Tuesday, March 5, 2019

ജീലാനി(റ)യുടെ ആദർശം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ശൈഖ് ജീലാനി(റ)യുടെ ആദർശം


ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്‌ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്‌ലുസ്സുന്നയുടെ ആദർശ പ്രചാരണത്തിനും അതിന് വിരുദ്ധമായവയുടെ ഖണ്ഡനത്തിനും ശൈഖവർകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും അഹ്‌ലുസ്സുന്നയുടെ ആദർശം കൃത്യമായി വിവരിക്കുന്നതാണ്. സത്യാദർശത്തിന്റെ അനുകൂല-പ്രതികൂലങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു മാനദണ്ഡമായിത്തന്നെ ശൈഖവർകളെ കണക്കാക്കാം. ആ മഹത് ജീവിതം മനുഷ്യനിണങ്ങുന്നതും അവന്റെ അനിവാര്യ ദൗത്യങ്ങൾ സമ്മേളിച്ചതുമായിരുന്നു. കൃത്യമായ ഒരാദർശത്തിന്റെ പരിരക്ഷയിൽ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.
ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തമ നൂറ്റാണ്ടുകാരിൽ നിന്നും വളരെ അകലെയല്ലാത്ത കാലത്താണ് മഹാൻ ജീവിച്ചത്. അതിനാൽ തന്നെ നേരിന്റെ സത്തും ചൈതന്യവും പകർന്നെടുക്കാനദ്ദേഹത്തിന് കൂടുതൽ അവസരമുണ്ടായി. അക്കാലത്തെ നവീനവാദികളുടെ നിലപാടുകളും ആദർശരാഹിത്യവും അദ്ദേഹം പഠിച്ചറിഞ്ഞു.
ഇസ്‌ലാമികാദർശത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ അനാവശ്യ ചർച്ചകളുണ്ടാക്കി വിവാദമാക്കിയവരുടെ പ്രവർത്തനം അക്കാലത്തെ പ്രബോധന സാധ്യതയെ സങ്കീർണമാക്കുകയുണ്ടായി. അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവർത്തനങ്ങൾ, വിശേഷണങ്ങൾ, നാമങ്ങൾ എന്നിവയിലുമെല്ലാം ചിലർ ഗുണകരമല്ലാത്ത തർക്കങ്ങളുന്നയിച്ചു. വികല വിശ്വാസങ്ങളുയർത്തിയവരെ തിരുത്താനും സത്യം ബോധ്യപ്പെടുത്താനും അന്നത്തെ പണ്ഡിതർ പരിശ്രമം നടത്തി. ഗ്രന്ഥങ്ങൾ രചിച്ചും സംവാദങ്ങളും ഖണ്ഡനങ്ങളും ബോധവത്കരണവും നടത്തിയും ബിദ്അത്തിനെ പിടിച്ചുകെട്ടി. തൽഫലമായി ഭൗതിക രാഷ്ട്രീയ പിന്തുണയുണ്ടായ ഘട്ടങ്ങളിൽ പോലും പുത്തൻവാദികൾക്ക് പിടിച്ചുനിൽക്കാനായില്ല. സത്യത്തെ പ്രചരിപ്പിക്കുന്നവർ ത്യാഗവും പീഡനവും സഹിച്ചും കർത്തവ്യ നിർവഹണം തുടർന്നു.
ശൈഖ് ജീലാനി(റ) ഇൽമും തർബിയത്തും യോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണു നേടിയത്. ഇസ്‌ലാമികാദർശത്തിന്റെയും പൈതൃകത്തിന്റെയും ചൈതന്യം ചോരാതെ അവ അദ്ദേഹത്തിനു നേടാനായി. ഭരണകൂടത്തിന്റെ വീഴ്ചകളും അലംഭാവവും സമൂഹത്തിൽ പടർന്നുകൊണ്ടിരുന്ന ജീർണസംസ്‌കാരവും വികലവാദികളുടെ ആദർശ വ്യതിയാന പ്രവർത്തനങ്ങളും സങ്കരമായി ചേർന്ന ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു മഹാന്റെ പ്രബോധനം. ആദർശവും സംസ്‌കാരവും സംരക്ഷിക്കുകയും വിരുദ്ധ പ്രചാരണങ്ങളെ തിരുത്തുകയും അവയിലെ അബദ്ധങ്ങൾ പുറത്തുകാണിക്കുകയും ചെയ്തു. ആത്മീയോപദേശങ്ങളും ആദർശ പാഠങ്ങളും ധാരാളമാളുകളിൽ പരിവർത്തനമുണ്ടാക്കി. അങ്ങനെ വിജയകരമായ ഒരു പ്രബോധന ഘട്ടം മഹാനവർകൾ ചരിത്രത്തിന് സമ്മാനിച്ചു. അതിന്റെ നിരന്തരമായ തുടർച്ചക്ക് സഹായകമായ ഒരു സരണിയും അദ്ദേഹത്തിന്റെ പേരിൽ നിലവിൽ വന്നു.
അദ്ദേഹത്തിന്റെ പ്രഭാഷണസമാഹാരങ്ങളായ അൽ ഫത്ഹുർറബ്ബാനി, ഫുതൂഹുൽ ഗൈബ് ഗ്രന്ഥങ്ങളിൽ പെട്ട അൽഗുൻയത് എന്നിവയിൽ ബിദ്അത്തിനെതിരെയുള്ള ഉപദേശങ്ങൾ കാണാം. ബിദ്അത്തിനും ബിദഇകൾക്കുമെതിരെ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടും വിശദീകരിച്ചിട്ടുണ്ട്: ‘നിങ്ങൾ മുമ്പുള്ളതിനെ അനുധാവനം ചെയ്യുക. പുതിയത് നിർമിക്കരുത്. അനുസരിക്കേണ്ടവരെ അനുസരിക്കുക, പുറത്തു പോകരുത്. നിങ്ങൾ തൗഹീദിൽ അടിയുറച്ച് നിൽക്കുക, ശിർക്ക് ചെയ്യരുത് (ഫുതൂഹുൽ ഗൈബ്).
‘മോനേ, നീ ദുഷ്ട സ്വഭാവികളോടു സഹവസിച്ചാൽ, നല്ലവരായ ആളുകളെക്കുറിച്ച് അവർ നിന്നെ തെറ്റിദ്ധാരണയിലാക്കും. അല്ലാഹുവിന്റെ കിതാബിന്റെയും നബി(സ്വ)യുടെ സുന്നത്തിന്റെയും തണലിലായി നീ സഞ്ചരിക്കുക. എങ്കിൽ നീ വിജയിക്കും’ (അൽഫത്ഹുർറബ്ബാനി).
ബിദ്അത്തിന്റെ ഗുരുതരാവസ്ഥ തിരു നബി(സ്വ) പഠിപ്പിച്ചതാണ്. പൂർവികരായ മാഹാത്മാക്കൾ അതിന്റെ ഗൗരവം സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ബിദ്അത്തിനെതിരെയുള്ള നബി(സ്വ)യുടെ പരാമർശത്തെ ദുരുപയോഗം ചെയ്യുന്നവരെക്കുറിച്ചും മുൻഗാമികൾ ഓർമപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ സ്വഹാബിവര്യൻ ഹുദൈഫതുൽ യമാനീ(റ) പറയുന്നു: ‘നിങ്ങൾ പിന്തുടരുക, പുതിയത് നിർമിക്കരുത്. എങ്കിൽ നിങ്ങൾക്കതു മതി. അതിന് നിങ്ങൾ ഞങ്ങളുടെ (സ്വഹാബത്തിന്റെ) വഴിയും വചനങ്ങളും പിന്തുടരുക. അപ്പോൾ നിങ്ങൾ വിജയത്തിൽ വളരെയേറെ മുൻകടന്നവരായിത്തീരും. ഈ നിർദേശം തെറ്റിക്കുന്നുവെങ്കിൽ നിങ്ങൾ വളരെ ഗുരുതരമായ വഴികേടിലകപ്പെടും (ഇബ്‌നുബത്വ).
താബിഈ പ്രമുഖനായ ഹസൻ ബസ്വരി(റ) പറയുന്നു: ‘നിങ്ങൾ മുഹാജിറുകളായ സ്വഹാബികളുടെ മഹത്ത്വം മനസ്സിലാക്കി അവരുടെ മാർഗത്തെ പിന്തുടരുക. പിൽക്കാലത്ത് ചിലയാളുകൾ മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കിയവയിൽ നിങ്ങളകപ്പെടരുത്. കാരണം അതെല്ലാം നാശമാണ് (കിതാബുസ്സുഹ്ദ്). താബിഉകൾക്ക് ശേഷം ഉമറുബ്‌നുൽ അബ്ദിൽ അസീസ്(റ)നെ പോലുള്ള മഹാൻമാരും ഇബ്‌നുതൈമിയ പോലും ഇതേ ആശയം വ്യക്തമാക്കിയതു കാണാം.
ഖുർആനും സുന്നത്തും എന്ന് പുറമെ പറഞ്ഞ് സ്വന്തമായി മതത്തിൽ കൂടിച്ചേർക്കലും വെട്ടിത്തിരുത്തലും നടത്തുന്ന ബിദ്അത്തിനെക്കുറിച്ച് കൂടി ഇതിൽ മുന്നറിയിപ്പുണ്ട്. സ്വഹാബത്തിന് പൊതുവെയും ഖുലഫാഉർറാശിദുകൾക്ക് പ്രത്യേകമായും നബി(സ്വ) കൽപ്പിച്ചു നൽകിയിട്ടുള്ള പ്രാമാണികത നിരാകരിക്കുന്നവരാണ് പൊതുവെ ബിദ്അത്തുകാർ എന്നു കാണാം. അല്ലാമാ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി(റ) അൽഫർഖു ബൈനൽ ഫിറഖ് എന്ന ഗ്രന്ഥത്തിൽ ഇതു വിശദമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്.
സ്വഹാബത്തിന്റെ മഹത്ത്വവും അവരുടെ മാതൃകായോഗ്യതയും അനുകരണീയതയും ശൈഖ് ജീലാനി(റ) ഗുൻയതിൽ വിവരിക്കുന്നുണ്ട്. നബി(സ്വ)യുടെ സമുദായം 73 വിഭാഗമായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമാണ് വിജയികളെന്നും പറഞ്ഞ ശേഷം ചോദ്യത്തിനുത്തരമായി പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഏതൊന്നിലാണോ, അതുപോലെയുള്ളവരാണവർ.’ പരാജിതരാവുന്നവരിൽ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നവർ ആരാണെന്നും അവിടുന്ന് പറയുകയുണ്ടായി. ‘എന്റെ സമുദായത്തിൽ വലിയ കുഴപ്പം വരുത്തുന്നവർ, സ്വന്തം അഭിപ്രായത്തിനനുസരിച്ച് കാര്യങ്ങളെ തുലനം ചെയ്ത്, നിഷിദ്ധമായത് അനുവദനീയമാക്കുകയും അനുവദനീയമായത് നിഷിദ്ധമാക്കുകയും ചെയ്യുന്നവരാണ്.’
ഈ ആശയമുള്ള ഹദീസുകളുദ്ധരിച്ച ശേഷം ശൈഖ് ജീലാനി(റ) പറയുന്നു: ‘തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയ ഈ ഭിന്നിപ്പ് അവിടുത്തെ കാലത്തോ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി(റ) എന്നിവരുടെ കാലത്തോ ഉണ്ടായിട്ടില്ല. പിന്നീട് കൊല്ലങ്ങൾക്ക് ശേഷം സ്വഹാബത്തിന്റെയും താബിഉകളുടെയും മദീനയിലെ ഫുഖഹാക്കളുടെയും ഓരോ നാട്ടിലെയും ആദർശ ശാലികളായ പണ്ഡിതരുടെയും കർമശാസ്ത്ര വിശാരദന്മാരുടെയും നൂറ്റാണ്ടുകളൊന്നൊന്നായി കഴിഞ്ഞതിന് ശേഷമാണിവിടെ ഉടലെടുത്തിട്ടുള്ളത്’ (ഗുൻയത്).
സ്വഹാബത്തിന്റെ പ്രാമാണികത സ്ഥിരപ്പെടുത്തിയും മതത്തിൽ പുതിയ നിയമങ്ങൾ കടത്തിക്കൂട്ടുന്നവരുടെ അരങ്ങേറ്റം ഉണ്ടാവുമെന്ന അറിയിപ്പും വിശ്വാസികൾക്ക് മോചനത്തിന്റെയും രക്ഷയുടെയും മാർഗം കാണിച്ചുതരുന്നതാണ്. അഹ്‌ലുസ്സുന്ന എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുന്നത്തും ജമാഅത്തും പിന്തുടരുന്നവരാണ് യഥാർത്ഥ വിജയികൾ. കാരണം, ഉപരിവചനങ്ങളിൽ പരാമർശിക്കപ്പെട്ട പോലെ പുതിയത് നിർമിക്കുന്നതിനും ഉള്ളതു വെട്ടിച്ചുരുക്കുന്നതിനും അവർ തയ്യാറായിട്ടില്ല. പൂർവികരെ പിന്തുടരുകയായിരുന്നു അവർ.
ഖുലഫാഉർറാശിദുകളെ പിന്തുടരാൻ പ്രത്യേക നിർദേശം നൽകുന്ന ഹദീസ് ഇർബാളുബ്‌നു സാരിയ(റ)ൽ നിന്നും ഉദ്ധരിച്ചു കാണാം. അഭിപ്രായ വ്യത്യാസങ്ങളും മതത്തിൽ തർക്കങ്ങളുമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ടതെന്താണെന്ന് അതിൽ പഠിപ്പിച്ചു നബി(സ്വ): ‘നിങ്ങൾ എന്റെ ചര്യയെയും എനിക്കു ശേഷം വരുന്ന ഖുലഫാഉർറാശിദുകളുടെ ചര്യയും മുറുകെ പിടിക്കുക. അതു നിങ്ങൾ അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കുക. മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക’ (തിർമുദി).
ശൈഖ് ജീലാനി(റ) പറയുന്നു: ‘സമർത്ഥനും ബുദ്ധിമാനുമായ വിശ്വാസിക്ക് കരണീയം നിർമിച്ചുണ്ടാക്കലല്ല, അതിരുകടന്നതും അനാവശ്യമായതും ചെയ്യലുമല്ല. കാരണം, അതെല്ലാം മാർഗഭ്രംശം സംഭവിച്ച് നശിക്കാനിടവരുത്തും’ (ഗുൻയത്).
ശൈഖ് തുടരുന്നു: ‘അതിനാൽ സത്യവിശ്വാസിക്ക് സുന്നത്തും ജമാഅത്തും അനുധാവനം ചെയ്യൽ അനിവാര്യമാണ്. സുന്നത്ത് എന്നാൽ നബിചര്യയും ജമാഅത്ത് എന്നാൽ സച്ചരിതരായ ഇമാമുകളായ നാലു ഖുലഫാഉർറാശിദുകളുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികൾ ഏകോപിച്ച കാര്യങ്ങളുമാണ്.’
ബിദഇകൾക്ക് സലാം പറയുകയോ അവരുമായി കൂടി പെരുമാറുകയോ ചെയ്യരുത് എന്ന കണിശ നിലപാട് ശൈഖിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതിനദ്ദേഹം പറയുന്ന കാരണങ്ങളിലൊന്ന് ഇതാണ്: ‘നമ്മുടെ ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറയുന്നു: ഒരാൾ ബിദ്അത്തുകാരനോട് സലാം പറയുന്നുവെങ്കിൽ, അവൻ അവനെ പ്രിയം വെക്കുന്നുവെന്നാണർത്ഥം’ (ഗുൻയത്). തുടർന്ന് ബിദ്അത്തുകാരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുന്ന ഹദീസുകളും മഹദ്വചനങ്ങളും ഉദ്ധരിച്ച് വിശദമാക്കുകയും ചെയ്യുന്നു ശൈഖ്(റ).
നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും മതത്തിൽ പുതിയത് നിർമിച്ചുണ്ടാക്കുകയോ നിർമിക്കുന്നവനെ സംരക്ഷിക്കുകയോ ചെയ്താൽ, അവനുമേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടാകും. അവനിൽ നിന്നും നിർബന്ധമോ സുന്നത്തോ ആയ ഒരു കർമവും സ്വീകരിക്കപ്പെടുന്നതുമല്ല’ (അബൂദാവൂദ്, ഗുൻയത്).
ഓരോ കാരണം പറഞ്ഞ് അഹ്‌ലുസ്സുന്നക്കെതിരെ വ്യത്യസ്ത ആക്ഷേപ നാമങ്ങൾ പ്രയോഗിക്കുന്ന പുത്തൻവാദികളുടെ ശൈലിയെക്കുറിച്ച് ഇങ്ങനെ: അഹ്‌ലുസ്സുന്നയോടുള്ള അടങ്ങാത്ത പകയുടെ കാരണം കൊണ്ടാണവർ ആക്ഷേപിച്ച് വിളിക്കുന്നത്. നബി(സ്വ)യെക്കുറിച്ച് മക്കയിലെ അവിശ്വാസികൾ ഓരോ കാരണം പറഞ്ഞ് മാരണക്കാരൻ, കവി, ഭ്രാന്തൻ, ആഭിചാരക്കാരൻ, കുഴപ്പത്തിൽ പെട്ടവൻ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച പോലെയാണിത്. തിരുനബി(സ്വ) അതൊന്നുമല്ലായിരുന്നുവല്ലോ. ഇതുപോലെ, അഹ്‌ലുസ്സുന്നയും ഈ ആരോപിത കാര്യങ്ങളിൽ നിന്നു മുക്തമാണ് (ഗുൻയത്).
നബി(സ്വ) മുന്നറിയിപ്പ് നൽകിയതിനെ അന്വർത്ഥമാക്കി പ്രത്യക്ഷപ്പെട്ട പിഴച്ച 72 വിഭാഗങ്ങളെയും അഹ്‌ലുസ്സുന്നയോട് അവർ എതിരാകുന്ന കാര്യങ്ങളും ശൈഖ്(റ) വിശദീകരിക്കുന്നുണ്ട്.
ശൈഖവർകളെ വിമർശിക്കുന്നവർ നമുക്കിടയിലുണ്ട്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ചാണ് വിമർശകർ രംഗത്തെത്തിയിട്ടുള്ളത്. ശൈഖ് അദ്വൈത സിദ്ധാന്തത്തിന്റെ വക്താവായിരുന്നുവെന്നും ശ്രീ ശങ്കരാചാര്യരാണ് ആ വിഷയത്തിൽ അദ്ദേഹത്തിന്റെ ഗുരുവെന്നുവരെ മൗലവിമാരെഴുതി. അൽമനാർ 1980 ജൂലൈ ലക്കം ഒരു വിശ്വാസിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വിഷലിപ്തമാണ്. ശൈഖ് ജീലാനിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്കെതിരെയും ഇത്തരം ആക്രോശങ്ങളുണ്ടാകുന്നതിൽ അത്ഭുതമില്ലല്ലോ.
ശൈഖ് ജീലാനി(റ)യെ അഹ്‌ലുസ്സുന്ന ബഹുമാനിക്കുന്നു എന്നതിന്റെ പേരിലാണ് ഇത്. മഹാന്റെ ജീവിതവും ദർശനവും അവിടുന്ന് പഠിപ്പിച്ച ദുആകളും സ്വലാത്തുകളും വിർദുകളും ഹിസ്ബുകളുമെല്ലാം താനാരായിരുന്നുവെന്നു മനസ്സിലാക്കിത്തരുന്നതാണ്. വഹ്ദത്തുൽ വുജൂദ് വിശ്വസിക്കുന്ന ഒരാൾക്ക് പ്രാർത്ഥിക്കാനായി ഒരവലംബവുമുണ്ടാവില്ല. കാരണം താൻ തന്നെയും ദൈവമാണെന്നാണല്ലോ അത്തരമൊരാളുടെ നിലപാട്. എന്നാൽ ശൈഖവർകളുടെ പ്രാർത്ഥനകൾ മാത്രം നോക്കിയാൽ മുജാഹിദുകളുടെ ആരോപണത്തിന്റെ പൊള്ളത്തരം ബോധ്യമാവും.
യഥാർത്ഥത്തിൽ മൗലവിമാരുടെ ചരിത്രബോധത്തിന്റെ കുറവ് കൊണ്ട് സംഭവിച്ച അബദ്ധമാണിത്. കാരണം മുഹ്‌യുദ്ദീനുബ്‌നു അറബി(റ)യെക്കുറിച്ച് വഹ്ദത്തുൽ വുജൂദ് സംബന്ധിച്ച ഒരാരോപണമുണ്ടായിരുന്നു. മുഹ്‌യുദ്ദീൻ എന്നു കേട്ടപ്പോൾ ഇത് സുന്നികൾക്കെതിരെ, മുഹ്‌യിദ്ദീൻ മാലയും ഖുത്ബിയത്തും റാത്തീബും ചൊല്ലുന്നവർക്കെതിരെ ഒരായുധമാക്കാം എന്നു നിനച്ച് എടുത്തുചാടിയതാണ്. മുഹ്‌യുദ്ദീനുബ്‌നു അറബിയും മുഹ്‌യിദ്ദീൻ ശൈഖും രണ്ടാണെന്ന ചരിത്ര ജ്ഞാനം പോലും അവർക്കില്ലാതായി പോയി. (ഇബ്‌നു അറബിയും പിഴച്ച വഹ്ദത്തു ഉജൂദ് വിശ്വസിച്ചിരുന്നില്ലെന്നതു വേറെ കാര്യം.)
എന്നാൽ മുസ്‌ലിം ലോകത്ത് ശൈഖ് ജീലാനി(റ)നെ തള്ളിപ്പറയുന്ന രീതിയല്ല ഉള്ളത്. ശൈഖവർകളുടെ ആദർശവും നിലപാടും പ്രത്യക്ഷത്തിൽ തന്നെ തങ്ങൾക്കനുകൂലമല്ല എന്നു ബിദഇകൾക്കറിയാം. അതിനാൽ ചിലതൊക്കെ നിഷേധിക്കുകയും ചിലതിനെക്കുറിച്ച് ശൈഖവർകളുടെ ബിദ്അത്ത് പ്രചാരണമായി ചാർത്തുകയും ചെയ്യുന്നു. അതേ സമയം തന്നെ ശൈഖിന് മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കാനും ചിലർ മറക്കുന്നില്ല. ബിദ്അത്തിനെക്കുറിച്ച് വന്ന ഹദീസുകൾ ഉയർത്തിക്കാണിച്ച് മുസ്‌ലിംകളെ നരകത്തിലേക്കു തള്ളുന്നവർ പക്ഷേ, ശൈഖവർകളെ നരകത്തിനേൽപ്പിക്കാത്തത് ഭാഗ്യമായി കരുതുന്നു.
ശൈഖിന്റെ അഖീദയും നിലപാടും എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുപകരിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം. യാത്രയുടെ ചിട്ടകൾ വിവരിക്കുന്ന ഭാഗത്ത് ശൈഖ്(റ) പറയുന്നു: ‘ഹജ്ജ്, നബി(സ്വ)യെ സിയാറത്ത് ചെയ്യൽ, ഏതെങ്കിലും ശൈഖിനെയോ ശ്രേഷ്ഠകരമായ സ്ഥലങ്ങളിലേക്കോ ആയിരിക്കണം യാത്ര പോകുന്നത്. അത് ത്വാഅത് (ആരാധന)യാണ് (ഗുൻയത് 1/81). സിയാറത്ത് യാത്ര നബി(സ്വ)യുടെ സവിധത്തിലേക്കാണെങ്കിലും ഇബാദത്താണെന്ന് ഇത് വ്യക്തമാക്കുന്നു.
ഹജ്ജ് യാത്രയിലോ അല്ലാതെയോ മദീനയിലെത്താൻ ഭാഗ്യമുണ്ടായവർ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരിടത്ത് വിവരിക്കുന്നു: അല്ലാഹു ആരോഗ്യം തന്നനുഗ്രഹിച്ച് മദീനയിൽ ഒരാൾ എത്തിയാൽ അവന് സുന്നത്തായ ക്രമം ഇതാണ്; സ്വലാത്തും നിശ്ചിത ദിക്‌റും ചൊല്ലി പള്ളിയിൽ പ്രവേശിക്കുക. ശേഷം ഖബ്‌റുശ്ശരീഫിനടുത്തുചെന്ന് ഖിബ്‌ലയുടെ ദിശയിലേക്കു പിൻതിരിഞ്ഞു ഖബ്‌റിനു നേർക്കു നിൽക്കുക. നബി മിമ്പർ ഇടതുവശത്തു വരണം. എന്നിട്ട് സലാമും നിശ്ചിത ദുആയും നിർവഹിക്കുക. ശേഷം അബൂബക്കർ(റ)നും ഉമർ(റ)നും സലാം ചൊല്ലുക. ശേഷം ഖബ്‌റിന്റെയും മിമ്പറിന്റെയും ഇടയിലായി റൗളയിൽ വെച്ചു രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കരിക്കുക. മിമ്പറിൽ ബറകത്തിനായി തടവുക. പിന്നീട് മസ്ജിദ് ഖുബാഇൽ നിസ്‌കരിക്കുക. ശുഹദാക്കളുടെ ഖബറിങ്ങൽ ചെന്ന് സിയാറത്ത് ചെയ്യുക. അവിടെ കുറേയധികം പ്രാർത്ഥിക്കുക. മദീനയിൽ നിന്ന് വിട പറയുമ്പോൾ അല്ലാഹുവേ, നിന്റെ നബിയുടെ ഈ ഖബ്‌റ് സിയാറത്ത് എന്റെ അവസാനത്തേതാക്കല്ലേ എന്നു തുടങ്ങുന്ന ദുആ ചെയ്യുക (ഗുൻയത് 1/38-40).
ഇതിൽ പുത്തൻവാദികൾ ശിർക്കും ബിദ്അത്തുമാക്കുന്ന കാര്യങ്ങൾ വരെ അടങ്ങിയിരിക്കുന്നുവെന്നത് വ്യക്തമാണല്ലോ. നബി(സ്വ)യെ കൊണ്ട് തവസ്സുൽ ചെയ്യൽ, റസൂലിന്റെ ഹഖ് കൊണ്ട് ചോദിക്കൽ, തിരു മിമ്പർ തൊട്ട് ബറകത്തെടുക്കൽ, നബി(സ്വ)യുടെ ശഫാഅത്ത് ചോദിക്കൽ തുടങ്ങിയവയാണവ.
റജബ്, ശഅ്ബാൻ മാസങ്ങളിൽ നോമ്പും പ്രാർത്ഥനയും മറ്റു പുണ്യകർമങ്ങളും അധികരിപ്പിക്കാൻ ശൈഖ് നിർദേശിക്കുന്നു. ഇതുസംബന്ധമായി രണ്ടു ഭാഗങ്ങൾ തന്നെ ഗുൻയയിലുണ്ട്. ലൈലത്തുൽ ബറാഅത്തും മിഅ്‌റാജ് ദിനവും രാവും റജബ് ആദ്യത്തിലെ പ്രാർത്ഥനയും മഹത്ത്വമുള്ള രാത്രികളുടെ വിവരണവും പോലുള്ളവ ഈ ഭാഗത്ത് കാണാം.
ഖാദിരിയ്യ ത്വരീഖത്തിന്റെ ചടങ്ങുകളും വിർദുകളും ശൈഖവർകൾ പഠിപ്പിച്ച സ്വലാത്ത്, ദുആ വചനങ്ങളും ശൈഖ്(റ) എന്തു വിശ്വാസക്കാരനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. തവസ്സുലും ബറകത്തെടുക്കലും ശഫാഅത്ത് ചോദിക്കലുമെല്ലാം അവയിൽ ധാരാളമായി കാണാം. തന്നെ തവസ്സുലാക്കി ദുആ ചെയ്യുന്നതിനും ശൈഖാക്കി പിന്തുടരുന്നതിനും പല സ്ഥലങ്ങളിലായി നിർദേശിക്കുന്നു. അതിനാൽ ലഭ്യമാവുന്ന ഗുണവും മഹത്ത്വവും വിവരിക്കുന്നു. തന്റെ ബൈത്തുകളിൽ അദ്ദേഹം പ്രാപിച്ച പദവിയും വിജയവും വിവരിക്കുന്നു.
മന്ത്രത്തെക്കുറിച്ചും മന്ത്രിച്ചൂതുന്നതിനെക്കുറിച്ചും ശൈഖ്(റ) പറയുന്നു: ഖുർആൻ കൊണ്ട് കാവൽ തേടൽ അനുവദനീയമാണ്. ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ അസ്മാഉകൾ കൊണ്ടും മന്ത്രിക്കലും അനുവദനീയം. പനി പിടിച്ചവന് നിശ്ചിത ദിക്ർ എഴുതി കെട്ടിക്കൊടുക്കാം. പ്രസവത്തിന് പ്രയാസം നേരിടുമ്പോൾ നിശ്ചിത വചനങ്ങൾ എഴുതി അതുകൊണ്ട് കുളിപ്പിക്കുകയും അതിൽ നിന്നു കുടിപ്പിക്കുകയും ചെയ്യാം. ക്ഷുദ്രജീവികളിൽ നിന്നും പ്രാണികളിൽ നിന്നും കാവലിന് മന്ത്രിക്കാം (ഗുൻയത് 1/92-94). ബിദ്അത്തുകാരും അഹ്‌ലുസ്സുന്നയും തർക്കത്തിലിരിക്കുന്ന മറ്റാദർശങ്ങളിലും ശൈഖിന്റെ നിലപാട് ഇപ്രകാരം തന്നെയായിരുന്നു.
അല്ലാഹുവിലുള്ള വിശ്വാസത്തിലും ഖദ്ർ വിശ്വാസത്തിലും ഉന്നയിക്കപ്പെട്ട വികല വാദങ്ങളെയും വാദികളെയും ശൈഖ്(റ) തിരുത്താൻ യത്‌നിച്ചു. സുപ്രസിദ്ധ ഹദീസ് പണ്ഡിതൻ അബുൽ ഫള്‌ലിൽ നിന്ന് ഇബ്‌നു ഹജറിൽ അസ്ഖലാനി ഉദ്ധരിക്കുന്നു: ‘ഞാൻ മദ്‌റസത്തുന്നിളാമിയ്യയിലായിരിക്കുമ്പോൾ, അവിടെ ധാരാളം പണ്ഡിതന്മാരും മുരീദുമാരും ഉണ്ടായിരുന്നു. ശൈഖ്(റ) ഖളാഇനെയും ഖദ്‌റിനെയും കുറിച്ചാണ് ക്ലാസെടുത്തു കൊണ്ടിരുന്നത്. അപ്പോൾ മടിയിലേക്ക് ഒരു വലിയ സർപ്പം വന്നുവീണു. അതുകണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഓടി. ശൈഖവർകൾ പ്രത്യേകമായ അനക്കമൊന്നുമില്ലാതെ അവിടെതന്നെ ഇരുന്നു. സർപ്പം അദ്ദേഹത്തിന്റെ വസ്ത്രത്തിനുള്ളിൽ കടന്ന് ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു. ശേഷം, കഴുത്തിന്റെ ഭാഗത്തുകൂടി പുറത്തുവന്നു പിരടിയിൽ നിവർന്നുനിന്നു. ശൈഖവർകൾക്ക് അപ്പോഴും ഒരു ഭാവപ്പകർച്ചയുമുണ്ടായില്ല. പിന്നെ പാമ്പ് താഴെയിറങ്ങി. വാൽ നിലത്തുകുത്തി ശൈഖവർകളുടെ മുന്നിൽ നിന്നു എന്തോ ശബ്ദം പുറപ്പെടുവിച്ച് പോയ്മറഞ്ഞു. അപ്പോൾ ഓടിപ്പോയവരൊക്കെ തിരിച്ചുവന്നു. പാമ്പ് എന്താണ് പറഞ്ഞതെന്ന് അവർ ചോദിച്ചു. ശൈഖ് പറഞ്ഞു: പാമ്പ് പറഞ്ഞത്, ഞാൻ കുറെ ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളെപ്പോലെ സ്ഥൈര്യം കാണിച്ചവരെ എനിക്ക് കാണാനായിട്ടില്ല എന്നാണ്. ഞാനതിനോടിങ്ങനെ പ്രതികരിച്ചു: നീ എന്റെ മേൽ വീണത് ഞാൻ ഖളാഇനെയും ഖദ്‌റിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ്. അല്ലാഹുവിന്റെ വിധിയാൽ ചലിക്കുന്നതും നിശ്ചലമാകുന്നതുമായ ചെറുജീവിയല്ലേ നീ. അതിനാൽ ഞാനെന്റെ ജോലി തുടരാൻ തീരുമാനിച്ചു (ഗിബ്ത്വത്തുന്നാളിർ/34).
ശൈഖവർകളുടെ ദൃഢവിശ്വാസവും കൃത്യവും കണിശവുമായ ആദർശ ജീവിതവും നമുക്ക് പാഠമാണ്. അദ്ദേഹത്തിന്റെ ആദർശവും സരണിയും ഇസ്‌ലാമിക പ്രബോധനത്തിനും സമൂഹത്തിന്റെ സംസ്‌കരണത്തിനും എന്നും ഉപയുക്തവും.

