Saturday, May 18, 2024

ഖുർആൻ പാരായണത്തിലും മറ്റും ചില

 


ഒരു റമളാൻ ഉറുദിക്കിടെ...

July 01, 2022

ഒരു റമളാൻ ഉറുദിക്കിടെ... 

☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

ദർസിൽ പഠിക്കുന്ന കാലത്ത് ഒരു റമളാനിൽ വയനാട്ടിലേക്ക് പോയി. ഉറുദി പറയാൻ. പണ്ട് കാലം മുതലേ ഇങ്ങനെ ഒരു നടപ്പ് നമ്മുടെ നാട്ടിലുണ്ട്. നുകർന്നെടുത്ത അറിവുകൾ ജനങ്ങളിലെത്തിക്കുന്നതിനുള്ള മാർഗമായിരുന്നല്ലോ അത്. സേവന രംഗത്തെത്തുമ്പഴേക്കും അഭ്യസിച്ചെടുക്കേണ്ടതുമാണ്. പരിശീലനം ആവശ്യമായത് കൊണ്ട് തന്നെ തുടക്കത്തിൽ പോരായ്മകളൊക്കെ കാണും. അത് സാധാരണവുമാണല്ലോ. അതിന്റെ പേരിൽ ആരും അതിനെ പഴിക്കാറുമില്ല. ഇത്തരം യാത്രക്കിടയിൽ ജീവിതത്തിലുപകരിക്കുന്ന പല അനുഭവജ്ഞാനങ്ങളും കിട്ടാറുണ്ട്. ഓരോരുത്തരുടെയും സാഹചര്യങ്ങളും മനോഭാവങ്ങളും വ്യത്യസ്തമാകുന്നതിനനുസരിച്ച് യാത്രക്കിടയിൽ ചെന്നെത്തുന്ന മേഖലകളും അനുഭവ പാഠങ്ങളും വ്യത്യസ്മായിരിക്കും. അതുപോലെ ഈ അനുഭവങ്ങൾ അവരുടെ ജീവിതത്തിൽ വ്യത്യസ്തവുമായാണ് പരിണമിക്കുക. അതിരിക്കട്ടെ, ഒരു മതപഠന രംഗത്തായതുകൊണ്ട് തന്നെ പൊതു ജീവിതത്തിലുപകരിക്കാവുന്ന അറിവിന് പുറമെ മതപരമായ അറിവുകൂടി ഇത്തരം യാത്രകൾക്കിടയിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. 

പറഞ്ഞു വരുന്നത്, വയനാടൻ ഉൾപ്രദേശത്തുകൂടെ 'വഅളി'ന് ഒരിടം തേടി പള്ളി വാതിലുകളെ സമീപിക്കുന്നതിനിടയിൽ പ്രായം ചെന്ന ഒരു മൊല്ലാക്കയെ കണ്ടു മുട്ടിയ കഥയാണ്. വയനാട്ടിലെ 'പിണങ്ങോട്' എന്ന സ്ഥലത്ത് വെച്ചായിരുന്നു അത്. കുശലാന്വേഷണത്തിന് ശേഷം അദ്ദേഹം മുസ്വ് ഹഫെടുത്ത്

( بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِیمَـٰنِۚ )

എന്ന 'ഹുജുറാത്ത്' സൂറതിലെ പതിനൊന്നാം ആയതിന്റെ ഈ ഭാഗം ഒന്ന് ഓതാൻ പറഞ്ഞു. ഞാൻ ധൈര്യസമേതം ഓതിക്കേൾപ്പിച്ചു. (കുറച്ച് മുകളിൽ നിന്ന് തന്നെ ഓതിപ്പിച്ചിട്ടുണ്ട്. ഈ ഭാഗമെത്തിയപ്പോൾ നിർത്താൻ പറയുകയാണുണ്ടായത്)

