Showing posts with label സമസ്തയുടെ പ്രമേയങ്ങള്‍. Show all posts
Showing posts with label സമസ്തയുടെ പ്രമേയങ്ങള്‍. Show all posts

Sunday, April 15, 2018

സമസ്തയുടെ പ്രമേയങ്ങള്‍

🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0📖

സമസ്തയുടെ പ്രമേയങ്ങള്‍● 0 COMMENTS

മുസ്‌ലിം കേരളത്തിന്റെ ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു മാതൃകാ പ്രസ്ഥാനമെന്ന നിലയില്‍ അനിവാര്യമായ ചില പ്രമേയങ്ങള്‍ പാസാക്കുകയും തീരുമാനം കൈക്കൊണ്ട് ബഹുജനങ്ങളെ ഉല്‍ബുദ്ധരാക്കുകയും ചെയ്തിട്ടുണ്ട്. തര്‍ക്കുല്‍ മുവാലാത്ത് മുതല്‍ രാഷ്ട്രീയ തീരുമാനം വരെ അവയില്‍ പെടുന്നു. സ്വഹാബത്തിന്റെ കാലത്ത് ഇസ്‌ലാം പ്രചരിച്ച കേരളക്കരയില്‍ ഇസ്‌ലാമിന്റെ വിശ്വാസ ആചാരങ്ങള്‍ക്കെതിരെ പടവാളെടുത്ത മുജാഹിദുകളെ പിടിച്ചുകെട്ടാനാണല്ലോ സമസ്ത രൂപീകൃതമായത്. അതിനാല്‍ തന്നെ ബിദ്അത്തിനെ പ്രതിരോധിക്കുന്ന പ്രമേയങ്ങളും തീരുമാനങ്ങളും സമസ്തയുടെ ചരിത്രത്തിലെമ്പാടും കാണാം.

തര്‍ക്കുല്‍ മുവാലാത്ത്

1926 ജൂണ്‍ 26-ന് രൂപീകരിക്കുകയും 1934-ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത നിയമാവലി ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ബോധം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുക.’

പ്രസ്തുത നയത്തിന്റെ അടിസ്ഥാനത്തില്‍ 1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന ആറാം സമ്മേളനത്തില്‍ അവതരിപ്പിച്ച 15 പ്രമേയങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തര്‍ക്കുല്‍ മുവാലാതായിരുന്നു. അതിങ്ങനെ:

പ്രമേയം 8:കേരളത്തിലെ മുസ്‌ലിംകളില്‍ അനേക കൊല്ലമായി നിരാക്ഷേപമായി നടന്നുവന്നതും ഇപ്പോഴും നടത്തിവരുന്നതുമായ താഴെ വിവരിക്കുന്ന കാര്യങ്ങള്‍ അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന്റെ ഉലമാക്കളില്‍ സ്ഥിരപ്പെട്ടതാണെന്നും ഇവ മതവിരുദ്ധങ്ങളാണെന്നോ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികള്‍ അല്ലെന്നും അവര്‍ ഖതീബ് സ്ഥാനത്തിനും ഖാസി സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.

അവതാരകന്‍: ശിഹാബുദ്ദീന്‍ അഹ്മദ് കോയ മൗലവി (ശാലിയാത്തി)

അനുവാദകന്‍: പി കമ്മു മൗലവി പരപ്പനങ്ങാടി.

തവസ്സുല്‍, ഇസ്തിഗാസ, മന്ത്രം, ഖുര്‍ആന്‍ ഓതി ഹദ്യ ചെയ്യല്‍, തല്‍ഖീന്‍ ചൊല്ലിക്കൊടുക്കല്‍, ഖബ്ര്‍ സിയാറത്തും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കലും, ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതി ചികിത്സിക്കലും ത്വരീഖത്ത് സ്വീകരിക്കലും റാത്തീബും, മാലമൗലിദുകള്‍ പാരായണം ചെയ്യല്‍ മുതലായവയാണ് പ്രമേയത്തില്‍ പറയപ്പെട്ട കാര്യങ്ങള്‍.

