Friday, June 21, 2019

ശാഫിഈ ഇമാം

📙📘📓📒📔📕📗
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


ഹദീസ് ജ്ഞാനത്തിന്റെ മറുവാക്ക്● 0 COMMENTS

ഇസ്‌ലാമിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ‘സുന്നത്തി’ന്റെ സംരക്ഷകൻ കൂടിയായിരുന്നു ഇമാം ശാഫിഈ(റ). പത്തു ലക്ഷത്തിലേറെ ഹദീസുകൾ ഉൾക്കൊള്ളുന്നതാണ് തിരുനബി(സ്വ)യുടെ സുന്നത്ത്. പ്രവിശാലമായ ഹദീസ് വിജ്ഞാനത്തിന് പരിധി നിശ്ചയിക്കുക സാധ്യമല്ല. ഹദീസുകളെ ആഴത്തിൽ പഠിച്ചും അപഗ്രഥിച്ചും മനഃപാഠമാക്കിയും മസ്അലകൾ കണ്ടെടുത്തും മുസ്‌ലിം ഉമ്മത്തിന് ദിശാബോധം നൽകിയ ഇമാം ശാഫിഈ(റ)യുടെ ഹദീസ് പരിജ്ഞാനത്തിന്റെ അഗാധത അടുത്തറിയുമ്പോൾ ആരും വിസ്മയിക്കും. ഏഴാം വയസ്സിൽ ഖുർആൻ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) പത്താം വയസ്സിൽ ഇമാം മാലിക്(റ)വിന്റെ ‘മുവത്വ’യും ഹൃദിസ്ഥമാക്കി. ഇക്കാര്യം താരീഖു ബഗ്ദാദ് 2/63, താരീഖുബ്‌നു അസാകിർ 14/402, സിയർ അഅ്‌ലാമിന്നുബലാഅ്, തർജുമത്തുശ്ശാഫിഈ(റ) അൽബിദായത്തുവന്നിഹായ പോലുള്ളവയിൽ കാണാം.

ജ്ഞാന ദാഹിയായി മദീനയിലെത്തിയ പതിനാലു വയസ്സുകാരനായ ശാഫിഈ(റ)യുടെ നൈപുണ്യവും തന്റെ രചനയായ മുവത്വയുടെ മനഃപാഠവും അറിഞ്ഞ, ഇമാം മാലിക്(റ) ശാഫിഈ(റ)വിനെ ശിഷ്യനായി സ്വീകരിച്ചു. ‘നിങ്ങൾക്ക് സ്തുത്യർഹമായ സ്ഥാനങ്ങൾ കൈവരും. അതിനാൽ അല്ലാഹു നൽകുന്ന പ്രഭയെ ദോഷങ്ങൾ കൊണ്ട് കെടുത്തിക്കളയരുത്’ എന്ന് ഉസ്താദ് ഉപദേശിച്ചു (ശറഹുൽ മുഹദ്ദബ് 1/8).


ഇമാം മാലിക്(റ)വിന്റെ മരണം വരെ, ശാഫിഈ(റ) മദീനയിൽ ജ്ഞാന സമ്പാദനത്തിൽ മുഴുകി. പിന്നെ യമനിലേക്കു പോയി. ശേഷം ഇറാഖിലേക്കും. മുഹദ്ദിസുകളും ഫുഖഹാക്കളുമായ പ്രമുഖ പണ്ഡിതരുമായി ചർച്ച നടത്താനും ജ്ഞാനമണ്ഡലം വികസിപ്പിക്കാനും അതുവഴി സാധിച്ചു. ഇറാഖിൽ ശാഫിഈ(റ) വലിയ പ്രശസ്തി നേടി. ഫിഖ്ഹിന്റെ ഉസ്വൂൽ (നിദാനം) രൂപപ്പെടുത്തിയതു പോലെ ഹദീസ് വിജ്ഞാനത്തിനും നിദാന ശാസ്ത്രത്തിനും (ഉസ്വൂൽ) വലിയ സംഭാവനകൾ നൽകി. ഹദീസ് ഉസ്വൂലിലെ നിരവധി തത്ത്വങ്ങൾ ആദ്യമായി പ്രഖ്യാപിച്ചത് ഇമാമായിരുന്നു. അർത്ഥം ഗ്രാഹ്യമല്ലാത്ത ഹദീസുകളുടെ അർത്ഥ-ആശയ തലങ്ങളിലേക്ക് പ്രഗത്ഭ മുഹദ്ദിസുകൾക്കു പോലും വഴിവെട്ടിത്തെളിച്ചു. ഇമാം സുയൂഥി(റ) രേഖപ്പെടുത്തുന്നു: ‘പ്രഗത്ഭരായ മുഹദ്ദിസുകൾ ഇമാം ശാഫിഈ(റ)വിനെ സമീപിച്ചു തങ്ങൾക്കു മനസ്സിലാകാത്ത ഹദീസുകൾ അവതരിപ്പിക്കും. അവർക്കു സംശയമുള്ള പ്രശ്‌നങ്ങളെല്ലാം അദ്ദേഹം കുരുക്കഴിക്കും. ഹദീസുകളുടെ ആശയങ്ങൾ വിവരിക്കുമ്പോൾ അവർ സ്തബ്ധരായി നിന്നുപോകും. അത്ഭുതത്തോടെയാണവർ ആ സദസ്സിൽ നിന്ന് പിരിഞ്ഞുപോവാറുള്ളത്’ (തദ്‌രീബുറാവി പേ: 81, ഇമാം സുയൂഥി).