അപ്പോൾ അദ്ദേഹം പറയാ: " ഞാൻ ഒരുപാട് പേരെ പരീക്ഷിച്ചു.. നിങ്ങൾ മാത്രമാ ഇവിടെ ശരിയാക്കി ഓതിയത്... നിങ്ങൾ വിജയിച്ചു... " 

അദ്ദേഹത്തിന്റെ പരീക്ഷണത്തിൽ ഞാൻ വിജയിച്ച കാര്യമിതാണ്: ٱلِٱسۡمُ എന്നതിൽ ال ലെ അലിഫും اسم എന്നതിലെ അലിഫും وصلي ആണ്. ചേർത്ത് ഓതുമ്പോൾ അതിന് ഉച്ഛാരണമില്ല. അത് ഖുർആൻ ഓത്തിൽ മാത്രമല്ല, അറബി ഇബാറതുകൾ വായിക്കുമ്പഴെല്ലാം ഇത് ശ്രദ്ധിക്കേണ്ടത് തന്നെ. എന്റെ പ്രിയ ഉസ്താദ് - മർഹൂം കടുങ്ങല്ലൂർ ഉസ്താദ് - (ഉസ്താദിന്റെ അനുസ്മരണക്കുറിപ്പ് മുമ്പ് എഴുതിയിട്ടുണ്ട്) 'അൽഫിയ്യഃ' ഓതിത്തരുമ്പോൾ ഇതൊക്കെ ശരിക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

الاسم منه معرب ومبني # لشبه من الحروف مدني

എന്ന ബൈത് ഓതിത്തരുമ്പോൾ  اَلْإِسۡمُ (അൽ-ഇസ്മു... ) എന്ന് പാടരുതെന്നും അതിലെ അലിഫ് وصليّ ആയതോണ്ട് കൂട്ടിവായിക്കുമ്പോൾ إلتقاء الساكنين വരുന്നത് കൊണ്ട് ആ 'ലാമി'ന് تخلُّص ന്റെ أصل ആയ കസ്റ് കൊടുത്ത്  اَلِسْمُ എന്നുമാണ് പാടേണ്ടത് എന്നൊക്കെ അന്ന് ശരിക്കും പറഞ്ഞ് തന്നിരുന്നു. അത് കൊണ്ട് തന്നെ മൊല്ലാക്കയുടെ മുമ്പിൽ തോൽക്കേണ്ടി വന്നില്ല. എന്നിട്ട് അദ്ദേഹം പറയാണ് :

"....എന്ത് കൊണ്ടാണ് ഈ ഭാഗത്ത് അങ്ങനെ ഓതണമെന്ന് പറയുന്നത് എന്നൊന്നും എനിക്കറിയില്ല. എനിക്ക് എന്റെ ഉസ്താദ് ഇങ്ങനെയാണ് ഓതിത്തന്നത്... തെറ്റിയതിന് അഞ്ചെട്ട് അടിയും കിട്ടിയതോണ്ട് ശരിക്കും ഓർമ്മയുണ്ട്...."

ഉസ്താദുമാർ പറഞ്ഞു തന്നത് പോലെ പഠിക്കുക എന്നത് വളരെ വലിയ ബഹുമാനമർഹിക്കുന്ന കാര്യമണ്. ഗുരുമുഖത്ത് നിന്ന് കേട്ടതെന്തോ അത് പിൻ തലമുറക്ക് ഒരു വ്യത്യാസവുമില്ലാതെ കൈമാറിക്കൊടുക്കുന്നതിലൂടെയാണ് യഥാർത്ഥത്തിൽ പരിശുദ്ധമായ അറിവുകൾ നിലനിൽക്കുന്നത്. ഈയൊരു നിശ്കർഷത പുലർത്തിയത് കൊണ്ട് തന്നെയാണല്ലോ സ്വഹാബതും താബിഉകളും തിരുഹദീസുകൾ ഉദ്ധരിക്കുന്നിടത്ത് തങ്ങൾ കേട്ട വാക്ക് അതേപ്പടിയും കേൾക്കാനിടയുണ്ടായ സന്ദർഭവും ആ സമയത്ത് മുത്ത്നബി(സ്വ) തങ്ങളുടെ മുഖഭാവവും ഏതു തരം ചിരിയാണെന്നും ചിരിച്ചപ്പോൾ എത്ര പല്ലുകൾ വെളിവായി എന്നുമെല്ലാം ഒപ്പിയെടുത്ത് പറഞ്ഞുതന്നത്. 

