Tuesday, May 28, 2024

സ്വഫിയ്യ(റ)യുടെ വിവാഹവും ചില യുക്തിവാദി സംശയങ്ങളും

 സ്വഫിയ്യ(റ)യുടെ വിവാഹവും ചില യുക്തിവാദി സംശയങ്ങളും




അന്ത്യപ്രവാചകന്‍ മുഹമ്മദ്‌(സ)യെ സ്ത്രീലംമ്പടനായും ക്രൂരനായും ചിത്രീകരിക്കാന്‍ ഇസ്‌ലാമിന്‍റെ ശത്രുക്കള്‍ വിശിഷ്യാ യുക്തിവാദികള്‍ പലപ്പോഴും ദുര്‍വ്യാഖ്യാനിക്കാറുള്ള ചരിത്രമാണ് ഖൈബര്‍ യുദ്ധവും അതേതുടര്‍ന്നു നടന്ന സ്വഫിയ്യ ബിന്‍ത് ഹുയയ്യുമായുള്ള നബിതിരുമേനി(സ)യുടെ വിവാഹവും. ഇവ്വിഷയകമായി യുക്തിവാദികളില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച ഏതാനും സംശയങ്ങളും അവയ്ക്ക് നല്‍കിയ മറുപടികളുമാണ് താഴെ ചേര്‍ക്കുന്നത്.


ചോദ്യം : മുഹമ്മദ്‌ നബി കോടിക്കണക്കിനു ജനങ്ങളുടെ പ്രിയപ്പെട്ട പ്രവാചകനാണ്. അദ്ദേഹത്തെ അവഹേളിച്ചു വല്ലതും പറഞ്ഞാൽ അനുയായികൾക്ക് മാനഹാനിക്കും അടങ്ങാത്ത രോഷത്തിനും ഇടയാവുക സ്വാഭാവികം മാത്രം. അതിനാൽ നമുക്ക് ശാന്തമായിരുന്ന് സംശയങ്ങൾ നിവാരണം ചെയ്യാം. എനിക്ക് തോന്നുന്ന (അഞ്ച്) സംശയങ്ങൾ താഴെ കൊടുക്കുന്നു.


യഹൂദർ ഖൈബർ യുദ്ധത്തിൽ കീഴടങ്ങിയതിന് ശേഷം സ്വഫിയയെ കൈക്കലാക്കാൻ വേണ്ടി അവളുടെ അച്ഛനെയും ഭർത്താവിനെയും കൊന്നുകളഞ്ഞതാണ് എന്ന് പറയുന്നതിൽ വല്ല കഴമ്പും ഉണ്ടോ?


