📚
*ബിദ്അതാരോപണം;*
*ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*
(ഭാഗം - 7)
✍️
_അശ്റഫ് സഖാഫി, പള്ളിപ്പുറം._
__________________________
എല്ലാ പണ്ഡിതന്മാരുടെയും ഏകോപനമാണല്ലോ ഇജ്മാഅ്. മുജ്തഹിദുകളുടെ മാത്രം ഏകോപനമെന്ന് പറഞ്ഞത് ഉസ്വൂലുൽ ഫിഖ്ഹിലെ വിശദീകരിമാണ്. ഇജ്തിഹാദ് ചെയ്യേണ്ട കാര്യം അവർക്കല്ലേ അറിയൂ. എന്നാൽ ഗവേഷണാത്മകമല്ലാത്ത, വിശ്വാസകാര്യം രൂപപ്പെടുന്നതിലും നിഷേധിക്കാൻ പാടില്ലാത്ത വിഷയത്തിലും, എക്കാലത്തുമുള്ള പണ്ഡിതന്മാരുടെയെല്ലാം ഏകോപനം പരിഗണിക്കേണ്ടതുണ്ട്. ശുഹ്റത് ഇല്ലാത്ത പണ്ഡിതരുടെ വീക്ഷണങ്ങൾ വരെ മാനിക്കണമെന്ന് കഴിഞ്ഞ കുറിപ്പിൽ (ഭാഗം - 5 ) വ്യക്തമാക്കിയല്ലോ. പക്ഷേ, കിതാബുകളിൽ കാണുന്ന എല്ലാ ഖിലാഫുകളും പരിഗണനീയമാകണം എന്നില്ല. ചിലപ്പോൾ ഇജ്മാഅ് സ്ഥിരപ്പെടും മുമ്പുള്ള ഖിലാഫുകൾ അതേപടി ഉദ്ധരിച്ചതാവാം. അല്ലെങ്കിൽ ഇജ്മാഅ് സ്ഥിരപ്പെട്ട വിവരം ലഭിക്കാതെ പറഞ്ഞതാവാം. അതുമല്ലെങ്കിൽ, ഇജ്മാഇൻ്റെ സ്ഥിരീകരണവുമായി ബന്ധപ്പെട്ട വീക്ഷണ വ്യത്യാസത്തിൻ്റെ പേരിലാകാം. അഥവാ, ഇജ്മാഇൽ പരിഗണിക്കപ്പെട്ടവരുടെയെല്ലാം വഫാത് വരെ കാത്തിരിക്കണമെന്നും അതിനു ശേഷമേ ആ ഏകോപനം സ്ഥിരീകരിക്കാവൂ എന്നും ചിലർ വാദിച്ചു. വഫാതിന് മുമ്പ് അതിൽ പെട്ട ആരെങ്കിലും തങ്ങളുടെ വീക്ഷണത്തിൽ നിന്ന് മാറാനുള്ള സാധ്യതയാണ് അവർ ഗൗനിച്ചത്. പക്ഷെ, അത് പ്രബലമല്ല. ഇജ്മാഅ് നിഷേധം ഏതൊരു കാരണം കൊണ്ടാണോ നിഷിദ്ധമായത്, അതേ ന്യായം ഏകോപന സമയത്ത് തന്നെ ഉണ്ടല്ലോ. പിന്നീട് വീക്ഷണം പറഞ്ഞവർക്ക് പോലും അവരുടെ അഭിപ്രായത്തിൽ നിന്ന് മാറാൻ പറ്റില്ല. ആ അപ്രബലമായ ന്യായത്തെ തുടർന്നുണ്ടായ ഖിലാഫുകളും ഉദ്ധരിക്കപ്പെട്ടേക്കാം.
