Showing posts with label നബിദിനാഘോഷം ബിദ്അത്തല്ല. Show all posts
Showing posts with label നബിദിനാഘോഷം ബിദ്അത്തല്ല. Show all posts

Sunday, April 15, 2018

നബിദിനാഘോഷം ബിദ്അത്തല്ല


🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


ബിദ്അത്തല്ല, നബിസ്‌നേഹമാണ് മീലാദാഘോഷം● 0 COMMENTS

നബി(സ്വ)യുടെ മദ്ഹബ് പാടുക, പറയുക, ദാനധർമങ്ങൾ, അനുവദനീയമായ കലാമത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകൾ നബിദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. നബി(സ്വ)യെ പൊതുസമൂഹത്തിൽ കൂടുതൽ പരിചയപ്പെടുത്താനും അതുവഴി ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിക്കാനും ഇത് കാരണമാകുന്നു. മാത്രമല്ല, വിശ്വാസികൾക്ക് അവരുടെ വിശ്വാസം ദൃഢപ്പെടുത്താനും പുണ്യം നേടാനും ഇതുപകരിക്കും.

നബി(സ്വ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ മാസമാണല്ലോ റബീഉൽ അവ്വൽ. പ്രവാചക സ്‌നേഹികൾക്ക് ആവേശത്തോടെയല്ലാതെ ഈ മാസത്തെ വരവേൽക്കാൻ കഴിയില്ല. ഈമാൻ ഹൃദയത്തിലെത്താത്ത ചിലർ ഇങ്ങനെയുള്ള നല്ല കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു. അനാചാരമെന്ന് പറഞ്ഞ് വിശ്വാസികളെ പിറകോട്ടുവലിക്കാൻ ശ്രമിക്കുന്നു. നബിദിനാഘോഷം അനാചാരമാണെന്ന അവരുടെ പുത്തൻവാദത്തിനു പ്രമാണ പിന്തുണയില്ലാത്ത ചില ന്യായങ്ങൾ മാത്രമാണുള്ളത്.

നബിദിനാഘോഷത്തെക്കുറിച്ച് മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ വന്ന ചില പരാമർശങ്ങൾ ശ്രദ്ധിക്കുക:

പ്രവാചക മാതൃകയില്ലാത്ത ഇത്തരം പ്രവർത്തങ്ങൾ ബിദ്അത്തും അനാചാരവുമാണ് (അൽമനാർ, 2010 ഫെബ്രുവരി).

നബി(സ്വ) ചെയ്തതോ ചെയ്യാൻ കൽപ്പിച്ചതോ ആയ കാര്യം അല്ല എങ്കിൽ ബിദ്അത്താണ്. അത് തള്ളിക്കളയേണ്ടതാണ് (അൽമനാർ, 2011 ഫെബ്രുവരി).

പ്രവാചകന്റെ ജന്മദിനാഘോഷം തർക്കവിതർക്കങ്ങൾക്കു വിഷയമാവുന്നതും ഈ വാദബിന്ദുവിൽ നിന്നുകൊണ്ടാണ്. നബി(സ്വ) ചെയ്‌തോ, ഇല്ലേ? ഈ ചോദ്യം എല്ലാ കാര്യത്തിലും മുസ്‌ലിംകൾ പരിഗണിക്കണം (വിചിന്തനം വാരിക, 2011 ഫെബ്രുവരി).

നബി(സ്വ)യുടെ മാതൃകയോ കൽപനയോ ഇല്ലാത്ത കാര്യങ്ങൾ ബിദ്അത്താണ്. നാം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും പ്രവാചക മാതൃകയോ കൽപനയോ ഉണ്ടാവണം. അല്ലെങ്കിൽ നാം പുത്തൻവാദികളാവും-മേൽപറഞ്ഞ വാക്യങ്ങളുടെ ആശയമിതാണ്.

നബി(സ്വ)യോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗമായുള്ള വ്യത്യസ്ത ശൈലികളെ ബിദഈവൽക്കരിക്കാനാണ് മൗലവിമാർ ഇത്രയും കാര്യങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്. നബി(സ്വ) മാതൃക കാണിച്ച/കൽപിച്ച രൂപം മാത്രമേ സ്വീകരിക്കാവൂ എന്ന് നബിസ്‌നേഹപ്രകടനത്തിനു ഇസ്‌ലാം നിബന്ധന വെച്ചിട്ടുണ്ടോ? സ്വഹാബികളും താബിഉകളും ഇത് മാനദണ്ഡമായി സ്വീകരിച്ചിരുന്നോ? ഇല്ലെന്നതാണ് വസ്തുത. ഇസ്‌ലാമിൽ ഇബാദത്തുകൾ രണ്ടു രൂപത്തിൽ നമുക്ക് കാണാം. ചില പ്രത്യേക നിബന്ധനകൾക്കും സ്ഥലകാലങ്ങൾക്കും വിധേയമായത്. ഉദാ: ഹജ്ജ്, നിസ്‌കാരം. എല്ലാ മാസവും ഹജ്ജില്ല. എല്ലാ സ്ഥലത്തുവെച്ചും അത് നിർവഹിക്കാൻ പറ്റില്ല. നിസ്‌കാരവും വിവിധ നിബന്ധനകൾക്ക് വിധേയമാണ്. എന്നാൽ നിബന്ധനകൾ ഇല്ലാത്ത ഇബാദത്തുകളാണ് മറ്റൊന്ന്. ഉദാ: സ്വലാത്ത്, ദിക്ർ, മദ്ഹ് പറയൽ, ഖുർആൻ പാരായണം, സ്വദഖ പോലുള്ളവ.