മറുപടി: ഒരു കഴമ്പുമില്ലെന്ന് മാത്രമല്ല ശുദ്ധ വ്യാജം കൂടിയാണ് ഈ വാദം! ഹിജ്‌റ അഞ്ചാം വര്‍ഷമാണ് മുസ്‌ലിം സേന ബനൂ ഖുറൈളക്കാരെ കീഴടക്കിയതും സ്വഫിയ്യ:(റ)യുടെ പിതാവായ ഹുയയ്യുബ്നു അഖ്തബിനെ കൊന്നതും. സ്വഫിയ്യ:(റ)യുടെ ഭര്‍ത്താവായ കിനാനത്ബ്നുര്‍റബീഇന്‍റെ വധം നടക്കുന്നത് ഹിജ്റ ഏഴാം വര്‍ഷത്തിലെ ഖൈബര്‍ യുദ്ധത്തെ തുടര്‍ന്നാണ്. സ്വഫിയ്യ:(റ) അടക്കമുള്ളവര്‍ ബന്ദികളായി ഇസ്‌ലാമിക സൈന്യത്തിന്റെ അധീനതയില്‍ വരുന്നത് ഈ യുദ്ധാനന്തരമാണ്. ആ സമയത്തോ, തുടര്‍ന്ന് ബന്ധികളെ മുസ്‌ലിം സൈനികര്‍ക്കിടയില്‍ വീതിക്കുന്ന സമയത്ത് പോലുമോ സ്വഫിയ്യ: ആരാണെന്ന് പോലും പ്രവാചകന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ സ്വഫിയ്യ:യെ ദിഹ്യതുല്‍ കല്‍ബി എന്ന സ്വഹാബിക്ക് നബിതിരുമേനി(സ) നല്‍കിയത്. ഒടുവില്‍, ‘പ്രവാചകരേ, ബനൂ നളീറുകാരുടെയും ബനൂ ഖുറൈളക്കാരുടെയും നേതാവായ ഹുയയ്യിന്റെ പുത്രി –ആ ഗ്രോത്രക്കാരുടെ വനിതാ നേതാവ്- സ്വഫിയ്യ:യെ അങ്ങ് ദഹ്‌യക്ക് ഏല്‍പിച്ചുകൊടുത്തിരിക്കുന്നു; അവരെ ഏറ്റെടുക്കാന്‍ അങ്ങല്ലാതെ മറ്റാരും അനുയോജ്യനല്ല’എന്ന് സ്വഹാബികളിലൊരാള്‍ വന്നു പറഞ്ഞപ്പോഴാണ് പ്രവാചകന്‍(സ), സൈന്യം ഖൈബര്‍ വിടുന്നതിനു മുമ്പുതന്നെ ദഹ്‌യയെ വിളിച്ചുവരുത്തുന്നതും സ്വഫിയ്യ:യെ അദ്ദേഹത്തില്‍നിന്ന് ഏറ്റെടുക്കുന്നതും പകരം അദ്ദേഹത്തിന് മറ്റു അടിമകളെയും സമ്മാനവും നല്‍കുന്നതും. കഠിനശത്രുവും രാജ്യദ്രോഹിയുമായിട്ടും ഹുയയ്യിന്റെ, ഗോത്രത്തലവന്‍ എന്ന സ്ഥാനത്തെ പരിഗണിക്കാന്‍ സന്നദ്ധനാവുകയും അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയില്‍ സ്വഫിയ്യ:(റ)ക്ക് ദഹ്‌യയെപ്പോലുള്ള ഒരു സാധാരണ സൈനികന്റെ ഉത്തരവാദിത്തത്തില്‍ വരുന്നത് ഉണ്ടാക്കുന്ന പ്രയാസം മനസ്സിലാക്കുകയും ചെയ്യുന്ന മനുഷ്യത്വത്തെയാണ് ശിഷ്യന്റെ വാക്കുകള്‍ അംഗീകരിച്ച് സ്വഫിയ്യ:(റ)യെ കൂടെക്കൂട്ടുന്ന നബി(സ)യില്‍ നാം കാണുന്നത്. ഇതാണ് വസ്തുത എന്നിരിക്കെ ‘സ്വഫിയയെ കൈക്കലാക്കാൻ വേണ്ടി അവളുടെ അച്ഛനെയും ഭർത്താവിനെയും കൊന്നുകളഞ്ഞു’ എന്നൊക്കെ ആരോപിക്കുന്നത് ശുദ്ധ അസംബന്ധവും കല്ലുവെച്ച നുണയുമല്ലെങ്കില്‍ മറ്റെന്ത്?!


മദീന അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയ അഹ്‌സാബ് യുദ്ധനീക്കത്തിന്റെ സൂത്രധാരകരിലൊരാള്‍ ഹുയയ്യ് ആയിരുന്നു. മക്കയില്‍ പോയി, മദീനയെ ആക്രമിക്കാന്‍ ഖുറൈശികളെ പ്രചോദിപ്പിച്ചതും മാനസികമായി ധൈര്യപ്പെടുത്തിയതും പ്രവാചകനോട് ശത്രുതയുണ്ടായിരുന്ന ഗത്ഫാന്‍ ഗോത്രത്തെ നയതന്ത്ര സംഭാഷണങ്ങള്‍ വഴി യുദ്ധത്തില്‍ ഖുറൈശികളുടെ സഖ്യകക്ഷിയാകാന്‍ സജ്ജമാക്കിയതുമെല്ലാം ഹുയയ്യും സുഹൃത്തുക്കളുമായിരുന്നു. രാഷ്ട്രത്തലവനായ മുഹമ്മദ് നബി(സ)യെ ചതിയില്‍ കൊല്ലാന്‍ ശ്രമിച്ചതടക്കമുള്ള വെച്ചുപൊറുപ്പിക്കാനാവാത്ത രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മദീനയില്‍ നിന്ന് നാടുകടത്തപ്പെട്ട ബനൂ നദീര്‍ ഗോത്രത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്നു ഹുയയ്യ്. മദീന ആസ്ഥാനമായ ഇസ്‌ലാമിക രാഷ്ട്രത്തെ നാമാവശേഷമാക്കാനുള്ള നിഗൂഢ പദ്ധതികളുടെ ഭാഗമായിരുന്നിട്ടും വധശിക്ഷ നല്‍കാതെ നാടുവിട്ടുപോകാന്‍ അനുവദിക്കപ്പെട്ട കുറ്റവാളിയായിരുന്ന ഇയാള്‍ തുടര്‍ന്നും മദീനക്കെതിരായ നീക്കങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. അങ്ങനെയാണ് ബനൂഖുറൈളാ യുദ്ധാനന്തരം അയാള്‍ വധിക്കപ്പെടുന്നത്.