അനന്തരാവകാശ നിയമത്തിലെ 'മസ്അലതുൽ ഔലു'മായി ബന്ധപ്പെട്ട കാര്യത്തിൽ, സ്വഹാബതിൻ്റെ ഇജ്മാഅ് വന്നതിന് ശേഷവും ഇബ്നു അബ്ബാസ്(റ) തങ്ങളുടെ വീക്ഷണത്തിൽ നിന്ന് മാറിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച്, ഇബ്നു ഹജർ(റ) ന്യായം പറഞ്ഞത്, വഫാത് വരെ കാത്തിരിക്കണമെന്ന സാധ്യതയെ കൂട്ടുപിടിച്ചാണ്:
ثُمَّ خَالَفَ فِيهِ ابْنُ عَبَّاسٍ - رَضِيَ اللَّهُ عَنْهُمَا - وَكَأَنَّهُ مِمَّنْ يَرَى أَنَّ شَرْطَ انْعِقَادِ الْإِجْمَاعِ الَّذِي تَحْرُمُ مُخَالَفَتُهُ انْقِرَاضُ الْعَصْرِ. اه
(تحفة: ٦/٤٣١)
മറ്റൊരു വിഷയത്തിൽ അലീ(റ)വിൽ നിന്നും ഇത്തരത്തിൽ ഒരു വീക്ഷണം വന്നതും ഉബൈദതുസ്സൽമാനീ(റ) ഇതിനെതിരെ വിമർശനം പറഞ്ഞതും തുടർന്ന് ഇബ്നു ഹജർ(റ) ഉദ്ധരിക്കുന്നുണ്ട്. ഖിലാഫുകൾ വരുന്നതിൻ്റെ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. ഇപ്രകാരം, ഇനി വിവരിക്കുന്ന അനുകരിക്കാൻ പറ്റാത്ത ഖിലാഫുകൾ പറഞ്ഞത് തെറ്റായിപ്പോയെന്ന് കരുതിക്കൂടാ. അവർക്ക് ന്യായമുണ്ടായേക്കാം. പക്ഷേ, നമുക്ക് അവകളെ അനുകരിക്കാൻ പറ്റില്ലെന്നത് വ്യക്തം.
അല്ലാഹുവിൻ്റെ റഹ്‌മത് എന്ന് പറയാം, എല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തി ഇമാമുകൾ കതിരും പതിരും വേർതിരിച്ച് തന്നല്ലോ.
*എല്ലാ ഖിലാഫുകളും പരിഗണനീയമല്ല*
________________________
ദീനിലെ അടിസ്ഥാന ഘടകവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ കാര്യമാണ് സകാത്. അത് നിഷേധിച്ചാൽ കുഫ്റ് വരും. ഇപ്രകാരം തന്നെ, അടിസ്ഥാന കാര്യമല്ലാത്ത ചിലതിനെ നിഷേധിക്കുന്നതിലൂടെയും ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകേണ്ടി വരും. ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു:
وَالْأَصْلُ فِي وُجُوبِهَا - اي الزكاة - الْكِتَابُ... وَالسُّنَّةُ وَالْإِجْمَاعُ بَلْ هُوَ مَعْلُومٌ مِنْ الدِّينِ بِالضَّرُورَةِ فَمَنْ أَنْكَرَ أَصْلَهَا كَفَرَ، وَكَذَا بَعْضُ جُزْئِيَّاتِهَا الضَّرُورِيَّةِ. اه (تحفة: ٣/٢٠٩)
എന്നാൽ അത്തരം അടിസ്ഥാന കാര്യമല്ലാത്ത കാര്യങ്ങൾ, വീക്ഷണ വ്യത്യാസമുള്ളതാണെങ്കിൽ, നിഷേധിച്ചത് കൊണ്ട് 'കുഫ്റ്' വരുന്നില്ല. എന്ന് കരുതി എല്ലാ വീക്ഷണ വ്യത്യാസങ്ങളെയും പരിഗണിക്കാനാവുകയുമില്ല. ഇബ്നു ഹജർ(റ)യുടെ മേൽ വാക്യത്തെ ഇപ്രകാരം വിശദീകരിച്ചത് കാണാം:
(قَوْلُهُ، وَكَذَا بَعْضُ جُزْئِيَّاتِهَا الضَّرُورِيَّةِ) أَيْ: دُونَ الْمُخْتَلَفِ فِيهِ كَوُجُوبِهَا فِي مَالِ الصَّبِيِّ وَمَالِ التِّجَارَةِ نِهَايَةٌ زَادَ الْعُبَابُ وَفِطْرَةٍ اهـ قَالَ شَيْخُنَا وَلَيْسَ زَكَاةُ الْفِطْرِ مِنْهُ؛ لِأَنَّ خِلَافَ ابْنِ اللَّبَّانِ فِيهَا ضَعِيفٌ جِدًّا فَلَا عِبْرَةَ بِهِ. اه (شرواني)
വീക്ഷണ വ്യത്യാസമുള്ളത് നിഷേധിച്ചാൽ കുഫ്റ് വരില്ലെന്ന് പറഞ്ഞതിന്, ഫിത്വ് ർ സകാതിനെ ഉദാഹരണമായി ചേർത്തിട്ടുണ്ട്. എന്നാൽ, ഫിത്വ് ർ സകാതിലുള്ള ഇബ്നു ലബ്ബാൻ എന്നവരുടെ വീക്ഷണ വ്യത്യാസം ഇവിടെ പരിഗണനീയമല്ല. അതിനാൽ അത് നിഷേധിച്ചാലും കുഫ്റ് വരുമെന്ന് തന്നെയാണ് ഗ്രഹിക്കേണ്ടത്. ഇത്രയും പറഞ്ഞ് ഒരു കവിതയും ഉദ്ധരിക്കുന്നു:
وَلَيْسَ كُلُّ خِلَافٍ جَاءَ مُعْتَبَرًا
إلَّا خِلَافًا لَهُ حَظٌّ مِنْ النَّظَرِ اهـ.