ഹദീസ് വിജ്ഞാനീയത്തിലെ അഗാധതയും ഔന്നത്യവും കാരണം ‘നാസ്വിറുൽ ഹദീസ്’ എന്ന അപര നാമത്തിലാണ് ഇറാഖിൽ ഇമാം ശാഫിഈ(റ) വിശ്രുതനായത്. ശാഫിഈ മദ്ഹബ് സ്വീകരിച്ചവർ ‘അസ്വ്ഹാബുൽ ഹദീസ്’ എന്ന പേരിലും അറിയപ്പെട്ടു. ഹദീസ് ശാസ്ത്രത്തിന്റെ നേതൃത്വത്തെ വിസ്മയിപ്പിക്കുന്ന അവഗാഹമാണ് ശാഫിഈ(റ) പ്രകടിപ്പിച്ചത്. പത്തു ലക്ഷം ഹദീസ് മനഃപാഠമുള്ള ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറഞ്ഞതു നോക്കൂ:

‘ഇമാം ശാഫിഈ(റ) അല്ലാഹുവിന്റെ കിതാബിലും നബി(സ്വ)യുടെ സുന്നത്തിലും ജനങ്ങളിൽ ഏറ്റവും കൂടുതൽ പാണ്ഡിത്യമുള്ള ആളാണ്. ഹദീസ് ശേഖരണത്തിൽ കുറഞ്ഞതുകൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടിരുന്നില്ല’ (ആദാബുശ്ശാഫിഈ വ മനാഖിബുഹു പേ: 55, ഇമാം അബൂഹാതമുർറാസി).

ബഗ്ദാദിന്റെ ചരിത്രം രചിച്ച വലിയ പണ്ഡിതനായ അൽഹാഫിള് ഖത്വീബുൽ ബഗ്ദാദി, ഹദീസ് വിജ്ഞാനത്തിൽ ഇമാം ശാഫിഈ(റ)വിന്റെ മികവും കഴിവും പ്രമാണികതയും സമർത്ഥിച്ചുകൊണ്ട് ‘അൽഇഹ്തിജാജു ബിൽ ഇമാമിശ്ശാഫിഈ’ എന്ന ബ്രഹത്തായ ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ദഹബി തന്റെ ഹദീസ് നിരൂപണ ഗ്രന്ഥങ്ങളായ തദ്കിറത്തുൽ ഹുഫാള്, സിയറു അഅ്‌ലാമിന്നുബല, തഹ്ദീബുത്തഹ്ദീബ്, താരീഖുൽ ഇസ്‌ലാം, ത്വബഖാതുൽ ഖുറാഅ് എന്നിവയിൽ ഇമാം ശാഫിഈ(റ)ന്റെ ഹദീസ് പാണ്ഡിത്യത്തെയും പ്രാമാണികതയെയും ശക്തിയുക്തം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: ‘പൂർവികരായ പണ്ഡിത മഹത്തുക്കൾ ഏകകണ്ഠമായി പറഞ്ഞതിൽ നിന്നു ബോധ്യപ്പെടുന്നത്, ഇമാം ശാഫിഈ(റ) വിശ്വസ്ത പ്രമാണമാണെന്നാണ്. കഠിന അസൂയാലുവോ, പരമ വിഡ്ഢിയോ അല്ലാതെ ഒരാളും അദ്ദേഹത്തെക്കുറിച്ച് വിപരീതമായ ഒന്നും പറഞ്ഞിട്ടില്ല. ഹദീസ് വിജ്ഞാനത്തിൽ അദ്ദേഹം കിടയറ്റ ഹാഫിളാണ്’ (സിയറു അഅ്‌ലാമിന്നുബലാഅ്).


തഹ്ദീബു താരീഖുദിമശ്ഖ് 2/20-ൽ പറയുന്നു: ‘ഒരാളെപ്പറ്റി ഹാഫിള് എന്നു പറയണമെങ്കിൽ മിക്ക ഹദീസുകളും അവയുടെ നിദാന ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കിയിരിക്കണം. ഒരു  ലക്ഷമെന്നോ മറ്റോ എണ്ണം നിർണയിക്കാവതല്ല; ചിലരുടെ പക്ഷപ്രകാരം ഒരു ലക്ഷം ഹദീസ് മനഃപാഠമാക്കിയവന് ഹാഫിള് എന്ന സ്ഥാനം ലഭിക്കുന്നതാണ്.’ എന്നാൽ ഈ പ്രയോഗത്തിന്റെ എത്രയോ മേലെയായിരുന്നു ഇമാം ശാഫിഈ(റ). പത്തു ലക്ഷത്തോളം ഹദീസുകൾ ഹൃദിസ്ഥമാക്കി അദ്ദേഹം. അതോടൊപ്പം, ഇതര ഹദീസ് നിപുണരിൽ നിന്ന് വ്യത്യസ്തമായി ഇമാം ശാഫിഈ(റ) ഹദീസ് അപഗ്രഥനത്തിൽ അഗ്രഗണ്യനായിരുന്നു. തനിക്കു ലഭിച്ച സ്വഹീഹായ ഹദീസുകളെ അന്യൂനമായി, അപഗ്രഥിക്കാൻ ഇമാമിനോളം പോന്നവർ ഇല്ലായിരുന്നു. ഇമാം അബൂഹനീഫ(റ) ഖിയാസിനു (താരതമ്യ പഠനത്തിന്) മുൻതൂക്കം നൽകിയും ഇമാം മാലിക്(റ) മദീനാ നിവാസികളുടെ ചര്യകളിൽ ഊന്നി നിന്നുകൊണ്ടും കർമശാസ്ത്രത്തെ അപഗ്രഥിച്ച് വിധികൾ കണ്ടെടുത്തപ്പോൾ, ഇമാം ശാഫിഈ(റ) ഹദീസുകളുടെ അപഗ്രഥനത്തിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഹദീസടക്കമുള്ള പ്രമാണങ്ങളെ കിടയറ്റ രീതിയിൽ വിശകലനം നടത്തുന്ന ഇജ്തിഹാദിന് ‘ഫിഖ്ഹുൽ ഹദീസ്’ എന്നാണ് പറയുക. ഹദീസുകളുടെ ഭാഷാർത്ഥത്തിനപ്പുറം സാഹചര്യങ്ങളും ചരിത്രങ്ങളും പശ്ചാത്തലങ്ങളും മറ്റു വൈജ്ഞാനിക ഘടകങ്ങളും ഉൾകൊണ്ട് ഹദീസുകൾ നൽകുന്ന ആശയ സാഗരത്തെ കണ്ടുപിടിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. സകല വിജ്ഞാന ശാഖകളിലും അവഗാഹമുള്ളവർക്കേ ഇതിന് നന്നായി സാധിക്കുകയുള്ളൂ. ഈ ദൗത്യമാണ് ഇമാം ശാഫിഈ(റ)യിലൂടെ സാർത്ഥകമായത്.


