Wednesday, February 21, 2018

നൂല്‍മാല: മദ്ഹിന്റെ രത്‌നഹാരം





നൂല്‍മാല: മദ്ഹിന്റെ രത്‌നഹാരം

● ഫള്‌ലുറഹ്മാന്‍ അദനി കണ്ണമംഗലം

0 COMMENTS
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
......................


ഗൗസുല്‍ അഅ്‌ളം ശൈഖ് ജീലാനി(റ) സമുദായത്തിന്റെ ആത്മീയപ്രഭാ കേന്ദ്രമാണ്. കേരളക്കരക്ക് തലമുറയായി ലഭിച്ച അവിടത്തെ ആദ്ധ്യാത്മിക പാരമ്പര്യം ഇന്നും അതിന്റെ തനിമയോടെ നിലനില്‍ക്കുന്നുണ്ട്. ശൈഖ് ജീലാനി(റ)യുടെ അപദാനങ്ങള്‍ കവിതയായി ആദ്യം രചിച്ചത് ഖാളി മുഹമ്മദ്(റ) മുഹ്‌യിദ്ദീന്‍ മാലയിലൂടെയാണ്. കേരള ജനത മുഹ്‌യിദ്ദീന്‍ മാലയെ നെഞ്ചിലേറ്റി. പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി മുഹ്‌യിദ്ദീന്‍ മാലയെ നോക്കിക്കണ്ടു. ഇതിന് ശേഷം എതാണ്ട് ഒന്നര നൂറ്റാണ്ട് കഴിഞ്ഞ് അറബി മലയാള കാവ്യരചനയിലെ അഗ്രേസരനും മലയാളികളുടെ രസിക ശിരോമണിയുമായ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ നൂല്‍മാലയെന്ന വേറിട്ട കാവ്യം രചിച്ചു. ശൈഖ് ജീലാനി(റ)യുടെ ആദ്ധ്യാത്മിക ജീവിതത്തെയും വ്യക്തിപ്രഭാവത്തെയും വരച്ചുകാട്ടുന്ന കാവ്യ കൃതിയാണിത്. മുഹ്‌യിദ്ദീന്‍ മാലയുടെയത്ര പ്രചാരം ലഭിച്ചില്ലെങ്കിലും ശൈഖവര്‍കളുടെ ജീവിതത്തെ ശ്രദ്ധേയമായ രൂപത്തിലും ഭാവത്തിലുമാണ് കുഞ്ഞായിന്‍ മുസ്‌ലിയാര്‍ നൂല്‍മാലയില്‍ വരച്ചുകാട്ടുന്നത്.



ഗ്രന്ഥകാരനെ കുറിച്ച്

കുഞ്ഞായിന്‍ മുസ്‌ലിയാര്‍ മാപ്പിള കവി, ഹാസ്യസാമ്രാട്ട് എന്ന നിലയിലെല്ലാം സുപരിചിതനാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ തലശ്ശേരിയില്‍ ജനിച്ച അറിയപ്പെട്ട മതപണ്ഡിതനും ഖാദിരിയ്യ സൂഫിതലവനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ഹാസ്യവും രചനയില്‍ തത്ത്വചിന്തകളും ഉള്‍ചേര്‍ക്കാന്‍ അദ്ദേഹത്തിന് പ്രത്യേക സിദ്ധിതന്നെയുണ്ടായിരുന്നു. സാമൂതിരി രാജാവിന്റെ കൊട്ടാരം വിദൂഷകനായ മങ്ങാട്ടച്ചന്റെ സന്തത സഹചാരിയുമായിരുന്നു മുസ്‌ലിയാര്‍. തുര്‍ക്കിയിലെ സരസ പണ്ഡിതന്‍ നസ്രുദ്ദീന്‍ ഹോജയുമായാണ് കുഞ്ഞായിന്‍ മുസ്‌ലിയാരെ ചില ചരിത്രകാരന്മാര്‍ താരതമ്യപ്പെടുത്തുന്നത്.

