Wednesday, May 29, 2024

സുന്നി സമ്മേളനം മുടങ്ങി* മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 112

 https://www.facebook.com/share/p/P6VsaBBQQPgpn21W/?mibextid=oFDknk

*എം എൽ എ ഇടപെട്ടു;*

*സുന്നി സമ്മേളനം മുടങ്ങി*


മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 112

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖


അരീക്കോട്, ഒതായി, എടവണ്ണ പത്തപ്പിരിയം പോലുള്ള മലയോര പ്രദേശങ്ങളിൽ മൗലവിമാർ ദിവസങ്ങളോളം താമസിച്ചും അവിടങ്ങളിൽ വീട് വെച്ച് സ്ഥിരം താമസക്കാരായും വഹാബിസം പ്രചരിപ്പിച്ചിരുന്ന കാലം. 

എ അലവി മൗലവിയും രണ്ടത്താണി സൈതു മൗലവിയും എ പി അബ്ദുൽ ഖാദിർ മൗലവിയും അവിടങ്ങളിൽ സ്ഥിരം താമസമാക്കി വഹാബിസം പ്രചരിപ്പിച്ച വരായിരുന്നു. 

ഒതായിലെ പല വീടുകളിലും മാസങ്ങളോളം താമസിച്ചുകൊണ്ട് വഹാബിസം പ്രചരിപ്പിച്ച മൗലവിയാണ് വെട്ടം അബ്ദുള്ള ഹാജി എന്ന കൂട്ടായി ഹാജി. ഇയാൾ ഒരു മാസത്തോളം അവിടെ താമസിച്ചാലും ജംഉം ഖസ്റുമായിട്ടായിരുന്നത്രെ നിസ്കരിക്കാറുള്ളത്. 


"ഒരുമാസം ഇവിടെ താമസിച്ചാലും ജംഉം ഖസ്റുമായിട്ടാണ് നിസ്കരിക്കാറുണ്ടായിരുന്നത് " 

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേജ് 49)


തത്ഫലമായി അവിടങ്ങളിൽ പലരും വഹാബിസത്തിൽ അമർന്നു പോയിരുന്നു. 


പറവണ്ണ ഉസ്താദ്, ഇ കെ ഉസ്താദ്, പതി ഉസ്താദ് തുടങ്ങിയ പ്രഗൽഭരായ സുന്നി പണ്ഡിതർ എടവണ്ണ അരീക്കോട്, തൃപ്പനച്ചി പ്രദേശങ്ങളിൽ ഓടിനടന്ന് സുന്നി പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കുമ്പോൾ അക്രമത്തിലൂടെ ഒതുക്കാനും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്  തടയിടാനും അവർ ശ്രമിക്കുകയും അതേറെ കുറെ വിജയിക്കുകയും ചെയ്തു. സമുദായ പാർട്ടി എംഎൽഎയുടെ പിന്തുണ എല്ലാ നിലക്കും അവർക്കുണ്ടായിരുന്നു. ഒതായി എന്ന പ്രദേശത്തേക്ക് സുന്നികൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത വിധം പ്രതിരോധം തീർത്ത് അവർ സത്യത്തെ തടഞ്ഞുവെച്ചിരുന്നു. ആ ഗ്രാമം പൂർണ്ണമായും ബിദ്അത്തിലമർന്നു. 


1986 ൽ ഒതായിയിൽ സുന്നി സമ്മേളനം പ്രഖ്യാപിച്ചപ്പോൾ അതിനെ തടയിട്ടതും  എംഎൽഎയുടെ സഹായത്തോടെയായിരുന്നു. 1986 മാർച്ച് 28ന് തീരുമാനിച്ച സമ്മേളനം പോലീസുകാരുടെ സഹായത്തോടെ മൗലവിമാർ തടഞ്ഞു. ഏപ്രിൽ 18ന് വീണ്ടും സമ്മേളനം നിശ്ചയിച്ചു. പരസ്യം ചെയ്തു. സുന്നികൾ കൂട്ടത്തോടെ ഒതായിയിലേക്ക്. മൗലവിമാർക്ക് വെപ്രാളമായി. അവർ എടവണ്ണ യതീംഖാനയിൽ മീറ്റിംഗ് ചേർന്നു. എം എൽ എ യെ കണ്ടു. കാര്യങ്ങൾ ധരിപ്പിച്ചു. എം എൽ എ, എസ് പി യോടും കലക്ടറോടും ഗൗരവത്തിൽ സംസാരിക്കുന്നു. 

