https://www.facebook.com/100024345712315/posts/pfbid0RbDeZERHnmWoxgd9sXivcGyEY3jDv5wLXVDTC6Wo5mkhDRyP9sn5NG2ZosMCabftl/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 81/313
➖➖➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*മലയാളഭാഷയും ബ്രിട്ടീഷ്*
*വിരോധവും തമ്മിലെന്ത്?!*
മലയാളഭാഷക്കെതിരെ മാപ്പിളമാർ രംഗത്ത് വന്നു എന്ന് പറയപ്പെടുന്നതിന് രണ്ട് സാധ്യതകളാണ് നാം സൂചിപ്പിച്ചത്. അതിലൊന്ന് ബ്രിട്ടീഷുകാരോടുള്ള വിരോധം തന്നെ.
മുജാഹിദ് പ്രസിദ്ധീകരണമായ
ശബാബ് വാരിക എഴുതുന്നു:
"കേരളത്തിലെ മുസ്‌ലിം സമൂഹത്തിൻെറ പാരമ്പര്യത്തിന് എന്തെല്ലാം പരിമിതികൾ ഉണ്ടെങ്കിലും അത് അഭിമാനകരമായ പാരമ്പര്യമാണ്. സാമ്രാജ്യത്വത്തിനെതിരെ ഒരു ജനത നടത്തിയ രാഷ്ട്രീയവും സാംസ്കാരികവുമായ സമരത്തിന്റെ ചരിത്ര ശേഖരമാണത്. അതിനിടയിൽ ഭൗതികമായ പല നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകും. ആധുനിക വിദ്യാഭ്യാസവും ആര്യൻ മലയാളവും പാശ്ചാത്യ ഭാഷയും മുസ്‌ലിം സമൂഹം കുറെക്കാലം അഭ്യസിക്കാതെ പോയിട്ടുണ്ടാകാം. പക്ഷേ അത്തരം നേട്ടത്തേക്കാൾ അഭിമാനപൂർവ്വം വിലമതിക്കുന്നത് ഈ പോരാട്ടത്തെയാണ്. "
(ശബാബ് വാരിക 2019
ജനുവരി പേജ് 22)
ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം കൊണ്ട് മലയാളഭാഷക്കെതിരെ നിൽക്കാൻ എന്താണ് കാരണം ? ചരിത്രപരമായ ഒരു കാരണം ഇതിലുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ രചനാ വിപ്ലവം മുസ്‌ലിം പണ്ഡിതന്മാർ നിർവഹിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് മുഹിമ്മാത്തുൽ മുഅമിനീൻ, ചേറൂർ പടപ്പാട്ട്, മണ്ണാർക്കാട് പട, മഞ്ചേരി പടപ്പാട്ട് തുടങ്ങിയവ. ഇവ വായിച്ചാണത്രേ മാപ്പിളമാർക്ക് ബ്രിട്ടീഷ് വിരോധം വർദ്ധിച്ചതും അവർക്കെതിരെ പോരാടിയതും.
ബ്രിട്ടീഷുകാർക്കെതിരെ മാപ്പിളമാരെ ഇളക്കിവിടുന്ന ഈ രചനാ വിപ്ലവത്തെ തടയിടാൻ ബ്രിട്ടീഷുകാർ ചില തീരുമാനമാനങ്ങളെടുത്തു.
1) ഈ ഗ്രന്ഥങ്ങൾ കണ്ടു കെട്ടുക.
2) മദ്റസകളിൽ അറബി മലയാള ലിപി പൂർണ്ണമായും ഒഴിവാക്കുക; പകരം മലയാള ലിപി മദ്രസ തലങ്ങളിൽ കൊണ്ടുവരികയും ചെയ്യുക.
ഇതിലൂടെ അറബി മലയാള ലിപിയെ ഇല്ലായ്മ ചെയ്യുകയാണ് അവരുടെ ലക്ഷ്യം. മദ്രസയിൽ നിന്ന് അറബി മലയാള ലിപി എടുത്തു മാറ്റിയാൽ പുതിയ തലമുറക്ക് അറബി മലാള വായന തന്നെ അന്യമാവും. അപ്പോൾ, സ്വാഭാവികമായും ഇത്തരം പ്രസിദ്ധീകരണങ്ങൾ ലഭിച്ചാൽ തന്നെ അവ അവഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. അതു വഴി ബ്രിട്ടീഷുകാരോടുള്ള വിദ്വേഷം പുതിയ തലമുറയിൽ പകരാതിരിക്കും. ഈ പ്ലാനിംഗിനെ അന്നത്തെ പണ്ഡിതന്മാർ ശക്തമായി എതിർത്തു തോൽപ്പിച്ചു. മലയാള ലിപി അവർ പരികണിച്ചതേയില്ല. മറിച്ച് മദ്രസ തലങ്ങളിൽ അറബി മലയാളം പഠിപ്പിക്കുകയും ആ ചരിത്രം നിലനിർത്തുകയും ചെയ്തു. ഇതാണ് മലയാളത്തിനെതിരെ പണ്ഡിതന്മാർ രംഗത്തുവന്നു എന്നു പറയുന്നതിന്റെ വസ്തുത.