ഇതിൽ രണ്ടാമത്തെ ഇബാദത്തുകളുടെ കൂട്ടത്തിലാണ് പ്രവാചക സ്‌നേഹം വരുന്നത്. പ്രവാചക സ്‌നേഹപ്രകടനം കൽപ്പിക്കപ്പെട്ട വിഷയമാണ്. അതിനൊരു പ്രത്യേക രൂപമോ ശൈലിയോ സമയമോ വെച്ചിട്ടില്ല, അത് പ്രായോഗികവുമല്ല. കാരണം സ്‌നേഹം അങ്ങനെയാണ്. സ്‌കെയിൽ വെച്ച് അളന്നുകൊടുക്കേണ്ടതൊന്നുമല്ല അത്; അതിനു സാധ്യവുമല്ല.

ഇനി സ്വഹാബത്തിന്റെയും താബിഉകളുടെയും ചരിത്രം പരിശോധിച്ചു നോക്കൂ. അവരൊക്കെയും വ്യത്യസ്ത രൂപത്തിലും സമയത്തും നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതായി നമുക്ക് ബോധ്യപ്പെടും. സ്വഹാബികളുടെയും താബിഉകളുടെയും ധാരാളം പ്രവാചക സ്‌നേഹ കഥകൾ ചരിത്രങ്ങളിലുണ്ട്. അതിനുവേണ്ടി മാത്രം അനവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുമുണ്ട്. അവയെല്ലാം മാറ്റിവെച്ച് ഇവിടെ ഉദ്ധരിക്കുന്ന വസ്തുതകൾ മൗലവി സുഹൈർ ചുങ്കത്തറയുടെ നബിദിനാഘോഷം എന്ന പുസ്തകത്തിൽ നിന്നാണ്. മുൻഗാമികളുടെ സ്‌നേഹപ്രകടനമായി ടി മൗലവി ഉദ്ധരിച്ച കാര്യങ്ങൾ എടുത്തു ചേർത്താൽ സ്‌നേഹപ്രകടനമല്ലെന്ന് പറഞ്ഞ് തള്ളാൻ പുത്തൻവാദികൾക്ക് കഴിയില്ലല്ലോ. ഒരു കാര്യം കൂടി. താഴെ കൊടുക്കുന്ന നബിസ്‌നേഹ പ്രകടനങ്ങൾ നിങ്ങൾ വായിക്കുമ്പോൾ ‘ഇത് നബി(സ്വ) കൽപ്പിച്ചിട്ടുണ്ടോ, മാതൃക കാണിച്ചിട്ടുണ്ടോ?’ എന്നത് നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യമായുണ്ടായിരിക്കട്ടെ. സ്‌നേഹ പ്രകടനത്തിന് നബി(സ്വ)യുടെ മാതൃക വേണമെന്ന വാദം അനിസ്‌ലാമികമാണെന്ന് അപ്പോൾ ബോധ്യപ്പെടുക തന്നെ ചെയ്യും.

അബൂബക്കർ സിദ്ദീഖ്(റ) പ്രകടിപ്പിച്ച സ്‌നേഹരൂപം സുഹൈർ ചുങ്കത്തറ പകർത്തുന്നു: ‘ആഇശ(റ) പറയുന്നു: അബൂബക്കർ(റ)നു മരണമാസന്നമായപ്പോൾ ചോദിച്ചു: ഇതേതാ ദിവസം? അവർ പറഞ്ഞു: തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു: ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ്-അഹ്മദ്’ (നബിദിനാഘോഷം, സുഹൈർ ചുങ്കത്തറ, പേ 68).

ചിന്തിക്കുക, പ്രവാചക സ്‌നേഹത്തിന്റെ ഭാഗമായി ഇങ്ങനെ ചിന്തിക്കാൻ നബി(സ്വ) കൽപ്പിച്ചോ? ഇല്ലെങ്കിൽ ഇത് ബിദ്അത്താണോ?

