Monday, March 2, 2020

ഇസ്ലാം വിമർശകർക്ക് മറുപടി:ബനൂ ഖൈനുഖാഉകാരോട് നബി ﷺ ക്രൂരത ചെയ്തുവോ ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m

ബനൂ ഖൈനുഖാഉകാരോട് നബി ﷺ
ക്രൂരത ചെയ്തുവോ ?

മദീനയില്‍ ഉള്‍ഭാഗത്ത് സ്വന്തം പേരില്‍ അറിയപ്പെട്ട ഒരിടത്താണ് ബനൂ ഖൈനുഖാഅ് എന്ന യഹൂദഗോത്രം അധിവസിച്ചിരുന്നത്. പ്രവാചകനോടും മുസ്‌ലിംകളോടും ഉള്ളാലെ ഏറ്റവും കൂടുതല്‍ പകയും വിദ്വേഷവും വെച്ചുപുലര്‍ത്തിയ യഹൂദ കുടുംബമാണ് ബനൂ ഖൈനുഖാഅ്. പ്രവാചകനുമായി ഒപ്പുവെച്ച കരാര്‍ ഏറ്റവുമാദ്യം ലംഘിച്ചതും അവരാണ്.

എന്തൊക്കെയാണ് അവര്‍ ചെയ്തത്?

മുസ്‌ലിംകളെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കാനായി അവര്‍ കൈക്കൊണ്ട തന്ത്രം ഇതായിരുന്നു. രാവിലെ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുക. പകല്‍ നമസ്‌കാരം പ്രവാചകന്റെ കൂടെ നിര്‍വഹിച്ചശേഷം, ഇസ്‌ലാമിന്റെ എല്ലാവിധ ഉളളുകള്ളികളും മനസ്സിലാക്കിയെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുതകുംവിധം വൈകുന്നേരം ഇസ്‌ലാമില്‍ നിന്നു രാജിവെച്ചൊഴിയുക. ഇവര്‍ വേദക്കാരാണ്, വിവരമുള്ളവര്‍. എന്തോ ചില പന്തികേടുള്ളതുകൊണ്ടാണ്, ഇല്ലെങ്കില്‍ അവര്‍ ഇത്ര പെട്ടെന്ന് രാജിവെച്ചൊഴിയുമോ എന്ന് ദുര്‍ബല വിശ്വാസികള്‍ക്ക് സംശയം ജനിപ്പിക്കുകയും അവരെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യം. ക്വുര്‍ആന്‍ അതുസംബന്ധിച്ച് പറയുന്നത് ഇങ്ങനെ: ”വേദക്കാരില്‍ ഒരു വിഭാഗം പറഞ്ഞു: ആ വിശ്വാസികള്‍ക്കവതരിച്ചു കിട്ടയതില്‍ പകല്‍ ആദ്യയാമത്തില്‍ വിശ്വസിച്ചതായി പ്രഖ്യാപിക്കുക. അതിന്റെ അവസാനനേരം അവിശ്വാസം രേഖപ്പെടുത്തുകയും എങ്കില്‍ അവരും തിരിച്ചുപോന്നുകൊള്ളും.” (3:72)

കള്ളപ്രചരണം നടത്തുക, തങ്ങളുമായി സാമ്പത്തിക ബന്ധമുള്ള മുസ്‌ലിംകളുടെ ജീവിതമാര്‍ഗം മുട്ടിക്കുക, കടം വാങ്ങിയാല്‍ തിരിച്ചുകൊടുക്കാതിരിക്കുക, മുസ്‌ലിംകള്‍ വല്ലവരും അവരോട് വല്ലവരോടും കടം വാങ്ങിയാല്‍ അവധി കഴിയുംമുമ്പേ അത് തിരിച്ചടക്കാന്‍ സദാ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുക, മുസ്‌ലിംകളില്‍നിന്നു വാങ്ങിയ കടം തിരിച്ചുകൊടുക്കാതിരിക്കുക. അതിന് അവര്‍ പറഞ്ഞിരുന്ന ന്യായം ഇതാണ്: ”ഞങ്ങള്‍ വാങ്ങിയ കടം തിരിച്ചടക്കാന്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ടായിരുന്നത് നിങ്ങള്‍ മതം മാറുന്നതിനു മുമ്പാണ്. നിങ്ങള്‍ മതം മാറിയ സ്ഥിതിക്ക് ഞങ്ങള്‍ക്ക് അങ്ങനെയൊരു ബാധ്യതയില്ല. ”ക്വുര്‍ആന്‍ അത് ഇങ്ങനെ വിവരിക്കുന്നു:

