Sunday, April 15, 2018

ഖുര്‍ആന്‍ ക്രോഡീകരണ പശ്ചാത്ത



🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖



വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണ പശ്ചാത്തലം● 0 COMMENTS

ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാമത്തേതായ വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുന്നത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഖുര്‍ആനിന്‍റെ അവതരണകാലത്ത് ഇന്ന് നാം കാണുന്നതു പോലെ അവ ക്രമീകരിക്കപ്പെടുകയോ സമാഹരിക്കപ്പെടുകയോ ചെയ്തിരുന്നില്ല.  മനഃപാഠം മുഖേനയും എഴുത്ത് മുഖേനയുമാണ് വിശുദ്ധ ഖുര്‍ആനിന്‍റെ ക്രോഡീകരണം നടന്നത്.

ഖുര്‍ആന്‍ അവതീര്‍ണമായി തുടങ്ങിയപ്പോള്‍ തന്നെ അതു മനഃപാഠമാക്കാനാണ് നബി(സ്വ) ശ്രമിച്ചത്. ശേഷം സ്വഹാബികളും  മനഃപാഠമാക്കാന്‍ വേണ്ടി അവിടുന്ന് ഓതിക്കൊടുക്കുകയാണ് ചെയ്തത്. കാരണം നബി(സ്വ) അക്ഷരജ്ഞാനം ലഭിക്കാത്തവര്‍ (ഉമ്മിയ്യ്) ആണ്. അവിടുത്തെ നിയോഗവും അക്ഷര ജ്ഞാനം ലഭിക്കാത്തവരിലേക്കാണ്. ‘അവരുടെ  പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും എഴുതപ്പെട്ടു കാണുന്ന, അക്ഷര ജ്ഞാനം ലഭിക്കാത്ത പ്രവാചകനായ ദൂതനെ പിന്തുടരുന്നവരാണവര്‍. അദ്ദേഹം അവരോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു’ (വിശുദ്ധ ഖുര്‍ആന്‍ 7/157).

‘അക്ഷര ജ്ഞാനമില്ലാത്തവര്‍ക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാണവന്‍. അവിടുന്ന് അല്ലാഹുവിന്‍റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ ശുദ്ധീകരിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരുന്നു’ (ഖുര്‍ആന്‍ 62/2).

ഖുര്‍ആനിലെ ഓരോ വചനവും അവതീര്‍ണമാകുമ്പോള്‍ അതു മന:പാഠമാക്കാന്‍ വേണ്ടി തിരു നബി(സ്വ) ധൃതി കാണിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘നബിയേ, ധൃതിപ്പെട്ട് മനഃപാഠമാക്കാന്‍ വേണ്ടി താങ്കള്‍ ഖുര്‍ആന്‍ കൊണ്ട് താങ്കളുടെ നാവിനെ ചലിപ്പിക്കരുത്. അതിനെ ഒരുമിച്ച് കൂട്ടലും ഓതിത്തരലും നമ്മുടെ ബാധ്യത തന്നെയാണ്. അതിനാല്‍ നാമത് ഓതിത്തരുമ്പോള്‍ അതിന്‍റെ ഓത്തിനെ നിങ്ങള്‍ പിന്തുടരുക. പിന്നീടത് വിശദീകരിക്കുന്നതും നമ്മുടെ ബാധ്യത തന്നെയാണ്’ (സൂറത്തുല്‍ ഖിയാമ/16-19).

‘യഥാര്‍ത്ഥ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. (നബിയേ) ബോധനം പൂര്‍ണമായി നിര്‍വ്വഹിക്കപ്പെടുന്നതിനു മുമ്പ് ഖുര്‍ആനോതാന്‍ താങ്കള്‍ ധൃതിപ്പെടരുത്. ‘എന്‍റെ നാഥാ എനിക്ക് നീ അറിവ് വര്‍ധിപ്പിക്കേണമേ’ എന്ന് പറയുകയും ചെയ്യുക’ (സൂറത്തു ത്വാഹ/114).

ജിബ്രീല്‍(അ) ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുന്നിനു മുമ്പു തന്നെ അതു മനഃ:പാഠമാക്കാന്‍ വേണ്ടി ധൃതി കാണിക്കേണ്ടെന്നും അറിവ് വര്‍ധിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നുമാണ് നബി(സ്വ) യോട് അല്ലാഹു ഉണര്‍ത്തിയത്. അല്ലാഹുവിന്‍റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചതോടെ തിരുനബി(സ്വ)ക്ക് ഖുര്‍ആന്‍ മുഴുവന്‍ അനായാസം ഹൃദിസ്ഥമാക്കാനും അക്കാലത്തെ  ഹാഫിളുകളുടെ നേതാവായിത്തീരാനും സാധിച്ചു. ജിബ്രീല്‍(അ) എല്ലാ വര്‍ഷവും ഓരോ തവണയും തിരുനബി(സ്വ)യുടെ അവസാന വര്‍ഷത്തില്‍ രണ്ട് തവണയും വന്ന് ഖുര്‍ആന്‍ നോക്കിയിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്.

ആഇശ(റ), ഫാത്വിമ(റ) എന്നിവര്‍ പറയുന്നു: ‘നബി(സ്വ) പറയുന്നതായി ഞങ്ങള്‍ കേട്ടു. എല്ലാ വര്‍ഷവും ഓരോ തവണ ജിബ്രീല്‍(അ) വന്ന് എന്‍റെ ഖുര്‍ആന്‍ ഒത്തുനോക്കാറുണ്ട്. ഈ വര്‍ഷം രണ്ട് തവണ വന്നു നോക്കുകയുണ്ടായി. എന്‍റെ അവധിയെത്തിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു’ (സ്വഹീഹുല്‍ ബുഖാരി/3624).

