Friday, April 27, 2018

മൗലിദാഘോഷവും മുളഫ്ഫര്‍ രാജാവും

മൗലിദാഘോഷവുംമുളഫ്ഫര്‍ രാജാവും ● 0🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
COMMENTS

സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(റ)യുടെ കീഴില്‍ ഇര്‍ബല്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്നു അല്‍ മലികുല്‍ മുളഫ്ഫര്‍ എന്നറിയപ്പെടുന്ന അബൂസഈദ് മുളഫ്ഫറുദ്ദീന്‍ കബൂരി. തന്റെ പിതാവില്‍ നിന്നും ഇര്‍ബലിന്റെ ഭരണച്ചുമതലയേറ്റിരുന്നുവെങ്കിലും ഇടക്കാലത്ത് അദ്ദേഹത്തിന് അത് ത്യജിക്കേണ്ടിവന്നു. പിന്നീട് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്രയില്‍ സഹകാരിയും സൈനികനുമായപ്പോള്‍ അര്‍റഹാ, ഹര്‍റാന്‍ എന്നീ പ്രദേശങ്ങളുടെ ചുമതല നല്‍കി. തന്റെ സഹോദരി റബീഅ ഖാത്തൂനിനെ സുല്‍ത്വാനു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.

സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൂടെ അടിയുറച്ചുനിന്ന മുളഫ്ഫര്‍ അദ്ദേഹത്തിന്റെ മുന്നേറ്റത്തിലും ചാലകശക്തിയായി. പ്രസിദ്ധമായ ഹിത്വീന്‍ പോരാട്ടത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് അദ്ദേഹം നല്‍കിയ പിന്തുണയും സഹായവും അനിതര സാധാരണമായിരുന്നു. അവരുടെ ജൈത്രയാത്രയില്‍ പാശ്ചാത്യന്‍ കോളനികള്‍ ഒന്നൊന്നായി കീഴൊതുങ്ങിക്കൊണ്ടിരുന്നു. പരിസര പ്രദേശങ്ങളില്‍ അവശേഷിച്ച മുസ്‌ലിം പ്രവിശ്യകളും ഭരണാധികാരികളും സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നായകത്വം അംഗീകരിച്ച് കീഴ്പ്പെട്ടു. അക്കൂട്ടത്തില്‍ നേരത്തെ മുളഫ്ഫറുദ്ദീന് നഷ്ടപ്പെട്ടതും തന്റെ പിതാവിന്റെ അധികാര കേന്ദ്രവുമായിരുന്ന ഇര്‍ബലും ഉള്‍പ്പെടുന്നു.

ഇര്‍ബലിനെ ഒരു പ്രധാന പട്ടണമാക്കി വികസിപ്പിച്ചത് മുളഫ്ഫറിന്റെ പിതാവും പോരാളിയുമായ സൈനുദ്ദീന്‍ അലി കൂജക് ആണ്. അദ്ദേഹത്തിന്റെ മരണശേഷം പുത്രന്‍ ഭരണമേറ്റെടുത്തു. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയാണ് മുളഫ്ഫറിന്റെ സഹോദരനെ മുജാഹിദുദ്ദീന്‍ ഖൈമാസ് പ്രസ്തുത പദവിയില്‍ വാഴിച്ചത്. അദ്ദേഹം മരണപ്പെട്ടപ്പോള്‍ തന്നെ അര്‍റഹാ, ഹര്‍റാന്‍തു തുടങ്ങിയ പ്രദേശങ്ങളുടെ അധികാരത്തില്‍നിന്നു മാറ്റി ഇര്‍ബലില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട മുളഫ്ഫറിനെ സുല്‍ത്വാന്‍ ഇര്‍ബലിനോട് ശഹ്റസൂര്‍ കൂടി ചേര്‍ത്ത് ഭരണച്ചുമതലയേല്‍പ്പിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി സ്ഥാപിച്ച അയ്യൂബിയ്യ സല്‍ത്വനത്തിന്റെ ഭാഗമായി അതോടെ മുളഫ്ഫറുദ്ദീന്‍.

