Showing posts with label ഇസ്ലാം:തിരുദൂതരും ദുരാരോപകരും● 0. Show all posts
Showing posts with label ഇസ്ലാം:തിരുദൂതരും ദുരാരോപകരും● 0. Show all posts

Friday, April 27, 2018

ഇസ്ലാം:തിരുദൂതരും ദുരാരോപകരും● 0


തിരുദൂതരും ദുരാരോപകരും● 0 COMMENTS🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

വിമര്‍ശനമേല്‍ക്കാതിരിക്കുക ഒരു സക്രിയനായ പൊതുപ്രവര്‍ത്തകന്റെ യോഗ്യതയോ മഹത്ത്വത്തിനു മാനദണ്ഡമല്ലോ അല്ല. ധര്‍മനിഷ്ഠമോ വിരുദ്ധമോ ആയ ചേരി ദ്വയങ്ങളില്‍ ഒന്നില്‍ നിലകൊണ്ടാണ് ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. തന്റെ ലക്ഷ്യശുദ്ധിയും വ്യക്തി വൈശിഷ്ട്യവുമനുസരിച്ച് ഒന്നില്‍ നിലകൊള്ളേണ്ടി വരും. സ്വാഭാവികമായും എത്രമേല്‍ നന്മ പ്രസരിപ്പിച്ചാലും മറുകൂട്ടര്‍ എതിര്‍ത്തുകൊണ്ടേയിരിക്കും. തന്റെ ദര്‍ശനത്തില്‍ ആത്മാര്‍ത്ഥത കാണിക്കുന്നതിന്റെ തോതനുസരിച്ച് വിമര്‍ശനം കഠിനമാവുമെന്നുറപ്പ്. ഒന്നും എതിര്‍ക്കാതെ, തിരുത്തുകള്‍ കല്‍പിക്കാതെ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായി നപുംസകക്കളി നടത്തിയാല്‍ പോലും വിമര്‍ശനവിമുക്തനാവാനാവില്ല. അപ്പോള്‍ ഈ വികട ശൈലിയെ പ്രതിയായിരിക്കും എതിര്‍പ്പുവരിക. അതുകൊണ്ടാണ് വിമര്‍ശനമുക്തിയെ മഹത്ത്വവല്‍ക്കരിക്കാനാവില്ലെന്നു സൂചിപ്പിച്ചത്. പിന്നെ അവയിലുള്ള വസ്തുതകള്‍ പരിശോധിക്കുകയാണു വേണ്ടത്. ആരോപകരുടെ ഉദ്ദേശ്യശുദ്ധിയും സ്വകാര്യ താല്‍പര്യങ്ങളും പരിഗണിക്കുകയും വേണം. എന്നിട്ട് വിധേയര്‍ എത്രമാത്രം ആരോപണമര്‍ഹിക്കുന്നുവെന്ന് വിലയിരുത്താം. ഈയൊരു സുതാര്യ രീതി പാലിച്ചാല്‍ ലോകത്ത് ഏറെ വിമര്‍ശിക്കപ്പെട്ട മുഹമ്മദ് റസൂല്‍(സ്വ) അതിലൊന്നുപോലും അര്‍ഹിക്കുന്നില്ലയെന്നും അവയിലെ വസ്തുതകളന്വേഷിച്ചാല്‍ അവിടുന്ന് ലോകത്തിനു മുകളില്‍ തിളങ്ങിനില്‍ക്കുകയാണെന്നും ആര്‍ക്കും ബോധ്യപ്പെടും.

നബി(സ്വ)യും വിമര്‍ശകരും

നബി(സ്വ) പ്രവാചകത്വവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ മുഖ്യ ശത്രുക്കളായി നിലകൊണ്ട മക്കയിലെ ബഹുദൈവ വിശ്വാസികളാണ് നബിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ച പ്രഥമസംഘം. അവരുടെ ലക്ഷ്യം വ്യക്തമായിരുന്നു. നൂറ്റാണ്ടുകളായി അവര്‍ അനുഭവിച്ചുവരുന്ന നേതൃപരവും സാമ്പത്തികവും സാമൂഹികവുമായി സുഖാഡംബരങ്ങളെല്ലാം അടിയറ വെക്കേണ്ടിവരുമെന്ന ഉള്‍ക്കാഴ്ച തന്നെ പ്രധാനം.

