Thursday, February 22, 2018

നബിദിനം :അനാചാരങ്ങൾ സൂക്ഷിക്കുക


കലാസ്വാദനത്തിന്റെ വിധിയും രീതിയും

● അലവിക്കുട്ടി ഫൈസി എടക്കര



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


നബി(സ്വ)യെ സ്നേഹിക്കുന്ന സത്യവിശ്വാസികള്‍ അവിടുത്തെ ജന്മത്തിലും നിയോഗത്തിലും സന്തോഷമുള്ളവരാണ്. സത്യവിശ്വാസമാണ് ഈ സന്തോഷത്തിന്റെ അടിസ്ഥാനം. വിശ്വാസത്തില്‍ പ്രചോദിതമായിട്ടാണവര്‍ നബിദിനം ആഘോഷിക്കുന്നത്. ആരോടെങ്കിലും മത്സരിക്കാനോ കേവലമായ പ്രകടനമോ അല്ല അത്. സത്യവിശ്വാസിയില്‍ നിലീനമായിട്ടുള്ള നബിസ്നേഹം പ്രയോഗവഴികള്‍ തേടുന്പോള്‍ അനുഷ്ഠാനവും ആഘോഷവും സ്വാഭാവികം. ചിലര്‍ ആഘോഷ വിചാരത്തിനെതിരാവുന്നത് ഈ സ്നേഹ വിതാനത്തിലേക്ക് വിശ്വാസവും സമര്‍പ്പണവും ഉയരാത്തതുകൊണ്ടാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം നബി(സ്വ)യുമായി ബന്ധപ്പെട്ട സ്നേഹ വിചാരവും ആഘോഷ പ്രകടനങ്ങളുമെല്ലാം അനിവാര്യതയാണ്.
മതപ്രമാണങ്ങള്‍ക്ക് അനുകൂലമാവുന്ന വിധത്തിലേ ഏത് ആഘോഷവും ആകാവൂ. സന്തോഷ പ്രകടനത്തിനും ആഘോഷത്തിനും സ്വീകരിക്കുന്ന രീതികളും ചടങ്ങുകളും ഏറെയാണ്. ആഘോഷിക്കുന്നവര്‍ക്ക് താല്‍പര്യമുള്ള രീതികളെല്ലാം അവലംബിക്കുന്നതാണ് പൊതുവെ കാണുന്നത്. ഓരോ ആഘോഷ പരിപാടിയുടെയും പരസ്യങ്ങളില്‍ നിന്നത് വ്യക്തമാണ്. എന്നാല്‍ സത്യവിശ്വാസി, തിരുനബി സ്നേഹത്തില്‍ പ്രചോദിതനായി നടത്തുന്ന ഒരു ചടങ്ങ് വിശേഷിച്ചും ഇസ്ലാമിക കര്‍മശാസ്ത്ര നിയമങ്ങളുടെ പരിധിയില്‍ മാത്രമേ ആകാവൂ. വിവേചനപൂര്‍വം അവ അവലംബിക്കാ`ന്‍ വിശ്വാസി ബാധ്യസ്ഥനാണ്. നന്മ തിന്മകളുടെയും ശരിതെറ്റുകളുടെയും വിധിവിലക്കുകളുടെയും തുലാസിലിട്ടേ അവനു ആഘോഷമാകാവൂ.
നൈമിഷികമായ ആനന്ദം നല്‍കുന്നു എന്നതിന്റെ പേരില്‍ നാശ കാരണമായതും വിഷമം ക്ഷണിച്ചു വരുത്തുന്നതുമായ കാര്യങ്ങളൊന്നും ആഹ്ലാദ പ്രകടനത്തില്‍ സ്വീകരിക്കാവതല്ല. എന്നാല്‍ വിലക്കപ്പെടാത്ത കാര്യങ്ങള്‍ സന്തോഷത്തിനുവേണ്ടി ആകാവുന്നതാണ്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ചില കലാ സാഹിത്യ പരിപാടികള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്. ഏതൊരു കലാ പ്രകടന, പ്രദര്‍ശനങ്ങളും ആഘോഷത്തിന്റെ പേരില്‍ പുതിയതായി അനുവദനീയമാവുന്നില്ല. വിലക്കും നിയന്ത്രണവും അനുവാദവും സ്വാതന്ത്ര്യവും അതിന്റെ അടിസ്ഥാനപരമായ അവസ്ഥയില്‍ തന്നെയായിരിക്കും. അതില്‍ കൈ വെക്കാനും മാറ്റി മറിക്കാനും വിശ്വാസിക്ക് അധികാരമില്ല.
നബിദിനാഘോഷത്തിന്റെ കാര്യത്തില്‍ മാത്രം പലതിനും വിലക്ക് കല്‍പ്പിക്കുന്നവര്‍ സ്ഥാപനത്തിന്റെയും സംഘടനയുടെയും വാര്‍ഷികാഘോഷങ്ങള്‍ക്കും മറ്റും സാര്‍വത്രികമായ കലാപരിപാടികള്‍ ആവിഷ്കരിക്കുന്നത് കാണുന്നുണ്ട്. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും മറ്റു മേഖലകളുമെല്ലാം ഇസ്ലാമിക നിയമങ്ങള്‍ക്കനുസൃതമായിരിക്കണം. മതം അനുവദിച്ചിട്ടുള്ള കാര്യങ്ങള്‍ നബിദിനാഘോഷത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ കുറ്റമായിത്തീരുന്നില്ല. അതുപോലെ ഇസ്ലാം വിലക്കിയിട്ടുള്ള കാര്യങ്ങള്‍ നബിദിനാഘോഷത്തിന്റെ പേരിലാവുന്പോള്‍ അനുവദനീയമാവുകയുമില്ല. മതപരമായി ശരിയായ ഒന്നിനെ നബിദിനാഘോഷത്തിന്റെ പേരിലാകുന്പോള്‍ തെറ്റാക്കുന്നതും തെറ്റായിട്ടുള്ള ഒരു കാര്യത്തെ ഇതര ആഘോഷങ്ങളുടെ പേരില്‍ ശരിയാക്കുന്ന രീതിയും യഥാര്‍ത്ഥത്തില്‍ പൗരോഹിത്യമാണ്. ഹലാലിനെ ഹറാമും ഹറാമിനെ ഹലാലും ആക്കുന്ന ഈ പ്രവണത യാണ് പൗരോഹിത്യം.
