Showing posts with label അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ?. Show all posts
Showing posts with label അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ?. Show all posts

Tuesday, July 31, 2018

അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ?



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


അഹ്‌ലുബൈത്ത് കര്‍ബലയില്‍ അവസാനിച്ചുവെന്നോ?

അഹ്‌ലുബൈത്തിനെ ആദരിക്കലും സ്‌നേഹിക്കലും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും ഒട്ടനേകം സ്ഥലങ്ങളില്‍ ഈ യാഥാര്‍ഥ്യം വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'നബിയെ, താങ്കള്‍ അവരോട് പറയുക, അതിന്റെ (പ്രബോധനം) പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല, എന്റെ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ' (ശൂറാ-23). നബി കുടുംബത്തിന് ഗുണം ചെയ്യുക വഴി നിങ്ങള്‍ എന്നെ സ്‌നേഹിക്കുക എന്നാണ് മഹാനായ സഈദുബ്‌നു ജുബൈര്‍(റ)ഈ ആയത്തിന് നല്‍കിയിട്ടുള്ള വിശദീകരണം.
കുടുംബം എന്നത് കൊണ്ട് ഇവിടെ മുഖ്യമായും വിവക്ഷിക്കപ്പെടുന്നത് അഹ്‌ലുബൈത്താണ്. കാരണം ഇമാം റാസി തങ്ങള്‍ വിശദീകരിക്കുന്നു: 'നബി കുടുംബമെന്നാല്‍ അവിടത്തോട് ബന്ധമുള്ളവരെല്ലാവരുമാണെങ്കിലും നബിയും ഫാത്തിമ, അലി,ഹസന്‍, ഹുസൈന്‍ (റ) എന്നിവരും തമ്മിലുള്ള ശക്തമായബന്ധം അവിതര്‍ക്കിതമാംവിധം സ്ഥിരപ്പെട്ടതാണ്. അത്‌കൊണ്ട് തന്നെ അവരെ സ്‌നേഹിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെന്ന് ഈ ആയത്ത് തീര്‍ച്ചപ്പെടുത്തുന്നു.' ഇമാം സമഖ്ശരിയുടെ വിശദീകരണവും ഈ ആശയത്തിന് ശക്തി പകരുന്നുണ്ട്. അഥവാ,ഈ ആയത്ത് അവതരിച്ചപ്പോള്‍ നബിയോട് ചോദിക്കപ്പെട്ടു, ഞങ്ങള്‍ സ്‌നേഹിക്കേണ്ട അങ്ങയുടെ ബന്ധുക്കള്‍ ആരാണ്? അന്നേരം നബി പറഞ്ഞു: 'അലി, ഫാത്തിമ, അവരുടെ രണ്ട് സന്താനങ്ങള്‍.'കര്‍ബലയുടെ ദിനത്തില്‍ അലിയ്യുബ്‌നുല്‍ ഹുസൈന്‍ (റ) യെ ബന്ധിയായിപ്പിടിച്ച് ഡമസ്‌കസിലേക്ക് കൊണ്ടുവന്നപ്പോള്‍ ഉമവീ വിഭാഗത്തില്‍ പെട്ട ഒരാള്‍ ഇങ്ങനെ വിളിച്ച് പറയുന്നുണ്ടായിരുന്നു.'നിങ്ങളെ വധിച്ച് കളയുകയും ഉന്മൂലനം വരുത്തുകയും ചെയത റബ്ബിന് സര്‍വ സ്തുതിയും.' ഇത് കേള്‍ക്കേണ്ട താമസം അലിയ്യുബ്‌നു ഹുസൈന്‍ അദ്ദേഹത്തേടായി ചോദിച്ചു നീ ഖുര്‍ആന്‍ ഓതാറില്ലേ?ഉണെ്ടന്ന് അയാള്‍ മറുപടി നല്‍കി. നീ ആലു ഹാമീം ഓതിയിട്ടുണേ്ടാ?അലി വീണ്ടും ചോദിച്ചു. ഇല്ലെന്ന് അയാള്‍ മറുപടി നല്‍കി.'പ്രബോധനത്തിന്റെ പേരില്‍ കുടുംബത്തെ സ്‌നേഹിക്കണമെന്നതല്ലാതെ മറ്റൊന്നും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല' എന്നര്‍ഥം വരുന്ന സൂക്തം നീ ഓതിയിട്ടില്ലെ ? അന്നേരം അയാള്‍ ചോദിച്ചു. ഈ ആയത്തില്‍ പറഞ്ഞ വിഭാഗം നിങ്ങളാണോ? അലി പറഞ്ഞു:'അതെ,ഞങ്ങള്‍തന്നെ.'(തഫ്‌സീറുല്‍കബീര്‍).