നബിദര്‍ശനം പൂര്‍ണതയിലെത്തുന്നത് ഇരുളിന്റെ നിഷ്കാസനത്തോടെയായിരിക്കും. അന്ധകാരത്തിന്റെ ഉപഭോക്താക്കള്‍ മാത്രമല്ല, ഉപാസകര്‍ തന്നെയായ ഒരു സമൂഹത്തിന് സഹിക്കാവുന്നതിലപ്പുറമാണിത്. പുറമെ, നബി പഠിപ്പിച്ച് തുടങ്ങിയ ധര്‍മത്തിന്റെ ധവളസരണിയില്‍ തിന്മക്ക് യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. മദ്യം, മദിരാക്ഷി, വഞ്ചന, കളവ്, കൊള്ള, ചൂഷണം, പലിശ വ്യാപാരം, കയ്യൂക്ക്, സ്ത്രീപീഡനം തുടങ്ങിയതൊന്നും ഇസ്‌ലാമിന് സമ്മതമല്ലല്ലോ. ഇവരാണെങ്കില്‍ ഇത്തരം പേക്കൂത്തുകള്‍ കൊണ്ടാണ് ജനനത്തിനു അര്‍ത്ഥം രചിച്ചതുതന്നെ.

ശാന്തിയെന്നത് വിരക്തി നല്‍കുന്നതായിരുന്നു അന്നത്തെ കശ്മലര്‍ക്ക്. നിരന്തര യുദ്ധം; നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന് ഘോരസംഘട്ടനംഇതായിരുന്നു അവരുടെ വികാരം. പക്ഷേ, നബി(സ്വ) അതിനുമുന്നിലും വിലങ്ങുതീര്‍ത്തു. സമാധാന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല അത് പ്രയോഗിച്ചു കാണിക്കുക കൂടി ചെയ്തു. ചിരവൈരികളായിരുന്ന ഔസ്ഖസ്റജ് ഗോത്രങ്ങള്‍ ഏകോദര സഹോദരങ്ങളായി വര്‍ത്തിച്ചത് നബിതിരുമേനി(സ്വ)യുടെ ഈ സ്നേഹമാരുതനിലൂടെയായിരുന്നു. വിശ്വാസപരമായും തിരുദൂതരുടെ ദര്‍ശനങ്ങള്‍ സമകാല നേതൃത്വത്തിനു സഹിക്കാനാവുന്നതായിരുന്നില്ല.

മനുഷ്യ സൃഷ്ടികളായ നിരവധി ദൈവങ്ങളെ പ്രതിഷ്ഠിച്ച് കണ്‍മുന്നില്‍ കണ്ടാരാധിക്കുന്നവരോട് കാണാനാവാത്ത, കേള്‍ക്കാനോ തൊട്ടനുഭവിക്കാനോ ആവാത്ത സര്‍വശക്തനായ ഏകാരാധ്യനെ മാത്രം വണങ്ങണമെന്നു പറയുമ്പോള്‍ അത് അവരുടെ മനസ്സിനെ സ്വാധീനിക്കുക എളുപ്പമല്ല. ഇങ്ങനെ നൂറുകൂട്ടം വൈരുദ്ധ്യങ്ങള്‍ നബിദര്‍ശനങ്ങള്‍ക്കും ശത്രുവിചാരങ്ങള്‍ക്കും ഇടയില്‍ നിലനിന്നപ്പോള്‍ അവിടുത്തെ എതിര്‍ത്തു തോല്‍പ്പിക്കുക എന്നതു മാത്രമാണ് അവരുടെ മനസ്സു തോന്നിച്ച പോംവഴി. അതവര്‍ പ്രയോഗിച്ചതിനാല്‍ നിരന്തര യുദ്ധങ്ങള്‍ രൂപപ്പെട്ടു. നബി(സ്വ)യുടെ വ്യക്തിത്വത്തെ ഇകഴ്ത്താന്‍ ബഹുദൈവാരാധകര്‍ ധൃഷ്ടരായി. ഈ പശ്ചാത്തലത്തിലാണ് ഭ്രാന്തന്‍, ജ്യോത്സ്യന്‍, മാരണക്കാരന്‍, കുടുംബ ബന്ധം തകര്‍ത്തവന്‍ ഇത്യാദി ആരോപണങ്ങള്‍ അവര്‍ ഉയര്‍ത്തിയത്. അതുകൊണ്ടു തന്നെ തിരുദൂതര്‍ അവയ്ക്ക് അര്‍ഹനായതു കൊണ്ടല്ല; മറിച്ച് ശത്രുക്കളുടെ പിടിച്ചുനില്‍ക്കലിന്റെ ഭാഗമായാണിതെന്ന് ആര്‍ക്കും വേഗം ഗ്രഹിക്കാം.

