Wednesday, February 21, 2018

രിഫാഈ; ആത്മജ്ഞാനികളുടെ സുല്‍ത്താന്‍



ശൈഖ് രിഫാഈ; ആത്മജ്ഞാനികളുടെ സുല്‍ത്താന്‍

● സൈനുദ്ദീന്‍ ശാമില്‍ ഇര്‍ഫാനി മാണൂര്‍

0 COMMENTS

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഹിജ്‌റ 500 ല്‍ ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഉമ്മുഅബീദ ഗ്രാമത്തിലാണ് അഹ്മദുല്‍ കബീര്‍ രിഫാഈ (റ) ജനിച്ചത്. വിശ്രുത പണ്ഡിതനായ അബുല്‍ ഹസന്‍ അലി (റ) ആയിരുന്നു പിതാവ്. ആധ്യാത്മിക ഗുരുവായിരുന്ന ശൈഖ് മന്‍സൂറുസ്സാഹിദിന്റെ സഹോദരിയായ ഉമ്മുല്‍ ഫള്ല്‍ ഫാത്വിമുല്‍ അന്‍സാരിയ്യയായിരുന്നു മാതാവ്. ബസ്വറയിലായിരുന്നു പിതാവ് വളര്‍ന്നത്. ഇമാം സുബ്കി(റ) പറയുന്നു: ‘മഹാനവര്‍കളുടെ പിതാവ് ഇറാഖിലെ ഒരു ഗ്രാമത്തില്‍ വന്നു താമസമാക്കി. സൂഫീവര്യനായ ശൈഖ് മന്‍സൂര്‍(റ)വിന്റെ സഹോദരിയെ വിവാഹം കഴിച്ചു. മഹതിയിലുണ്ടായ സന്താനങ്ങളില്‍ ഒരാളാണ് ശൈഖ് രിഫാഈ(റ). മഹാനവര്‍കള്‍ ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ തന്നെ പിതാവ് മരണപ്പെട്ടതു കൊണ്ട് അദ്ദേഹത്തിന്റെ സംരക്ഷണവും പഠനവും ഏറ്റെടുത്തത് ശൈഖ് മന്‍സൂര്‍(റ) ആയിരുന്നു’ (ത്വബഖാതു ശാഫിഇയ്യതില്‍ കുബ്‌റാ).

ശൈഖ് രിഫാഈ(റ) വംശം കൊണ്ട് അലി (റ) വിന്റെ സന്താന പരമ്പരയില്‍പ്പെടുന്നു. ഇബ്‌നു മുലഖ്ഖന്‍(റ) വംശപരമ്പര വിവരിക്കുന്നത് ഇങ്ങനെ :

1.അബുല്‍ ഹസന്‍ അലി(റ)

2.യഹ്‌യ (റ)

3.ഹാസിം(റ)

4.അലി(റ)

5.സാബിത് (റ)

6.അലി(റ)

7.ഹസന്‍ അസ്വ്ഗര്‍ (റ)

8.മഹ്ദി(റ)

9.മുഹമ്മദ് (റ)

10.ഹസന്‍(റ)

11.യഹ്‌യ(റ)

12.ഇബ്‌റാഹീം (റ)

13.ഇമാം മൂസല്‍ കാളിം(റ)

14.ഇമാം ജഅ്ഫര്‍ സ്വാദിഖ്(റ)

15.ഇമാം മുഹമ്മദുല്‍ ബാഖിര്‍ (റ)

16.ഇമാം അലി സൈനുല്‍ ആബിദീന്‍ (റ)

17.ഇമാം ശഹീദ് ഹുസൈന്‍(റ)

18.ഇമാം അലിയ്യ് ബ്‌നു അബീത്വാലിബ് (റ)

(ത്വബഖാതുല്‍ ഔലിയാഅ്).

ബാല്യ കാലത്തു തന്നെ ശൈഖവര്‍കള്‍ നിരവധി അത്ഭുതങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തൊട്ടിലില്‍ കിടന്ന് സംസാരിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തിരുന്നു. പ്രസവിച്ച വര്‍ഷം തന്നെ റമളാന്‍ മാസത്തില്‍ പകല്‍ മുലകുടിക്കാറില്ല.  ചെറുപ്പത്തിലേ തന്നെ സമപ്രായക്കാരില്‍ നിന്നു വ്യത്യസ്തമായി ആരാധനയില്‍ മുഴുകുന്ന ശീലവും മഹാനവര്‍കള്‍ക്ക് ഉണ്ടായിരുന്നു .

