Monday, April 16, 2018

ഖബർ ഉയർത്തൽ

മഹാത്മാക്കള്‍ക്ക് ജാറം പണിയാമെന്ന് ബുഖാരി നിവേദനം ചെയ്ത ഹദീസുകളില്‍ നിന്നും തെളിയുന്നുണ്ട്. ഖാരിജത്തുബ്നു സൈദ്(റ)പറയുന്നു:”ഉസ്മാന്‍(റ)ന്റെ കാല ഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. അന്ന്, ഉസ്മാന്‍ബ്നു മള്ഊന്‍(റ)വിന്റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളില്‍ ഏറ്റവും വലിയ ചാട്ടക്കാര്‍.” (ബുഖാരി, 4/364)”ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ഫത് ഹുല്‍ബാരി, 4/365).


ഇമാം നവവി(റ)എഴുതുന്നു: “സിയാറത്, തബര്‍റുക് എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റു പള്ളികളും അമ്പിയാഅ്, ഉലമാഅ്, സ്വാലീഹീങ്ങള്‍ എന്നിവരുടെ ഖബ്റുകളും പരിപാലിക്കാന്‍ വേണ്ടി വസ്വിയ്യത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീ യമാണ്” (റൌളതുത്വാലിബീന്‍, വാ. 5. പേ. 172).


“നബി (സ്വ) അര്‍ജ് എന്ന സ്ഥലത്തിന്റെ പിന്‍ഭാഗത്ത് ഒരു കുന്നിന്റെ അരികില്‍ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട രണ്ടോ മൂന്നോ ഖബറുകളുണ്ടായിരുന്നു” (ബുഖാരി, 2/348).



സ്വഹാബത്തില്‍ പലരുടേയും ഖബറുകളില്‍ ജാറമുണ്ടായിരുന്നുവെന്നു ചരിത്രഗ്രന്ഥ ങ്ങളില്‍ കാണാവുന്നതാണ്. ഇമാം നവവി (റ) എഴുതി:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബര്‍ പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബുല്‍അസ്മാഇ വല്ലുഗാത്, വാ. 1, പേ. 310).

“നബി(സ്വ)യുടെ മകന്‍ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേല്‍ ഖുബ്ബയുണ്ടായിരുന്നു”(തഹ്ദീബ്, 1/116).


നബി(സ്വ)യുടെ ജാറം പൊളിഞ്ഞു വീണപ്പോള്‍ സ്വഹാബത് അത് പുതുക്കിപ്പണിതതായി ഹദീസിൽ വന്നിട്ടുണ്ട് .
ബുഖാരി റിപ്പോര്‍ട്ടു ചെയ്ത ഹദീസ് കാണുക. ഹിശാമുബ്നു ഉര്‍വ തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു:
“വലീദ്ബ്നുഅബ്ദുല്‍ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൌളയുടെ ഭിത്തി വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാന്‍ തുടങ്ങി. പുനര്‍നിര്‍മാണത്തിനിടയില്‍ ഒരു കാല്‍പ്പാദം പ്രത്യക്ഷപ്പെട്ടു. അവര്‍ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായിരിക്കുമെന്നവര്‍ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവര്‍ക്ക് ലഭിച്ചില്ല. അവസാനം ഉര്‍വഃ (റ) വന്ന് അവരോട് പറഞ്ഞു: ‘അല്ലാഹുവാണെ സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമര്‍ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).



ഇമാം അബൂഹനീഫ (റ) വിന്റെ ഖബറിനുമുകളില്‍ ഖുബ്ബയുള്ളതായി ഇഹ്കാമുസ്സാ ജിദ് ഫീ അഹ്കാമില്‍ മസാജിദ് എന്ന ഗ്രന്ഥത്തില്‍ (പേ. 32) ഇമാം സര്‍കശിയും ശദ റാതുദ്ദഹബില്‍ (3/319) ഇബ്നു ഇമാദില്‍ ഹമ്പലിയും വ്യക്തമാക്കിയിരിക്കുന്നു.



ഇമാം സുയൂഥി(റ) പറയുന്നു: “നബി(സ്വ)യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം” (ഫതാവാ സുയൂഥി 2/31).


ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി(റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖു ബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു” (റൂഹുല്‍ ബയാന്‍ 3/400).:
👆qabar ketti pokkal

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...