"ഒരു നൂറു ആംബുലൻസ് ഒതായിയിലേക്ക് ഏർപ്പാട് ചെയ്യണം,ഞങ്ങൾ ഒന്നായി മരിക്കുകയാണ്. മരിക്കാൻ ആരുടെയും സഹായം ആവശ്യമില്ലല്ലോ...എന്നാണ് അവസാനം എംഎൽഎ പറഞ്ഞത് "

(ഒതായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും പേ: 52)


(ആദർശപരമായി തീർത്തും സുന്നികളോട് നേരിടാൻ മൗലവിമാർക്ക് ഭയമായിരുന്നു. അരീക്കോടും എടവണ്ണയും സുന്നികളുടെ പ്രസംഗങ്ങൾ മാറ്റം വരുത്തിയത് അവർക്ക് നന്നായി അറിയാമായിരുന്നു. ഇനി ഏകമാർഗ്ഗം രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി സുന്നി പ്രഭാഷണങ്ങൾ തടയുക എന്നത് മാത്രമായിരുന്നു.)


പിന്നീടുണ്ടായ സംഭവങ്ങൾ ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത പി.വി ഉമ്മർ കുട്ടി ഹാജിഎന്ന വഹാബി നേതാവ് തന്നെ വിശദീകരിക്കുന്നു:


"അല്പം കഴിഞ്ഞു, എസ്‌.പി  എം എൽ എ യെ വിളിച്ചു. മൈക്ക് അനൗൺസ്മെന്റ് ഉടനെ നിർത്തും. ഒതായിലേക്ക് ആരെയും കടത്തിവിടുകയില്ല എല്ലാം ഞങ്ങൾ സമാധാനപരമായി നേരിടും. 

എം എൽ എ അപ്പോൾ തന്നെ എന്നെ വിളിച്ചു. പേടിക്കണ്ട എല്ലാം ശരിയായിരിക്കുന്നു പോലീസ് തടയും. നമ്മൾ തടയേണ്ടതില്ല. അൽഹംദുലില്ലാഹ്, ഞാൻ സർവ്വശക്തനെ സ്തുതിച്ചു. എംഎൽഎ എന്നോട് പറഞ്ഞു: നിങ്ങളുടെ റിബലുകൾ ഒരു നാലഞ്ചു പേർ ഇവിടെ വന്നിരുന്നു. ഒതായിയിൽ സുന്നി വഅള് നടന്നോട്ടെ. അതിനെ എതിർക്കരുത്. അവരും നമ്മുടെ ആൾക്കാരല്ലേ എന്ന് പറഞ്ഞു. വയസ്സനും കൂട്ടത്തിലുണ്ടായിരുന്നു. ഞാനവരെ ആട്ടി പുറത്താക്കി പറഞ്ഞയച്ചിരിക്കുകയാണ്.."

(ഒരായിയും ഇസ്‌ലാഹി 

പ്രസ്ഥാനവും ഉമ്മർകുട്ടി 

ഹാജിയുടെ ഓർമ്മകളിൾ

പേ :53)


ലീഗ് നേതൃത്വം ഇടപെട്ട് സുന്നി പരിപാടി ക്യാൻസൽ ചെയ്തെങ്കിലും അവർക്കിടയിൽ തന്നെ ചില അഭിപ്രായവ്യത്യാസങ്ങൾ തലപൊക്കി. സുന്നികളുടെ പരിപാടി തടഞ്ഞത് ശരിയായില്ല. ചർച്ചകൾക്കൊടുവിൽ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സുന്നി സമ്മേളനം നടത്താൻ അവർ അനുവദിച്ചു. 

അക്കാര്യം പി വി ഉമർ കുട്ടി ഹാജി വിശദീകരിക്കുന്നു:

"ഒരു നിബന്ധന മാത്രം ഞാൻ പറഞ്ഞു. ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി, ഇസ്ഹാഖ് കുരുക്കൾ മുതലായ നേതാക്കളും സ്റ്റേജിൽ ഉണ്ടായിരിക്കണം. അതുപ്രകാരം മുസ്‌ലിം ലീഗ് നേതാക്കളും എം എൽ എമാരും കെ കെ അബൂബക്കർ മുസ്‌ലിയാരും വന്നു. ഒതായിൽ ഒരു ഗംഭീര യോഗം നടത്തി സമാധാനത്തോടെ പിരിഞ്ഞു. അത് ശരിക്കും ഒരു മുസ്‌ലിം ലീഗ് യോഗമായിരുന്നു."

(ഒതായിയും 

ഇസ്‌ലാഹി പ്രസ്ഥാനവും )


മുജാഹിദ് പ്രസ്ഥാനത്തെ ആദർശപരമായി നേരിടുന്ന ഒരു സുന്നി സമ്മേളനം അനുവദിക്കില്ലെന്നും മുജാഹിദ് പ്രസ്ഥാനത്തെ ആദർശപരമായി വിമർശിക്കാത്ത സമ്മേളനം മാത്രമേ സുന്നികൾ നടത്താവൂ എന്നും അതിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകണമെന്നുമുള്ള ഈ സമ്മേളന സന്ദേശം സുന്നികളെ രണ്ട് ചേരികളാക്കി മാറ്റുകയാണുണ്ടായത്.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...