1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് ചേര്‍ന്ന യോഗത്തിലാണ് സമസ്ത തര്‍ക്കുല്‍ മുവാലാത്ത് പ്രമേയം ആദ്യമായി അവതരിപ്പിച്ചത്. വെള്ളേങ്ങര മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാസാക്കിയ എട്ടു പ്രമേയങ്ങളില്‍ നാലാമത്തേതാണ് ബന്ധവിഛേദ പ്രമേയം:

“ചേറൂര്‍ കൈക്കാര്‍ (ത്വരീഖത്ത്), കൊണ്ടോട്ടി കൈക്കാര്‍, ഖാദിയാനികള്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസ നടപടികള്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ സുന്ദര വിശ്വാസ നടപടികളോട് കേവലം മാറാക കൊണ്ട് അവരുടെ വിശ്വാസ നടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്ക് കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.’

പ്രസ്തുത പ്രമേയം അതേപടി 1933-ല്‍ ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആവര്‍ത്തിച്ച് അവതരിപ്പിക്കുകയും 1947-ല്‍ മീഞ്ചന്തയില്‍ അതേ പ്രമേയം വീണ്ടും പാസ്സാക്കുകയും ചെയ്തു. 1953 മാര്‍ച്ച് 20-ന് കാര്യവട്ടത്ത് ചേര്‍ന്ന സമ്മേളന തീരുമാന പ്രകാരം മാര്‍ച്ച് 27-ന് പെരിന്തല്‍മണ്ണയില്‍ സമസ്തയുടെ പ്രഗത്ഭരായ എട്ടു പണ്ഡിതന്മാര്‍ ഒത്തുകൂടുകയും താഴെ പറയുന്ന തീരുമാനം കൈക്കൊണ്ട് പരസ്യപ്പെടുത്തുകയും ചെയ്തു.

വഴിപിഴച്ച വഹാബി, മൗദൂദികളോട് പെരുമാറേണ്ട ചുരുക്കം സംഗതികളെ കുറിച്ചായിരുന്നു പണ്ഡിതരോടുള്ള ചോദ്യം:

“സുആലില്‍ വിവരിച്ച ഇരുകക്ഷികളും ദീനിന്റെ അഇമ്മത്തുകളുടെ കിതാബുകളില്‍ സ്ഥിരപ്പെട്ട ഹുക്മുകളെ റദ്ദാക്കിയവരും അതിനെതിരായ പല വാദങ്ങളും ഉന്നയിച്ച് ജനങ്ങളെ വഴിപിഴപ്പിക്കുന്നവരും ആയതിനാല്‍ അവര്‍ സംശയം തീര്‍ത്ത മുബ്തദിഉകളും മുഫ്സിദുകളും ആയതുകൊണ്ട് അവരുമായി മുബ്തദിഉകളുമായി പെരുമാറുന്ന നിലയില്‍ പെരുമാറല്‍ നിര്‍ബന്ധമാണെന്നതില്‍ സംശയമില്ല.

മുബ്തദിഉകളുമായി പെരുമാറേണ്ട ചുരുക്കം ചില സംഗതികള്‍.

1. അവരുമായി കൂടി പെരുമാറാതിരിക്കുക.

2. അവരുമായി കണ്ടുമുട്ടിയാല്‍ അവര്‍ക്ക് സലാം ചൊല്ലാതിരിക്കുക.

3. അവര്‍ സലാം ചൊല്ലിയാല്‍ മടക്കാതിരിക്കുക.

4. അവരുമായി വിവാഹബന്ധം നടത്താതിരിക്കുക.