”വേദക്കാരില്‍ ചിലരുണ്ട്, സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ താങ്കള്‍ അയാളെ വിശ്വസിച്ചേല്‍പ്പിച്ചെന്നിരിക്കട്ടെ, അതയാള്‍ തിരിച്ചേല്‍പ്പിച്ചിരിക്കും. അവരില്‍ വേറെ ചിലരുണ്ട്, ഒരു നാണയമാണ് താങ്കള്‍ അയാളെ വിശ്വസിച്ചേല്‍പ്പിച്ചതെങ്കില്‍ അതുപോലും വിടാതെ പിന്നാലെ കൂടിയെങ്കില്‍ മാത്രമേ അയാള്‍ തിരിച്ചുനല്‍കൂ. അതിനുള്ള അവരുടെ ന്യായീകരണം ഇതാണ്, അവര്‍ പറയും, വേദരഹിതരുടെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരു ബാധ്യതയുമില്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും ചെയ്യും.” (3:75)

മുസ്‌ലിംകളെ പരസ്പരം വൈരികളാക്കി കലഹിക്കാന്‍ ആസൂത്രിതമായി പദ്ധതിയിട്ട് പണിയെടുക്കുക. അതിന്റെ ഒരു മികച്ച ഉദാഹരണം ഇങ്ങനെ വായിക്കാം:

ഈ യഹൂദഗോത്രത്തിന്റെ ഒരു നെടുനായകനായിരുന്നു ശാസുബ്‌നു ഖൈസ്. ദീര്‍ഘകാലം പരസ്പരം യുദ്ധം ചെയ്തു മുടിഞ്ഞ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ ഇസ്‌ലാമിന്റെ ആഗമനത്തോടെ വൈരം വെടിഞ്ഞ് പരസ്പരം ഉള്ളറിഞ്ഞ് സ്‌നേഹിക്കുകയും ഐക്യപ്പെടുകയും ചെയ്തതില്‍ പൊതുവില്‍ തന്നെ യഹൂദര്‍ അസ്വസ്ഥരായിരുന്നു. ഒരുനാള്‍ ശാസ് പ്രസ്തുത രണ്ടു ഗോത്രങ്ങളിലെയും ആളുകള്‍ കൂടിയിരിക്കുകയായിരുന്ന ഒരു സദസ്സിനരികേ കടന്നുപോയി. അവരുടെ സൗഹൃദവും സഹോദരത്വവും കണ്ട് അസൂയ പൂണ്ട ശാസ് അയാളുടെ ആളുകളോട് പറഞ്ഞു: ബനൂ ഖൈലക്കാര്‍ -അങ്ങനെയാണ് യഹൂദര്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന പരിഹാസപ്പേർ- ഈ പ്രദേശത്ത് കൂടിയിരിക്കുന്നുവല്ലോ. അവരെ ഇങ്ങനെ സംഘടിക്കാന്‍ വിട്ടാല്‍ നമുക്കിടിവിടെ നില്‍ക്കക്കള്ളിയില്ലാതെ വരും. ഒരു ചെറുപ്പക്കാരനെ വിളിച്ചിട്ട് അയാള്‍ പറഞ്ഞു: ”അവരുടെ അടുത്തുചെല്ലുക. അവരുടെ സദസ്സിലിരിക്കുക. എന്നിട്ട് ബുആഥ് യുദ്ധവും അതിനുമുമ്പ് നടന്ന യുദ്ധങ്ങളുമൊക്കെ അവരെ ഓര്‍മിപ്പിക്കുക. അതുസംബന്ധിച്ചൊക്കെ അവര്‍ ആലപിച്ച ഗാനങ്ങളുണ്ടാകും. അത് അവരെ പാടിക്കേള്‍പ്പിക്കുക.” ആ യുവാവ് പറഞ്ഞപടി പണിയെടുത്തു. അത് ഫലം കണ്ടു. ഔസും ഖസ്‌റജും ഒരിക്കല്‍കൂടി ആയുധം മൂര്‍ച്ചകൂട്ടി. യുദ്ധസന്നദ്ധരായി രംഗത്തിറങ്ങി.