സത്യത്തിൽ, ഇവിടെ വിരോധം മലയാളഭാഷയോടല്ല ; ബ്രിട്ടീഷുകാരോടാണെന്ന് ആർക്കും ബോധ്യപ്പെടും
സി.എൻ അഹമ്മദ് മൗലവി ഈ കഥകളൊക്കെ വിവരിക്കുന്നുണ്ട് തൻ്റെ മഹത്തായ മാപ്പിള പാരമ്പര്യം എന്ന ഗ്രന്ഥത്തിൽ :
" ഒരു സാഹിത്യകൃതി കണ്ടു കെട്ടുന്നതിന്റെ അർത്ഥം ആ നാട്ടിലെ ജനഹൃദയങ്ങളിൽ വിപ്ലവം ആളിക്കത്തിക്കുകയും അവിടുത്തെ ഭരണകൂടത്തിനെതിരിൽ വെല്ലുവിളി ഉയർത്തുകയും ചെയ്തു എന്നാണല്ലോ. ഇന്ത്യ അന്യായമായി വെട്ടിപ്പിടിച്ച് കീഴടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരിൽ മാപ്പിള സാഹിത്യകാരന്മാർ രചിച്ച കൃതികളിൽ ഏഴെണ്ണം ഗവൺമെൻറ് കണ്ടുകെട്ടിയത് ഞങ്ങൾക്ക് കണ്ടു കിട്ടിയിട്ടുണ്ട്.
1) മുഹിമ്മാത്തുൽ മുഅ്മിനീൻ. ബ്രിട്ടീഷുകാരെ എല്ലാ നിലക്കും എതിർക്കുകയും ഒരു നിലക്കും അവരുമായി സഹകരിക്കുവാൻ പാടില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളെ നിരത്തിവെച്ച്കൊണ്ട് ശക്തിയായി ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന ഒരു ഗ്രന്ഥം. പ്രസിദ്ധീകരിച്ചത് താനൂർ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാർ. 1921 ലെ മദ്രാസ് ഗസറ്റിൽ ഈ ലഘുലേഖ കൈവശം വയ്ക്കുന്നവരെ വിചാരണ കൂടാതെ അഞ്ചുവർഷം ശിക്ഷിക്കുന്നതാണെന്ന് വിളംബരം ചെയ്തു. അങ്ങനെ ഇത് കണ്ടു കെട്ടുക മാത്രമല്ല ചെയ്തത്. കേരളത്തിലെ ഏറ്റവും പ്രഗൽഭരായ രണ്ട് പണ്ഡിതന്മാരെ - ചെറുശ്ശേരി അഹ്മദ് കുട്ടി മൗലവി, പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാൻ മൗലവി - പോലീസ് ഗൗരവപൂർവ്വം താക്കീത് ചെയ്തു വിട്ടു. അങ്ങനെ അനേകകാലം ഗ്രന്ഥകർത്താവ് അണ്ടർ ഗ്രൗണ്ടിൽ ജീവിച്ചു. അവസാനം 1930 ൽ വേഷപ്രച്ഛന്നനായി മക്കയിലേക്ക് പോയി. അവിടെ താമസിച്ചിട്ട് ഉമ്മുൽഖുറാ പത്രത്തിൽ ബ്രിട്ടനെതിരിൽ ലേഖനം എഴുതിക്കൊണ്ടിരുന്നു. അവസാനം 1942-ൽ മക്കയിൽ വെച്ച് തന്നെ അന്തരിച്ചു. "
(മഹത്തായ മാപ്പിള
സാഹിത്യ പാരമ്പര്യം
പേജ് 71 , 72 )
ഈ പ്രസിദ്ധീകരണങ്ങളെല്ലാം അച്ചടിച്ചത് അറബി മലയാള ലിപിയിലാണ്. ഈ ലിപി എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും അറിയാവുന്നതുകൊണ്ടുതന്നെ അതിനു വായനക്കാരും വർദ്ധിച്ചു. അപ്പോൾ പിന്നെ, ആ ലിപിയോട് ബ്രിട്ടീഷുകാർക്ക് ദേഷ്യം ഉണ്ടാവുക സ്വാഭാവികമാണല്ലോ. ആ ലിപിക്കെതിരെ പരസ്യമായി രംഗത്ത് വരാതെ അവർ ബുദ്ധിപരമായി അതിനെ നേരിട്ട ചരിത്രം സി എൻ വിശദീകരിക്കുന്നു :
"ബ്രിട്ടീഷുകാർക്ക് എന്തൊക്കെ ദോഷമുണ്ടെങ്കിലും അവർ മികച്ച ഭരണ തന്ത്രജ്ഞന്മാരായിരുന്നു. അവർ സംഗതികളുടെ മർമ്മ സ്ഥാനം സൂക്ഷിച്ചു മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിൽ എഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളന്മാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവർ ഗ്രഹിച്ചു. പക്ഷേ അത് തടയാനോ അതിനെതിരിൽ ശബ്ദമുയർത്താനോ അവർ നിന്നില്ല. അത് കൂടുതൽ അപകടകരമാണെന്ന് ആ ഭരണ തന്ത്രജ്ഞന്മാർക്കറിയാമായിരുന്നു. അവർ സൂത്രത്തിൽ മറ്റൊരു വഴിക്ക് പ്ലാനിട്ടു പ്രവർത്തിക്കാൻ ഗൂഡമായി തീരുമാനിച്ചു. "
(മഹത്തായ മാപ്പിള
സാഹിത്യ പാരമ്പര്യം
പേജ് 75 )
തീരുമാനങ്ങൾ തുടർന്ന്
വായിക്കാം.
No comments:
Post a Comment