സത്യവിശ്വാസം പ്രചോദനം നല്‍കുന്ന ഒരു കര്‍മരൂപം എന്നതിനാല്‍ മനുഷ്യന്റെ മനസ്സും ശരീരവും ഒരുപോലെ ഇതില്‍ പങ്കാളികളായിരിക്കും. ശരീരം പ്രകടിപ്പിച്ചും മനസ്സിനെ പ്രചോദിപ്പിച്ചും ആസ്വദിച്ചും ആഘോഷത്തില്‍ പങ്കുചേരുന്നു. ശരീരത്തിന്റെ പ്രകടനങ്ങള്‍ കലാപരമായി ആവിഷ്കൃതമാവുക സ്വാഭാവികമാണ്. അതിനാല്‍ തന്നെ കലകള്‍ ആഘോഷത്തിന്റെ അനിവാര്യത പോലെയാണ്. കലകളുടെ പൊതുവായ ഇസ്ലാമിക മാനം ചര്‍ച്ചക്കെടുക്കാനിവിടെ ഉദ്ദേശ്യമില്ല. നബിദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന കലാ പരിപാടികള്‍ ഇസ്ലാമിക നിയമ വ്യവസ്ഥയില്‍ എവിടെ നില്‍ക്കുന്നുവെന്നറിയുന്നതിന് കൂടുതല്‍ സാംഗത്യമുണ്ട്. കലയും സാഹിത്യവും ചടങ്ങായോ ആചാരമായോ അനുഷ്ഠാനമായോ പരിഗണിക്കപ്പെടുന്നുവെങ്കിലും അതിന് വിധിവിലക്കുകളുടെ പരിധിയില്‍ ഒരിടമുണ്ടാവും. ഈ ഇടത്തെ ചൊല്ലി അനാവശ്യമായി ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് ബിദ്അത്തുകാരുടെ രീതി.
ഹൃദ്യ കലകളും ഉപജീവന കലകളും സത്യവിശ്വാസിക്ക് അനുഷ്ഠാനയോഗ്യമാവണമെങ്കില്‍ ഇസ്ലാമിക നിയമം അതിനനുവാദം നല്‍കിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങളിലൂടെ ഓരോ പ്രവര്‍ത്തനത്തിന്റെയും വിധിവിലക്കുകള്‍ വ്യക്തമാക്കപ്പെട്ടതാണ്. നബിദിനാഘോഷവുമായി ബന്ധപ്പെട്ട് നമുക്കിടയില്‍ കാണുന്ന ചില ആചാരങ്ങളും കലാ രൂപങ്ങളുമുണ്ട്. ആലാപനം, ദഫ്മുട്ട്, പദ സഞ്ചലനം (സ്കൗട്ട്) നഅ്ത്, അന്നദാനം, പ്രകടനം, മൗലിദ് പാരായണം, പലഹാര വിതരണം, പ്രസംഗം, ദാനധര്‍മം, ഖുര്‍ആ“ന്‍ പാരായണം, സ്വലാത്ത് തുടങ്ങിയവയാണ് മൗലിദാഘോഷത്തോടനുബന്ധിച്ച് മുസ്ലിംകള്‍ നടത്തിവരുന്നത്. ഈ കാര്യങ്ങള്‍ ഇസ്ലാമിക നിയമ വ്യവസ്ഥയുടെ പരിധിയില്‍ അനുവദനീയമാണെങ്കില്‍ അതു നബി(സ്വ)യോടുള്ള സ്നേഹത്തിന്റെ പേരിലാവുന്നത് അവിശുദ്ധമായിത്തീരുന്നതെങ്ങനെയാണ്. ഒരു സദ്കര്‍മത്തെ അതിന്റെ അടിസ്ഥാന പ്രചോദനമായ സത്യവിശ്വാസത്തിന്റെ പരിധിയില്‍ നിന്നും പുറത്ത് കടത്തി അതനുഷ്ഠിക്കുന്നവരെ മതഭ്രഷ്ടരും വ്യതിയാനികളുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അവിശുദ്ധ ആരോപണം. സത്യവിശ്വാസി അവന്റെ വിശ്വാസത്തിന്റെ ചോദനയെന്ന നിലയില്‍ ചെയ്യുന്ന അനുവദനീയമായ കാര്യങ്ങള്‍ക്ക് ബാഹ്യ പ്രചോദനമുണ്ടാകുന്നുവെങ്കില്‍ അതിന്റെ അടിസ്ഥാനം വിലയിരുത്താവുന്നതാണ്.
പ്രവാചക സ്നേഹത്തിന്റെ ഫലമായി അനുഷ്ഠിക്കുന്ന കര്‍മങ്ങള്‍ സത്യവിശ്വാസത്തിലും ആദരവിലും അടിസ്ഥാനപ്പെട്ടതാണ്. നബി(സ്വ)യെ അനുസരിക്കാനുള്ള നിര്‍ദേശത്തിനു കീഴ്പ്പെടല്‍ കൂടിയാണത്. പൊതുവായി നന്മയെന്നു പഠിപ്പിക്കപ്പെട്ട ഒന്ന് തിരുനബി(സ്വ)യുടെ ജന്മദിനത്തിലോ അനുബന്ധ പരിപാടികളിലോ ആവുന്പോള്‍ അനുവദനീയമല്ലാതായിത്തീരണമെങ്കില്‍ പ്രമാണം ആവശ്യമാണ്. നബിദിനാഘോഷം തന്നെ പാടില്ലെന്നാണെങ്കില്‍ നബിദിനമാഘോഷിക്കരുത് എന്ന ഒരു പരാമര്‍ശം പ്രമാണത്തിലെവിടെയെങ്കിലും കാണേണ്ടതുണ്ട്.
മൗലിദ് കൊണ്ടാടല്‍ പ്രമാണയുക്തമായ ഒരു സദ്കര്‍മമാണെന്ന് യോഗ്യരായ പണ്ഡിതര്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. തെളിവായി ഉയര്‍ത്തിക്കാട്ടിയവ അവാസ്തവമാണെന്ന് തെളിയിക്കാ“ന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടുമില്ല. അടിസ്ഥാനം സ്ഥിരപ്പെട്ടാല്‍ അതില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്തെടുത്ത ഒരു നിയമത്തെ എതിര്‍ക്കുന്നത് വിശ്വാസിയുടെ ശീലമല്ല.