നബി(സ്വ) ഓതിക്കൊടുക്കുമ്പോള്‍ അവ മനഃപാഠമാക്കുന്ന വിഷയത്തില്‍ സ്വഹാബികളും മത്സരം കാണിച്ചിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുമ്പോഴും ഖുര്‍ആന്‍ പാരായണവുമായി അവര്‍ കഴിഞ്ഞുകൂടി. സ്വഹാബികളുടെ വീടുകള്‍ക്കരികിലൂടെ നടന്നുപോകുന്നവര്‍ക്ക് ഖുര്‍ആന്‍ പാരായണം മൂലം തേനീച്ചയുടെ മുഴക്ക ത്തോട് സമാനമായ ശബ്ദം കേള്‍ക്കാമായിരുന്നു. വിശുദ്ധ ഖുര്‍ആനിന്‍റെ പഠനത്തിനു വേണ്ടി നബി(സ്വ) അവര്‍ക്ക് നല്ല പ്രോത്സാഹനമാണ് നല്‍കിയിരുന്നത്. വീട് വിദൂരത്തുള്ളവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി അവിടുന്ന് തന്നെ സ്വഹാബികളെ നിയമിച്ചിട്ടുമുണ്ട്.

ഹിജ്റക്കു മുമ്പ് മദീനയിലെ ജനങ്ങള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും വേണ്ടി മിസ്അബ് ബ്നു ഉമൈര്‍(റ), ഇബ്നു ഉമ്മി മക്തൂം(റ) എന്നിവരെയാണ് നിയമിച്ചത്. ഹിജ്റക്കു ശേഷം മക്കയിലുള്ളവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും ഹൃദിസ്ഥമാക്കിക്കൊടുക്കാനും വേണ്ടി മുആദ്ബനു ജബല്‍(റ)നെയും അയക്കുകയുണ്ടായി. അങ്ങനെ നബി(സ്വ)യുടെ കാലത്ത് തന്നെ നിരവധി സ്വഹാബികള്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമുള്ളവരായിത്തീര്‍ന്നു.

ഖലീഫമാര്‍(റ), ത്വല്‍ഹ(റ), സഅദ്(റ), ഇബ്നു മസ്ഊദ്(റ), ഹുദൈഫ(റ), സാലിം(റ), അബൂ ഹുറൈറ(റ), ഇബ്നു ഉമര്‍(റ), ഇബ്നു അബ്ബാസ്(റ), അംറു ബ്നുല്‍ ആസ്വ്, പുത്രന്‍ അബ്ദുല്ല(റ), മുആവിയ(റ), ഇബ്നു സുബൈര്‍(റ), അബ്ദുല്ലാഹി ബ്നു സാഇബ്(റ), ആഇശ (റ), ഹഫ്സ(റ), ഉമ്മുസലമ(റ) തുടങ്ങിയവരെല്ലാം മുഹാജിറുകളില്‍ പെട്ട ഹാഫിളുകളാണ്. ഉബയ്യു ബ്നു കഅ്ബ്(റ), മുആദ് ബ്നു ജബല്‍(റ), സൈദുബ്നു സാബിത്ത്(റ), അബുദ്ദര്‍ദാഅ്(റ), മജ്മഉബ്നു ഹാരിസ(റ), അനസുബ്നു മാലിക്(റ), അബൂസൈദ്(റ) തുടങ്ങിയവരെല്ലാം അന്‍സ്വാറുകളില്‍ പെട്ട ഹാഫിളുകളും.

വിശുദ്ധ ഖര്‍ആനിന്‍റെ മനഃപാഠം മൂലമുള്ള ക്രോഡീകരണത്തിനു പുറമെ എഴുതിയിട്ടുള്ള ക്രോഡീകരണവും നബി(സ്വ)യുടെ ജീവിത കാലത്തു തന്നെയുണ്ടായിട്ടുണ്ട്. ‘നിങ്ങള്‍ എന്നില്‍ നിന്നും ഖുര്‍ആന്‍ അല്ലാത്ത മറ്റൊന്നും എഴുതി വെക്കരുത്’ എന്ന് നബി(സ്വ) നിര്‍ദേശിക്കുന്ന ഹദീസ് ഇമാം നസാഇ(റ) രേഖപ്പെടുത്തിയിട്ടുണ്ട് (സുനനുല്‍ കുബ്റാ).

വഹ്യ് എഴുതിവെക്കാന്‍ വേണ്ടി തിരുനബി(സ്വ) തന്നെ പ്രത്യേകം ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), അബാനുബ്നു സഈദ്(റ), ഖാലിദ്ബ്നു വലീദ്(റ), ഉബയ്യുബിനു കഅ്ബ്(റ), സൈദ്ബ്നു സാബിത്(റ), സാബിതുബ്നു ഖൈസ്(റ) തുടങ്ങിയ സ്വഹാബികളായിരുന്നു പ്രസ്തുത എഴുത്തുക്കാര്‍. ഞങ്ങള്‍ നബി(സ്വ)യുടെ സമീപത്തു വെച്ച് പലകകളില്‍ ഖുര്‍ആനിനെ ക്രോഡീകരിക്കാറുണ്ടായിരുന്നുവെന്ന് സൈദുബ്നു സാബിത്ത്(റ) നിവേദനം ചെയ്യുന്ന ഹദീസ് ഹാകിം(റ)വും ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുസ്തദ്റക്).

ഖുര്‍ആനിലെ സൂക്തങ്ങളെ ക്രമപ്പെടുത്തിയുള്ളതായിരുന്നു ഈ ക്രോഡീകരണം. അതാകട്ടെ ജിബ്രീല്‍(അ) നബി(സ്വ)യോട് നിര്‍ദ്ദേശിച്ചതനുസരിച്ചും. ഇത് അവിടെ വെക്കുക അത് ഇവിടെ വെക്കുക തുടങ്ങിയ  നിര്‍ദേശങ്ങള്‍ ജിബ്രീല്‍(അ) പലപ്പോഴും തിരുനബിക്ക് നല്‍കാറുണ്ടായിരുന്നു. ഇബ്നു അബ്ബാസ്(റ)വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇങ്ങനെ: നബി(സ്വ) ഓരോ അധ്യായം അവതീര്‍ണമാകുമ്പോഴും എഴുതുന്നവരെ വിളിച്ചു വരുത്തി പറയും: ഈ അധ്യായത്തെ ഇന്നാലിന്ന സ്ഥലത്ത് വെക്കണം (അബൂദാവൂദ്). മട്ടലുകളിലും തോലുകളിലും എല്ലുകളിലുമായിരുന്നു സ്വഹാബികള്‍ ഖുര്‍ആന്‍ എഴുതി വെച്ചിരുന്നത്. ഇങ്ങനെ എഴുതിക്കഴിഞ്ഞവ നബി(സ്വ)യുടെ വീട്ടില്‍ തന്നെ സൂക്ഷിക്കുകയുമാണ് പതിവ്.

