Monday, May 25, 2020

ഇസ്'ലാം ഉമൈമയുമായുള്ള നബി(സ)യുടെ വിവാഹവും യുക്തിവാദികളും


ISLAM REAL PATH
https://t.me/islamdeensathyamatham
 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7


ഉമൈമയുമായുള്ള നബി(സ)യുടെ വിവാഹവും യുക്തിവാദികളും



ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും ആക്ഷേപിക്കുകയും തെറിപറയുകയും ചെയ്തുകൊണ്ടിരിക്കുക, അതിന്നായി വിശുദ്ധ ഖുര്‍ആനെയും ഹദീസുകളെയും ചരിത്രത്തെയും ദുര്‍വ്യാഖ്യാനിക്കുക, കട്ടുമുറിക്കുക, ഏതെങ്കിലും ചരിത്രസംഭവങ്ങള്‍ വ്യത്യസ്ത ആയത്തുകളില്‍/ ഹദീസുകളില്‍ വിശദമായി പറയുന്നുണ്ടെങ്കില്‍, അക്കൂട്ടത്തില്‍പെട്ടതും ഭാഗികമായി പറയുന്നതുമായ ഒരു ആയത്ത്/ ഹദീസ് മാത്രം അടര്‍ത്തിയെടുത്ത് ആളുകളെ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കുക എന്നതൊക്കെ യുക്തിവാദികളുടെ സ്ഥിരം തൊഴിലുകളില്‍ ചിലതാണ്. ഇവ്വിധം, ഓറിയന്റലിസ്റ്റ് ജൂതസിയോണിസ്റ്റ് ലോബികളില്‍ നിന്ന് കടമെടുത്തതും, മുഹമ്മദ് നബി(സ)യെ സ്ത്രീ ലമ്പടനായി ചിത്രീകരിക്കാനായി, ആനയെ കണ്ട അന്ധന്മാരെപ്പോലെ അനുസ്മരിപ്പിക്കുമാറ്, യുക്തിവാദികള്‍ വളച്ചൊടിക്കാറുള്ളതുമായ ചരിത്ര സംഭവങ്ങളിലൊന്നാണ്, ഉമൈമ ബിന്‍ത് നുഅമാനുബ്‌നു അബില്‍ ജൗനില്‍ കിന്‍ദിയുമായുള്ള പ്രവാചകന്റെ വിവാഹവും വിവാഹ മോചനവും.


യുക്തിവാദികളുടെ ആരോപണങ്ങൾ

1 ഉമൈമയുമായുള്ള മുഹമ്മദിന്റെ വിവാഹം സാധാരണ വിവാഹമായിരുന്നില്ലെന്നതാണ്. ഖുര്‍ആനും ഹദീസും പ്രകാരം അത്തരം വിവാഹങ്ങളും ശരിയാണ് താനും. തോട്ടത്തില്‍ കൊണ്ട് പോയി ‘നിന്നെ സമ്മാനം തരൂ’ എന്ന് പറയുന്നതും, ആട്ടി വിടുമ്പോ ‘വീട്ടില്‍ പൊക്കോ’ എന്ന് പറഞ്ഞു തടിതപ്പുന്നതും മുസ്ലിംകളുടെ വിവാഹ വിവാഹമോചന രീതിയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. കല്യാണം എന്നാല്‍ അവിടെ പുരുഷനും സ്ത്രീയും അറിയണം. ഇവിടെ സ്ത്രീക്ക് അതിനെപ്പറ്റി അറിവില്ലായിരുന്നു. മാത്രവുമല്ല, ഇസ്ലാമിലെ ഏറ്റവും നീചമായ ഇബ്‌ലീസിന് നേരെയുപയോഗിക്കുന്ന പദപ്രയോഗമായ അഊദു ബില്ലാഹി മിന്‍ക എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തു. ശരീരം ദാനം കൊടുക്കുന്ന സ്ത്രീകളെ നബിക്ക് അനുവദനീയമായിരുന്നുവെന്ന ആയത്ത് (33:50) താങ്കള്‍ കാണുന്നില്ല. നബിക്ക് പ്രത്യേകമനുവദിച്ച കാര്യമായിരുന്നു അത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ മുസ്‌ലിംകള്‍ നബിയെ അനുകരിക്കുന്നില്ലെന്നതാണെന്റെ വിഷമം. ഈ ഹദീസിലൂടെ നബി സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കെട്ടിക്കൂട്ടിയതെന്ന വാദവും പൊളിയുന്നു. മാനവരില്‍ മഹോന്നതന്‍ ഏറ്റവും നീചന്മാര്‍ക്കെതിരെ ഉപയോഗിക്കുന്ന വാക്കുകള്‍ കേട്ട് അപമാനിതനായി നില്‍ക്കുന്ന രംഗവും ഇവിടെ ശ്രദ്ധേയമാണ്.’

