂറു പ്രാവശ്യം അല്ലെങ്കില്‍ അതില്‍കൂടുതല്‍ പ്രവാശ്യം പതിവാക്കിയാല്‍ അല്ലാഹു അവന്റെ ആധികളും ദുഃഖങ്ങളും ശമിപ്പിക്കുകയും ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം നല്‍കുകയും അവന്റെ കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുകയും അവന്റെ ആത്മാവിനു ശോഭ നല്‍കുകയും അവന്റെ അവസ്ഥ നന്നാക്കുകയും അവന്റെ റിസ്ഖ് വിശാലമാക്കുകയും നന്മകളുടെ കവാടങ്ങള്‍ അവനു വേണ്ടി തുറന്നിടുകയും അവന്റെ വാക്കുകള്‍ ഫലിക്കുകയും അവനെ ദുരന്തങ്ങളില്‍ നിന്നും വിശപ്പ്, ദാരിദ്ര്യം തുടങ്ങിയ വിപത്തുകളില്‍ നിന്നും സംരക്ഷിക്കുകയും ഹൃദയങ്ങളില്‍ അവനോടുള്ള സ്നേഹം ഇട്ടു കൊടുക്കുകയും ചെയ്യും. അല്ലാഹു അവന് ചോദിച്ചതെല്ലാം നല്‍കുന്നു. ഈ പ്രയോജനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇതു പതിവാക്കുക തന്നെ വേണം. സിര്‍റുല്‍അസ്രാറിലും അപ്രകാരമുണ്ട്. അറിയുക (അല്ലാഹുവിലേക്ക് നിങ്ങള്‍ തവസ്സുല്‍ ചെയ്യുക) എന്ന് സൂറതുല്‍ മാഇദയില്‍ പറഞ്ഞതു പ്രകാരം ഈ സ്വലാത് അല്ലാഹുവിലേക്ക് റസൂല്‍ (സ)യെ കൊണ്ട് തവസ്സുല്‍ ചെയ്യലാണ്. ഇതിലെ ഏഴു സര്‍വ്വ നാമങ്ങള്‍ (ളമീറുകള്‍) റസൂല്‍(സ)യിലേക്കാണു മടങ്ങുന്നത്. മാത്രമല്ല റസൂല്‍(സ)യുടെ ഏറ്റവും ഉത്തമമായ (മുഹമ്മദ്) എന്ന നാമം കൂടിയാവുന്പോള്‍ എട്ടു പ്രാവശ്യമാകും. എന്നാല്‍ മറ്റു സ്വലാത്തുകള്‍ അങ്ങനയല്ല. ഈ സ്വലാത് അല്ലാഹുവിന്റെ നിധികളിലെ ഒരു നിധിയാകുന്നു. ഇതു ചൊല്ലുന്നത് അല്ലാഹുവിന്റെ ഖജനാവിലേക്കുള്ള താക്കോലാകുന്നു. അല്ലാഹുവിന്റെ അടിമകളില്‍ ഇതു പതിവാക്കുന്നവര്‍ക്ക് അവനതു തുറന്നു കൊടുക്കും. ഇതു കാരണമായി അവനെ അല്ലാഹു ഉദ്ദേശിക്കുന്നിടത്തേക്കു എത്തിക്കുകയും ചെയ്യും.”
ശൈഖ് ഹഖീ നാസിലീ സ്വലാതു ചൊല്ലുന്പോഴുണ്ടാകേണ്ട ആറു മര്യാദകള്‍ വിശദീകരിച്ച ശേഷം പറയുന്നു: ഈ അദബുകള്‍ മുഴുവന്‍ സമ്മേളിച്ച ഒരു സ്വലാത്താകുന്നു അസ്സ്വലാതുന്നാരിയ്യ.
