Tuesday, December 27, 2022

ഇലാഹും_ഇബാദത്തും_വഹാബികളുടെ_തൗഹീദും

 #ഇലാഹും_ഇബാദത്തും_വഹാബികളുടെ_തൗഹീദും


ഇലാഹ് എന്നാൽ ആരാധിക്കപ്പെടുന്നവൻ എന്ന് സാമാന്യമായി പറയാം. അപ്പോൾ ഇലാഹ് എന്നതിന്റെ വിവക്ഷ മനസ്സിലാക്കണമെങ്കിൽ ആരാധന എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.


#ഇബാദത്ത്

ഇമാം ഖാളി ബൈളാവി പറയുന്നു: "ആരാധന എന്നാൽ പരമമായ വണക്കമാണ്."

والعبادة: أقصى غاية الخضوع والتذلل ومنه طريق معبَّد أي مذلل، وثوب ذو عبدة إذا كان في غاية الصفاقة، ولذلك لا تستعمل إلا في الخضوع لله تعالى. تفسير البيضاوي


നാം ഒരാളോട് കാണിക്കുന്ന വണക്കം പരമമാവുന്നത് ചെയ്യുന്ന പ്രവൃത്തിയെ വിലയിരുത്തിയല്ല. അങ്ങനെയാണെങ്കിൽ മലക്കുകൾ ആദം നബിക്ക് സുജൂദ് ചെയ്തതും യൂസഫ് നബിക്ക് തന്റെ സഹോദരങ്ങൾ സുജൂദ് ചെയ്തതും ആരാധനയാകേണ്ടതാണ്. അല്ലാഹുവിൻറെ കല്പനപ്രകാരം ആയത് കൊണ്ട് മാത്രം അത് ആരാധനയുടെ പരിധിയിൽ വരികയില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം, അല്ലാഹു മറ്റൊരാൾക്ക് ആരാധന ചെയ്യാൻ കൽപ്പിക്കുകയില്ല എന്നത് തന്നെ. മാത്രമല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് ഒരു കാര്യം ആരാധനയായിത്തീരുന്നതെങ്കിൽ- നിസ്കാരത്തിൽ ഏറ്റവും പരമമായ വണക്കം പ്രകടിപ്പിക്കുന്നത് സുജൂദിലാണല്ലോ- അപ്പോൾ നിസ്കാരത്തിലെ ഖിയാമും റുകൂഉം ഇബാദത്തല്ലെന്നു വരും.


ഇതിൽ നിന്നും ആരാധനയായിത്തീരുന്നതിന്റെ മാനദണ്ഡം പ്രവൃത്തിയല്ല, മറിച്ച് ചെയ്യുന്ന വ്യക്തിയുടെ വിശ്വാസമാണെന്ന് മനസ്സിലായി .

ഇനി ചിന്തിക്കാനുള്ളത് നാം ഒരു ശക്തിയെ/ വ്യക്തിയെ എന്ത് വിശ്വാസത്തിൽ വണങ്ങുമ്പോഴാണ് ആരാധനയായിത്തീരുന്നത് എന്നാണ്.


#അഭൗതികവും_കാര്യകാരണ_ബന്ധവും

കാര്യകാരണ ബന്ധത്തിനതീതമായ അഥവാ അഭൗതികമാർഗ്ഗേണ വല്ല ഉപകാരമോ ഉപദ്രവമോ ഒരു ശക്തിയിൽ നിന്ന് പ്രതീക്ഷിച്ചു കൊണ്ടുള്ള വണക്കം അതിനുള്ള ഇബാദത്തും ശിർക്കുമായിത്തീരും എന്നാണ് അഹലുസ്സുന്നയിൽ നിന്ന് പുറത്ത് പോയവർ സാധാരണ വിശദീകരിക്കാറുള്ളത്. അഥവാ ഒരു കാര്യം പരമമായ വണക്കം ആകുന്നതിന്റെ മാനദണ്ഡം ആ ശക്തിയിൽ നിന്ന്  അഭൗതികമായി വല്ലതും പ്രതീക്ഷിക്കലാണ്.!