വിശകലനം:

! ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന പ്രകാരമുള്ള സാധാരണ വിവാഹമായിരുന്നു ഉമൈമയുടേത് എന്നതിന് തെളിവുകള്‍ നിരവധിയാണ്. ത്വബഖാതു ഇബ്‌നുസഅദ്, താരീഖുത്ത്വബരി, ഹാക്കിമിന്റെ മുസ്തദ്‌റക്, ബല്ലാദുരിയുടെ അസ്ബാബുല്‍ അശ്‌റാഫ്, ദഹബിയുടെ സിയറു അഅ്‌ലാമിന്നുബലാഅ്, മഖ്രീസിയുടെ ഇംതാഉല്‍ അസ്മാഅ് തുടങ്ങിയ കൃതികളില്‍ ഉദ്ധരിക്കപ്പെട്ട പ്രസ്തുത സംഭവത്തിന്റെ രത്‌നച്ചുരുക്കമിങ്ങനെ: ഖൈബറിലെ ഫസാറ ഗോത്രത്തിന്റെ സഖ്യ ഗോത്രത്തില്‍ പെട്ട നുഅമാനുബ്‌നു അബില്‍ ജൗനില്‍ കിന്‍ദി (ഉമൈമയുടെ പിതാവ്) ഇസ്ലാം സ്വീകരിച്ചപ്പോള്‍ പ്രവാചകന്റെ അടുക്കല്‍ വന്നു പറഞ്ഞു: ‘ദൈവദൂതരേ, അറബികളിലെ അതിസുന്ദരിയായ ഒരുത്തിയെ ഞാന്‍ താങ്കള്‍ക്ക് വിവാഹം ചെയ്തുതരട്ടയോ? (‘അലാ ഉസവ്വിജുക’ എന്നാണു അറബി മൂലം) അവള്‍ അവളുടെ പിതൃവ്യ പുത്രന്റെ കീഴിലായിരിക്കെ അദ്ദേഹം മരണപ്പെട്ടുപോകുകയും അവള്‍ ഒറ്റക്കാവുകയും ചെയ്തു. താങ്കളെ വിവാഹം കഴിക്കണം എന്നവള്‍ ആഗ്രഹിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.’

ആദ്യകാല നബിചരിത്രകാരനായ ഇബ്‌നു ശിഹാബ് അസ്സുഹരിയുടെ വിവരണപ്രകാരം, നുഅമാനുബ്‌നു അബില്‍ ജൗനില്‍ കിന്‍ദി തന്റെ മകളായ ഉമൈമക്ക് വേണ്ടി (അസ്മാ ബിന്‍ത് അന്നുഅ്മാന് ബ്‌നു അബില്‍ ജൗന്‍ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേരെന്നും ഉമൈമ എന്നത് വിളിപ്പേരാണെന്നും അഭിപ്രായമുണ്ട്. പിതാമഹനിലേക്ക് ചേര്‍ത്ത് ജൗനിയ എന്ന ചുരുക്കപ്പേരിലായിരുന്നു പൊതുവെ അവര്‍ അറിയപ്പെട്ടിരുന്നത്. ഗ്രോത്ര നാമം കിന്ദിയ്യ:) കൊണ്ടുവന്ന വിവാഹാലോചന പ്രവാചകന്‍ സ്വീകരിക്കുകയും അഞ്ഞൂറ് ദിര്‍ഹം മഹര്‍ നിശ്ചയിച്ചുകൊണ്ട് വിവാഹക്കരാര്‍ ഉറപ്പിക്കുകയും ചെയ്തു. അതിനു ശേഷം ഉമൈമയെ മദീനയിലേക്ക് എത്തിക്കുവാന്‍ അവരുടെ പിതാവിനൊപ്പം അബൂ ഉസൈദ് അസ്സാഇദി എന്നയാളെ നബി പറഞ്ഞയച്ചു. അങ്ങനെ മദീനയില്‍ എത്തിയ ഉമൈമ ശൗത്വ് എന്ന തോട്ടത്തിന്റെ സഖീഫാ ബനീ സാഇദയുടെ സമീപത്തുള്ള വീട്ടിലേക്ക് ആനയിക്കപ്പെടുകയുണ്ടായി. (നോക്കുക: ത്വബഖാതുല്‍ കുബ്‌റ). അവിടെ വെച്ച് നബി(സ) ആ ഉമൈമയെ കണ്ടപ്പോള്‍ ഉണ്ടായ സംഭവങ്ങളാണ്, (ഹദീസ് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങള്‍ക്ക് നേരെ കണ്ണുകള്‍ മുറുക്കിച്ചിമ്മിക്കൊണ്ട്) യുക്തിവാദികള്‍ തെറ്റിദ്ധരിപ്പിക്കാറുള്ള സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളില്‍ ഉള്ളത്. അതിപ്രകാരമാണ്:

ഹംസത്ത് ബ്‌നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ്(റ) പറഞ്ഞു: ഒരിക്കല്‍ നബി(സ)യോടൊപ്പം ഞങ്ങള്‍ പുറപ്പെട്ടു. ‘ശൗത്ത്’എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. അങ്ങനെ ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അതിനിടയിലായി ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ ഞങ്ങളോട് നബി(സ) പറഞ്ഞു: നിങ്ങളിവിടെ ഇരിക്കുക. എന്നിട്ടദ്ദേഹം ആ തോട്ടത്തിലേക്ക് പ്രവേശിച്ചു. ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു, ഈത്തപ്പനകൊണ്ടുണ്ടാക്കിയ വീട്ടിലാണ് അവര്‍, അതായത് ഉമൈമ ബിന്‍ത് ശറാഹീല്‍ പ്രവേശിക്കപ്പെട്ടിരുന്നത്. അവരോടൊപ്പം അവരെ ശുശ്രൂഷിച്ചിരുന്ന മുലകുടിബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അരികിലേക്ക് റസൂല്‍(സ) പ്രവേശിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക.’ അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് സമര്‍പ്പിക്കുമോ? അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തമാക്കാനായി അദ്ദേഹം തന്റെ കൈകള്‍ നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങളില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടുന്നു.’ അന്നേരം നബി(സ) പറഞ്ഞു: ശരണം തേടുവാന്‍ ഏറ്റവും പ്രാപ്തനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. ശേഷം അവിടുന്ന്! ഞങ്ങളുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു: അല്ലയോ അബാ ഉസൈദ്: അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുക. (ബുഖാരി: 5255).

ബുഖാരിയുടെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ ‘തസവ്വജന്നബിയ്യു ഉമൈമ: ബിന്‍ത് ശറാഹീല’ (ഉമൈമയെ നബി വിവാഹം ചെയ്തു) എന്ന് പ്രത്യേകം പരാമര്‍ശിക്കുന്നത് കാണാം. അതിങ്ങനെ: ‘നബി(സ) ഉമൈമ ബിന്‍ത് ശറാഹീലിനെ വിവാഹം കഴിച്ചു. അവരെ അദ്ദേഹത്തിന്റെ അരികിലേക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ തിരുകരങ്ങള്‍ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപ്പെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് (തിരികെപ്പോകാന്‍) യാത്രാ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ (സ്ത്രീകള്‍ ധരിക്കുന്ന വെളുത്ത വസ്ത്രം) സമ്മാനമായി നല്‍കാനും നബി(സ) അബൂ ഉസൈദിനോട് കല്പിച്ചു.’ (ബുഖാരി: 5256).

ബുഖാരിയുടെ മൂന്നാമതൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ‘ഇമാം ഔസാഇ(റ) പറഞ്ഞു: ഞാന്‍ സുഹ്’രിയോട് ചോദിച്ചു: നബി(സ)യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത്? അദ്ദേഹം പറഞ്ഞു: എന്നോട് ആഇശ(റ) യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി: ജൗന്‍ ഗോത്രക്കാരിയെ നബി(സ)യുടെ അരികിലേക്ക് (അദ്ദേഹത്തിന്റെ പത്‌നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു’. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതിമഹത്വമുള്ളവാനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക.’ (ബുഖാരി: 5254).