ഇങ്ങനെ ഗുരുവര്യർ എങ്ങനെയാണോ 'ഇബാറഃ'കൾ വിശദീകരിച്ചത്, അത് അപ്രകാരം തന്നെ - ഉസ്താദ് പ്രയോഗിച്ച വാക്കുകളിലൂടെ - പറയുന്നവരിൽ ഒരാളായിരുന്നു വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ(ന:മ). അവിടുത്തെ പ്രധാന ഗുരുവായിരുന്നല്ലോ കൈപറ്റ ഉസ്താദ് (ഖു:സി). " .... ഇവിടെ എനിക്ക് ഉസ്താദ് പറഞ്ഞു തന്നത് ഇങ്ങനെയാണ് ...." തുടങ്ങി വാളക്കുളം ഉസ്താദിന്റെ വാക്കുകൾ ഇന്നും ഓർക്കുന്നു. 

വിഷയത്തിലേക്കു വരാം, അന്ന് മൊല്ലാക്ക എന്നെ ഓതിച്ച ഭാഗം ശ്രദ്ധിക്കേണ്ടതു തന്നെയാണ്. بِئۡسَ لِسۡمُ എന്നാണ് ഓതേണ്ടത്. بِئۡسَ ٱلْإِسۡمُ എന്നായിപ്പോകാതെ നോക്കണം. ഖുർആനിൽ പല സ്ഥലങ്ങളിലും ഇങ്ങനെ ശ്രദ്ധിക്കേണ്ടതായുണ്ട്. അക്ഷരങ്ങൾ ഉണ്ടായിട്ട് ഉച്ഛരിക്കാതെയും അക്ഷരങ്ങൾ കൊടുക്കാതെ ഉച്ഛരിക്കേണ്ടതായും ഓതേണ്ട ഭാഗങ്ങളുണ്ട്. 

(ثُمَّ بَعَثۡنَا مِنۢ بَعۡدِهِم مُّوسَىٰ وَهَـٰرُونَ إِلَىٰ فِرۡعَوۡنَ وَمَلَإِی۟هِۦ بِـَٔایَـٰتِنَا فَٱسۡتَكۡبَرُوا۟ وَكَانُوا۟ قَوۡمࣰا مُّجۡرِمِینَ)

സൂറത് യൂനുസിലെ 75-ാം സൂക്തമാണിത്. ഇവിടെ وَمَلَإِی۟هِۦ എന്നതിൽ همزة ക്ക് ശേഷം ياء എഴുത്തിലുണ്ടെങ്കിലും അത് മൊഴിയാതെ وَمَلَإِهِۦ എന്നാണ് ഓതുക. 

അതുപോലെ സൂറതുൽ കഹ്ഫിലെ ഈ ഭാഗം ഓതുമ്പോഴും ശ്രദ്ധിക്കണം.

(لَّـٰكِنَّا۠ هُوَ ٱللَّهُ رَبِّی وَلَاۤ أُشۡرِكُ بِرَبِّیۤ أَحَدࣰا) 

لَّـٰكِنَّا۠ - ഇവിടെ നൂനിന് ശേഷം അലിഫുണ്ടെങ്കിലും ചേർത്ത് ഓതുമ്പോൾ ഉച്ചാരണമില്ല. لَّـٰكِنَّ هُوَ ٱللَّهُ 

