Monday, May 30, 2022

ജഹ്‌ല്_എന്നാൽ_വിവരമില്ലായ്മയോ..?

 🌟🌟🌟🌟🌟 


✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 


#ജഹ്‌ല്_എന്നാൽ_വിവരമില്ലായ്മയോ..?


ജഹ്‌ല് - എന്നതിനർത്ഥം 'വിവരമില്ലായ്മ' എന്നല്ല. അങ്ങനെയാണ് മിക്ക പേരും ധരിച്ചിരിക്കുന്നത്. മറിച്ച് 'വിവരക്കേട്' എന്നാണ് അതിനെ വിവക്ഷിക്കേണ്ടത്. #ഇമാം_അൽ_ഹറമൈനി (റ) പറയുന്നു: 


وَالْجَهْلُ تَصَوُّر الشَّيْءِ عَلَى خِلَافِ مَا هُوَ بِهِ فِي الْوَاقِع. اه 


"ഒരു കാര്യത്തെ, അതിന്റെ യാഥാർത്ഥ്യത്തിനെതിരെ മനസ്സിലാക്കുന്നതാണ് ജഹ്‌ല് .." (വറഖാത് - പേ:12) സമാനമായ വിശദീകരണം തന്നെ #ഇമാം_താജുദ്ദീൻ_അസ്സുബുകീ (റ) വും പറയുന്നത് കാണാം: 


وَالْجَهْلُ انْتِفَاءُ الْعِلْم بِالْمَقْصُود وَقِيلَ تَصَوُّر الْمَعْلُومِ عَلَى خِلَافِ هَيْئَتِه. اه 


ഇത്തരക്കാർക്ക് തനിക്ക് വിവരമില്ലെന്ന വിവരവുമുണ്ടാകാത്തതിനാൽ ഇതിന് 'ജഹ്‌ല് മുറക്കബ്' എന്നും അറിയേണ്ടതിനെക്കുറിച്ച് വിവരമില്ലാത്ത പ്പോൾ - അതിന് 'ജഹ്‌ല്' എന്നുമാണ് വിശേഷിപ്പിക്കുക. ഇങ്ങനെ #ഇമാം_മഹല്ലി (റ), ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. (ജംഉൽ ജവാമിഅ്: 1/161-163). 


പ്രസ്തുത 'വിവരമില്ലായ്മ'യെയും 'വിവരക്കേടി'നെയുമാണ് ഹദീസ് വചനങ്ങളിൽ അവസാന നാളിന്റെ അടയാളങ്ങളായി അറിയിച്ചതും. അല്ലാതെ 'അറിവില്ലാതിരിക്കുക' - എന്നാണെങ്കിൽ കാലം അതിനെ ശരിവെക്കുന്നില്ല. എന്തോരം അറിവുകളാണിവിടെ ! ടെക്നോളജി രംഗത്ത് അറിവിന്റെയും കണ്ടുപിടിത്തങ്ങളുടെയും വൻ സ്ഫോടനങ്ങൾ തന്നെ നടന്നിരിക്കുന്നു. മൂല്യമുള്ള ബിരുദധാരികൾ ധാരാളം. ഏത് മേഖലയിലും ഇങ്ങനെ തന്നെ. 


പക്ഷേ, മതപരമായ അറിവിന്റെ കാര്യത്തിൽ മേലുദ്ധരിച്ച രണ്ട് 'ജഹ്‌ലും' വർദ്ധിക്കുക തന്നെയാണ്. അതായത് ഹദീസ് വചനം പുലരുകയാണ് - എന്ന് സാരം. 


നിർബന്ധമായും അറിഞ്ഞിരിക്കേണ്ട എത്രയെത്ര കാര്യങ്ങളാണ് വിശ്വാസികളിൽ ഇല്ലാതായത്? ഉള്ള അറിവുകൾ തന്നെ അവയുടെ നിബന്ധനകളും സാങ്കേതികത്വവും മനസ്സിലാക്കാതെ - യാഥാർത്ഥ്യത്തിനെതിരെ വിശ്വസിച്ചു പോയ എത്ര 'ജഹ്‌ല് മുറക്കബുകളാ'ണേയ് ...! 


ഒന്നുകൂടെ പറഞ്ഞാൽ, 'ഇൽമ്' - 'ജഹ്‌ല്' ഇവ പരസ്പര വൈരുദ്ധ്യങ്ങളാണെന്നിരിക്കെ (നഖീള്വ:) 'ഇൽമ്' ആയി ഗണിക്കാൻ കഴിയാത്തതെല്ലാം 'ജഹ്‌ല്' ആയിരിക്കണം. ഇൽമ് - എന്നാൽ യാഥാർത്ഥ്യത്തിനോട് യോജിച്ച് കൊണ്ടുള്ള അടിയുറച്ച വിശ്വാസം എന്നാണ് (ജംഉൽ ജവാമിഅ്: 1/152). അപ്പോൾ ഉള്ളതിന് വിരുദ്ധമായി വല്ലവനും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ- അത് അടിയുറച്ച് വിശ്വസിച്ചിട്ടുണ്ടെങ്കിൽ പോലും 'ജഹ്‌ല്' തന്നെ! 