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ വിശ്വാസിക്ക് ഒഴിച്ച് കൂടാനാവാത്ത ബാധ്യതയാണെന്ന് ഈ വിശുദ്ധ സൂക്തം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഇതേ ആശയം കുറിക്കുന്ന അനേകം ഹദീസുകളും നമുക്കു മുന്നിലുണ്ട്. 'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്, അവരെ ആര് സ്‌നേഹിച്ചുവോ, അവര്‍ എന്നേയും സ്‌നേഹിച്ചു. ആര് ധിക്കരിച്ചുവോ അവരെന്നെയും ധിക്കരിച്ചു.'മറ്റൊരു ഹദീസില്‍കാണാം. 'ഞാന്‍ ഹസന്‍, ഹുസൈന്‍ (റ) യെ സ്‌നേഹിക്കുന്നു. അത്‌കൊണ്ട് നിങ്ങളും അവരെ സ്‌നേഹിക്കുക.' ഈ രണ്ട് ഹദീസുകളും ചേര്‍ത്ത് വായിച്ചാല്‍ അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നതിന്റെ ആവശ്യകത എളുപ്പത്തില്‍ മനസ്സിലാകും. അഹ്‌ലുബൈത്തിനെ നബിതങ്ങള്‍ ഒരിക്കല്‍ ഉപമിച്ചത് നൂഹ് നബിയുടെ കപ്പലിനോടാണ്. കപ്പലില്‍ അഭയം തേടിയവര്‍ സുരക്ഷിതരായത് പോലെ അവരെ പിന്തുടരുന്നവര്‍ ശാശ്വത വിജയത്തിനവകാശികളാണ് എന്നതാണ് ഇതിന്റെ അന്തരാര്‍ഥം
അഹ്‌ലുബൈത്തിന്റെ പാത പിന്തുടരലും അവരെ അംഗീകരിക്കലും മോക്ഷത്തിന്റെ മാര്‍ഗ്ഗമാണെന്ന് ഖുര്‍ആനിന്റെയും തിരുവചനങ്ങളുടെയും വെളിച്ചത്തില്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. എന്നാല്‍ വിശുദ്ധഖുര്‍ആന്‍ അപഗ്രഥിച്ച് മനസ്സിലാക്കുന്നതിലും ചരിത്ര രേഖകള്‍ കണെ്ടടുക്കുന്നതിലും പരാജയപ്പെട്ട ചില അല്‍പജ്ഞാനികള്‍ അഹ്‌ലുബൈത്തിനെക്കുറച്ച് വികലവും ബാലിശവുമായ വാദമുഖങ്ങളുമായി സമൂഹമധ്യേ രംഗപ്രവേശം നടത്തിയിട്ടുണ്ട്. അഥവാ പ്രവാചക പരമ്പര കര്‍ബലയുദ്ധത്തോടെ അവസാനിച്ചുവെന്നും നിലവിലെ സാദാത്തുമാര്‍ക്ക് പ്രവാചകരുടെ പാരമ്പര്യം അവകാശപ്പെടാനാവില്ലെന്നുമാണ് ഈ ഉല്‍പതിഷ്ണു വിഭാഗത്തിന്റെ വാദം. ചരിത്രത്തിന്റെ ബാലപാഠമെങ്കിലും പഠിച്ച ആര്‍ക്കും മനസ്സിലാക്കാവുന്നതാണ് ഈ വാദത്തിന്റെ കൊള്ളരുതായ്മയും പൊള്ളത്തരങ്ങളും.