മൗലിദ് കൊണ്ടാടലില്‍ വരുന്ന കാര്യങ്ങളില്‍ ചിലത് ഇമാം സുയൂത്വി(റ) വിവരിച്ചിട്ടുണ്ട്. ജനങ്ങള്‍ ഒരുമിച്ചുകൂടി ഖുര്‍ആ“ന്‍ പാരായണവും നബി(സ്വ)യുടെ ഉല്‍പത്തിയും ജനനവുമായി ബന്ധപ്പെട്ട വിശേഷണങ്ങള്‍ വിവരിക്കലും മറ്റും നടത്തി സദ്യയും കഴിഞ്ഞ് അമിതമായതൊന്നും പ്രവര്‍ത്തിക്കാതെ പിരിയുക എന്നതാണത്. (അല്‍ ഹാവി ലില്‍ ഫതാവാ 1/181, 182).
ഇബ്നു ഹജറില്‍ അസ്ഖലാനി(റ) പറയുന്നു: “മൗലിദ് കൊണ്ടാടുന്നതിലെ നന്മകള്‍ മാത്രം ശ്രദ്ധിക്കുകയും തിന്മകള്‍ വര്‍ജ്ജിക്കുകയാണ് വേണ്ടത്. നബി ജന്മദിനത്തിലെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന് ശുക്റ് രേഖപ്പെടുത്തുന്നതാവണം. അഥവാ ഖുര്‍ആ“ന്‍ പാരായണം, അന്നദാനം, ദാനധര്‍മം, നബി കീര്‍ത്തന കാവ്യാലാപനം, ആഖിറത്തിലുപകരിക്കുന്ന കര്‍മാനുഷ്ഠാനത്തിനും നന്മ പ്രവര്‍ത്തിക്കാനും മനുഷ്യ ഹൃദയങ്ങളെ പ്രേരിപ്പിക്കുന്ന ഭക്തിഗീതങ്ങള്‍ പാടല്‍ തുടങ്ങിയവ ചെയ്യണം. അതോടൊപ്പം ചെയ്തു വരുന്ന അനുവദനീയ ആസ്വാദനങ്ങളും കലകളും അതു മുഖേന സന്തോഷം സാധിക്കുമെന്ന നിലയില്‍ കുറ്റമില്ലാത്തതാണ്. എന്നാല്‍ ഹറാമായ കാര്യങ്ങള്‍ എന്നും നിഷിദ്ധം തന്നെ. (നോക്കുക: അല്‍ ഹാവീ 1/188).
ഹദീസ് പണ്ഡിതരും ഹാഫിളുകളുമായ രണ്ട് ഇമാമുമാരുടെ നിരീക്ഷണമാണ് ഇവ. അതിനാല്‍ തന്നെ നബിദിനാഘോഷത്തിനെതിരെ ചിലര്‍ ഉയര്‍ത്തിയ അപശബ്ദങ്ങള്‍ പരിഗണനീയമല്ല. ഒരു ആദര്‍ശ പ്രശ്നമെന്ന നിലയില്‍ മൗലിദ് വിരുദ്ധതയെ ലോകത്തെവിടെയും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാ“ന്‍ ഉപജാപക സംഘത്തെ സന്തോഷിപ്പിക്കേണ്ടതാവശ്യമാണെന്ന് കരുതുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രമേ ഔദ്യോഗികമായി നബിദിനാഘോഷ പരിപാടികളില്ലാത്തതുള്ളൂ. മൗലിദിനും അനുബന്ധ ചട്ടങ്ങള്‍ക്കുമെതിരെ രംഗത്ത് വന്നവരുടെ വാദമുഖങ്ങളെല്ലാം പണ്ഡിത പ്രമുഖര്‍ ഖണ്ഡിക്കുകയും സാധുത സമര്‍ത്ഥിച്ച് ഗ്രന്ഥ രചനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അനുസ്മരിക്കുന്നതും നേതാവിന്റെ പേരില്‍ സന്തോഷം പങ്കിടുന്നതും വിലക്കുന്നവരെ അവഗണിക്കാ`ന്‍ സമൂഹം എന്നും സര്‍വസജ്ജരായിരുന്നു. അപശബ്ദങ്ങള്‍ നിലനിര്‍ത്തി രംഗവാഴ്ച നേടാനുള്ള ശ്രമങ്ങള്‍ വിശ്വാസികളെ സ്വാധീനിച്ചിട്ടില്ലെന്നതിന് തെളിവാണ് പൂര്‍വോപരി വ്യാപകവും വിപുലവുമായ നബിദിനാഘോഷ പരിപാടികള്‍.
മൗലിദ് പാരായണം, നബി(സ്വ)യുടെ ചരിത്ര പാരായണം എന്ന നിലയില്‍ തന്നെ മൗലികത നേടുന്നുണ്ട്. അതിന് പ്രമാണവും തെളിവും വേണമെന്ന് പറയുന്നത് അതിരു കടന്ന നിലപാടാണ്. ഖുര്‍ആ“ന്‍ പാരായണവും പ്രഭാഷണവും പ്രാര്‍ത്ഥനയും സ്വലാത്തും അന്നദാനവും ദാനധര്‍മങ്ങളും പുതിയ തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെടുത്തേണ്ടതില്ല. ഇവയ്ക്കു പുറമെ നബിദിന പരിപാടികളില്‍ കാണുന്നത് ഗാനാലാപനം, ദഫ്മുട്ട്, സ്കൗട്ട്, ജാഥ, അലങ്കാരം തുടങ്ങിയവയാണ്. ഇസ്ലാമിക സ്ഥാപനങ്ങളും സംഘടനകളും നടത്തിവരുന്ന നബിദിനാഘോഷ ചടങ്ങുകളില്‍ കൂടുതലായും കണ്ടുവരുന്ന ഗാനംകവിതാ രചനകളും ആലാപനങ്ങളും ആവാമെന്നതിന് പൂര്‍വികരുടെ ജീവിതം തെളിവാണ്. സ്വഹാബിവര്യന്‍മാര്‍ നബി(സ്വ)യെ മദ്ഹ് ചെയ്ത് പാടിയ കവിതകള്‍ ചരിത്രത്തിലുള്ളതാണ്. അത്തരം സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കവിത രചിക്കുന്നതും ആലപിക്കുന്നതും അനുവദനീയ വിധിയുടെ പരിധിയില്‍ വരുന്നുവെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
ഇബ്നു ഹജറില്‍ ഹൈതമി(റ) എഴുതുന്നു: അറബികളുടെ സംസാരത്തില്‍ പെട്ട കവിത (ഗാനം) സുന്നത്തായതും അനുവദനീയമായതും വിലക്കപ്പെട്ടതുമുണ്ട്. ഐഹികമായ കാര്യങ്ങളിലെ അപായാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം പാരത്രിക കാര്യങ്ങളില്‍ താല്‍പര്യം ജനിപ്പിക്കുന്നതോ ഉദാത്ത ഗുണങ്ങള്‍ക്ക് പ്രേരകമോ ആണെങ്കില്‍ അത് മുസ്തഹബ്ബാണ് എന്ന് ഇമാം അദ്റഈ(റ) പറഞ്ഞിട്ടുണ്ട് (അസ്സവാജിര്‍ 2/920).