ഇസ് ലാം വിമർശനങ്ങൾക്ക് മറുപടി നബി യുടെ വിവാഹങ്ങളിലെ ക്രൈസ്തവാരോപണങ്ങൾ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




ഇസ് ലാം വിമർശനങ്ങൾക്ക് മറുപടി

നബി യുടെ
വിവാഹങ്ങളിലെ ക്രൈസ്തവാരോപണങ്ങൾ


ആധുനിക ജൂത ക്രൈസ്തവർ നബി(സ്വ)യുടെ വ്യക്തിത്വത്തെ വിമർശിക്കുമ്പോൾ ആയുധമാക്കാറുള്ള വിഷയമാണ് പ്രവാചകരുടെ വിവാഹങ്ങൾ. സാധാരണ ഒരു മുസ്‌ലിമിന് ഒരേ സമയം നാല് ഭാര്യമാരെ മാത്രമേ സ്വീകരിക്കാവൂ എന്ന നിയമം നിലനിൽക്കുകയും അതേസമയം മുഹമ്മദ് നബി(സ്വ) നാലിലധികം ഭാര്യമാരെ സ്വീകരിക്കുകയും ചെയ്തത് മഹാ അപരാധമാണെന്നാണ് വിമർശകരുടെ വാദം. ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങളെക്കുറിച്ചും നബി(സ്വ)യുടെ വിവാഹങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമായി പഠിക്കുന്ന ഏതൊരാൾക്കും ഈ വിമർശനം തീർത്തും ബാലിശമാണെന്നു മനസ്സിലാക്കാനാവും.
ഇസ്‌ലാമിനു മുമ്പ് യഥേഷ്ടം പെണ്ണ് കെട്ടുകയും തോന്നിയതുപോലെ പിരിച്ചയക്കുകയും ഭാര്യമാർക്കിടയിൽ നീതി പുലർത്താതിരിക്കുകയും ചെയ്തിരുന്ന സമ്പ്രദായം ഇസ്‌ലാം നിയന്ത്രിക്കുകയാണ് ചെയ്തത്. പരമാവധി നാലു മാത്രമെന്ന നിയമം ഇതിന്റെ ഭാഗമായുണ്ടായതാണ്.

ഖുർആൻ പറയുന്നു: ‘അനാഥകളുടെ കാര്യത്തിൽ നീതി പാലിക്കാനാവില്ലെന്നു നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ മറ്റു സ്ത്രീകളിൽ നിന്ന് നിങ്ങളിഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാൽ അവർക്കിടയിൽ നീതി പുലർത്താനാവില്ലെന്ന് പേടിയുണ്ടെങ്കിൽ ഒരുവളെ മാത്രം വിവാഹം കഴിക്കുക’ (സൂറ: അന്നിസാഅ്: 3) ഈ വചനം അവതരിക്കുന്ന സമയത്ത് പ്രവാചകർ(സ്വ)യടക്കം പലർക്കും നാലിലധികം ഭാര്യമാരുണ്ടായിരുന്നു. ഇങ്ങനെയുള്ളവർ നാലു പേരെ
നിലനിർത്തി ബാക്കിയുള്ളവരെ വിവാഹമോചനം നടത്തി. എന്നാൽ, നബി(സ്വ) അപ്രകാരം നാലു പേരെ ഭാര്യയായി നിലനിർത്തുകയും ബാക്കിയുള്ളവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ ഒഴിവാക്കപ്പെടുന്നവർക്ക് മറ്റൊരാളുമായി വൈവാഹിക ബന്ധത്തിലേർപ്പെടാൻ സാധിക്കുമായിരുന്നില്ല. കാരണം, തിരുനബി(സ്വ)യുടെ പത്‌നിമാരെ വിശ്വാസികളുടെ ആത്മീയ മാതാക്കളായാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഉമ്മമാരെ മക്കൾക്ക് വിവാഹത്തിനു പറ്റില്ലല്ലോ?
അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികൾക്ക് അവരുടെ ദേഹത്തെക്കാളും ബന്ധപ്പെട്ട ആളാണ് നബി. അവിടുത്തെ ഭാര്യമാർ അവരുടെ  മാതാക്കളുമാകുന്നു.'(സൂറത്തുൽ അഹ്‌സാബ്: 6).
നബി(സ്വ) നാലിലധികം വരുന്ന ഭാര്യമാരെ വിവാഹമോചനം നടത്തിയിരുന്നെങ്കിൽ അവർ നിത്യവൈധവ്യം അനുഭവിക്കേണ്ടി വരുമായിരുന്നു.

മറ്റു പ്രവാചകന്മാരെക്കാൾ ധാരാളം പ്രത്യേകതകൾ അല്ലാഹു തിരുനബി(സ്വ)ക്ക് നൽകിയിട്ടുണ്ട്. പ്രവാചകത്വ ശൃംഖല അവസാനിക്കൽ, നബി(സ്വ)യുടെ ശരീഅത്ത് അന്ത്യനാൾ വരെ നിലനിൽക്കൽ, ലോക ജനതക്ക് മുഴുവൻ പ്രവാചകനാവുക തുടങ്ങിയവ അതിൽ പെട്ടതാണ്. അനുചരന്മാർക്ക് നിർബന്ധമില്ലാത്ത തഹജ്ജുദ് നിസ്‌കാരം, വിത്‌റ് നിസ്‌കാരം തുടങ്ങിയവ റസൂൽ(സ്വ)ക്ക് നിർബന്ധമായിരുന്നു. അനുചരന്മാർക്ക് നിഷിദ്ധമല്ലാത്ത ഗ്രന്ഥരചന, കവിത രചന, സകാത്ത് വാങ്ങൽ തുടങ്ങിയവ നബി(സ്വ)ക്ക് പാടില്ല. അനുചരന്മാർക്ക് അനുവദനീയമല്ലാത്ത നാലിലധികം ഭാര്യമാരെ സ്വീകരിക്കുക എന്നതും ഇപ്രകാരം തന്നെയായിരുന്നു.
കുടുംബ ജീവിതം, ദാമ്പത്യം, സന്താന പരിചരണം പോലുള്ള രംഗങ്ങളിലെ നിരവധി മത നിയമങ്ങൾ ലോകത്തിനു പഠിപ്പിക്കാനും ഹദീസുകൾ നിവേദനം ചെയ്യുന്നതിനും സ്വിദ്ദീഖ്(റ), ഉമർ(റ) പോലുള്ള മഹാത്മാക്കളുമായുള്ള ദൃഢബന്ധം ഊട്ടിയുറപ്പിക്കാനുമൊക്കെ നബി(സ്വ)യുടെ വിവാഹങ്ങൾ സഹായകമായി. പരസ്പരം രക്തം ചിന്തിയിരുന്ന ഗോത്രങ്ങളെ സമാധാനത്തിന്റെ വഴിയിൽ ഒരുമിച്ചുകൂട്ടാൻ പോലും ഇവ കാരണങ്ങളായിട്ടുണ്ട്.

ഖദീജാ ബിൻത് ഖുവൈലിദ്(റ)
നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് തന്റെ ഇരുപത്തിയഞ്ചാം വയസ്സിലായിരുന്നു. യുവത്വത്തിന്റെ രക്തത്തിളപ്പുള്ള പ്രായം. പക്ഷേ, നാൽപത് വയസ്സുള്ള, മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചവരുമായ ഖദീജാ ബീവി(റ)യെയാണ് തന്റെ ആദ്യ പത്‌നിയായി പ്രവാചകർ തിരഞ്ഞെടുത്തത്. ഉന്നത കുടുംബമായ അസദ് ഗോത്രത്തിലെ ഖുവൈലിദിന്റെ മകളും സമ്പന്നയും കുലീനയുമായ പ്രമുഖ കച്ചവടക്കാരിയുമായിരുന്നു ഖദീജ(റ). സ്ത്രീകളിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചതും മഹതി തന്നെ. പ്രവാചകരുടെ അമ്പതാം വയസ്സിൽ ഖദീജാ ബീവി മരണപ്പെടുന്നതു വരെ അവിടുന്ന് മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. സൗന്ദര്യവതികളായ കന്യകമാരെ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും, ശത്രുക്കൾ ഇക്കാര്യം പറഞ്ഞു പലപ്പോഴും പ്രലോഭിപ്പിച്ചിട്ടും വിധവയായിരുന്ന ഖദീജാ ബീവിയുമായി മാത്രം ദാമ്പത്യ ജീവിതം പങ്കിട്ട മുഹമ്മദ് നബി(സ്വ) എങ്ങനെയാണ് സ്ത്രീ മോഹിയാകുന്നത്?

സൗദ ബിൻത് സംഅ(റ)
ഖദീജാ(റ)വിന്റെ വഫാത്തിന് ശേഷം നബി(സ്വ) ആദ്യമായി വിവാഹം ചെയ്തത് സൗദ(റ)യെയാണ്. മക്കയിലെ ആമിർ ഗോത്രത്തിൽ പെട്ട സംഅയുടെ മകളാണ് ഇവർ. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മക്കയിലെ മുസ്‌ലിംകൾക്ക് അവിശ്വാസികളിൽ നിന്നു നിരന്തരം പീഡനങ്ങൾ ഏൽക്കേണ്ടിവന്നപ്പോൾ വിശ്വാസികൾ അബ്‌സീനിയയിലേക്ക് പലായനം ചെയ്തു. അക്കൂട്ടത്തിൽ സക്‌റാനുബ്‌നു അംറ്(റ)യും അദ്ദേഹത്തിന്റെ പത്‌നി സൗദ(റ)യുമുണ്ടായിരുന്നു. ശത്രു പീഡനം അവസാനിച്ചുവെന്ന് ധരിച്ച് അവർ മക്കയിലേക്ക് തിരിച്ചുവന്നു. താമസിയാതെ സക്‌റാൻ മരണപ്പെട്ടു. സൗന്ദര്യം കുറഞ്ഞവളായ സൗദ തുണയില്ലാതെ വിധവയായി. പീഡനങ്ങൾ അവസാനിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ മുഹമ്മദ് നബി(സ്വ) അവരെ സ്വപത്‌നിയായി സ്വീകരിച്ചു സംരക്ഷണം നൽകി.