കര്‍ബല യുദ്ധം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ദുരന്തങ്ങള്‍ സമ്മാനിച്ച ഒരു യുദ്ധം തന്നെയാണ് . പ്രവാചകരുടെ പ്രിയപേരമകന്‍ ഹുസൈന്‍(റ)ഉം നബികുടുംബത്തിലെ പതിനാറ് പേരും ക്രൂരനും ധിക്കാരുയുമായ ഇറാഖീ ഗവര്‍ണര്‍ ഇബ്‌നുസിയാദിന്റെയും അംറുബ്‌നുസഅ്ദിന്റെ നേത്രത്ത്വത്തിലുള്ള സൈന്യത്തിന്റെയും മുന്നില്‍ ഒരുതുള്ളി വെള്ളം പോലും ലഭിക്കാതെ വീരമൃത്യു വരിച്ചത് നമുക്കെങ്ങനെ മറക്കാന്‍ സാധിക്കും. എന്നാല്‍ ദുരന്ത പൂര്‍ണ്ണമായ ഈ സംഭവത്തിലേക്ക് നബി തങ്ങള്‍ ജീവിത കാലത്ത് തന്നെ ദീര്‍ഘദര്‍ശനം നടത്തിയിരുന്നു.ആഇശ(റ)യെ തൊട്ട് ഥബ്‌റാനി ഉദ്ധരിക്കുന്നു. നബി തങ്ങള്‍ പറഞ്ഞു: 'എന്റെ മകന്‍ ഹുസൈന്‍ ഥഫില്‍ (സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഉയര്‍ന്ന പ്രദേശം) വെച്ച് കൊലചെയ്യപ്പെടുമെന്ന് ജിബ്‌രീല്‍ എന്നോട് പറഞ്ഞു. ഹുസൈന്‍(റ)കൊല ചെയ്യപ്പെടുന്ന ഭാഗത്തെ മണ്ണും എനിക്ക് ജിബ്‌രീല്‍ കാണിച്ച് തന്നു.' (മുഅ്ജമുല്‍കബീര്‍)
എന്നാല്‍ ഈ സംഭവത്തോടെ അഹ്‌ലുബൈത്ത് ലോകത്ത് നിന്നും ഉന്മൂലനം ചെയ്യപ്പെടുമെന്നല്ല പ്രവാചകര്‍ പ്രവചിച്ചത്, മറിച്ച് തന്റെ പരമ്പര ശാശ്വതമായി നിലനില്‍ക്കുമെന്ന് നിസ്സംശയം പ്രഖ്യാപിക്കുകയാണ് അവിടന്ന് ചെയ്തത്.ഇമാം അഹ്മദും ഹാകിമുമൊക്കെ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം നബി തങ്ങള്‍ പറഞ്ഞു: 'ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്.അവരെ ദുഖിപ്പിക്കുന്നത് എന്നെയും ദുഖിപ്പിക്കും,അവരെ സന്തോഷിപ്പിക്കുന്നത് എന്നെയും സന്തോഷിപ്പിക്കും എന്റെ പരമ്പര ഒഴികെ സര്‍വ്വ പരമ്പരകളും ഖിയാമത്ത്‌നാളോടെ അവസാനിക്കും.'(ഹാകിം) ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായ മറ്റൊരു ഹദീസില്‍ സൈദ്ബ്‌നുഅര്‍ഖം(റ) പ്രവാചകരുടെ ഒരു പ്രഭാഷണം വിവരിക്കുന്നത് ഇങ്ങനെയാണ് 'നിങ്ങളില്‍ ഭാരമുള്ള രണ്ട് വസ്തുക്കളെ ഞാനുപേക്ഷിച്ചിടുന്നു. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്,അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്.അത്‌കൊണ്ട് നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക,ശേഷം പറഞ്ഞു, എന്റെ അഹ്‌ലുബൈത്തിനെയും ഞാന്‍ ഉപേക്ഷിച്ചിടുന്നു, അവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.'(മുസ്‌ലിം 4425)