തലശ്ശേരിയിലെ സൈദാര്‍ പള്ളിക്കടുത്ത് ചന്ദനംകണ്ടി തറവാട്ടില്‍ മക്കറയില്‍ വീട്ടില്‍ ജനിച്ചു. എ.ഡി.1700-നടുത്താണ് ജനനമെന്ന് അദ്ദേഹത്തിന്റെ രചനകളില്‍ നിന്നും അനുമാനിക്കുന്നു. തലശ്ശേരി വലിയ ജുമാഅത്ത് പള്ളിദര്‍സില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. അക്കാലത്തെ മുസ്‌ലിം വിദ്യാഭ്യാസ ആസ്ഥാനമായിരുന്ന പൊന്നാനിയിലായിരുന്നു ഉപരിപഠനം. പൊന്നാനിയില്‍ അന്നത്തെ മഖ്ദൂമായിരുന്ന നൂറുദ്ദീന്‍ അബ്ദുസ്സലാം മഖ്ദൂം എന്നവരില്‍ നിന്ന് ഫിഖ്ഹീ വിജ്ഞാനം നേടി. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുസൃതികളും വിനോദങ്ങളും നര്‍മരസം തുളുമ്പുന്ന വര്‍ത്തമാനങ്ങളും സഹപാഠികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. കഥാപാത്രമായി മാത്രം തോന്നുമാറ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെയും മങ്ങാട്ടച്ചന്റെയും പേരില്‍ ധാരാളം ഹാസ്യകഥകള്‍ പിന്നീട് പ്രചരിച്ചിട്ടുണ്ട്.

മാപ്പിളകവി എന്നതോടൊപ്പം മതപണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്ന കുഞ്ഞായിന്‍ മുസ്‌ലിയാര്‍ അന്നു നടന്നുവന്നിരുന്ന ‘ചടങ്ങുനില്‍ക്കല്‍’ പോലുള്ള വൃത്തികേടുകളെ ശക്തമായി എതിര്‍ത്തു. തലശ്ശേരിയിലെ പഴയ ജുമുഅത്ത് പള്ളിയിലാണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്.



രചനകള്‍

അദ്ദേഹത്തിന്റെ ആദ്യകൃതി നൂല്‍മദ്ഹ് എന്ന ഭക്തിഗാനമാണ്. ഹിജ്‌റ 1151 (എ.ഡി. 1737)ലാണിതെഴുതുന്നത്. ഈ കൃതിയില്‍ 15 ഇശലുകളുള്ള 666 വരികളുണ്ട്. മുഹമ്മദ് നബി(സ്വ)യോടുള്ള അതിരറ്റ സ്‌നേഹത്തിന്റെ പ്രകാശനവും പുകഴ്ത്തുമാണിതിലെ ഇതിവൃത്തം.

കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പൊന്നാനിയില്‍ പഠിക്കുന്ന സമയത്താണ് പ്രസിദ്ധമായ കപ്പപ്പാട്ടിന്റെ പശ്ചാത്തലമൊരുങ്ങുന്നത്. ചരിത്രകാരന്മാര്‍ അതിങ്ങനെ വിവരിക്കുന്നു: അദ്ദേഹം പൊന്നാനിയില്‍ പഠിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്ന വീട്ടിലെ സ്ത്രീ, ഉറങ്ങുന്നതിന് മുമ്പ് എന്താണ് ചൊല്ലേണ്ടതെന്ന് മുസ്‌ലിയാരോടു ചോദിച്ചു. രസികനായ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ ‘ഏലാമാലെ’ എന്ന് ചൊല്ലാന്‍ പറഞ്ഞു. ഇത് ആ സ്ത്രീ പതിവാക്കുകയുണ്ടായത്രെ. ഉസ്താദായ നൂറുദ്ദീന്‍ മഖ്ദൂം ഈ സംഭവം അറിയാനിടയായി. അദ്ദേഹം അന്വേഷിച്ചപ്പോഴാണ് കുഞ്ഞായിന്‍ പറ്റിച്ചതാണെന്ന് മനസ്സിലായത്. ഇതിന് ശേഷം അദ്ദേഹത്തോട് മഖ്ദൂം ‘നീ മനുഷ്യനെ കപ്പലാക്കുകയാണോ’ എന്ന് ചോദിച്ചു. ഈ സംഭവത്തിന് ശേഷമാണത്രെ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ മനുഷ്യനെ പായക്കപ്പലിനോടുപമിച്ച് തത്ത്വജ്ഞാനപരമായ കപ്പപ്പാട്ട് എന്ന ഖണ്ഡകാവ്യം രചിക്കുന്നത്. മൂന്നാമത്തെ രചനയായ നൂല്‍മാല സൂഫിഗുരു ശൈഖ് മുഹ്‌യിദ്ദീന്‍ ജീലാനി(റ)യുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന കൃതിയാണ്. ഹിജ്‌റ 1200-ല്‍ (ക്രി. 1785)ലാണ് ഈ ഗ്രന്ഥം രചിച്ചത്.