ആഇശാ ബിൻത് അബൂബക്കർ(റ)
നബി(സ്വ)യുടെ ഭാര്യമാരിൽ ഏക കന്യകയായിരുന്നു ആഇശാ ബീവി(റ). പുരുഷന്മാരിൽ ആദ്യമായി ഇസ്‌ലാം സ്വീകരിക്കുകയും തിരുനബി(സ്വ) തങ്ങളുടെ അടുത്ത കൂട്ടുകാരനും വിശ്വസ്തനുമായിരുന്ന അബൂബക്കർ സിദ്ദീഖ്(റ)വിന്റെ മകൾ. ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി ധാരാളം സമ്പത്ത് ചെലവഴിക്കുകയും മദീനയിലേക്ക് പലായനം ചെയ്യുമ്പോൾ നബി(സ്വ)യുടെ കൂടെയുണ്ടാവുകയും പ്രവാചകരുടെ വിയോഗത്തിന് ശേഷം ഇസ്‌ലാമിന്റെ ഒന്നാം ഖലീഫയായി മാറുകയും ചെയ്ത അബൂബക്കർ സിദ്ദീഖ്(റ)നുള്ള ഒരംഗീകാരമായിരുന്നു ആഇശാ ബീവിയുമായുള്ള നബി(സ്വ)യുടെ വിവാഹം.
വിവാഹ സമയത്തുള്ള ആഇശാ ബീവിയുടെ പ്രായത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് ആധുനിക ക്രൈസ്തവ മിഷനറിമാർ തിരുനബി(സ്വ)യെ വിമർശിക്കാറുണ്ട്. പക്ഷേ, മറ്റുപലകാരണങ്ങളാലും നബി(സ്വ)യെ വിമർശിച്ച സമകാലികരാരും ഇതൊരു പ്രശ്‌നമാക്കി ഉന്നയിച്ചിരുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്. ആഇശാ ബീവിയുടെ വിവാഹത്തെ അവർ വിമർശിക്കാതിരുന്നത് അക്കാലത്ത് അത്തരം വിവാഹങ്ങൾ സർവസാധാരണമായിരുന്നതുകൊണ്ടാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെയും പ്രായം കുറഞ്ഞ വിവാഹങ്ങൾ സാർവത്രികമായിരുന്നു. ആഇശ(റ) നബി(സ്വ)യിൽ നിന്നു രണ്ടായിരത്തി ഇരുന്നൂറ്റിപ്പത്ത് (2210) ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസുകളിലെവിടെയും റസൂൽ(സ്വ)യുമായുള്ള ദാമ്പത്യ ജീവിതത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചതായി കാണാൻ സാധിക്കുകയില്ല. പ്രവാചക ചരിത്രം രേഖപ്പെടുത്തിയ ആരും തന്നെ അങ്ങനെയൊന്ന് സൂചിപ്പിച്ചിട്ടുമില്ല. ചെറുപ്രായത്തിൽ തന്റെ മകളെ വിവാഹം ചെയ്തുകൊടുത്ത അബൂബക്കർ സിദ്ദീഖ്(റ)നും ഈ വിവാഹത്തിൽ ആത്മാഭിമാനവും സന്തോഷവുമല്ലാതെ ഒരു തരത്തിലുള്ള പ്രയാസങ്ങളുമുണ്ടായിട്ടില്ല.
നബി(സ്വ)യുടെ ഓരോ വിവാഹത്തിന്റെയും സന്ദർഭവും സാഹചര്യവും സൂക്ഷ്മമായി പഠിച്ചാൽ അവ കേവലം ലൈംഗിക താൽപര്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് സുതരാം വ്യക്തമാകുന്നതാണ്.
വധുവിനോ വരനോ വധുവിന്റെ പിതാവിനോ സമകാലിക സമൂഹത്തിനോ ഈ വിവാഹം ഒരു വിഷയമേ ആയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ഇതൊരു പ്രശ്‌നമാകുന്നത്?
ഇത്തരം ആരോപണമുന്നയിക്കുന്ന ക്രൈസ്തവ സഹോദരന്മാർ തങ്ങളുടെ ദൈവ മാതാവിന്റെ വിവാഹം നിശ്ചയിച്ചപ്പോഴുള്ള  പ്രായവും വരൻ ജോസേഫിന്റെ
പ്രായവുമൊക്കെ അന്വേഷിക്കുന്നത് നന്നായിരിക്കും. വേദപണ്ഡിതനായ ബാബുപോൾ ജോസഫിനെക്കുറിച്ച് വിവരിക്കുന്നത് നോക്കൂ: സ്വദേശം ബേത്‌ലഹേം, 40-ാം വയസ്സിൽ ആദ്യ വിവാഹം. 49 കൊല്ലം നീണ്ടു നിന്ന ആ ദാമ്പത്യത്തിൽ ആറ് മക്കൾ; നാലാണും രണ്ട് പെണ്ണും. യാക്കോബാണ് ഏറ്റവും ഇളയത്. പെൺകുട്ടികൾ വിവാഹിതർ. ആൺമക്കളിൽ രണ്ട് പേർക്ക് ആശാരിപ്പണി. യാക്കോബിന്റെ കൂടെ ആയിരുന്നു താമസം. മൂന്ന് വയസ്സ് മുതൽ ദേവാലയത്തിൽ വളർന്ന മർയം എന്ന കന്യകയ്ക്ക് അവളുടെ 12-ാം വയസ്സിൽ (14 എന്ന് ചിലർ) യഹൂദരിൽ നിന്ന് പുരോഹിതന്മാർ വരനെ തേടി. യഹൂദ്യയിലെല്ലാം വിളംബരം ഉണ്ടായി. ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു (വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270).
ഉദ്ധൃത വിശദീകരണത്തിൽ നിന്ന് ചുരുങ്ങിയത് 89 വയസ്സെങ്കിലും പ്രായമുള്ള പടുവൃദ്ധനായ യോസേഫാണ് 12 വയസ്സുള്ള കന്യാമറിയത്തെ വിവാഹം കഴിച്ചതെന്ന് വ്യക്തമാകും.
അറേബ്യയിലെ അന്നത്തെ ഏറ്റവും ബുദ്ധിമതിയായിരുന്നു ആഇശാ(റ). സമൂഹത്തിന് ലഭിക്കേണ്ട വിജ്ഞാനങ്ങൾ കൃത്യമായി തന്നെ ലഭ്യമാകാനും നബി(സ്വ)യുടെ ദാമ്പത്യ ജീവിതവും മറ്റും നിവേദനം ചെയ്യാനും ഈ ബന്ധം ഏറെ സഹായിച്ചിട്ടുണ്ട്.

ഹഫ്‌സ ബിൻത് ഉമർ(റ)
ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി മാറിയ ഉമർ(റ)യുടെ മകളാണ് ഹഫ്‌സ(റ). കുനൈസുബ്‌നു ഹുദാഫ(റ) ആയിരുന്നു ഹഫ്‌സ ബീവിയുടെ ആദ്യഭർത്താവ്. ബദ്ർ യുദ്ധത്തിലേറ്റ പരിക്കു മൂലം മദീനയിൽ വെച്ച് അദ്ദേഹം മരണപ്പെട്ടു. വിധവയായ തന്റെ മകളെ വിവാഹം ചെയ്യാൻ ഉമർ(റ) ആദ്യം ഉസ്മാൻ(റ)യെയും പിന്നീട് അബൂബക്കർ(റ)വിനെയും സമീപിച്ചിരുന്നു. പക്ഷേ, അവർ നിരസിച്ചു. ഇസ്‌ലാമിനു വേണ്ടി പടപൊരുതി ശഹീദായ ഒരാളുടെ ഭാര്യയെ പത്‌നിയായി സ്വീകരിച്ച് തിരുനബി(സ്വ) അഭയം നൽകുകയാണുണ്ടായത്. ഇത് ഉമർ(റ)നെ ഏറെ സന്തോഷിപ്പിക്കുകയും അദ്ദേഹത്തിനുള്ള ഒരംഗീകാരമാവുകയും ചെയ്തു. ഹഫ്‌സ ബീവിക്കായിരുന്നു വിശുദ്ധ ഖുർആനിന്റെ കയ്യെഴുത്തു പ്രതി സൂക്ഷിക്കാനുള്ള ഭാഗ്യം ലഭിച്ചത്.

സൈനബ ബിൻത് ഖുസൈമ
ഹിലാൽ ഗോത്രത്തിൽപ്പെട്ട ഖുസൈമയുടെ മകളാണ് സൈനബ. അബ്ദുല്ലാഹിബ്‌നു ജഹ്മ്(റ) ആയിരുന്നു മഹതിയുടെ ആദ്യഭർത്താവ്. ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹം ശഹീദായി. വിധവയായ സൈനബ(റ)യെ വിവാഹം ചെയ്ത് നബി(സ്വ) തങ്ങൾ സംരക്ഷണം നൽകി.

സൈനബ ബിൻത് ജഹ്ശ്(റ)
നബി(സ്വ)യുടെ പിതൃസഹോദരിയുടെ പുത്രിയാണ് സൈനബ്(റ). തിരുനബി(സ്വ)യുടെ വളർത്തു മകനും മുൻ അടിമയുമായിരുന്ന സൈദുബ്‌നു ഹാരിസ(റ)യായിരുന്നു ആദ്യഭർത്താവ്. ഈ ബന്ധം മുൻനിർത്തി ക്രൈസ്തവ മിഷണറിമാർ നബി(സ്വ) മകന്റെ ഭാര്യയെ വിവാഹം കഴിച്ചുവെന്ന് വിമർശിക്കാറുണ്ട്. എന്നാൽ, നബി(സ്വ) സൈനബ ബീവിയെ കല്യാണം കഴിച്ച കാലഘട്ടത്തിലെ സംസ്‌കാരവും ആ വിവാഹത്തിന് പിന്നിലെ ലക്ഷ്യവും മനസ്സിലാക്കിയാൽ ഈ വിമർശനവും ബാലിശമാണെന്ന് ബോധ്യപ്പെടുന്നതാണ്. പരിശുദ്ധ ഖുർആൻ അക്കാലത്ത് നിലവിലുണ്ടായിരുന്ന രണ്ട് അനാചാരങ്ങളെ വിമർശിക്കുന്നതായി കാണാം. ‘നിങ്ങൾ ളിഹാർ ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കിയിട്ടില്ല. നിങ്ങളുടെ ദത്തുപുത്രന്മാരെ അവൻ നിങ്ങളുടെ (യഥാർത്ഥ) പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ കൊണ്ടു പറയുന്ന വെറും വാക്കുകളാണ്. അല്ലാഹു യാഥാർത്ഥ്യം പറയുന്നു. അവൻ സന്മാർഗം കാട്ടിത്തരികയും ചെയ്യുന്നു (സൂറത്തുൽ അഹ്‌സാബ്: 4).
അറബികൾക്കിടയിൽ അന്ന് നിലവിലുണ്ടായിരുന്ന ഒരു അനാചാരമാണ് ളിഹാർ. ഒരാൾ തന്റെ ഭാര്യയോട് നീ എനിക്ക് എന്റെ മാതാവിന്റെ മുതുകുപോലെയാണ് എന്ന് പറയുന്നതിനെയാണ് ളിഹാറ് എന്ന് പറയുന്നത്. ഒരാൾ ഇപ്രകാരം തന്റെ ഭാര്യയോട് പറഞ്ഞാൽ അത് വിവാഹമോചനമായി കണക്കാക്കപ്പെടുകയും അന്ന് മുതൽ അവൾ അവന് നിഷിദ്ധമായി കരുതുകയും ചെയ്തിരുന്നു.
വളർത്തുമകനെ സ്വത്തവകാശം ഉൾപ്പെടെ എല്ലാ നിലക്കും സ്വന്തം മകനെപ്പോലെ കണക്കാക്കുന്നതായിരുന്നു രണ്ടാമത്തെ അനാചാരം. ഈ രണ്ട് അനാചാരങ്ങളും തിരുത്തുകയാണ് ഈ ഖുർആനിക വചനം.
വളർത്തുമകനെ സ്വന്തം മകനെപ്പോലെ കണക്കാക്കിയത് കൊണ്ട് വളർത്തു മകന്റെ ഭാര്യയെ വിവാഹം ചെയ്യുന്നതിനെ അറബികൾ വെറുത്തിരുന്നു. ഈ സമ്പ്രദായത്തെ തിരുത്തുക എന്നതായിരുന്നു വളർത്തുമകനായ സൈദ്(റ)ന്റെ ഭാര്യയായ സൈനബ ബീവിയെ വിവാഹം ചെയ്യുന്നതിലൂടെ നബി(സ്വ) ലക്ഷ്യമിട്ടത്.
തിരുനബി(സ്വ) തന്റെ വളർത്തുമകനു വേണ്ടി സൈനബ ബീവിയോടും കുടുംബത്തോടും വിവാഹാലോചന നടത്തിയപ്പോൾ സൗന്ദര്യം കുറഞ്ഞയാളും മുമ്പ് അടിമയുമായിരുന്ന സൈദ്(റ)വുമായുള്ള ഉന്നത തറവാട്ടുകാരിയും സൗന്ദര്യവതിയുമായ സൈനബ(റ)യുടെ വിവാഹത്തിന് അവർ വിസമ്മതിച്ചു. അപ്പോഴാണ് പരിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: ‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാൽ, സത്യവിശ്വാസിയായ പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തിൽ മറ്റൊരഭിപ്രായമുണ്ടാകാൻ പാടുള്ളതല്ല. ആരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും ധിക്കരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ വ്യക്തമായ ദുർമാർഗത്തിൽ അകപ്പെട്ടു കഴിഞ്ഞിരിക്കുന്നു’ (സൂറതുൽ അഹ്‌സാബ്: 36).
ഈ വചനം അവതരിച്ചപ്പോൾ സൈനബ ബീവി(റ) സൈദ്(റ)വുമായുള്ള വിവാഹത്തിന് സമ്മതിച്ചു. പക്ഷേ, ബീവിയുടെ സ്വഭാവവുമായി പൊരുത്തപ്പെടാതെ വന്നപ്പോൾ നബി(സ്വ)യോട് സൈദ്(റ) പരാതി പറഞ്ഞു. അപ്പോൾ നബി(സ്വ) അദ്ദേഹത്തോട് ക്ഷമിക്കാനും സൈനബ(റ)യെ ഭാര്യയായി നിലനിർത്താനും പലയാവർത്തി ഉപദേശിച്ചു. ഒരു നിലക്കും സൈനബ(റ)വുമായി പൊരുത്തപ്പെട്ട്
പോകാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോൾ സൈദ്(റ) മഹതിയെ വിവാഹമോചനം ചെയ്തു. പിന്നീട് അല്ലാഹുവിന്റെ കൽപന പ്രകാരം മുഹമ്മദ് നബി(സ്വ) സൈനബ ബീവിയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന്റെ ലക്ഷ്യമെന്താണെന്ന് അല്ലാഹു തന്നെ പരിശുദ്ധ ഖുർആനിലൂടെ പറയുന്നുണ്ട്.
അങ്ങനെ തന്റെ ദത്തുപുത്രനായ സൈദ്(റ)ന്റെ മുൻ ഭാര്യയെ വിവാഹം ചെയ്തതിലൂടെ മുഹമ്മദ് നബി(സ്വ) അറബികൾക്കിടയിലുള്ള ദുരാചാരത്തെ നിഷ്‌കാസനം ചെയ്തു.

ഉമ്മുസലമ ബിൻത് അബീഉമയ്യ(റ)
മഖ്‌സൂം ഗോത്രത്തിൽ പെട്ട അബൂഉമയ്യയുടെ മകളാണ് ഉമ്മുസലമ(റ). സ്വഹാബിയായ അബൂസലമ(റ)യായിരുന്നു ബീവിയുടെ ആദ്യഭർത്താവ്. അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയ അദ്ദേഹം ബദ്ർ, ഉഹ്ദ് എന്നീ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിൽ സംഭവിച്ച മുറിവുകൾ കാരണം ഉമ്മുസലമയെയും നാല് മക്കളെയും വിട്ട് അബൂസലമ ഇഹലോകം വെടിഞ്ഞു. വൃദ്ധയായ ഉമ്മസലമ(റ)യെ ഭാര്യയായി സ്വീകരിച്ച് തിരുനബി(സ്വ) ആ കുടുംബത്തിന്റെ സംരക്ഷണമേറ്റെടുത്തു.