ഇവിടെ ഖിയാമത്ത്‌നാള്‍ വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍ നക്ഷത്രങ്ങളുമായി പ്രവാചകര്‍ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തന്റ കുടുംബത്തെയുമാണല്ലോ. അതുകൊണ്ട് തന്നെ ഇവരണ്ടും ഇടക്കാലത്ത് അണഞ്ഞ് പോയെന്ന് പറയുന്നത് അര്‍ഥശൂന്യവും വിഡ്ഡിത്തവുമാണെന്ന് ഏത് ചെറിയചിന്ത കൊണ്ടും മനസ്സിലാക്കാന്‍ സാധിക്കും.അഹ്‌ലുബൈത്ത് അറ്റ് പോയെന്ന് ജല്‍പനം നടത്തിയവര്‍ക്ക് ശക്തമായ മറുപടിയാണ് ഇമാം റാസി(റ) സൂറത്തുല്‍ കൗസറിന്റെ വ്യാഖ്യാനത്തിലൂടെ നല്‍കുന്നത്.അദ്ധേഹം പറയുന്നു.കൗസര്‍ എന്നാല്‍ പ്രവാചകരുടെ സന്താനങ്ങളാണെന്നാണ് മൂന്നാമത്തെ അഭിപ്രായം.ഇതിന് പണ്ഡിതര്‍ പറയുന്നന്യായം ഈ സൂറത്ത് അവതരിക്കപ്പെടുന്നത് പരമ്പര മുറിഞ്ഞെന്ന് പ്രവാചകരെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയായിട്ടാണ്. അപ്പോള്‍ ആയത്തിന്റെ അര്‍ഥം കാലാന്തരങ്ങളില്‍ നിലനില്‍ക്കുന്ന സന്താന പരമ്പരയെ നബിതങ്ങള്‍ക്ക് നല്‍കും എന്നാണ്.അഹ്‌ലുബൈത്തില്‍ നിന്ന് അനേകംപേര്‍ കൊലചെയ്യപ്പെട്ടിട്ടും ലോകം അവരുടെ സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണെന്നത് വ്യക്തമാണല്ലോ.(റാസി)
ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക പരമ്പരക്ക് അന്ത്യമായിട്ടില്ലെന്ന് സ്ഥിരപ്പെട്ട സാഹചര്യത്തില്‍, കര്‍ബലയില്‍ അനേകം സാദാത്തുക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ഈ പരമ്പര എങ്ങനെ നിലനിര്‍ത്തപ്പെട്ടു എന്നത് ഇനിയൊന്ന് പഠന വിധേയമാക്കാം.നബികുടുംബം എന്നത് കൊണ്ട് പ്രധാനമായും ഉദ്ധേശിക്കപ്പെടുന്നത് പ്രവാചക പുത്രി ഫാത്തിമ,ഭര്‍ത്താവ് അലി, സന്താനങ്ങളായ ഹസന്‍,ഹുസൈന്‍(റ) എന്നിവരാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇവരുടെ സന്താനങ്ങള്‍ കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാല്‍ മുകളില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടിയാകുമല്ലോ.അലി(റ)ന് ആണും പെണ്ണുമായി വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന് മുപ്പത്തിയെട്ട് മക്കളുണ്ട്.