വിവരമറിഞ്ഞ പ്രവാചകന്‍ (സ) സമയം പാഴാക്കാതെ രംഗത്തവതരിച്ചു. അവരെ ഗുണദോഷിച്ചു. അല്ലാഹു അവരെ ഐക്യപ്പെടുത്തിയതും അവര്‍ക്കു നല്‍കിയ അനുഗ്രഹവും ഓര്‍മിപ്പിച്ചു. അതോടെ അവര്‍ക്ക് തെറ്റ് ബോധ്യപ്പെടുകയും ശത്രുവിന്റെ കുതന്ത്രത്തില്‍ വീണതില്‍ അനുതപിക്കുകയും പരസ്പരം ആലിംഗനബദ്ധരായി പൂര്‍വോപരിസാഹോദര്യം പ്രകടമാക്കുകയും ചെയ്തു. ക്വുര്‍ആന്‍ ഇത് ഇങ്ങനെ ഓര്‍മിപ്പിക്കുന്നു:

”വിശ്വസിച്ചവരേ, അല്ലാഹുവിനെ സുക്ഷിക്കേണ്ടവിധം സൂക്ഷിക്കുക. മുസ്‌ലിംകളായല്ലാതെ മരിക്കരുത്. അല്ലാഹുവിന്റെ പാശം ഒന്നിച്ച് മുറുകെപിടിക്കുക. ഭിന്നിക്കായ്ക. നിങ്ങള്‍ക്ക് നല്‍കിയ അല്ലാഹുവിന്റെ അനുഗ്രഹം ഓര്‍മിക്കുക. നിങ്ങള്‍ ശത്രുക്കളായിരുന്ന സന്ദര്‍ഭം, നിങ്ങളുടെ ഹൃദയങ്ങളെ അവന്‍ കൂട്ടിയിണക്കിയല്ലോ. അവന്റെ അനുഗ്രഹം വഴി നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നരകക്കുണ്ടിന്റെ വക്കിലാണ് നിങ്ങളുണ്ടായിരുന്നത്. അവന്‍ അതില്‍നിന്നും നിങ്ങളെ രക്ഷിക്കുകയായിരുന്നു.” (3: 102,103)

മുസ്‌ലിംകള്‍ക്കുനേരെയുള്ള പരിഹാസവും അവഹേളനവും അവരുടെ സ്ഥിരം സ്വഭാവമായിരുന്നു. മറ്റുരീതിയില്‍ ഭീഷണിപ്പെടുത്തലും. ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ കൈവരിച്ച നേട്ടം അവരെ വല്ലാതെ അസ്വസ്ഥരാക്കി. പിന്നെ അതില്‍ പിടിച്ചായി മുസ്‌ലിം വേട്ടയും ഭീഷണിയും. യഹൂദ മാര്‍ക്കറ്റില്‍ വരുന്നവര്‍ക്ക് പൊറുതി കിട്ടാതായി.

ഏതാദൃശ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്തിരിയാന്‍ പ്രവാചകന്‍ (സ) അവരെ ഉപദേശിച്ചു. ഉപദേശങ്ങളൊന്നും പ്രയോജനപ്പെടാതെ വന്നപ്പോള്‍ പ്രവാചകന്‍ (സ) അവരെ വിളിച്ചുകൂട്ടി. അവിടുന്ന് പറഞ്ഞു: ”യഹൂദരേ, ഖുറൈശികളെ ബാധിച്ചതുപോലെ നിങ്ങളെ നാശം ബാധിക്കും മുമ്പ് ഇസ്‌ലാം സ്വീകരിക്കുന്നതാവും നിങ്ങള്‍ക്കു നല്ലത്.”

അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: ”മുഹമ്മദ്, ഖുറൈശികളില്‍ ചിലരെ കൊല്ലാന്‍ കഴിഞ്ഞു എന്ന്കരുതി വഞ്ചിതനാവേണ്ട. വിഡ്ഡികളായിരുന്നു അവര്‍. അവര്‍ക്ക് യുദ്ധമറിയുമായിരുന്നില്ല. ഞങ്ങളോടാണ് യുദ്ധം ചെയ്യുന്നതെങ്കില്‍ അപ്പോള്‍ ബോധ്യമാകും ഞങ്ങളാണ് യുദ്ധമറിയുന്ന ആളുകളെന്ന്. ഞങ്ങളെപ്പോലെയുള്ളവരെ നീ കണ്ടിട്ടില്ല.”