"യോഗ്യമായ ഖിലാഫുകളെ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ "
ഇജ്മാഇന് വിരുദ്ധമായി വന്ന ഖിലാഫുകളെ ഇവ്വിധം തള്ളപ്പെടേണ്ടതാണ്. അത് കൊണ്ടാണല്ലോ, മുജ്തഹിദിന്, അവരുടെ മുൻകാലത്തുള്ളവരുടെ എല്ലാ ഇജ്മാഉം അറിഞ്ഞിരിക്കമെന്ന് നിയമമുണ്ടായത് (തുഹ്ഫഃ 10/108). അത്തരം കാര്യങ്ങളിൽ പിന്നെ ഗവേഷണം തന്നെ നടത്താനില്ല. അതിനെതിരെ വീക്ഷണം പറയുന്നത് നിഷിദ്ധവുമാണല്ലോ.
ഇപ്രകാരം ഖിയാസ് - മറ്റൊന്നിനോട് തുലനം ചെയ്ത് കാര്യങ്ങൾ വിധിക്കുന്നിടത്തും, അവ ഇജ്മാഇന് വിരുദ്ധമാകരുതെന്ന് പറയുന്നുണ്ട്(ജംഉൽ ജവാമിഅ്: 2/226). യാത്രയിൽ നോമ്പ് ഒഴിവാക്കാമെന്ന് കരുതി, നിസ്കാരം ഒഴിച്ചുകൂടാൻ പറ്റില്ലല്ലോ.
ഹജ്ജിൻ്റെ പ്രതിഫലമായി ഒരുമ്മ പെറ്റ കുഞ്ഞിനെപ്പോലെ സകല ദോഷങ്ങളും പൊറുക്കപ്പെടുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. എന്നാൽ, മനുഷ്യരുടെ അവകാശങ്ങൾ ഇതിൽ നിന്ന് ഒഴിവാണ്. അത് കൊടുത്തു വീട്ടിയേ തീരൂ. ഇക്കാര്യത്തിൽ ഇജ്മാഅ് വരലോടെ, പ്രസ്തുത ഹദീസിൻ്റെ ബാഹ്യാർത്ഥം ഗ്രഹിച്ച്, ഹജ്ജ് ചെയ്യലോടെ എല്ലാ തെറ്റുകളും പൊറുക്കപ്പെടുമെന്ന് പറയാനാവില്ല:
قال شيخنا في حاشية الإيضاح: قوله: كيوم ولدته أمه يشمل التبعات، .... ثم رأيت بعض المحققين نقل الإجماع عليه وبه يندفع الإفتاء المذكور تمسكا بالظواهر. اه بحذف
(فتح المعين: ٢٠٥)
ഇജ്മാഇനെതിരായതിനാൽ തള്ളപ്പെടണമെന്ന നിയമത്തെ കുറിക്കാനാണ് ഇത് ഉദ്ധരിച്ചത്. വിഷയത്തിലെ മദ്ഹബിൻ്റെ തീരുമാനങ്ങളും മറ്റും അതാത് കിതാബുകൾ നോക്കി ഉറപ്പുവരുത്തുമല്ലോ. ഖിലാഫുകൾ തള്ളപ്പെടുന്ന ചില ഉദാഹരണങ്ങൾ സൂചിപ്പിക്കുക മാത്രമാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. വായനക്കാർ ശ്രദ്ധിക്കുമല്ലോ. തിരുത്തുകൾ അറിയിക്കണമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.