ജുവൈരിയ്യ ബിൻത് ഹാരിസ്(റ)
ബനൂമുസ്തലഖ് ഗോത്രത്തലവനായ ഹാരിസിന്റെ മകളാണ് ജുവൈരിയ്യ. മസാഫിഅ് എന്നയാളായിരുന്നു അവരുടെ ഭർത്താവ്. ബനൂ മുസ്തലഖ് ഗോത്രക്കാരുമായുള്ള യുദ്ധത്തിൽ മസാഫിഅ് കൊല്ലപ്പെടുകയും ജുവൈരിയ്യ ബന്ദിയാക്കപ്പെടുകയും ചെയ്തു. സാബിത് ബ്‌നു ഖൈസ്(റ)ന്റെ ഓഹരിയായിരുന്നു ജുവൈരിയ്യ(റ). ഒമ്പത് ഊഖിയ സ്വർണം മോചനമൂല്യം നൽകിയാൽ വിട്ടയക്കാൻ അദ്ദേഹം തീരുമാനിച്ചു. മോചനമൂല്യം നൽകി തന്നെ സഹായിക്കണമെന്ന് ജുവൈരിയ്യ നബി(സ്വ) തങ്ങളോടഭ്യർത്ഥിച്ചു. റസൂൽ(സ്വ) മഹതിയെ സഹായിക്കുകയും ശേഷം വിവാഹം നടത്തുകയും ചെയ്തു. ഇതോടെ നബി(സ്വ)യുടെ കുടുംബത്തിൽ പെട്ടവരെ ബന്ദിയാക്കാൻ ഇഷ്ടപ്പെടാതിരുന്ന സ്വഹാബികൾ ബനീ മുസ്തലഖ് ഗോത്രത്തിൽ നിന്ന് ബന്ദിയാക്കിയവരെയെല്ലാം വിട്ടയച്ചു.

ഉമ്മുഹബീബ ബിൻത് അബീസുഫ്‌യാൻ(റ)
ആദ്യകാലത്ത് ഇസ്‌ലാമിന്റെ കൊടിയ ശത്രുവും പിന്നീട് സത്യമതത്തിലേക്ക് കടന്നുവരികയും ചെയ്ത അബൂസുഫ്‌യാന്റെ മകളാണ് ഉമ്മുഹബീബ. യഥാർത്ഥ പേര് റംല. ഉബൈദുല്ലാഹിബ്‌നു ജഹ്ഷായിരുന്നു ആദ്യഭർത്താവ്. രണ്ട് പേരും ഇസ്‌ലാം സ്വീകരിക്കുകയും അബ്‌സീനിയയിലേക്ക് പലായനം നടത്തുകയും ചെയ്തു. എന്നാൽ അവിടെ വെച്ച് ഉബൈദുല്ല ക്രിസ്ത്യാനിയാവുകയും മദ്യത്തിനടിമപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിയായി തന്നെയാണ് അയാൾ മരണമടഞ്ഞത്. അവർക്ക് ഹബീബ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഉമ്മുഹബീബ(റ)യെ വിവാഹം ചെയ്തുകൊണ്ട് ആ കുടുംബത്തിനും നബി(സ്വ) സംരക്ഷണം നൽകി.

സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)
മൂസാനബി(അ)ന്റെ സഹോദരൻ ഹാറൂൻ നബി(അ)ന്റെ സന്താന പരമ്പരയിൽ പെട്ട ഹുയയ്യ് ബ്‌നു അഖ്തഇന്റെ മകളാണ് സ്വഫിയ്യ(റ). ആദ്യഭർത്താവ് സല്ലാം ബ്‌നു വിക്ശമായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയ ശേഷം ബനൂന്നളീർ ഗോത്രത്തലവനായ കിനാനത്ബ്‌നു റബീഅ് അവരെ വിവാഹം ചെയ്തു. ഖൈബർ യുദ്ധവേളയിൽ കിനാന കൊല്ലപ്പെടുകയും സ്വഫിയ്യ ബന്ദിയാക്കപ്പെടുകയുമുണ്ടായി. പിന്നീട് മോചനം മഹറായി നിശ്ചയിച്ച് സ്വഫിയ്യാ ബീവിയെ വിവാഹം ചെയ്ത് നബി(സ്വ) സംരക്ഷണമേറ്റെടുത്തു. തത്ഫലമായി നളീർ ഗോത്രം സത്യമത്തിലേക്ക് കടന്നുവന്നു.

മൈമൂന ബിൻത് ഹാരിസ്(റ)
ഹിലാൽ ഗോത്രത്തിൽപെട്ട ഹാരിസ് ബ്‌നു ഹസനിന്റെ മകളാണ് മൈമൂന. ആദ്യഭർത്താവ് മസ്ഊദ് ബ്‌നു അംറായിരുന്നു. അദ്ദേഹം വിവാഹമോചനം നടത്തിയപ്പോൾ അബൂറുഹ്മ് വിവാഹം ചെയ്തു. അദ്ദേഹവും മരണപ്പെട്ടു. അങ്ങനെയാണ് 50 വയസ്സായ വിധവയായ മൈമൂന(റ)യെ പത്‌നിയായി സ്വീകരിച്ചു നബി(സ്വ) സംരക്ഷണം നൽകിയത്.
റസൂൽ(സ്വ)യുടെ 11 ഭാര്യമാരിൽ 9 പേർ മാത്രമേ പ്രവാചകരുടെ വഫാത്തിന്റെ സമയത്ത് ജീവിച്ചിരുന്നുള്ളൂ. ഖദീജാ ബീവിയും സൈനബ ബിൻത് ഖുസൈമ(റ)യും നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ വഫാത്തായവരാണ്.
തിരുനബി(സ്വ)യുടെ ഓരോ വിവാഹത്തെയും സൂക്ഷ്മമായി പരിശോധിച്ചുനോക്കിയാൽ നമുക്ക് മനസ്സിലാക്കാവുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. അവിടുന്ന് ഒരു കന്യകയെ മാത്രമേ വിവാഹം ചെയ്തിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം വിധവകളും ചിലർ വൃദ്ധകളുമായിരുന്നു. നിരാലംബരായ വിധവകൾക്ക് സംരക്ഷണം നൽകിയ തിരുനബി(സ്വ)യെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നതിന്റെ വിരോധാഭാസം ഏവർക്കും ബോധ്യപ്പെടുന്നതാണ്.
പതിനൊന്ന് ഭാര്യമാരെ വിവാഹം ചെയ്ത നബി(സ്വ)യുടെ നടപടിയെ വിമർശിക്കുന്ന ക്രൈസ്തവ മിഷനറിക്കാർ ബൈബിൾ പഴയ നിയമം ഒരാവർത്തി വായിക്കുന്നത് നന്നാവും.
ദാവീദിന് ആറ് ഭാര്യമാരും ധാരാളം വെപ്പാട്ടികളുമുണ്ടായിരുന്നു (2 ശാവുവേൻ 5.13, 1 ദിനവൃത്താന്തം 3:1-9, 14:3) സോളമന് 700 ഭാര്യമാരും 300 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).
സോളമന്റെ മകൻ രെഹബയാമിന് 18 ഭാര്യമാരും 60 വെപ്പാട്ടികളുമുണ്ടായിരുന്നു (2 ദിനവൃത്താന്തം 11:21).
വിവാഹക്കാര്യത്തിൽ മുഹമ്മദ് നബി(സ്വ)യെ വിമർശിക്കുന്ന ക്രൈസ്തവ സഹോദരന്മാർ ഈ വചനങ്ങൾ കണ്ടിട്ടും അന്ധത നടിക്കുകയാണോ?