ബദര്‍ യുദ്ധത്തെ തുടര്‍ന്നാണ് ഈ സംഭാഷണം. അവരുടെ ഈ സമീപനത്തെയാണ് ക്വുര്‍ആന്‍ ഇങ്ങനെ കൈകാര്യം ചെയ്യുന്നത്.

”ശത്രുത പുലര്‍ത്തുന്ന നിഷേധികളോട് പറഞ്ഞേക്കുക, നിങ്ങള്‍ പരാജയപ്പെടാന്‍ പോവുകയാണ്. നരകത്തിലാകും നിങ്ങളെ സമ്മേളിപ്പിക്കുന്നത്. അതെന്തൊരു ദുഷ്ടസങ്കേതമാണെന്നോ! ഏറ്റുമുട്ടിയ രണ്ടു സംഘത്തില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ടായിരുന്നു. ഒരു സംഘം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതുന്നു. മറ്റേത് നിഷേധികളുടെ സംഘവും. അവര്‍ അവരെ ഇരട്ടിയായിക്കാണുന്നു. അതും നേര്‍ക്കാഴ്ച. അല്ലാഹു താനുദ്ദേശിക്കുന്നവരെ സഹായം നല്‍കി ബലപ്പെടുത്തുന്നു. ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതിലൊരു ഗുണപാഠമുണ്ട്.” (3:12,13)

പ്രവാചകരോടുള്ള യഹൂദരുടെ പ്രതികരണം യുദ്ധത്തിനുള്ള വെല്ലുവിളിയായിരുന്നു. എടുത്തുചാട്ടക്കാരനല്ലാത്തതുകൊണ്ട് പ്രവാചകന്‍ തൽക്കാലം ക്ഷമിച്ചു.

എന്നാല്‍ ഈ ക്ഷമ ഒരു ദൗര്‍ബല്യമായാണ് യഹൂദര്‍ക്ക് തോന്നിയത്. പിന്നെയും പ്രകോപനമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. സ്ത്രീകളെ അവഹേളിക്കാന്‍ പോലും അവര്‍ ധൃഷ്ടരായി എന്നതാണ് ചരിത്രം. ഒരിക്കല്‍ ഒരു മുസ്‌ലിം സ്ത്രീ എന്തോ ചരക്കുമായി അവരുടെ അങ്ങാടിയില്‍ വന്നു. അതു വില്‍പന നടത്തിയശേഷം അവര്‍ അങ്ങാടിയില്‍ സ്വര്‍ണപ്പണി ചെയ്യുകയായിരുന്ന യഹൂദന്റെ കടയില്‍ ചെന്നു. അവിടെക്കൂടിയിരുന്ന യഹൂദര്‍ നിഖാബണിഞ്ഞിരുന്ന ആ സ്ത്രീയെ മുഖം വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ചു. അവര്‍ കൂട്ടാക്കിയില്ല. തട്ടാന്‍ അവിടെ ഇരിക്കുകയായിരുന്ന ആ സ്ത്രീയുടെ വസ്ത്രത്തിന്റെ പിന്‍ഭാഗം അവരറിയാതെ അവരുടെ പുറവുമായി കൂട്ടിക്കെട്ടി. അവര്‍ എഴുന്നേറ്റപ്പോള്‍ അവരുടെ പൃഷ്ടം വെളിച്ചത്തായി. അതിൽ കലിപൂണ്ട് ആ സംഘം പൊട്ടിച്ചിരിച്ചു. ആ മുസ്‌ലിം സ്ത്രീ ഒച്ച വെച്ചപ്പോള്‍ ഒരു മുസ്‌ലിം തട്ടാനെ കൊന്നു. അതില്‍ കലിപൂണ്ട് ആ യഹൂദസംഘം മുസ്‌ലിമിനെയും കൊന്നു. ആ മുസ്‌ലിമിന്റെ കുടുംബം മറ്റു മുസ്‌ലിംകളുടെ സഹായം തേടി. തുടര്‍ന്ന് മുസ്‌ലിംകളും ബനൂ ഖൈനുഖാഅ് എന്ന യഹൂദ ഗോത്രവും തമ്മില്‍ യുദ്ധമായി.