ഇത്തരം കവിതാ രചന നടത്തുന്നത് ഇബാദത്താണെന്നാണ് പണ്ഡിത പക്ഷം. തുടന്നുള്ള ഉദ്ധരണം ഇത് വ്യക്തമാക്കുന്നതാണ്. അല്ലാഹുവിന് വഴിപ്പെടാനും നബി(സ്വ)യുടെ ചര്യ പിന്തുടരാനും ബിദ്അത്തുകള്‍ വര്‍ജിക്കാനും പ്രേരണയാകുന്നതും അല്ലാഹുവിനെ ധിക്കരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നതുമായ കവിത പുണ്യ കര്‍മമാണ് (അസ്സവാജിര്‍ 2/920).
ഇമാം നവവി(റ) എഴുതുന്നു: അസംബന്ധവും ചീത്തയും സ്ത്രീ വര്‍ണനയും ഇല്ലാത്ത ഗാനം രചിക്കലും പാടലും അനുവദനീയമാണ് (മിന്‍ഹാജ്, മുഗ്നി 4/436). അസംബന്ധവും അസത്യവുമില്ലാത്ത കവിതകള്‍ രചിക്കുന്നതിനും പാടുന്നതിനും യാതൊരു വിലക്കുമില്ല. നബി(സ്വ)യുടെ സ്വഹാബികളില്‍ ഹസ്സാ“ന്‍, ഇബ്നു റവാഹ, കഅ്ബുബ്നു മാലിക്(റ.ഹും) തുടങ്ങിയ കവികളുണ്ടായിരുന്നു. പ്രവാചകര്‍ അവരില്‍ നിന്നും ശ്രദ്ധയോടെ കേള്‍ക്കാറുണ്ടായിരുന്നു (അസ്സവാജിര്‍ 2/920). തുഹ്ഫയില്‍ മിന്‍ഹാജിന്റെ മൂലവാക്യം അടക്കമുള്ള ഭാഗം ഇങ്ങനെ: കവിത രചിക്കലും ആലപിക്കലും അത് കേള്‍ക്കലും അനുവദനീയമാണ്. നബി(സ്വ)ക്ക് ഹസ്സാ`ന്‍(റ) പോലെയുള്ള കവികളുണ്ടായിരുന്നു. അവിടുന്ന് അവരെ ശ്രദ്ധിച്ചു കേള്‍ക്കുമായിരുന്നു. ഉമയ്യത്തിന്റെ 100 വരി കവിത നബി(സ്വ) പാടിച്ചുകേട്ടിരുന്നു എന്ന് മുസ്ലിം(റ) ഉദ്ധരിച്ചിട്ടുണ്ട് (തുഹ്ഫ 10/222).
ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ)യെ ഉദ്ധരിച്ച് ഇബ്നുഹജര്‍(റ) എഴുതുന്നു: പരലോക കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നതും നല്ല ശീലങ്ങള്‍ക്കും അവസ്ഥകള്‍ക്കും ഹേതുകമാകുന്നതുമായ പാട്ടുകള്‍ പാടലും കേള്‍ക്കലും യാതൊരു പ്രശ്നവുമില്ലാത്തതാണ്. ഹൃദയത്തിനു ആലസ്യവും ക്ഷീണവും ബാധിക്കുന്ന സന്ദര്‍ഭങ്ങളില്‍ അത് സുന്നത്താവുന്നതുമാണ്.” (അസ്സവാജിര്‍ 2/910).
മദ്ഹ് ഗാനങ്ങള്‍ സുന്നത്തായ കാര്യത്തില്‍ പെട്ടതാണെന്ന് അല്ലാമാ മുര്‍തളാ അസ്സബീദി(റ) എഴുതുന്നുണ്ട്: “”കവിതകള്‍ ഹറാമായതും സുന്നത്തായതും ഹലാലായതുമുണ്ട്. സുന്നത്തായവ രണ്ട് തരമാണ്. ഒന്ന്: ദുന്‍യാവിന്റെ വഞ്ചനകളെ താക്കീത് ചെയ്തു ആഖിറത്തില്‍ താല്‍പര്യം ജനിപ്പിക്കുന്നത്. രണ്ട്, സല്‍കര്‍മങ്ങളെ പ്രേരിപ്പിക്കുന്നത്. അന്പിയാക്കളെയും സ്വഹാബത്തിനെയും മുത്തഖീങ്ങളെയും മറ്റും പ്രശംസിക്കുന്ന കവിതകള്‍ സുന്നത്തായ വിഭാഗത്തില്‍ പെടുന്നവയാണ് എന്ന് ഇമാം മാവര്‍ദിയും ഇമാം റുഅ്യാനി(റ)യും എഴുതിയിട്ടുണ്ട്. (ഇത്ഹാഫുസ്സാദതില്‍ മുത്തഖീ“ന്‍ 6/476).