മയ്യിത് നിസ്കാരത്തിന് ശുദ്ധി വേണ്ടതില്ല എന്നൊരു വീക്ഷണം ചിലരിൽ നിന്ന് വന്നിട്ടുണ്ടെങ്കിലും അത് സ്വീകാര്യമല്ല. ഇജ്മാഇന് വിരുദ്ധമാണത്:
وَقَوْلُ ابْنُ جَرِيرٍ كَالشُّعَبِيِّ تَصِحُّ بِلَا طَهَارَةٍ رُدَّ بِأَنَّهُ خَارِقٌ لِلْإِجْمَاعِ وَابْنُ جَرِيرٍ وَإِنْ عُدَّ مِنْ الشَّافِعِيَّةِ لَا يُعَدُّ تَفَرُّدُهُ وَجْهًا لَهُمْ كَالْمُزَنِيِّ. اه
(تحفة: ٣/١٤٦)
സമയം നിശ്ചയിച്ചുള്ള നികാഹ് സ്വഹാബതിൻ്റെ കാലത്ത് അനുവദിക്കപ്പെട്ടിരുന്നു. പിന്നെ നിരോധിച്ചു. ഇടക്കാലത്ത് വീണ്ടും അനുവാദമുണ്ടായി. ശേഷം എന്നെന്നേക്കുമായി അത് നിഷിദ്ധമാക്കി. അത് പറ്റില്ലെന്ന് ഇജ്മാഅ് സ്ഥിരപ്പെടുകയും ചെയ്തു. പക്ഷേ, ഇബ്നു അബ്ബാസ് (رضي الله عنهما) ഈ നികാഹ് അനുവദനീയമാണെന്ന് പറഞ്ഞത്, അതിനെ നിഷേധിച്ചു കൊണ്ടുള്ള നഹ്‌യിൻ്റെ വിവരം ലഭിക്കാത്തത് കൊണ്ടായിരിക്കാം എന്നാണ് ഇമാമുകൾ പറഞ്ഞിട്ടുള്ളത്. ആ വീക്ഷണത്തെ ഗൗനിക്കുകയില്ലെന്ന് സാരം:
وَجَازَ أَوَّلًا رُخْصَةً لِلْمُضْطَرِّ ثُمَّ حَرُمَ عَامَ خَيْبَرَ ثُمَّ جَازَ عَامَ الْفَتْحِ وَقِيلَ حَجَّةَ الْوَدَاعِ ثُمَّ حَرُمَ أَبَدًا بِالنَّصِّ الصَّرِيحِ الَّذِي لَوْ بَلَغَ ابْنَ عَبَّاسٍ لَمْ يَسْتَمِرَّ عَلَى حِلِّهَا مُخَالِفًا كَافَّةَ الْعُلَمَاءِ . اه
(تحفة: ٧/٢٢٤)
ഒരാൾക്ക് വിവരം ലഭിക്കാത്തത് ആക്ഷേപാർഹമല്ല. മഹാനുഭാവന് തന്നെ, ഖുർആനിലെ രണ്ട് പദത്തിൻ്റെ അർത്ഥം അവ്യക്തമായത് തുഹ്ഫഃയിൽ(1/8) തന്നെ ഉദ്ധരിക്കുന്നുണ്ട്. മേൽ പറഞ്ഞ വീക്ഷണത്തെ അനുകരിക്കാൻ പറ്റില്ലെങ്കിലും, സമയത്തെ നിബന്ധന വെച്ച നികാഹിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ വ്യഭിചാര ശിക്ഷ നടപ്പിലാക്കില്ല( തുഹ്ഫഃ 9/106).
«ادْرَءُوا الْحُدُودَ بِالشُّبُهَاتِ»
ശുബ്ഹകൾ കാരണം ശിക്ഷാമുറകൾ ഒഴിവാക്കപ്പെടുമെന്ന ഈ ഹദീസ് ആധാരമാക്കിയാണ് ഈ ഇളവ്. അല്ലാതെ അനുകരിക്കാൻ പറ്റിയത് കൊണ്ടല്ല. അതേ സമയം നാലിൽ കൂടുതൽ ഭാര്യമാരാവാം എന്ന ശിയാവിശ്വാസത്തെ അനുകരിച്ചവനെയും, വലിയ്യും സാക്ഷികളുമില്ലാതെ നികാഹ് നിഷിദ്ധമാണെന്ന് അറിഞ്ഞ് കൊണ്ട് അക്കാര്യം ചെയ്തവനെയും ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല( തുഹ്ഫഃ 9/106). ഈ വീക്ഷണത്തെ ശിക്ഷാ നിയമത്തിലെ ഇളവിൽ പോലും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.
മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാൽ ഒന്നേ സംഭവിക്കൂ എന്ന വീക്ഷണം ഇബ്നു തൈമിയ്യഃ പറഞ്ഞത് ഇജ്മാഇന് വിരുദ്ധമാണ്. അതി ശക്തമായ ഭാഷയിൽ ഇബ്നു ഹജർ(റ) ആ വാദത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്:
أَمَّا وُقُوعُهُنَّ مُعَلَّقَةً كَانَتْ أَوْ مُنَجَّزَةً فَلَا خِلَافَ فِيهِ يُعْتَدُّ بِهِ، وَقَدْ شَنَّعَ أَئِمَّةُ الْمَذَاهِبِ عَلَى مَنْ خَالَفَ فِيهِ، وَقَالُوا: اخْتَارَهُ مِنْ الْمُتَأَخِّرِينَ مَنْ لَا يُعْبَأُ بِهِ فَأَفْتَى بِهِ وَاقْتَدَى بِهِ مَنْ أَضَلَّهُ اللَّهُ وَخَذَلَهُ. اه (تحفة: ٨/٨٣)
വ്യത്യസ്ത മദ്ഹബിൽ നിന്നും അൽപ ഭാഗങ്ങളെടുത്ത് ഇബാദതുകൾ നിർവ്വഹിക്കാൻ പറ്റില്ല. അങ്ങനെയാവുമ്പോൾ ആരും പറയാത്ത ഒരു പ്രത്യേക ചെയ്തിയായി മാറുമല്ലോ. തൽഫീഖ് എന്നാണിതിന് പേര്. ഇങ്ങനെ ചെയ്യുന്നത് നിഷിദ്ധമാണെന്നും തത്ഫലമായി ഫാസിഖായി മാറുമെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇജ്മാഇനെതിരായ പ്രവർത്തനമാണെന്നും പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇബ്നുൽ ഹുമാം(റ) അനുവദനീയമാണെന്ന് പറഞ്ഞത് സ്വീകാര്യമല്ലെന്ന് ഇമാമുകൾ പഠിപ്പിക്കുന്നു:
وَهُوَ خِلَافُ الْإِجْمَاعِ أَيْضًا فَتَفَطَّنْ لَهُ وَلَا تَغْتَرَّ بِمَنْ أَخَذَ بِكَلَامِهِ هَذَا الْمُخَالِفِ لِلْإِجْمَاعِ كَمَا تَقَرَّرَ. اه (تحفة: ١٠/١١٢)
സിയാറത് ലക്ഷ്യമാക്കി തന്നെ മദീനഃയിൽ പോകാൻ വിശ്വാസികൾ കൊതിക്കുമല്ലോ. ഇങ്ങനെ പോവുന്നത് ഇജ്മാഇനാൽ സ്ഥിരപ്പെട്ട മഹത്തായ പുണ്യകർമ്മമാണെന്നും മഹാന്മാർ പഠിപ്പിക്കുന്നു. തിരുനബി(സ്വ) തങ്ങളെ സിയാറത് ചെയ്യാതെ ഹജ്ജ് - ഉംറഃ നിർവ്വഹിക്കുന്നത് അവിടത്തോടുള്ള പിണക്കമായി കരുതപ്പെടുമെന്നാണ് ഹദീസുകളിൽ വന്നിട്ടുള്ളത്. എന്നാൽ, സിയാറത് എന്ന ലക്ഷ്യത്തിൽ മാത്രം പോകുന്നതിനെ ഇബ്നു തൈമിയ്യഃ വിമർശിച്ചത് ഒരു വിലയും കൽപിക്കപ്പെടാത്ത വിമർശനമാണെന്ന് ഇബ്നു ഹജർ(റ) പറയുന്നു:
فإن قلت: كيف تحكي الإجماع السابق على مشروعية الزيارة والسفر إليها وطلبها، وابن تيمية من متأخر الحنابلة منكر لمشروعية ذلك كله - كما رآه السبكي في خطه وأطال- أعني ابن تيمية في الاستدلال لذلك بما تمجه الأسماع وتنفر عنه الطباع، بل زعم حرمة السفر لها إجماعا، وأنه لا تقصر فيه الصلاة، وأن جميع الأحاديث الواردة فيها موضوعة، وتبعه بعض من تأخر عنه من أهل مذهبه. قلت: من ابن تيمية حتى ينظر إليه أو يعوّل في شيء من أمور الدين عليه ؟ وهل هو إلا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا عوار سقطاته وقبائح أوهامه وغلطاته كالعز بن جماعة: عبد أضله الله تعالى وأغواه وألبسه رداء الخزي وأراد وبأه من قوة الافتراء والكذب، ما أعقبه الهوان وأوجب له الحرمان. اه
(الجوهر المنظم لابن حجر الهيتمي - ٢٩،٣٠)
'വാക്കുകളെ മുഖവിലക്കെടുക്കാൻ മാത്രം ആരാണ് ഇബ്നു തൈമിയ്യഃ ?' എന്ന മഹാനരുടെ ചോദ്യത്തിൻ്റെ ഗാംഭീര്യം തിരിച്ചറിയുമല്ലോ.
മേൽപ്പറഞ്ഞ ബലഹീനമായ ഖിലാഫുകളുടെ ഉൽഭവം, തുടക്കത്തിൽ പറഞ്ഞ പോലെ, ഇജ്മാഇനെക്കുറിച്ചുള്ള വിവരം ലഭിക്കാതിരിക്കുക പോലോത്തതാവാം. മറ്റു ചില കാരണങ്ങളാലും അനാവശ്യ ഖിലാഫുകൾ വന്നുപെട്ടിട്ടുണ്ട്. അനർഹരുടെ ഇടപെടലാണിതിൽ പ്രധാനം. ചില വാക്കുകൾ നോക്കൂ:
അവരവർ മികച്ചു നിൽക്കുന്ന ഫന്നിൽ മാത്രമേ അവരെ അവലംബിക്കാവൂ. മറ്റു വിഷയങ്ങളിൽ ഇടപെട്ട് പറഞ്ഞത് പരിഗണിക്കേണ്ടതില്ല -
وَمن غلب عَلَيْهِ فن يرجع إِلَيْهِ فِيهِ دون غَيره. اه
(فتاوى الحديثية لابن حجر الهيتمي - ١٧٦)
ഇല്ലെങ്കിൽ പല അബദ്ധങ്ങളും സംഭവിക്കുമെന്ന് -
وَإِذَا تَكَلَّمَ الْمَرْءُ فِي غَيْرِ فَنِّهِ أَتَى بِهَذِهِ الْعَجَائِبِ. اه
(فتح الباري لابن حجر العسقلاني: ٣/٥٨٤)
അറിയാത്തവർ മിണ്ടാതിരുന്നാൽ തന്നെ ഒരുപാട് വിവാദങ്ങളും തർക്കങ്ങളും കുറഞ്ഞേനെ -
لو سكت من لا يعرف لقل الاختلاف.
കാലികപ്രസക്തിയുള്ള ഈ തത്വം ഇമാം ശാഫിഈ(റ)വിൽ നിന്നും ഇമാം ഗസ്സാലീ(റ)വിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. സമാന ആശയം ഇങ്ങനെയും കാണാം.
وقال ﺍﻟﺤﺎﻓﻆ ﺍﻟﻤﺰﻱ: ﻭﻟﻮ ﺳﻜﺖ ﻣﻦ ﻻ ﻳﺪﺭﻱ ﻻﺳﺘﺮﺍﺡ ﻭﺃﺭﺍﺡ ﻭﻗﻞ ﺍﻟﺨﻄﺄ ﻭﻛﺜﺮ ﺍﻟﺼﻮﺍﺏ. اه (ﺗﻬﺬﻳﺐ ﺍﻟﻜﻤﺎﻝ: ٤/٣٦٢)
അത് കൊണ്ടാണല്ലോ, ഹദീസിലെ
خبر واحد
ൻ്റെയും, ഇജ്മാഇൻ്റെയും ഖിയാസിൻ്റെയും പ്രാമാണികതയിൽ ഖിലാഫുകൾ ഉയർന്നെങ്കിലും ഇമാമുമാരെല്ലാം അവ തള്ളിക്കളഞ്ഞത്. ഖുർആൻ - ഹദീസ് - ഇജ്മാഅ് - ഖിയാസ് തുടങ്ങിയ ചതുർ പ്രമാണങ്ങൾ സർവ്വരാലും സ്വീകാര്യമായ പ്രമാണങ്ങളായി അനുവർത്തിച്ച് പോരുകയും ചെയ്തിട്ടുണ്ട്.