സ്വഹാബികളും അവര്‍ക്കു  സാധ്യമാവുന്ന രീതിയില്‍ ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. ഒട്ടകത്തിന്‍റെയോ ആടിന്‍റെയോ ഉണങ്ങിയ എല്ലുകളും മറ്റുമാണ് അതിനു വേണ്ടി അവര്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ അധ്യായങ്ങളുടെ ക്രമവും തുടര്‍ച്ചയും പാലിക്കാന്‍ പലപ്പോഴും അവര്‍ക്കു സാധിച്ചിരുന്നില്ല. കാരണം അവതീര്‍ണ്ണമായ സൂറത്ത് മനഃപാഠമാക്കുകയോ എഴുതിവെക്കുകയോ ചെയ്യുന്നതിനിടയില്‍ സൈന്യങ്ങളിലും മറ്റും വിവിധ പ്രദേശങ്ങളിലേക്ക് അവര്‍ക്ക് പോകേണ്ടി വരാറുണ്ട്. തിരിച്ചുവരുന്ന സ്വഹാബികള്‍ വന്നതിനു ശേഷം അവതീര്‍ണ്ണമായ സൂറത്തുകള്‍ മനഃപാഠമാക്കുകയും എഴുതിവെക്കുകയുമാണ് ചെയ്യുക. പിന്നീടാണ് അവരുടെ അഭാവത്തില്‍ അവതരിച്ച ഭാഗങ്ങള്‍ എഴുതിവെക്കാനും ഹൃദിസ്ഥമാക്കാനുമുള്ള ശ്രമം നടത്തുന്നത്. അങ്ങനെ അവര്‍ക്കു കഴിയുന്ന രീതിയില്‍ അവ ക്രോഡീകരിക്കുകയും ചെയ്യും.  അതുകൊണ്ടു തന്നെ അവരുടെ ക്രമീകരണത്തില്‍ ആദ്യം വരേണ്ടത് അവസാനത്തിലും അവസാനം വരേണ്ടത് ആദ്യത്തിലുമൊക്കെ വന്നിട്ടുണ്ട്. എന്നാല്‍ സ്വഹാബികളുടെ കൂട്ടത്തില്‍ തന്നെ മനഃപാഠത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് ഖുര്‍ആന്‍  തീരെ എഴുതി വെക്കാത്തവരുമുണ്ടാ യിരുന്നു. അതാണ് അറബികളുടെ പതിവും. തങ്ങളുടെ വംശ പരമ്പരയും അഭിമാനത്തിനു നിദാനമായ കാര്യങ്ങളും കവിതകളുമെല്ലാം അവര്‍ മനഃപാഠമാക്കി വെക്കുകയാണ് ചെയ്യുക. എഴുതിവെക്കാറില്ല (മനാഹിലുല്‍ ഇര്‍ഫാന്‍ 1/203).

തിരുനബി(സ്വ)യുടെ ജീവിത കാലത്തു തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതപ്പെട്ടിരുന്നുവെന്നതാണ് ചുരുക്കം. അതേസമയം അവ ഒരിടത്ത് സമാഹരിക്കുകയോ അധ്യായങ്ങള്‍ ക്രമപ്പെടുത്തുകയോ ചെയ്തിരുന്നില്ല (അല്‍ ഇത്കാന്‍  1/76).

എന്നാല്‍ നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ ഏടുകളിലോ മുസ്വ്ഹഫുകളിലോ ക്രോഡീകരികൃതമാവാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. ഒന്നാമതായി, അബൂബ ക്കര്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഖുര്‍ആന്‍ ഏടുകളില്‍ എഴുതിവെക്കേണ്ടി വന്നത് പോലെയോ ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ മുസ്വ്ഹഫുകളുടെ പകര്‍പ്പ് കോപ്പികള്‍ തയ്യാറാക്കേണ്ടി വന്നത് പോലെയോ ഉള്ള ഒരാവശ്യവും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ല. മുസ്ലിംകളുടെ ഏറ്റവും ശോഭന കാലമായിരുന്നു അത്. ഹാഫിളുകള്‍ ധാരാളമുണ്ടായിരുന്നു. ഫിത്നയും നിര്‍ഭയം. മാത്രമല്ല, എഴുത്തുപകരണങ്ങള്‍ അത്ര സാര്‍വത്രികവുമായിരുന്നില്ല. രണ്ടാമതായി, ഖുര്‍ആനിലെ വല്ല സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടോ എന്ന വഹ്യും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവിടുന്ന്. മൂന്നാമതായി, ഖുര്‍ആന്‍ അവതീര്‍ണ്ണമായത് ഒറ്റത്തവണയായിട്ടല്ല. പ്രത്യുത, ഇരുപതിലധികം വര്‍ഷങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായാണ്. നാലാമതായി, ഖുര്‍ആനിലെ അധ്യായങ്ങളുടേയും സൂക്തങ്ങളുടേയും ക്രമം അവയുടെ അവതരണത്തിന്‍റെ ക്രമത്തിലല്ല. അവതരണങ്ങള്‍ ഒരോ സാഹചര്യങ്ങള്‍ക്കനുസൃതമായിരുന്നു.

