📚
*പലിശ മഹാ പാതകം*
✍
_അഷ്റഫ് സഖാഫി, പള്ളിപ്പുറം_
_______________________________
'പോത്ത്' ഭക്ഷ്യയോഗ്യമാണ് - എന്നത് കൊണ്ട് 'ചെമ്പോത്ത്' തിന്നാൻ പറ്റുമെന്ന് പറയാൻ പാടില്ല. രണ്ടും ഒരേ വർഗ്ഗമാണെന്ന്, കേട്ടാൽ തോന്നുമെങ്കിലും ചേർത്ത് പറയാനാവാത്ത വിധം വ്യത്യാസമുണ്ട്. ഈ രണ്ടിനെയും വേർതിരിച്ച് അറിഞ്ഞിട്ട് മാത്രമേ നിയമം പറയാവൂ. ഇസ്‌ലാമിൻ്റെ നിയമങ്ങൾ അല്ലാഹുവിൻ്റെ നിയമങ്ങളാണ്. അവ തെറ്റിച്ച് പറഞ്ഞാൽ അത് അല്ലാഹുവിൻ്റെ മേൽ കളവ് പറഞ്ഞ അപരാധമാണുണ്ടാവുക. ഇങ്ങനെ കർമ്മ കാര്യങ്ങളിലെ വിധി പ്രസ്താവ്യം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയും വേണമെന്ന് ഖുർആൻ അധ്യാപനത്തിൽ നിന്ന് തന്നെ വായിക്കാം:
{ وَلا تَقولوا لِما تَصِفُ أَلسِنَتُكُمُ الكَذِبَ هذا حَلالٌ وَهذا حَرامٌ لِتَفتَروا عَلَى اللَّهِ الكَذِبَ إِنَّ الَّذينَ يَفتَرونَ عَلَى اللَّهِ الكَذِبَ لا يُفلِحونَ }[ النحل: ١١٦ ]
പറഞ്ഞു വരുന്നത്, പലിശ എന്ന മഹാപാപത്തെ സംബന്ധിച്ചാണ്. ജനങ്ങൾ പറഞ്ഞു വരുന്നതെല്ലാം ഇസ്‌ലാമിലെ പലിശയാവില്ലെന്നും, പൊതുവെ മിക്കപേരും അശ്രദ്ധരായ, ഇസ്‌ലാമിലെ പലിശയുടെ ഇനങ്ങളെക്കുറിച്ചും കൃത്യമായി ബോധവൽക്കരണം അത്യാവശ്യമാണ്. വിശ്വാസികൾ, പേരിലും കാര്യത്തിൻ്റെ കൃത്യതയിലും ശ്രദ്ധിച്ചേ മതിയാവൂ എന്നതിനാണ് 'പോത്തും' 'ചെമ്പോത്തും' ഉദാഹരിച്ചത്. ഇസ്‌ലാമിൽ പലിശയാവാത്തത് പലിശയാണെന്ന് തെറ്റിദ്ധരിക്കുന്നതിലെ അപകടവുമാണ് ഉണർത്തിയത്. അതിനാൽ രിബാ ഹറാമാണ് എന്ന് പഠിക്കുന്ന പോലെ, എന്താണ് രിബാ, ഏതൊക്കെയാണ് ഇവയിൽ ഉൾപെടുക എന്നും കൃത്യമാക്കേണ്ടതുണ്ട്.
ഉമർ(റ) പറയാറുണ്ടായിരുന്നു:
لَا يَتَّجِرْ فِي سُوقِنَا إلَّا مَنْ فَقِهَ أَكْلَ الرِّبَا. اهـ
"പലിശയുടെ നിയമങ്ങൾ അറിഞ്ഞിട്ടല്ലാതെ കച്ചവടത്തിനിറങ്ങരുത്."
