Showing posts with label ഇസ്തിഗാസ ഉമർ ഖാസി. Show all posts
Showing posts with label ഇസ്തിഗാസ ഉമർ ഖാസി. Show all posts

Monday, March 19, 2018

ഇസ്തിഗാസ ഉമർ ഖാസി

ഇസ്തിഗാസ ഉമർ ഖാസി
ഖാസിയാരുടെ ആദര്‍ശനിഷ്ഠ●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഉമര്‍ഖാളി(റ) വിജ്ഞാനം നുകരുന്നത് പരമ്പരാഗത ഇസ്ലാമികധാരയില്‍ നിന്നാണ്. പൊന്നാനിയില്‍ ദര്‍സ് നടത്തിയിരുന്ന മമ്മിക്കുട്ടിഖാളി(റ), സയ്യിദ് അലവിതങ്ങള്‍ മമ്പുറം(റ) തുടങ്ങിയവരായിരുന്നു പ്രമുഖ ഗുരുനാഥര്‍. ആത്മീയ സരണിയില്‍ നിന്നുള്ള വിജ്ഞാനമാണ് മഹാന്‍ നേടിയതെന്നതിനാല്‍ പില്‍ക്കാല ജീവിതത്തിലും ചിന്തകളിലും ഈ വിശ്വാസാചാരങ്ങള്‍ സ്വാധീനിച്ചതു കാണാം. പാരമ്പര്യധാരയില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ ഉമര്‍ഖാളി(റ)വിനെ കൂടി അന്യം നിര്‍ത്തുകയാണ്. ഉമര്‍ഖാസി(റ) ജ്വലിപ്പിച്ചു നിര്‍ത്തിയ ആ ദര്‍ശനത്തിന് മതിയായ ഉദാഹരണങ്ങളാണ് അവിടുന്നു പുലര്‍ത്തിയ വീക്ഷണങ്ങളും രചിച്ച മഹാകാവ്യങ്ങളും. മഹാന്റെ രചനകളുടെ ചില ആശയവീക്ഷണങ്ങള്‍ വായിക്കുക.
തന്റെ ആത്മാവിനേക്കാള്‍ ആഭിമുഖ്യം നബി(സ്വ)ക്ക് നല്‍കിയ മഹാനായിരുന്നു ഖാസി. ജീവിതാമൃതായി കണ്ട തിരുനബിയുടെ പ്രകീര്‍ത്തനം ഹൃദയത്തില്‍ വിരിഞ്ഞതായിരുന്നു മഹാനവര്‍കളെ കാവ്യസാമ്രാജ്യത്തിലേക്കുയര്‍ത്തിയത്. കവിതയുടെ ആലങ്കാരിക ഭാവങ്ങള്‍ അവഗണിച്ച് ആത്മപ്രേയസന്റെ സമക്ഷത്തിലേക്ക് ചേരാനാണ് കവിതകളിലെ ഓരോ വരിയും കൊതിക്കുന്നത്; പ്രത്യേകിച്ച് “സ്വല്ലല്‍ഇലാഹു’’ എന്ന ബൈത്ത്. മദീനയില്‍ പ്രവാചക സമക്ഷത്തിലെത്തിയുള്ള അഭിസംബോധനത്തിന്റെ വിനയഭാവങ്ങളാണ് ആ കവിതകളില്‍ നിറഞ്ഞൊഴുകിയത്. ഒരു വരിയിങ്ങനെ: “അവിടുത്തെ അനുഗ്രഹാശിസ്സുകള്‍ക്കു പ്രതീക്ഷയര്‍പ്പിച്ച്, അവിടുത്തെ ഉമ്മറപ്പടിയില്‍ ഇതാ പാവം ഉമര്‍ നില്‍ക്കുന്നു’’‘’.