5. അവരെ തുടര്‍ന്ന് നിസ്കരിക്കാതിരിക്കുക.‘

ശിഹാബുദ്ദീന്‍ അഹമ്മദ്കോയ ശാലിയാത്തി, ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെകെ സ്വദഖതുല്ലാഹ് മുസ്‌ലിയാര്‍, താഴേക്കാട് കുഞ്ഞലവി മുസ്‌ലിയാര്‍, കരുവള്ളി കെ ഹൈദര്‍ മുസ്‌ലിയാര്‍, പട്ടിക്കാട് അമാനത്ത് ഹസന്‍ മുസ്‌ലിയാര്‍, കരുവാരക്കുണ്ട് മൊയ്തീന്‍ ഹാജി മുസ്‌ലിയാര്‍ എന്നീ പണ്ഡിതന്മാരാണ് മറുപടി കൊടുത്തത്. 1983ല്‍ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വെച്ച് മേല്‍ തീരുമാനം ആവര്‍ത്തിച്ച് പാസാക്കുകയുമുണ്ടായി.

1985 നവംബര്‍ വരെ മേല്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സമസ്ത നേതാക്കള്‍ക്കിടയിലോ പ്രവര്‍ത്തകര്‍ക്കിടയിലോ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള നാലാം ക്ലാസ് അഖ്ലാഖില്‍ മുബ്തദിഉകളായ വഹാബിമൗദൂദികള്‍ക്ക് സലാം പറയരുത്, ഇത് ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ് എന്നു പഠിപ്പിച്ചുവന്നു. സുന്നത്ത് ജമാഅത്തില്‍ നിന്നു മാറിനില്‍ക്കാന്‍ ശ്രമിച്ചവരെ അതാത് സമയത്ത് സമസ്ത ബോധവല്‍കരിച്ചിട്ടുണ്ട്.

1979ല്‍ മുബ്തദിഉകള്‍ നേതൃത്വം നല്‍കുന്ന ഐക്യവേദിയിലേക്ക് ക്ഷണക്കത്ത് വന്നപ്പോള്‍ സമസ്ത നല്‍കിയ മറുപടി പ്രസ്താവ്യമാണ്. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ സുന്നീവിരുദ്ധ ആശയം എഴുതിയതിന്റെ പേരില്‍ സുന്നി വേഷം കെട്ടി പ്രസംഗവേദികളില്‍ വിലസിയ ഒരു പ്രഭാഷകനെ സമസ്ത പുറത്താക്കുകയുണ്ടായി. സമസ്തയില്‍ നിന്നു മാറി സഞ്ചരിച്ചവര്‍ പ്രസിദ്ധീകരിച്ച അവരുടെ ചരിത്രത്തിലും അത് സ്ഥാനം പിടിച്ചത് യാദൃച്ഛികമാവാം.

7-12-1982 ന് ചേര്‍ന്ന മുശാവറ തീരുമാനം 5: ചന്ദ്രിക വാരാന്തപ്പതിപ്പില്‍ സംഘടനാ വിരുദ്ധമായ ലേഖനമെഴുതിയതിനാല്‍ സെയ്ത് മുഹമ്മദ് നിസാമിയെ സമസ്തയുടെ എല്ലാ കീഴ്ഘടകങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു (സത്യസരണിയുടെ ചരിത്രസാക്ഷ്യം, പേ 438, വര്‍ഷം 2012).

ഈ പ്രഭാഷകന്റെ ആദര്‍ശമറിയാതെ അദ്ദേഹത്തെ താങ്ങിനിര്‍ത്തുന്നവര്‍ ഇപ്പോഴുമുണ്ട്, സമസ്തയുടെ തന്നെ പേരില്‍. ഇപ്പോള്‍ ഏതു പ്രസ്ഥാനവുമായി ഒട്ടിനില്‍ക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. മൗദൂദി പത്രത്തിന് അദ്ദേഹം ഈയിടെ കൊടുത്ത അഭിമുഖത്തില്‍ നിന്ന്:

ചെറിയ ചില അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ശിയാക്കള്‍ രൂപപ്പെട്ടത്. ശിയാക്കള്‍ ആരാണെന്ന് മനസ്സിലാക്കാത്തതു കൊണ്ടാണ് അവരെ പുറത്തുനിര്‍ത്തുന്നത്.