മുളഫ്ഫിന് 14 വയസ്സുള്ളപ്പോഴാണ് പിതാവ് മരണപ്പെടുന്നത്. അതോടെ പരീക്ഷണങ്ങളുടെ തീച്ചൂളയിലായി ആ കൗമാര ജീവിതം. ധാരാളം പ്രദേശങ്ങളില്‍ ആധിപത്യം നേടാനായെങ്കിലും അതെല്ലാം മൗസ്വിലിലെ ഖുതുബുദ്ദീന്റെ പിന്‍ഗാമികളായ ഭരണാധികാരികള്‍ക്കു നല്‍കുകയും ഇര്‍ബല്‍ മാത്രം സ്വന്തം അധീനതയില്‍ നിര്‍ത്തുകയും ചെയ്തു. മദ്റസകളും മറ്റു സ്ഥാപനങ്ങളുമടക്കം ധാരാളം വഖ്ഫുകള്‍ അദ്ദേഹത്തിന്‍റേതായുണ്ടായിരുന്നു. ഇങ്ങനെ നന്മ ആദര്‍ശമാക്കിയ സൗഹൃദ കുടുംബ ബന്ധങ്ങളും പശ്ചാത്തലവുമാണ് മുളഫ്ഫര്‍ രാജാവിനെ രൂപപ്പെടുത്തിയത്.

പ്രാമാണികരും പ്രശസ്തരുമായ ചരിത്രകാരന്മാരെല്ലാം മുളഫ്ഫര്‍ രാജാവിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗുണങ്ങളും സേവനങ്ങളും അയ്യൂബി പാരമ്പര്യത്തിന്റെ നിര്‍വഹണ രീതിയുമെല്ലാം ചരിത്രമാണ്. അദ്ദേഹത്തിന്റെ ആത്മീയ രാഷ്ട്രീയ ജീവിതവും സാമൂഹിക സേവനങ്ങളും ചരിത്രകാരന്മാര്‍ വാഴ്ത്തിക്കാണാം. നബിദിനാഘോഷവുമായി ബന്ധപ്പെട്ട വിപുലമായ മദ്ഹ് സദസ്സുകള്‍ ഇതില്‍ ഏറെ ശ്രദ്ധേയമാണ്. മുളഫ്ഫര്‍ ഇദംപ്രഥമമായി ആരംഭിച്ച ഒരപരാധമാണത് എന്ന നിലയില്‍ പണ്ഡിതരാരും പരാമര്‍ശിച്ചിട്ടില്ല. പില്‍ക്കാലത്ത് പ്രത്യക്ഷപ്പെട്ട പുത്തന്‍വാദികള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത്.

ഇബ്നുഖല്ലിഖാന്‍ എഴുതുന്നു: “അദ്ദേഹം ചെയ്തത് പോലെ നല്ല കാര്യങ്ങള്‍ ചെയ്ത മറ്റൊരു രാജാവിനെയും എനിക്കറിയില്ല. അത്രയേറെ സല്‍പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സേവനങ്ങളുമാണദ്ദേഹം നിര്‍വഹിച്ചത്. ദാനം ചെയ്യുക എന്നതിനേക്കാള്‍ ഇഷ്ടകരമായ മറ്റൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ദിനേന റൊട്ടി കൂന്പാരങ്ങള്‍ വിതരണം ചെയ്യുമായിരുന്നു. സഹായം തേടിയെത്തുന്ന ദരിദ്രരെ എപ്പോഴും വീടിന്റെ പരിസരത്തു കാണാം. വസ്ത്രങ്ങളും നല്‍കുമായിരുന്നു. വിവിധ ഭാഗങ്ങളില്‍ ഇതിന് പ്രത്യേക വിതരണ കേന്ദ്രങ്ങളൊരുക്കി. ശരീരം തളര്‍ന്നവര്‍ക്കും അന്ധന്മാര്‍ക്കും താമസിക്കാന്‍ മന്ദിരങ്ങളുണ്ടാക്കി. അഭയാര്‍ത്ഥികളെക്കൊണ്ട് അവിടെയെല്ലാം നിറഞ്ഞു. തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും അവരെ അദ്ദേഹം സന്ദര്‍ശിക്കും. ഓരോരുത്തരെയും നേരില്‍ക്കണ്ട് കുശലാന്വേഷണം നടത്തുകയും തമാശകള്‍ പങ്കുവെക്കുകയും ചെയ്യും. അങ്ങനെ ഒറ്റപ്പെടലിന്റെയും നിരാലംബതയുടെയും വേദന അവരില്‍ നിന്നകറ്റി.