ഇത്തരമൊരു അവസ്ഥയില്‍ ഖുര്‍ആനിനെ ഏടുകളിലോ മുസ്ഹ ഫുകളിലോ ആയി ക്രോഡീകരിച്ചിരുന്നുവെങ്കില്‍ അവ ഇടക്കിടെ വെട്ടിയും മാറ്റിയും തിരുത്തിയെഴുതേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുകയും തിരു നബി(സ്വ)യുടെ വഫാത്തുണ്ടാവുകയും ദുര്‍ബലപ്പെടുത്തലില്‍ നിന്ന് നിര്‍ഭയമാവുകയും സൂക്തങ്ങളുടേയും അധ്യായങ്ങളുടേയും ക്രമം ഉറപ്പാവുകയും അവ ഏടുകളിലും മുസ്ഹഫുകളിലുമായി സൂക്ഷിച്ചു വെക്കേണ്ട സാഹചര്യം സംജാതമാവുകയും ചെയ്തപ്പോള്‍ ഖുലഫാഉ റാഷിദുകളിലൂടെ അല്ലാഹു ആ ദൗത്യം നിര്‍വഹിച്ചത്. വിശുദ്ധ ഖുര്‍ആനിന്‍റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതുമാണല്ലോ. ‘നാം തന്നെയാണ് ഈ ഉദ്ബോധനം (ഖുര്‍ആന്‍) ഇറക്കിയത്. നാം തന്നെ അതിനെ കാത്ത് സംരക്ഷിക്കുകയും ചെയ്യും’ (സൂറത്തുല്‍ ഹിജ്ര്‍/9).

തിരുനബി(സ്വ)യുടെ വഫാത്തോടെ അബൂബക്കര്‍(റ)ന്‍റെ ഭരണകാലത്ത് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. അഭ്യന്തര കലഹങ്ങളും അനിഷ്ട സംഭവങ്ങളും തുടര്‍ക്കഥയയായി. ഹിജ്റ 12 -ാം വര്‍ഷം നടന്ന യമാമ യുദ്ധവും ബിഅ്റ് മഊന യുദ്ധവും അതില്‍ പ്രധാനമാണ്. സ്വഹാബികളില്‍ നിന്ന് ഹാഫിളുകളായ  140 പേരാണ് ഇവ രണ്ടിലുമായി രക്തസാക്ഷികളായത്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: യമാമ ദിവസത്തില്‍ 70 ഹാഫിളുകള്‍ വധിക്കപ്പെട്ടു. നബി(സ്വ)യുടെ കാലഘട്ടത്തില്‍ നടന്ന ബിഅ്റ് മഊന യുദ്ധത്തിലും അത്രത്തോളം പേര്‍ വധിക്കപ്പെട്ടിട്ടുണ്ട് (മനാഹിലുല്‍ ഇര്‍ഫാന്‍ 1/199). യമാമയില്‍ വധിക്കപ്പെട്ടത് അഞ്ഞൂറ് പേരാണെന്നും ചില പണ്ഡിതന്മാര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്നു രക്തസാക്ഷികളായവരില്‍ പ്രധാനിയാണ് സാലിം(റ). ഖുര്‍ആന്‍ പഠിക്കാന്‍ വേണ്ടി  സമീപിക്കാന്‍ നബി(സ്വ) നിര്‍ദേശിച്ച നാലു പ്രമുഖരിലൊരാളാണ് സാലിം(റ). അവിടുന്ന് പറയുന്നു: ‘നിങ്ങള്‍ നാലു പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുക, അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), സാലിം(റ), മുആദ്(റ), ഉബയ്യ്ബ്നു കഅ്ബ്(റ) എന്നിവരാണവര്‍’ (സ്വഹീഹുല്‍ ബുഖാരി/4999).

ഹാഫിളുകളുടേയും ഖാരിഉകളൂടേയും വഫാത്തിനെ തുടര്‍ന്ന് ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം മൂലം നബി(സ്വ)യുടെ കാലത്ത് കല്ലിലും എല്ലിലും തോലിലുമെല്ലാം എഴുതി സൂക്ഷിച്ചിരുന്ന  ഖുര്‍ആനിക വചനങ്ങള്‍ മുസ്വ്ഹഫ് രൂപത്തിലാക്കാനുള്ള ശ്രമം അബൂബക്കര്‍(റ)ന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. തിരുനബി(സ്വ)യുടെ കാലത്തില്ലാത്ത ഒരു കാര്യം ചെയ്യുന്നത് ബിദ്അത്താകുമോ എന്ന ഭയവും അബൂബക്കര്‍(റ)വിനുണ്ടായിരുന്നു. പിന്നീട് മുസ്വ്ഹഫ് രൂപത്തിലൂള്ള ക്രോഡീകരണം ബിദ്അത്തല്ലെന്നും ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുന്നതും അതില്‍ പരിവര്‍ത്തനങ്ങള്‍ വരുന്നതും കാത്തുസൂക്ഷിക്കാന്‍ വേണ്ടിയുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്നും അദ്ദേഹം മനസ്സിലാക്കുകയായിരുന്നു.