ഭിന്നാഭിപ്രായങ്ങളുള്ള വിഷയങ്ങളും ആളുകളെ തമ്മിലടിപ്പിക്കുന്ന കാര്യങ്ങളും പ്രസംഗിക്കാറില്ല. അതുകൊണ്ട് എല്ലാ വിഭാഗക്കാരും പ്രസംഗം കേള്‍ക്കാന്‍ വരും. ഞാന്‍ ഒരു സംഘടനയിലും അംഗത്വമെടുത്തിട്ടില്ല. അങ്ങനെ സംഘടനക്കകത്ത് നില്‍ക്കണമെന്നു മാനസികമായി എനിക്ക് തോന്നിയിട്ടില്ല. വെള്ളിയാഴ്ച ജുമുഅയുടെ അവസരം ജനങ്ങളെ ബോധവല്‍ക്കരിക്കണം. 1980ല്‍ കോഴിക്കോട് ആദ്യമായി ജുമുഅയുടെ മുമ്പ് പ്രസംഗം തുടങ്ങിയത് ഞാനാണ്. സമസ്ത പണ്ഡിതര്‍ അതംഗീകരിച്ചു. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപ്തിലെ പണ്ഡിതന്മാര്‍ നടത്തിയ നുബാതിയ ഖുതുബ ഡിക്ഷ്ണറി വെച്ചു വായിച്ചാലേ മനസ്സിലാവൂ. ഞാന്‍ രണ്ടോ മൂന്നോ മിനിറ്റേ അറബി ഖുതുബ നടത്താറുള്ളൂ. മഹല്ല് കേന്ദ്രീകരിച്ച് സകാത്ത് ശേഖരിച്ചു വിതരണം ചെയ്യണം. ജോലിഭാരം കൊണ്ടാണ് മഹല്ല് ഖാളിമാര്‍ അത് ചെയ്യാത്തത്.

പ്രബോധനം വാരിക നല്ല പ്രസിദ്ധീകരണമാണ്. ഞാന്‍ വിദ്യാര്‍ത്ഥി ജീവിത കാലത്ത് തന്നെ പ്രബോധനം വായിച്ച് തുടങ്ങിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അമീറാണ് എനിക്ക് ആദ്യം തന്നത്. ചെറിയ ചെറിയ വിഷയത്തിന്റെ പേരിലാണ് മതസംഘടനകള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത് (സെയ്ത് മുഹമ്മദ് നിസാമി, പ്രബോധനം വാരിക, 2013 ഡിസംബര്‍ 6).

തബ്ലീഗ് ജമാഅത്തിനെതിരെയുള്ള തീരുമാനം തര്‍ക്കുല്‍ മുവാലാത്തിന്റെ ഭാഗമാണ്. എലത്തൂര്‍ എന്‍ അഹമ്മദാജി എഴുതിയ ഒരു ലേഖനമാണ് കേരള മുസ്‌ലിംകള്‍ക്ക് തബ്ലീഗ് ജമാഅത്തിനെ കുറിച്ച് കൂടുതല്‍ അറിവു നല്‍കിയത്. 1965 ആഗസ്ത് 29ന് ചേര്‍ന്ന മുശാവറയില്‍ തബ്ലീഗ് ജമാഅത്ത് ചര്‍ച്ചാവിഷയമായി. അതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, അയനിക്കാട് ഇബ്റാഹിം മുസ്‌ലിയാര്‍, കൊല്ലോളി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തി. സമസ്ത തീരുമാനം കൈക്കൊള്ളുന്നതുവരെ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കരുതെന്ന് ആഹ്വാനം ചെയ്തു. 1965 16ന് ചേര്‍ന്ന മുശാവറ മേല്‍കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ വഹാബി മൗദൂദികളെപ്പോലെ മുബ്തദിഉകളാണെന്ന് തീരുമാനിച്ചു. പ്രസ്തുത തീരുമാനം പാസാക്കിയ മിനുട്സില്‍ അധ്യക്ഷനായി ഒപ്പുവെച്ചത് അന്നു സമസ്ത പ്രസിഡന്‍റായിരുന്ന കെകെ സ്വദഖത്തുല്ല മുസ്‌ലിയാരാണ്.