ഈ വിവരണത്തില്‍ നിന്ന്!, ഉമൈമ വിഷയത്തിലെ യുക്തിവാദി വിമര്‍ശനങ്ങള്‍ ആനയെ കണ്ട അന്ധന്മാരുടേതിന് തുല്യമാണെന്ന് വ്യക്തം. കണ്ണ് കാണാത്തതിനാല്‍ ആനയെ തൊട്ടുനോക്കുകയും, കാലിന്മേല്‍ മാത്രം തൊട്ടുകൊണ്ട്, ആന ഒരു മരംപോലെയാണ് എന്ന് പറയുന്നതും, വാലില്‍ മാത്രം സ്പര്‍ശിച്ചുകൊണ്ട്, ആന ചൂലുപോലെയാണ് എന്ന് പറയുന്നതും, ചെവിയിന്മേല്‍ മാത്രം തപ്പിനോക്കിക്കൊണ്ട്, ആന മുറംപോലെയാണ് എന്ന് വിശദീകരിക്കുന്നതും എത്രമാത്രം അസംബന്ധമാണോ അതിലും വലിയ അസംബന്ധം! പല ഹദീസുകളിലായി വിശദീകരിക്കപ്പെട്ട സംഭവമാണ് ഉമൈമയുമായുള്ള നബി(സ)യുടെ വിവാഹം. അതിന്റെ ചില വശങ്ങള്‍ മാത്രം പരാമര്‍ശിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസ് മാത്രമെടുത്തുകൊണ്ട്, ഇതില്‍ വിവാഹത്തെ കുറിച്ച് പറയുന്നില്ല, അതിനാല്‍ ഉമൈമയുമായുള്ള മുഹമ്മദിന്റെ ബന്ധം അവിഹിതമായിരുന്നു എന്നൊക്കെ വാദിക്കുന്നത്, യുക്തിവാദിയായ ഒരാളെ പരിചയപ്പെടുത്തുന്ന രണ്ട് ബയോഡാറ്റകളില്‍ ഒന്നില്‍ അയാളുടെ പിതാവിനെ കുറിച്ച് പറയുന്നില്ലെങ്കില്‍, മറ്റൊന്നും നോക്കാതെ ആ ബയോഡാറ്റയിലെ വിവരങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ട് അയാളെ പിതൃശൂന്യന്‍ എന്ന് വിളിക്കുന്നത് പോലെയാണ്. ഉമൈമ വിഷയത്തില്‍ അത്രയും അര്‍ത്ഥശൂന്യമായ വാദമാണ് യുക്തിവാദികളെന്നറിയപ്പെടുന്ന യുക്തിശൂന്യവാദികളുടേത് എന്ന് ചുരുക്കം.

പ്രവാചകന്‍ ഉമൈമയെ സമീപിച്ചപ്പോള്‍, അവര്‍ക്കദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാനും ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു’ എന്നും ‘ഒരു രാജ്ഞി, തന്നെ ഒരു സാധാരണക്കാരന് സമര്‍പ്പിക്കുകയോ?’ എന്നും അവര്‍ പറയാനുള്ള കാരണമെന്ത് എന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. (سوقة എന്നാണ് ഹദീസിലെ പ്രയോഗം. പ്രജ, സാധാരണക്കാരന്‍ എന്നൊക്കെയാണതിന്നര്‍ത്ഥം. യുക്തിവാദികള്‍ ആരോപിക്കാറുള്ളപോലെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവന്‍, തെണ്ടി എന്നൊന്നും അതിന് അര്‍ഥമില്ല. അങ്ങാടിയില്‍ കഴിച്ചുകൂട്ടുന്നവര്‍ക്ക് അറബി ഭാഷയില്‍ سوقي എന്നാണ് പറയുക.) ഉമൈമ ഇങ്ങനെ പറയാന്‍ കാരണം ഒരുപക്ഷേ, പുതുമുസ്‌ലിമായിരുന്നതിനാല്‍ അപ്പോഴും അവരില്‍ നിലനിന്നിരുന്ന ഗോത്ര പക്ഷപാതിത്വമോ, അതല്ലെങ്കില്‍ പ്രവാചകന്റെ സ്ഥാനത്തെ കുറിച്ചുള്ള അറിവില്ലായ്മയോ, അതുമല്ലെങ്കില്‍ ഒരു രാജ്ഞിയെപ്പോലെ കഴിയുന്ന തനിക്ക് സാധാരണക്കാരെപ്പോലെവസ്ത്രം ധരിച്ച ഭര്‍ത്താവ് എങ്ങനെ യോജിക്കാന്‍ എന്ന ചിന്തയോ ആയിരിക്കാം എന്ന് പണ്ഡിതന്മാര്‍ അനുമാനിക്കുന്നു.