മദീനയുടെ ഭദ്രതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നിരന്തരമായി നടത്തിക്കൊണ്ടിരുന്ന യഹൂദ കലാപകാരികളുടെ കേന്ദ്രമായിരുന്ന ഖൈബര്‍ ആഴ്ചകള്‍ നീണ്ട സൈനിക പരിശ്രമത്തിലൂടെയാണ് ഇസ്‌ലാമിക സൈന്യം നിയന്ത്രണത്തിലാക്കിയത്. ഖൈബറിലെ ശക്തമായ യഹൂദ കോട്ടകള്‍ ഓരോന്നായി കീഴ്‌പെടുത്തിയുള്ള മുന്നേറ്റത്തിനൊടുവിലാണ് സ്വഫിയ്യ(റ)യുടെ ഭര്‍ത്താവ് കിനാന: വധിക്കപ്പെടുന്നത്. ഹുയയ്യിനെപ്പോലെത്തന്നെ രാജ്യദ്രോഹപരമായ അച്ചടക്കലംഘനങ്ങള്‍ വഴി ഇസ്‌ലാമിക രാജ്യത്തിന്റെ വധശിക്ഷ അനിവാര്യമായിത്തീര്‍ന്ന മറ്റൊരു കുറ്റവാളിയായിരുന്നു കിനാന:. അയാള്‍ വധിക്കപ്പെട്ടത് രാജ്യസുരക്ഷാ നടപടിക്രമങ്ങളുടെ സ്വാഭാവികത മാത്രമായിരുന്നു. കലാപകാരികളായിരുന്ന ഖൈബറിലെ ബനൂ നളീറുകാരുടെ പ്രതിനിധികളായി മക്കയില്‍ ചെന്ന് ഖുറൈശികളെ അഹ്‌സാബ് യുദ്ധത്തിനു പ്രേരിപ്പിച്ച സംഘത്തില്‍ ഹുയയ്യിനോടൊപ്പം അദ്ദേഹത്തിന്റെ ജാമാതാവായ കിനാന:യും ഉണ്ടായിരുന്നു. അഹ്‌സാബ് യുദ്ധത്തില്‍ ഹുയയ്യ്-കിനാന: സംഘത്തിന്റെ പദ്ധതി പരാജയപ്പെടുകയും ഹുയയ്യ് ബനൂ ഖുറൈളക്കാരോടൊപ്പം പിടിക്കപ്പെടുകയും ചെയ്തതില്‍ പിന്നെ ഖൈബറില്‍ മദീനാ വിരുദ്ധ ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് കിനാന:യായിരുന്നു. പ്രവാചകന്റെ സൈന്യത്തോടു പോരാടാന്‍ വേണ്ടി ഗത്ഫാന്‍ ഗോത്രക്കാരായ നാലായിരത്തോളം പേരെ കരാറടിസ്ഥാനത്തില്‍ ഖൈബറില്‍ വിന്യസിച്ചത് അയാളായിരുന്നു. ഖൈബര്‍ യുദ്ധത്തില്‍ കീഴടങ്ങിയശേഷവും കരാര്‍ ലംഘനവും വഞ്ചനയും തുടര്‍ന്നത് പിടികൂടപ്പെട്ടപ്പോള്‍ മാത്രമായിരുന്നു അയാള്‍ വധിക്കപ്പെട്ടത്. അതും യുദ്ധാനന്തരമുണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍. ഹുയയ്യിന്റെ വധത്തെപ്പോലെത്തന്നെ കിനാന:യുടെ വധത്തിനും സ്വഫിയ്യ(റ)യുടെ വിവാഹവുമായി യാതൊരു ബന്ധവുമില്ലായിരുന്നു, ഉണ്ടെന്നത് യുക്തിവാദികളെപ്പോലുള്ള ഇസ്‌ലാം വിമര്‍ശകരുടെ വ്യാജാരോപണം മാത്രമാണ് എന്ന് ഇതില്‍ നിന്ന്‍ വ്യക്തം.


ചോദ്യം : സ്വഫിയയെ നബി കല്യാണം കഴിച്ചതാണോ? എങ്കിൽ ആരാണ് കല്യാണം കഴിച്ചു കൊടുത്ത രക്ഷാധികാരി (വലിയ്യ്‌)?