തബ്ലീഗ് ജമാഅത്തിന്റെ കൃതികള്‍ അധികവും ഉറുദുവിലാണെന്നും പ്രസ്തുത സമിതിയില്‍ ഉര്‍ദു അറിയുന്നവര്‍ ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ശുദ്ധ നുണയാണിത്. ഉറുദു അറിയാം എന്നു മാത്രമല്ല, മുസ്‌ലിംകള്‍ ഉര്‍ദു സംസാരിക്കുന്ന മദ്രാസിലാണ് പ്രസ്തുത സംഘത്തിലെ മുഖ്യ അംഗമായ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്കൂള്‍ ജീവിതം പോലും നയിച്ചത്. ഇതുപോലെ ഉറുദു ഭാഷാ പ്രാവീണ്യമുള്ളവരായിരുന്നു അംഗങ്ങളെന്ന് ചുരുക്കം.

രാഷ്ട്രീയ നയം

സമസ്തക്ക് രാഷ്ട്രീയമില്ല. സമസ്ത അംഗങ്ങളില്‍ പലരും പലപ്പോഴായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളെ സ്വാധീനിച്ച് ബിദഇകള്‍ സുന്നി സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനും പത്ര മാസികകളിലൂടെ സുന്നിവിരുദ്ധ ആശയം പ്രചരിപ്പിക്കാനും ആരംഭിച്ചപ്പോഴാണ് സുന്നികളിലെ രാഷ്ട്രീയ അവബോധം ഉണര്‍ന്നുവന്നത്. 1979ല്‍ പുളിക്കല്‍ ചേര്‍ന്ന മുജാഹിദ് സമ്മേളനത്തില്‍ വെച്ചുള്ള ഒരു മുസ്‌ലിംലീഗ് എംഎല്‍എയുടെ പ്രസംഗവും കോഴിക്കോട് ജില്ലയിലെ പൂനൂര്‍ ടൗണ്‍ പള്ളി, ശാദുലി പള്ളി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുമായിരുന്നു അന്ന് രാഷ്ട്രീയ ചര്‍ച്ച നടന്നത്.

1979 ജൂലായ് 28ന് ചേര്‍ന്ന മുശാവറയില്‍ സുന്നത്ത് ജമാഅത്തിനും സ്ഥാപനങ്ങള്‍ക്കും നേരെവരുന്ന രാഷ്ട്രീയക്കാരുടെ എതിര്‍പ്പിനെ നേരിടാന്‍ തീരുമാനിച്ചു. 16.6.79ന് ചേര്‍ന്ന മുശാവറ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത തീരുമാനം. 1979 ഒക്ടോബര്‍ 7ന് ചേര്‍ന്ന മുശാവറയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കണ്ട് സുന്നികളല്ലാത്തവരെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തരുതെന്ന് സംസാരിക്കാന്‍ സബ്കമ്മിറ്റിയെ അധികാരപ്പെടുത്തി. കെവി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, ഇകെ ഹസന്‍ മുസ്‌ലിയാര്‍, മുഹമ്മദ് ഇമ്പിച്ചി മുസ്‌ലിയാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍. മേല്‍ തീരുമാനം പത്രങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകൃതമായപ്പോള്‍ പലരിലും മുറുമുറുപ്പ് അനുഭവപ്പെട്ടു. ശംസുല്‍ ഉലമ ഇകെ അവര്‍കള്‍ ഉപദേശക സമിതി ചെയര്‍മാനായും നാട്ടിക വി മൂസ മൗലവി പ്രസിഡന്‍റുമായി പാലക്കാട് നിന്നു എംഡിപി എന്ന ഒരു രാഷ്ട്രീയ സംഘടന രൂപമെടുത്തതും ഇതിനോട് ചേര്‍ത്തുവായിക്കാം.