#ഇമാം_ബുഖാരി(റ) യും  #ഇമാം_മുസ്‌ലിമും(റ) ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീസ് നോക്കൂ: 


اتَّخَذَ النَّاسُ رُؤُوساً جُهَّالاً، فَسُئِلُوا فَأفْتوا بِغَيْرِ عِلْمٍ، فَضَلُّوا وَأضَلُّوا. (متفق عليه)

'അവസാനകാലമായാൽ വിവരമില്ലാത്തവരെ ജനങ്ങൾ നേതാക്കന്മാരായി വാഴ്ത്തുകയും പ്രശ്നങ്ങൾ വരുമ്പഴേക്ക് ഉടനടി ചിന്തിക്കാതെ മത നിയമങ്ങൾ 'ഫത്‌വാ' - കളായി പറയുമെന്നും -' ഹദീസിൽ വിവരിച്ചത് ഈ 'വിവരക്കേട്' വിളമ്പുന്നവരെ സംബന്ധിച്ചു തന്നെയാണ്. 


#അബൂ_ഹുറൈറ: (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: 


"سَيَأْتِي عَلَى النّاسِ سَنَوَاتٌ خَدَّاعَاتٌ يُصَدَّقُ فِيهَا الْكَاذِبُ وَيُكَذَّبُ فِيهَا الصَّادِق". (رواه ابن ماجه: ٤٠٣٦) 


'കള്ളം' പറയുന്നവരെ മിക്കപേരും ശരിവെക്കുന്നു, ഉള്ളത് പറഞ്ഞാലോ- എല്ലാവരും ചേർന്ന് തള്ളിപ്പറയുകയും ചെയ്യുന്നു - എങ്കിൽ അന്ത്യനാളിനെ പ്രതീക്ഷിക്കാമെന്ന് പറഞ്ഞതും ഇവരെക്കുറിച്ചല്ലാതെ പിന്നെന്താണ്? ഈ ഹദീസിൽ പറഞ്ഞ 'കാദിബ്' മതനിയമങ്ങളെയും വിശ്വാസത്തെയും വേണ്ടവിധം മനസ്സിലാക്കാതെ തെറ്റിദ്ധരിച്ച് 'വിവരക്കേട്' പറയുന്നവർ എന്ന് തന്നെ മനസ്സിലാക്കാം. 'സ്വാദിഖ്' എന്നാൽ അവയെ യഥാവിധി അറിഞ്ഞവനും. പിന്നെ

فَعَّلَ - تفعيل

'വസ്നി'ന്  കൂടുതലായി ചെയ്യുക എന്ന അർത്ഥമുണ്ടെന്ന് അൽഫിയ്യ:യുടെ

ﻓِﻌْﻼَﻝٌ اﻭ ﻓَﻌْﻠَﻠَﺔٌ ﻟِﻔَﻌْﻠَﻼَ  # ﻭَاﺟْﻌَﻞْ ﻣَﻘِﻴﺴًﺎ ﺛَﺎﻧِﻴًﺎ ﻻَ ﺃَﻭَّﻻ

എന്ന ബൈതിനെ വിശദീകരിക്കുന്നിടത്ത്

حاشية الصبان

ലും മറ്റു പലയിടത്തും വിശദീകരിച്ചിട്ടുണ്ട്. അതിനാലാണ് 'മിക്കപേരും' എന്ന് പറയുന്നത്. വർത്തമാനകാലം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. 


മനുഷ്യർ നാല് വിഭാഗമണെന്നും അവരിൽ തനിക്ക് വിവരമില്ലെന്ന വിവരമില്ലാത്ത - ഇക്കൂട്ടർ ശൈത്വാൻമാരാണെന്നും അവരെ അടുപ്പിച്ചേക്കരുതെന്നും #ഇമാം_അൽ_ഖലീലീ (റ) പറഞ്ഞതായി തഫ്സീറുർറാസിയിലുണ്ട് (സൂറ: അൽ -ബഖറ: 31 ന്റെ വ്യഖ്യാനത്തിൽ കാണാം). 


അന്ത്യനാളിന്റെ മോശപ്പെട്ട അടയാളങ്ങളിൽ ഈ 'ജഹ്‌ലി' നെ തിരുനബി (സ്വ) ഒരു താക്കീതെന്നോണം വിവരിച്ചു തന്നത് അതിൽ പെട്ടുപോകാതിരിക്കാൻ തന്നെയാണ്. ഇത്തരം കാര്യങ്ങളിൽ നിന്നും ഞാൻ സുരക്ഷിതനാണെന്ന ചിന്ത നമുക്കാർക്കും ഉണ്ടാവാൻ പാടില്ല. പടച്ച റബ്ബ് ഇത്തരക്കാരിൽ നമ്മെ ആരെയും ഉൾപ്പെടുത്താതിരിക്കട്ടെ - ആമീൻ. 


(കേട്ടെഴുത്ത് -

അബൂ ഹസന: ഊരകം)

💫  

.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....