മറുപടി: ഖൈബര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ മുന്നേറിക്കൊണ്ടിരിക്കുകയും ജൂതന്മാരുടെ ശക്തികേന്ദ്രമായിരുന്ന അല്‍ഖമൂസ് കോട്ട ഉപരോധിക്കുകയും ചെയ്തപ്പോള്‍ അവര്‍ സന്ധിസംഭാഷണത്തിന് തയ്യാറായി. ഇബ്നു അബീ ഹുഖൈഖ് നബി(സ)യുമായി സന്ധിവ്യവസ്ഥയുണ്ടാക്കി. പ്രസ്തുത സന്ധിയില്‍ നബി(സ) പ്രത്യേകം എടുത്തുപറഞ്ഞ വ്യവസ്ഥ ലംഘിച്ച് കടുത്ത വഞ്ചന നടത്തിയതിനെ തുടര്‍ന്നാണ്‌ കിനാന വധിക്കപ്പെടുന്നതും അവരുടെ പത്നിയായിരുന്ന സ്വഫിയ്യ(റ) ഉള്‍പ്പെടെ പലരും ബന്ധികളാക്കപ്പെടുന്നതും. ഇവ്വിധം ജൂതന്മാരുടെ ചതിയുടെയും വഞ്ചനയുടെയും കരാര്‍ ലംഘനത്തിന്‍റെയും അനന്തരഫലമായി മുസ്‌ലിം സൈന്യത്തിന്‍റെ അധീനതയില്‍ അടിമകളായി വന്ന സ്ത്രീകളെയും കുട്ടികളെയും വീതംവെച്ചപ്പോള്‍ നബി(സ)ക്ക് കിട്ടിയതാണ് സ്വഫിയ്യ(റ)യെ. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ച നബി(സ) അവരോട് പറഞ്ഞത്, ‘ഒന്നുകില്‍ ഇസ്‌ലാം സ്വീകരിച്ച് എന്റെ കൂടെ മദീനയിലേക്കു പോരാം, അല്ലെങ്കില്‍ നിന്റെ പൂര്‍വവിശ്വാസത്തില്‍ തന്നെ തുടര്‍ന്ന് യഹൂദ സമുദായത്തിലേക്ക് തന്നെ മടങ്ങിപ്പോകാം, അതിനുള്ള സ്വാതന്ത്ര്യം നിനക്ക് നല്‍കുന്നു’ എന്നാണ്. (ത്വബഖാതു ഇബ്നു സഅദ്). ഒരേ സമയം രാഷ്ട്രീയവും മതപരവുമായ തെരഞ്ഞെടുപ്പധികാരമാണ് റസൂല്‍(സ) സ്വഫിയ്യ:(റ)ക്ക് അനുവദിച്ചുനല്‍കുന്നത്. ലോകചരിത്രത്തില്‍ മറ്റേതു ജേതാവാണ്, ഇത്രയും വിനയാന്വിതനായി കീഴടക്കപ്പെട്ട നാടിനോട് പെരുമാറിയിട്ടുള്ളത്?! ഇസ്‌ലാം സ്വീകരിച്ച് പ്രവാചകന്റെ കീഴില്‍ തുടരാനാണ് സ്വഫിയ്യ:(റ) ഇഷ്ടപ്പെട്ടത്. ‘എന്റെ മോചനത്തേക്കാളും എന്റെ സമൂഹത്തിലേക്കുള്ള മടക്കത്തേക്കാളും അല്ലാഹുവും അവന്റെ റസൂലുമാണ്‌ എനിക്ക് പ്രിയം’എന്നായിരുന്നു സ്വഫിയ്യ:(റ)യുടെ പ്രതികരണം. (സീറ: ഇബ്നു ഇസ്ഹാഖ്). അനന്തരം നബിതിരുമേനി(സ) സ്വഫിയ്യ:(റ)യെ മോചിപ്പിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു അവര്‍ക്കുള്ള മഹ്ര്‍. തന്റെ കീഴിലുള്ള അടിമയെ മോചിപ്പിച്ച് വിവാഹം കഴിക്കാന്‍ ഉടമയായ പ്രവാചകന് ‘വലിയ്യി’ന്‍റെ ആവശ്യമുണ്ടായിരുന്നില്ല. അതാണ്‌ ഇസ്‌ലാമിക നിയമം.


ചോദ്യം : ചില ചരിത്രകാരന്മാർ ആരോപിക്കുംപോലെ കല്യാണമല്ല, ചുമ്മാ നബി തന്റെ കൂടാരത്തിൽ അവളെ കൊണ്ടുപോയി ശയിക്കുകയായിരുന്നോ?