ഇസ്റാഅ്- മിഅ്റാജ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎




ഇസ്റാഅ്- മിഅ്റാജ്
റസൂല്‍(സ്വ)ക്ക് പ്രവാചകത്വം ലഭിച്ച് പത്തു വര്‍ഷത്തിനുശേഷം അബൂത്വാലിബും ഖദീജ(റ)യും ഈ ലോകത്തോട് വിടപറഞ്ഞു. ആമുല്‍ ഹുസ്ന് (ദുഃഖവര്‍ഷം) എന്നാണ് ചരിത്രകാരന്മാര്‍ ഈ വര്‍ഷത്തെ വിശേഷിപ്പിച്ചത്. മക്കാ ജീവിതത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ഇത്. ശത്രുക്കളുടെ അതി കഠിനമായ പീഡനങ്ങള്‍ക്കിടയിലാണ് വിരഹദുഃഖവും കൂടി നബി(സ്വ) പേറേണ്ടിവന്നത്. പ്രസ്ഥാനരക്ഷ ലക്ഷ്യം വെച്ച് ത്വാഇഫിലേക്ക് നബി(സ്വ) പലായനം ചെയ്തു. അവിടെ മര്‍ദനങ്ങള്‍ക്ക് കാഠിന്യം വര്‍ധിക്കുകയായിരുന്നു. ദുഃഖത്തിനുമേല്‍ ദുഃഖവുമായി നബി(സ്വ) മക്കയിലേക്ക് തിരിച്ചു. അപ്പോഴാണ് സ്നേഹിതനെ (ഹബീബിനെ) സ്നേഹിതന്‍ ആശ്വസിപ്പിക്കുന്നതും ആദരിക്കുന്നതും. ഈ സാന്ത്വനവും ആദരവുമാണ് ഇസ്റാഅ്-മിഅ്റാജ് സംഭവം.
പ്രവാചക ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ അധ്യായനാമങ്ങളായി നല്‍കപ്പെട്ടതു കാണാം. മക്കാവിജയം (സൂറത്തുല്‍ ഫത്ഹ്), ജിന്നുകളുമായുള്ള സംഗമം (സൂറത്തുല്‍ ജിന്ന്), ചന്ദ്രന്‍റെ പിളര്‍പ്പ് (സൂറത്തുല്‍ ഇന്‍ശിഖാഖ്) തുടങ്ങിയവ ഉദാഹരണം. ഇതില്‍ ദീര്‍ഘമായ അധ്യായമാണ് സൂറത്തുല്‍ ഇസ്റാഅ്. മറ്റൊരധ്യായം സൂറത്തുന്നജ്മിലും ഇത് സംബന്ധമായ പരാമര്‍ശങ്ങള്‍ കാണാം.
പ്രവാചകത്വത്തിന്‍റെ പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ച ദിവസം നബി(സ്വ) പിതൃവ്യന്‍ അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഇന്‍റെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജിബ്രീല്‍(അ)ന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകള്‍ വരുന്നു. അവര്‍ നബിയെ സംസം കിണറിനരികിലേക്ക് കൊണ്ടുപോയി, അവിടെ നബിയുടെ നെഞ്ച് കീറി ഉള്‍ഭാഗങ്ങള്‍ കഴുകി, വിജ്ഞാനം നിറച്ചു. നടക്കാനിരിക്കുന്ന യാത്രയുടെ അനുഭവങ്ങള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളുവാനുമുള്ള ആത്മീയ പാകത കൈവരുത്തലാകാം ലക്ഷ്യം.
ജിബ്രീല്‍(അ) ‘ബുറാഖ്’ എന്ന പ്രത്യേക വാഹനവുമായാണ് വന്നത്. ജിബ്രീല്‍ ബുറാഖിനോട് പറഞ്ഞു: അല്ലാഹു സത്യം, നിന്‍റെ മേല്‍ നബിയേക്കാളും മഹത്ത്വമുള്ള ഒരാളും ഇന്നുവരെ കയറിയിട്ടില്ല.’ നബി(സ്വ) ബുറാഖില്‍ കയറി, നബിയെ ജിബ്രീല്‍(അ) ഒരുമാസം ഒട്ടകയാത്ര നടത്താന്‍ ദൂരമുള്ള ബൈത്തുല്‍ മുഖദ്ദസിലേക്ക് രാപ്രയാണം നടത്തിച്ചു. മറ്റു പ്രവാചകന്മാര്‍ അവരുടെ യാത്രാമൃഗങ്ങളെ കെട്ടിയിടാറുള്ള വട്ടക്കണ്ണിയില്‍ നബിയുടെ ബുറാഖിനെ ബന്ധിച്ചു. ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞാന്‍ ഇസ്റാഇന്‍റെ രാത്രിയില്‍ ഖബ്റില്‍ വെച്ച് നിസ്കരിക്കുന്ന മൂസാനബി(അ)യുടെ അരികിലൂടെ നടന്നു.’ ബൈത്തുല്‍ മുഖദ്ദസില്‍ നബി(സ്വ) പ്രവേശിച്ചു. അവിടെ പൂര്‍വിക പ്രവാചകന്മാര്‍ സംഗമിച്ചിരുന്നു. അവര്‍ക്ക് നേതൃത്വം നല്‍കി നബി(സ്വ) നിസ്കാരം നിര്‍വഹിച്ചു.
മദ്യത്തിന്‍റെയും പാലിന്‍റെയും പാത്രങ്ങളുമായി ജിബ്രീല്‍(അ) നബിയെ സമീപിച്ചു. നബി(സ്വ) പാല്‍ തിരഞ്ഞെടുത്ത് മദ്യം വര്‍ജ്ജിച്ചു. ഈ പ്രവര്‍ത്തനത്തെ ജിബ്രീല്‍(അ) പ്രത്യേകം പ്രകീര്‍ത്തിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ബൈതുല്‍ മുഖദ്ദിസ് വരെയുള്ള ഈ രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്. സൂറത്തുല്‍ ഇസ്റാഇല്‍ ഇങ്ങനെ പറയുന്നു: ‘തന്‍റെ അടിമയെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ചുറ്റുഭാഗവും ബറകത്ത് നല്‍കിയ മസ്ജിദുല്‍ അഖ്സ വരെ രാത്രിയില്‍ പ്രയാണം ചെയ്യിച്ച അല്ലാഹു എത്ര പരിശുദ്ധന്‍’ (17/1).
ഇസ്റാഇനെത്തുടര്‍ന്ന് മിഅ്റാജ് സംഭവിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘പിന്നീട് ഞാന്‍ ഒന്നാം വാനലോകത്തേക്ക് ആനയിക്കപ്പെടുകയായി. ജിബ്രീല്‍(അ) വാതില്‍ തുറക്കാനാവശ്യപ്പെട്ടു. നിങ്ങളാര്? ജിബ്രീലിനോട് ചോദ്യം. ജിബ്രീല്‍: ഞാന്‍ ജിബ്രീല്‍, നിങ്ങളുടെ കൂടെ? ജീബ്രീല്‍ പറഞ്ഞു: മുഹമ്മദ്. ഓ, മുഹമ്മദിലേക്ക് ദൂതരെ അയക്കപ്പെട്ടുവോ? ഈ ചോദ്യം എല്ലാ വാനലോകങ്ങളിലും ആവര്‍ത്തിക്കപ്പെട്ടു. നബി(സ്വ)യുടെ ആഗമനസംബന്ധമായി മലക്കുകളുടെ ലോകത്ത് നേരത്തേ പ്രചാരമുണ്ടായിരുന്നതായി ഇത്തരം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാനലോകങ്ങളില്‍ പ്രവാചകപ്രമുഖരും മലക്കുകളും നബിയെ ഊഷ്മളമായി സ്വീകരിച്ചു. പ്രഥമ ആകാശത്ത് ആദം നബിയും രണ്ടില്‍ ഈസാ, യഹ്യ (അ) എന്നീ പ്രവാചകന്മാരും മൂന്നാം വാനലോകത്ത് യൂസുഫ് (അ)മും നാലാം ആകാശത്ത് ഇദ്രീസ് (അ)മും ഹാറൂന്‍ നബി (അ) അഞ്ചാം വാനത്തിലും ആറാം ആകാശത്തില്‍ മൂസാ നബി(അ)യും അവസാനമായി ഇബ്റാഹിം നബി(അ)യും നബി(സ്വ)യെ എതിരേറ്റു. പ്രവാചകന്മാര്‍ നബിയെ സ്വാഗതം ചെയ്തത് സംബന്ധമായി ഹദീസുകളില്‍ ഇങ്ങനെ കാണാം: ‘എനിക്ക് സ്വാഗതമോതുകയും നന്മകൊണ്ട് എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.’
ഇബ്റാഹിം നബി(അ)നെ കണ്ട സംഭവം വിശദീകരിച്ചുകൊണ്ട് നബി(സ്വ) വ്യക്തമാക്കിയത് ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഇബ്റാഹിം നബി(അ) ബൈത്തുല്‍ മഅ്മൂറിലേക്ക് ചാരിനില്‍ക്കുന്നു. എല്ലാദിവസവും എഴുപതിനായിരം മലക്കുകള്‍ ഈ ഭവനത്തിലേക്ക് പ്രവേശിക്കും. പിന്നീടൊരിക്കലും അവരതില്‍ നിന്ന് തിരിച്ചുപോകുന്നില്ല.’ ബൈത്തുല്‍ മഅ്മൂര്‍ മാത്രമല്ല ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ ഈ അത്യത്ഭുത വാനയാത്രയില്‍ നബി(സ്വ) ധാരാളം അതുല്യ ദര്‍ശനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.
റസൂല്‍(സ്വ) പറഞ്ഞു: ‘ഞാന്‍ ഒരു വിഭാഗത്തിന്‍റെ അരികിലൂടെ കടന്നുപോയി, ചെമ്പ് നിര്‍മിത നഖങ്ങളാണ് അവര്‍ക്കുള്ളത്. അവര്‍ ആ നഖങ്ങള്‍ കൊണ്ട് മുഖങ്ങളും നെഞ്ചുകളും കീറിപ്പറിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു; ജിബ്രീല്‍ ഇവര്‍ ആരാണ്? ജിബ്രീല്‍(അ) പറഞ്ഞു: അവര്‍ സമൂഹത്തിന്‍റെ മാംസങ്ങള്‍ ഭക്ഷിക്കുന്ന(ആളുകളെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന)വരും അവരുടെ അഭിമാനത്തിന് ക്ഷതം ഏല്‍പിക്കുന്നവരുമാണ്.’
മറ്റൊരു സംഭവം ഇങ്ങനെ: ‘ഒരു സമൂഹത്തിനരികിലൂടെ നബി നീങ്ങി, അവര്‍ അവരുടെ തലകള്‍ പാറക്കല്ലുകൊണ്ട് ഉടക്കുന്നു. ഉടച്ചുകഴിയുമ്പോള്‍ തലകള്‍ പൂര്‍ണസ്ഥിതി പ്രാപിക്കുന്നു. അവരീ അവസ്ഥ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നബി(സ്വ) ചോദിച്ചു: ജിബ്രീല്‍ അവര്‍ ആരാണ്? ഇവരുടെ തലകള്‍ക്ക് നിര്‍ബന്ധ നിസ്കാര നിര്‍വഹണം ഭാരമായിരുന്നു.’ (നിസ്കരിക്കാന്‍ മടിയന്മാരാണെന്നര്‍ത്ഥം).
‘നബി(സ്വ) വേറെ ഒരു വിഭാഗത്തിന്‍റെ സമീപത്തുകൂടി നടന്നുനീങ്ങി. അവര്‍ക്കുമുന്നില്‍ പാകമായ രുചിയുള്ള മാംസത്തിന്‍റെ ചട്ടിയും പാകമാവാത്ത ചീഞ്ഞ മാംസത്തിന്‍റെ ചട്ടിയുമുണ്ട്. സുന്ദരവും പാകവുമായ ചട്ടിയിലെ മാംസം ഭക്ഷിക്കാതെ അവര്‍ ചീത്തയായ പാകമാകാത്ത ചട്ടിയിലെ മാംസം ഭക്ഷിക്കുന്നു. നബി(സ്വ) ചോദിച്ചു: ജിബ്രീല്‍, ഇവര്‍ ആരാണ്? ജിബ്രീല്‍ പറഞ്ഞു: അനുവദനീയവും നല്ലതുമായ ഭാര്യയെ ഉപേക്ഷിച്ച് ചീത്ത സ്ത്രീയെ സമീപിക്കുന്ന പുരുഷനും നല്ല ഭര്‍ത്താവിനെ കയ്യൊഴിച്ച് ചീത്ത പുരുഷനെ സമീപിക്കുന്ന സ്ത്രീയുമാണ്. ഇത്തരം നിരവധി സംഭവങ്ങള്‍ മിഅ്റാജില്‍ നബി ദര്‍ശിച്ചതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ഈ അത്യത്ഭുതങ്ങളുടെ ദര്‍ശനശേഷം നബി(സ്വ) ‘സിദ്റത്തുല്‍ മുന്‍തഹ’ എന്ന വൃക്ഷത്തിന്‍റെ പരിസരത്തേക്ക് നീങ്ങി, അവിടെ നബിയുടെ ആഗമന കാരണമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഹദീസുകളില്‍ കാണാം: ‘പിന്നീട് സിദ്റത്തുല്‍ മുന്‍തഹയിലേക്ക് ജിബ്രീല്‍(അ) എന്നെ കൊണ്ടുപോയി, ആ വൃക്ഷത്തിന്‍റെ ഇലകള്‍ ആനയുടെ ചെവി പോലെയുണ്ട്. വലിയ പാത്രങ്ങള്‍ പോലെയാണ് അതിന്‍റെ കായകള്‍, അല്ലാഹുവിന്‍റെ പ്രത്യേക കാരുണ്യം ആവരണം  ചെയ്തപ്പോള്‍ അതിന് ആകെ മാറ്റം സംഭവിച്ചിരിക്കുന്നു. അതു വര്‍ണിക്കാന്‍ സൃഷ്ടികള്‍ക്കു സാധ്യമല്ല’ (അഹ്മദ്).