ഗാനാലാപനത്തെക്കുറിച്ച് ഇമാം ഗസ്സാലി(റ) എഴുതുന്നു: പ്രാസ നിബദ്ധവും അലങ്കാരപൂര്‍ണവും ആശയ സന്പുഷ്ടവുമായ കവിതയും മനുഷ്യന്റെ കണ്ഠത്തില്‍ നിന്നും പുറത്തുവരുന്നതാണ്. അതിനാല്‍ തന്നെ അത് ഹലാലാണെന്ന് ഉറപ്പിച്ചു പറയാം. അതില്‍ അധികവും ആശയ സന്പുഷ്ടി വര്‍ധിപ്പിക്കുന്നതായിത്തീരും. അര്‍ത്ഥവത്തായ സംസാരവും അലങ്കാര പൂര്‍ണമായ ശബ്ദവും വിലക്കപ്പെട്ടതല്ല. ഓരോ കാര്യവും സ്വന്തം നിലയില്‍ നിഷിദ്ധമല്ലെങ്കില്‍ ആകെത്തുക എങ്ങനെയാണ് നിഷിദ്ധമായിത്തീരുക (ഇഹ്യാ ഉലൂമുദ്ദീ`ന്‍ 2/240).
ശബ്ദമാധുരി ഒരനുഗ്രഹമാണ്. ഇമാം ഗസ്സാലി(റ) പറയുന്നു: “അല്ലാഹു അവന്റെ അടിമകള്‍ക്ക് ചെയ്തിട്ടുള്ള അനുഗ്രഹമാണ് ശബ്ദ സൗന്ദര്യം’ ഒരു നബിയെയും ശബ്ദ സൗന്ദര്യമുള്ളവരായിട്ടല്ലാതെ അല്ലാഹു നിയോഗിച്ചിട്ടില്ല. നിങ്ങളുടെ പ്രവാചക`ന്‍ ഭംഗിയാര്‍ന്ന മുഖമുള്ളവരും നല്ല ശബ്ദ മാധുരിയുള്ളവരുമായിരുന്നു. (ഇത്ഹാഫ് 6/470).
ഗാനം രചിക്കുന്നതും ആലപിക്കുന്നതുമെന്ന പോലെ ആസ്വദിക്കുന്നതും അനുവദനീയമാണ്. ഗാന വീചികള്‍ക്ക് മനുഷ്യനില്‍ വലിയ സ്വാധീനമുണ്ടാക്കാ“ന്‍ കഴിയും. മനുഷ്യന്റെ ജൈവ പ്രകൃതത്തിന്റെ ഒരു ഗുണമാണത്. വശ്യമായ ആലാപനം മനുഷ്യരില്‍ ചികിത്സാര്‍ത്ഥം ഉപയോഗിക്കുന്ന പ്രദേശമാണ് നമ്മുടേത്. ഇമാം ഗസ്സാലി(റ) ശബ്ദ മാധുരിയുടെ സ്വാധീനത്തെക്കുറിച്ചെഴുതുന്നു: ലക്ഷണമൊത്ത ചില ശബ്ദങ്ങള്‍ക്ക് ആത്മാവുമായുള്ള ബന്ധത്തില്‍ ചില രഹസ്യങ്ങളുണ്ട്. അത് അല്ലാഹു നിശ്ചയിച്ചതാണ്. അത്ഭുതകരമായ പ്രതിഫലനങ്ങള്‍ അത് സൃഷ്ടിക്കും. സന്തോഷിപ്പിക്കാനും ദുഃഖിപ്പിക്കാനും, ഉറക്കാനും, ചിരിപ്പിക്കാനും, ആഹ്ലാദ ഭരിതനാക്കാനും എന്ന് വേണ്ട, കൈകാലുകള്‍ക്കും ശിരസ്സിനും ചലനാത്മകതയും സജീവതയും നല്‍കാ`ന്‍ വരെ കാരണമാകുന്ന ശബ്ദങ്ങളുണ്ട് (ഇഹ്യാ ഉലൂമുദ്ദീ`ന്‍ 2/242,143).
സ്വര മാധുരിക്ക് മനുഷ്യനില്‍ പ്രതികരണം സൃഷ്ടിക്കാനാവുമെങ്കില്‍ പ്രവാചക സ്നേഹിക്ക് പ്രകീര്‍ത്തന കാവ്യം നല്‍കുന്ന പ്രചോദനം, പ്രവാചക സ്നേഹ വര്‍ധനവിനായിരിക്കും. അതിന് കാരണമാവുന്ന വിധത്തില്‍ ഗാനാലാപന ആസ്വാദന സദസ്സുകള്‍ ധാരാളമുണ്ടാവുകയാണ് വേണ്ടത്. ആഘോഷാവസരങ്ങളിലും സന്തോഷത്തിനുമൊക്കെ പാടലും കേള്‍ക്കലും മനുഷ്യ രീതിയാണ്. അനുവദനീയ രംഗങ്ങളില്‍ നല്ലതു പാടുന്നതും കേള്‍ക്കുന്നതും അനുവദനീയമാണെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഗസ്സാലി(റ) സന്തോഷാവസരങ്ങളും ആ സന്ദര്‍ഭത്തിലെ സന്തോഷ പ്രകടനവും സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പറയുന്നു: “”സന്തോഷിക്കാവുന്ന ഏതൊരു കാര്യത്തിലും സന്തോഷം ജനിപ്പിക്കാവുന്നതുമാണ്. നബി(സ്വ) മദീനയിലേക്ക് കടന്നുവന്നപ്പോള്‍ മദീനക്കാര്‍ ദഫ് മുട്ടിപാട്ട് പാടിയത് ഇതിനു തെളിവാകുന്നുണ്ട്. നബി(സ്വ)യുടെ വരവില്‍ സന്തോഷം പ്രകടിപ്പിച്ച് അവര്‍ ത്വലഅല്‍ ബദ്റു പാടുകയുണ്ടായി (ഇത്ഹാഫുസ്സാദത്തില്‍ മുത്തഖീ“ന്‍ 6/489).