നൂല്‍മാല: ഹ്രസ്വ പഠനം

മുഹ്‌യിദ്ദീന്‍ മാലയുടെ രചന(1607)ക്ക് ശേഷം 178 വര്‍ഷം കഴിഞ്ഞാണ് നൂല്‍മാല രചിക്കപ്പെടുന്നത്. ‘നൂല്‍മാല’ എന്ന പദം ‘നൂല്‍’ എന്ന തമിഴ് പദവും ‘മാല’ എന്ന പഴയ മലയാള പദവും ചേര്‍ന്നതാണ്. നൂല്‍ എന്നാല്‍ തമിഴില്‍ കൃതിയാണെന്ന് മാപ്പിള സാഹിത്യ പണ്ഡിതര്‍ പറയുന്നു. പുണ്യാത്മാക്കളുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന കീര്‍ത്തന കാവ്യത്തെ മാല എന്നും പറയുന്നു. ഭാഷയില്‍ തന്നെ വ്യത്യസ്തമായ പദങ്ങളും പ്രയോഗങ്ങളും നൂല്‍മാലയെ മറ്റു മാലപ്പാട്ടുകളില്‍ നിന്ന് വ്യതിരിക്തമാക്കുന്നു. അത്‌കൊണ്ട് തന്നെ ഭാഷാഘടനയും പദങ്ങളും ഗ്രഹിച്ചെടുക്കാന്‍ പ്രയാസമാണ്. മാത്രമല്ല, ഇന്ന് തീരെ പ്രചാരത്തിലില്ലാത്ത പുരാതന തമിഴ് പദങ്ങള്‍ ദുര്‍ഗ്രാഹ്യത വര്‍ധിപ്പിക്കുന്നു. ഏകദേശം 80,85 ശതമാനവും തമിഴ് പദങ്ങള്‍ നൂല്‍ മാലയില്‍ കാണാനാകുമെന്ന് മാപ്പിള സാഹിത്യ പണ്ഡിതന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് വ്യക്തമാക്കുന്നുണ്ട്. മലയാളം, തമിഴ് പദങ്ങള്‍ക്ക് പുറമെ അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളും നൂല്‍മാലയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷേ പദങ്ങള്‍ ഗ്രഹിച്ചെടുക്കാനുള്ള പ്രയാസമായിരിക്കാം മുഹ്‌യിദ്ദീന്‍ മാലയുടെയത്ര പ്രചാരം നൂല്‍മാലക്ക് ലഭിക്കാതെ പോയതെന്ന് മാപ്പിള സാഹിത്യ പണ്ഡിതര്‍ നിരീക്ഷിക്കുന്നു.

മുഹ്‌യിദ്ദീന്‍ മാല പോലെ തന്നെ ശൈഖ് ജീലാനി(റ)യിലേക്കും ഖാദിരിയ്യാ ത്വരീഖത്തിലേക്കും ജനങ്ങളെ ആകര്‍ഷിപ്പിക്കുക നൂല്‍മാലയുടെ ലക്ഷ്യമാണ്. മാപ്പിള സാഹിത്യത്തില്‍ എല്ലാ മാലപ്പാട്ടുകളും മുഹ്‌യിദ്ദീന്‍ മാലയെ അനുകരിക്കുമ്പോള്‍ നൂല്‍മാല മാത്രം വ്യത്യസ്തത പുലര്‍ത്തുന്നു. മാലകളുടെ പരമ്പരാഗത ഇശലായ ‘യമന്‍കെട്ടിന്’ പകരം  വ്യത്യസ്ത ഇശലുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. നൂല്‍മാലയില്‍ പ്രയോഗിച്ചിട്ടുള്ള മിക്ക ഇശലുകളും തമിഴ്‌നാട്ടില്‍ പ്രചാരമുള്ള ഇശലാണ്.