പിന്നീട് സ്വര്‍ഗത്തിന്‍റെ പലദൃശ്യങ്ങളും നബി(സ്വ) കണ്ടതായി ഇമാം ബുഖാരി(റ)യും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘ഇസ്റാഅ് രാത്രി നബി(സ്വ) സ്വര്‍ഗത്തില്‍ പ്രവേശിച്ചു. സ്വര്‍ഗത്തിന്‍റെ പാര്‍ശ്വത്തില്‍ നേരിയ ശബ്ദം ശ്രവിച്ചു. റസൂല്‍(സ്വ) ചോദിച്ചു. ജിബ്രീല്‍ ഇതെന്താണ്? ജിബ്രീല്‍ പറഞ്ഞു: ഇത് വാങ്ക് വിളിക്കുന്ന ബിലാല്‍.’
തിരിച്ചുവന്ന നബി(സ്വ) പറഞ്ഞു: തീര്‍ച്ച, ബിലാല്‍ വിജയിച്ചു. ബിലാലിന് ഞാന്‍ ധാരാളം (സ്വര്‍ഗീയ) ഗുണങ്ങള്‍ ദര്‍ശിച്ചു, ഈ ദൃശ്യങ്ങള്‍ക്കെല്ലാം ശേഷം നബി മാത്രം വീണ്ടും യാത്ര തുടര്‍ന്നു. അങ്ങനെ അല്ലാഹു നിശ്ചയിച്ച പ്രത്യേക സ്ഥലത്ത് വെച്ച് റബ്ബുമായി നബി(സ്വ) അതുല്യവും അത്യാനന്ദദായകവുമായ, നബിക്ക് മാത്രം നല്‍കപ്പെട്ട ‘മുനാജാത്ത്’ സംഭാഷണം നിര്‍വഹിച്ചു. അവിടെ വെച്ചാണ് അമ്പത് നിസ്കാരങ്ങള്‍ സമൂഹത്തിന് സമ്മാനമായി നബിക്ക് അല്ലാഹു സമര്‍പ്പിക്കുന്നത്. നിസ്കാരം ഏറ്റുവാങ്ങി നബി(സ്വ) മടക്കയാത്ര ആരംഭിക്കുന്നു. വഴിയില്‍ മൂസാ നബിയെ കണ്ടുമുട്ടി. മൂസാനബി(അ) വിവരങ്ങളാരാഞ്ഞു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ തിരിച്ചുചെന്ന് നിസ്കാരം സമുദായത്തിന് ലഘൂകരിച്ച് തരാനാവശ്യപ്പെടണം. തീര്‍ച്ച നിങ്ങളുടെ സമുദായത്തിന് ഇത് നിര്‍വഹിക്കാന്‍ സാധിക്കില്ല. ഞാന്‍ ഇത്തരം വിഷയത്തില്‍ ബനൂ ഇസ്റാഈലിനെ പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ തിരിച്ചുപോയി നബി(സ്വ) ആവശ്യമുന്നയിച്ചു. പല തവണ ഇതാവര്‍ത്തിച്ചു. നബി(സ്വ) തന്നെ പറയുന്നു: മൂസാനബിയുടെയും എന്‍റെ റബ്ബിന്‍റെയും ഇടയില്‍ ഞാന്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. അഞ്ച് വീതം ചുരുക്കുകയും ചെയ്തു. പത്താം തവണ തിരിച്ചുപോകണമെന്ന് മൂസാനബി ആവശ്യപ്പെട്ടുവെങ്കിലും നബി(സ്വ) പറഞ്ഞു: തീര്‍ച്ച ഞാന്‍ ഇനിയും പോകാന്‍ ലജ്ജിക്കുന്നു.
വിശുദ്ധ ഖുര്‍ആനില്‍ ഈ അത്ഭുതദൃശ്യങ്ങളെ സംബന്ധിച്ച് അല്ലാഹു പറയുന്നു: നാം മുഹമ്മദ് (സ്വ)ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ പലതും കാണിക്കാന്‍ വേണ്ടി (ഇസ്റാഅ്/1). ഇതിനെ സംബന്ധിച്ച് തന്നെ സൂറത്തുന്നജ്മില്‍; തീര്‍ച്ച, അവിടുന്നു അവിടുത്തെ രക്ഷിതാവിന്‍റെ വന്‍ ദൃഷ്ടാന്തങ്ങളില്‍ പലതും കണ്ടിട്ടുണ്ട് (സൂക്തം 18).
ജിബ്രീലൊന്നിച്ച് നബി വാനലോകത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു. ദര്‍ശിച്ച അത്ഭുതങ്ങളെ സംബന്ധിച്ച് ജിബ്രീലുമായി അവിടുന്ന് പങ്കുവെക്കുന്നത് കാണുക: ‘വാനലോകത്തുള്ളവരെല്ലാം എന്നെ സ്വാഗതം ചെയ്തു. എല്ലാവരും എന്നോട് പുഞ്ചിരിച്ചു. എന്നാല്‍ ഒരാള്‍ അങ്ങനെ ചെയ്തില്ല. ഞാന്‍ സലാം ചൊല്ലി, സലാം മടക്കി സ്വാഗതം ചെയ്തു. പക്ഷേ, പുഞ്ചിരിച്ചില്ല, ഇതെന്താണ്? ജിബ്രീല്‍ (അ) പറഞ്ഞു: നരകത്തെ കാക്കുന്ന മാലിക് എന്ന മലക്കാണത്. അദ്ദേഹം സൃഷ്ടിക്കപ്പെട്ടതുമുതല്‍ ഒരിക്കലും ചിരിച്ചിട്ടില്ല. ആരോടെങ്കിലും മാലിക് ചിരിക്കുമായിരുന്നുവെങ്കില്‍ അങ്ങയോട് ചിരിക്കുമായിരുന്നു.’
നബി(സ്വ) സുബ്ഹിക്ക് മുമ്പ് മക്കയില്‍ തിരിച്ചെത്തി. ദര്‍ശിച്ച അത്ഭുതങ്ങള്‍ സമൂഹവുമായി പങ്കുവെച്ചു. പ്രതികരണങ്ങള്‍ സമ്മിശ്രമായിരുന്നു. ഇത് പരസ്യപ്പെടുത്തിയാല്‍ സമൂഹം ഒന്നടങ്കം അംഗീകരിക്കില്ലെന്ന ധാരണ നബിക്കുണ്ട്; പരിഹാസത്തിന് കാരണമാകുമെന്ന ബോധവുമുണ്ട്. ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘കൂക്കിവിളിക്കുന്നവര്‍ക്കും കളവാണെന്ന നിലക്ക് അത്ഭുതം പ്രകടിപ്പിച്ച് തലക്കുമേല്‍ കൈവെക്കുന്നവര്‍ക്കുമിടയിലാണ് പ്രവാചകന്‍. ഈ പശ്ചാത്തലത്തില്‍ ശത്രുസമൂഹത്തില്‍ ചിലര്‍ നബിയോട് ആവശ്യപ്പെട്ടതിങ്ങനെ: ഞങ്ങള്‍ കണ്ട ബൈത്തുല്‍ മുഖദ്ദസിലെ, മസ്ജിദുല്‍ അഖ്സയിലെ വിശേഷണങ്ങള്‍ പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ? അവരുടെ കൂട്ടത്തില്‍ ഈ പ്രദേശവും പള്ളിയും നേരില്‍ക്കണ്ട പലരുമുണ്ട്. ഈ ചോദ്യത്തിന്‍റെ മറ്റൊരു റിപ്പോര്‍ട്ട്: ‘മുഹമ്മദ്, ഞാന്‍ ബൈത്തുല്‍മുഖദ്ദസിനെ സംബന്ധിച്ച് നന്നായി അറിയുന്നവനാണ്. അതിന്‍റെ നിര്‍മാണം എങ്ങനെ? രൂപമെങ്ങനെ? പര്‍വതവുമായുള്ള സാമീപ്യമെങ്ങനെ?’
യഥാര്‍ത്ഥത്തില്‍ ഒരു പള്ളി നിരവധി പ്രാവശ്യം ദര്‍ശിച്ചവര്‍ക്കുപോലും അതിന്‍റെ എല്ലാ രൂപഭാഗങ്ങളും വര്‍ണിക്കുക അസാധ്യമായിരിക്കും. പക്ഷേ ഇവിടെ റസൂല്‍(സ്വ) അതിനെ പൂര്‍ണമായി വര്‍ണിക്കുക തന്നെ ചെയ്തു.
ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത് കാണുക: “ഖുറൈശികള്‍ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ള രാപ്രയാണ സന്ദര്‍ഭത്തില്‍ എന്നെ കളവാക്കിയപ്പോള്‍ ഞാന്‍ കഅ്ബത്തിന്‍റെ പരിസരത്ത് എഴുന്നേറ്റുനിന്നു. അല്ലാഹു ബൈത്തുല്‍ മുഖദ്ദസ് എനിക്ക് മുമ്പില്‍ വെളിപ്പെടുത്തി. അതിലേക്ക് നോക്കി അവിടെയുള്ള ദൃഷ്ടാന്തങ്ങളെ സംബന്ധിച്ച് ഞാന്‍ അവരോട് പറയാന്‍ തുടങ്ങി. അബൂജഹ്ലിന്‍റെ നേതൃത്വത്തിലാണ് ഇസ്റാഅ് മിഅ്റാജ് നിഷേധത്തിന്‍റെ ഇത്തരം പ്രതികരണങ്ങള്‍ അരങ്ങേറിയത്. അബൂജഹ്ല്‍ തന്നെ പറയുന്നതായി കാണാം:
‘മുഹമ്മദ് അവകാശപ്പെടുന്ന വിഷയത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നില്ലേ. മുഹമ്മദ് ഇന്നലെ രാത്രി ബൈത്തുല്‍ മുഖദ്ദസില്‍ പോയത്രെ, ഇന്ന് രാവിലെ തിരിച്ചെത്തിയിരിക്കുന്നു! വാഹനത്തില്‍ ഒരുമാസം അവിടെയെത്താനും ഒരു മാസം തിരിച്ചുവരാനും വേണം. രണ്ട് മാസത്തെ യാത്ര ഒരൊറ്റ രാത്രികൊണ്ട് മുഹമ്മദ് ചെയ്തുവത്രെ.’
അബൂജഹ്ലിന്‍റെ അനുയായികളുടെ വിമര്‍ശനങ്ങളെ നബി ശക്തിയായിത്തന്നെ നേരിട്ടു. അവിശ്വാസികള്‍ക്ക് പോലും നിഷേധിക്കാനാവാത്ത വിവിധ തെളിവുകളിലൂടെ യാഥാര്‍ത്ഥ്യം അവരെ ബോധ്യപ്പെടുത്തി. മുശ്രിക്കുകളില്‍ ചിലര്‍ നബി(സ്വ)യോട് ചോദിച്ചു: നിങ്ങളീ പറയുന്നതിന് വല്ല അടയാളവുമുണ്ടോ?
നബി(സ്വ) വിവരിച്ചു: ഞാന്‍ ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് മക്കയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് മക്കക്കാരായ ഖുറൈശികളുടെ ഒരു ഒട്ടക സംഘത്തെ കണ്ടു. ഒരു ഒട്ടകം ഞങ്ങളുടെ വരവ് കണ്ടു വിരണ്ട് വട്ടംചുറ്റി. കൂട്ടത്തില്‍ ഒരൊട്ടകത്തിന്‍റെ നെറ്റിയില്‍ രണ്ടു പുള്ളികളുണ്ട്. കറുത്ത പുള്ളിയും വെളുത്ത പുള്ളിയും. ആ ഒട്ടകം വീണു, അതിന് പരിക്കുപറ്റി.
ദിവസങ്ങള്‍ കഴിഞ്ഞു ഒട്ടകസംഘം തിരിച്ചെത്തി. സംഘത്തോട് മക്കയിലെ ശത്രുക്കള്‍ വിവരങ്ങളന്വേഷിച്ചു. നബി(സ്വ) പറഞ്ഞതുപോലെ അവര്‍ പറയുകയുയുണ്ടായി.
യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഇതംഗീകരിക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല. ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് അബൂബക്കര്‍ സിദ്ദീഖ്(റ) ശക്തമായ നേതൃത്വം നല്‍കി. ഇമാം ബൈഹഖി(റ) ആഇശ(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു:
‘റസൂല്‍(സ്വ) മസ്ജിദുല്‍ അഖ്സയിലേക്ക് രാപ്രയാണം നടത്തിയ പ്രഭാതത്തില്‍ ജനങ്ങള്‍ ഇതൊരു സംസാരവിഷയമാക്കി. നേരത്തെ വിശ്വാസികളായി പ്രത്യക്ഷത്തില്‍ രംഗത്തുണ്ടായിരുന്ന ചിലര്‍ ഇതിന്‍റെ മറവില്‍ ഇസ്ലാം കയ്യൊഴിച്ചു. അവര്‍ അബൂബക്കര്‍ സിദ്ദീഖ്(റ)വിനെ സമീപിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരനെ (മുഹമ്മദിനെ) സംബന്ധിച്ച് വല്ലതും പറയാനുണ്ടോ? രാത്രി ബൈത്തുല്‍ മുഖദ്ദസിലേക്ക് പ്രയാണം നടത്തിയതായി അവകാശപ്പെടുന്നു. അബൂബക്കര്‍(റ) ചോദിച്ചു: മുഹമ്മദ്(സ്വ) അങ്ങനെ പറഞ്ഞോ? അവര്‍ പറഞ്ഞു; അതേ. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു: ‘മുഹമ്മദ്(സ്വ) അതു പറഞ്ഞുവെങ്കില്‍ തീര്‍ച്ച, അവിടുന്ന് സത്യമേ പറഞ്ഞിട്ടുള്ളൂ.’
അവര്‍ വീണ്ടും ചോദിച്ചു: ഒരൊറ്റ രാത്രി ബൈത്തുല്‍ മുഖദ്ദസിലെത്തി പ്രഭാതത്തിനുമുമ്പ് തിരിച്ചുവന്നുവെന്ന മുഹമ്മദിന്‍റെ അവകാശവാദം നിങ്ങളംഗീകരിക്കുകയോ? അബൂബക്കര്‍(റ) പറഞ്ഞു: അതേ, അതിനേക്കാള്‍ വിദൂരമായ യാഥാര്‍ത്ഥ്യങ്ങളും ഞാന്‍ അംഗീകരിക്കും.
അബൂബക്കര്‍(റ)ന് ‘സിദ്ദീഖ്’ എന്ന മഹദ്നാമം ലഭിക്കാനുള്ള കാരണങ്ങളിലൊന്നായി ഈ അംഗീകാരത്തെ പല ചരിത്രഗ്രന്ഥങ്ങളും വിശദീകരിച്ചിട്ടുണ്ട്.