മറ്റൊരു ചരിത്രം:

ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ്. അവിടുത്തെ (നബി-സ്വ-യുടെ) ഖബറിന്നരികിൽ ഉമർ(റ)നും ഇടം കിട്ടണം. ആഗ്രഹമാണ്. ഉമറുബ്‌നു മൈമൂൻ(റ) വിവരിക്കുന്നു. ഉമർ(റ) മകൻ അബ്ദുല്ലയോട്(റ) പറഞ്ഞു: അബ്ദുല്ലാ, ഉമ്മുൽ മുഅ്മിനീൻ ആഇശ(റ)യുടെ അടുത്ത് ചെല്ലണം. എന്നിട്ടു നീ പറയണം. ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്നു നീ പറയരുത്. ഇന്ന് മുഅ്മിനുകളുടെ അമീറല്ല ഞാൻ. നീ ചോദിക്കണം, ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നുവെന്ന്. അദ്ദേഹം ചെന്നു സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്നു കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്ക് ഉദ്ദേശിച്ചതായിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിനു ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ(റ) പറഞ്ഞു: അല്ലാഹുവിനു സ്തുതി. ഇതിനേക്കാൾ എനിക്കു പ്രധാനമായതൊന്നും ഇല്ല. ഇനി, എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോവണം. എന്നിട്ടവർക്കു സലാം പറയണം. എന്നിട്ടു വീണ്ടും പറയണം. ഉമർ അനുവാദം ചോദിക്കുന്നു എന്ന്. അവർ എനിക്കു അനുവാദം തന്നാൽ എന്നെ അവിടേക്കു പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്‌ലിംകളുടെ ഖബ്ർസ്ഥാനിലേക്കു എന്നെ മടക്കുവീൻ-ബുഖാരി/3700. നോക്കൂ എന്തൊരു വികാര തീവ്രമായ രംഗങ്ങൾ (അതേ പുസ്തകം, പേ 66).

തന്നോടൊപ്പം മറവു ചെയ്യാൻ ആഗ്രഹിക്കണമെന്ന് നബി(സ്വ) കൽപ്പിച്ചതാണോ? മരണപ്പെട്ട നബി(സ്വ)യോടു സമ്മതം ചോദിക്കണമെന്നതിനു എന്തു പ്രമാണമാണ് ഇവർക്കുള്ളത്? ഇങ്ങനെയൊക്കെ ചെയ്ത ഉമർ(റ) പുത്തൻവാദിയാണോ?

ഒരു സ്വഹാബിയുടെ ചരിത്രം വായിക്കുക: ആഇശ(റ) പറഞ്ഞു: ഒരാൾ നബി(സ്വ)യുടെ അടുക്കൽ വന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ ശരീരത്തേക്കാൾ എനിക്കു പ്രിയതമം തീർച്ചയായും അങ്ങാണ്. എന്റെ മക്കളെക്കാൾ എനിക്ക് പ്രിയതമം തീർച്ചയായും അങ്ങാണ്. ഞാൻ വീട്ടിലായിരിക്കും. അപ്പോൾ ഞാൻ അങ്ങയെ ഓർക്കും. എനിക്ക് ക്ഷമിക്കാനാവില്ല. അങ്ങനെ അങ്ങയെ ഞാൻ വന്നു കാണും. അങ്ങയുടെയും എന്റെയും മരണത്തെക്കുറിച്ച് ഞാൻ ഓർത്തപ്പോൾ അങ്ങ് സ്വർഗത്തിൽ കടന്നാൽ നബിമാരുടെ കൂടെ ഉയരത്തിലാവും എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ സ്വർഗത്തിൽ കടന്നാലും അങ്ങയെ ഞാൻ കാണുകയില്ലേ എന്ന് ഞാൻ പേടിക്കുന്നു. നബി(സ്വ) ഒന്നും മറുപടി പറഞ്ഞില്ല. ജിബ്‌രീൽ(അ) വന്നു ഈ ആയത്തിറക്കി നിസാഅ്/69. നോക്കൂ, എന്തൊരു നിഷ്‌കളങ്കമായ സ്‌നേഹം’ (അതേ പുസ്തകം/65).