നൂല്‍മാല എന്ന കാവ്യം രചിച്ചക്കപ്പെട്ട് 300-ലേറെ വര്‍ഷങ്ങള്‍ക്കിപ്പുറമുണ്ടായ കാലികപ്രസക്തമായ പുനര്‍വായനയാണ് ഡോ. പി. സക്കീര്‍ ഹുസൈന്‍ രചിച്ച ‘നൂല്‍മാല: മൊഴിയും പെരുളും’ എന്ന പഠനം. ഇതിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാനാണ്.

600-ല്‍ പരം ഈരടികള്‍ ഉള്‍പ്പെടുന്ന ഇതില്‍ ഗാനാത്മകതയേക്കാള്‍ ധ്യാനാത്മകതക്കാണ് പ്രമുഖ്യം നല്‍കിയിട്ടുള്ളത്. 14 ഇശലുകളും ഒരു ബമ്പും (ഗദ്യവര്‍ണന) ഉള്‍ക്കൊള്ളുന്നതാണ് നൂല്‍മാലയുടെ ഘടന.

‘കോന്‍ തന്‍ ഖുദ്‌റത്താല്‍ ഒളിമുത്ത് ഉദിത്ത് അത്തിരിമുന്‍ ജലാല്‍ അന്നള്‌റാല്‍ ഉരുകി പലേ ബദു ബദുപ്പുകള്‍ ഉയിര്ത്തിരുത്തി അത്തരുള്‍ ഹള്ള് അകപ്പെടാമല്‍ ഈരോള്വാന്‍ ഉരുവി ഉലകത്തുക്കും മുസ്തഫാഉന്‍ കണ്‍മണി നാഇബ് അബ്ദുല്‍ ഖാദിര്‍ യെന്‍ കണ്ണാല്‍ കാമ്പതുക്ക് ആശ കമലം ചാടിപ്പുകള്‍ നുവല്‍ ചെയ്തു ഇടുവതുക്കും തുണ തന്നരുള്‍ മന്നവാ യാ റഹ്മാനേ…!’ തുടങ്ങിയ മൂല്യവത്തായ ബമ്പോട് കൂടെയാണ് കുഞ്ഞായിന്‍ മുസ്‌ലിയാര്‍ നൂല്‍മാല ആരംഭിക്കുന്നത്. പ്രൗഢമായ ആത്മീയ സൂചനകള്‍ കാവ്യത്തിന്റെ ആമുഖത്തില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാവ്യത്തിന്റെ ആശയം, രചനാ വര്‍ഷം, രചനാ ലക്ഷ്യം എന്നിവ ഗദ്യവര്‍ണനയില്‍ (ബമ്പ്) കാണാവുന്നതാണ്. കവി ശൈഖവര്‍കളോടുള്ള അങ്ങേയറ്റത്തെ പ്രേമത്തോടെയാണ് ഓരോ ഈരടിയും കൊത്തിവെച്ചിട്ടുള്ളത്.

ഒന്നാം ഇശലില്‍ അല്ലാഹുവിന്റെ റഹ്മത്ത് ചൊരിയാനുള്ള പ്രാര്‍ത്ഥനയാണ്. അതോടൊപ്പം ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങള്‍ക്കും (നബി പത്‌നിമാര്‍) അഹ്‌ലുബൈത്തിനും അനുഗ്രഹീതരായ നാല് ഖലീഫമാര്‍ക്കും സ്തുതിഗീതങ്ങളും ആശംസകളും നടത്തുന്നുണ്ട്. നൂല്‍മദ്ഹിന്റെ ബമ്പിലും സച്ചരിതരായ നാല് ഖലീഫമാര്‍ക്കും പ്രത്യേക സ്തുതി നടത്തുന്നു. ഇത് ആ മഹാത്മാക്കളോടുള്ള ബഹുമാനവും ആദരവും എടുത്തുകാണിക്കുന്നതത്രെ. രണ്ടും മൂന്നും ഇശലുകള്‍ ശൈഖ് ജീലാനി(റ)യുടെ മഹത്ത്വങ്ങളും അപദാനങ്ങളും ഉള്‍കൊള്ളുന്നതാണ്. മുഹ്‌യിദ്ദീന്‍ ശൈഖവര്‍കളോടുള്ള അങ്ങേയറ്റത്തെ അനുരാഗത്തിലേക്കും ഉജ്ജ്വലമായ സ്‌നേഹവായ്പ്പുകളിലേക്കും കവി ആഴ്ന്നിറങ്ങുന്നു.