അലി (റ) പറഞ്ഞതിങ്ങനെ:
مَنْ اتَّجَرَ قَبْلَ أَنْ يَتَفَقَّهَ ارْتَطَمَ فِي الرِّبَا ثُمَّ ارْتَطَمَ ثُمَّ ارْتَطَمَ أَيْ وَقَعَ وَارْتَبَكَ وَنَشَبَ. اهـ
" ഇസ്‌ലാമിലെ ഇടപാടു സംബന്ധിച്ച നിയമങ്ങൾ അറിയാതിരുന്നാൽ പലിശയിൽ ചെന്ന് വീഴും. അത് ആവർത്തിച്ച് ഗൗരവമേറിയ തെറ്റുകളിൽ പെട്ടുപോകാൻ കാരണമാകും "
*പലിശയുടെ ഗൗരവം*
വിശുദ്ധ ഖുർആനിൽ, അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ച ഒരേയൊരു വിഭാഗം പലിശക്കാരാണ്.
{ فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ(٢٧٨) فَإِن لَم تَفعَلوا فَأذَنوا بِحَربٍ مِنَ اللَّهِ وَرَسولِهِ وَإِن تُبتُم فَلَكُم رُءوسُ أَموالِكُم لا تَظلِمونَ وَلا تُظلَمونَ }[البقرة: ٢٧٨ - ٢٧٩ ]
അല്ലാഹുവിൻ്റെ ഔലിയാക്കളെ വേദനിപ്പിച്ചും മറ്റും ബുദ്ധിമുട്ടാക്കുന്നവരോടും യുദ്ധം ചെയ്യുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. വഫാതായ മഹാന്മാരെ പ്രയാസപ്പെടുത്തുന്നതും ഈ ശിക്ഷയർഹിക്കുമെന്ന് ഇമാമുകൾ പറയുന്നു. ഇതിന്റെ ഭവിഷത്ത് മരണസമയത്തെ അപകടാവസ്ഥയാണെന്നും, അത് പലിശക്കാരുടെ മേൽ കൂടുതൽ സാധ്യതയുണ്ടെന്നും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മുൻ കഴിഞ്ഞ ഒരു സമുദായത്തിലും പലിശ അനുവദിച്ചു നൽകിയിട്ടില്ല. മാനവ കുലത്തിൽ തന്നെ തെറ്റായ കാര്യമാണിതെന്ന് സാരം.
( തുഹ്ഫഃ, ശർവാനി സഹിതം - 4/272 )
ഇമാം മാലിക്(റ) പറഞ്ഞു: കള്ള് അകത്താകുന്നതിനേക്കാൾ അപകടമാണ് പലിശ മുഖേന തിന്നുന്നത്. (മുഗ്‌നി - 2/ 364)
*ഇസ്‌ലാമിലെ പലിശ*
ഖുത്വുബഃ ഒരു പ്രസംഗമാണെങ്കിലും എല്ലാ പ്രസംഗവും ഖുത്വുബഃയാവുന്നില്ല. നോമ്പ്, ഭക്ഷണം കഴിക്കാതിരിക്കലാണെങ്കിലും എല്ലാ പട്ടിണിയും നോമ്പാവുന്നില്ല. ഇനി, എല്ലാവരും ഉപയോഗിക്കുന്ന 'കളക്ടർ' എന്ന വാക്കിനർത്ഥം, ശേഖരിക്കുന്നവൻ, സ്വരൂപിക്കുന്നവൻ എന്നാണ്. ഇത് ആക്രി പെറുക്കുന്നവന് വെച്ച് കൊടുത്താലോ ? അഥവാ, പദത്തിന് ഭാഷാർത്ഥമുണ്ടെങ്കിലും സാങ്കേതികമായി ഉപയോഗിക്കുമ്പോൾ അതിന് പ്രത്യേകമായ നിർവ്വചനവും കണ്ടീഷനുകളും വരുന്നു. തൽഫലം ഭാഷാർത്ഥത്തേക്കാൾ സങ്കുചിതമായ പ്രത്യേക അർത്ഥം ലഭിക്കുന്നു. ഇത് സാങ്കേതിക നാമങ്ങളുടെ പ്രത്യേകതയാണെന്ന് ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട്:
شَأْنُ الْمُصْطَلَحَاتِ الْعُرْفِيَّةِ مُخَالَفَتُهَا لِلْحَقَائِقِ اللُّغَوِيَّةِ وَكَوْنُهَا أَخَصَّ مِنْهَا كَالْحَمْدِ وَالصَّلَاةِ عُرْفًا. اهـ (تحفة: ١/١٨)
വളരെ വ്യക്തമായ ഇക്കാര്യം, പലിശയുടെ കാര്യത്തിലുമുണ്ട്. ഇതിനെ ശരീഅതിലെ ഒരു സാങ്കേതിക പദമായിട്ട് തന്നെ കാണണം.