ഒരു വ്യക്തിയിൽ നിന്നോ ശക്തിയിൽ നിന്നോ അഭൗതികമായി വല്ലതും പ്രതീക്ഷിച്ചാൽ അത് ആരാധനയാകും എന്ന് പ്രാമാണികരായ ഏത് പണ്ഡിതനാണ് പറഞ്ഞത് ? റഷീദുരിളാ എന്ന ഈജിപ്ഷ്യൻ വഹാബി പണ്ഡിതന്റെ മുമ്പ് ഇങ്ങനെയൊരു വ്യാഖ്യാനം ആരാണ് ഇബാദത്തിന് നൽകിയത് ?!


#അഭൗതികമായ_ഗുണം_പ്രതീക്ഷിക്കൽ

സ്വഹാബത്ത് നബി (സ്വ) തങ്ങളിൽ നിന്നും അവിടുത്തെ തിരുശേഷിപ്പുകളിൽ നിന്നും അഭൗതികമായ മാർഗ്ഗേണ ഗുണം പ്രതീക്ഷിച്ച നിരവധി സംഭവങ്ങൾ ബുഖാരിയിലും മുസ്ലിമിലും രേഖപ്പെടുത്തിയത് കാണാം :

നബിതങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ജുബ്ബ അസ്മാ ബീവി സൂക്ഷിച്ച് വെക്കുകയും രോഗികൾക്ക് അത് കഴുകിയ വെള്ളം നൽകുകയും അത് മുഖേന രോഗശമനം തേടുകയും ചെയ്തിരുന്നു. ഈ സംഭവം ഇമാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട് :


فَقَالَتْ: هَذِهِ جُبَّةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ. فَأَخْرَجَتْ إِلَيَّ جُبَّةَ طَيَالِسَةٍ كِسْرَوَانِيَّةٍ. لَهَا لِبْنَةُ دِيبَاجٍ. وَفَرْجَيْهَا مَكْفُوفَيْنِ بِالدِّيبَاجِ. فَقَالَتْ: هَذِهِ كَانَتْ عِنْدَ عَائِشَةَ حَتَّى قُبِضَتْ. فَلَمَّا قُبِضَتْ قَبَضْتُهَا. وَكَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَلْبَسُهَا. فَنَحْنُ نَغْسِلُهَا لِلْمَرْضَى يُسْتَشْفَى بها.   رواه مسلم 


ഇവിടെ തികച്ചും അഭൗതികമായമാർഗ്ഗേനയുള്ള രോഗശമനമാണ് സ്വഹാബത്ത് പ്രതീക്ഷിച്ചിരുന്നത് എന്ന് വ്യക്തം. കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായി ഗുണം പ്രതീക്ഷിക്കൽ ശിർക്കാണെങ്കിൽ സ്വഹാബത്തിന്റെ ഈ പ്രവർത്തനം ശിർക്കാണെന്ന് പറയേണ്ടിവരും !!


#വണക്കം_പരമമാവുന്നത്_എപ്പോൾ?

ഒരു വ്യക്തി / ശക്തി ദൈവമാണെന്നോ ദൈവിക ഗുണങ്ങൾ ഉണ്ടെന്നോ വിശ്വസിച്ചു കൊണ്ടുള്ള വണക്കമാണ് ശിർക്കാവുക. കാരണം വണങ്ങപ്പെടുന്നതിനെ സൃഷ്ടി എന്ന തലത്തിൽ നിന്ന് സ്രഷ്ടാവ്/ ദൈവം എന്ന തലത്തിലേക്ക് ഉയർത്തുമ്പോഴാണ് വണക്കം പരമമാവുന്നതും ആരാധനയുടെ പരിധിയിൽ വരുന്നതും. ദൈവിക ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാതെ അല്ലാഹുവിൻറെ ഇഷ്ട ദാസൻ മാത്രമാണെന്ന് വിശ്വസിച്ചു കൊണ്ടുള്ള ആദരവ് ഒരിക്കലും ഇബാദത്തിന്റെ പരിധിയിൽ വരുന്നില്ല എന്ന് വ്യക്തമായല്ലോ.