അഹ്‌ലുസ്സുന്ന

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


അഹ്‌ലുസ്സുന്ന






അല്ലാഹു ഖുർആനിലും പൂർവ്വഗ്രന്ഥങ്ങളിലും നബി(സ) തങ്ങളുടെ ഉമ്മത്തിന് ‘മുസ്‌ലിംകള്‍’ എന്നാണ് പേര്‍ വിളിച്ചിരിക്കുന്നത്. അല്‍ഹജ്ജ് അധ്യായത്തിലെ 78-ാം സൂക്തത്തില്‍ ഇതു കാണാം. മുസ്‌ലിംകളുടെ വിശ്വാസ കാര്യങ്ങളില്‍ നബി(സ)യുടെ കാലത്ത് ഭിന്നിപ്പുണ്ടായിരുന്നില്ല. മുസ്‌ലിംകളെല്ലാവരും ഒരേ വിശ്വാസക്കാര്‍. അതു കൊണ്ട് തന്നെ ഒരു വിവേചക നാമം അന്നു ആവശ്യമായി വന്നിട്ടില്ലാത്തതിനാല്‍ ‘അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ’ എന്ന പേര്‍ അന്നുണ്ടായില്ല.

എന്നാല്‍, നബി തിരുമേനി(സ)യുടെ കാലശേഷം ദീനിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഭിന്നിപ്പുണ്ടായി. ഓരോരോ പുത്തന്‍ വാദങ്ങളുമായി പലരും രംഗത്തുവന്നു. സ്വഹാബത്തിന്റെ കാലത്ത് തന്നെ മുസ്‌ലിം സമൂഹത്തില്‍ ബിദ്അത്തിന്റെ പാര്‍ട്ടികള്‍ ഉടലെടുത്തു. ഇവ്വിധം പുതിയ കക്ഷികള്‍ വര്‍ധിച്ചപ്പോള്‍ ഇതിലൊന്നും അകപ്പെടാതെ പരമ്പരാഗത വിശ്വാസവുമായി കഴിഞ്ഞുകൂടുന്ന സാക്ഷാല്‍ മുസ്‌ലിംകളെ ഇവരില്‍നിന്ന് വേര്‍തിരിക്കാന്‍ ഒരു വിവേചകനാമം ആവശ്യമായി വന്നു. അതാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.
ഭിന്നിപ്പും ചേരിതിരിവും മുസ്‌ലിംകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിലകപ്പെടാതിരിക്കാന്‍ അവലംബമാക്കേണ്ട രണ്ട് പ്രമാണങ്ങളായി നബി(സ) പഠിപ്പിച്ചതാണ് സുന്നത്തും ജമാഅത്തും. കക്ഷിത്വത്തിനും ചേരിതിരിവിനും വശംവദരാവാത്തവിധം സത്യദീനിന്റെ അനുയായികളെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും ഉള്‍കൊള്ളുന്നതും സംരക്ഷിക്കുന്നതുമായിരിക്കലാണല്ലോ വിവേചകനാമത്തിനു അനുയോജ്യം. അതാണ് സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്ന നാമം നല്‍കിയത്. പരമ്പരാഗത മുസ്‌ലിംകള്‍ക്ക് ഇത്ര അനിയോജ്യമായ മറ്റൊരു പേരില്ല. ഇതിനെ ചുരുക്കി വിളിക്കുന്നതാണ് അഹ്‌ലുസ്സുന്ന (സുന്നികള്‍) എന്നത്.നബി(സ)യുടെ മുന്നറിയിപ്പ്
മുസ്‌ലിം സമുദായം മൗലിക വിഷയങ്ങളില്‍ ഭിന്നിക്കുമെന്ന് നബി(സ) തങ്ങള്‍ പ്രസ്താവിച്ചത് പുലര്‍ന്നു. നബി(സ) പറഞ്ഞു: ബനൂഇസ്‌റാഈല്‍ എഴുപത്തിരണ്ടു മതമായി പരിഞ്ഞു (ജൂതന്മാര്‍ എഴുപത്തി ഒന്നും ക്രിസ്ത്യാനികള്‍ എഴുപത്തിരണ്ടും). എന്റെ സമുദായവും എഴുപത്തിമൂന്ന് ദീനുകളുടെ മേല്‍ പിരിയും. അവയില്‍ എഴുപത്തി രണ്ടും നരകത്തിലും ഒരു ദീന്‍ മാത്രം സ്വര്‍ഗത്തിലുമാണ്.
ഈ ഹദീസില്‍ പരാമര്‍ശിച്ച ഭിന്നിപ്പ് ദീനിന്റെ വിശ്വാസകാര്യങ്ങളാണ്, ശാഖാ പരമല്ല. ഈ ഭിന്നിപ്പ് നിയമവിരുദ്ധവും നിഷിദ്ധവുമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ഓരോ വിഭാഗത്തിനെയും ഓരോ മില്ലത്തുകളായി നബി(സ) തങ്ങള്‍ എണ്ണിയതും അവയിലൊന്നൊഴിച്ചു ബാക്കി മുഴുവന്‍ നരകത്തിലാണെന്നു വിധിയെഴുതിയതും ഇതുകൊണ്ടാണ്. (മിര്‍ഖാത് 1/205)
പിഴവ് സംഭവിക്കാത്ത പ്രമാണങ്ങള്‍
അല്ലാഹു തന്റെ അടിമകള്‍ക്ക് നിശ്ചയിച്ചവതരിപ്പിച്ച നിയമങ്ങളാണ് ദീന്‍. ഇതിനെ നിലനിര്‍ത്തുവാന്‍ അല്ലാഹു പിഴവുകളില്‍നിന്നും സുരക്ഷിതത്വമുള്ള മൂന്ന് പ്രമാണങ്ങള്‍ നല്‍കി. ഇത് മുന്‍ പ്രവാചകര്‍ക്കില്ലായിരുന്നു. ഖുര്‍ആന്‍, സുന്നത്ത്, ജമാഅത്ത് എന്നിവയാണവ.
മൗലിക കാര്യങ്ങളില്‍ (വിശ്വാസപരം) പ്രമാണമായി വരുന്നത് തുല്യ പ്രാധാന്യത്തോടെ ഖുര്‍ആന്‍, സുന്നത്ത്, ജമാഅത്ത് (ഇജ്മാഅ്) എന്നീ മൂന്നെണ്ണം മാത്രമാണ്. ദീനിന്റെ ഉസൂലില്‍ ഖിയാസ് പ്രമാണമല്ലല്ലോ.
ഖുര്‍ആന്‍ ഒന്നാം പ്രമാണം, സുന്നത്ത് രണ്ടാം പ്രമാണം എന്ന വേര്‍തിരിവ് അബദ്ധമാണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) തന്റെ ‘രിസാല’യില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രമാണമാക്കുന്ന വിഷയത്തില്‍ മുകളില്‍ വിവരിച്ച മൂന്നിനും തുല്യ പദവിയാണ്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”അല്ലാഹുവിനും റസൂലിനും ഉലുല്‍ അംറിനും നിങ്ങള്‍ വഴിപ്പെടുക.’ (സൂറത്തുന്നിസാഅ് 59)
ഇമാം റാസി(റ) ഈ സൂക്തം വ്യാഖ്യാനിക്കുന്നത് കാണുക: ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍ അംറി (ഇജ്മാഅ്) നോടും വഴിപ്പെടാന്‍ പറഞ്ഞത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും (ഖുര്‍ആന്‍, സുന്നത്ത്) പോലെ തെറ്റു സംഭവിക്കാത്ത പ്രമാണമാണ് ഇജ്മാഅ്. (റാസി 10/144, രിസാല 5 നോക്കുക.)
ഖുര്‍ആന്‍ പോലെ തന്നെ സുന്നത്തും അല്ലാഹുവിന്റെ വഹ്‌യുകളാണ്. വഹ്‌യിന്റെ രണ്ടു പ്രമാണങ്ങളാണിവയെന്നു ചുരുക്കം.
ജിബ്‌രീല്‍(അ) മുഖേന അല്ലാഹു നബി(സ)ക്ക് അവതരിപ്പിച്ച വഹ്‌യുകളാണ് ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത്. നബി(സ)യുടെ പ്രവാചകത്വത്തിനു മുഖ്യതെളിവും അന്ത്യനാള്‍ വരെ വള്ളിപുള്ളി വ്യത്യാസമില്ലാതെ സംരക്ഷിക്കപ്പെടുന്നതുമായ ദിവ്യഗ്രന്ഥമാണ് ഖുര്‍ആന്‍. അതു പാരായണം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടതുമാണ്. ഈ സവിശേഷത സുന്നത്തിന് ഇല്ലെങ്കിലും പ്രമാണ വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും തുല്യപദവിയുള്ള രണ്ടു തരം വഹ്‌യിന്റെ പ്രമാണങ്ങളാണ്.
നബി(സ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവ ഉള്‍കൊള്ളുന്ന തിരുചര്യയാണ് സുന്നത്തിന്റെ ഉദ്ദേശ്യം. ഖുര്‍ആനിന്റെ ആധികാരിക വിശദീകരണമാണ് സുന്നത്ത്. പത്തു ലക്ഷത്തില്‍പരം ഹദീസുകള്‍ ഉള്‍കൊള്ളുന്നതാണ് നബി(സ)യുടെ സുന്നത്ത്. ഇതില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് മുഹദ്ദിസുകള്‍ ക്രോഡീകരിച്ചത്.
ജമാഅത്ത്
പിഴച്ച വിഭാഗങ്ങളില്‍ നിന്നു രക്ഷപ്പെടാനായി എന്നെന്നും പിടിച്ചുനില്‍ക്കാന്‍ ‘സുന്നത്തി’നു പുറമെ നബി(സ) കല്‍പിച്ച ‘ജമാഅത്ത്’ കൊണ്ട് ഉദ്ദേശ്യമെന്താണെന്നു നോക്കാം.
നബി(സ) പറഞ്ഞു: ”എന്റെ സുന്നത്തും എന്റെ ഖലീഫമാരുടെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് ആ സുന്നത്തിനെ നിങ്ങള്‍ കടിച്ചു പിടിക്കുക.” (തുര്‍മുദി) ”നിങ്ങള്‍ ജമാഅത്ത് (ഇജ്മാഅ്) മുറുകെ പിടിക്കണം.” (അബൂദാവൂദ്) ”വല്ലവനും അല്‍പമെങ്കിലും ജമാഅത്തില്‍ നിന്നു വേര്‍പിരിഞ്ഞാല്‍ അവന്‍ ഇസ്‌ലാമിന്റെ താലി തന്റെ കഴുത്തില്‍നിന്ന് പൊട്ടിച്ചെറിഞ്ഞവനാകും.” (അഹ്മദ്)
നബി(സ)യുടെ സുന്നത്ത് ശരിക്കും വ്യക്തമാകുന്നത് അവിടത്തെ ഖലീഫമാരുടെ കാലത്തായതുകൊണ്ടാണ് ഖുലഫാഇന്റെ സുന്നത്തിനെ കൂടി മുമ്പ് വിവരിച്ച ഹദീസില്‍ ചേര്‍ത്തിപ്പറഞ്ഞത്. അല്ലാതെ ഖുലഫാഇന്റെ സുന്നത്ത് എന്ന ഒരു പ്രത്യേക പ്രമാണമില്ല.
ലോക മുസ്‌ലിംകളുടെ ഏകോപനമാണ് ‘ജമാഅത്ത്’ എന്നതുകൊണ്ടു വിവക്ഷ. അതുതന്നെയാണ് ഇജ്മാഅ്. ഇതും ഖുര്‍ആന്‍, സുന്നത്ത് പോലെ ഖണ്ഡിത പ്രമാണമാണ്. നബി(സ)യുടെ വഫാതിനുശേഷം ഏതെങ്കിലും വിഷയത്തില്‍ ഒരു കാലത്തെ ഗവേഷണയോഗ്യതയുള്ള പണ്ഡിതര്‍ മുഴുവനും ഏകോപിക്കുക എന്നതാണ് സാങ്കേതികമായി ഇജ്മാഇന്റെ നിര്‍വചനം. (ജംഅ്: 2/176)
ജമാഅത്തിനെ നിങ്ങള്‍ മുറുകെ പിടിക്കുക എന്നു നബി(സ) തങ്ങള്‍ പ്രസ്താവിച്ചതും ജമാഅതുല്‍ മുസ്‌ലിമീന്‍ എന്നു ഇമാം ശാഫിഈ(റ) വിശദീകരിച്ചതും ‘അഹ്‌ലുല്‍ ഹല്ലി വല്‍അഖ്ദ്’ എന്നു ഇമാം റാസി, ഹാഫിള് ഇബ്‌നു ഹജര്‍(റ) വ്യാഖ്യാനിച്ചതും ‘അഹ്‌ലുല്‍ ഇല്‍മി’ എന്നു ഇമാം ബുഖാരി(റ) പറഞ്ഞതും തത്വത്തില്‍ ഒന്നുതന്നെയാണ്.
ഹദീസില്‍ പറഞ്ഞ’അല്‍ജമാഅത്ത്’ കൊണ്ടു വിവക്ഷ സ്വഹാബത്ത് മാത്രമാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. താബിഈ പണ്ഡിതരുടെ ഉദ്ധരണികളില്‍ നിന്നു പിഴച്ചു മനസ്സിലാക്കിയതുകൊണ്ടാണ് തെറ്റിദ്ധാരണയുണ്ടാവുന്നത്. താബിഉകളെ അപേക്ഷിച്ച് ‘അല്‍ജമാഅത്തി’ന്റെ ഉദ്ദേശ്യം സ്വഹാബത്തു മാത്രമാണല്ലോ.
ഇജ്മാഅ് ഖണ്ഡിത പ്രമാണമാണ്. മറ്റൊരു വ്യാഖ്യാനത്തിനു പഴുതില്ലാത്ത വിധം ആശയവും ഉദ്ദേശ്യവും ഇന്നതെന്നു വ്യക്തമായതാണ് ഖണ്ഡിത പ്രമാണം. മറിച്ചൊരു വ്യാഖ്യാനത്തിനു പഴുതില്ലാത്ത ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മൊഴികളും ഖണ്ഡിത പ്രമാണമാണ്. ഇത്തരം ഖണ്ഡിത പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടത് ദീനിന്റെ ഉസൂലാണ്, വിശ്വാസ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ ശരീഅത്തിന്റെ ബാധ്യതയുള്ള എല്ലാവരും അറിയേണ്ടതും വിശ്വസിക്കേണ്ടതുമാണ്. ഇവ അറിയാത്തതില്‍ ഒരാള്‍ക്കും വിട്ടുവീഴ്ചയില്ല. പണ്ഡിതനും സാധാരണക്കാരനും വിശ്വസിച്ചിരിക്കണം.
എല്ലാവരും അറിഞ്ഞിരിക്കേണ്ട വിശ്വാസകാര്യങ്ങള്‍ രണ്ടുവിധമുണ്ട്. വിശ്വസിച്ചില്ലെങ്കില്‍ ദീനില്‍ നിന്നു പുറത്തുപോകുന്നതും പുറത്തുപോകാത്തതും. നബി(സ) തങ്ങളുടെ ദീനിന്റെ കാര്യമെന്ന് ഏവരും അനിഷേധ്യവും വ്യക്തവുമായി അറിയുന്നത് (ളറൂറിയ്യായി അറിയപ്പെട്ടത്) നിരാകരിക്കുന്നവന്‍ കാഫിറാകും. ഖണ്ഡിത പ്രമാണം കൊണ്ടു തെളിഞ്ഞതാണെങ്കില്‍ ളറൂറിയ്യായി അറിയപ്പെടാത്തതു നിഷേധിച്ചാല്‍ കാഫിറാവില്ലെങ്കിലും വിശ്വാസം പിഴച്ചവനാകും. (മുബ്തദിഅ്)
ഇജ്മാഉള്ള കാര്യങ്ങള്‍ മുഴുവനും ദീനിന്റെ ഉസൂലാണ്. നാലു മദ്ഹബിലും ഇജ്മാഉള്ള കാര്യം ഫുറൂഅ് (ശാഖാപരം) അല്ല; ഉസൂലാണ്. വിശ്വാസപരം, അത്തരം കാര്യങ്ങള്‍ നിഷേധിച്ചവന്‍ നന്നേ ചുരുങ്ങിയത് മുബ്തദിഅ് ആകും. നാലാലൊരു മദ്ഹബ് സ്വീകരിക്കേണ്ട എന്നു വിശ്വസിക്കുന്നവനും മുബ്തദിഉ ആണ്. കാരണം, അവന്‍ തത്വത്തില്‍ ഇജ്മാഇനെ നിഷേധിച്ചു. (അസ്സ്വവാഹിഖുല്‍ മുഹ്‌രിഖ 89 നോക്കുക.)
അഹ്‌ലുല്‍ ഖുര്‍ആന്‍
വിശ്വാസ ശരണിയില്‍ സുന്നത്തും ഇജ്മാഉം പോലെത്തന്നെ ഖുര്‍ആനും പ്രമാണമാണ്. ഇവ മൂന്നും മുറുകെ പിടിക്കുന്നവരാണ് സുന്നികള്‍. വസ്തുത ഇതായിരിക്കെ വിവേചക നാമത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ന സ്ഥാനത്ത് അഹ്‌ലുല്‍ ഖുര്‍ആനി…. എന്ന് എന്തുകൊണ്ടു പറഞ്ഞില്ല? പറയേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍, ഖുര്‍ആന്‍ എന്ന സത്യപ്രമാണത്തെ നിരാകരിച്ചുകൊണ്ട് ഈ സമുദായത്തിനകത്ത് ഒരു കക്ഷിയും വരാനിടയില്ല പ്രത്യുത, സുന്നത്ത്, ജമാഅത്ത് എന്നീ രണ്ട് സത്യപ്രമാണങ്ങളെ അപ്പടി നിഷേധിക്കുകയോ തത്വത്തില്‍ നിരാകരിക്കുകയോ ചെയ്യുന്നവര്‍ ഈ സമുദായത്തില്‍ ധാരാളം പ്രത്യക്ഷപ്പെടും. ഖുര്‍ആനിക പ്രമാണം കൊണ്ട്  അവരീ നിരാകരണത്തിന് ന്യായീകരണവും നടത്തും. ഇതുകൊണ്ടാണ് മൂന്ന് പ്രമാണങ്ങളില്‍ നിന്ന് സുന്നത്ത്, ഇജ്മാഅ് എന്നീ രണ്ടു പ്രമാണങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് ഭിന്നിപ്പും ചേരിതിരിവും ഉണ്ടാകുമ്പോള്‍ ഇതു രണ്ടും മുറുകെ പിടിക്കണമെന്ന് നബി(സ) തങ്ങള്‍ പ്രസ്താവിച്ചത്. ഇക്കാരണത്താല്‍ തന്നെ വിവേചക നാമത്തില്‍ നിന്നു ഖുര്‍ആന്‍ എന്നത് ഒഴിവാക്കിയതും. ചുരുക്കത്തില്‍ അഹ്‌ലുസുന്നഃ എന്നാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്നാണ്.
തത്വത്തില്‍ ഇജ്മാഅ്
ഹിജ്‌റ നാലാം നൂറ്റാണ്ടു മുതല്‍ സ്വതന്ത്ര ഗവേഷകരായ മുജ്തഹിദ് ഇല്ലാത്തതിനാല്‍ ഗവേഷണത്തിനു പഴുതില്ല. അതുകൊണ്ട് തന്നെ ക്രോഡീകൃതമായ നാലാലൊരു മദ്ഹബ് അനുകരിക്കുക എന്ന നിലപാടില്‍ എല്ലാ മുസ്‌ലിംകളും ഉറച്ചുനിന്നു. അങ്ങനെ നാലാലൊരു മദ്ഹബ് അനുകരിക്കണമെന്നതു ലോക മുസ്‌ലിംകളുടെ ഇജ്മാഅ് ആയി മാറി. ഇതിനു ‘കല്‍ഇജ്മാഅ്’ (തത്വത്തില്‍ ഇജ്മാഅ്) എന്ന് പറയും. (തുഹ്ഫ 10/110, ഫത്ഹുല്‍ മുഈന്‍ 484 നോക്കുക.)
ബിദ്അത്തിനെതിരെ ആഞ്ഞടിച്ച സുന്നി സരണി വെട്ടിത്തെളിയിച്ചു തന്ന രണ്ട് ഇമാമുകളാണ് ഇമാം അശ്അരി(റ)യും മാതുരിദി(റ)യും. ഈ രണ്ട് ഇമാമുകളെ അവലംബിച്ച് വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നവരെ അഹ്‌ലുസ്സുന്ന എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു. ഇബ്‌നുഹജര്‍(റ) പ്രസ്താവിക്കുന്നു: ”പില്‍കാലത്ത് അഹ്‌ലുസ്സുന്നത്ത് എന്നാല്‍ ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ)യും അബുല്‍ മന്‍സൂറിനില്‍ മാതുരീദി(റ)യും അവരെ അനുഗമിച്ചവരും എന്നാണ് ഉദ്ദേശ്യം.” (തുഹ്ഫ 10/235)
നാലാലൊരു മദ്ഹബ് അനുകരിക്കല്‍ നിര്‍ബന്ധമെന്ന ഇജ്മാഉ അടക്കമുള്ള മുജ്തഹിദുകളുടെ ഏകകണ്ഠമായ നിലപാടുകള്‍ വിശ്വസിക്കുന്നവനാണ് അഹ്‌ലുസ്സുന്ന. അപ്പോള്‍ സുന്നികള്‍ മുഴുവനും അശ്അരി, മാതുരിദീ എന്നീ സരണികളില്‍ ഒന്നു മാത്രം വിശ്വസിക്കുകയും സ്വീകരിക്കുകയും കര്‍മപരമായി നാലാലൊരു മദ്ഹബ് പിന്‍പറ്റുന്നവരുമായിരിക്കും. അല്ലാത്തവര്‍ സുന്നികളല്ല.
മുസ്‌ലിം ലോകം അംഗീകരിച്ച ഖണ്ഡിത രേഖയായ ഇജ്മാഇനു ഖുര്‍ആനില്‍ തെളിവുണ്ടോയെന്ന് ഇമാം ശാഫിഈ(റ)യോട് ചോദിക്കപ്പെട്ടപ്പോള്‍ മുന്നൂറു പ്രാവശ്യം ഖുര്‍ആന്‍ പാരായണം ചെയ്ത ശേഷം നിസാഅ് സൂറത്തിലെ 115-ാം സൂക്തം തെളിവായി എത്തിച്ചു. (റാസി 11/43)
സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും നബി(സ) തങ്ങളോട് എതിരാവുകയും മുഅ്മിനീങ്ങള്‍ സ്വീകരിച്ചതല്ലാത്ത മര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവനേറ്റെടുത്തതിന്റെ ഭാരം അവനെത്തന്നെ നാം ഏല്‍പ്പിക്കും. അവനെ നാം നരകത്തിലേക്ക് ചേര്‍ക്കും. അതു ചെന്നു ചേരുന്ന സ്ഥലങ്ങളില്‍ വെച്ച് ഏറ്റവും ചീത്തയാവുന്നു എന്ന ആശയമുള്‍കൊള്ളുന്നതാണ് ഉപര്യുക്ത സൂക്തം.
മുഅ്മിനീങ്ങളുടെ മാര്‍ഗം വലിച്ചെറിഞ്ഞവര്‍ക്ക് കനത്ത താക്കീതതിലുണ്ട്. ഇജ്മാഅ് വിരുദ്ധ വാദങ്ങള്‍ വെച്ച് പുലര്‍ത്തുകവഴി സര്‍വ്വ ബിദഇകളും മുഅ്മിനീങ്ങളുടെ പരമ്പരാഗത വഴി തള്ളിപ്പറഞ്ഞവരാണ്.
അതുകൊണ്ടാണവര്‍ പിഴച്ചുപോയതും അവരുടെ വിശ്വാസം തെറ്റായതും. ബിദ്അത്തു എത്രയോ ഭീകരവും കടുത്ത തെറ്റുമാണ്. നബി(സ) പറഞ്ഞു: ‘ബിദ്അത്തുകാരന്‍ എന്ന നിലയ്ക്ക് ഒരു വ്യക്തിയെ ബഹുമാനിച്ചയാള്‍ ഇസ്‌ലാം മതത്തെ പൊളിക്കാന്‍ സഹായിച്ചു.”

കറാമത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ

  കറാ മത്ത് ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ..... തുടങ്ങി എല്ലാ അൽഭുതങ്ങളും കറാമത്തായി സംഭവിക്കും - ഇമാം നവവി റ وفيه أن ...