ഈ സംഭവത്തില്‍ ഇസ്‌ലാമിന്റെ വിമര്‍ശകര്‍ ആരോപിക്കുന്ന വിധമുള്ള ഒരു അസ്വാഭാവികതയുമില്ല. സാധാരണ വിവാഹങ്ങളിലെന്നപോലെ വിവാഹാലോചനയും മഹര്‍ നിശ്ചയിക്കലും നികാഹും എല്ലാം നടന്നു. അതും പെണ്‍കുട്ടിയുടെ പിതാവിന്റെ നേതൃത്വത്തില്‍ തന്നെ. വല്ല കുറവും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പെണ്ണുകാണല്‍ ചടങ്ങ് നടന്നിരിക്കാന്‍ ഇടയില്ല എന്നത് മാത്രമാണ്. അങ്ങനെയെങ്കില്‍ അതിനുള്ള കാരണം ഇതാകാനേ തരമുള്ളൂ: ഉമൈമയുടെ ഗോത്രം മദീനയില്‍ നിന്നും ചുരുങ്ങിയത് ഒരു ദിവസത്തെ യാത്രാ ദൂരത്തിലാണ് വസിച്ചിരുന്നത്. ഇസ്‌ലാം സ്വീകരിച്ച നുഅമാനുബ്‌നു അബില്‍ ജൗനില്‍ കിന്‍ദി ഇത്രയും ദൂരം താണ്ടി മദീനയില്‍ എത്തിയ സമയത്താണ് തന്റെ മകളായ ഉമൈമയുടെ വിവാഹം മഹര്‍ നല്‍കി നബിയുമായി ഉറപ്പിക്കുന്നത്. മദീനയുമായുള്ള വഴിദൂരം കാരണം പ്രതിശ്രുത വരനും വധുവും തമ്മില്‍ വിവാഹത്തിന് മുമ്പുള്ള കൂടിക്കാഴ്ച -പെണ്ണുകാണല്‍ ചടങ്ങ് നടന്നില്ല. പിതാവ് തന്നെ സ്വന്തം മകളുടെ സമ്മതം അറിയിക്കുമ്പോള്‍ ആ പിതാവിനെ അവിശ്വസിക്കേണ്ട യാതൊരു സാഹചര്യമില്ലാത്തതിനാല്‍ നബി വിവാഹത്തിന് സമ്മതിച്ചു. മഹറും നല്‍കി നിക്കാഹ് നടത്തി. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷമാണ് നബിയും ഉമൈമയും തമ്മില്‍ മദീനയിലെ ശൗഖ് തോട്ടത്തിനടുത്തുള്ള വസതിയില്‍ വെച്ച് ആദ്യമായി കാണുന്നത്. അപ്പോഴാണ് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ നടക്കുന്നതും അത് വിവാഹമോചനത്തിലേക്ക് നയിക്കുന്നതും.