*ഖിലാഫുകളെ ഉദ്ധരിക്കുന്നതിലും വേണം ശ്രദ്ധ*
_______________________________
ജുമുഅഃ നിസ്കാരം ഓരോ വിശ്വാസിയുടെ മേലിലും ഫർളാണ്. എന്നാൽ ഇത് ഫർള് കിഫായഃ മാത്രമാണെന്ന ഒരു അഭിപ്രായം ചിലർക്കുണ്ടായിരുന്നു. എന്നാൽ അത് അനുകരിക്കാൻ പറ്റിയ വീക്ഷണമല്ല. അത് കൊണ്ട് തന്നെ അത്തരം വീക്ഷണങ്ങൾ, അമലുകൾ ചെയ്യുന്നതിന് അവലംബിക്കുന്ന പിൽക്കാലത്തെ കിതാബുകളിൽ ഉദ്ധരിക്കുക തന്നെ ചെയ്യരുതെന്നാണ് ഇമാമുകൾ പറയുന്നത്. എന്നാൽ ഇമാം മഹല്ലീ(റ)യുടെ ശറഹുൽ മിൻഹാജിൽ പല ഖിലാഫുകളും ഉദ്ധരിച്ചത് ഇതിനെതിരല്ല. കാരണം, അനുകരിക്കാൻ പറ്റുന്നതും പറ്റാത്തതുമായ ഖിലാഫുകൾ ഉദ്ധരിക്കുന്ന കിതാബാണ് ശറഹുൽ മഹല്ലീയെന്ന കാര്യം പണ്ഡിതർക്കിടയിൽ വിശ്രുതമാണ്. ഇക്കാര്യം ഉണർത്തിക്കൊണ്ട് അല്ലാമഃ അസ്സയ്യിദ് അഹ്‌മദുസ്സഖാഫ്(റ) തർശീഹിൽ പറയുന്നുണ്ട്. ഇആനതുത്ത്വാലിബീനിൽ ജുമുഅഃ നിസ്കാരത്തിലെ പ്രസ്തുത ഖിലാഫ് ഉദ്ധരിച്ചതിനെതിരെയാണ് തർശീഹിൽ വിമർശിച്ചത്:
ومنه تعلم ما في حكاية المحشي كالبجيرمي القول بأنها فرض كفاية، فإن قلت: سبقهما إلى ذلك المحلي على المنهاج، قلت: هو متصد في شرحه المذكور لحكاية الأقوال المعمول بها وغيرها كما يعلم من قواعد الاصطلاحي فلا تغفل. اه
(ترشيح المستفيدين: ١١٦)
അങ്ങനെയെങ്കിൽ മേൽ പറഞ്ഞ ഖിലാഫുകളെ ഉദ്ധരിച്ചത് പ്രശ്നമാക്കേണ്ട. അനുകരിക്കാൻ പറ്റില്ലെന്ന് പഠിപ്പിക്കാൻ ഉദ്ധരിച്ചതാണ്. ഇആനതിൽ വിമർശന വിധേയമാക്കാതെ ഉദ്ധരിച്ചതിനെതിരെയാണ് തർശീഹിൽ ഗൗരവം പൂണ്ടത്. അതേ സമയം, ആവശ്യമുള്ള ഖിലാഫുകളെ ഉദ്ധരിക്കാതെ, പക്ഷപാതിത്വം കാണിക്കരുതെന്ന മഹാനരുടെ കണിശത ഹീലതുർരിബായുമായി ബന്ധപ്പെട്ട ചർച്ചയിൽ കാണാം. അതേക്കുറിച്ച് മറ്റൊരു കുറിപ്പ് തയ്യാറാക്കണമെന്നുണ്ട് - إن شاء الله.
(തുടരും )
💫
No comments:
Post a Comment