വിദ്യാഭ്യാസം

ശൈഖ് മന്‍സൂറുസ്സാഹിദ് തന്നെയായിരുന്നു പ്രഥമ ഗുരു. പിന്നീട് ബസ്വറയിലെ പ്രസിദ്ധ പണ്ഡിതനായ ശൈഖ് അലിയ്യുല്‍ ഖാരിയുടെ ദര്‍സില്‍ ചേര്‍ന്നു. വളരെ കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം മിക്ക വിജ്ഞാന ശാഖകളിലും അവഗാഹം നേടി. കര്‍മശാസ്ത്ര ഗ്രന്ഥമായ തന്‍ബീഹ് വ്യാഖ്യാന സഹിതം വളരെ വേഗം മനഃപാഠമാക്കി. ഇരുപതാം വയസ്സില്‍ തസ്വവ്വുഫിലെ ജ്ഞാനങ്ങളെല്ലാം കരഗതമാക്കി. ശേഷം ആത്മീയഗുരുവായി അറിയപ്പെടുന്ന ശൈഖ് അബ്ദുല്‍ ഫള്‌ലില്‍ നിന്ന് ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും വിജ്ഞാനങ്ങളില്‍ ഫത്‌വ നല്‍കാനുള്ള അനുമതി നേടുകയും ചെയ്തു.

മഹാനവര്‍കളുടെ ഗുരുനാഥന്മാരുടെ ശൈഖ് മന്‍സ്വൂര്‍ വഴിയുള്ള പരമ്പര ഇങ്ങനെ:

ശൈഖ് മന്‍സ്വൂര്‍ (റ)

ശൈഖ് യഹ്‌യല്‍ അന്‍സ്വാരി (റ)

ശൈഖ് അബൂബക്കര്‍ മൂസല്‍ അന്‍സാരി (റ)

ശൈഖ് ജുനൈദുല്‍ ബഗ്ദാദി (റ)

ശൈഖ് സിര്‍റിയ്യുസ്സിഖ്ത്വി (റ)

ശൈഖ് മഅ്‌റൂഫുല്‍ കര്‍ഖി(റ)

ശൈഖ് ദാവൂദുത്ത്വാഈ (റ)

ശൈഖ് ഹബീബുല്‍ അജമി (റ)

ശൈഖ് ഹസനുല്‍ ബസരി (റ)

അലി (റ)

മുഹമ്മദ് നബി (സ)

ശൈഖ് അലിയ്യുല്‍ ഖാരി വഴി

ശൈഖ് അലിയ്യുല്‍ ഖാരി (റ)

ശൈഖ് മുഹമ്മദ് ബ്‌നു കാമത്വ് (റ)

ശൈഖ് അബൂബക്കര്‍ ശിബ്‌ലി (റ)

ശൈഖ് ജുനൈദുല്‍ ബഗ്ദാദി (റ)

ശൈഖ് സിര്‍റിയ്യുസ്സിഖ്ത്വി (റ)

ശൈഖ് മഅ്‌റൂഫുല്‍ കര്‍ഖി (റ)

ശൈഖ് ദാവൂദുത്ത്വാഈ (റ)

ശൈഖ് ഹബീബുല്‍ അജമി (റ)

ശൈഖ് ഹസനുല്‍ ബസരി (റ)

അലി (റ)

മുഹമ്മദ് നബി (സ)

(ത്വബഖാതുല്‍ ഔലിയ).