വ്യാഖ്യാനത്തിന് വെളിച്ചം കിട്ടാതെ മൂടിക്കിടന്ന പല പ്രബല ഹദീസുകളെയും ഇമാം ശാഫിഈ(റ) തന്റെ വൈജ്ഞാനിക കരുത്ത് കൊണ്ട് മലർക്കെ തുറന്നുകൊടുത്തു. ഇമാം ശാഫിഈ (റ)വിന്റെ ഗുരു മുഹമ്മദുബ്‌നുൽ ഹസനിശ്ശൈബാനി(റ) പറഞ്ഞു.

‘ഹദീസ് വക്താക്കൾ എന്തെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ അതു ശാഫിഈ(റ)വിന്റെ നാവുകൊണ്ടായിരിക്കും’ (തവാലിത്തഅ്‌സീസ്, ഇമാം ഹാഫിള് ഇബ്‌നുഹജർ-റ, പേ: 55).

ഇമാം ഹിലാലുബ്‌നു അലാഅ്(റ) പറഞ്ഞത് ശ്രദ്ധേയമാണ്: ‘ഇമാം ശാഫിഈ(റ)വിനു അല്ലാഹു കരുണ ചൊരിയട്ടെ. അദ്ദേഹമാണ് ഹദീസ് വക്താക്കൾക്ക് പൂട്ടുകൾ തുറന്നുകൊടുത്തത്’ (തഹ്ദീബുൽ അസ്മാഅ്, ഇമാം നവവി-റ, 1/64).

വിജ്ഞാനത്തിന്റെ പ്രപഞ്ചം കൈവശമുണ്ടായിരുന്നവരാണ് പ്രമാണങ്ങളിൽ നിന്ന് മതവിധികൾ കണ്ടെടുത്തത്. മുജ്തഹിദെന്ന അത്യുന്നത പദവിയിൽ ഇവർക്കാണ് എത്തിച്ചേരാനാവുക. ഒരു ലക്ഷം ഹദീസ് മന:പാഠമുള്ള വ്യക്തിക്കു ഇജ്തിഹാദ് നടത്താമോ എന്ന ചോദ്യത്തിന് ഇമാം അഹ്മദുബ്‌നു ഹമ്പൽ മറുപടി നൽകിയത് രണ്ടോ മൂന്നോ നാലോ ലക്ഷം ഹദീസുകൾ മന:പാഠമുണ്ടെങ്കിലും ഇജ്തിഹാദ് സാധ്യമല്ലെന്നാണ്’ (ഹുജ്ജത്തുല്ലാഹിൽ ബാലിഗ 1/150).

ഒരു മതവിധി അപഗ്രഥിച്ചെടുക്കാൻ, പത്തു ലക്ഷം ഹദീസുകൾ മന:പാഠമുള്ള ഇമാം ശാഫിഈ(റ) മൂന്നു തവണ ഖുർആൻ ഓതുമായിരുന്നു എന്ന് ഇമാം റാസി(റ) പറഞ്ഞിട്ടുണ്ട്. ‘മുന്നൂറ് തവണ ഖുർആൻ ഓതിയതിന് ശേഷമാണ് ഇജ്മാഅ് ദീനിൽ തെളിവാണെന്ന് ഖുർആൻ അടിസ്ഥാനമാക്കി ഇമാം ശാഫിഈ(റ) പ്രഖ്യാപിച്ചത്’ (തഫ്‌സീറുറാസി 11/43).

കേവലം ഹദീസുകൾ സമാഹരിക്കുന്നതിലോ മന:പാഠമാക്കുന്നതിലോ ആയിരുന്നില്ല ഇമാമവർകളുടെ ശ്രദ്ധ. ലഭിച്ച സ്വഹീഹായ ഹദീസുകളെ, മുഴുവൻ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി, ഇഴ കീറി നിദാനങ്ങളും (ഉസ്വൂലുകളും) മതവിധികളും കണ്ടെടുക്കുന്നതിലായിരുന്നു. അതിനാലാണ് ഹദീസ് റിപ്പോർട്ടിംഗിന്റെ ശ്രേണിയിൽ ശാഫിഈ(റ) അധികമൊന്നും കടന്നുവരുന്നില്ല. ഹദീസുകൾ സമാഹരിച്ചു പ്രചരിപ്പിക്കുന്ന വഴി സ്വീകരിക്കാതിരുന്നപ്പോൾ തന്നെ, ഹദീസ് വിജ്ഞാനീയത്തെ സജീവമാക്കി തേജസ്സുറ്റതാക്കാൻ ഇമാമിന് സാധിച്ചു. ഹസനുബ്‌നു മുഹമ്മദുശ്ശഅ്ഫറാനി(റ) പറഞ്ഞു:


‘ഹദീസ് പണ്ഡിതന്മാർ ഉറക്കിലായിരുന്നു. ഇമാം ശാഫിഈ(റ)യാണ് അവരെ തട്ടി ഉണർത്തിയത്, അഹ്മദുബ്‌നു ഹമ്പലി(റ)ന്റെ വാക്കുകൾ: ‘വിജ്ഞാനത്തിൽ ഇമാം ശാഫിഈ(റ)യുടെ സംഭാവന അതുല്യമായതിനാൽ അദ്ദേഹത്തോട് കടപ്പാടില്ലാതെ ഒരാളും പേനയും മഷിയും സ്പർശിച്ചിട്ടില്ല.’