നബി(സ്വ) ഔദാര്യദായകരും പ്രതീക്ഷയര്‍പ്പിക്കാവുന്ന കേന്ദ്രവുമാണെന്നതാണീ വരികള്‍ പകര്‍ന്നുനല്‍കുന്ന പാഠം. അലങ്കാരത്തിന്റെ കേവലതകള്‍ക്ക് വഴിമാറ്റാന്‍ കഴിയാത്തവിധം ആത്മവീക്ഷണത്തിന്റെ ഋജുവായ വെളിപ്പെടുത്തലാണിത്. ഇത് ഒന്നുകൂടി പ്രഖ്യാപിക്കുന്നു അടുത്ത പ്രയോഗം: “ഭാവിഭൂതങ്ങളില്‍ അവിടുത്തെപ്പോലെ മറ്റൊരു ഔദാര്യകേന്ദ്രം ഇല്ലതന്നെ, എന്റെ തെറ്റുകളില്‍ ദുഃഖാര്‍ത്തനായി ഞാന്‍ പൊറുക്കലിനെത്തേടുന്നു’’. വിഷമമകറ്റാന്‍ തിരുനബിസവിധത്തിലേക്ക് യാചിക്കുന്നതാണീ വരികളില്‍ തെളിയുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുന്പ് വഫാത്തായ തിരുനബി(സ്വ)യെ അഭിസംബോധന ചെയ്യുന്നതോ ആഗ്രഹാഭിലാഷങ്ങള്‍ പറയുന്നതോ പ്രശ്ന ശമനങ്ങള്‍ക്കായി യാചിക്കുന്നതോ തൗഹീദിനു വിരുദ്ധമായി മഹാന്‍ കാണുന്നില്ല. പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണെന്ന പക്ഷക്കാരനുമല്ല. മറിച്ച്, വിനയപൂര്‍വമുള്ള അപേക്ഷയുടെ പാരമ്യതയില്‍നിന്ന് ബാഷ്പബിന്ദുക്കള്‍ ചേര്‍ന്നൊലിച്ച് കവിള്‍ത്തടത്തില്‍ ചാല് കീറുകയാണ്: “അവിടുത്തെ ഉമ്മറപ്പടിയില്‍ കരയുന്നത് കാരണം ഉദാരദാനങ്ങള്‍ കാംക്ഷിക്കുകയാണ്, വിതുമ്പല്‍തീര്‍ത്ത കണ്ണീര്‍ചാലുകള്‍ അതിന് സാക്ഷിയത്രെ’’.
മറ്റൊരുകാവ്യത്തില്‍ അദ്ദേഹം അല്ലാഹുവിനെ വിശേഷിപ്പിക്കുന്നതിങ്ങനെ: “അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു, ഭാവനകള്‍ക്ക് വശപ്പെടാത്തവനും ഏകനും അദ്വിതീയനുമാകുന്നു അവന്‍, അവനാണ് യഥാര്‍ത്ഥ ആരാധ്യന്‍, അവനില്‍ നിന്നാണ് സഹായം ലഭിക്കുക, പര്യാപ്തതയുള്ളത് അവനാണ്. മറ്റുള്ളവര്‍ അവന്റെ ആശ്രിതരത്രെ’’.
ഇത്രയും കറകളഞ്ഞ തൗഹീദിന്റെ രചനയും പ്രബോധനവും സാധ്യമാക്കിയ മഹാന് തൗഹീദിന്റെ പരിധിയും വിധിയും അറിയില്ലെന്ന് സങ്കല്‍പിക്കുക ന്യായമല്ല. തൗഹീദിന്റെ നാനാര്‍ത്ഥങ്ങളെ അറിഞ്ഞും ഉള്‍ക്കൊണ്ടും നിലനിര്‍ത്തിയുമാണ് അദ്ദേഹം തിരുനബി(സ്വ)യിലേക്ക് ചേരുന്നത്.
ഹൃദയതലങ്ങളില്‍ നിലകൊള്ളുന്ന തൗഹീദിന്റെ പ്രവാചകരും ദായകരുമായ നബി(സ്വ)യോട് സമീപിക്കേണ്ട കൃത്യമായ ശൈലി അവലംബിക്കുകയും പ്രകാശിപ്പിക്കുകയുമാണ് ഇവിടെ. അതിന് പരിധികള്‍ നിശ്ചയിച്ച് അപകടവീക്ഷണങ്ങള്‍ പുലര്‍ത്തുന്നതിന് പകരം മദീനയില്‍ ചെന്നപ്പോഴുള്ള നിലപാടിന്റെ വ്യക്തമായചിത്രമാണ് താഴെവരികള്‍.
“എന്റെ നയനങ്ങള്‍ ഉണങ്ങിയിട്ടില്ല, അവ കവിള്‍ത്തടത്തിലൂടെ ഒലിക്കുകയാണ്, നിദാന്തമായ പ്രവാചകാനുരാഗമാണതിന്റെ നിമിത്തം’’.