ഈ സംഭവം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ:  സൈദുബ്നു സാബിത്ത്(റ)യില്‍ നിന്ന് നിവേദനം; യമാമ യുദ്ധം നടക്കുന്ന സമയത്ത് സിദ്ദീഖ്(റ) എന്‍റെയടുത്തേക്ക് ഒരാളെ വിട്ടു. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്‍റെയടുത്ത് ഉമര്‍(റ)വുമുണ്ടായിരുന്നു. സിദ്ദീഖ്(റ) പറഞ്ഞു: ‘എന്‍റെയടുത്ത് വന്ന് ഉമര്‍(റ) ഇപ്രകാരം പറയുന്നു: ‘ഖുര്‍ആന്‍ മനഃപാഠമുള്ള പലരും യമാമ യുദ്ധത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്. പല സ്ഥലങ്ങളിലും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍ രക്ത സാക്ഷികളായതു മൂലം ഖുര്‍ആനില്‍ നിന്ന് പലതും നഷ്ടപ്പെടുമെന്ന ഭയം എനിക്കുണ്ട്. അതുകൊണ്ട് ഖുര്‍ആന്‍ ക്രോഡീകരിക്കാനുള്ള കല്‍പന താങ്കള്‍ പുറപ്പെടുവിക്കണം’. അപ്പോള്‍ ഉമര്‍(റ) നോട് ഞാന്‍ ചോദിച്ചു: നബി(സ്വ) ചെയ്യാത്തൊരു കാര്യം താങ്കള്‍ക്ക് എങ്ങനെ ചെയ്യാനാവും? അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം. ഉറപ്പായും ഇതൊരു നല്ല കാര്യമാണ്.’ അങ്ങനെ ഉമര്‍(റ) ഈ വിഷയത്തില്‍ എന്നോട് കൂടിയാലോചന നടത്തിക്കൊണ്ടേയിരുന്നു. അവസാനം അത് സ്വീകരിക്കാന്‍ അല്ലാഹു എന്‍റെ മനസ്സിനെ പാകപ്പെടുത്തി. അങ്ങനെ ഉമറിന്‍റെ അഭിപ്രായം എന്‍റെയും അഭിപ്രായമായിത്തീര്‍ന്നു. സൈദ്(റ) പറയുന്നു: അബൂബക്കര്‍(റ) എന്നോട് പറഞ്ഞു: ‘നിശ്ചയം, നിങ്ങള്‍ ബുദ്ധിമാനായ ഒരു യുവാവാണ്. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിധ തെറ്റായ ധാരണയുമില്ല. നിങ്ങള്‍ നബി(സ്വ)യുടെ വഹ്യ് എഴുതുന്ന ആളായിരുന്നുവല്ലോ. അതിനാല്‍ നിങ്ങള്‍ ഖുര്‍ആന്‍ ക്രോഡീ കരിക്കണം.’ സൈദ്(റ) പറയുന്നു: ‘അല്ലാഹുവാണ് സത്യം, ഒരു മല നീക്കാനാണ് എന്നോട് അവര്‍ കല്‍പിച്ചി രുന്നതെങ്കില്‍ എനിക്കത് ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതിനേക്കാള്‍ ഭാരമാകുമായിരുന്നില്ല.’ ഞാന്‍ ചോദിച്ചു; നബി(സ്വ) ചെയ്യാത്തൊരു കാര്യം നിങ്ങളെങ്ങനെ ചെയ്യും? അപ്പോള്‍ സിദ്ധീഖ്(റ) പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, ഇതൊരു നല്ല കാര്യമാണ്.’ അങ്ങനെ സിദ്ദീഖ്(റ) ഇക്കാര്യത്തില്‍ എന്നോട് ആലോചന നടത്തിക്കൊണ്ടിരുന്നു. അങ്ങനെ സിദ്ധീഖ്(റ)ന്‍റേയും ഉമര്‍(റ)ന്‍റേയും മനസ്സിനെ പാകപ്പെടുത്തിയ അല്ലാഹു എന്നെയും അതിനു പാകപ്പെടുത്തി. തുടര്‍ന്നു ഞാന്‍ ഖുര്‍ആന്‍ ശേഖരണം ആരംഭിച്ചു. ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ ഹൃദയങ്ങളില്‍ നിന്നും കല്ല്, മട്ടല്‍ തുടങ്ങി ഖുര്‍ആന്‍ എഴുതിവെച്ചിരുന്ന വസ്തുക്കളില്‍ നിന്നും അവ മുഴുവന്‍ ഞാന്‍ ശേഖരിച്ചു. തൗബ സൂറത്തിന്‍റെ അവസാന ഭാഗം അബൂഖുസൈമത്തില്‍ അന്‍സ്വാരിയില്‍ നിന്ന് മാത്രമാണ് എനിക്കു കിട്ടിയത്. അദ്ദേഹമല്ലാത്ത മറ്റാരുടെയടുത്തും ഞാനതു കണ്ടില്ല. ‘നിങ്ങളില്‍ നിന്നു തന്നെ ഒരു ദൂതന്‍ നിങ്ങളുടെയടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് അവര്‍ക്ക് അസഹ്യമാണ്’ എന്ന് തുടങ്ങി ബറാഅത്ത് സൂറത്തിന്‍റെ അവസാനം വരെയുള്ള ഭാഗമാണത്. ഇങ്ങനെ ക്രോഡീകരിച്ച ഖുര്‍ആന്‍ സിദ്ദീഖ്(റ)ന്‍റെ കൈവശമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ വിയോഗശേഷം ഉമര്‍(റ)വാണ് അത് സൂക്ഷിച്ചത്. പിന്നീട് മകള്‍ ഹഫ്സ്വ ബീവി(റ)യും (4986).

അബുബക്കര്‍(റ)ന്‍റെ കാലത്തു നടന്ന ഖുര്‍ആന്‍ ക്രോഡീകരണം വളരെ സൂക്ഷ്മതയോടെയാ യിരുന്നു. ഇബ്നു അബീ ദാവൂദ്(റ) കിതാബുല്‍ മസ്വാഹിഫില്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇമാം ഇബ്നു ഹജര്‍(റ) ഉദ്ധരിക്കുന്നത് കാണുക:

യഹ്യബ്നു അബ്ദിറഹ്മാന്‍(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ‘ഉമര്‍ (റ) ഇപ്രകാരം പ്രസ്താവിച്ചു. ‘നബി(സ്വ)യില്‍ നിന്ന് ഖുര്‍ആനില്‍ നിന്ന് വല്ലതും കേട്ടവരെല്ലാം അതുമായി വരണം.’ സ്വഹാബികള്‍ ഏടുകളിലും പലകകളിലും മട്ടലുകളിലുമായി ഖുര്‍ആന്‍ എഴുതി വെക്കാറുണ്ടായിരുന്നു.’

യഹ്യാ(റ) പറയുന്നു: ‘രണ്ടു സാക്ഷികളില്ലാതെ ഒരാളില്‍ നിന്നും അദ്ദേഹം യാതൊന്നും സ്വീകരിക്കുമായിരുന്നില്ല’. എഴുതി വെച്ചതു മാത്രമല്ല സൈദ്(റ) പരിഗണിച്ചതെന്നും നബി(സ്വ)യില്‍ നിന്ന് നേരിട്ട് കേട്ടവരുടെ സാക്ഷ്യം കൂടി ഉള്‍പ്പെടുത്തിയാണ് ക്രോഡീകരണം നടത്തിയതെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കൂടാതെ സൈദ്(റ)നു തന്നെ ഖുര്‍ആന്‍ മനഃപാഠവുമുണ്ടായിരുന്നു. കൂടുതല്‍ സൂക്ഷ്മത കാണിച്ചതു കൊണ്ടാണ് സൈദ്(റ) ഇത്തരമൊരു സമീപനം സ്വീകരിച്ചത്.