ഹദീസ് സമാഹരണത്തിൽ അത്യാർത്തി കാണിച്ച ഇമാം ശാഫിഈ(റ)ന്റെ ശ്രമത്തെ പല പണ്ഡിതരും വാനോളം പുകഴ്ത്തി എഴുതിയിട്ടുണ്ട്. ഹാഫിള് ഇബ്‌നുഹജറിൽ അസ്ഖലാനി(റ) പറയുന്നു: ”ഇമാം ശാഫിഈ(റ) പരമാവധി സമ്പാദിക്കുന്ന പ്രകൃതിക്കാരനായിരുന്നു. എന്നാൽ പല മുഹദ്ദിസുകളും ചെയ്യാറുള്ളതുപോലെ ശൈഖുമാരുടെ എണ്ണം വർധിപ്പിക്കാൻ അദ്ദേഹത്തിനു താൽപര്യമില്ലായിരുന്നു. ഫിഖ്ഹ് അപഗ്രഥനത്തിൽ ഇമാമവർകൾ വ്യാപൃതനായതാണ് കാരണം’ (തവാലിത്തഅ്‌സീസ്/53).

ഇമാം നവവി(റ)വിന്റെ വീക്ഷണം നോക്കൂ; ‘സ്വഹീഹായ ഹദീസുകൾ മുഖവിലക്കെടുക്കുകയെന്നത് ഇമാം ശാഫിഈ(റ)വിന്റെ ശ്രേഷ്ഠതകളിൽ ഒന്നായിരുന്നു. അടിസ്ഥാനമില്ലാത്തവയും ദുർബലമായവയും അദ്ദേഹം അവഗണിക്കുമായിരുന്നു. സ്വഹീഹും അല്ലാത്തതും വേർതിരിച്ചു ഗ്രഹിക്കുന്നതിലും സ്വഹീഹ് മാത്രം പരിഗണിക്കുന്നതിലും ഇമാം ശാഫിഈ(റ)വിന്റെയത്ര കണിശത പാലിച്ച മറ്റൊരു ഫഖീഹിനെയും എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഈ ശൈലി വളരെ വ്യക്തമാണ്. പിൽകാലത്ത് വന്ന നമ്മുടെ പല വക്താക്കളും ഇക്കാര്യത്തിൽ ഇമാമിന്റെ മാർഗം വേണ്ടത്ര പിന്തുടർന്നിട്ടില്ല’ (തഹ്ദീബുൽ അസ്മാഅ്, ഇമാം നവവി 1/51).

ഹദീസുകൾ ലഭിക്കാൻ രാത്രികൾ പകലാക്കിയിട്ടുണ്ട് ഇമാം. അന്വേഷണ യാത്രകൾ നിരന്തരമുണ്ടായിരുന്നു. ഇമാം മുസ്‌നി പറഞ്ഞു: ‘ഇമാം ശാഫിഈ(റ) പറയുന്നതു ഞാൻ കേട്ടു. ഒരൊറ്റ ഹദീസിനു വേണ്ടി ഞാൻ പല രാത്രികൾ സഞ്ചരിച്ചിട്ടുണ്ട്’ (തവാലിത്തഅ്‌സീസ്/52).

എന്തുകൊണ്ട് ബുഖാരി-മുസ്‌ലിം?

ഇമാം ശാഫിഈ(റ)വിന്റെ അഗാധമായ ഹദീസ് പാണ്ഡിത്യം പ്രമാണബന്ധമായി ബോധ്യപ്പെടുമ്പോൾ തന്നെ, ചിലർ ഉന്നയിക്കുന്ന ചോദ്യമിതാണ്: ‘ഇങ്ങനെയെങ്കിൽ സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹുൽ മുസ്‌ലിമിലും എന്തുകൊണ്ട് ശാഫിഈ(റ)ന്റെ ഹദീസുകൾ കാണുന്നില്ല? (അബൂഹനീഫ(റ)വിന്റെ ഹദീസുകളും സ്വഹീഹൈനിയിൽ ഇല്ലെന്നതു വേറെ കാര്യം).

ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിം(റ)യും ഇമാം ശാഫിഈ(റ)നെ അയോഗ്യനായി കണ്ടതു കൊണ്ടാണിങ്ങനെ എന്ന് ചിന്തിക്കാൻ പോലും പാടില്ല. കാരണം പിഴവ് പറ്റിയ ഒരു ഹദീസും ഇമാം ശാഫിഈ(റ)യിലൂടെ വന്നിട്ടില്ല. പല പണ്ഡിതരും മുകളിലെ സംശയങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ചിലതു താഴെ ചേർക്കുന്നു:


ഇമാം അസ്‌നവി(റ) തന്റെ ത്വബഖാതുശ്ശാഫിഇയ്യ: 1/5-ൽ പറയുന്നു: ”നിശ്ചയം, അഗ്രഗണ്യരായ ഹദീസ് പണ്ഡിതരെല്ലാം ഒരുപക്ഷേ, ഇമാം ശാഫിഈ(റ)യിൽ നിന്ന് നേരെ ഹദീസ് സ്വീകരിച്ച അസ്വ്ഹാബുകളോ അവരിൽ നിന്ന് ഹദീസ് സ്വീകരിച്ചവരോ ആണ്. ഇമാം അഹ്മദ്, തുർമുദി, നസാഈ, ഇബ്‌നുമാജ, ഇബ്‌നുൽ മുൻകദിർ, ഇബ്‌നുഹിബ്ബാൻ, ഇബ്‌നുഖുസൈമ, ബൈഹഖി, ഹാകിം, ഖത്വാബി, ഖത്വീബുൽ ബഗ്ദാദി, അബൂനുഐം(റ) തുടങ്ങിയവരും മറ്റും രണ്ടിലൊരു വിഭാഗത്തിൽ പെട്ടവരാണ്. അല്ലെങ്കിൽ ഹദീസുകളുദ്ധരിച്ചിട്ടില്ലെങ്കിലും വലിയ ഹദീസ് പണ്ഡിതർ ഇമാം ശാഫിഈ(റ)വിന്റെ അഭിപ്രായങ്ങളോടു യോജിപ്പുള്ളവരും അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നവരുമാണ്. ഇമാം ബുഖാരി(റ)വും മറ്റും ഈ ഇനത്തിൽ (മൂന്നാം വിഭാഗം) പെട്ടവരാണ്. എന്നാൽ ഇമാം ശാഫിഈ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഹദീസുകളുദ്ധരിക്കാതിരുന്നത്, എല്ലാ ഹദീസ് പണ്ഡിതരും മുൻഗാമികളിൽ നിന്ന്-നബി(സ്വ)യോട് കാലം അടുത്തവരിൽ നിന്ന്-ഹദീസുകളുദ്ധരിക്കുന്നതിൽ അമിതാഗ്രഹം കാണിച്ചതിനാലാണ്. നിവേദക പരമ്പരയുടെ മഹത്ത്വം കണക്കിലെടുത്താണ് ഇത്. ഇമാം ശാഫിഈ(റ) ദീർഘകാലം ജീവിച്ചിട്ടില്ല. അമ്പത്തി നാലാമത്തെ വയസ്സിൽ (ഹി. 204 ൽ) വഫാത്തായി. അതേ സമയം ഇമാം ശാഫിഈ(റ)വിന്റെ ഉസ്താദുമാരും അവരുടെ സമകാലികരും ഇമാം ബുഖാരി(റ) വഫാതാകുന്നതിന്റെ അടുത്ത കാലം വരെ ജീവിച്ചിരിപ്പുള്ളവരുമായിരുന്നു.”