സ്നേഹിക്കപ്പെടുന്നതിനെക്കുറിച്ച് നല്ലത് കേള്‍ക്കാ“ന്‍ അസൂയയും അഹങ്കാരവുമില്ലാത്ത മനസ്സുകള്‍ക്ക് ആഗ്രഹമേറെയായിരിക്കും. എന്തിനും ഏതിനും ആഘോഷച്ചമയങ്ങളൊരുക്കാനും കലാ പരിപാടികള്‍ സംഘടിപ്പിക്കാനും മടിയില്ലാത്തവര്‍ തിരുനബി(സ്വ)യുടെ ഓര്‍മയില്‍ അതിന് സന്മനസ്സു കാണിക്കാത്തത് എന്തുകൊണ്ടായിരിക്കും?
സന്തോഷ പ്രകടന സമയത്ത് ചലനാത്മകതയുണ്ടായിത്തീരുന്നതും പ്രകൃതിപരമാണ്. ശബ്ദ മാധുരിക്ക് മാത്രമല്ല ആശയ ചാതുരിയും ചലനങ്ങള്‍ക്ക് കാരണമാവും. പ്രവാചക പ്രകീര്‍ത്തനപരമായ പരിപാടികള്‍ക്കും ഈ സ്വാഭാവിക പ്രതിഫലനങ്ങളുണ്ടാവാം. അത് ആക്ഷേപാര്‍ഹമല്ല എന്ന് മാത്രമല്ല, പ്രശംസനീയമാണെന്നാണ് ഇമാം ഗസ്സാലി(റ) വിവരിക്കുന്നത്.
ഒരു ഉപകരണം ഉപാധിയാക്കി നടത്തുന്നതാണ് ദഫ് മുട്ട്. പാട്ട് പാടുന്പോള്‍ അതിനനുസൃതമായി ദഫ് മുട്ടാറുണ്ട്. ഇമാം നവവി(റ) പറയുന്നു: വിവാഹം, വീട് പ്രവേശം, ചേലാകര്‍മം തുടങ്ങിയവക്ക് ദഫ് മുട്ടല്‍ അനുവദനീയമാണ്. അതില്‍ ചിലന്പുകളുണ്ടായാലും ശരി. (മിന്‍ഹാജ്, മുഗ്നി 4/429). നബി(സ്വ)യോട് ദഫ് മുട്ടാ`ന്‍ നേര്‍ച്ചയാക്കിയ വിവരം പറഞ്ഞപ്പോള്‍ അവിടുന്ന് അതു വിലക്കിയിരുന്നില്ല. നബി(സ്വ)യുടെ സവിധത്തിലും പ്രവാചകരെ സ്വീകരിച്ചും ദഫ് മുട്ടിയ സംഭവങ്ങളുണ്ട്. റസൂല്‍(സ്വ) ഒരു സമരമുഖത്ത് നിന്ന് വിജയിച്ച് മദീനയിലെത്തിയ സമയത്ത് ഒരു കറുത്ത പെണ്‍കുട്ടി വന്ന് നബി(സ്വ)യോട് പറഞ്ഞു: “”ഞാ`ന്‍ അങ്ങയുടെ മുന്നില്‍ ദഫ് മുട്ടാ“ന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്. പ്രവാചകര്‍ കുട്ടിയോട് പറഞ്ഞു: നീ അങ്ങനെ നേര്‍ച്ചയാക്കിയിട്ടുണ്ടോ, എങ്കില്‍ അത് നിറവേറ്റുക. സന്തോഷാവസരത്തില്‍ സന്തോഷത്തിനായി ദഫ് മുട്ടല്‍ സുന്നത്താണെന്നതിന് ഇത് തെളിവാണ്. കാരണം അനുവദനീയത കൊണ്ട് മാത്രം ഒരു കാര്യം നേര്‍ച്ചയാക്കിയാല്‍ ശരിയാവില്ല. അത് വീട്ടാ`ന്‍ നിര്‍ദേശിക്കുകയുമില്ല. സന്തോഷമെന്ന ഉദ്ദേശ്യത്തോടെ ഇത് സുന്നത്താണെന്നതിന് ഈ സംഭവം തെളിവാണ് (തുഹ്ഫ 10/220,221).
ദഫ് അല്ലാത്ത സംഗീതോപകരണങ്ങളും വിനോദോപകരണങ്ങളും അവയുടെ ഉപയോഗവും സംബന്ധിച്ച ചര്‍ച്ച ഫിഖ്ഹ്, തസ്വവ്വുഫ് ഗ്രന്ഥങ്ങളില്‍ വിശദമായിത്തന്നെയുണ്ട്. നബിദിനാഘോഷവുമായി ബന്ധപ്പെട്ടും മറ്റും നാമുപയോഗിക്കുന്ന ദഫിന്റെ കാര്യത്തിലാണിത്രയും വിവരിച്ചത്. എന്നാല്‍ ഇതൊരു സ്ഥിരം ശീലമാക്കുന്നത് പൗരുഷത്തിനും മാന്യതക്കും ഇടിച്ചില്‍ തട്ടിക്കുമെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുഴലുകള്‍, വീണകള്‍, മൃദംഗം എന്നിവ നിഷിദ്ധമാണെന്ന കാര്യത്തില്‍ അഭിപ്രായാന്തരമില്ല എന്ന് അബുല്‍ ഖാസിമുല്‍ ഖുര്‍തുബി (റ) പറഞ്ഞിട്ടുണ്ട് (അസ്സവാജിര്‍ 2/903). രണ്ട് വടികള്‍ തമ്മിലടിക്കുന്ന കോല്‍ക്കളി ഹറാമായ കൂട്ടത്തിലാണുള്‍പ്പെടുന്നത് (തുഹ്ഫ 10/219).