വിധവകള്‍ക്കും അനാഥകള്‍ക്കും തെരുവാധാരമായവര്‍ക്കും വെവ്വേറെ ആലയങ്ങള്‍ സ്ഥാപിച്ചു. മുലകുടി പ്രായത്തിലുള്ള ശിശുക്കള്‍ക്ക് മുലയൂട്ടുന്ന വളര്‍ത്തു മാതാക്കളെയും പരിചരിക്കാന്‍ ആയമാരെയും നിശ്ചയിച്ചു. ഇത്തരം ആലയങ്ങളില്‍ ആവശ്യമായ ഭക്ഷ്യവിഭവങ്ങളെത്തിച്ചു. നടത്തിപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ അവിടങ്ങളില്‍ ചെന്ന് ഇടക്കു പരിശോധിച്ചു.

ആശുപത്രികളില്‍ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തി. രോഗികളെ സന്ദര്‍ശിച്ച് സുഖവിവരം അന്വേഷിക്കുകയും ആവശ്യങ്ങളാരായുകയും ചെയ്തു. അവ പൂര്‍ത്തീകരിച്ചുനല്‍കി. തന്റെ ഭരണപ്രദേശത്ത് വരുന്ന അന്യദേശക്കാര്‍ക്ക് താമസിക്കാന്‍ അതിഥി മന്ദിരങ്ങള്‍ പണികഴിപ്പിച്ചു. അവരുടെ അഭിരുചിക്കനുസൃതമായ ഭക്ഷ്യവസ്തുക്കളൊരുക്കി. തിരിച്ച് യാത്രയാവുമ്പോള്‍ ആവശ്യക്കാര്‍ക്ക് യാത്രാബത്തയും നല്‍കി.

ശാഫിഈ, ഹനഫി സരണികളിലെ മതാധ്യാപനത്തിന് മദ്റസകള്‍ സ്ഥാപിച്ച് അധ്യാപകരെ നിയമിച്ചു. അവിടങ്ങളില്‍ സന്ദര്‍ശിച്ച് സദ്യകളുണ്ടാക്കുകയും പ്രകീര്‍ത്തന സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കീര്‍ത്തന കാവ്യങ്ങള്‍ പാടിക്കേള്‍ക്കുക മാത്രമായിരുന്നു തന്റെ ജീവിതത്തിലെ ആസ്വാദനം. പക്ഷേ, മതം വിരോധിച്ച ഒന്നും ഇതിനായി ഉപയോഗപ്പെടുത്തുകയോ അത്തരം വിനോദങ്ങള്‍ നാട്ടിലേക്ക് കടത്താനനുവദിക്കുകയോ ചെയ്തില്ല.

സ്വൂഫികള്‍ക്കായി രാജ്യത്ത് രണ്ടു കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. സ്ഥിരതാമസക്കാരും വന്നുപോവുന്നവരുമായി ധാരാളം സ്വൂഫികള്‍ അവിടെ എപ്പോഴും കാണും. സ്ഥാപനത്തിന്റെയും അന്തേവാസികളുടെയും പരിചരണത്തിന് ധാരാളം വഖ്ഫുകള്‍ നടത്തി. അവിടെനിന്ന് മടങ്ങുന്നവര്‍ യാത്രാചെലവ് വാങ്ങണമെന്ന് വ്യവസ്ഥ ചെയ്തു. രാജാവ് പലപ്പോഴും അവരുടെ കൂടെ കഴിഞ്ഞു.