ഹിശാമുബ്നു ഉര്‍വ(റ) പിതാവില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസും ഇബ്നു അബീ ദാവൂദ്(റ) രേഖപ്പെടുത്തുന്നുണ്ട്. ‘അബൂബക്കര്‍(റ) ഉമര്‍(റ)നോടും സൈദ്(റ)നോടും ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ രണ്ടുപേരും പള്ളിയുടെ കവാടത്തിലിരിക്കുക. അല്ലാഹുവിന്‍റെ കിതാബില്‍ പെട്ടതാണെനതിന് രണ്ട് സാക്ഷികളുമായി ആരെങ്കിലും വന്നാല്‍ അത് നിങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുക’ (ഫത്ഹുല്‍ ബാരി 14/193).

എന്നാല്‍ ബറാഅത്ത് സൂറയുടെ അവസാന ഭാഗം അബൂ ഖുസൈമത്തില്‍ അന്‍സ്വാരി(റ)യില്‍ നിന്ന് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന സൈദ്(റ)ന്‍റെ പരാമര്‍ശം ഖുര്‍ആന്‍ ക്രോഡീകരണത്തിനു വേണ്ടി അതീവ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെന്ന വാദത്തിനെതിരല്ല. ഇതു വ്യക്തമാക്കി കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: തൗബ സൂറത്തിന്‍റെ അവസാന ഭാഗം അബൂഖുസൈമത്തില്‍ അന്‍സ്വാരി(റ)യുടെ പക്കല്‍ നിന്ന് മാത്രമാണ് എനിക്കു ലഭിച്ചതെന്ന സൈദ്(റ)ന്‍റെ പ്രസ്താവനയുടെ താല്‍പര്യം ആ ഭാഗം എഴുതപ്പെട്ടതായി ലഭിച്ചത് അദ്ദേഹത്തില്‍ നിന്ന് മാത്രമാണെന്നാണ് (സ്വഹാബികളില്‍ പെട്ട അസംഖ്യം ആളുകള്‍ക്ക് അവ മന:പാഠമുണ്ടായിരുന്നു. അക്കാലത്തെ പ്രധാന അവലംബം മന:പാഠം തന്നെയായിരുന്നു). കാരണം സൈദ്(റ) ഖുര്‍ആനിന്‍റെ  ക്രോഡീകരണം നടത്തിയത് വെറും മനഃപാഠം നോക്കിയല്ല, എഴുത്ത് കൂടി പരിശോധിച്ചാണ്. പ്രസ്തുത ഭാഗം ആ സമയത്ത് ലഭിച്ചില്ലെന്നത് കൊണ്ട് നബി(സ്വ)യില്‍ നിന്ന് സ്വീകരിക്കാത്തവരുടെ അടുക്കല്‍ ആ ഭാഗം അനിഷേധ്യമാം വിധം സ്ഥിരപ്പെട്ടിട്ടില്ലെന്ന് വരില്ല. നബി(സ്വ)യില്‍ നിന്ന് നേരിട്ട് സ്വീകരിച്ചവരില്‍ നിന്ന് ഖുര്‍ആന്‍ ക്രോഡീകരിക്കുക വഴി കൂടുതല്‍ ഉറപ്പ് ലഭിക്കണമെന്നതായിരുന്നു സൈദ്(റ)ന്‍റെ താല്‍പര്യം. അബൂ ഖുസൈമ(റ)യില്‍ നിന്ന് ആ ഭാഗം ലഭിച്ചപ്പോള്‍ സൈദ്(റ)വിന് ഓര്‍മവന്നത് പോലെ മറ്റു സ്വഹാ ബികള്‍ക്കും ഓര്‍മ്മ വന്നിട്ടുണ്ടാവും. നബി(സ്വ)യുടെ സാന്നിധ്യത്തില്‍ എഴുതപ്പെട്ടതു മാത്രം ക്രോഡീകരിക്കണമെന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ് സൈദ്(റ) ഇത്രയും പരിശോധന നടത്തിയത് (ഫത്ഹുല്‍ ബാരി:14/193).

അബൂബക്കര്‍(റ), ഉമര്‍(റ) തുടങ്ങിയ സ്വഹാബീ പ്രമുഖരെല്ലാം ഇവ്വിഷയത്തില്‍ സൈദ് (റ)വിനെ സഹായിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഉദ്ദേശിച്ച ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കി. ‘സത്യനിഷേധികള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും തന്‍റെ പ്രകാശം പൂര്‍ത്തിയാക്കാന്‍ തന്നെയാണ് അല്ലാഹു തീരുമാനിച്ചിരിക്കുന്നത്’ (ഖുര്‍ആന്‍ 9/32).

അബുബക്കര്‍(റ)ന്‍റെ കാലത്തു നടന്ന ഈ ക്രോഡീകരണത്തിനു പല പ്രത്യേകതകളുമു ണ്ടായിരുന്നു. ഇലാഹീ വചനങ്ങളെ ഏറ്റവും സൂക്ഷ്മമായ അന്വേഷണത്തിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നതും മുസ്ലിം സമുദായത്തിന്‍റെ മുഴുവന്‍ ഏകോപിതാഭിപ്രായം നേടാന്‍ സാധിച്ചുവെന്നതും  ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ള അറബി ഭാഷയില്‍ തന്നെയുള്ള ഏഴു തരം ശൈലികളും അവ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നതും പാരായണം ദുര്‍ബലപ്പെടുത്താത്തവ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നതും അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇബ്നു അബീദാവൂദ്(റ) അബ്ദു ഖയ്ര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘അദ്ദേഹം പറയുന്നു: അലി(റ) പറയുന്നത് ഞാന്‍ കേട്ടു: ‘മുസ്വ്ഹഫുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് അബൂബക്കര്‍(റ)നാണ്. അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ. അല്ലാഹുവിന്‍റ ഗ്രന്ഥത്തെ ആദ്യമായി ക്രോഡീകരിച്ചത് അദ്ദേഹമാണ്’ (കിതാബുല്‍ മസ്വാഹിഫ്).

ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്താണ് വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണത്തിന്‍റെ അടുത്ത ഘട്ട മുണ്ടാവുന്നത്. ഇസ്‌ലാമിക വിജയങ്ങള്‍ വര്‍ധിക്കുകയും മുസ്ലിംകള്‍ വിവിധ നാടുകളില്‍ വ്യാപിക്കുകയും ചെയ്ത കാലം. ഓരോ നാട്ടുകാരും സ്വഹാബികളില്‍ നിന്ന് പ്രശസ്തരായ ഖാരിഉകളുടെ പാരായണമാണ് സ്വീകരിച്ചിരുന്നത്. സിറിയക്കാര്‍ ഉബയ്യുബ്നു കഅ്ബ്(റ)ന്‍റെയും കൂഫക്കാര്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്‍റെയും ഖിറാഅത്തനുസരിച്ച് പാരായണം നടത്തിയപ്പോള്‍ മറ്റുള്ളവര്‍ അബൂ മൂസല്‍ അശ്അരി(റ)യുടെ ഖിറാഅത്താണ് സ്വീകരിച്ചത്. എന്നാല്‍ അവര്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണത്തിന്‍റെ ശൈലികളിലും രീതികളിലും പിന്നീട് അഭിപ്രായന്തരമുണ്ടായി. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ അറബിഭാഷയില്‍ തന്നെയുള്ള ഏഴു ശൈലികളിലാണല്ലോ അവതീര്‍ണമായതു തന്നെ.

ഇങ്ങനെ വിവിധ രാജ്യങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തിന്‍റെ വ്യത്യസ്ത രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഖുര്‍ആനിനൊരു ഏകീകൃത സ്വഭാവമുണ്ടാകാന്‍ വേണ്ടി എഴുത്ത് ഒരു ഖിറാഅത്തില്‍ മാത്രം ചുരുക്കി അബൂബക്കര്‍(റ)ന്‍റെ ഭരണ കാലത്ത് ക്രോഡീകരിച്ച മുസ്ഹഫില്‍ നിന്ന് ഏതാനും പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കുകയാണ് ഉസ്മാന്‍(റ) ചെയ്തത്. ഈ വിഷയത്തില്‍ ഉസ്മാന്‍(റ) വിളിച്ചു ചേര്‍ത്ത പ്രമുഖ സ്വഹാബികളെല്ലാം ഐക്യകണ്ഠേന ഇതംഗീകരിക്കുകയായിരുന്നു. സൈദുബ്നു സാബിത്ത്(റ), അബ്ദുല്ലാഹി ബ്നു സുബൈര്‍(റ), സഈദുബ്നുല്‍ ആസ്വ്(റ), അബ്ദുറഹ്മാനുബ്നുല്‍ ഹാരിസ്(റ) എന്നിവരെയാണ് പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കാന്‍ വേണ്ടി ഉസ്മാന്‍(റ) നിയമിച്ചത്. ഹിജ്റ ഇരുപത്തിനാലാം  വര്‍ഷത്തിന്‍റെ ഒടുക്കത്തിലും ഇരുപത്തിയഞ്ചാം വര്‍ഷത്തിന്‍റെ തുടക്കത്തിലുമായിരുന്നു ഇത്.

ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് നടന്ന ഖുര്‍ആന്‍ ക്രോഡീകരണത്തിന്‍റെ പശ്ചാത്തലം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അനസ്(റ)ല്‍ നിന്നു നിവേദനം: ഹുദൈഫതു ബ്നുല്‍ യമാന്‍(റ) ഉസ്മാന്‍(റ)ന്‍റെ സമീപത്ത്  വന്നു. അര്‍മീനിയ, അദര്‍ബീജാന്‍ എന്നീ നാടുകള്‍ കീഴടക്കുന്നതിനു വേണ്ടി സിറിയക്കാരോട് യുദ്ധം ചെയ്യാന്‍ വേണ്ടി അദ്ദേഹം ഇറാഖുകാരുടെ കൂടെ പോയതായിരുന്നു. ഖുര്‍ആന്‍ പാരായണ ശൈലിയിലുണ്ടായ അവരുടെ അഭിപ്രായ  വ്യത്യാസം അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി.  ഖലീഫ ഉസ്മാന്‍(റ) വിനോട് അദ്ദേഹം പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, ജൂത ക്രൈസ്തവര്‍ അഭിപ്രായ വ്യത്യാസത്തിലായതു പോലെ ഈ സമുദായം അഭിപ്രായാന്തരങ്ങളില്‍ പെടുന്നതിനു മുമ്പ് അവരെ നിങ്ങള്‍ പിടിച്ചു നിര്‍ത്തണം’. അങ്ങനെ ഉസ്മാന്‍(റ) മഹതിയായ ഹഫ്സ്വ(റ)യിലേക്ക് ആളെ വിട്ട് അവരുടെ കൈവശമുള്ള ഖുര്‍ആന്‍ പ്രതി കൊടുത്തയക്കണമെന്നും പകര്‍പ്പു കോപ്പികള്‍ എടുത്ത ശേഷം തിരിച്ചയക്കാമെന്നും അറിയിച്ചു. അതു പ്രകാരം മഹതി ഖുര്‍ആന്‍ പ്രതി ഉസ്മാന്‍ (റ)വിന് കൊടുത്തയക്കുകയും ചെയ്തു. തുടര്‍ന്ന് സൈദുബ്നു സാബിത്ത്, അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സഈദു ബ്നുല്‍ ആസ്വ്(റ) അബ്ദു റഹ്മാനുല്‍ ഹാരിസ്(റ) എന്നിവരോട് പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കാന്‍ ഉസ്മാന്‍(റ) ഉത്തരവിട്ടു. അവരില്‍ പെട്ട ഖുറൈശികളായ മൂന്നു പേരോട് (അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സഈദു ബ്നുല്‍ ആസ്വ്(റ) അബ്ദു റഹ്മാനുല്‍ ഹാരിസ്-റ) ഖലീഫ പറഞ്ഞു: ‘വല്ല ഖുര്‍ആന്‍ വചനങ്ങളിലും നിങ്ങളും സൈദുബ്നു സാബിത്തും അഭിപ്രായ വ്യത്യാസത്തിലായാല്‍ ഖുറൈശികളുടെ ഭാഷയില്‍ നിങ്ങളത് എഴുതുക. കാരണം ഖുര്‍ആന്‍ അവതരിച്ചത് അവരുടെ ഭാഷയിലാണ്’. അങ്ങനെ അവര്‍ ഏതാനും പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കി. ശേഷം ഉസ്മാന്‍(റ) ഖുര്‍ആന്‍ പ്രതി ഹഫ്സ ബീവി(റ)ക്ക് തിരികെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പകര്‍ത്തിയ കോപ്പികളില്‍ നിന്ന് ഓരോ ഭാഗത്തേക്കും ഓരോ കോപ്പി വീതം കൊടുത്ത യക്കുകയുമുണ്ടായി. ഇവയല്ലാത്ത മറ്റു ഏടുകളും മുസ്ഹഫുകളും കരിച്ചു കളയാനും ഉസ്മാന്‍(റ) ഉത്തരവിട്ടു’ (ബുഖാരി/4987).