അബൂഖതാദ(റ)യുടെ ചരിത്രം നോക്കൂ:

അർധരാത്രിയായി. റസൂൽ(സ്വ) വാഹനപ്പുറത്തിരുന്ന് മയങ്ങാൻ തുടങ്ങി. മയങ്ങുമ്പോൾ അവിടുന്ന് ചെരിഞ്ഞു. അബൂഖതാദ(റ) അവിടുന്നറിയാതെ ഉണർത്താതെ താങ്ങിക്കൊടുത്തു. വീണ്ടും വീണ്ടും അവിടുന്ന് വീഴാൻപോയി. അബൂഖതാദ താങ്ങി. അവിടുന്നുണർന്നു പോയി. ആരാ ഇത്? അവിടുന്ന് ചോദിച്ചു. ഞാനാണ് അദ്ദേഹം പറഞ്ഞു. താങ്കളെത്ര നേരമായി എന്റെ കൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട്? രാത്രി മുതൽ. അവിടുന്ന് പ്രാർത്ഥിച്ചു: താങ്കൾ നബിയെ സംരക്ഷിച്ച പോലെ അല്ലാഹു താങ്കളെയും സംരക്ഷിക്കട്ടെ (മുസ്‌ലിം/681). ഇതും ഇതുപോലുള്ളവയും വ്യക്തിപരമായിത്തന്നെ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ ത്യാഗകഥകൾ’ (അതേ പുസ്തകം/74).

ഈ സ്‌നേഹ പ്രകടന രൂപം നബി(സ്വ) അബൂഖതാദ(റ)യോട് കൽപ്പിച്ചിരുന്നോ, ബിദ്അത്താണോ? ഇങ്ങനെ എത്രയെത്ര ചരിത്രങ്ങൾ!

‘മുസ്അബ്ബ്‌നു ഉമൈർ(റ) പറയുന്നു: മാലിക്(റ) നബി(സ്വ)യെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം മാറും. അദ്ദേഹം തല കുനിക്കും. അങ്ങനെ അത് അദ്ദേഹത്തിന്റെ ചുറ്റുമിരിക്കുന്നവർക്കു പ്രയാസമാവും’ (പേ. 77).

ഇമാം ബുഖാരി(റ)യുടെ റിപ്പോർട്ടർമാരിലെ പ്രമുഖരായ മുഹമ്മദ്ബ്‌നുൽ മുൻകദിർ(റ) ഖാരിഉകളുടെ നേതാവാണ്. അദ്ദേഹത്തെക്കുറിച്ച് ഇമാം മാലിക്(റ) പറയുന്നു: അദ്ദേഹത്തോട് ഒരു നബിവചനത്തെക്കുറിച്ച് ചോദിക്കുമ്പോഴേക്കും അദ്ദേഹം കരയും, അങ്ങനെ അദ്ദേഹത്തിനു കരുണ കിട്ടാൻ പ്രാർത്ഥിക്കുവോളം (പേ. 77).

ഇങ്ങനെ നീണ്ടുപോകുന്നു സ്വഹാബത്തിന്റെയും താബിഉകളുടെയും പ്രവാചക സ്‌നേഹ രൂപങ്ങൾ. ഇതിലൊന്നെങ്കിലും നബി(സ്വ) ചെയ്തതാണോ? മാതൃക കാണിച്ചോ? ഇതിനോട് ചേർത്ത് വായിക്കേണ്ട ചില സംഭവങ്ങൾ കൂടി ഉദ്ധരിക്കട്ടെ. മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:

നബി(സ്വ)യുടെ തിരുശരീരവും വസ്ത്രവും ചെരുപ്പും വടിയും പാത്രങ്ങളും തുടങ്ങി പലതും സ്വഹാബികളുടെ കൈവശമുണ്ടായിരുന്നു. സ്വഹാബികൾ നബി(സ്വ)യുടെ കാലത്തും ശേഷവും അവ രോഗശമനത്തിനും മറ്റും ഉപയോഗിച്ചിരുന്നു.

റസൂൽ(സ്വ) വഫാതാവുന്ന രോഗാവസ്ഥയിൽ മഹതി ആഇശ(റ) തിരുമേനി(സ്വ)യുടെ തന്നെ കൈകൾ കൊണ്ട് തന്നെ ആ ശരീരം തടവിച്ചു (ബുഖാരി 7/22, മുസ്‌ലിം 4/1723).
അവർ കൊണ്ടുവരുന്ന പാത്രങ്ങളിൽ നബി(സ്വ) കൈ മുക്കുമായിരുന്നു (മുസ്‌ലിം 4/1812).
നബി(സ്വ) വുളൂഅ് ചെയ്ത വെള്ളം അവർ ശരീരങ്ങളിൽ പുരട്ടി (ബുഖാരി 4/165).
ഹജ്ജതുൽ വിദാഇൽ നബി(സ്വ) മുണ്ഡനം ചെയ്ത മുടി ജനങ്ങൾക്കു വിതരണം ചെയ്തു (മുസ്‌ലിം 2/947).
നബി(സ്വ)യുടെ തുപ്പൽ ഹുദൈബിയ്യ സന്ധിയുടെ ദിവസം സ്വഹാബികൾ കയ്യിലേറ്റു വാങ്ങി പുരട്ടി (ബുഖാരി 3/180).
അവിടുത്തെ വിയർപ്പ് സ്വഹാബികൾ കുപ്പിയിൽ ശേഖരിച്ചു (മുസ്‌ലിം 4/185).
അവിടുത്തെ ജുബ്ബ സ്വഹാബികൾ കഫൻ പുടക്കായി എടുത്തു (ബുഖാരി 7/82).
ഇതുപോലുള്ളതും തങ്കപ്പെട്ട പരമ്പരകളിലൂടെ വന്നതു തന്നെയാണ്. ആർക്കും നിഷേധിക്കാവതല്ല. സ്വഹാബികൾ റസൂൽ(സ്വ)യുടെ വഫാത്തിനു ശേഷവും ചിലത് സൂക്ഷിച്ചിട്ടുണ്ട്. അനസ്(റ) വശം അവിടുത്തെ ചെരിപ്പുണ്ടായിരുന്നു. ബുഖാരി 4/47, മുസ്‌ലിം 6/252, ആഇശ(റ) വശം വസ്ത്രം ബുഖാരി 4/47, മുസ്‌ലിം 3/1649 (പേജ് 111).