അധ്യാപനം

അനേകായിരം ശിഷ്യന്മാര്‍ താമസിച്ചു പഠിച്ചിരുന്ന പര്‍ണശാലയായിരുന്നു മഹാനവര്‍കളുടേത്. അധ്യാപനത്തിന്റെ മികവാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്നത്. വേറിട്ട ശൈലിയിലായായിരുന്നു ക്ലാസുകള്‍. കിതാബുകളിലെ സങ്കീര്‍ണ്ണതകള്‍ സരളമായി വിശദീകരിക്കുകയും എല്ലാ വിഷയത്തിലും സലക്ഷ്യ സമര്‍ത്ഥനം നടത്തുകയും ചെയ്യുമായിരുന്നു. തഫ്‌സീര്‍, ഹദീസ്, തത്ത്വശാസ്ത്രം, തര്‍ക്ക ശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളില്‍  അറുന്നൂറ്റി അറുപത്തി രണ്ടോളം ചെറുതും വലുതുമായ കൃതികള്‍ മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്. അല്‍ ബഹ്ജഃ, അസ്സ്വിറാത്വുല്‍ മുസ്തഖീം ഫീ തഫ്‌സീരി ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം, തഫ്‌സീറു സൂറത്തില്‍ ഖദ്ര്‍, ഇല്‍മുത്തഫ്‌സീര്‍, അന്നിളാമുല്‍ ഖാസ് ലി അഹ്‌ലില്‍ ഇഖ്തിസാസ്, അത്ത്വരീഖു ഇലല്ലാഹ്, അര്‍രിവായ, അല്‍ഹികമുര്‍രിഫാഇയ്യഃ, അസ്സ്വിര്‍റുല്‍ മസ്വൂന്‍, അല്‍ അഹ്‌സാബുര്‍രിഫാഇയ്യഃ, ഹാലത്തു അഹിലില്‍ ഹഖീഖത്തി മഅല്ലാഹ്, അല്‍ ബുര്‍ഹാനുല്‍ മുഅയ്യദ്, അല്‍ അഖാഇദുര്‍രിഫാഇയ്യഃ തുടങ്ങിയവ അവയില്‍ ചിലതാണ്.

പ്രബോധനം

അനേകായിരങ്ങള്‍ക്കു സന്മാര്‍ഗത്തിന്റെ പ്രകാശം നല്‍കാന്‍ മഹാനവര്‍കള്‍ക്കു സാധിച്ചു. കരുണയും സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്റെ പ്രബോധന രംഗത്തുള്ള വിജയ രഹസ്യം. വീട്ടില്‍ മോഷണത്തിനു വന്ന കൊടും കുറ്റവാളി പോലും മഹാനവര്‍കളുടെ സ്‌നേഹമസൃണമായ പെരുമാറ്റത്തില്‍ ആകൃഷ്ടനായി  മുസ്‌ലിമായി മാറുകയാണ് ചെയ്തത്.

മഹാനവര്‍കളുടെ പ്രഭാഷണം ജനങ്ങളുടെ മനസ്സുകളില്‍ മാറ്റത്തിന്റെ മാറ്റൊലികള്‍ സൃഷ്ടിക്കുന്നതായിരുന്നു. വ്യാഴാഴ്ച ദിവസം രാവിലെയും ളുഹ്‌റിനും അസ്‌റിനുമിടക്കും മഹാനവര്‍കള്‍ ജനങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നു. പ്രഭാഷണം സദസ്സില്‍  അടുത്തിരിക്കുന്നവര്‍ കേള്‍ക്കുന്നതു പോലെ അകന്നിരിക്കുന്നവര്‍ക്കും കേള്‍ക്കാമായിരുന്നു. മാത്രമല്ല, കേള്‍വി ശക്തിയില്ലാത്തവരും അവരുടെ സദസ്സില്‍ സ്ഥിരമായി പങ്കെടുത്തിരുന്നു. അവര്‍ക്കെല്ലാം അദ്ദേഹത്തിന്റെ സംസാരം അല്ലാഹു കേള്‍പ്പിച്ചു കൊടുക്കുകയും അതവര്‍ക്കു പ്രയോജനപ്പെടുകയും ചെയ്തിരുന്നു (ത്വബഖാതുല്‍ ഔലിയ).

സിബ്ത്വുബ്‌നുല്‍ ജൗസി (റ)പറയുന്നു: ഒരു ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രി ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോള്‍ ഒരു ലക്ഷം പേര്‍ അദ്ദേഹത്തിന്റെ സദസ്സിലുണ്ടായിരുന്നു. വലിയ ആള്‍ക്കൂട്ടമാണല്ലോ എന്നു ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ പ്രതിവചിച്ചതിങ്ങനെ: ‘ആള്‍കൂട്ടം വേണമെന്ന് എനിക്കു തോന്നുന്ന പക്ഷം ഹാമാനിന്റെ സൈന്യത്തോളം ജനങ്ങള്‍ ഇവിടെ ഒരുമിച്ച് കൂടാറുണ്ട്’ (ശദറാത്തുദ്ദഹബ്).