എന്നാണ് ഓതുക. പക്ഷേ, അതിന്മേൽ വഖ്ഫ് ചെയ്യുമ്പോൾ അലിഫിനെ മൊഴിയണം. لَّـٰكِنَّا എന്ന് നൂനിനെ നീട്ടി അലിഫ് മൊഴിഞ്ഞ് കൊണ്ടാണ് വഖ്ഫ് ചെയ്യേണ്ടത്. ഈ അലിഫ് وصلي എന്ന പേരിലുള്ളതല്ല. അതറിയിക്കാനാണ് ഇത്തരം അലിഫിന്റെ മുകളിൽ ഒരു വൃത്തം കൊടുത്തിട്ടുള്ളത്. ഇതിന് സമാനമായി തോന്നുന്ന മറ്റൊരു അലിഫുമുണ്ട്. കൂട്ടിമൊഴിയുമ്പോഴും വഖ്ഫ് ചെയ്യുമ്പോഴും അതിനെ മൈന്റ് ചെയ്യേണ്ടതില്ല. സൂറതുൽ ഇൻസാനിലെ ഈ സൂക്തങ്ങൾ ശ്രദ്ധിക്കൂ:

(وَیُطَافُ عَلَیۡهِم بِـَٔانِیَةࣲ مِّن فِضَّةࣲ وَأَكۡوَابࣲ كَانَتۡ قَوَارِیرَا۠ ۝  قَوَارِیرَا۟ مِن فِضَّةࣲ قَدَّرُوهَا تَقۡدِیرࣰا۝)

ഇവിടെ ആദ്യത്തെ ആയതിന്റെ അവസാനത്തിലും തൊട്ടടുത്ത ആയതിന്റെ തുടക്കത്തിലും قَوَارِیرَا۟ എന്ന കലിമത് ഉണ്ട്. രണ്ടിലെയും 'റാഇ'ന്ന് ശേഷമുള്ള അലിഫ് വ്യത്യസ്തമാണ്. ആദ്യത്തേതിലെ അലിഫ് കൂട്ടിമൊഴിയുമ്പോൾ ഒഴിവാകുന്നതും വഖ്ഫ് ചെയ്യുമ്പോൾ മൊഴിയേണ്ടതുമാണ്. എന്നാൽ രണ്ടാമത്തേതിലെ قَوَارِیرَا۟ എന്ന കലിമതിൽ വഖ്ഫ് ചെയ്യുകയാണെങ്കിൽ അലിഫിന് ഉച്ഛാരണമില്ലാതെ 'റാഇ'ന്ന് സുകൂൻ ചെയ്യുകയും വേണം. ഇത് രണ്ടും തിരിച്ചറിയാൻ ആ രണ്ട് അലിഫുകളുടെയും മുകളിലുള്ള വൃത്തങ്ങൾ ചെറിയ വ്യത്യാസമുള്ളതായി കാണാം. ഇങ്ങനെ ഒത്തിരിയുണ്ട്. ഉദാഹരണത്തിന് ഒന്ന് രണ്ട് സ്ഥലങ്ങൾ പറഞ്ഞുവെന്ന് മാത്രം. ഇന്ന് കാണുന്ന മുസ്ഹഫ് നോക്കി ഓതാൻ തന്നെ ശരിക്ക് പഠിച്ചില്ലെങ്കിൽ വലിയ തെറ്റുകൾ വരാൻ സാധ്യതയുണ്ട്. അറബി അറിയുന്നവർക്ക് വരെ ഇത് അജ്ഞാതമാകുമ്പോൾ സാധാരണക്കാരുടെ അവസ്ഥ പറയണോ.

ഈയൊരു അവസ്ഥ ഖിറാഅതിൽ വരാതിരിക്കാൻ തന്നെയായിരിക്കും  വലിയ സൂക്ഷ്മാലുക്കളായ മുൻകാല പണ്ഡിതന്മാർ 'പൊന്നാനി മുസ്ഹഫ്' എന്ന പേരിലുള്ള ഖുർആനിൽ ഓതിയിരുന്നതും അതിനെ വിലക്കാതിരുന്നതും. 