ഇങ്ങനെ എത്രയെത്ര ചരിത്രങ്ങൾ. സ്‌നേഹത്തിന്റെ ഭാഗമായി കരച്ചിൽ, ഉമിനീർ വാരിയെടുക്കൽ, വസ്ത്രം സൂക്ഷിക്കൽ, നബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാൻ കൊതിക്കൽ, തിങ്കളാഴ്ച തെരഞ്ഞെടുക്കൽ, ഇമാം മാലിക്(റ)ന്റെ ചരിത്രത്തിൽ ഇങ്ങനെ വായിക്കാം:

ഇമാം മാലിക്(റ)നെ കുറിച്ച് പറയാറുണ്ട്: തിരുവചനങ്ങൾ (ഹദീസ്) പഠിക്കാനൊരുങ്ങുമ്പോൾ അദ്ദേഹം വുദു എടുക്കുകയും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും മുടി ചീകുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി പ്രവാചകനോടുള്ള ആദരവ് കൊണ്ടാണെന്നായിരുന്നു. രോഗശയ്യയിലായപ്പോൾ കിടന്നുകൊണ്ട് തിരുവചനങ്ങൾ ഉരുവിടുന്നത് പ്രവാചകനോടുള്ള അനാദരവായി സഈദുബ്‌നുൽ മുസയ്യബ്(റ) കണക്കാക്കിയിരുന്നു (പ്രവാചക സ്‌നേഹം, പേ 23, ഐപിഎച്ച്).

നബി(സ്വ)യിൽ നിന്ന് കൽപ്പനയോ മാതൃകയോ ഇല്ലാതെ പ്രവാചകസ്‌നേഹം പ്രകടിപ്പിച്ച സ്വഹാബികളും താബിഉകളും പുത്തൻവാദികളാണെന്നു പറയാൻ കൂടി മൗലിദാഘോഷത്തിന്റെ പേരിൽ മുസ്‌ലിംകളെ കാഫിറാക്കുന്നവർ തയ്യാറാവേണ്ടതുണ്ട്. ഇനി ഈ വിതണ്ഡവാദം മൗലവിമാർ തന്നെ എത്ര മാത്രം ഉൾക്കൊള്ളുന്നു എന്ന് ചിന്തിക്കാം.

തലമറക്കൽ സുന്നത്തോ ബിദ്അത്തോ എന്ന ആഭ്യന്തര തർക്കത്തെ സംബന്ധിച്ച് ഉമർ മൗലവി എഴുതി: പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നതിന് എന്താണ് രേഖ? അതിനു മറുപടി: ഒരു കാര്യം ഹലാലാണെന്നതിനു രേഖ ആവശ്യമില്ലെന്നാണ് ഇസ്‌ലാമിലെ സർവാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാൽ മതി. അപ്പോൾ ഹലാൽ എന്നുവന്നു. തലമറക്കുന്നതെവിടെയും വിരോധിച്ചിട്ടില്ല. ഹജ്ജിൽ പ്രവേശിച്ചാലൊഴികെ. അപ്പോൾ ഇതൊരു ഹലാലായ കാര്യമാണെന്നു വന്നു. ഇനി അതിനു രേഖ ചോദിക്കേണ്ട ആവശ്യമില്ല (സൽസബീൽ, 1999 മെയ് 20, പേ 34).

സംവാദം ബിദ്അത്താണോ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിയുമായി മൗലവിമാർ തർക്കത്തിലായപ്പോൾ സൽസബീൽ മാസികയിൽ വന്ന വിശദീകരണവും ഉദ്ധരണാർഹമാണ്: ഈ രൂപം നബി(സ്വ)യുടെ കാലത്തില്ലല്ലോ എന്നു ചോദിക്കാം. ഇല്ല സമ്മതിക്കുന്നു. ഇനി തിരിച്ചങ്ങോട്ടും ചോദിക്കാം. നബി(സ്വ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെയാവാമെങ്കിൽ വാദപ്രതിവാദത്തിനു മാത്രം നബി(സ്വ)യുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ്? (1986 മാർച്ച്, പേ 24).