ഇവരില്‍ പരമ്പരയുള്ളത്ഫാത്തിമയുടെ മക്കളായ ഹസന്‍ ഹുസൈന്‍(റ) ഉള്‍പ്പടെ അഞ്ച് ആണ്‍മക്കള്‍ക്കും ഫാത്തിമയുടെ തന്നെ പുത്രിയായ സൈനബിനും മാത്രമാണ്. (ബുജൈരിമി) ഹസന്‍(റ)ന് ആണും പെണ്ണുമായി ആകെ പതിനഞ്ച് മക്കളുണ്ടായിട്ടുണെ്ടങ്കിലും ഹസന്‍,സൈദ് എന്നീ രണ്ട്പുത്രന്മാരിലൂടെയാണ് അദ്ധേഹത്തിന്റെ പരമ്പര ലോകത്ത് നിലനിന്നത്.ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹസനുബ്‌നു അലി(ഹസനുല്‍ മുസന്ന)ഹുസൈന്‍(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുത്തിരുന്നു. യുദ്ധത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ധേഹവും പിടിക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്തു.മഹാനവര്‍കള്‍ക്ക് അബ്ദല്ലാഹില്‍ മഹ്‌ള്,ഇബ്‌റാഹീമുല്‍ ഖമര്‍,ഹസനുല്‍ മുസല്ലസ്, ദാവൂദ്,ജഅ്ഫര്‍ എന്നിങ്ങനെ അഞ്ച് മക്കളുണ്ടായിരുന്നു. ഹിജ്‌റ തൊണ്ണൂറ്റി ഏഴില്‍ വഫാത്തായ ഇദ്ധേഹത്തിലൂടെയുംനൂറ്റി ഇരുപതില്‍വഫാത്തായ സൈദ്ബ്‌നു അലിയ്യിലൂടെയുമാണ,് ഹസനീ പരമ്പര ലോകത്ത് പരന്ന് പന്തലിച്ചത്.

ഹുസൈന്‍(റ)ന് മൊത്തം ആറുസന്താനങ്ങളാണ്.അലിയ്യുനില്‍അസ്ഗര്‍, അലിയ്യുനില്‍ അക്ബര്‍, ജഅ്ഫര്‍, അബദുല്ലാഹ്,സക്കീന,ഫാത്തിമ എന്നിവരാണവര്‍.ഇവരില്‍ സൈനുല്‍ആബിദീന്‍ എന്നപേരില്‍അറിയപ്പെടുന്ന അലിഅസ്ഗറിന്മാത്രമാണ്സന്താനസൗഭാഗ്യമുണ്ടായത്.ആണ്‍മക്കളില്‍ ശേഷിക്കുന്നഅലിഅക്ബറും അബദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ വധിക്കപ്പെടുകയും ജഅ്ഫര്‍ പിതാവിന്റെ ജീവിത കാലത്ത്തന്നെ മരണപ്പെടുകയും ചയ്തു.ഹുസൈനീ പരമ്പര കര്‍ബലക്കു ശേഷവും സംരക്ഷിച്ച അലി സൈനുല്‍ആബിദീന്‍(റ)ന് രോഗമായിരുന്നതിലാണ് ശത്രുക്കളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹാഫിളുദ്ദഹബി വിശദീകരിച്ചുട്ടുണ്ട് (സിയറു അഅ്‌ലാമിന്നുബലാഅ്). മുഹമ്മദുല്‍ ബാഖിര്‍, സൈദ്, ഉമര്‍,അബ്ദുല്ലാഹ്,ഹസന്‍, ഹുസൈന്‍,ഹുസൈനുല്‍ അസ്ഗര്‍,അബ്ദുര്‍റഹാന്‍, സുലൈമാന്‍, അലി,ഖദീജ,ഫാത്തിമ,അലിയ്യ,ഉമ്മുകുല്‍സൂം എന്നിവരാണ് അദ്ദേഹത്തിന്റെ ആണ്‍, പെണ്‍ സന്താനങ്ങള്‍. (നൂറുല്‍ അബ്‌സ്വാര്‍-157)
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ ഹസനീ ഹുസൈനീ പരമ്പരകള്‍ ലോകത്ത് കര്‍ബലക്ക് ശേഷവും നിലനില്‍ക്കുന്നുണെ്ടന്നും ഇതിനു വിരുദ്ധമായ വാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...