ഇമാം ശാഫിഈ(റ) വഫാതാകുമ്പോൾ ഇമാം ബുഖാരി(റ)ക്ക് പത്തു വയസ്സായിരുന്നു പ്രായം. ഇമാം ബൈഹഖിയുടെ വിശദീകരണം ഇതോട് ചേർത്തു വായിക്കേണ്ടതാണ്. ”ഇമാം ബുഖാരി(റ)ക്ക് ഇമാം ശാഫിഈ(റ)വുമായി കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. അതേസമയം, ഇമാമിന്റെ ഉസ്താദുമാരെയും സമകാലികരെയും നേരിൽ കണ്ടുമുട്ടുകയും ചെയ്തു. ഇമാം ശാഫിഈ(റ)വിൽ നിന്ന് ഹദീസുകളുദ്ധരിക്കുന്ന പക്ഷം, ഇമാം ശാഫിഈ(റ)വിന്റെ ഉസ്താദുമാരിൽ നിന്നോ സമകാലികരിൽ നിന്നോ നേരിട്ട് കിട്ടിയ ഈ ഹദീസുകളെ, ഒരാളുടെ (അധിക) ഇടനിലയോടെ ഇമാം ബുഖാരി(റ) പരാമർശിക്കേണ്ടി വരും. അങ്ങനെ ഒരു പടി താഴെയിറങ്ങി ഹദീസ് ഉദ്ധരിക്കുന്നതിനേക്കാളേറെ ഉത്തമം ആ ഹദീസുകൾ ഉസ്താദുമാരിൽ നിന്നോ സമകാലികരിൽ നിന്നോ സ്വീകരിക്കലാണ്. നിവേദക പരമ്പരയിൽ റിപ്പോർട്ടർമുടെ എണ്ണം ആവുന്നത്ര ചുരുക്കുകയെന്ന നയം ഹദീസ് പണ്ഡിതരെല്ലാം സ്വീകരിച്ചതാണ് ഇതിനു പ്രേരകം. (പരമ്പര നീളും തോറും നബി(സ്വ)യിൽ നിന്ന് അകലം കൂടുമല്ലോ) എണ്ണം ചുരുങ്ങിയ പരമ്പരക്ക് ‘ഉലുവ്വുൽ ഇസ്‌നാദ്’ (മികച്ച പരമ്പര) എന്ന പറയപ്പെടുന്നു.

ഇമാം മുസ്‌ലിമും ഇമാം ശാഫിഈ(റ)ൽ നിന്ന് ഹദീസുകളുദ്ധരിക്കാത്തതിന്റെ രഹസ്യം മറ്റൊന്നല്ല. എങ്കിലും ശാഫിഈ(റ)വിനെ പ്രകീർത്തിച്ച്, ഇമാം ബുഖാരി(റ) താരീഖുൽ കബീറിലും സ്വഹീഹിൽ തന്നെ രണ്ടു സ്ഥലങ്ങളിലായും പരാമർശിച്ചിട്ടുണ്ട്’ (ബയാനുഖത്വഇ മൻ അഖ്തഅ അലശ്ശാഫിഈ പേജ്: 334).

ഖത്വീബുൽ ബഗ്ദാദി(റ)ന്റെ വാക്കുകൾ ഹാഫിളുദ്ദഹബി ഉദ്ധരിക്കുന്നു:

‘ഇമാം ശാഫിഈ(റ)വിൽ നിന്ന് ഇമാം ബുഖാരി(റ) ഹദീസുകളുദ്ധരിക്കാതിരുന്നത് അദ്ദേഹം അയോഗ്യനാണെന്ന് വെച്ചല്ല. ഇമാം ശാഫിഈ(റ)നെക്കാൾ പ്രായം കൂടിയവരെ ഇമാം ബുഖാരി(റ) കണ്ടിട്ടുണ്ട്. ഉബൈദുല്ലാഹിബ്‌നു മൂസ, ഇബ്‌നു ആസ്വിം(റ) തുടങ്ങിയവർ അവരിൽ ചിലരാണ്. ഇവരെല്ലാം താബിഉകളിൽ നിന്ന് നേരിട്ട് ഹദീസുകൾ കേട്ടവരുമാണ്. അതോടൊപ്പം ഇമാം ശാഫിഈ(റ)യുമായി ഇമാം ബുഖാരി(റ) കണ്ടുമുട്ടിയിട്ടുമില്ല. എന്നാൽ ഇമാം ശാഫിഈ(റ)വിന്റെ ഉസ്താദുമാരിൽ നിന്ന് അദ്ദേഹം ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പോൾ പിന്നെ, ഒരു പടി ഇറങ്ങിക്കൊണ്ട് ആ ഹദീസുകൾ ഇമാം ശാഫിഈ(റ) വഴിക്ക് റിപ്പോർട്ട് ചെയ്യേണ്ട ആവശ്യം ഇമാം ബുഖാരി(റ)ക്കില്ല’ (സിയറു അഅ്‌ലാമിന്നുബലാഅ് 10/96).