എത്ര വ്യക്തമാണ് കാര്യങ്ങൾ. എങ്കിൽ എന്തിനാണ് നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അന്നത്തെ രൂപം തന്നെ വേണമെന്ന് ശഠിക്കുന്നത്. സ്വഹാബികളും താബിഉകളും വ്യത്യസ്ത രൂപത്തിലാണ് തിരുനബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതെന്ന് തെളിയുമ്പോൾ പ്രത്യേകിച്ചും.

ഇത്തരം പരാമർശങ്ങൾ വേറെയുമുണ്ട്. സ്ത്രീയുടെ മയ്യിത്ത് അന്യപുരുഷന്മാർക്ക് കാണാമോ എന്ന ചോദ്യത്തിന് മുജാഹിദ് വാരിക ശബാബ് നൽകിയ മറുപടി: ‘സ്ത്രീയുടെ മയ്യിത്ത് അന്യപുരുഷന്മാർ കാണാൻ പാടില്ലെന്ന് അല്ലാഹുവോ റസൂലോ പറഞ്ഞിട്ടില്ല. വിശുദ്ധ ഖുർആനിലോ പ്രാമാണികമായ ഹദീസിലോ വിലക്കിയിട്ടില്ലാത്ത കാര്യങ്ങൾ അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിലെ അംഗീകൃത തത്ത്വം’ (2008 ആഗസ്ത് 1, പേ 7).

കിണറിൽ വെള്ളം കണ്ടാലുള്ള സന്തോഷ പ്രകടനം നടത്തുന്നതിനെ പറ്റിയുള്ള ചോദ്യത്തിനു മൗലവിമാരുടെ മറുപടി ശ്രദ്ധിക്കുക: അതെല്ലാം ഇസ്‌ലാം വിലക്കിയിട്ടില്ലാത്ത സന്തോഷ പ്രകടനങ്ങളിൽ ഉൾപ്പെടുത്താം. പരീക്ഷയിൽ ജയിക്കുക, ഉദ്യോഗം ലഭിക്കുക, പ്രമോഷൻ ലഭിക്കുക തുടങ്ങിയ അവസരങ്ങളിലെല്ലാം പാർട്ടി നൽകാൻ തോന്നുക മനുഷ്യസഹജമാണ്. അതിലൊന്നും വിരോധമില്ല (വിചിന്തനം, 2009 മാർച്ച് 27, പേ 9).

ഇക്കാര്യങ്ങൾക്കെല്ലാം സന്തോഷപ്രകടനമാവാം. പാർട്ടി നൽകുകയും തിന്നുതീർക്കുകയുമാവാം. അതിന് മുജാഹിദുകൾക്ക് നബി(സ്വ)യുടെ മാതൃക വേണ്ട. കൽപനയും വേണ്ട. എന്നാൽ നബി(സ്വ)യുടെ ജനനത്തിൽ സന്തോഷിച്ച് വല്ലതും ചെയ്താൽ, നബിമദ്ഹ് ആലപിച്ചാൽ, ഭക്ഷണം നൽകിയാൽ ശിർക്ക്, ബിദ്അത്ത്. എവിടെ പ്രവാചക മാതൃകയെന്ന ആക്രോശം. ഇത് രോഗം വേറെയാണ്!

ഖുർആനോ ഹദീസോ വിരോധിച്ചാലേ ഒരു കാര്യം അനിസ്‌ലാമികം എന്നു പറയാൻ പറ്റൂ എന്നാണല്ലോ മൗലവിമാർ പറയുന്നത്. എങ്കിൽ നബിദിനാഘോഷം ഖുർആൻ എതിർത്ത രേഖയെവിടെ? ഹദീസ് വിരോധിച്ചതെവിടെ? അങ്ങനെയൊന്ന് മൗലവിമാർക്ക് ഇതുവരെ ഉദ്ധരിക്കാനായിട്ടില്ലതന്നെ. എന്നിട്ടും നബിദിനാഘോഷം അനിസ്‌ലാമികമെന്ന് പോസ്റ്റർ വരുന്നതാണ് തികഞ്ഞ അനിസ്‌ലാമികം.

വെള്ളിയാഴ്ച ജുമുഅയുടെ ഖുതുബ സ്വഹീഹാകാൻ നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. എന്നാലിതിനു പ്രവാചക മാതൃകയുണ്ടോ? കൽപനയുണ്ടോ? ഇല്ല. ഖുതുബയിൽ നബി(സ്വ) സ്വലാത്ത് ചൊല്ലിയിരുന്നോ എന്ന ചോദ്യത്തിന് ശബാബ് വാരിക നൽകുന്ന മറുപടി കാണുക: ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ്വ) ഒഴിവാക്കാറുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല (2009 ജൂലൈ 10, പേ 21).