വര്‍ഷത്തില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ ഉന്നത വ്യക്തിത്വങ്ങളടങ്ങുന്ന സൗഹൃദ സംഘങ്ങളെ പരിസര രാജ്യങ്ങളിലയക്കുകയും അവിടെ അവിശ്വാസികളായ ആളുകളുടെ പിടിയില്‍ പെട്ട മുസ്‌ലിംകളെ രക്ഷപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധനായി. ഹാജിമാര്‍ക്ക് സേവനത്തിനു സന്നദ്ധപ്രവര്‍ത്തകരെ നിയമിച്ചു. ഹറമൈനിയിലെത്തുന്നവരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനായി ആയിരക്കണക്കിന് സ്വര്‍ണനാണയങ്ങളുമായി ആളയച്ചു. അറഫയിലും മറ്റു സ്ഥലങ്ങളിലും ജലസേചന സൗകര്യങ്ങളുമേര്‍പ്പെടുത്തി’ (വഫയാതുല്‍ അഅ്യാന്‍).

ഇബ്നുഖല്ലിഖാന്‍ മുളഫ്ഫര്‍ രാജാവ് നടത്തിയ മൗലിദ് സദസ്സിന്റെ പ്രൗഢിയും വൈവിധ്യവും വിവരിക്കുന്നുണ്ട്. രാജാവിനെക്കുറിച്ച് താന്‍ നല്‍കുന്ന വിവരണം അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നിന്നും വളരെ പരിമിതമാണെന്ന് വ്യക്തമാക്കി അദ്ദേഹം പറയുന്നു: “മുളഫ്ഫര്‍ രാജാവിന്റെ ഗുണങ്ങള്‍ വിശദമായി വിവരിക്കാനൊരുങ്ങിയാല്‍ ഗ്രന്ഥം വളരെ നീണ്ടുപോവും. മുളഫ്ഫറിന്റെ ചരിത്രപ്രസിദ്ധി തന്നെ മതി അദ്ദേഹത്തെ മനസ്സിലാക്കാന്‍. അതിശയോക്തിപരമായി അദ്ദേഹത്തെക്കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല, ഞാനീ പറഞ്ഞതത്രയും എനിക്ക് നേരിട്ടനുഭവമുള്ളതും ഞാന്‍ കാണുകയും ചെയ്ത സംഗതികളാണ്. സംക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ അതില്‍നിന്ന് ഏറെ ഒഴിവാക്കിയിട്ടുമുണ്ട്’ (വഫയാതുല്‍ അഅ്യാന്‍).

ഹിജ്റ 608ല്‍ ജനിച്ച് 681ല്‍ വഫാത്തായ ചരിത്രകാരനാണ് ഖാളില്‍ ഖുളാത്ത് ശംസുദ്ദീന്‍ ഇബ്നു ഖല്ലിഖാന്‍. ഇര്‍ബല്‍ സ്വദേശിയായതിനാല്‍ തന്നെ മുളഫ്ഫര്‍ രാജാവിനെ നേരിട്ടറിയാനദ്ദേഹത്തിന് അവസരമുണ്ടായി. 586 മുതല്‍ ആരംഭിച്ച മുളഫ്ഫറിന്റെ ഭരണകാലത്താണ് അദ്ദേഹം ജനിക്കുന്നത്.

മുളഫ്ഫര്‍ രാജാവ് വര്‍ഷാവര്‍ഷം നടത്തിവരുന്ന മൗലിദാഘോഷത്തെ അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതരാരെങ്കിലും എതിര്‍ത്തിരുന്നുവെങ്കില്‍ അതുകൂടി ഇബ്നുഖല്ലിഖാന്‍ പരാമര്‍ശിക്കുമായിരുന്നു. അദ്ദേഹം അറിവുനുകര്‍ന്ന സമകാലിക പണ്ഡിതരില്‍ നിന്ന് രാജാവിന്റെ മൗലിദാഘോഷത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കില്‍ ഇബ്നു ഖല്ലിഖാന്‍ അത് രേഖപ്പെടുത്താതിരിക്കുമായിരുന്നില്ല.