ദഫ് മുട്ടുന്ന കുട്ടികളിലുണ്ടാവുന്ന ചലനം ഉപരിസൂചിപ്പിച്ച പോലെയുള്ള സന്തോഷ സൂചകമായി ഉണ്ടാകാവുന്നതാണ്. റഖ്സ്വ് എന്നതിന്റെ പരിധിയില്‍ അതുള്‍പ്പെടുമെന്നാണ് പണ്ഡിത പക്ഷം. ആത്മീയ അനുഭൂതിയുടെ പേരിലും ഇതുണ്ടാവും. അതിനാല്‍ തന്നെ ഇതിനെതിരെ അനാവശ്യമായ ആക്ഷേപമുയര്‍ത്തേണ്ടതില്ല. ലോക പരിജ്ഞാനമില്ലാത്ത കൊച്ചുകുട്ടിക്ക് ഇഷ്ടപ്പെടുന്നതോ കൗതുകകരമായതോ ലഭിച്ചാല്‍ ആ കുട്ടിയില്‍ പ്രകടമാവുന്ന ഭാവ വ്യത്യാസത്തെയും ചലനത്തെയും അതിന്റെ ശുദ്ധ പ്രകൃതത്തിന്റെ ഭാഗമായി കാണുന്നവരാണ് നാമെല്ലാം. ആകര്‍ഷണീയമായ ഒന്ന് അതിന്റെ ആകര്‍ഷണീയതയുടെ പേരിലല്ല എതിര്‍ക്കപ്പെടേണ്ടത്. മറിച്ച് ആകര്‍ഷണത്തിന്റെ ഫലമായുണ്ടാവുന്നതും അതിന്റെ സ്വാധീനവും നിയമത്തിന്റെ പരിധിയില്‍ എവിടെ നില്‍ക്കുന്നുവെന്നാണാലോചിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തില്‍ വിവേചനപൂര്‍വം കാര്യങ്ങളെ സമീപിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. ദാവൂദ് നബി(അ)ന്റെ പാരായണ മാധുരിയില്‍ ആകൃഷ്ടരായി പറവകള്‍ അടുത്തു വന്നിരുന്നുവെന്ന് ഹദീസില്‍ കാണാം. ഇതില്‍ ആരും കുറ്റക്കാരല്ലല്ലോ. സത്യവിശ്വാസിയായി എന്ന കാരണത്താല്‍ എല്ലാ ആസ്വാദ്യാനുഭൂതികളുടെ അനുരണനത്തെയും അനാവശ്യവും അരുതാത്തതുമായി കാണേണ്ടതില്ലെന്ന് ചുരുക്കം.
ഇമാം ബൈഹഖി(റ) അലി(റ)വില്‍ നിന്നും വിവരിക്കുന്നു: “”ഒരിക്കല്‍ അലി, ജഅ്ഫര്‍, സൈദ്(റ) എന്നിവര്‍ നബി(സ്വ)യുടെ സന്നിധിയിലെത്തി. പ്രവാചകര്‍ സൈദ്(റ)വിനോടിങ്ങനെ പറഞ്ഞു: നീ ഞങ്ങളുടെ സഹോദരനും സഹായിയുമാണ്  ഇത് സൈദ്(റ)വിനെ വളരെ അധികം സന്തോഷിപ്പിച്ചു. കാരണം അടിമച്ചന്തയില്‍ നിന്നും വിലയ്ക്ക് വാങ്ങിയതായിരുന്നു അദ്ദേഹത്തെ  അദ്ദേഹം ഒരു ഒറ്റക്കാലില്‍ തുള്ളിച്ചാടി നടന്നു. പിന്നെ ജഅ്ഫര്‍(റ)വിനോടായി നബി(സ്വ) പറഞ്ഞു: സ്വഭാവത്തിലും പ്രകൃതിയിലും നീ എന്നോട് തുല്യനായിരിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി. അദ്ദേഹം സൈദി(റ)ന്റെ പിറകില്‍ തുള്ളിച്ചാടി നടന്നു. പിന്നെ നബി(സ്വ) എന്നോട് അലി(റ) പറഞ്ഞു: നീ എന്നില്‍ പെട്ടവനും ഞാ“ന്‍ നിന്നില്‍ പെട്ടവനുമാണ് (നമ്മളൊന്നാണ്). അപ്പോള്‍ ഞാനും ജഅ്ഫറിന്റെ പിറകെ ഒറ്റക്കാലില്‍ തുള്ളിനടന്നു (ബൈഹഖി).
ഈ മൂന്ന് സ്വഹാബികളും അന്ന് പ്രായം കുറഞ്ഞവരായിരുന്നു. മൂന്ന് പേരെക്കുറിച്ചും തിരുദൂതര്‍ അടുപ്പത്തിന്‍റേയും സ്നേഹത്തിന്റെയും പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ അതവരെ സന്തോഷിപ്പിച്ചു. ആ സന്തോഷത്താല്‍ അവരില്‍ നിന്നും ഉണ്ടായ പ്രതിഫലനമാണ് ഒറ്റക്കാലിലെ തുള്ളല്‍. അതൊരു സ്വാഭാവികത, നൈസര്‍ഗികതയാണ്, ആക്ഷേപാര്‍ഹമല്ല. ആയിരുന്നുവെങ്കില്‍ അവിടുന്ന് തന്നെ അത് വിലക്കുമായിരുന്നു.
അബ്ദുല്ലാഹിബ്നു അത്വീഖ്(റ) സ്വഹാബി പ്രമുഖനാണ്. ഒരിക്കല്‍ ഒരു ദൗത്യവുമായി നബി(സ്വ) അദ്ദേഹത്തെയും മറ്റു രണ്ടുപേരെയും നിയോഗിച്ചു. അത് ഭംഗിയായി പൂര്‍ത്തിയാക്കിയ സന്തോഷ വിവരം തിരുനബി(സ്വ)യെ അറിയിക്കാ`ന്‍ അദ്ദേഹം കൂട്ടുകാരെ സമീപിച്ചതെങ്ങനെയെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. അബ്ദുല്ല(റ) പറയുന്നു: ഞാനും നിന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് ഒറ്റക്കാലില്‍ തുള്ളിച്ചെന്ന് ഈ സന്തോഷവാര്‍ത്ത നബി(സ്വ)യെ അറിയിക്കാ`ന്‍ പറഞ്ഞു. (ബുഖാരി).
ഈ വിവരണത്തില്‍ അബ്ദുല്ലാഹ്(റ) പ്രയോഗിച്ചത് “അഹ്ജുല’ എന്നാണ്. അതിന്റെ അര്‍ത്ഥമെന്താണെന്ന് ഇമാം അസ്ഖലാനി (റ) വ്യക്തമാക്കുന്നു. “ഹജ്ല്‍ എന്നാല്‍ സന്തോഷത്താല്‍ ഒരു കാല്‍ ഉയര്‍ത്തി മറ്റേക്കാലില്‍ നില്‍ക്കലാണ്. ചിലപ്പോള്‍ രണ്ട് കാലും ഒന്നിച്ചുയര്‍ത്തും (ചാടുമെന്നര്‍ത്ഥം) കാലുകള്‍ അടുത്ത് വെച്ചുള്ള നടത്തത്തിനും ഇതുപയോഗിക്കാറുണ്ട്. (ഫത്ഹുല്‍ ബാരി 7/345).