കടം നൽകിയ വ്യക്തി, സ്വത്ത് തിരിച്ചു തരുന്നതിന് പുറമെ, തനിക്ക് എന്തെങ്കിലും ഒരു ഉപകാരം നിബന്ധന വെക്കുന്നത് പലിശയാണ്. ആ ഇടപാട് നിഷിദ്ധവും, ആ ഉപകാരം സ്വീകരിക്കുന്നത് പലിശ വാങ്ങലുമാണ്. 'കടപ്പലിശ' എന്ന പേരിലുള്ള ഈ ഒരെണ്ണം മാത്രമേ പലരും മനസ്സിലാക്കിയിട്ടുള്ളൂ. പലിശയെക്കുറിച്ച് പ്രത്യേകം ഹെഡ്ഡിംഗ് നൽകി വിവരിച്ചത് വേറെയുണ്ട്. നോക്കാം:
*പലിശകൾ മൂന്ന് തരം*
രിബാ നസാഅ്
രിബാ യദ്
രിബാ ഫള്ല്
സ്വർണ്ണം - വെള്ളി - ഭക്ഷ്യവസ്തുക്കൾ; ഈ മൂന്ന് കാര്യങ്ങളിൽ ഇടപാട് നടത്തുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട കണ്ടീഷനുകളുണ്ട്. അവ പാലിക്കാതെ ഇടപാട് നടത്തുമ്പോൾ വരുന്നതാണ് മേൽ പറഞ്ഞ പലിശകൾ.
സ്വർണ്ണം, വെള്ളി, ഭക്ഷ്യ വസ്തുക്കളായ അരി, ഗോതമ്പ്, ഈത്തപ്പഴം, മുന്തിരി, ഉപ്പ്, മാംസം, വെള്ളം, മരുന്ന് തുടങ്ങിയവ പരസ്പരം കൈമാറ്റം ചെയ്യുന്നു, ഇരു ഭാഗത്തും ഒരേ ഇനങ്ങളുമാണ് (ഉദാ: സ്വർണ്ണം സ്വർണ്ണത്തിന് പകരം, അരി അരിക്ക് പകരം) എങ്കിൽ
നിർബന്ധമായും പാലിക്കേണ്ട ശർത്വുകൾ മൂന്നെണ്ണമാണ്:
حلول
അവധി നിശ്ചയിക്കാതിരിക്കുക
مماثلة
അളവിൽ തുല്യമായിരിക്കുക
تقابض
ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.
ഇവ ഇടപാടിൻ്റെ നേരത്ത് (സ്വുൽബുൽ അഖ്ദിൽ) പാലിക്കാനാണ് നിർദേശം. തത്സമയത്ത് ഇവ വ്യത്യാസപ്പെടുത്തിയാൽ പലിശയായി. അഥവാ, അവധി പറഞ്ഞാൽ 'രിബാ നസാഅ്', അളവിൽ വ്യത്യാസം വന്നാൽ 'രിബാ ഫള്ല്', സ്ഥലത്ത് നിന്ന് വസ്തു കൈപറ്റാതെ പോയാൽ 'രിബാ യദ്'.
'കടപ്പലിശ' യഥാർത്ഥത്തിൽ അളവിൽ വ്യത്യാസം വരുത്തുന്നു എന്നതിനാൽ അവയെ 'രിബാ ഫള്ലി'ൽ ചേർത്തിയാണ് പറയുക.