മറുപടി: ഒരിക്കലുമല്ല, ഇതൊരു ചുമ്മാ ആരോപണം മാത്രമാണ്! യുക്തിവാദികളെപ്പോലെ, ബുദ്ധിപരവും വൈജ്ഞാനികവുമായ സത്യസന്ധതയില്ലാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാറുള്ളത്. തങ്ങള്‍ ഏതായാലും അനിയന്ത്രിതവും കുത്തഴിഞ്ഞതുമായ ലൈംഗിക ജീവിതത്തിന്റെ അടിമകളായി. അതിനാല്‍ തങ്ങളെപ്പോലെ, ലക്കുംലഗാനുമില്ലാത്ത ലൈംഗിക ജീവിതമായിരുന്നു മുഹമ്മദ്‌ നബി(സ)യും നയിച്ചിരുന്നത് എന്ന് വരുത്തിവെക്കാനുള്ള നികൃഷ്ട താല്‍പര്യത്തിന്‍റെ ഭാഗമായിരിക്കണം ഇത്തരം ആരോപണങ്ങള്‍. കടുത്ത ഇസ്‌ലാം വിരോധികളല്ലാതെ, പ്രാമാണികനായ ഏത് ചരിത്രകാരനാണ് ഇങ്ങനെ ആരോപിച്ചിട്ടുള്ളത്‌ എന്ന് ചോദ്യകര്‍ത്താവ് വ്യക്തമാക്കിയാല്‍ നന്നായിരുന്നു. നബി(സ) സ്വഫിയ്യ:(റ)യെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് ഭാര്യയായി സ്വീകരിക്കുകയും അങ്ങനെ ഖൈബറില്‍ നിന്നും മദീനയിലേക്ക് മടങ്ങുകയും ചെയ്യവേ സദ്ദുസ്സ്വഹ്ബാഅ് എന്ന സ്ഥലത്തുവെച്ചാണ് നബിതിരുമേനി സ്വഫിയ്യ:(റ)യുമായി മധുവിധു ആഘോഷിക്കുന്നത്. വിവാഹസദ്യയായി ഈത്തപ്പഴവും ഹൈസും മറ്റും നല്‍കി. മൂന്ന് ദിവസം അവിടെ തങ്ങിയ ശേഷമാണ് യാത്ര തുടര്‍ന്നത്. (സ്വഹീഹുല്‍ ബുഖാരി)


ചോദ്യം : ശത്രുക്കളിൽ പെട്ട സ്ത്രീയെയും കൊണ്ട് അന്തിയുറങ്ങുന്നത് കണ്ടതിൽ അവൾ നബിയെ വല്ലതും ചെയ്യുമോ എന്ന് ആശങ്ക തോന്നിയ അബൂ അയ്യൂബിൽ അൻസാരി(റ) നേരം പുലരുന്നത് വരേ കൂടാരത്തിന് പുറത്ത് ഒരു വാൾ കയ്യിലേന്തി കാവൽ നിന്നു എന്ന് പറയുന്നത് ശരിയാണോ?