തിരുനബി(സ്വ)യുടെ നേര്‍ക്കുയര്‍ന്ന ഇത്തരം ദുരാരോപണങ്ങളുടെ നിജസ്ഥിതി വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളില്‍ അനാവരണം ചെയ്തിട്ടുണ്ട്. സമകാലിക ശത്രുക്കള്‍ തന്നെയും അവയിലൊന്നില്‍ സധീരം പിടിച്ചുനില്‍ക്കാനാവാതെ ആരോപണ പരമ്പരകളിലൂടെ ഓടിക്കളിക്കുകയായിരുന്നു. എന്നിട്ടും അവര്‍ തിരുനബി(സ്വ)യുടെ വ്യക്തിത്വത്തെ അപഹസിച്ചില്ല. അല്ലെങ്കില്‍ അവര്‍ക്കതിനായില്ല. അദ്ഭുതകരമായ കാര്യം, നേര്‍ക്കുനേര്‍ നബി(സ്വ)യെ അറിയുകയും അനുഭവിക്കുകയും ചെയ്തവര്‍ പോലും ഉന്നയിക്കാത്ത നിരവധി അധിക്ഷേപങ്ങളുമായാണ് ആധുനിക ലോകത്തെ നബിവിരോധികളുടെ എഴുന്നള്ളത്ത് എന്നതാണ്. സ്ത്രീമോഹി, ഖുര്‍ആന്‍ സ്വന്തമായി രചിച്ച സാഹിത്യകാരന്‍, മാനസിക പ്രശ്നമുള്ളയാള്‍ ഇത്യാദി മഹാ അപരാധങ്ങളാണ് ഇതില്‍ പ്രധാനം. പലമാത്ര മറുപടി ലഭിച്ച ഈ വിമര്‍ശനങ്ങളിലെ സാഹിത്യവുമായി ബന്ധപ്പെട്ട കാര്യം മാത്രം നമുക്ക് വിലയിരുത്താം.

സൂചിപ്പിച്ചതുപോലെ, ആരോപിക്കാന്‍ വേണ്ടി മാത്രമുള്ളതായിരുന്നു നബി(സ്വ)ക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍. ഉന്നയിച്ചതൊക്കെയും സ്വാധീനിക്കാതെ പോവുകയും ഒട്ടുമിക്കതും തിരിച്ചടിക്കുകയും ചെയ്തപ്പോള്‍, “ഈ പ്രവാചകന്റെയൊരു കാര്യം, ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നല്ലോ? എന്നുവരെയും ശത്രുക്കള്‍ പറഞ്ഞുനോക്കി (ഖുര്‍ആന്‍ 25/7). ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കലുമൊന്നും ഒരു വൈകല്യമല്ലാതിരുന്നിട്ടും അത്രയെങ്കിലും ആരോപിച്ചു നോക്കുകയാണ് ഇത്. എന്നാലും, മുഹമ്മദ് നബി(സ്വ) വലിയ വിദ്യാഭ്യാസം നേടിയ ആളായിരുന്നതിനാല്‍ അദ്ദേഹം രചിച്ചു കൊണ്ടുവന്നതാണ് ഖുര്‍ആന്‍ എന്ന് അവരാരും പറഞ്ഞിട്ടില്ല. എന്തുകൊണ്ടെന്നാല്‍ നബി നിരക്ഷനായിരുന്നുവെന്നും ഒരു വിദ്യാഭ്യാസ സംരംഭങ്ങളിലും പങ്കെടുത്തില്ലെന്നും അവര്‍ക്ക് ശരിക്കുമറിയാമായിരുന്നു. കേവല വിവരത്തിനപ്പുറം അത് അനുഭവിച്ചവരായിരുന്നു അവര്‍.