സമസ്തയെ അകാരണമായി ആക്രമിക്കാന്‍ ഇതൊരു ഹേതുവായി. ശംസുല്‍ ഉലമയെയും കാന്തപുരത്തെയും പലരും തെറിപറഞ്ഞു. ഇകെ ഉസ്താദിന്റെ ആഹ്വാനപ്രകാരം പാറന്നൂര്‍ പിപി മുഹ്യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും ടിസി മുഹമ്മദ് മുസ്‌ലിയാരും കൊണ്ടോട്ടി, മേപ്പയൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ സമസ്തയുടെ തീരുമാനം അറിയിക്കാന്‍ പ്രചാരണം നടത്തി. തൊട്ടുടനെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ചില വഹാബി പ്രമുഖര്‍ തോറ്റമ്പിയത് ശ്രദ്ധേയമായി.

29.11.79ല്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി തങ്ങളുടെ അധ്യക്ഷതയില്‍ താഴെ തീരുമാനം കൈക്കൊണ്ടു:

“ഒന്ന്: ചില സ്ഥലങ്ങളില്‍ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്നു അറിവ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ താഴെ കാണുന്ന പ്രസ്താവന പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു:

സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചിതരാകരുത്’ (സമസ്ത 60-ാം വാര്‍ഷിക സ്മരണിക, പേ 65).

ഖുതുബ പരിഭാഷക്കെതിരെ

1947 മാര്‍ച്ച് 15,16,17 തിയ്യതികളില്‍ കോഴിക്കോട് മീഞ്ചന്തയില്‍ ചേര്‍ന്ന സമസ്ത സമ്മേളനത്തിലാണ് ഖുതുബ പരിഭാഷക്കെതിരെ പ്രമേയം പാസാക്കിയത്. ഹിജ്റ അഞ്ചാം വര്‍ഷം ഇസ്‌ലാം കടന്നുവരികയും പണ്ടുകാലങ്ങളില്‍ പരിഭാഷ ഇല്ലാതിരുന്നതുമായ കേരളത്തില്‍ ഇത്തരമൊരു പ്രമേയത്തിന്റെ ആവശ്യമെന്ത് എന്ന ചോദ്യം ചിലര്‍ ഉന്നയിക്കാറുണ്ട്. നേരത്തെ പരിഭാഷയായിരുന്നു ഉണ്ടായിരുന്നതെന്നും സമസ്തയുടെ പ്രമേയത്തോടെയാണ് അത് തകിടം മറിഞ്ഞത് എന്ന് ബിദഇകള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുമുണ്ട്. ഇതിന്റെ വസ്തുത ഇതാണ്: 1915ല്‍ തിരൂര്‍ ദീനുല്‍ ഇസ്‌ലാം സഭ മാനേജര്‍ വൈലത്തൂര്‍ മൂലയില്‍ മുഹ്യിദ്ദീന്‍ മൗലവി എന്ന വ്യക്തി നുബാതിയ ഖുതുബക്ക് “യാഖൂതുല്‍ അതിയ്യ’ എന്ന പേരില്‍ അറബി മലയാളത്തില്‍ ഒരു പരിഭാഷ എഴുതി പ്രസിദ്ധീകരിച്ചു. പ്രസ്തുത പുസ്തകത്തിന് വേണ്ടത്ര പ്രചാരം കിട്ടാതെ വന്നപ്പോള്‍ അക്കാലത്തെ നാല്‍പത് പണ്ഡിതരുടെ പിന്തുണ ഇതിനുണ്ടെന്നു വരുത്താന്‍ അവരുടെതായ ഒരു പ്രസ്താവന ഇതിന്റെ കൂടെ പ്രിന്‍റ് ചെയ്തുവെച്ചു (അവരില്‍ പലരും വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപ്പെട്ടവരായിരുന്നു). ബാക്കിയുള്ളവര്‍ വായിച്ച് മനസ്സിലാക്കാന്‍ സമ്മതം മൂളിയവരുമാണ്. അല്ലാതെ മിമ്പറില്‍ അവതരിപ്പിക്കാനല്ല. അതിനു പുറമെ അക്കാലത്ത് ജീവിച്ചിരുന്ന പണ്ഡിതര്‍ പ്രസ്തുത പരിഭാഷ, ഗ്രന്ഥത്തിനെതിരെ പ്രസ്താവന പുറപ്പെടുവിക്കുകയുമുണ്ടായി. “മുസ്‌ലിംകള്‍ തെറ്റിദ്ധരിക്കരുത്’ എന്ന തലവാചകത്തില്‍ പുന്നയൂര്‍കുളം വെളിയകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഇതിനെതിരെ നോട്ടീസ് അടിച്ച് വിതരണം ചെയ്തു.