ശാഹ് വലിയുല്ലാഹിദ്ദഹ്ലവി തന്റെ ഹുജ്ജത്തുല്ലാഹിൽ ബാലിഗയിൽ വിശദീകരിക്കുന്നത് നോക്കൂ:

اعْلَم أَن الْعِبَادَة هُوَ التذلل الْأَقْصَى، وَكَون تذلل أقْصَى من غَيره لَا يَخْلُو إِمَّا أَن يكون بالصورة مثل كَون هَذَا قيَاما وَذَلِكَ سجودا، أَو بِالنِّيَّةِ بِأَن نوى بِهَذَا الْفِعْل تَعْظِيم الْعباد لمولاهم، وَبِذَلِك تَعْظِيم الرّعية للملوك، أَو التلاميذه للأستاذ لَا ثَالِث لَهما، وَلما ثَبت سُجُود التَّحِيَّة من الْمَلَائِكَة لآدَم عَلَيْهِ السَّلَام وَمن أخوة يُوسُف ليوسف عَلَيْهِ السَّلَام، وَأَن السُّجُود أَعلَى صور التَّعْظِيم، وَجب إِلَّا يكون التميز إِلَّا بِالنِّيَّةِ،….

 فالتنقيح أَن التذلل يَسْتَدْعِي مُلَاحظَة ضعف فِي الذَّلِيل، وَقُوَّة فِي الآخر، وخسة فِي الذَّلِيل وَشرف فِي الآخر، وانقياد واخبات فِي الذَّلِيل، وتسخير ونفاذ حكم للْآخر، وَالْإِنْسَان إِذا خلى وَنَفسه أدْرك لَا محَالة أَنه يقدر للقوة والشرف والتسخير وَمَا أشبههَا مِمَّا يعبر بِهِ عَن الْكَمَال قدرين قدرا لنَفسِهِ وَلمن يُشبههُ بِنَفسِهِ، وَقدرا لمن هُوَ متعال عَن وصمة الْحُدُوث والإمكان بِالْكُلِّيَّةِ.