ഇനി മൊല്ലാക്കയുടെ അടുത്തേക്ക് വരാം. അങ്ങനെ നോമ്പ് തുറക്കുന്നതിനിടെ, ഈത്തപ്പഴം കഴിക്കുന്നതിന് തൊട്ടുമുമ്പായി ഞാൻ 

اللهم لك صمت എന്ന ദിക്റ് ചൊല്ലി. അങ്ങനെ നോമ്പ് തുറക്കുന്നതിന് തൊട്ടു മുമ്പ് ചൊല്ലുന്ന രീതിയാണ് ഞങ്ങളുടെ നാട്ടിൽ പതിവുള്ളതും ഞാൻ കേട്ടിട്ടുള്ളതും. പക്ഷേ, ഇദ്ദേഹമെന്നെ തിരുത്തി. നോമ്പ് തുറന്നതിന് ശേഷമാണ് ഈ ദിക്റ് ചൊല്ലേണ്ടതെന്ന് നിർദ്ദേശിച്ചു. എനിക്കത് ഒരു പുതിയ അറിവായിരുന്നു. ചെറിയ വിദ്യാർത്ഥിയായ ഞാൻ പിന്നീട്

إرشاد العباد നോക്കിയപ്പോൾ, ശേഷമാണ് ചെല്ലേണ്ടത് എന്ന് കണ്ടു. പിന്നെ മറ്റു പല കിതാബുകളിലും അങ്ങനെ തന്നെ കാണാനിടയായി. ഏതായാലും, ദർസ് പഠനവും കോളേജ് പഠനവും കഴിഞ്ഞ് എന്റെ നാടിനടുത്തുള്ള വെള്ളിലയിൽ സേവനം തുടങ്ങി. മദ്രസയിൽ ഒരു മുഅല്ലിമായിട്ട്. ആയിടക്കാണ് റമളാനിൽ വെള്ളില ഹിദായഃയിൽ വെച്ച് ഒരു സമൂഹ നോമ്പ്തുറ സംഘടിപ്പിക്കപ്പെട്ടത്. അന്ന് ഭക്ഷണം കഴിക്കാൻ തൊട്ടടുത്തിരിക്കുന്ന പ്രായം ചെന്ന ആൾ നോമ്പ് തുറക്കുന്നതിന് മുമ്പായിട്ട് ഈ ദിക്റ് ചൊല്ലി. അപ്പോൾ ഞാൻ മെല്ലെ പറഞ്ഞു കൊടുത്തു. "ശേഷമാണ് ചൊല്ലേണ്ടത്...."

അപ്പോൾ അദ്ദേഹം:

" ഈ നോമ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ട് മുതലേ ഉള്ളതാണ്. അന്നെല്ലാം ഞങ്ങള് ചൊല്ലി വരുന്നത് ഇങ്ങനെയാണ്...."

അദ്ദേഹത്തോട് മറുത്തൊന്നും പറയാൻ നിന്നില്ല. പറഞ്ഞിട്ട് കാര്യവുമില്ലല്ലോ. കാരണം, അത്രക്ക് വലിയ തെളിവാണ് അദ്ദേഹത്തിന് ആ കാര്യത്തിലുള്ളത് - പാരമ്പര്യം.. അല്ലെങ്കിലും ജനങ്ങളുടെ പതിവിനെതിരിൽ വിമർശിക്കുമ്പോൾ നല്ലോണം ശ്രദ്ധിക്കണം. 

അങ്ങനെ സൈദാലി ഉസ്താദി(ന:മ)ന്റെ تعليقات കളിൽ (عمدة യുടേതാണെന്ന് ഓർക്കുന്നു) ഇഫ്താറിന്റെ മുമ്പും പ്രസ്തുത ദിക്റ് ചൊല്ലാം എന്ന പരാമർശം ബുശ്റൽ കരീമിൽ നിന്നും ഉദ്ധരിച്ചത് കണ്ടു.