പൊതുവെതന്നെ പഠനത്തിന് തീരെ പ്രാധാന്യം നല്‍കാത്ത കാലത്ത് ജനനത്തിനു മുന്പ് പിതാവും ആറാം വയസ്സില്‍ മാതാവും മരണപ്പെട്ട് കഠിന ദാരിദ്ര്യത്തില്‍ വളര്‍ന്ന തിരുനബി(സ്വ)ക്ക് പ്രത്യേകമായും അതിന് അവസരം കിട്ടുമായിരുന്നില്ല, തീരെ കിട്ടിയിട്ടേയില്ല. ഇതുകൊണ്ടാണ് അവരാരും നബി(സ്വ) വിജ്ഞാനം നേടിയിരുന്നുവെന്ന് ആരോപിക്കാതിരുന്നത്. “നിരക്ഷരനായ നബി’യെന്ന് ഖുര്‍ആനില്‍ രണ്ടിടങ്ങളില്‍ അവിടുത്തെ വിശേഷിപ്പിച്ചിട്ടുമുണ്ട് (അഅ്റാഫ് 157,158).

മറ്റൊരിടത്ത് പറയുന്നതിങ്ങനെ: “ഇതിനു (ഖുര്‍ആന്‍ അവതരണം) മുന്പ് ഒരു പുസ്തകവും അങ്ങ് വായിച്ചിട്ടില്ല; ഒന്നുമെഴുതിയിട്ടുമില്ല. അല്ലായിരുന്നെങ്കില്‍ പ്രശ്നകാരികള്‍ക്ക് സംശയിക്കാമായിരുന്നു (അന്‍കബൂത്ത്/48). അതായത്, ജനിച്ചുവളര്‍ന്ന സാഹചര്യം അക്ഷരവിരുദ്ധമായതുകൊണ്ട് മാത്രമല്ല, അല്ലാഹുവിന്റെ കൃത്യമായ നടപടിക്രമത്തിന്റെ ഭാഗമായി തന്നെയായിരുന്നു അവിടുന്ന് നിരക്ഷരനായി വളര്‍ന്നത്.

വസ്തുത ഇപ്രകാരമാണെങ്കിലും ആധുനിക നബിവിമര്‍ശകര്‍ ഇതുമായി ബന്ധപ്പെട്ട മരീചികയായ ഒരു ആരോപണം നബിക്കെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. നബി(സ്വ) അക്ഷരജ്ഞാനമില്ലാത്തയാളായിരുന്നില്ല, മറിച്ച് നല്ല സാഹിത്യകാരനായിരുന്നു എന്നാണ് പുതിയ പ്രചാരണം (ഫാദര്‍ അലവിയുടെ മുഹമ്മദ് നബി ബൈബിളില്‍? എന്ന ക്ഷുദ്രകൃതി). ലക്ഷ്യം മുമ്പു പറഞ്ഞതുതന്നെ, നബി(സ്വ)യെ വലിയ സാഹിത്യകാരനാക്കി ഖുര്‍ആന്‍ അവിടുന്ന് രചിച്ചതാണെന്ന് വരുത്തുക. സൂറതുല്‍ ജുമുഅയിലെ രണ്ടാം സൂക്തമാണ് ഇതിനവര്‍ തെളിവായി ഉദ്ധരിക്കുന്നത്. രസകരമാണ് സമര്‍ത്ഥനം. സൂക്തത്തിന്റെ ആശയമിങ്ങനെ: “നിരക്ഷരരില്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു പ്രവാചകനെ നിയോഗിച്ചവനാണല്ലാഹു. അദ്ദേഹം അവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ പാരായണം ചെയ്തു കൊടുക്കുകയും സംസ്കരിക്കുകയും വേദവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനുമുന്പ് അവര്‍ വ്യക്തമായ വഴികേടിലായിരുന്നു.’