           حجة الله البالغة للشاه ولي الله الدهلوي ص١١٧


" ആരാധന എന്നത് പരമമായ വണക്കമാണെന്ന് മനസ്സിലാക്കണം. ഒരു വണക്കം പരമമാവുന്നത് ഒന്നുകിൽ അയാൾ ചെയ്യുന്ന പ്രവൃത്തിയെ വിലയിരുത്തിയാവണം. ഉദാഹരണത്തിന്, നിസ്കാരത്തിലെ സുജൂദ് ഖിയാമിനേക്കാൾ പരമമാണെന്ന് പറയാം. അതല്ലെങ്കിൽ ചെയ്യുന്ന ആളുടെ വിശ്വാസത്തെ പരിഗണിച്ചാവും. ഉദാഹരണത്തിന് മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിന് ചെയ്യുന്ന വണക്കം പ്രജകൾ രാജാവിനെ വണങ്ങുന്നതിനേക്കാളും വിദ്യാർത്ഥികൾ തങ്ങളുടെ ഗുരുനാഥനെ വണങ്ങുന്നതിനേക്കാളും പരമമാണെന്ന് പറയാം. മലക്കുകൾ ആദം നബിക്ക് മുന്നിലും യൂസുഫ് നബിയുടെ സഹോദരങ്ങൾ യൂസുഫ് നബിക്ക് മുന്നിലും സുജൂദ് ചെയ്തതിൽ നിന്നും, ബഹുമാനത്തിന്റെ പാരമ്യത സുജൂദിൽ മാത്രമാണ് എന്നതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം : ഒരു കാര്യം ഇബാദത്ത് ആവുകയും അല്ലാതിരിക്കുകയും ചെയ്യുന്നത് പ്രവർത്തിയെ വിലയിരുത്തിയല്ല, മറിച്ച് വിശ്വാസം നോക്കിയാണ് എന്നത് വ്യക്തമാണ്. ഒരാൾ മറ്റൊരാൾക്ക് വണങ്ങണമെങ്കിൽ അയാൾക്ക് തന്നെക്കാൾ ശക്തിയും മഹത്വവും ഉണ്ടെന്ന് വിശ്വസിക്കണമല്ലോ. പ്രസ്തുത ശക്തിയും മഹത്വവും തന്നെപ്പോലുള്ള മനുഷ്യരിലെ ഗുണമായിട്ടുള്ളതും സൃഷ്ടികളോട് യാതൊരുവിധത്തിലും സാദൃശ്ചിതയില്ലാത്ത ദൈവീക ഗുണമായിട്ടുള്ളതുമുണ്ട്. ഇത് യാതൊരു മുൻധാരണയുമില്ലാതെ ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടുന്നതാണ്."


മേൽ വിവരണത്തിൽ നിന്ന് ഒരാൾ ചെയ്യുന്ന പ്രവർത്തി മാത്രം വിലയിരുത്തി അത് ഇബാദത്താണെന്നോ അത് മൂലം അയാൾ  മുശ്രിക്കാണെന്നോ തീർത്ത് പറയാൻ പാടില്ല എന്ന് വ്യക്തമായി.

ഇലാഹിന് ചെയ്യേണ്ട പ്രവൃത്തികൾ ഒരു ശക്തിക്ക് ചെയ്താൽ അതിനെ ഇലാഹക്കലായി എന്ന് തള്ളി മറിക്കുന്നവരുണ്ട്. എതായാലും സുന്നികൾ അല്ലാഹുവിന് ചെയ്യേണ്ട ഒരു പ്രവൃത്തിയും മഹാത്മാക്കൾക്ക് അർപ്പിക്കുന്നില്ല. സഹായാർത്ഥന അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്നാണ് വാദമെങ്കിൽ അത് ഇസ്ലാമിക പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെടുത്താൻ അങ്ങിനെ വാദിക്കുന്നവർ സന്നദ്ധരാവണം. നാളിത് വരെ അവർക്കതിന് സാധിച്ചിട്ടില്ല.

അതിരിക്കട്ടെ, ഒരു സത്യ വിശ്വാസി ഹജറുൽ അസ്‌വദിനെ തൊട്ടുമുത്തുന്നതും ആദരിക്കുന്നതും തൗഹീദും ഒരു ബിംബാരാധകൻ തൻറെ പ്രതിഷ്ഠയോട് അപ്രകാരം ചെയ്യുന്നത് ശിർക്കുമാണ്. അഥവാ, വിശ്വാസമാണ് രണ്ടിനെയും വേർതിരിക്കുന്ന ഘടകം. സത്യവിശ്വാസി ഹജറുൽ അസ്‌വദിന് ദൈവീക ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നില്ലല്ലോ. 


ഹാഫിളു ദഹബി പറയുന്നത് നോക്കൂ:


وكذلك القول في سجود المسلم لقبر النبي على سبيل التعظيم والتبجيل لا يُكفّر به أصلاً بل يكون عاصياً، فليعرف أن هذا منهي عنه، كذلك الصلاة إلى القبرإهـ (معجم الشيوخ  للامام الذهبي 1/ 73) 


"ഇതുപോലെ തന്നെ ഒരു മുസ്ലിം നബി (സ്വ) തങ്ങളെ ബഹുമാനിച്ച് തങ്ങളുടെ ഖബറിന് സുജൂദ് ചെയ്താൽ കാഫിറാണെന്ന് പറഞ്ഞുകൂടാ. എന്നാൽ അയാൾ കുറ്റക്കാരനാവുന്നതും അയാളുടെ പ്രവൃത്തി വിരോധിക്കപ്പെട്ടതുമാണ്.