നബി(സ്വ)യുടെ കാലഘട്ടത്തിനു ശേഷം നടന്ന  ക്രോഡീകരണത്തിന്‍റെ രണ്ടു ഘട്ടങ്ങളെയും കുറിച്ച് ഇമാം സുയൂത്വി(റ) പറയുന്നു: ‘ഖാരിഉകളുടെയും ഹാഫിളുകളുടെയും മരണം മൂലം ഖുര്‍ആന്‍ തന്നെ നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ് അബൂബക്കര്‍(റ) ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ തയ്യാറായതെങ്കില്‍ ഓരോരു ത്തരും അവരവരുടെ ഭാഷാരീതിയനുസരിച്ച് വ്യത്യസ്ത രൂപങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും മറ്റുള്ളവരുടേത് തെറ്റാണെന്ന് പറയുകയും ചെയ്തപ്പോള്‍ ഖുറൈശികളുടെ ഭാഷയനുസരിച്ച് ഒരു മുസ്ഹഫ് തയ്യാറാക്കിക്കൊണ്ട് ഖുര്‍ആന്‍ സംബന്ധമായ അഭിപ്രായാന്തരങ്ങള്‍ തീര്‍ക്കാനായിരുന്നു ഉസ്മാന്‍ (റ)ന്‍റെ കാലത്തുണ്ടായ ക്രോഡീകരണം’ (അല്‍ ഇത്ഖാന്‍ 1/79).

ഖുര്‍ആനിനെ മുസ്ഹഫ് രൂപത്തിലാക്കുമ്പോള്‍ എഴുതാനുപയോഗിച്ച ലിപി പില്‍ക്കാലത്ത് റസ്മുല്‍ ഉസ്മാനി എന്ന പേരിലാണ് അറിയപ്പെട്ടത്. അബൂബക്കര്‍(റ)ന്‍റെ കാലത്തുള്ള ലിപി തന്നെയാണ് ഇതെങ്കിലും ഉസ്മാന്‍(റ)ന്‍റെ ഭരണകാലത്ത് അതിനു സര്‍വവ്യാപകമായ ഉപയോഗം വന്നത് കൊണ്ടാണ് പ്രസ്തുത ലിപി ആ പേരില്‍ അറിയപ്പെട്ടത്. അറബി ഭാഷയുടെ സാധാരണമായ ചില നിയമങ്ങളോട് യോജിക്കാത്ത ലിപിയാണത്. എന്നാല്‍ ഖുര്‍ആന്‍ എഴുതുമ്പോള്‍ ഈ ലിപി തന്നെ ഉപയോഗിക്കണമെന്നാണ് പണ്ഡിത മതം. ഇമാം ബൈഹഖി(റ) പറയുന്നു: ‘വല്ലവനും മുസ്ഹഫ് എഴുതുകയാണെങ്കില്‍ സ്വഹാബികള്‍ മുസ്വഹഫുകള്‍ എഴുതിയ ലിപിയില്‍ തന്നെയാവാന്‍ ശ്രദ്ധിക്കണം.അതില്‍ അവരോട് എതിരാവാനോ അവര്‍ എഴുതിയതില്‍ ഒരു മാറ്റവും വരുത്താനോ പാടില്ല’ (ശുഅ്ബുല്‍ ഈമാന്‍).

ഇമാം സുയൂഥ്വി(റ) പറയുന്നു: ‘അശ്ഹബ്(റ) പറഞ്ഞു: മാലിക് ഇമാമിനോട് ഒരു ചോദ്യമുണ്ടായി; ജനങ്ങള്‍ പുതുതായി ഉണ്ടാക്കുന്ന ലിപിയില്‍ മുസ്വ്ഹഫ് എഴുതാന്‍ പാടുണ്ടോ? അതു പറ്റില്ലെന്നും ആദ്യമായി എഴുതിയതു പോലെത്തന്നെ എഴുതണമെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഇമാം അഹ്മദ്(റ) ഇക്കാര്യം ഒന്നുകൂടി സ്പഷ്ടമാക്കിപ്പറയുന്നു: ‘ഉസ്മാന്‍(റ)ന്‍റെ മുസ്വഹഫിലെ ലിപിയോട് വാവിലും യാഇലും അലിഫിലും മറ്റുള്ളവയിലും എതിരു വരുന്നത് ഹറാമാണ്’ (അല്‍ ഇത്ഖാന്‍ 2/212,213).


സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....