സ്വലാത്-സലാം എന്നിവ അല്ലാഹുവിലേക്കു ചേര്‍ത്തിപ്പറയുക, ഇസ്മുല്‍അഅ്ളമായ (അല്ലാഹു) എന്നു പറയുക, റസൂലി(സ)ന്റെ ഏറ്റവും വിശിഷ്ടമായ (മുഹമ്മദ്) എന്ന നാമം ഉച്ചരിക്കുക, ആലിനെയും സ്വഹ്ബിനെയും പരാമര്‍ശിക്കുക, അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണം കണക്കെ എന്നുണ്ടാവുക. ആവര്‍ത്തിച്ചുരുവിടുക തുടങ്ങിയവയാണാ ആറു മര്യാദകള്‍.
റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ എന്റെ മേല്‍ ബത്റാഅ് ആയ (ബര്‍കത് കുറഞ്ഞ രീതിയിലുള്ള) സ്വലാത് ചൊല്ലരുത്.” സ്വഹാബത് ചോദിച്ചു: “എന്താണീ ബത്റാഅ് ആയ സ്വലാത്?” റസൂല്‍(സ) പറഞ്ഞു: “നിങ്ങള്‍ اللهم صل على محمد  എന്നു പറഞ്ഞു നിര്‍ത്തുന്നു. പക്ഷേ നിങ്ങള്‍ പറയേണ്ടത് اللهم صل على محمد وعلى آل محمد എന്നാകുന്നു.” (الصواعق المحرقة على أهل الضلال والزندقة – لابن حجر الهيتمي، الحاوي للماوردي)
ഉമ്മുല്‍ മുഅ്മിനീന്‍ സ്വഫിയ്യ(റ) നാലായിരം ഈത്തപ്പഴക്കുരുകള്‍ തസ്ബീഹിനു എണ്ണം പിടിക്കാനായി ശേഖരിച്ചു. അപ്പോഴാണ് നബി(സ) അവരുടെ തലയുടെ അടുത്ത് വന്ന് നിന്നിട്ട് പറഞ്ഞത്: നിന്റെ തലയുടെ ഭാഗത്ത് ഞാന്‍ നിന്നു കൊണ്ട് ഇതിലേറെ എണ്ണം തസ്ബീഹ് ചൊല്ലി. എന്റെ നാവു ചുരുക്കപ്പെടുകയോ സമയം വിശാലമാക്കിത്തരികയോ ചെയ്തിട്ടില്ല. സ്വഫിയ്യ(റ) ചോദിച്ചു കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ എണ്ണം തസ്ബീഹ് ചൊല്ലുന്നത് പഠിപ്പിച്ചു തരൂ റസൂലേ. റസൂല്‍(സ) പറഞ്ഞു നീ പറയുക – سبحان الله عدد خلقه – അല്ലാഹുവിന്റെ സൃഷ്ടികളുടെ കണക്കനുസരിച്ച് സുബ്ഹാനല്ലാഹ് (ത്വബ്റാനി, തിര്‍മുദി).
നാരിയതുസ്സ്വലാതിന്റെ വലിയ പ്രചാരകരായിരുന്ന ശൈഖ് ഇബ്റാഹീം അന്നാസിയിലേക്ക് ചേര്‍ത്ത് സ്വലാതുന്നാസിയ എന്നായിരുന്നു ഇതു അറിയപ്പെട്ടിരുന്നതെന്നും പിന്നീട് ലോപിച്ച് നാരിയ്യ ആയതാണെന്നും ബഹുമാനപ്പെട്ട നബ്ഹാനി തങ്ങള്‍ നിരീക്ഷിക്കുന്നു.
ഈ സ്വലാത് ആദ്യമായി ചൊല്ലിയത് നബി(സ) തങ്ങളുടെ പേരക്കിടാവായ ഹുസൈന്‍(റ)വിന്റെ മകന്‍ സൈനുല്‍ ആബിദീന്‍(റ) ആണെന്നു് അഭിപ്രയാമുണ്ട്. നജ്ഫില്‍ മറമാടപ്പെട്ട തങ്ങളുടെ വലിയുപ്പ അലി(റ)വിന്റെ ഖബ്റ് സന്ദര്‍ശിക്കുന്ന വേളയിലായിരുന്നുവത്രെ അത്.