സാന്ത്വനം

ഏതൊരാളുടെയും പ്രയാസമകറ്റുന്നതില്‍ മഹാനവര്‍കള്‍ ബദ്ധ ശ്രദ്ധ കാണിച്ചിരുന്നു. പിഞ്ചു കുട്ടികളോടുപോലും സമാശ്വാസത്തിന്റെ വചനങ്ങളാണ് അദ്ദേഹം ഉരവിട്ടിരുന്നത്. ഒരിക്കല്‍ മഹാനവര്‍കള്‍ ശിഷ്യന്മാരോടൊപ്പം ഇരിക്കുമ്പോള്‍ ഒരു ബാലന്‍ കയറി വന്നു. തനിക്കൊരു കളിക്കോപ്പു വേണമെന്ന് പറഞ്ഞു. അല്‍പം കാരക്കയും റൊട്ടിയും മാത്രമേ ഇവിടെയുള്ളൂ. അതു നീ വേണ്ടത്ര കഴിച്ചോളൂ എന്നായിരുന്നു മഹാനവര്‍കളുടെ പ്രതികരണം. കളിക്കോപ്പ് കിട്ടില്ലെന്നു മനസ്സിലാക്കിയ കുട്ടി കരയാന്‍ തുടങ്ങി. അപ്പോള്‍ മഹാനവര്‍കള്‍ക്കു മനോവിഷമം തോന്നി. ഉടനെ ശിഷ്യന്മാരെ പറഞ്ഞയച്ച് കളിക്കോപ്പ് വാങ്ങി അവനു നല്‍കി. പിന്നീട് എല്ലാ ദിവസവും കുട്ടി അതുകൊണ്ട് കളിക്കുകയും അദ്ദേഹം പറയുന്ന സ്ഥലത്തു തന്നെ അതു സൂക്ഷിച്ചു വെക്കുകയും ചെയ്യുമായിരുന്നു.

ഒരു ദിവസം മഹാനവര്‍കള്‍ നടന്ന് പോകുമ്പോള്‍ വഴിയില്‍ കുറേ കുട്ടികള്‍ പരസ്പരം തര്‍ക്കി ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ശൈഖവര്‍കള്‍ വിഷയത്തിലിടപെടുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തു. ശേഷം അവരിലൊരാളോട് നീ ആരുടെ മകനാണെന്നു ചോദിച്ചു. ‘അതറിഞ്ഞതു കൊണ്ട് നിങ്ങള്‍ക്കെന്താ ഉപകാരം’ എന്നായിരുന്നു കുട്ടിയുടെ മറുചോദ്യം. ഉടനെ അവിടുന്ന് പ്രത്യുത്തരം നല്‍കി. ‘മോനേ, നീ ചോദിച്ചതു ശരിയാണ്. അല്ലാഹു നിനക്ക് പ്രതിഫലം നല്‍കട്ടെ’. ശേഷം ശൈഖവര്‍കള്‍ (റ) നടന്നു നീങ്ങുകയും ചെയ്തു. മഹാനവര്‍കളുടെ അനിതരസാധാരണമായ വിനയത്തിന്റെ ഉദാഹരണവുമാണ് ഈ സംഭവം.

കുഷ്ഠരോഗികളുടെ വസ്ത്രങ്ങള്‍ അലക്കി കൊടുക്കുകയും അവരെ കുളിപ്പിക്കുകയും മുടി ചീകിക്കൊടുക്കുകയും ചെയ്തിരുന്നു. അവര്‍ക്കു വേണ്ട ഭക്ഷണം എത്തിച്ചു കൊടുക്കുകയും അവരോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. വഴിയില്‍ വെച്ചു കണ്ടുമുട്ടുന്ന അന്ധന്മാരെ കൈ പിടിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതും മഹാനവര്‍കളുടെ പതിവായിരുന്നു.  തന്റെ ഗ്രാമത്തില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ഒരു കയറും കൂടെ കരുതുന്ന സ്വഭാവം ശൈഖവര്‍കള്‍ക്കുണ്ടായിരുന്നു. ആ കയറു കൊണ്ട് വിറകുകള്‍ കെട്ടിക്കൊണ്ട് വരികയും അതു നാട്ടിലെ നിരാലംബര്‍ക്കും വിധവകള്‍ക്കും വിതരണം നടത്തുകയും ചെയ്യും.