മറുപടി: ഇമാം ത്വബ്രിയുടെ റിപ്പോര്‍ട്ട് പ്രകാരം, അബൂ അയ്യൂബിൽ അൻസാരി(റ) നേരം പുലരുന്നത് വരേ പ്രവാചകന്‍റെ കൂടാരത്തിന് വാളുമായി കാവൽ നിന്നു എന്ന് പറയുന്നത് ശരിയാണ്. അതുപക്ഷേ, -ഇസ്‌ലാമിന്‍റെ ശത്രുക്കള്‍ പറഞ്ഞൊപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ- വാളിന്‍റെ തണലിലുള്ള വീടുകൂടല്‍ ആയിരുന്നില്ല. അഥവാ, അബൂ അയ്യൂബിന്‍റെ സായുധ കാവല്‍ പ്രവാചകന്റെ അറിവോടെയോ നിര്‍ദ്ദേശപ്രകാരമോ ആയിരുന്നില്ല എന്നര്‍ത്ഥം. ബലപ്രയോഗത്തിന്റെ ഒരംശവും സ്വഫിയ്യ(റ)ക്കുനേരെ നടത്താന്‍ പ്രവാചകന്‍(സ) ഉദ്ദേശിച്ചിട്ടേയില്ലെന്ന് നേരത്തെ വിവരിച്ച സംഭവങ്ങളില്‍ നിന്ന് തീര്‍ത്തും വ്യക്തമാണല്ലോ. വിവാഹത്തിന് ശേഷം ഒരുമിച്ച് രാപാര്‍ക്കാനുള്ള അവരുടെ തീരുമാനം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു താനും. പുലര്‍ച്ചേ തന്റെ കൂടാരത്തിന് പുറത്തിറങ്ങിയപ്പോഴാണ് അബൂഅയ്യൂബില്‍ അന്‍സ്വാരി(റ)യെ പ്രവാചകന്‍ കാണുന്നതും അദ്ദേഹം തന്റെ ടെന്റിന് കാവല്‍ നിന്ന വിവരം അറിയുന്നതും. യുദ്ധത്തില്‍ ബന്ധുക്കള്‍ കൊല്ലപ്പെട്ടതിന് സ്വഫിയ്യ:(റ) പ്രവാചകനോട് പ്രതികാരം ചെയ്യുമോ എന്ന ഭയം കൊണ്ടാണ് താന്‍ അവിടെ നിന്നതെന്ന് അബൂ അയ്യൂബ്(റ) നബി(സ)ക്ക് അന്നേരം വിശദീകരിച്ചുകൊടുക്കുകയായിരുന്നു. പ്രവാചകനോടുള്ള കൂറ് മനസ്സിലാഴ്ന്നിറങ്ങിയിരുന്ന അബൂ അയ്യൂബ്(റ), സ്വഫിയ്യ:(റ)യുടെ കാര്യത്തില്‍ ഒരു മുന്‍കരുതല്‍ ആവശ്യമാണെന്നു സ്വയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ കൂടാരത്തിനു പുറത്ത് സ്വന്തം നിലയ്ക്ക് വന്നുനിന്നുവെന്നാണ് ത്വബ്രിയുടെ നിവേദനത്തിലുള്ളതെന്നു ചുരുക്കം. സ്വഫിയ്യ:(റ)യുമായി സംസാരിക്കാനോ സമ്പർക്കം പുലർത്താനോ ഒന്നും കഴിഞ്ഞിട്ടില്ലാത്ത അബൂ അയ്യൂബിന് അവരുടെ മനസ്സ് താന്‍ വിചാരിക്കുന്നതിന്റെ വിപരീതധ്രുവത്തിലാണ് നിലകൊണ്ടിരുന്നതെന്ന് തിരിച്ചറിയാന്‍ നിര്‍വാഹമൊന്നും ഉണ്ടായിരുന്നില്ലല്ലോ! എന്നാല്‍, സംഭവിക്കുമോയെന്ന് അബൂ അയ്യൂബ്(റ) ശങ്കിച്ച ചതിയല്ല, ആത്മാര്‍ത്ഥമായ മനസ്സുപറിച്ചുകൊടുക്കലാണ് അന്നു രാത്രി ആ താല്‍ക്കാലിക കിടപ്പറക്കുള്ളില്‍ നടന്നത് എന്നതാണ് യാഥാര്‍ഥ്യം.


ഇവിടെ രസകരവും ചിന്തനീയവുമായ മറ്റൊരു കാര്യംകൂടിയുണ്ട്. ഖൈബറില്‍ നിന്ന് മടങ്ങുംവഴി തന്റെ കൂടെ അന്തിയുറങ്ങുന്നത് പ്രവാചകന് അപകടം വരുത്തിവെക്കുമോ എന്നു സ്വഫിയ്യ:(റ) ഭയപ്പെട്ടിരുന്നു എന്നതാണത്! ഖൈബര്‍ വിട്ട് ഏതാണ്ട് ആറു മൈല്‍ ദൂരം പിന്നിട്ടപ്പോള്‍ വിവാഹരാത്രിയിലേക്ക് പ്രവേശിക്കാനായിരുന്നു നബി(സ)യുടെ തീരുമാനം. എന്നാല്‍ സ്വഫിയ്യ:(റ) ആ നിര്‍ദേശം തിരസ്‌കരിക്കുകയാണ് ചെയ്തത്. പിന്നീട് ഖൈബറില്‍നിന്ന് പന്ത്രണ്ടു മൈല്‍ ദൂരെയെത്തിയതിന് ശേഷം നബി(സ)യും സ്വഫിയ്യ:(റ)യും ആദ്യരാത്രി ഒന്നിച്ചുറങ്ങിയപ്പോള്‍ ഈ തിരസ്‌കാരത്തെക്കുറിച്ച് പ്രവാചകന്‍(സ) സ്വഫിയ്യ:(റ)യോട് ചോദിച്ചു. അതിന്നവരുടെ മറുപടി, ”അല്ലാഹുവിന്റെ ദൂതരേ, അങ്ങ് യഹൂദരോട് അടുത്തുള്ള ഒരു സ്ഥലത്തുവെച്ച് അത് ചെയ്യുന്നത് ഞാന്‍ ഭയപ്പെട്ടു, ഇപ്പോള്‍ നാം സുരക്ഷിതമായ അകലത്തിലാണ്”എന്നായിരുന്നു! (കിതാബുല്‍ മഗാസി –വാഖിദി). അബൂഅയ്യൂബ്(റ) ഭയപ്പെട്ടതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു സ്വഫിയ്യ:(റ)യുടെ മനസ്സ്, ദിവസങ്ങള്‍കൊണ്ട് അതില്‍ ഇസ്‌ലാമും പ്രവാചക സ്നേഹവും നിറഞ്ഞ് കവിഞ്ഞിരുന്നു, അതിനാല്‍ തന്നെ തന്റെ പഴയ ബന്ധുക്കളായ യഹൂദര്‍ നബി(സ)യോട് പ്രതികാരം ചെയ്യാനുള്ള സാധ്യതയും, അതില്‍നിന്ന് പ്രവാചകനെ സംരക്ഷിക്കാനുള്ള വ്യഗ്രതയും, നബി(സ)യുമായുള്ള തന്റെ വിവാഹം അലങ്കോലമാകാതിരിക്കാനുള്ള ആഗ്രഹവും കരുതലുമാണ് സ്വഫിയ്യ:(റ)യെ മഥിച്ചിരുന്നത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.