നാരിയ്യതുസ്സ്വലാതിനെ എതിര്‍ക്കുകയും അതിനെ ശിര്‍ക്കും ബിദ്അതുമായി ആരോപിക്കുകയും ചെയ്യുന്നവരുടെ വാദങ്ങള്‍ കൂടി പരിശോധിക്കാം.
(ഇങ്ങനെയൊരു സ്വലാത് നബി(സ)മയില്‍ നിന്ന് റിപോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. നബി(സ)യില്‍ നിന്നു സ്വഹീഹായി റിപോര്‍ട്ടു ചെയ്യപ്പെട്ടത് ഇബ്റാഹീമിയ്യ സ്വലാത് മാത്രമാണ്.) ഇതാണൊരു ആക്ഷേപം.
ചില ദിക്റുകള്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവയില്‍ നിക്ഷിപ്തിമാണ്. അതല്ലാതെ മറ്റൊന്നു കൊണ്ടും സാദുവാകുകയില്ല. ഉദാഹരണത്തിനു നിസ്കാരത്തിലെ തക്ബീറതുല്‍ ഇഹ്റാം, ഫാതിഹ, അത്തഹിയ്യാത് (തശഹ്ഹുദ്), സലാം എന്നിവ. എന്നാല്‍ ചില സ്ഥലങ്ങളില്‍ റസൂല്‍(സ)യില്‍ നിന്നു റിപോര്‍ട്ടു ചെയ്യപ്പെട്ടവ ഉത്തമമാണ്. മറിച്ചുളളവ ചില നിബന്ധനകളോടെ അനുവദനീയവുമാണ്. ഉദാഹരണത്തിനു നിസ്കാരത്തില്‍ ഫാതിഹക്കു ശേഷം ഓതുന്ന സൂറതുകള്‍. ഖുര്‍ആനിലെ ഏതു ആയത്തുകളും ഓതാവുന്നതാണ്. അങ്ങനെ ഓതിയാല്‍ സൂറത് ഓതി എന്ന സുന്നത്ത് നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കുന്നതുമായിരിക്കും. ഖുര്‍ആനിലെ ആ ഭാഗം റസൂല്‍(സ) പ്രസ്തുത നിസ്കാരത്തിലോ, മറ്റേതെങ്കിലും നിസ്കാരങ്ങളിലോ ഓതുകയോ ഓതാന്‍ കല്‍പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നു ഉറപ്പു വരുത്തേണ്ടതില്ല. റസൂല്‍(സ) പ്രത്യേകമായി ഓതുകയോ ഓതാന്‍ കല്‍പ്പിക്കുകയോ ചെയ്ത സൂറതുകള്‍ ഓതുന്നത് കൂടുതല്‍ ശ്രേഷ്ടകരമാണ്. മറ്റൊരു ഉദാഹരണം ഖുനൂത്. അറബിയില്‍ ഏതു ദുആ ചെയ്താലും ഖുനൂതായി പരിഗണിക്കപ്പെടും. റസൂലുല്ലാഹ്(സ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടതായാല്‍ അത് ഏറെ സവിശേഷമായി. ഹറമുകളില്‍ റമദാനിലെ വിത്റിലുള്ള ഖുനൂത് വളരെ ദീര്‍ഘമുള്ളതും ധാരാളം പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളിച്ചതുമാണല്ലോ. പക്ഷേ, അത്തരമൊരു ഖുനൂത് നിര്‍വഹിച്ചതായി ഹദീസുകളില്‍ കാണാവാതല്ല. അതു പോലെ തറാവീഹില്‍ ഖുര്‍ആന്‍ ഖത്മ് തീര്‍ക്കുന്നതും റസൂല്‍(സ) ചെയ്തതായി ചരിത്രമില്ല. ഇങ്ങനെയെല്ലാമായിട്ടും ഒരു വഹാബിയും (ഞാന്‍ നിസ്കരിക്കുന്നത് നിങ്ങള്‍ കണ്ടപോലെ നിങ്ങളും നിസ്കരിക്കുവീന്‍) എന്ന ഹദീസിനു് ഇത് എതിരാണെന്നും ഇത് ബിദ്അത് ആണെന്നും ഇതുവരെ പറഞ്ഞിട്ടില്ലല്ലോ.