കവിയുടെ തീവ്രാനുരാഗവും മഹബ്ബത്തും തഖ്‌വയും ആദരവും സന്തോഷവും സങ്കടവുമെല്ലാം മനസ്സിലൊതുക്കി വരികളിലൂടെ കെട്ടഴിക്കുന്ന ഒരു പ്രത്യേക ഇശലാണ് നാലാം ഇശല്‍. ഓരോ മൊഴിയുടെയും അവസാന ഭാഗത്തുള്ള ‘ഗൗസ് അവരെ അണൈവ് അറിവ് യെന്നളെ’ എന്ന ഈരടി മനോഹാരിത നല്‍കുന്നു. അഞ്ചാമത്തെ ഇശല്‍ കവിയുടെ തന്നെ കൃതിയായ നൂല്‍മദ്ഹിലെ അഞ്ചാം ഇശലിന്റെ കാവ്യഘടനയും വൃത്തവും അതുപോലെ ഈ ഇശലിലും അനുകരിക്കുന്നുണ്ട്. ഒട്ടനവധി സംഭവങ്ങളും പരികല്‍പനകളുമടങ്ങിയതാണ് അഞ്ചാം ഇശല്‍. കപ്പപ്പാട്ടിലേക്കും നൂല്‍മദ്ഹിലേക്കും ഓരോ ഈരടിയുടെയും ആശയ സംഗ്രഹത്തെ കവി എത്തിക്കുന്നത് ശ്രദ്ധേയമാണ്. വളരെ ലളിത സുന്ദരവും വായിച്ചെടുക്കാന്‍ പ്രയാസം തോന്നിക്കാത്തതുമായ ഹ്രസ്വ ഈരടികള്‍ അടങ്ങിയ ഇശലാണ് ആറാം ഇശല്‍. ശൈഖവര്‍കളുടെ ജീവിതത്തിലെ സുപ്രധാനമായ സംഭവങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടാണ് കവി ഈ ഇശല്‍ മുന്നോട്ട് കൊണ്ടുപോവുന്നത്. ശൈഖവര്‍കളോടുള്ള അദമ്യമായ സ്‌നേഹത്തെ വരച്ചിടുകയാണ് എഴാം ഇശലില്‍ കവി ചെയ്യുന്നത്. ഇതില്‍ ശൈഖിനെ ഉന്നതമായ വിശേഷണങ്ങള്‍ കൊണ്ടു പൊതിയുന്നു. മുഹ്‌യിദ്ദീന്‍ മാലയിലെ സമാനമായ വരിയിലൂടെ അതിന്റെ അര്‍ത്ഥതലങ്ങളെ എടുത്തുകാണിച്ച് നൂല്‍മാലയിലും സ്‌നേഹഭാജനത്തെ വിവരിക്കുന്നുണ്ട്.

‘എല്ലാ വൊളുതും ഉദിച്ചാല്‍ ഗറൂബാകും

എന്‍ ഫൊളുതപ്പോഴും ഉണ്ടെന്ന് ചെന്നോവര്‍’

(എല്ലാവരുടെ സൂര്യനുദിച്ചാലും അസ്തമിക്കും. പക്ഷേ എന്റേത് എന്നും പ്രകാശംപരത്തി പ്രോജ്ജ്വലിച്ചു കൊണ്ടിരിക്കും).