1936ല്‍ പരിഭാഷ ചെയ്യണമെന്ന പ്രമേയം വഹാബികള്‍ പാസാക്കി. “ഇന്നുവരെ നടന്നുവരുന്ന ജുമുഅ ഖുതുബ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള അറബി ഭാഷയിലായതിനാല്‍ പള്ളിയുടെ ഖതീബുമാരോടും മുതവല്ലിമാരോടും ഖുതുബ ജനങ്ങള്‍ക്ക് മനസ്സിലാകത്തക്ക നിലയില്‍ പരിഭാഷപ്പെടുത്താന്‍ ഈ യോഗം ആവശ്യപ്പെടുന്നു’ (അല്‍മുര്‍ശിദ് മാസിക പു 2, ല 3, 1936 ഏപ്രില്‍). കെഎം മൗലവി അവതരിപ്പിക്കുകയും പികെ മൂസ മൗലവി പിന്തുണക്കുകയും ചെയ്ത പ്രമേയമാണിത്. നേരത്തേ കേരളത്തില്‍ പരിഭാഷയോ പ്രാദേശിക ഭാഷയിലെ ഖുതുബയോ ഉണ്ടായിരുന്നുവെങ്കില്‍ മൗലവിമാര്‍ ഖതീബുമാരോടും മുതവല്ലിമാരോടും ഇത്തരമൊരു ആഹ്വാനം നടത്തേണ്ട ആവശ്യമില്ലല്ലോ. കേരളത്തില്‍ പണ്ടുമുതല്‍ ജുമുഅ ഖുതുബ അറബിയിലായിരുന്നുവെന്നതിനുള്ള തെളിവാണ് യഥാര്‍ത്ഥത്തില്‍ മുജാഹിദുകളുടെ പ്രസ്തുത പ്രമേയം.

മൂലയില്‍ മുഹ്യിദ്ദീന്‍ മൗലവിയുടെ പുസ്തകം കണ്ടും വഹാബികളുടെ പ്രമേയം അറിഞ്ഞും തെറ്റിദ്ധാരണമൂലം ചിലയിടങ്ങളില്‍ വേണ്ടത്ര ചിന്തയില്ലാതെ ചിലര്‍ ഖുതുബ തര്‍ജമ ചെയ്തു. ഇതിനെതിരെ 1947ല്‍ സമസ്ത മീഞ്ചന്തയില്‍ വെച്ച് തീരുമാനമെടുത്ത പ്രമേയം മുഖേന ജനങ്ങളെ ഉല്‍ബുദ്ധരാക്കി. ജുമുഅ ഖുതുബ പരിഭാഷ ചെയ്യല്‍ “ഹറാമാന്‍ സാധ്യതയുള്ള വെറുക്കപ്പെട്ട പുതിയ കാര്യം’ എന്നായിരുന്നു പ്രമേയം. സമസ്തയുടെ ഉപദേശകനായിരുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ അവതാരകനും പുറത്തിയില്‍ റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍ അനുവാദകനുമായിരുന്നു. യഥാര്‍ത്ഥത്തില്‍ വഹാബികളുടെ പ്രമേയത്തെ റദ്ദ് ചെയ്യാനാണ് സമസ്ത പ്രമേയം പാസാക്കിയത്. സമസ്ത പ്രമേയം കേരള മുസ്‌ലിംകള്‍ അംഗീകരിച്ചു.