ഇനി മേൽ പറഞ്ഞവയിൽ, ഇനം വ്യത്യാസപ്പെട്ട് കൈമാറ്റം ചെയ്യുമ്പോൾ ( ഉദാ: സ്വർണ്ണം വെള്ളിക്ക് പകരം, അരി ഗോതമ്പിന് പകരം ) മേൽ പറഞ്ഞ രണ്ട് നിബന്ധനകളേ ഇടപാടിൻ്റെ നേരത്ത് പാലിക്കേണ്ടതുള്ളൂ:
حلول
അവധി നിശ്ചയിക്കാതിരിക്കുക
تقابض
ഇടപാട് നടത്തിയ സ്ഥലത്ത് വെച്ച് തന്നെ കൈമാറ്റം നടത്തുക.
ഇവയിൽ വ്യത്യാസപ്പെടുത്തിയാൽ മേൽ പറഞ്ഞ പലിശ വരികയും ഇടപാട് നിഷിദ്ധമാവുകയും ചെയ്യും. എന്നാൽ, സ്വർണ്ണം / വെള്ളി ഇവയും, മറ്റു ഭക്ഷ്യ വസ്തുക്കളും തമ്മിൽ കൈമാറ്റം ചെയ്യുമ്പോൾ ഈ മൂന്ന് കണ്ടീഷനുകളും ബാധകമല്ല. പലിശ വരുന്നതുമല്ല. ഇടപാടുകൾ ഹറാമാകുന്ന ചതി, വഞ്ചന, സ്വന്തം ഉടമസ്ഥയിലില്ലാത്തത് വിൽക്കുക, അളവും തൂക്കവും നിർണ്ണയിക്കാതിരിക്കുക തുടങ്ങിയ എല്ലാ കച്ചവടങ്ങൾക്കുമുള്ള കണ്ടീഷനുകൾ ശ്രദ്ധിക്കണമെന്ന് മാത്രം.
_അവധി നിശ്ചയിക്കൽ_
ഇടപാടിൻ്റെ നേരത്ത് കുറഞ്ഞ സമയത്തിനാണെങ്കിൽ പോലും അവധി പറയാൻ പറ്റില്ല. ഇരുവരും സദസ്സ് പിരിയും മുമ്പ് കൈമാറ്റം നടത്തിയിട്ടുണ്ടെങ്കിലും അതിന് മുമ്പ് അവധി നിശ്ചയിച്ചത് പ്രശ്നമാകും.
ഉദാ: A സ്വർണ്ണം B ക്ക് വിൽക്കുന്നു, B പകരം നൽകുന്ന സ്വർണ്ണം / വെള്ളി അഞ്ച് മിനിറ്റ് കഴിഞ്ഞേ തരികയുള്ളൂ എന്ന് പറയുന്നു. ഈ സമയം നിശ്ചയിക്കൽ പ്രശ്നമാണ്. അത് പരിഗണിക്കാതെ, ഉടനെ തന്നെ B തരാമെന്നേറ്റ സ്വർണ്ണം / വെള്ളി നൽകിയാലും,
حلول
എന്ന കണ്ടീഷൻ തെറ്റിച്ചതിനാൽ പലിശ വരുന്നു.
_അളവിൽ തുല്യമാവൽ_
സ്വർണ്ണവും വെള്ളിയും തൂക്കത്തിലും, ഭക്ഷ്യവസ്തുക്കൾ ലിറ്റർ അളവിലുമാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ഇക്കാലത്ത് ഭക്ഷണ സാധനങ്ങളെല്ലാം തൂക്കം അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നുവെങ്കിലും അത് തെറ്റല്ല. പലിശ വരുമോ ഇല്ലേ എന്നതിലെ അടിസ്ഥാനം നിർണ്ണയിക്കപ്പെട്ട അളവുകളായിരിക്കണം. മൂല്യം, പണിക്കൂലി എന്നിവ മേൽ അളവിനോടൊപ്പം പരിഗണിക്കുകയില്ല. സ്വർണത്തിലും വെള്ളിയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണിത് (തുഹ്ഫഃ - 4/279)
ചെറു വിവരണമേ ഉദ്ദേശിച്ചുള്ളൂ. വിശദീകരണം വേണ്ടവർ അറിവുള്ളവരെ സമീപിച്ച് പഠിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അല്ലാഹു അവന്റെ ഇഷ്ടക്കാരിൽ നമ്മെ ചേർക്കട്ടെ - ആമീൻ.
💫
No comments:
Post a Comment