എന്നാല്‍ ജുമുഅ ഖുതുബ പോലെയുള്ളതില്‍ അതിന്റെ നിബന്ധനകള്‍ ഒത്താല്‍ മാത്രം മതി. റസൂല്‍(സ) പ്രസംഗിച്ച അതേ വാക്കുകള് അപ്പടി പ്രയോഗിക്കുന്നത് പ്രത്യേക സുന്നതായി പോലും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടില്ല.
ഈ ഗണത്തിലാണ് നബി(സ)തങ്ങളുടെ മേലുള്ള സ്വലാത് ഉള്‍പ്പെടുന്നത്.
(അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേല്‍ സ്വലാത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അവരുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക) എന്ന ആയത്തിന്‍റെ വിശദീകരണത്തില്‍ തഫ്സീര്‍ ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും കാണാവുന്ന ഒരു സംഭവം ഉദ്ധരിച്ചാണ് ഉല്‍പതിഷ്ണുക്കള്‍ ഇതിനെ എതിര്‍ക്കാറുള്ളത്. എന്നാല്‍ പ്രസ്തുത ഹദീസുകള്‍ പരിശോധിക്കുന്ന ഏവര്‍ക്കും മനസ്സിലാകും അത് നിസ്കാരവുമായി ബന്ധപ്പെട്ടതാണെന്നും ഇബ്റാഹീമിയ്യ സ്വലാത് നിസ്കാരത്തില്‍ ചൊല്ലേണ്ടുന്ന സ്വലാത്തിന്‍റെ പൂര്‍ണ്ണ രൂപമാണെന്നും.
അത്തഹിയ്യാത് വളരെ കൃത്യതയോടെ റസൂല്‍(സ) സ്വഹാബതിനെ പഠിപ്പിച്ചു. അതില്‍ റസൂല്‍(സ)യുടെ മേല്‍ അസ്സലാമു അലൈക അയ്യുഹന്നബിയ്യു എന്നു വ്യക്തമായി സലാമുമുണ്ട്. ആ സാഹചര്യത്തിലാണ് സ്വഹാബത് ചോദിക്കുന്നത് – അങ്ങെയുടെ മേല്‍ സലാം ചൊല്ലേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ പഠിച്ചു. ഇനി സ്വലാത് എങ്ങനെയാണ് ചൊല്ലേണ്ടത്? അപ്പോള്‍ നബി(സ) അവര്‍ക്ക് ഇബ്റാഹീമിയ്യ സ്വലാത് പഠിപ്പിച്ചു കൊടുത്തു. ഇതാണ് ആ സംഭവം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വലാത്, ഇബ്റാഹീമിയ്യയില്‍ മാത്രം നിക്ഷിപ്തമാണെന്നു വാദിക്കുകയും നാരിയ്യതുസ്സ്വലാത് ബിദ്അത് ആണെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ നാം സാധാരണ പറയാറുള്ള صلى الله عليه وسلم ، صلى الله على محمد صلى الله عليه وسلم  തുടങ്ങിയവയെ കുറിച്ചു എന്തു പറയുന്നു. അതു പോലെ പ്രസംഗങ്ങളുടെയും ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും തുടക്കത്തിലുണ്ടാകാറുള്ള സ്വലാതുകളെ കുറിച്ചു എന്തു പറയുന്നു. അവയെല്ലാം ബിദ്അത് ആണോ. ഇവയെല്ലാം എല്ലാ വഹാബി നേതാക്കളും അനുവര്‍ത്തിക്കുന്നണ്ടല്ലോ. ഇത് വ്യക്തമായ പക്ഷപാതിത്വം തന്നെയാണ്.