പിന്നീട് പ്രസ്തുത പ്രമേയത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് സമസ്തയിലേക്ക് നിരവധി കത്തുകള്‍ വന്നു. അതിന് കെകെ സ്വദഖത്തുല്ലാഹ് മുസ്‌ലിയാര്‍ അല്‍ബയാനിലൂടെ വിശദീകരണം നല്‍കി. ഇതിന് മറുപടി എന്നോണം കൊടിയത്തൂര്‍ ഖാളി അബ്ദുല്‍ അസീസ് മൗലവി “ജുമുഅ ഖുതുബയും അല്‍ബയാനിലെ ഫത്വയും’ എന്ന പേരില്‍ ഒരു പുസ്തകമെഴുതി. ഇതിനെതിരെ സമസ്ത ചുമതലപ്പെടുത്തിയതു പ്രകാരം ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ചതാണ് ഖുതുബാതുല്‍ ജുമുഅ. ശംസുല്‍ ഉലമ സ്മരണികയുടെ അവസാന ഭാഗത്ത് ഇത് കാണാം. സമസ്തക്കെതിരെ കാടിളക്കി രംഗത്തുവന്ന മൗലവിക്കെതിരെ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരും ഉമറാക്കളും ഒന്നിച്ചു. മുക്കം തണ്ണീര്‍പൊയില്‍ മഹല്ലിലെ ഖാളി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. അക്കാലത്തെ പ്രധാന പ്രചാരണ മാധ്യമമായ നോട്ടീസ് മുഖേന ഇക്കാര്യം ജനങ്ങളെ ഉല്‍ബുദ്ധരാക്കി.

മൂലയില്‍ മൗലവിയുടെ പുസ്തകവും പ്രമേയവും ചീറ്റിപ്പോയപ്പോള്‍ മുജാഹിദുകള്‍ മറ്റൊരു അടവുമായി വന്നു. സഊദി അറ്യേ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റാബിത്വ എന്ന സംഘടനയെക്കൊണ്ട് പ്രമേയം പാസാക്കിയെടുത്താല്‍ നടക്കുമെന്നാണവര്‍ കരുതിയത്. ഖുതുബയുടെ പ്രധാനഭാഗങ്ങള്‍ അറബിയിലാകണം, വിഷയം ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും. ഇതായിരുന്നു റാബിത്വ നല്‍കിയ ഫത്വയുടെ രത്നച്ചുരുക്കം.

റാബിതയുടെ മസ്ജിദ് കോണ്‍ഫറന്‍സ് പ്രമേയത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് സമസ്ത റാബിതക്ക് കത്തെഴുതി. രണ്ടാമത്തെ കത്ത് അവര്‍ കൈപ്പറ്റിയെങ്കിലും ഖുതുബ തിരിയാന്‍ എന്ന ന്യായമാണ് പറഞ്ഞത്. സമസ്ത ഇരുപതോളം ചോദ്യം അവര്‍ക്കയച്ചിരുന്നു. ജുമുഅ ഖുതുബ പ്രാദേശിക ഭാഷയിലായിരിക്കണമെന്നതിനു പ്രാമാണികമായ തെളിവുണ്ടോ? ഹിജ്റ ആയിരത്തിമുന്നൂറ് വരെയുള്ള സ്വീകാര്യനായ ഏതെങ്കിലും ഒരു പണ്ഡിതന്റെ പ്രവൃത്തികൊണ്ട് ഇത് തെളിയിക്കാമോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. പ്രസ്തുത വിഷയത്തില്‍ റാബിത്വയും ജുമുഅ ഖുതുബയും എന്ന പേരില്‍ ശൈഖുനാ കാന്തപുരം ഉസ്താദ് ഒരു പുസ്തകം രചിച്ചിട്ടുണ്ട്.

മുസ്‌ലിം സമൂഹത്തിന്റെ ദിശ നിര്‍ണയിച്ച നിരവധി തീരുമാനങ്ങളും ചര്‍ച്ചകളും ഈ പണ്ഡിതസഭ നടത്തുകയുണ്ടായി. അതങ്ങനെ നടപ്പിലാക്കാന്‍ സുന്നീ യുവജന സംഘം മുന്നില്‍ നിന്നു.

ആലിക്കുട്ടി സഖാഫി മടവൂര്‍

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...