സാഹിത്യരംഗത്ത് അതിനിപുണരായ സമൂഹത്തിലാണ് നബിയുടെ അവതരണം. “അവരില്‍ നിന്നു തന്നെയുള്ള’ എന്ന പ്രയോഗം നബി(സ്വ)യും സാഹിത്യകാരനാണെന്ന് തെളിയിക്കുന്നു. അല്ലെങ്കില്‍, അന്നത്തെ സമൂഹം സാഹിത്യത്തില്‍ മികച്ചുനിന്നിരുന്നുവെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും അഅവര്‍ മഠയരായിരുന്നു എന്നും പറയേണ്ടി വരും ഈ സൂക്തം മുന്നില്‍വെച്ച് വിമര്‍ശകരുടെ അതിവാദം ഇങ്ങനെ പോവുന്നു. നിരക്ഷരര്‍ എന്നതിന് ഉദ്ധൃത വചനത്തില്‍ “ഉമ്മിയ്യീന്‍’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഉമ്മിയ്യ് എന്നതിന്റെ ബഹുവചന രൂപമാണിത്. ഈ പദം തന്നെയാണ് അവതരണ സാഹചര്യം പുകമറയാക്കി “സാഹിത്യകാരന്‍’ എന്ന് വിമര്‍ശകര്‍ വ്യാഖ്യാനിക്കുന്നത്.

സത്യത്തില്‍ അതിരുവിട്ട ദുര്‍വാദമാണിത്. ഉമ്മിയ്യ് ചരിത്രത്തിലും അറബിഭാഷയിലും നിരക്ഷരന്‍ എന്നതിനു വേണ്ടിയുള്ള പദപ്രയോഗമായാണ് നിലകൊള്ളുന്നത്. പ്രശസ്തവും ആധികാരികവുമായ അറബി ശൈലി നിഘണ്ടു ലിസാനുല്‍ അറബില്‍ നിന്നു വായിക്കാം: “ഉമ്മിയ്യെന്നാല്‍ എഴുത്തറിയാത്തവന്‍. ഉമ്മ പ്രസവിച്ച അതേ പ്രകൃതിയില്‍ എഴുത്തും വായനയുമറിയാത്തതുകൊണ്ട് ഉമ്മയിലേക്ക് ചേര്‍ത്തി ഉമ്മിയ്യ് പ്രയോഗമുണ്ടായെന്ന് സജ്ജാജ് പറയുന്നു. എഴുത്ത് അധ്വാനിച്ചു നേടേണ്ട ഗുണമാകയാല്‍ ജന്മസിദ്ധമല്ലെന്ന് അബൂഇസ്ഹാഖ് വിശദീകരിച്ചിട്ടുണ്ട്. അറബികളില്‍ എഴുത്തറിയുന്നവര്‍ ചെറിയ പക്ഷമായിരുന്നു. അവരില്‍ നിന്ന് മറ്റൊരു ന്യൂനസംഘം അത് സ്വായത്തമാക്കുകയും പൊതുസമൂഹം നിരക്ഷരതയില്‍ കഴിയുകയും ചെയ്തു….

ഉമ്മിയ്യായ സമൂഹത്തിലേക്ക് ഞാന്‍ നിയോഗിതനായെന്ന് ഹദീസുണ്ട്. അറബികളാണുദ്ദേശ്യം. എഴുത്ത് രീതി അവരില്‍ തീരെ തന്നെ ഉണ്ടായിരുന്നില്ലെന്നു പറയാം, അഥവാ വളരെ കുറവായിരുന്നു. ഉമ്മിയ്യായ പ്രവാചകന്‍ എന്നു നബി(സ്വ)യെ വിശേഷിപ്പിക്കുന്നതും ഇതേ അര്‍ത്ഥത്തിലാണ്. അവിടുന്ന് നിയോഗിതരായ സമൂഹം എഴുത്തും വായനയും അറിയാത്തവരായിരുന്നു. നബിക്കും അതറിയുമായിരുന്നില്ല. തിരുദൂതരുടെ പ്രധാന മുഅ്ജിസത്തായ ഖുര്‍ആനിന്റെ അമാനുഷികത്വം ശരിക്കും ബോധ്യപ്പെടാന്‍ ഇതത്യാവശ്യമായിരുന്നു. അല്ലെങ്കില്‍, അവര്‍ നമിച്ചുനില്‍ക്കേണ്ടിവന്ന വിശുദ്ധ വേദത്തിലെ ജ്ഞാന നിര്‍ഝരിയും പരിഭ്രമിച്ചുനിന്ന സാഹിത്യശൈലീ വിന്യാസവും നബിതങ്ങളവര്‍കളുടെ നിര്‍മിതിയാണെന്ന് ആരോപിക്കാമായിരുന്നുവല്ലോ. റസൂല്‍(സ്വ) സന്പൂര്‍ണ നിരക്ഷരനാണെന്ന് പ്രസിദ്ധമാകയാല്‍ ആ സാധ്യത കൂമ്പടയുകയാണുണ്ടായത് (12/22).