ഇബ്നുഖല്ലിഖാന്‍ രേഖപ്പെടുത്തിയ ഭാഗം മാത്രം ഇവിടെ ഉദ്ധരിച്ചത് മറ്റു പല ഗ്രന്ഥങ്ങളിലും പരാമര്‍ശിച്ച ഭാഗങ്ങള്‍ ഇതിലുള്‍പ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മഹദ്ഗുണങ്ങള്‍ മനസ്സിലാക്കാന്‍ ഇത് തന്നെ മതിയാകും എന്ന നിലക്കാണ്. മുളഫ്ഫര്‍ രാജാവിന്റെ ആദര്‍ശപരമായ നിലപാട് തുടര്‍ന്നദ്ദേഹം എഴുതുന്നു: “അദ്ദേഹം വളരെ മാന്യനും വിനയാന്വിതനും ആദര്‍ശവ്യതിയാനം സംഭവിക്കാത്തയാളുമായിരുന്നു. അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ കണിശത പുലര്‍ത്തി. ഹദീസ് പണ്ഡിതരും കര്‍മശാസ്ത്ര പണ്ഡിതരും രാജ്യത്ത് ഏറെ ആദരിക്കപ്പെട്ടു. സ്തുതിപാടുന്ന കവികളെ അടുപ്പിച്ചതുപോലുമില്ല’ (വഫയാത്).

മുളഫ്ഫിന്റെ പ്രവാചക സ്നേഹവും മൗലിദാഘോഷവും സുന്നീ അഖീദക്ക് പുറത്തുനിന്നുള്ള സ്വാധീനത്തിന്റെ ഫലമായിരുന്നില്ല. അദ്ദേഹത്തിനു മുന്പ് മൗലിദ് നടത്തിയവരില്‍ ഫാത്വിമി ഭരണാധികാരികളായ റാഫിളികളുണ്ടായിരുന്നു എന്നതിനാല്‍ അതിന്റെ തുടര്‍ച്ചയായിരുന്നു മുളഫ്ഫറിന്‍റേതെന്ന ആരോപണം ബാലിശമാണ്. കാരണം സുന്നീ അഖീദയെയും ആചാര രീതികളെയും നിലനിര്‍ത്തുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു അദ്ദേഹം. ഫാത്വിമികളുടെ ദുരാചാരങ്ങളെല്ലാം നിര്‍ത്തലാക്കിയിട്ടും സുല്‍ത്വാന്‍ അയ്യൂബിയും മുളഫ്ഫറും മൗലിദാഘോഷം പൂര്‍വോപരി വിപുലമാക്കിയത് അത് ബിദ്അത്തല്ലെന്നത് കൊണ്ടാണ്. ഹിജ്റ 588ല്‍ ജനിച്ച് 660ല്‍ വഫാത്തായ പ്രസിദ്ധ ചരിത്രകാരന്‍ കമാലുദ്ദീനുബ്നുല്‍ അദീര്‍(റ) എഴുതുന്നു: “ശൈഖ് അബുശ്ശുക്റ് ഹമ്മാദുബ്നുല്‍ ബവാസിജീ(റ) എന്ന പുണ്യപുരുഷനെക്കുറിച്ച് അറിയാനിടവന്നപ്പോള്‍ അദ്ദേഹത്തെ കാണാനും ബറകത്തെടുക്കാനും മുളഫ്ഫര്‍ രാജാവ് അതിയായി ആഗ്രഹിച്ചു. ഹമ്മാദിയുടെ അടുത്തേക്ക് ഇങ്ങനെ സന്ദേശമയച്ചു: എനിക്ക് സൗകര്യപ്പെടുമായിരുന്നെങ്കില്‍ അങ്ങയെ സന്ദര്‍ശിക്കാന്‍ ഞാന്‍ വരുമായിരുന്നു. അതിനാല്‍ ഇര്‍ബലിലേക്ക് അങ്ങയെ ക്ഷണിക്കുകയാണ്.’

സന്ദേശം ലഭിച്ച ശൈഖ് ഹമ്മാദ്(റ) ഇര്‍ബലിലേക്ക് പുറപ്പെട്ടു. ഇര്‍ബലിലെത്തായാറപ്പോള്‍ മുളഫ്ഫര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അങ്ങോട്ടുചെന്നു. പിരിയാന്‍ നേരം ശൈഖില്‍ നിന്നും ബറകത്തിനായി വല്ലതും നല്‍കാന്‍ ആവശ്യപ്പെട്ടു. തന്റെ വസ്ത്രം അദ്ദേഹം മുളഫ്ഫര്‍ രാജാവിന് നല്‍കി. ഈ സംഭവം വിവരിച്ച ഖാളി അബുല്‍ മുഹ്സിന്‍ പറയുന്നു: ആ തുണി മുളഫ്ഫര്‍ രാജാവ് സദാസമയവും തലയില്‍ അണിഞ്ഞിരുന്നു’ (ബിഗ്യത്തുത്വലബ് ഫീ താരീഖ് ഹലബ്).