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് യുക്തിവാദി ആരോപിക്കുന്നതെല്ലാം ശുദ്ധ വ്യാജമാണെന്ന് വ്യക്തം. ഒരു തോട്ടത്തില്‍ വെച്ച് പെട്ടെന്നൊരു നിമിഷം അന്യയായ ഒരു സ്ത്രീയെ നബിയുടെ മുമ്പില്‍ കൊണ്ടുവരപ്പെടുകയോ, അത്തരത്തിലുള്ള ഒരു സ്ത്രീയോട്, നീ നിന്നെ എനിക്ക് സമര്‍പ്പിക്കണമെന്ന് നബി(സ) ആവശ്യപ്പെടുകയോ, അവര്‍ നബി(സ)യെ ആട്ടിവിടുകയോ, നബി(സ) അപമാനിതനായി മാറുകയോ അല്ല സംഭവിച്ചത്. സാധാരണ രൂപത്തിലുള്ള വിവാഹമായിരുന്നു നടന്നത്. നികാഹും മഹ്‌റും വലിയ്യും എല്ലാം ഉണ്ടായിട്ടുണ്ട്. സ്ത്രീക്കും പുരുഷനും (നബിയും ഉമൈമയും) അതേകുറിച്ച് അറിയുമായിരുന്നു, ഇങ്ങനെയൊരു വിവാഹം നടക്കണമെന്നത് ഉമൈമയുടെ ആഗ്രഹവുമായിരുന്നു. എന്നാല്‍ അവര്‍ പരസ്പരം കണ്ടിട്ടില്ലാത്തതിനാലോ, അതല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലോ വിവാഹശേഷം ഉണ്ടാവേണ്ട ഇണക്കമോ മന:പ്പൊരുത്തമോ ഉണ്ടായില്ല, അതിനാല്‍ വേര്‍പിരിയേണ്ടിവന്നു എന്നുമാത്രം. ഒന്നിച്ചുതാമസിക്കലോ ശരീരിക ബന്ധമോ നടക്കുന്നതിന് മുമ്പായിരുന്നു വിവാഹമോചനം എന്നതിനാല്‍ ത്വലാഖ് ചെയ്ത രീതിയിലുമില്ല അസ്വാഭാവികത. ഉള്ളത് യുക്തിവാദികള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാം വിമര്‍ശകരുടെ ഭാവനാവിലാസങ്ങള്‍ മാത്രമാണ്! (വിവാഹമോചനം ചെയ്യാന്‍ നബി(സ) ഉപയോഗിച്ച إلحقي بأهلك  (നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക) എന്ന പ്രയോഗം ത്വലാഖിനുള്ള كناية അഥവാ പരോക്ഷമായ പ്രയോഗമാണ് എന്നും, വസ്ത്രങ്ങള്‍ നല്‍കിയത് അതിന്റെ പിന്നോടിയായി വരേണ്ട ‘മതാഇ’ന്റെ പ്രായോഗിക നടപടിക്രമമായിരുന്നു എന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു.)

തന്നില്‍ താല്‍പര്യമില്ലാത്ത സത്രീയെ ബലംപ്രയോഗിച്ച് ഭാര്യയാക്കാതെ അവരുടെ ഇഷ്ടത്തിന് വിടുന്ന, പിരിച്ചയക്കുമ്പോള്‍ പോലും പാരിതോഷികം നല്‍കി അതീവ ആദരവുകളോടെ പ്രവര്‍ത്തിക്കുന്ന ഒരു മഹാമനീഷിയെയാണ് മുഹമ്മദ് നബിയില്‍ നമുക്കിവിടെ കാണാനാവുന്നത്. ത്വബഖാത്ത് ഇബ്‌നു സഅദില്‍ നിന്നും ഇമാം ഇബ്‌നുഹജറില്‍ അസ്ഖലാനി തന്റെ ഫത്ഹുല്‍ ബാരിയില്‍ എടുത്തുദ്ധരിച്ചിട്ടുള്ള ചരിത്രവിവരണപ്രകാരം, വിവാഹമോചനം ചെയ്യപ്പെട്ട് വീട്ടില്‍ തിരിച്ചെത്തിയ ഉമൈമക്കെതിരെ ‘ഭാഗ്യംകെട്ടവളേ, നീ എന്ത് ബുദ്ധിമോശമാണ് കാണിച്ചത്?’ എന്ന് പറഞ്ഞ് അവരുടെ കുടുംബക്കാര്‍ ദേഷ്യപ്പെടുകയാണുണ്ടായത്. ‘ഞാന്‍ കബളിപ്പിക്കപ്പെട്ടു’ എന്നായിരുന്നു അതിന് ഉമൈമ പറഞ്ഞ മറുപടി. ‘എനിക്ക് മുഹമ്മദിനെ ഇഷ്ടമില്ലായിരുന്നു’ എന്നല്ല. പിന്നീട് ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് മരണപ്പെടുന്നത് വരെ അവര്‍, തന്റെ ചെയ്തി കാരണം പ്രവാചകനില്‍ നിന്ന് വിവാഹ മോചനം ചെയ്യപ്പെട്ടതിലെ തീരാദു:ഖം കടിച്ചിറക്കി കഴിയുകയായിരുന്നുവത്രേ!