(ﻭ) ﻳﺴﻦ (ﺃﻥ ﻳﻘﻮﻝ ﻋﻨﺪﻩ) ﺃﻱ: ﻋﻨﺪ ﺇﺭاﺩﺗﻪ، ﻭاﻷﻭﻟﻰ ﺑﻌﺪﻩ (اﻟﻠﻬﻢ ﻟﻚ ﺻﻤﺖ ﻭﻋﻠﻰ ﺭﺯﻗﻚ ﺃﻓﻄﺮﺕ) ﺣﻘﻴﻘﺔ ﻋﻠﻰ اﻟﺜﺎﻧﻲ، ﻭﺃﺭﺩﺕ اﻹﻓﻄﺎﺭ ﻋﻠﻰ اﻷﻭﻝ. اه‍ 

(بشرى الكريم- ص:٥٦٣) 

അപ്പോൾ ആ കാരണവർ പറഞ്ഞത് ശരിയാ. അങ്ങനെയാവാം എന്നുണ്ട്. വയനാട്ടിലെ മൊല്ലാക്ക പറഞ്ഞത് വളരെ ശരി. കാരണം അതാണ് أفضل. 

ഒരുറമളാൻ അനുഭവം മർഹൂം നെല്ലിക്കുത്ത് ഉസ്താദ് പങ്കുവെച്ചത് ഓർക്കുന്നുണ്ട്. അത് രസകരമാണ്. വയനാട്ടിൽ വെച്ച് തന്നെയാണ് സംഭവം. വഅളിന് ചാൻസ് അന്വേഷിച്ച് കുറേ നടന്ന് ഒരു പള്ളിയിലെത്തി. അവിടെ നിസ്കാര ശേഷം വഅള് പറയാമെന്നേറ്റ് പള്ളിയുടെ ഒരു മൂലയിൽ അൽപം വിശ്രമിച്ചു. നോമ്പ് നോറ്റ് നടന്ന ക്ഷീണം വല്ലാതങ്ങ് ശരീരത്തെ തളർത്തിയിരുന്നു. അപ്പഴാണ് ആജാനുബാഹുവായ ഒരു മുസ്‌ലിയാർ പള്ളിയിലേക്ക് കയറി വന്നത്. മുതഅല്ലിമായ നെല്ലിക്കുത്ത് ഉസ്താദ് അദ്ദേഹത്തെ കണ്ടപ്പോൾ എഴുന്നേറ്റില്ല. തന്നെ പഠിപ്പിച്ചയാളൊന്നുമല്ലല്ലോ. ഇനി തന്നേക്കാൾ പ്രായമുണ്ടെന്നതിനാലും ഒരു 'മുസ്‌ലിയാർ' എന്ന നിലക്കും ആദരിക്കേണ്ടതു തന്നെ. പക്ഷേ, ഭയങ്കര ക്ഷീണമുണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. അപ്പോൾ തൽക്കാലം ബഹുമാനം ഉള്ളിലൊതുക്കി. ഇത് പക്ഷേ, ആഗതന് അത്ര പിടിച്ചില്ല. അദ്ദേഹം പിറുപിറുത്തു:

" ഇപ്പോഴത്തെ മുതഅല്ലിമീങ്ങൾ ഇങ്ങന തന്നെ .. ഒരു ആദരവും ബഹുമാനവുമൊന്നുമില്ലാതായിരിക്കുന്നു ... "

ഉസ്താദ് മൗനം പൂണ്ടു. അങ്ങനെ നിസ്കാര ശേഷമുള്ള ദുആ കഴിഞ്ഞയുടനെ ഇയാളതാ ഉറുദി തുടങ്ങിയിരിക്കുന്നു.! ഹെന്ത് ! തന്റെ ചാൻസ് തട്ടിയെടുത്ത് ടിയാൻ മിഹ്റാബിൽ നിന്ന് കസർത്തുകയാണ്. ആകെ വല്ലാണ്ടായി. നോമ്പ് നോറ്റുള്ള ഒരു പാട് നേരത്തെ നടത്തത്തിനൊടുവിൽ കിട്ടിയ ചാൻസായിരുന്നു. അത് തട്ടിയെടുത്താൽ വെറുതെ വിടാനൊക്കുമോ.