ഹിജ്റ 549 മുഹര്‍റം 27ന് ചൊവ്വാഴ്ച മൗസ്വിലില്‍ ജനിച്ച അദ്ദേഹം പതിനാലാം വയസ്സില്‍ അധികാരത്തിലെത്തി. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ ആത്മീയതയും ആദര്‍ശവും കെട്ടുപോകാതെ സൂക്ഷിച്ചു. അദ്ദേഹത്തെ കണ്ടവരും അറിഞ്ഞവരും ഭരണ പ്രവര്‍ത്തനങ്ങള്‍ ചരിത്രമായി രേഖപ്പെടുത്തി. അവര്‍ക്കൊന്നും അദ്ദേഹത്തെക്കുറിച്ച് അവമതിപ്പുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് രംഗത്തുവന്ന ചില മതപരിഷ്കരണ വാദികളാണ് ബിദ്അത്ത് സംബന്ധമായി ആരോപണമുന്നയിച്ചത്. അതിന് ഹേതുകം മൗലിദാഘോഷമാണെന്നതിനാല്‍ അന്നും പില്‍ക്കാലത്തും അവര്‍ക്ക് പണ്ഡിത പിന്തുണയുണ്ടായില്ലതാനും.

ആത്മീയ സദസ്സുകളുടെയും ചടങ്ങുകളുടെയും സൗന്ദര്യവും ചൈതന്യവും മനസ്സിലാക്കാന്‍ സാധിക്കാതെ പോയവരാണ് ഈ വിമര്‍ശകര്‍. മുളഫ്ഫര്‍ രാജാവിനെയും മൗലിദ് പരിപാടികളെയും അപമാനിക്കാന്‍ വിവരമില്ലായ്മയാണ് അവര്‍ക്ക് തെളിവ്.

മൗലിദിന്റെ പേരില്‍ അഹിതമായ കാര്യങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിച്ചവരാരും മൗലിദാഘോഷത്തിന്റെ അടിസ്ഥാനത്തെ ലക്ഷ്യമിട്ടില്ല എന്ന് വ്യക്തമാണ്. എന്തിന്റെ പേരിലും അനുവദനീയതയുടെ പരിധി കടക്കാന്‍ ഒരു പണ്ഡിതന്നും അനുവദിക്കാനാവില്ലെന്ന നിലക്കുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് മൗലിദ് അനാചാരമാണെന്ന് വരുത്താന്‍ ശ്രമിക്കുന്നത് പൊടിക്കൈ മാത്രമായിരുന്നു.

ഒരു രാജാവ് വിപുലമാക്കി നടത്തിയ ഒരു ചടങ്ങ് എന്ന നിലയില്‍ മൗലിദാഘോഷം അബദ്ധമാണെന്നും മുളഫ്ഫര്‍ തുടങ്ങിയ അനാചാരമാണെന്നും ഇന്നു പറയുന്നവര്‍ ബിദഇകളുടെ കുഴലൂത്തുകാരാണ്. പണ്ഡിതന്മാരുടെ സാന്നിധ്യവും പിന്തുണയും അന്നുണ്ടായിരുന്നു എന്നതുതന്നെ മൗലിദാഘോഷത്തിന് ലഭ്യമായ അംഗീകാരവും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത കാര്യമാണതെന്നതിനു തെളിവുമാണ്.

ഹിജ്റ 630 റമളാന്‍ 14ന് വെള്ളിയാഴ്ച രാവില്‍ അദ്ദേഹം സ്വവസതിയില്‍ വെച്ച് വഫാത്തായി. പ്രിയതമ റബീഅ ഖാത്തൂന്‍ ഹിജ്റ 643ലും വഫാത്തായി. മുളഫ്ഫര്‍ രാജാവിന്റെ ഖബറിടം കൂഫയിലും റബീഅയുടേത് ഖാസിയൂണിലുമാണ്.


അലവിക്കുട്ടി ഫൈസി എടക്കര

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...