ഇനിയും ഈ ധിക്കാരം പൊറുപ്പിക്കാനാവുകയില്ലെന്ന് പ്രവാചകന്‍ (സ) തീരുമാനിക്കുന്നത് ഈ ഘട്ടത്തിലാണ്. പ്രവാചകന്‍ (സ) തുടര്‍ന്ന് അവരെ ഉപരോധിച്ചു. ഹിജ്‌റ രണ്ടാമാണ്ടില്‍ ശവ്വാല്‍ രാണ്ടാം പാതിയിലാണ് ഉപരോധം തുടങ്ങിയത്. അടുത്ത മാസം ദുല്‍ഖഅദ് തുടങ്ങും വരെ ഉപരോധം നീണ്ടു. അവസാനം പ്രവാചകന്റെ(സ) തീരുമാനത്തിന് വഴങ്ങാമെന്നേറ്റാണ് അവര്‍ പുറത്തുവന്നത്.

ഈ യഹൂദഗോത്രത്തിനെതിരില്‍ നടപടിക്കൊരുങ്ങുമ്പോഴാണ് ഖസ്‌റജ് ഗോത്രക്കാരനായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് രംഗത്തുവരുന്നത്. മാസങ്ങള്‍ക്കുമുമ്പാണ് അയാള്‍ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ജീവിതകാലം മുഴുവന്‍ കപടനായി കഴിഞ്ഞ അയാള്‍ പ്രവാചകനോട്(സ) കാര്‍ക്കശ്യപൂര്‍വം പറഞ്ഞത് ഇങ്ങനെ:

”മുഹമ്മദ്, എന്റെ സഖ്യകക്ഷികളോട് അല്‍പം മയത്തില്‍ വര്‍ത്തിക്കണം.” പ്രവാചകന്‍ (സ) ഒന്നും പ്രതികരിച്ചില്ല. അയാള്‍ അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പ്രവാചകന്‍ (സ) പ്രതികരിക്കുന്നില്ലെന്നു കണ്ട് അവിടുത്തെ കുപ്പായമാറില്‍ പിടിച്ചു. ”എന്നെ വിടുക.” പ്രവാചകന്‍ (സ) പറഞ്ഞു. കോപം കൊണ്ട് പ്രവാചകവദനം തുടുത്തിരുന്നു. അബ്ദുല്ല വിടാന്‍ തയ്യാറായില്ല. അവിടുന്ന് വീണ്ടും വിടാന്‍ കല്‍പ്പിച്ചു. എന്നിട്ടും അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. അയാള്‍ പറഞ്ഞു:

”എന്റെ സഖ്യകക്ഷികളോട് അയഞ്ഞ നിലപാട് സ്വീകരിച്ചാലല്ലാതെ ഞാന്‍ വിടില്ല. പടയങ്കിയില്ലാത്ത നാനൂർ പേര്‍. പടയങ്കിയുള്ള മുന്നൂറു പേരും. അവരാണ് ഒരു ഘട്ടത്തില്‍ എന്നെ രക്ഷിച്ചത്. ഒരു സുപ്രഭാതത്തില്‍ നീ അവരെ ഒന്നടങ്കം കൊന്നൊടുക്കുകയോ! അല്ലാഹുവാണെ നാശം ഭയക്കുന്ന ഒരുത്തനാണു ഞാന്‍.”

അവസാനം അവര്‍ മദീന വിട്ടുപോകണമെന്ന വ്യവസ്ഥയില്‍ പ്രവാചകന്‍ (സ) യഹൂദഗോത്രത്തെ അബ്ദുല്ലാഹിബ്‌നു ഉബയ്യിന് കൈമാറി. തുടര്‍ന്ന് അവര്‍ ശാമിന്റെ ഭാഗമായ അദ്‌രിആത്തിലേക്ക് കുടിയൊഴിഞ്ഞുപോയി.

ഇതാണ് യഹൂദരുമായി ബന്ധപ്പെട്ട ഒരു സംഭവം. ഇനിയുള്ളത് ബനൂ നദീറാണ്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....