ഉസ്താദ് തക്കം പാർത്തിരുന്നു. അപ്പഴതാ ഓതുന്നു.:

(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ كُتِبَ عَلَیۡكُمُ ٱلصِّیَامَ كَمَا كُتِبَ عَلَى ٱلَّذِینَ مِن قَبۡلِكُمۡ...) 

ങേ, ٱلصِّیَامُ എന്നതിന് പകരം മീമിന് ഫതഹ്.! ഉസ്താദ് ഉടനെ ഇടപെട്ടു. അൽപം ശബ്ദത്തിൽ തന്നെ. " ٱلصِّیَامُ എന്നാണ് ഓതേണ്ടത്. അത് നാഇബ് ഫാഇലാണ് ... "

ഉടനെ അയാൾ : " ... കണ്ടില്ലേ, ഇതാണ് ഇപ്പഴത്തെ കുട്ടികൾ . ശരിക്ക് പഠിക്കില്ല. അത് നാഇബ് ഫാഇലാണ് പോലും ... അത് മുബ്തദഃയാണ് ... "

علة ഉം معلول ഉം ഒക്കാത്ത ജവാബ്. ഇനി മുബ്തദഃയാണെങ്കിൽ തന്നെ رفع അല്ലേ കൊടുക്കേണ്ടത്. ആള് അൽപം പിശകാ. തന്റെ വഅള് തട്ടിയെടുത്തതും പോരാ, ജനങ്ങൾക്കിടയിൽ വമ്പനാവുന്നു. വിടാൻ പറ്റില്ല. ഉസ്താദ് ജനങ്ങളോടായി പറഞ്ഞു: "നാഇബ് ഫാഇലും മുബ്തദഃയും അവിടെ നിക്കട്ടെ. നമുക്ക് മുസ്വ് ഹഫെടുക്കാം.. എന്നാ തീരുമാനമാവുമല്ലോ..."

വേഗം മുസ്വ് ഹഫെടുത്ത് സൂറതുൽ ബഖറഃയുടെ 183 -ാം ആയത് എടുത്ത് കാണിച്ചു. "കണ്ടോ .. ഖുർആനിൽ മീമിന് ളൊമ്മ് തന്നെ...."

അവിടെ إعراب റഫ്അ് - ആണെന്നൊന്നും തെളിയിക്കാൻ പറ്റില്ല. സാധാരണക്കാർക്ക് ഹർകതല്ലേ അറിയൂ. ഈ പ്രസംഗം തട്ടിയെടുത്തയാൾക്കും അറിയില്ലെന്നാ തോന്നുന്നത്. അല്ലാതെ മുബ്തദഃ യാണെന്ന് സമ്മതിച്ച് نصب ചെയ്ത് ഓതുമോ!

ഏതായാലും ജനങ്ങൾക്കിടയിൽ ഉസ്താദിന് സ്വീകാര്യത കിട്ടി. അങ്ങനെ ആ പരിസരങ്ങളിലെല്ലാം വഅളിന് ചാൻസ് കിട്ടുകയും ചെയ്തു.

ഇത് പറഞ്ഞുതന്നപ്പോ ഉസ്താദിനോട് ഞങ്ങൾ തമാശയിൽ ചോദിച്ചു: "ഈ കൊളത്തുന്ന പരിപാടി അന്നേ ഉണ്ടല്ലേ..."

ഉസ്താദ് : "ഹാ, പിന്നല്ലാതെ ... " 

✍️

അഷ്റഫ് സഖാഫി പള്ളിപ്പുറം 

( തയ്യാറാക്കിയത്: 

അബൂ ഹസനഃ, ഊരകം)

No comments:

Post a Comment

മൗലവിമാർ ചെയ്യുന്ന* *ബിദ്അത്തുകൾ -2*

 https://www.facebook.com/share/MQWWgUEdfbGH4mq2/?mibextid=oFDknk 1️⃣3️⃣2️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  *മൗല...