മഹാനവര്‍കള്‍ മിണ്ടാപ്രാണികളോടു പോലും കാണിച്ചിരുന്ന കാരുണ്യവും അനുകമ്പയും വിശ്രുതമാണ്. തന്റെ ഗ്രാമത്തിലെ ഒരു പട്ടിക്ക് സാരമായ വ്രണങ്ങള്‍ ബാധിച്ചു. അതിന്റെ തൊലി പൊട്ടു കയും അസഹ്യമായ വിധം ദുര്‍ഗന്ധം വമിക്കുകയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു. നടക്കാന്‍ പോലും കഴിയാത്ത ആ പട്ടിയെ ആരോ വലിച്ചിഴച്ച് ദൂരെ കൊണ്ടു പോയിട്ടു. അപ്പോഴാണ് ശൈഖ്(റ) ആ വിവരമറിയുന്നത്. വല്ലാത്ത വിഷമം തോന്നിയ അദ്ദേഹം മരുന്നും ഭക്ഷണവുമെടുത്ത് ആ പട്ടിയുടെ അടുത്തെത്തി. അതിനു ഭക്ഷണം നല്‍കുകയും ശരീരത്തില്‍ മരുന്നു വെച്ചു കെട്ടുകയും ആവശ്യമായ ശുശ്രൂഷകളെല്ലാം നല്‍കുകയും ചെയ്തു. പട്ടിക്കു വെയില്‍ കൊള്ളേണ്ടെന്നു കരുതി ചെറിയൊരു കൂടാരം കെട്ടുകയും അതിനെ അതില്‍ പാര്‍പ്പിക്കുകയും ചെയ്തു. നാല്‍പത് ദിവസം ശുശ്രൂഷ തുടര്‍ന്നു. ഭക്ഷണവും മരുന്നും മുറപോലെ ലഭിച്ചു തുടങ്ങിയപ്പോള്‍ പട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. വ്രണങ്ങള്‍ പൂര്‍ണമായി ഉണങ്ങുകയും ആരോഗ്യം  പൂര്‍വ്വ സ്ഥിതിയിലാവുകയും ചെയ്തു. തന്റെ ദൗത്യ നിര്‍വ്വഹണത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ഒരു പട്ടിക്കു വേണ്ടി ഇത്രയധികം ത്യാഗം ചെയ്യേണ്ടതുണ്ടോ എന്ന ചിലരുടെ ചോദ്യത്തിന് മഹാനവര്‍കളുടെ മറുപടി ഇപ്രകാരമായിരുന്നു: ‘ഈ പട്ടിയുടെ കാര്യത്തില്‍ വിചാരണ നാളില്‍ അല്ലാഹു എന്നെ ശിക്ഷിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. എന്തു കൊണ്ട് നീ ആ ജീവിയോട് കരുണ കാണിച്ചില്ലെന്നും നിനക്കും അസുഖം വരുന്ന കാര്യം നീ എന്തു കൊണ്ട് ഭയന്നില്ലെന്നും അല്ലാഹു എന്നോട് ചോദിച്ചേക്കും’.

ശൈഖവര്‍കളുടെ ശിഷ്യരിലൊരാളായ മിഖ്ദാം(റ) പറയുന്നു: ഞാനും ശൈഖിന്റെ മറ്റൊരു ശിഷ്യനും ഒരു ദിവസം സുബ്ഹ് നിസ്‌കരിക്കാന്‍ പുറപ്പെട്ടു. കഠിനമായ തണുപ്പുള്ള ദിവസമായിരുന്നു അത്. ഞങ്ങള്‍ എത്തുന്നതിനു മുമ്പ് തന്നെ ശൈഖവര്‍കള്‍ വുളൂഅ് ചെയ്തു കഴിഞ്ഞിരുന്നു. ഞങ്ങളും വുളൂഅ് ചെയ്ത് അകത്തു കയറി. നിസ്‌കാരത്തിനു വേണ്ടി ശൈഖവര്‍കളെ കാത്തു നിന്നു.  കുറെ നേരെ കഴിഞ്ഞിട്ടും മഹാനവര്‍കളെ കാണാതായപ്പോള്‍ ഞങ്ങള്‍ അവിടെ ചെന്നു നോക്കി. വുളൂഅ് എടുത്ത അതേ സ്ഥലത്ത് അദ്ദേഹം അനങ്ങാതെ നില്‍ക്കുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. കൈ നീട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു. അതീവ കൗതുകത്തോടെ ഞങ്ങള്‍ അടുത്തു ചെന്നു നോക്കി. ചോര കുടിച്ച് തടിച്ചു വീര്‍ത്ത ഒരു കൊതുക് ശൈഖവര്‍കളുടെ കൈയില്‍ ഇരിക്കുന്നു! ഞങ്ങളുടെ അനക്കം കൊണ്ട് ആ കൊതുക് പാറിപ്പോവുകയും ചെയ്തു. ഒരു മിണ്ടാപ്രാണിക്ക് അതിന്റെ ഭക്ഷണം ക്ഷമാപൂര്‍വ്വം അനുവദിച്ചു കൊടുക്കുകയായിരുന്നു മഹാനാവര്‍കള്‍.