അബ്ദുല്ലാഹിബ്നു അത്വീഖ്(റ)വിന് ദൗത്യ നിര്‍വ്വഹണത്തിനിടയില്‍ കാലിന് ചെറിയൊരു പരിക്കേറ്റിരുന്നുവെന്നും അത് കാരണമാണ് അങ്ങനെ ചാടിയതെന്നും വ്യാഖ്യാനിക്കുന്നതിനെ തടയാനാണിങ്ങനെ വിവരിച്ചതെന്ന് മനസ്സിലാക്കാം. സന്തോഷാവസരത്തില്‍ ശാരീരിക ചലനങ്ങള്‍ക്ക് ഭാവ വ്യത്യാസമുണ്ടാവാമെന്നാണിതിന്റെ അര്‍ത്ഥം. അത് വലിയവര്‍ക്കും ചെറിയവര്‍ക്കുമുണ്ടാവുക സ്വാഭാവികം. നബി(സ്വ)യുടെ സവിധത്തില്‍ സ്വഹാബികള്‍ക്കുണ്ടായതിന്റെ ഉദാഹരണമാണിത്.
ദാവൂദ് നബി(അ)മും സന്തോഷപ്രകടവും
ബനൂ ഇസ്റാഈലിന് വിഷമകരമായ ഒരു സാഹചര്യത്തില്‍ അവര്‍ക്ക് സഹായവും രക്ഷയും വാഗ്ദാനം ചെയ്യുന്ന സന്തോഷ വിവരമുണ്ടായി. ത്വാലൂത്ത്(റ)വിനെ രാജാവും സൈനിക മേധാവിയുമായി നിശ്ചയിച്ചതായിരുന്നു അത്. ഈ ആരോഹണം നടപ്പുരീതിയുടെ ഭാഗമായിരുന്നില്ല. കുടുംബ പ്രാതിനിധ്യ സ്വഭാവമോ ഹിത പരിശോധനാധിഷ്ഠിതമോ അല്ലാത്ത ഈ ആരോഹണത്തിന് ഒരു ദൃഷ്ടാന്തം ആവശ്യമായിരുന്നു. അങ്ങനെയാകുന്പോഴാണല്ലോ അദ്ദേഹത്തിന്റെ നേതൃത്വത്തിനും പദവിക്കും അംഗീകാരമുണ്ടാകുക. അതിനുള്ള ദൃഷ്ടാന്തമായി വിശിഷ്ട വസ്തുക്കളടങ്ങിയ ഒരു പേടകം നല്‍കാമെന്നും അറിയിക്കപ്പെട്ടിരുന്നു. സൂറത്തുല്‍ ബഖറയിലെ 247,248 സൂക്തങ്ങളില്‍ ഇത് കാണാം.
പേടകത്തിന്റെ വരവിനായി ആകാംക്ഷ നിര്‍ഭരമായി കാത്തിരിക്കുന്നവരില്‍ ദാവൂദ് നബി(അ)യും കുടുംബവുമുണ്ടായിരുന്നു. ഇമാം ത്വബ്രി (റ) വിവരിക്കുന്നു: “”താബൂത് (പേടകം) കണ്ടപ്പോള്‍ ദാവൂദ്(അ) സന്തോഷം കൊണ്ട് ഒറ്റക്കാലില്‍ തുള്ളിനടന്നു (ഹജ്ല്‍ ചെയ്തു). റഖ്സ്വി (ആത്മീയാനുഭൂതിയിലുണ്ടാവുന്ന ശാരീരിക ചലനം)ന് സമാനമായ ഒരു ഭാവമാണ് ഹജ്ല്‍ എന്ന് വഹ്ബ്(റ) പറഞ്ഞിട്ടുണ്ട്. ഈ രംഗം (ദാവൂദ് (അ)ന്റെ തുള്ളല്‍) കണ്ട് അദ്ദേഹത്തിന്റെ ഭാര്യ നീരസം പ്രകടിപ്പിച്ചപ്പോള്‍ അവളെ അദ്ദേഹം മോചിതയാക്കി (തഫ്സീര്‍ ത്വബരി 2/623).
അല്ലാഹുവില്‍ നിന്ന് ലഭ്യമായ ഒരനുഗ്രഹത്തിന്റെ സന്തോഷം കാരണമുണ്ടായ ഭാവപ്രകടനത്തെ കുറച്ചിലായി കണ്ട് അതിനെ എതിര്‍ത്തവള്‍ ഒരു പ്രവാചക ഭാര്യയായി തുടരില്ലല്ലോ. സന്തോഷ ഘട്ടത്തില്‍ ചില ശാരീരികമായ ചലനങ്ങള്‍ക്ക് അതിന്റെ സ്വാഭാവികതക്കപ്പുറം അനാവശ്യമായ പരികല്‍പനകള്‍ നല്‍കി അരുതാത്തതാണെന്ന് പ്രഖ്യാപിക്കേണ്ടില്ല എന്നാണ് ഈ സംഭവത്തിന്റെ പാഠം.
നബിദിനത്തില്‍ ആഘോഷമെന്ന നിലക്കു സന്തോഷ പ്രകടനത്തിനും സ്നേഹ പ്രകടനത്തിനും സത്യവിശ്വാസികള്‍ ചെയ്തുവരുന്ന കാര്യങ്ങള്‍ ഏതെടുത്താലും അതിന് മതവിരുദ്ധതയുടെ പ്രമാണങ്ങള്‍ കാണാ`ന്‍ സാധ്യമല്ല. എന്നിട്ടും അനാവശ്യമായ വാഗ്വാദങ്ങളും അപസ്വരങ്ങളും ഉയര്‍ത്തുന്നവര്‍ മുസ്ലിംകളെ മുശ്രിക്കും മുബ്തദിഉമാക്കുന്ന പ്രവണതയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശ്രദ്ധിക്കേണ്ടത്.



No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...