മാത്രമല്ല പ്രസ്തുത ആയത്തില്‍ സ്വലാതും സലാമും ചൊല്ലാനുള്ള കല്‍പനയുള്ളതിനാല്‍ സ്വലാത് മാത്രം ചൊല്ലുന്നത് കറാഹത്താണെന്ന് ഇമാം നവവി തങ്ങള്‍(റ) അദ്കാറില്‍ പറഞ്ഞിട്ടുണ്ട്. ഇതു സൂചിപിക്കുന്നത് സലാമില്ലാതെ സ്വലാതു മാത്രമുള്ള ഇബ്റാഹീമിയ്യ സ്വലാത് അതിവിശിഷ്ടമാകുന്നത് നിസ്കാരത്തിലാണ്. ഇതിനു പുറമെ സ്വഹാബതും ശേഷമുള്ള മഹാന്മാരായ പണ്ഡിതന്മാരും സ്വാലീഹീങ്ങളും അവര്‍ക്കുതകും വിധത്തില്‍ സ്വലാത്തിനു പ്രത്യേക പദങ്ങള്‍ ഉപയോഗിച്ചതായി ചരിത്രങ്ങളും അവരുടെ ഗ്രന്ഥങ്ങളും തെളിവാണ്. ദീനിലെ ഇത്തരം കാര്യങ്ങള്‍ അതിന്റെ അടിസ്ഥാന തത്വത്തില്‍ നിന്നു കൊണ്ട് അതു നിര്‍വഹിക്കേണ്ട മാര്‍ഗങ്ങള്‍ വിപുലമാക്കുന്നതിനോ പരിഷ്കരിക്കുന്നതിനോ ബിദ്അത് എന്നു പറയാവതല്ല. ഖുര്‍ആനിനെ മുസ്വ്‌ഹഫിലായി ക്രോഡീകരിച്ചതും അറബികളല്ലാത്തവര്‍ക്ക് ഓതല്‍ ലളിതമാകുംവിധം അക്ഷരങ്ങള്‍ക്ക് പുള്ളിയും ഹര്‍കതുകളും നല്‍കിയതും തജ്‌വീദ് നിയമങ്ങളറിയാനുള്ള അടയാളങ്ങള്‍ നല്‍കിയതും അതിനെ ജുസ്ഉകളും, റുകൂഉകളും, ഹിസ്ബുകളുമായി തരംതിരച്ചതും ഈ ഗണത്തില്‍ പെടുന്ന പരിഷ്കാരങ്ങളാണ്. ഇവയൊന്നും ബിദ്അതിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതു പോലെ നാരിയ്യതു സ്വലാതും ബിദ്അത് അല്ല. അടിസ്ഥാന ആശയങ്ങള്‍ റസൂല്‍(സ) തന്നെ വ്യക്തമാക്കി തന്നിരിക്കേ, ഇത്തരം മാര്‍ഗങ്ങളിലും ആവിഷ്കാരങ്ങളിലും വരുന്ന മാറ്റങ്ങളും പരിഷ്കരണങ്ങളും اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا എന്ന  ആയത്തിനു എതിരാകുകയില്ല.
(മറ്റൊരു ആക്ഷേപം – ഈ സ്വലാതില്‍ ശിര്‍ക്കിന്റെ ചില പദങ്ങള്‍ വിന്നിട്ടുണ്ട്.) റസൂല്‍(സ)കാരണമായി കുരുക്കുകള്‍ അഴിയുന്നു. പ്രയാസങ്ങള്‍ ദൂരീകൃതമാകുന്നു. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. ആഗ്രഹങ്ങള്‍ സഫലമാകുന്നു. നല്ല അന്ത്യവും കരഗതമാകുന്നു. മേഘം മഴവര്‍ഷിപ്പിക്കുന്നു തുടങ്ങിയ പദങ്ങളിലൂടെ അല്ലാഹുവിന്റെ സവിശേഷ പ്രവൃത്തികള്‍ റസൂല്‍(സ)യിലേക്ക് ചേര്‍ത്തിപ്പറഞ്ഞു എന്നതാണ് ആക്ഷേപം.
ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ ഇങ്ങനെ ഒരു ആരോപണത്തില്‍ കഴന്പില്ലെന്നും ഇത്തരം പ്രവൃത്തികള്‍ ഖുര്‍ആനിലും ഹദീസിലും റസൂലി(സ)ലേക്ക് ചേര്‍ത്തിപ്പറഞ്ഞതാണെന്നും കാണാം.
സൂറതുല്‍ അന്ബിയാഅിലെ 107-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ (ലോകര്‍ക്ക് കാരുണ്യമായിട്ടു മാത്രമാണ് അങ്ങയെ നാം നിയോഗിച്ചിരിക്കുന്നത്.) കാരുണ്യ കടാക്ഷമായ റസൂല്‍(സ) തീര്‍ച്ചയായും ലോകരുടെ പ്രയാസങ്ങള്‍ അകറ്റുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുക തന്നെ വേണം. അല്ലെങ്കില്‍ പിന്നെ കാരുണ്യമെന്നതിന്റെ വിവക്ഷയെന്താണ്.
നബി(സ)യെ വിശേഷിപ്പിച്ചു കൊണ്ട് സൂറതുല്‍ അഅ്റാഫില്‍ 157-മത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു  وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ – അവരുടെ (വിശ്വാസികളുടെ) ഭാരങ്ങളും അവരുടെ മേലുള്ള ചങ്ങലകളും ഇറക്കി വെക്കുന്നവരായി (നബിയെ അവര്‍ക്ക്  കണ്ടെത്താം)
ഇവിടെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നവന്‍ അഥവാ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നവന്‍ റസൂല്‍(സ)ആണെന്നു പറയുന്നുവല്ലോ. ഖുര്‍ആനിലും ശിര്‍ക്കു വന്നുവെന്നു ആക്ഷേപിക്കുമോ അതോ ഇതിനര്‍ത്ഥം പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ റസൂലി(സ)ക്കു അല്ലാഹുവിനെപ്പോലെ കഴിവുണ്ടന്നല്ല മറിച്ചു അല്ലാഹുവിന്റെ കഴിവും അറിവും ഉദ്ദേശ്യവും പ്രകാരം പ്രയാസങ്ങളകറ്റാന്‍ റസൂല്‍(സ)ക്ക് അല്ലാഹു അവസരം നല്കി എന്നു മനസ്സിലാക്കുമോ. രണ്ടാമതു പറഞ്ഞ അതേ ആശയ വ്യാപ്തിയേ നാരിയതുസ്വലാതിലേ പ്രസ്തുത പദങ്ങള്‍ക്കുമുള്ളൂ. അതിനാല്‍ അവിടെ ശിര്‍കിന്റെ ലാഞ്ചന പോലുമില്ലെന്നു മാത്രമല്ല, തൌഹീദിന്റെ അരക്കെട്ടിട്ടുറപ്പിക്കല്‍ കൂടിയാണ്.
അല്‍പം ഹദീസുകളും പരിശോധിക്കാം.
“എന്റെ പ്രാര്‍ത്ഥന മുഴുവനും അങ്ങയുടെ മേലുള്ള സ്വലാത്താക്കിയിതിനെ കുറിച്ചു അങ്ങെന്തു പറയുന്നു?” എന്ന ഉബയ്യ്(റ)വിന്റെ ചോദ്യത്തിനു മറുപടിയായി റസൂല്‍(സ) പറഞ്ഞത്: إذن يكفيك الله ما أهمك من دنياك وآخرتك  - നിന്റെ ദുന്‌യാവിലെയും ആഖിറത്തിലെയും സകല ഉല്‍കണ്ഠകളും അല്ലാഹു മതിയാക്കിത്തരുന്നതാണ്. (അഹ്മദ്, തിര്‍മുദി, ഹാകിം, ബൈഹഖി)
നബി(സ) തങ്ങളുടെ മേലുള്ള സ്വലാത്ത് സകല വ്യഥകള്‍ക്കും പരിഹാരമെങ്കില്‍ ഈ പരിഹാരത്തിന്റെ ഹേതു റസൂല്‍(സ) ആണെന്നു പറയുന്നതില്‍ എന്തുണ്ട് തെറ്റ്.