ശാഫിഈ(റ)വിന് പിഴവ് പറ്റിയിട്ടില്ല

ചില ഹദീസ് നിരൂപകർ ശാഫിഈ(റ)വിന്റെ ഗ്രേഡ് കുറക്കാനോ ഹദീസ് വിഷയങ്ങളിൽ പിഴവ് വന്നിട്ടുണ്ടെന്ന് വരുത്തുവാനോ ശ്രമിച്ചിട്ടുണ്ട്. മദ്ഹബ് വിരോധം കൊണ്ടോ മറ്റേതെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾ ആവാം ഇത്. ഈ അബദ്ധ ധാരണകളെ പിഴുതെറിയും വിധമാണ് ഇമാം ശാഫിഈ(റ)വിന്റെ ശിഷ്യൻ കൂടിയായ ഇമാം മുസ്‌നി(റ)വിന്റെ പ്രഖ്യാപനം: ‘ഇമാം ശാഫിഈ(റ)ക്ക് പിഴവ് പറ്റിയതായി സ്ഥിരപ്പെടുത്താൻ അല്ലാഹുവിന്റെ സൃഷ്ടികളിൽ നിന്നാരെങ്കിലും എന്നോട് വാദപ്രതിവാദം നടത്താനുദ്ദേശിക്കുന്നുവെങ്കിൽ, ഇമാം ശാഫിഈ(റ)വിനല്ല പിശക് സംഭവിച്ചതെന്നും അദ്ദേഹത്തിൽ നിന്ന് ഹദീസ് പകർത്തിയെടുത്ത വ്യക്തിക്കാണ് പിശക് സംഭവിച്ചിട്ടുള്ളതെന്നും ഞാൻ സ്ഥിരപ്പെടുത്തും’ (ബയാനു ഖത്വഇ മൻ അഖ്ത്വഅ അലശ്ശാഫിഈ, ഇമാം ബൈഹഖി പേ: 55).

ഇമാം ശാഫിഈ(റ)വിന് ഹദീസിൽ പിശക് പറ്റിയിട്ടുണ്ടെന്ന വാദഗതികളെ വിലയിരുത്തി, ഇമാം സുബ്കി(റ) ത്വബഖാതിൽ പറയുന്നതു കാണുക: ‘ഇമാം ശാഫിഈ(റ)വിന്റെ വിജ്ഞാനവും യോഗ്യതയും വിശ്വസ്തതയും മറ്റു ശ്രേഷ്ഠതകളുമൊക്കെ എല്ലാ രാജ്യങ്ങളിലും വ്യാപകമായി അറിയപ്പെടുന്നതാണ്. അവർക്ക് പിശക് സംഭവിക്കുക വളരെ അപൂർവമാണ്. അബൂസർഅ(റ) പറയുന്നത് പിശക് സംഭവിച്ച ഒരു ഹദീസും ഇമാം ശാഫിഈ(റ)യുടെ അരികിലില്ലെന്നാണ്. പിശക് പറ്റിയ ഒരു ഹദീസ് പോലും ഇമാം ശാഫിഈ(റ)ക്ക് ഉള്ളതായി താനറിയില്ലെന്നാണ് അബൂദാവൂദ്(റ) പറയുന്നത്. എന്നിരിക്കെ ഹദീസിൽ ഇമാം ശാഫിഈ(റ) യോഗ്യനല്ലെന്ന് ഇബ്‌നുമഊൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതേപ്പറ്റി ദഹബി പറയുന്നു: ‘ഇങ്ങനെ പറഞ്ഞുകൊണ്ട് സ്വശരീരത്തെ തന്നെയാണ് ഇബ്‌നുമഊൻ വിഷമിപ്പിച്ചിരിക്കുന്നത്. ആരും തന്നെ ഇബ്‌നു മഊനിന്റെ ഈ പരാമർശത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.’


ഇമാം ശാഫിഈ(റ)വിനെക്കുറിച്ച് ദഹബി നീട്ടിപ്പറഞ്ഞതിനൊടുവിൽ ഇങ്ങനെ കാണാം: ‘ഇമാം ശാഫിഈ(റ) പ്രമുഖ ഹദീസ് പണ്ഡിതരിൽ പെട്ട ആളാണ്. ഹദീസ് പഠനാവശ്യാർത്ഥം മക്ക, മദീന, ഇറാഖ്, യമൻ, മിസ്വ്‌റ് തുടങ്ങിയ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ബഗ്ദാദിൽ ‘നാസ്വിറുൽ ഹദീസ്’ എന്നായിരുന്നു സ്ഥാനപ്പേര്. പിഴവ് സംഭവിച്ച ഒരു ഹദീസ് പോലും ഇമാം ശാഫിഈ(റ)യുടെ പക്കലുള്ളതായി അറിയപ്പെട്ടിട്ടില്ല. സ്വാർത്ഥ താൽപര്യമോ, അജ്ഞതയോ മൂലം ആരോപണം ഉന്നയിക്കുന്നവരെ അല്ലാഹു വിചാരണ ചെയ്തുകൊള്ളും’.

ഈ പരാമർശത്തിനു ശേഷം ദഹബി കൂട്ടിച്ചേരർത്തു: ‘ഹദീസ് വിജ്ഞാനത്തിൽ യഹ്‌യൽ ഖത്വാൻ, ഇബ്‌നുമഹ്ദി, അഹ്മദുബ്‌നു ഹമ്പൽ, ഇബ്‌നു മദീനി(റ) തുടങ്ങിയവരുടെ താഴെയാണ് ഇമാം ശാഫിഈ(റ)വിന്റെ സ്ഥാനം.’

ദഹബിയുടെ ഈ പരാമർശത്തെ ശിഷ്യൻ ഇമാം സുബ്ഖി(റ) തിരുത്തുന്നുണ്ട്. ”ഇമാം ശാഫിഈ(റ) ഹദീസ് പാണ്ഡിത്യത്തിൽ അവർക്ക് താഴെയാണെന്ന വാദം ശരിയല്ല. ഇമാം ശാഫിഈ(റ)വിന് പിഴവ് സംഭവിച്ച ഒരു ഹദീസ് പോലുമില്ലെന്ന മുഹദ്ദിസീങ്ങളുടെ സാക്ഷ്യപ്പെടുത്തൽ തന്നെ അദ്ദേഹത്തിന്റെ സ്ഥാനം തെളിയിക്കാൻ ധാരാളം മതി” (ത്വബഖാത് 5/220, 221, സിയറു അഅ്‌ലാ 10/48).