ചോദ്യം : യുദ്ധം തീർന്ന ഉടനെയാണ് ഈ സഹശയനം നടന്നത് എന്നും, സ്വഫിയയുടെ ‘ഇദ്ദ’ കഴിയാൻ മൂന്നു മാസത്തോളം പിന്നെയും ബാക്കിയുണ്ടെന്നും പറയുന്നത് ശരിയാണോ? വായനക്കാർക്ക് തെറ്റിദ്ധാരണ നീങ്ങാൻ ഉതകുന്ന ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.


മറുപടി: പ്രവാചകനു(സ)മായി വീടുകൂടുമ്പോള്‍ സ്വഫിയ്യ:(റ)യുടെ ഇദ്ദാ കാലം കഴിഞ്ഞിട്ടില്ലായിരുന്നു എന്ന ഈ ആരോപണം ഒട്ടും ശരിയല്ല. എന്നുമാത്രമല്ല, ഇസ്‌ലാമിക ശരീഅത്തിന്റെ നിദാനശാസ്ത്രത്തെക്കുറിച്ച യാതൊരു ധാരണയും ഇല്ലാതെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനം കൂടിയാണിത്; അല്ലാഹുവില്‍ നിന്നും റസൂലില്‍ നിന്നും ഇസ്‌ലാം പഠിക്കുന്നതിന് പകരം അവരെ അങ്ങോട്ട്‌ ഇസ്‌ലാം പഠിപ്പിക്കുന്ന തരത്തിലുള്ള വാദവും! യുദ്ധങ്ങള്‍ വഴി ഇസ്‌ലാമിക രാജ്യത്ത് അടിമസ്ത്രീകളെത്തിയാല്‍ അവര്‍ക്കുള്ള ഇദ്ദയുടെ ചട്ടമെന്താണെന്ന് സ്ഥാപിക്കപ്പെടുക പ്രവാചകന്‍(സ) അവ്വിഷയകമായി എന്ത് നിലപാട് സ്വീകരിച്ചു എന്നതിന്റെ വെളിച്ചത്തിലാണ്. ഖൈബറില്‍ നിന്ന് മടങ്ങുംവഴി സ്വഫിയ്യ:(റ) ആര്‍ത്തവത്തില്‍ നിന്നു ശുദ്ധിയായതിനുശേഷമാണ് മുഹമ്മദ് നബി(സ)

സ്വഫിയ്യ:(റ)യുമായുള്ള വിവാഹം സാക്ഷാത്കരിച്ചത്. ഇക്കാര്യം, ആ യാത്രയില്‍ പ്രവാചകന്റെ കൂടെയുണ്ടായിരുന്ന അനസ്(റ) വ്യക്തമാക്കിയത് സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം. ആര്‍ത്തവമുണ്ടായിരുന്ന സ്വഫിയ്യ:(റ)യുമായുള്ള വിവാഹം അവരുടെ ആര്‍ത്തവം കഴിയുന്നതുവരെ മുഹമ്മദ് നബി(സ) നീട്ടിവെച്ചാല്‍ അതിനര്‍ത്ഥം, യുദ്ധഭൂമിയില്‍ നിന്ന് അടിമസ്ത്രീകളായി എത്തുന്നവരുടെ ഇസ്‌ലാമിക ഇദ്ദ ഒരു ആര്‍ത്തവകാലമാണെന്നാണ്. നിയമബോധനമാണ്, നിയമലംഘനമല്ല മുഹമ്മദ് നബി(സ)യുടെ ഈ നടപടിയില്‍ ഉള്ളത്.