കറാമത്തുകള്‍   

കറാമത്തുകള്‍ കൊണ്ട് വിശ്രുതരായ ഔലിയാക്കളിലൊരാളാണ് ശൈഖ് രിഫാഈ(റ).  റൗളാ ശരീഫിലെത്തിയ ശൈഖവര്‍കള്‍ തിരു നബി(സ)യുടെ കൈകള്‍ ചോദിച്ചു വാങ്ങി ചുബിച്ച സംഭവം ഏറെ പ്രസിദ്ധമാണ്. അശരണര്‍ക്ക് അത്താണിയായും പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമായും മഹാനവര്‍കള്‍ നിരവധി കറാമത്തുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ കറാമത്തുകള്‍ കൊണ്ട് തന്റെ സത്യസന്ധതയും കഴിവും വ്യക്തമാക്കിയിട്ടുമുണ്ട്. ഒരു ദിവസം അസൂയാലുക്കളായ നൂറ്റി എഴുപതോളം പേര്‍ ശൈഖ്(റ)വിനെ പരീക്ഷിക്കാന്‍ വേണ്ടി ഉമ്മു അബീദ ഗ്രാമത്തിലെത്തി. അവരെ കണ്ടയുടന്‍  അവര്‍ക്കുള്ള ഭക്ഷണം ഏര്‍പ്പാടു ചെയ്യാന്‍ ശൈഖ്(റ) തന്റെ സേവകരോട് കല്‍പ്പിച്ചു. ശേഷം മഹാനവര്‍കള്‍ ഇരു നയനങ്ങളും ആകാശത്തേക്കുയര്‍ത്തി അല്ലാഹുവിനോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ‘അല്ലാഹുവേ, നിന്റെ ഔലിയാക്കളെ സഹായിച്ചു നീ നിന്റെ കഴിവ് പ്രകടിപ്പിക്കണം. നീ മാത്രമാണു തുണ’. ഉടനെ ഒരശരീരിയുണ്ടായി. ‘ഓ അബുസ്സ്വഫാ, താങ്കളുടെ രക്ഷിതാവിന്റെ പ്രവര്‍ത്തനം താങ്കള്‍ കണ്ടു കൊള്ളുക’. അപ്പോള്‍ ശൈഖ്(റ) ബിസ്മി ചൊല്ലി അവരോട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. അവര്‍ ബിസ്മി ചൊല്ലുകയും സുപ്രയിലേക്കു കൈനീട്ടുകയും ചെയ്തു. ഉടനെ തന്നെ സുപ്ര അവരുടെ കൈ എത്താത്ത വിധം അന്തരീക്ഷത്തിലേക്കുയര്‍ന്നു. അല്ലാഹുവിന്റെ കഴിവും അവന്റെ വലിയ്യിന്റെ കാര്യം അല്ലാഹു നിയന്ത്രിക്കുന്ന വിധവും കണ്ട അവര്‍ ലജ്ജിച്ചു തല താഴ്ത്തി. അവിടുത്തെ കാലുകള്‍ ചുംബിച്ചു. തൗബ ചെയ്യുകയും അവര്‍ ശൈഖി(റ)ന്റെ അനുയായികളായി മാറുകയും ചെയ്തു (അര്‍റൗളുന്നളീര്‍).

ഹി.578 ജുമാദല്‍ ഊലാ 12 വ്യാഴാഴ്ചയാണ് ശൈഖവര്‍കള്‍ പരലോകം പൂകിയത്. ഇറാഖിലെ ഉമ്മു അബീദയില്‍ തന്നെയാണ്  അന്ത്യ വിശ്രമം.

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...