എന്നിട്ടും നബി(സ്വ)യുടെ മാതൃകയില്ലാത്ത സ്വലാത്ത് ചൊല്ലൽ ഖുതുബയിൽ അവർക്കും നിർബന്ധം. പക്ഷേ, ഇതിനു കൽപനയുണ്ടോ? ഇല്ല. മാതൃകയും നിർദേശവുമില്ലാത്ത ഇത് നിർബന്ധം തന്നെയെന്ന് പഠിപ്പിക്കുമ്പോഴാണ് ഇതേ ന്യായം ഉന്നയിച്ച് മൗലിദാഘോഷം ബിദ്അത്താക്കുന്നത്. നബി(സ്വ)യോടുള്ള വിരോധം അന്ധകാരം സൃഷ്ടിച്ച ഹൃദയങ്ങളുടെ സ്വാഭാവിക പ്രതികരണമാണിത്.

സംഘടിത പ്രവർത്തനം ബിദ്അത്താണെന്ന് വാദിച്ച് മുജാഹിദിൽ നിന്നൊരു വിഭാഗം ചേരിവിട്ടു. നബി(സ്വ)യോ സ്വഹാബത്തോ സംഘടനയുണ്ടാക്കിയില്ല എന്നായിരുന്നു അവരുടെ ന്യായം. ഇതിനു ശബാബിൽ വന്ന മറുപടി വായിക്കുക: ദഅ്‌വത്തിനു വേണ്ടി സ്വഹാബികൾ മൈക്കും നോട്ടീസും ഉപയോഗിച്ചില്ല എന്നതുകൊണ്ട് അത് രണ്ടും ഹറാമാകുമോ? ലഘുലേഖ എന്നത് സ്വഹാബികളും തൊട്ടടുത്ത തലമുറയും ദഅ്‌വത്തിനു വേണ്ടി ഉപയോഗിച്ചിട്ടില്ലല്ലോ…. തങ്ങൾ ദഅ്‌വത്തിനു വേണ്ടി വ്യക്തിപരമായ ശ്രമങ്ങൾ നടത്തിയത് സംഘടിത ദഅ്‌വത്തിന് നബി(സ്വ) അനുമതി നൽകാത്തതു കൊണ്ടാണെന്ന് സ്വഹാബികളാരും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ സംഘടിതമായി ദഅ്‌വത്ത് നടത്താൻ പ്രത്യേക അനുമതി അനിവാര്യമാണെന്ന് വാദിക്കുന്നതിന് യാതൊരു ന്യായവുമില്ല (2009 ജനുവരി 30, പേ 27).

ഇന്നു കണ്ടുവരുന്ന വിധം സ്വഹാബികൾ നബിദിനാഘോഷം നടത്തിയിട്ടുണ്ടോ എന്നു മുജാഹിദുകളുടെ വമ്പൻ ചോദ്യത്തെക്കുറിച്ച് ഇനി ചിന്തിച്ചുനോക്കൂ. ശബാബിൽ കൊടുത്ത ന്യായങ്ങളുമായി തുലനപ്പെടുത്തി മൗലിദാഘോഷത്തെ വിലയിരുത്തി നോക്കുക. അതുകൊണ്ട് തീരേണ്ടതാണ് ഈ തർക്കം, അല്ലാഹുവിനെ ഭയപ്പെടുന്നുണ്ടെങ്കിൽ!

പ്രവാചക മാതൃകയില്ലാതെ ബിദഇകൾ ചെയ്യുന്ന ചില കാര്യങ്ങൾ

നബി(സ്വ)യുടെ മാതൃകയില്ലാത്തതും മൗലവിമാർ ചെയ്തുവരുന്നതുമായ മറ്റു ചില കാര്യങ്ങൾ കൂടി വിലയിരുത്താം.

വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല (ശബാബ്, 2009 ഫെബ്രുവരി 27, പേ 29).
യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ്വ) വളരെയധികം താൽപര്യമെടുത്തിട്ടുണ്ട്. പക്ഷേ, അത് ഇന്നത്തെ രീതിയിൽ യതീംഖാനകൾ സ്ഥാപിച്ചുകൊണ്ടായിരുന്നില്ല (വിചിന്തനം, 2010 ഫെബ്രു. 12, പേ 12).
ഖബറിനരികിൽ സുന്നികളും മുജാഹിദുകളും നിർവഹിച്ചുവരുന്ന തസ്ബീത്തിനെക്കുറിച്ച് മൗലവിമാർ പഠിപ്പിക്കുന്നു: ഇതിനു പ്രത്യേക പ്രാർത്ഥനാ വാചകങ്ങൾ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നബിവചനത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പഠിപ്പിച്ച ഒരു പ്രാർത്ഥന കാണുക; അല്ലാഹുമ്മ സബ്ബിത്ഹു… (മനശ്ശാന്തി പ്രാർത്ഥനയിലൂടെ, ഹുസൈൻ സലഫി, പേ 77).
മൗലവിമാർ ഇപ്പോൾ പഠിപ്പിച്ചുവരുന്ന തൗഹീദ് വിഭജനം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തതല്ല. ശബാബ് എഴുതുന്നു: മുഹമ്മദ് നബി(സ്വ)യുടെ സ്വഹാബിമാരാണ് സലഫുസ്വാലിഹ്. അവർ തൗഹീദ് വിഭജിച്ച് പഠിപ്പിച്ചിട്ടില്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് അഖ്‌സാമുത്തൗഹീദ് ഉടലെടുക്കുന്നത്. അതായത് സ്വഹാബികൾ എല്ലാവരും മരണപ്പെട്ടതിനു ശേഷം (ശബാബ്, 2007 ജനുവരി 12, പേ 11).
കർമശാസ്ത്രപരമായ വിഷയങ്ങളിൽ ശർത്ത്, ഫർദ്, സുന്നത്ത്, മുബാഹ്, ജാഇസ് എന്നിവയെ തരംതിരിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്ക് നേർക്കുനേരെ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ അതിനു സാധിച്ചുകൊള്ളണമെന്നില്ല (ശബാബ്, 2009 ഒക്‌ടോബർ 2, പേ 39).
ചുരുക്കത്തിൽ, നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി നബിദിനാഘോഷം അനിസ്‌ലാമികമാണെന്ന് പറയാൻ ഒരു വകുപ്പുമില്ലെന്നു മാത്രമല്ല മൗലവിമാർക്ക് തന്നെ ആ വാദത്തോട് പ്രായോഗികമായി യോജിക്കാൻ സാധ്യവുമല്ല.

നബി(സ്വ)യുടെ ജന്മദിനത്തിനു ഒരു പ്രത്യേകതയുമില്ലെന്നാണ് മറ്റൊരു ന്യായം. അതും മൗലവിമാർ തന്നെ പൊളിച്ചുകളഞ്ഞിട്ടുണ്ട്. സുഹൈർ ചുങ്കത്തറ എഴുതുന്നു: ‘തിങ്കളാഴ്ച പുണ്യറസൂൽ(സ്വ) ജനിച്ച ദിവസം കൊല്ലത്തിലൊരു ദിവസമല്ല, 52 ദിവസം. നബി(സ്വ) ജനിച്ച ദിവസത്തിനു പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്. സുന്നത്ത് നോമ്പ്. സുന്നത്ത് നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ റസൂൽ(സ്വ) അരുളി: ഞാൻ ജനിച്ച ദിവസമാണത്. ഞാൻ നബിയാക്കപ്പെട്ട അഥവാ ഖുർആൻ ഇറക്കപ്പെട്ട ദിവസമാണത് (നോമ്പും നിയമവും/43).

എല്ലാം കഴിഞ്ഞ് ഇപ്പോഴും സ്ഥിരതയില്ലാതെ ചുറ്റിക്കളിക്കുകയാണ് മുജാഹിദ് മൗലവിമാർ. നബി ജനിച്ച മാസമേതെന്നതിൽ പോലും ഒരു അഭിപ്രായ ഐക്യമാവാത്ത വിഭ്രാന്തി ഒരു പുസ്തകത്തിലെ ഒരേ ലേഖനത്തിൽ തന്നെ വന്നുപെടുമ്പോൾ ഇവർ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്ന് ഊഹിക്കാമല്ലോ. പുതിയ ലക്കം അൽമനാർ (2015 ഡിസംബർ) എഡിറ്റോറിയലിൽ നിന്നും വായിക്കുക: ‘ഇത് റബീഉൽ അവ്വൽ മാസം. ഈ മാസത്തിലാണ് നബി(സ്വ) ജനിച്ചത്. അതിൽ അഭിപ്രായ വ്യത്യാസമില്ല’ (പേ. 4). ഈ കുറിപ്പിന്റെ അവസാന ഭാഗത്തിങ്ങനെയും കണ്ടു: ‘നബി(സ്വ)യുടെ ജനനം തിങ്കളാഴ്ച ദിവസമാണെന്നതിൽ സംശയമില്ല. എന്നാൽ തിയ്യതിയുടെയും മാസത്തിന്റെയും കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്’ (പേ.5).

ഇതെങ്കിലുമൊന്നു തീരുമാനിച്ചിട്ടു പോരേ ദീനിനെതിരെ നാടകം കളിക്കൽ?

അസ്‌ലം സഖാഫി പയ്യോളി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...