ശാഫിഈ മദ്ഹബും ഹദീസ് കാർക്കശ്യവും

ഇതര മദ്ഹബുകളിൽ നിന്ന് ഭിന്നമായി ശാഫിഈ സരണിയിൽ ഹദീസുകൾക്ക് ശക്തമായ പരിഗണന നൽകിയതായി കാണാം. ഹദീസ് സ്വഹീഹായി വന്നാൽ അതാണെന്റെ മദ്ഹബ് എന്നാണ് ഇമാം ശാഫിഈ(റ) തന്റെ മദ്ഹബിന്റെ പ്രാമാണികത കാണിക്കാൻ പറഞ്ഞത്. മദ്ഹബിലെ വിശദാംശങ്ങളിലേക്ക് പോകുമ്പോൾ, ഏതു കാര്യത്തിലും ഹദീസ് ബന്ധം കണ്ടെത്താനാവും. ഉസ്വൂൽ നിർമിതിയിലും തിരുസുന്നത്തുകൾക്ക് മുന്തിയ അംഗീകാരം നൽകിയിട്ടുണ്ട്. തിരുചര്യയെ ഗൗനിക്കുന്ന കാര്യത്തിൽ ഇമാം ശാഫിഈ(റ) കാർക്കശ്യം കാണിച്ചു. പ്രമുഖ മുഹദ്ദിസും ഇമാം നസാഈ(റ)വിന്റെ ഗുരുവും അഹ്മദുബ്‌നു ഹമ്പൽ(റ)വിന്റെ കൂട്ടുകാരനുമായ ഇമാം അബ്ദുൽ മലിക്ബ്‌നു മഹ്‌റാൻ(റ) പറയുന്നു: ‘ഇമാം അഹ്മദ്(റ) എന്നോട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ എന്തുകൊണ്ട് ഇമാം ശാഫിഈ(റ)വിന്റെ ഗ്രന്ഥങ്ങൾ കൂടുതൽ പഠിക്കാൻ തുനിയുന്നില്ല? ഗ്രന്ഥാവിഷ്‌കാരം ആരംഭിച്ചതു മുതൽ ഇമാം ശാഫിഈ(റ)വിനെ പോലെ സുന്നത്തിനെ ഇത്ര കണിശമായി പിന്തുടരുന്ന മറ്റൊരാളെയും എനിക്കറിയില്ല’ (ആദാബുശ്ശാഫിഈ വ മനാഖിബുഹു പേ: 61).

ഇമാം ഹാഫിളുബ്‌നു ഹജറിൽ അസ്ഖലാനി(റ) ‘തവാലിത്തഅ്‌സീസ്’ എന്ന ഗ്രന്ഥത്തിൽ ഇമാം അഹ്മദ്(റ)നെ ഉദ്ധരിക്കുന്നു: ”ഇമാം ശാഫിഈ(റ)വിന്റെ ഏറ്റവും വലിയ ഗുണം തന്റെ കൈവശമില്ലാത്ത ഒരു ഹദീസ് കേൾക്കാനിട വന്നാൽ ‘അതു സ്വീകരിക്കുകയും തന്റെ അഭിപ്രായം അതനുസരിച്ച് ആവിഷ്‌കരിക്കുകയും ചെയ്യും എന്നതായിരുന്നു” (പേജ്: 63).

ശാഫിഈ(റ)വിന്റെ പ്രധാന ശിഷ്യരിലൊരാളായ ഇമാം റബീഅ്(റ)ന്റെ വാക്കുകൾ: ‘ഒരിക്കൽ ഒരു ചോദ്യത്തിനുത്തരമായി ഇമാം പറഞ്ഞു; നബി(സ്വ)യിൽ നിന്ന് ഇപ്രകാരം നിവേദനം വന്നിട്ടുണ്ട് എന്ന്. ഈ ചോദ്യത്തിനുത്തരം മറ്റൊരാളിൽ നിന്ന് വ്യത്യസ്ത രൂപത്തിൽ മനസ്സിലാക്കിയ ചോദ്യകർത്താവ് സംശയമുന്നയിച്ചു. ‘അബൂഅബ്ദില്ലാ’ നിങ്ങൾ ഈ ഹദീസ് സ്വീകരിക്കുകയാണോ? നിങ്ങൾ ഇങ്ങനെയാണ് പറയുന്നത്? ഈ ചോദ്യം കേട്ട ശാഫിഈ(റ)വിന്റെ അവസ്ഥ മാറി. മുഖം ചുവന്നുതുടുത്തു. സിരകൾ ഉണർന്നു. അവിടുന്ന് പറഞ്ഞു: ‘സഹോദരാ, നബി(സ്വ)യുടെ ഒരു ഹദീസ് സ്വീകാര്യമായി എനിക്ക് ലഭിച്ചിട്ട് ഞാൻ അതു പ്രാവർത്തികമാക്കിയില്ലെങ്കിൽ ഏതു ഭൂമിയാണ് എന്നെ താങ്ങിനിറുത്തുക. ഏത് ആകാശമാണ് എനിക്ക് തണൽ തരിക? കണ്ണും കാതും പൂട്ടി ഞാനതു സ്വീകരിക്കുക തന്നെ ചെയ്യും’ (മുഅ്ജമുൽ ഉദബ).


പ്രധാനമായും ഹദീസുകളെ അടിസ്ഥാനപ്പെടുത്തി ശാഫിഈ മദ്ഹബ് ചിട്ടപ്പെടുത്തിയതിനാൽ, അനിവാര്യമാകുമ്പോൾ മറ്റു മദ്ഹബിലുള്ളവർ പോലും ശാഫിഈ ഇമാമിന്റെ നിലപാടിനെ അവലംബിക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ്(റ)പറയുന്നു: ”ഏതെങ്കിലും ഒരു മസ്അല സംബന്ധിയായി എനിക്ക് ചോദ്യം ലഭിക്കുകയും ആ വിഷയത്തിലുള്ള ഹദീസ് എന്റെ വശമില്ലാതിരിക്കുകയും ചെയ്താൽ, ഇമാം ശാഫിഈ(റ)ന്റെ അഭിപ്രായം ഞാൻ പരിശോധിക്കും. അതവലംബിച്ചാണ് ഞാൻ പറയുക. കാരണം നബി(സ്വ) പ്രവചനത്തിൽ പുകഴ്ത്തിപ്പറഞ്ഞ ‘ഭൂതലമാകെ വിജ്ഞാനം നിറക്കുന്ന ഖുറൈശി പണ്ഡിതനാണ് അദ്ദേഹം.’