ജബ്രഭകൾ ആരോപിക്കുന്നപോലെ, ഉമൈമ ഒരിക്കലും പ്രവാചകനെ ആട്ടിവിട്ടിട്ടില്ല. താന്‍ കബളിപ്പിക്കപ്പെട്ടതിനാലോ, അടുത്ത് മാത്രം ഇസ്‌ലാം സ്വീകരിച്ച ആളായതിനാല്‍ അവരില്‍ അവശേഷിക്കുന്ന ജാഹിലിയ്യാ ചിന്ത കാരണമോ, പ്രവാചകനെ ഇഷ്ടപ്പെടാത്തതുപോലെ പ്രതികരിച്ചു. അന്നേരം പ്രവാചകന്‍ തന്റെ മാന്യതകൊണ്ട് അവരെ തന്റെ ഭാര്യയായി ജീവിക്കാന്‍ നിര്‍ബന്ധിക്കുകയോ പിടിച്ചുവെക്കുകയോ ചെയ്തില്ല, പാരിതോഷികമുള്‍പ്പെടെ നല്‍കി അവളുടെ വീട്ടിലേക്ക് തന്നെ യാത്രയാക്കുകയാണുണ്ടായത്. അതും അവളെ തന്റെ അടുക്കല്‍ കൊണ്ടുവന്നാക്കിയ ബന്ധുവിന്റെയും സഹായിയുടെയും കൂടെ. അതല്ലാതെ ഇറക്കിവിടുകയായിരുന്നില്ല. പെണ്ണുകാണല്‍ ചടങ്ങ് നടന്നിരിക്കാന്‍ സാധ്യതയില്ലാത്ത, ഭാര്യാപിതാവ് മുന്‍കൈയെടുത്ത് നടത്തിയ ഒരു വിവാഹത്തില്‍, നികാഹ് കഴിഞ്ഞ് വീട് കൂടല്‍ ചടങ്ങ് നടക്കാനിരിക്കുന്ന സമയത്ത് ഭാര്യക്ക് തന്നെ ഇഷ്ടമായിട്ടില്ലെന്ന് തോന്നിയ ഭര്‍ത്താവ് അവളെ അവളുടെ പാട്ടിനു വിടുന്നത് സത്രീക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും തനിക്കിഷ്ടമില്ലാത്ത ബന്ധത്തില്‍ നിന്ന് വേര്‍പിരിയാനുള്ള അവളുടെ അവസാനത്തെ ചാന്‍സുമാണ്. അതനുവദിക്കുകയാണ് മുഹമ്മദ് നബി(സ) ചെയ്തത്. എന്നിട്ടും അതില്‍ കുറ്റം കണ്ടെത്തുന്നത് യുക്തിവാദികളുടെ ചെയ്തി ഒന്നൊന്നര യുക്തിശൂന്യതയല്ലെങ്കില്‍ മറ്റെന്ത്?! ഇവരാണത്രെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍! പ്രവാചകന്‍ ആ ചെയ്തത് തെറ്റായിരുന്നെങ്കില്‍ പിന്നെ അവളെ ബലം പ്രയോഗിച്ച് അവിടെതന്നെ കെട്ടിയിടണമായിരുന്നു എന്നാണോ യുക്തിവാദികളുടെ വാദം?!