തിരുനബിയുടെ ഖബറിലേക്ക് തിരിഞ്ഞു നിസ്കരിച്ചാലും വിധി ഇത് തന്നെ. "


#ബിംബത്തിന്_മുമ്പിലെ_സുജൂദും_കാഫിറാണെന്ന്_വിധി_കൽപിക്കലും

ബിംബത്തിന് മുമ്പിൽ സുജൂദ് ചെയ്യുക പോലുളള മറ്റു മതസ്ഥരുടെ ആചാരങ്ങൾ ഒരാൾ ചെയ്താൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തു പോയതായി വിധിക്കാൻ അത് കാരണമാകുമെന്ന് കർമ്മ ശാസ്ത്ര പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ തന്നെ കുഫ്റിന്റെ അടയാളം സ്വീകരിച്ചത് കൊണ്ടാണിത്.

എന്നാൽ ബിംബത്തിന് അല്ലാഹുവിന്റെ ഒരു ഗുണവും ആരോപിക്കാതെയാണ് അയാൾ സുജൂദ് ചെയ്തതെങ്കിൽ പ്രത്യക്ഷത്തിൽ അയാളെ സംബന്ധിച്ച് കാഫിർ എന്ന് വിധി കൽപിക്കുമെങ്കിലും അല്ലാഹുവിന്റെ അടുത്ത് അയാൾ കാഫിർ ആകണമെന്നില്ല. പക്ഷെ അയാളുടെ  പ്രവൃത്തി കടുത്ത ഹറാമും  കുറ്റകരവുമാണ്. ഇബ്നു ഹജർ ഹൈതമി പറയുന്നത് കാണുക:

ﺣﺘﻰ ﻟﻮ ﻋﻠﻢ ﺃﻧﻪ ﻟﻢ ﻳﺴﺠﺪ ﻟﻬﺎ ﻋﻠﻰ ﺳﺒﻴﻞ اﻟﺘﻌﻈﻴﻢ ﻭاﻋﺘﻘﺎﺩ اﻷﻟﻮﻫﻴﺔ ﺑﻞ ﺳﺠﺪ ﻟﻬﺎ ﻭﻗﻠﺒﻪ ﻣﻄﻤﺌﻦ ﺑﺎﻹﻳﻤﺎﻥ ﻟﻢ ﻳﺤﻜﻢ ﺑﻜﻔﺮﻩ ﻓﻴﻤﺎ ﺑﻴﻨﻪ ﻭﺑﻴﻦ اﻟﻠﻪ ﺗﻌﺎﻟﻰ ﻭﺇﻥ ﺃﺟﺮﻱ ﻋﻠﻴﻪ ﺣﻜﻢ اﻟﻜﻔﺮ ﻓﻲ اﻟﻈﺎﻫﺮ  تحفة المحتاج ٩/٩٢


ഇലാഹാകുന്നതിനും ഇബാദത്തിന്റെ പരിധിയിൽ വരുന്നതിനും വിശ്വാസത്തിന്റെ ആവശ്യമില്ല എന്ന് സ്ഥാപിക്കാൻ കൊണ്ട് വരുന്ന ബാലിശമായ ചില തെളിവുകളുടെ പ്രാമാണികത അടുത്ത കുറിപ്പിൽ പരിശോധിക്കാം. ഇൻശാ അല്ലാഹ്.


വൈജ്ഞാനിക ചർച്ചകൾക്ക് സ്വാഗതം.


Muhyidheen Saqafi Kavanoor

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....