പത്തു ലക്ഷം ഹദീസ് ഹൃദിസ്ഥമുള്ള ഇമാം അഹ്മദ്(റ)വിന്റെ വാക്കുകളാണിതെന്നോർക്കുക.

ഹദീസ് വിശകലനം – ചില ഉദാഹരണങ്ങൾ

ഇമാമിന്റെ ഹദീസ് വിശകലന പാടവം അതുല്യമായിരുന്നു. ഹദീസുകളുടെ ആശയങ്ങൾ ശരിയാം വണ്ണം ഗ്രഹിക്കണമെങ്കിൽ അറബി ഭാഷയിൽ അത്യഗാധ പരിജ്ഞാനം അന്നത്തെ അറേബ്യൻ ചരിത്ര-സാഹചര്യങ്ങളും സാമൂഹിക നടപടികളും പശ്ചാത്തലങ്ങളുമെല്ലാം അറിയണം. ഇമാം ശാഫിഈ(റ) ഇവയിലെല്ലാം തികഞ്ഞ ജ്ഞാനിയായിരുന്നു. ഒരു സംഭവം പറയാം: ‘പക്ഷികളെ നിങ്ങൾ അവയുടെ സങ്കേതങ്ങളിൽ സ്ഥിരപ്പെടുത്തുക’ (ബൈഹഖി). എന്ന ഹദീസ് ശാഫിഈ(റ) വ്യാഖ്യാനിച്ചതു കേട്ട് അക്കാലത്തെ പണ്ഡിത പ്രമുഖർ ആശ്ചര്യപ്പെട്ടുപോയി. അതിങ്ങനെയാണ്:

അറബികളുടെ അക്കാലത്തെ സമ്പ്രദായമായിരുന്നു പക്ഷികളുമായി ബന്ധപ്പെടുത്തിയുള്ള ലക്ഷണശാസ്ത്ര പ്രകാരം കാര്യങ്ങൾ പ്രവചിക്കുന്നത്. അവർ നാലു വിധത്തിൽ ലക്ഷണം നോക്കിയായിരുന്നു. ഒരാൾ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു സംഗതി ചെയ്യണമെന്ന് കരുതും. പുറത്തിറങ്ങി ആദ്യം കാണുന്ന പക്ഷിയെ നിരീക്ഷിക്കും. അത് ഇടതു ഭാഗത്തു നിന്ന് വലതുഭാഗത്തേക്ക് പറന്നകന്നാൽ അവർ പറയും: ഇത് ശുഭലക്ഷണം കുറിക്കുന്ന പക്ഷിയാണ്. അയാൾ തന്റെ ലക്ഷ്യത്തിലേക്ക് സന്തോഷപൂർവം പുറപ്പെടും. പക്ഷി വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്കാണ് വന്നതെങ്കിൽ അത് അവ ലക്ഷണമായി കണക്കാക്കി യാത്ര നിറുത്തിവെക്കുകയും പക്ഷിയെ ശപിക്കുകയും ചെയ്യും. ഇത് വ്യക്തമാക്കുന്ന ഒരു അറബിക്കവിത തെളിവായുദ്ധരിച്ച് കൊണ്ട് ഇമാം ശാഫിഈ(റ) തുടരുന്നു: അറബികൾ പുറത്തേക്കിറങ്ങുമ്പോൾ പറക്കുന്ന പക്ഷി ദൃഷ്ടിയിൽ പെട്ടില്ലെങ്കിൽ മരച്ചില്ലകളിലും മറ്റും കൂടുകെട്ടി അടയിരിക്കുന്ന പക്ഷികളെ ശല്യം ചെയ്ത് പുറത്തു ചാടിച്ചു ദിശ നോക്കിയായിരുന്നു ലക്ഷണം സ്വീകരിച്ചിരുന്നത്. ഈ പശ്ചാതലത്തിലാണ് തിരുനബി(സ്വ) അവരുടെ അന്ധവിശ്വാസത്തെ എതിർത്തുകൊണ്ട്, പക്ഷികളെ നിങ്ങൾ അവയുടെ സങ്കേതങ്ങളിൽ സ്ഥിരപ്പെടുത്തുക എന്നു പ്രസ്താവിച്ചത്. അഥവാ കൂട്ടിൽ ഒതുങ്ങിയിരിക്കുന്ന പക്ഷിയെ ഇളക്കിവിട്ട് ശല്യം ചെയ്യരുത്. അവ അവിടെ സ്വസ്ഥമായി കഴിഞ്ഞോട്ടെ. പക്ഷികളിലൂടെ ലക്ഷണം നോക്കുന്നത് അന്ധമാണ്. അതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നാണ് നബി(സ്വ) പ്രഖ്യാപിച്ചതിന്റെ വിവക്ഷ.

നബി(സ്വ)യോട് ഒരാൾ പക്ഷിലക്ഷണം നോക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ‘അതെല്ലാം നിങ്ങളുടെ തോന്നലുകളാണ്. അതു സ്വാധീനിക്കപ്പെടാതിരിക്കട്ടെ’ എന്നായിരുന്നു പ്രതികരണം. ഈ ഹദീസ് സൂചിപ്പിക്കുന്നതും പ്രസ്തുത ആശയം തന്നെയാണ്. ഇതാണ് ഹദീസിന്റെ വിവക്ഷ (ഹിൽയതുൽ ഔലിയ 9/94, മുഅ്ജമുൽ ഉദബ 17/300).

കെ.കെ. നിസാമുദ്ദീൻ അഹ്‌സനി പറപ്പൂർ

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...