ഒരു ആത്മീയ നേതാവിന്റെ വിജ്ഞാനബോധവും സൂഫിസത്തിന്റെ സത്തയും സ്വതസിദ്ധമായ ശൈലിയില്‍ അനാവരണം ചെയ്യുകയാണ് എട്ടാം ഇശലില്‍. സൂഫി സൗന്ദര്യത്തെയും വിശ്വാസത്തെയും കവി വരച്ചുകാട്ടുന്നു. ഈ ഇശലില്‍ ഈടോടെയും അഴകോടെയും കാണുന്ന പ്രയോഗങ്ങള്‍ സൂഫി സൗന്ദര്യത്തെയാണ് കാണിക്കുന്നത്.

പൊതുവെ കാവ്യാത്മകതയിലും വാക്കുകളുടെ പുഷ്ടിയിലും മറ്റു ഘടനകളിലും പത്താമത്തെ ഇശല്‍ മികച്ച് നില്‍ക്കുന്നു. ആത്മീയ ജ്ഞാനങ്ങളില്‍ കൂടുതല്‍ പരിഗണന നല്‍കുംവിധമാണ് ഈ ഇശല്‍ വിന്യസിച്ചിട്ടുള്ളത്. നസ്വീഹത്തിലായിട്ട് ആത്മവിചാരം ചെയ്യുന്ന രീതിയാണ് ഈ ഇശലിനെ സമ്പുഷ്ടമാക്കുന്നത്.

പതിനൊന്നാം ഇശലില്‍ മഹാനവര്‍കളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഏതാനും കറാമത്തുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒരു സ്ത്രീയെ ജിന്ന് തട്ടിക്കൊണ്ടുപോയതും ശൈഖവര്‍കള്‍ അവരെ മോചിപ്പിച്ചതും മഹാന്റെ പ്രഭാഷണത്തിന് ആളുകള്‍ തടിച്ചുകൂടുന്നതും മറ്റു പ്രധാന സംഭവങ്ങളും ഈ ഇശലിനെ പ്രൗഢമാക്കുന്നു.

ദിവ്യപ്രണയത്തിന്റെ സന്തോഷവും ആനന്ദവും വേദനയും സായൂജ്യവുമെല്ലാം ഒരുപോലെ സന്നിവേശിപ്പിക്കുന്നതാണ് പന്ത്രണ്ടാം ഇശല്‍. ലളിതമായ ഈരടികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട ഈ ഇശല്‍ ഗാനാത്മകവും സുന്ദരവുമാണ്. പതിമൂന്നാം ഇശല്‍ കാവ്യം ഉപസംഹാരത്തിലേക്കാണ് വഴിതെളിയിക്കുന്നത്. പാപിയും പ്രേമവിവശനും നിസ്സാരനുമാണു താനെന്ന് കവി താഴ്മ പ്രകടിപ്പിക്കുന്നു. ഇതുവരെയുള്ള ഇശലുകളില്‍ വരച്ചിട്ട ജീലാനി(റ)വിന്റെ അപദാനങ്ങള്‍ ഒരു ‘കടുകുമണി മുറി’യുടെ വലിപ്പത്തിലേ ആയിട്ടുള്ളൂവെന്ന് കവി എറ്റുപറയുന്നുമുണ്ട്.

നൂല്‍മാലയിലെ അവസാനത്തെ ഇശലാണ് പതിനാലാം ഇശല്‍. വിഭവങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല മറ്റുള്ള വഴിയിലേക്ക് യാത്രതിരിക്കാനായി കവി രചന മതിയാക്കുകയാണ്. ശൈഖവര്‍കളുടെ മഹത്ത്വങ്ങളടങ്ങിയ ഒരു സംഭവം കൂടി കോര്‍ത്തുവെച്ചാണ് കുഞ്ഞായിന്‍ മുസ്‌ലിയാര്‍ നൂല്‍മാലക്ക് വിരാമമിടുന്നത്.



അവലംബം:

നൂല്‍മാല: പെഴിയും പൊരുളും

മാപ്പിള സാഹിത്യ പാരമ്പര്യം

കേരളത്തിലെ മാലപ്പാട്ടുകള്‍, ഉറവ മാസിക (മഅ്ദിന്‍ കുല്ലിയ്യ ശരീഅ പ്രസിദ്ധീകരണം).

നൂല്‍ മദ്ഹ്: കവിതയും കാലവും (ഡോ. സക്കീര്‍ ഹുസൈന്‍).



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....