വിശുദ്ധ ഖുര്‍ആന്‍ 33:50 ല്‍ പറയുന്നത്, പ്രവാചകന് സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകളെ വേണമെങ്കില്‍ നികാഹ് ചെയ്യാന്‍ അനുവാദമുണ്ടെന്നാണ്. (മറ്റാര്‍ക്കും ഈ അനുവാദമില്ല താനും.) അത്തരം സന്ദര്‍ഭങ്ങളില്‍ മഹര്‍ വേണ്ട എന്നേയുള്ളൂ. എന്നിട്ടുപോലും മഹര്‍ നല്‍കാതെ, തനിക്ക് സമര്‍പ്പിച്ച ഒരു സ്ത്രീയെയും പ്രവാചകന്‍ ഇണയാക്കിയിട്ടില്ല എന്നതാണ് സത്യം. അതെന്തായാലും, ഉമൈമ പ്രവാചകന് സ്വയം സമര്‍പ്പിച്ചവളല്ല എന്നിരിക്കെ ഈ വിഷയം ഇവിടെ തിരുകിക്കയറ്റിയത് ഒന്നാന്തരം കുതന്ത്രത്തിന്റെ ഭാഗം തന്നെ! ഉമൈമയുമായുള്ള ബന്ധം അസാധാരണമാണെന്നും, അവളെ ഒരു തോട്ടത്തില്‍ കൊണ്ടുവന്നു, അന്നേരം പ്രവാചകന്‍ അവരെ ഭോഗിക്കാന്‍ ശ്രമിച്ചു, അവള്‍ സമ്മതിക്കാത്തതുകൊണ്ടുമാത്രം അത് നടന്നില്ല എന്നൊക്കെ പറഞ്ഞുവെക്കുകയും, ഇങ്ങനെയൊക്കെ ചെയ്യാന്‍ ഖുര്‍ആനും ഹദീസും അനുവാദം നല്‍കുന്നുണ്ടെന്ന് വാദിക്കുകയും, എന്നിട്ട് ഈ ആയത്ത് അതിന് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നത് ശുദ്ധ അസംബന്ധവും ഒന്നാന്തരം തെറ്റിദ്ധരിപ്പിക്കലുമാണ്. ഒരു തെളിവും നിരത്താന്‍ കഴിയാത്ത ഒന്നാന്തരം തട്ടിപ്പ്.

‘സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുഹമ്മദ് നബി കെട്ടിക്കൂട്ടിയിരുന്നത് എന്ന വാദം ഇവിടെ പൊളിയുന്നു’ എന്നാണു അബ്ദുല്‍ ഖാദറിന്റെ മറ്റൊരു ആരോപണം. പ്രവാചകന്‍ എല്ലാ വിവാഹവും കഴിച്ചത് ജീവിക്കാന്‍ വകയില്ലാത്ത സ്ത്രീകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്നാണെന്ന് ആരാണാവോ ഈ ഇവരോട് പറഞ്ഞത്?! മുമ്പ് ഒന്നിലധികം വിവാഹം കഴിഞ്ഞവരോ വൃദ്ധകളോ ആയിരുന്ന ചിലരുമായുള്ള വിവാഹങ്ങള്‍ നിസ്സംശയം അതിനുവേണ്ടി തന്നെയായിരുന്നു. എന്നാല്‍ ഉമൈമയുമായുള്ള വിവാഹത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. രാഷ്ട്ര തന്ത്രജ്ഞതയും രാഷ്ട്ര സുരക്ഷയും ശത്രുക്കളില്‍ ചിലരുടെയെങ്കിലും എതിര്‍പ്പുകള്‍ക്ക് അറുതിവരുത്തലും മനസ്സിണക്കലുമൊക്കെയായിരുന്നു അതിന്റെ പ്രചോദനം. ഇസ്‌ലാമിന്റെ ശത്രുക്കള്‍ മദീനക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള ഗൂഡാലോചന നടത്തുകയും കലുഷിതമായ സാമൂഹ്യരാഷ്ട്രിയ സാഹചര്യം നിലനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഈ വിവാഹം നടന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍ ശത്രുപക്ഷത്തിന്റെ ഒരു സഖ്യ കക്ഷി തലവന്‍ ഇസ്‌ലാം സ്വീകരിക്കുകയും തന്റെ മകളെ പ്രവാചകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എതിര്‍ പക്ഷത്തു നിലനിന്നിരുന്ന ഒരു ഗോത്രവുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഈ വിവാഹം ഉപകരിക്കും എന്ന കണക്കുകൂട്ടലില്‍ നബി(സ) ആ വിവാഹത്തിന് സമ്മതം മൂളുന്നു. ഇതാണവിടെ സംഭവിച്ചത്. പകല്‍പോലെ തെളിഞ്ഞുനില്‍ക്കുന്ന ഇത്തരം ചരിത്ര വസ്തുതകളെ പച്ചയായി ദുര്‍വ്യാഖ്യാനിച്ചും കള്ളങ്ങള്‍ കെട്ടിച്ചമച്ചും മഹാനായ ഒരു പ്രവാചകനെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നവരുടെ കാര്യം ഹാ കഷ്ടം! അല്ലാഹു അവര്‍ക്ക് സദ്ബുദ്ധി പ്രദാനം ചെയ്യട്ടെ!

'

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...