നബി(സ) പറയുന്നു
أكثروا من الصلاة علي فإنها تحل العقد وتفرج الكروب
(എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കൂ. കാരണം അത് കുരുക്കുകള്‍ അഴിക്കുകയും ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കുകയും ചെയ്യും.)
القول البديع في الصلاة على الحبيب الشفيع (السخاوي)، الدر المنضود في الصلاة على صاحب المقام المحمود (ابن حجر الهيتمي)، الحاوي (السيوطي)
തുടങ്ങി അനേകം ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കപ്പെട്ടതായി കാണാം.
بستان الواعظين ورياض الصالحين എന്ന ഗ്രന്ഥത്തില്‍ ബഹുമാനപ്പെട്ട ജമാലുദ്ദീന്‍ അല്‍ജൌസി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസു കൂടി കാണുക.
من عسرت عليه حاجة من أمر دينه أو دنياه فليكثر من الصلاة عليّ فإن الله يستحيي أن يردّ عبده في حاجة إذا كان دعاءه بين صلاتين عليّ – صلاة قبل السؤال وصلاة بعد السؤال
“ആര്‍ക്കെങ്കിലും അവന്റെ ദുന്‍യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ ഒരാവശ്യം (നേടിയെടുക്കാന്‍) പ്രയാസകരമായാല്‍ അവന്‍ എന്റെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കട്ടെ. കാരണം എന്റെ മേലുള്ള രണ്ടു സ്വലാതുകള്‍ക്കിടയിലായി (പ്രാര്‍ത്ഥനക്കു മുന്പുള്ള സ്വലാതും പ്രാര്‍ത്ഥനക്കു ശേഷമുള്ള സ്വലാതും) അവനോട് പ്രാര്‍ത്ഥിക്കുന്ന അടിമയുടെ ആവശ്യം തിരസ്കരിക്കാന്‍ അല്ലാഹു ലജ്ജിക്കുക തന്നെ ചെയ്യും.”
നബി(സ) തങ്ങളെ തവസ്സുല്‍ ചെയ്തു ദുആ ചെയ്തപ്പോള്‍ മഴലഭിച്ചിരുന്ന സംഭവം സ്വഹീഹായ ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.
നാരിയത് സ്വലാത് യഥാര്‍ത്ഥത്തില്‍ റസൂല്‍(സ)യെ തവസ്സുല്‍ ചെയ്യലാണ്. തവസ്സുല്‍-ഇസ്തിഗാസയുടെ തൌഹീദീ മാനം മനസ്സിലാക്കാന്‍ ഈ സൈറ്റില്‍ തന്നെയുള്ള വിശ്വാസങ്ങള്‍ എന്ന ഭാഗം നോക്കാവുന്നതാണ്.
(ഈ സ്വലാത്തിനെ ആക്ഷേപിക്കുന്നവരുടെ മറ്റൊരു വാദം ഇത് സൂഫികളില്‍ വ്യാപകമായ ഒരു സ്വലാതാകുന്നു. അവര്‍ വഴിപിഴച്ചവരും ബിദ്അതുകാരുമാകുന്നു.)
സത്യത്തില്‍ ദീനിന്റെ യഥാര്‍ത്ഥ സരണിയിലൂടെ സഞ്ചരിക്കുന്ന സച്ചരിതരായ അടിമകളാണ് സൂഫികള്‍. മദ്ഹബിന്റെ നാലു ഇമാമുമാരും പ്രസിദ്ധരായ മറ്റു പണ്ഡിത മഹത്തുക്കളും തസവ്വുഫിന്റെ വക്താക്കളും പ്രചാരകരുമായിരുന്നു.
ചുരുക്കത്തില്‍ എന്തു കൊണ്ടും സവിശേഷമായ ഒന്നാണ് നാരിയത് സ്വലാത്. അത് പതിവാക്കുവാനും പ്രചരിപ്പിക്കുവാനും അല്ലാഹു അനുഗ്രഹിക്കട്ടെ… ആമീന്‍.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....