ഗര്‍ഭിണിയായ അടിമസ്ത്രീയുടെ ഇദ്ദ പ്രസവം വരെയും ഗര്‍ഭിണിയല്ലാത്തവരുടേത് ഒരു ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുന്നതുവരെയും ആണെന്നും അതിനുശേഷമേ അവരുമായി വിവാഹ/ലൈംഗിക ബന്ധം പാടുള്ളുവെന്നും മുഹമ്മദ് നബി(സ) തന്റെ ശിഷ്യന്‍മാര്‍ക്ക് വ്യക്തമായി പറഞ്ഞുകൊടുത്തിട്ടുള്ളതാണ്. ‘സുനനു അബൂദാവൂദി’ല്‍ ‘കിതാബുന്നികാഹി’ന് കീഴിലെ ‘ബാബു ഫീ വത്വ്ഇസ്സബായാ’യില്‍ വന്നിട്ടുള്ള ഹദീസുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഔത്വാസ് യുദ്ധാനന്തരം മുസ്‌ലിം പടയാളികള്‍ അടിമസ്ത്രീകളെ ഏറ്റെടുത്തപ്പോള്‍ പ്രവാചകന്‍(സ) ഇങ്ങനെ പറയുകയുണ്ടായി: ”ഗര്‍ഭിണികള്‍ പ്രസവിക്കുന്നതുവരെ അവരുമായി ലൈംഗിക ബന്ധം പാടില്ല, ഗര്‍ഭിണികളല്ലാത്തവര്‍ ഒരു ആര്‍ത്തവം പൂര്‍ത്തിയാകുന്നതുവരെ അവരുമായും ലൈംഗികബന്ധം പാടില്ല.” ഹുനൈന്‍ യുദ്ധാനന്തരം അവിടുന്ന് പ്രഖ്യാപിച്ചു: ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു വ്യക്തിക്കും ഒരു ആര്‍ത്തവകാലത്തില്‍ നിന്ന് ശുദ്ധിയാകുന്നതുവരെ അടിമസ്ത്രീകളുമായി ലൈംഗികബന്ധം അനുവദനീയമല്ല.”


ഇതില്‍നിന്നും കാര്യം വളരെ വ്യക്തമാണ്. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മുഹമ്മദ് നബി(സ) പഠിപ്പിച്ചിട്ടുള്ളത് യുദ്ധത്തടവുകാരികളായി എത്തുന്ന ഗര്‍ഭിണികളല്ലാത്തവരുടെ ഇദ്ദ ഒരു ആര്‍ത്തവം കഴിയുകയാണ് എന്നതത്രെ. അതാണ് ഇവ്വിഷയകമായ ഇസ്‌ലാമിന്റെ നിയമം. സ്വഫിയ്യ:(റ)യുടെ കാര്യത്തിലും ഇതിനുവിരുദ്ധമായി യാതൊന്നും ഉണ്ടായിട്ടില്ല. ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദ നാല് ചാന്ദ്രമാസവും പത്തു ദിവസവുമാണെന്ന് വിധിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തില്‍നിന്ന്, ഇസ്‌ലാമില്‍ ഈയൊരു ഇദ്ദാ നിയമം മാത്രമേയുള്ളൂ എന്ന് തെറ്റിദ്ധരിച്ചുകൊണ്ടാണ് യുക്തിവാദികളെപ്പോലുള്ള ഇസ്‌ലാം വിമര്‍ശകരില്‍ പലരും സ്വഫിയ്യ:(റ)യുടെ കാര്യത്തില്‍ ഇദ്ദാ നിയമം മറികടക്കപ്പെട്ടു എന്നു വാദിക്കുന്നത്. ഇസ്‌ലാമിക ഫിഖ്ഹിനെ സംബന്ധിച്ച പരിമിത ജ്ഞാനവും, വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും ഒരു വിഷയവും ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കില്ല എന്നതുമാണ് ഇസ്‌ലാം വിമര്‍ശകരുടെ, വിശിഷ്യാ യുക്തിവാദികളുടെ പ്രശ്‌നം.


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...