വലിയ വര്‍ത്തകപ്രമുഖരായിട്ടും അവരില്‍ ഭൂരിപക്ഷത്തിനും കണക്ക് എഴുതാനറിയുമായിരുന്നില്ല. കല്ലുകള്‍ പെറുക്കി സൂക്ഷിച്ച് അതിനുതുല്യം പണം കണക്കാക്കിയാണ് അവര്‍ കടം ലഭിക്കാനുള്ളത് പരിഗണിച്ചിരുന്നതുപോലും. അതുകൊണ്ട് ചരല്‍കല്ല് എന്നര്‍ത്ഥമുള്ള “ഹസ്വാ’ക്ക് എണ്ണം, കണക്ക് എന്നുകൂടി ആശയമുണ്ട് (മസ്വാദിറുശ്ശിഅ്റില്‍ ജാഹിലിയ്യ്). ഇതാണ് വസ്തുത. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പോലും ഓത്തറിയാത്തവനെ കുറിക്കാനാണ് ഉമ്മിയ്യ് പ്രയോഗം.

സൂറതുല്‍ ജുമുഅയില്‍ “ഉമ്മിയ്യീങ്ങള്‍ക്കിടയില്‍ നിന്ന് ദൂതനെ അയച്ച’ എന്നതിന്റെ വിവക്ഷയും ഇതു തന്നെയാണ്. പിന്നെ നബി(സ്വ)യുടെ സമകാലികരായ അറബികള്‍ മികച്ച സാഹിത്യകാരന്മാരായിരുന്നുവെന്ന് പറയുന്നതെങ്ങനെയെന്ന് സംശയിക്കാം. അത് അവരില്‍ പെട്ട ന്യൂനപക്ഷത്തെക്കുറിച്ചാണ്. അവരെ ആശ്രയിക്കുകയും അവലംബിക്കുകയും ചെയ്യുക അവരില്‍ അഭിമാനം കൊള്ളുക എന്നതൊക്കെയാണ് പൊതുസമൂഹത്തിന്റെ ശൈലി. നിമിഷ കവികളില്‍ പോലും ചിലര്‍ നിരക്ഷരരായിരുന്നുവത്രെ! അപ്പോള്‍ ഉമ്മിയ്യ് എന്നാല്‍ നിരക്ഷരന്‍ എന്നുതന്നെയാണര്‍ത്ഥം. ഉമ്മിയ്യീങ്ങള്‍ക്കിടയില്‍ നിന്ന് എന്നാല്‍ സാഹിത്യകാരന്മാര്‍ക്കിടയല്‍ നിന്ന് എന്നല്ലേയല്ല. എഴുത്തും വായനയും അറിയാത്തവര്‍ എന്നാണ് സാരം. അവരില്‍പ്പെട്ട നബിയും ഇപ്രകാരം തന്നെയായിരുന്നു. തിരുനബി(സ്വ)ക്കെതിരെ ഉയര്‍ന്നുകേട്ടതും കത്തിയമര്‍ന്നതുമായ ആരോപണങ്ങളൊക്കെയും ഇപ്രകാരം ബാലിശങ്ങളാണ്. അവിടുന്ന് എല്ലാ കാര്‍മേഘങ്ങള്‍ക്കിടയിലും താരക ഖചിത നിശാനഭസ്സിലെ പൂര്‍ണേന്ദുവിനെപ്പോലെ തിളങ്ങിനില്‍ക്കുന്നു. ലോകത്തിനു മാതൃകയായി, മറ്റൊരു ഉപമയില്ലാത്തത്ര വ്യതിരിക്തനായിസ്വല്ലല്ലാഹു അലാ മുഹമ്മദ്(സ്വ).

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി


പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...