സ്നേഹാതുരമായ ഒരു മനസ്സില്‍നിന്ന് ഉയര്‍ന്നുവരുന്ന ബഹിര്‍പ്രകടനങ്ങള്‍ പ്രമാണ ബദ്ധമായി ഇലാഹീവിശ്വാസത്തിന്റെ നിബന്ധനയായി നിര്‍ദേശിക്കപ്പെട്ട പ്രവാചകാനുരാഗത്തിന്റെ അമൂര്‍ത്ത തലങ്ങളിലേക്കു വഴിതിരിക്കുകയാണ് കവി. അനുവാചകരിലും തൗഹീദിന്റെ മാറ്റും ഊക്കും ഇതു വര്‍ധിപ്പിക്കും. സാത്വികനും പരിജ്ഞാനിയും ആരാധനാനിരതനും മതവീക്ഷണത്തിന്റെ പ്രഖ്യാപനാധികാരം ചുമത്തപ്പെട്ട ഖാളിയുമായ ഈ മഹാത്മാവിന്റെ, മേല്‍വരികളെ തൗഹീദിന്റെ ഇതിവൃത്തത്തില്‍ നിന്ന് ബഹിഷ്കരിക്കാനുള്ള ശ്രമം വ്യര്‍ത്ഥമാണ്. ശരീരവും ആത്മാവും പോലെ മഹാത്മാവില്‍ ലയിച്ചുചേര്‍ന്ന നബിസ്നേഹത്തിന്റെ ശീലുകളെ മാറ്റിനിര്‍ത്തി ഉമര്‍ഖാളിയിലെ നവോത്ഥാന നായകനെ കണ്ടെത്താന്‍ കഴിയുകയില്ല. നബിസ്നേഹ പ്രകാശനത്തിന്റെയും പ്രവാചകര്‍(സ്വ)യോടുള്ള അഭ്യര്‍ത്ഥനകളുടെയും സുതാര്യവും പ്രമാണാധിഷ്ഠിതവുമായ സാധ്യതകളെ കൃത്യമായി വിനിയോഗിച്ച പണ്ഡിതകവിയാണ് ഉമര്‍ഖാളി(റ). ശിര്‍ക്ക് ആരോപണത്തിന്റെ നവീന തൗഹീദിനോട് നേരിയ പൊരുത്തംപോലും മഹാനുണ്ടായിരുന്നില്ല.
മദീന സന്ദര്‍ശനം നബി(സ്വ)യെ സിയാറത്ത് എന്ന ലക്ഷ്യത്തോടെ പാടില്ലെന്നും മദീനാ പള്ളിയെ ലക്ഷ്യം വെച്ചുകൊണ്ടാകാമെന്നുമുള്ള വഴിപിഴച്ച തൗഹീദുമായി ഉമര്‍ഖാളി(റ)ന്റെ കാഴ്ചപ്പാട് ഭിന്നമായിരുന്നു: “ഞാന്‍ നബി(സ്വ)യുടെ ഖബ്ര്‍ സന്ദര്‍ശനം ലക്ഷ്യം വെച്ച് മദീനയിലെത്തി, അവിടുത്തെ സുഗന്ധമാസ്വദിച്ച് ഞാന്‍ കുറെസമയം നിന്നു’’ എന്ന ഇമാം അബൂഹനീഫ(റ)ന്റെ ചുവടുപിടിച്ച ഒരു പ്രയോഗം കൂടിയാണിതെന്ന് വരുമ്പോള്‍ ഖാളിയുടെ തൗഹീദിന്റെ ആധികാരികത വ്യക്തമാകുന്നു.
നബി(സ്വ) ശിപാര്‍ശ ചെയ്യുന്ന നേതാവാണെന്നും ശിപാര്‍ശ തേടല്‍ പഥ്യമാണെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ അനുശാസിക്കുന്നു. ആ വഴിയില്‍ വെളിച്ചം പകരുന്ന ഹദീസുകളും ആയത്തുകളും നിരവധിയാണ്. ഇതേയര്‍ത്ഥത്തിലുള്ള പണ്ഡിതവചസ്സുകളും കാവ്യശകലങ്ങളും അനന്തരവും. എന്നാല്‍ നവനിര്‍മിത തൗഹീദുകാര്‍ക്ക് അത് സമ്മതമല്ല. എന്നാല്‍ ഉമര്‍ഖാളി(റ) ഇതിനെ എങ്ങനെ സമീപിക്കുന്നുവെന്ന് നോക്കാം.
തൗഹീദിന്റെ വിധിയും വിധവും വേണ്ടപോലെ മാല്യമാക്കിയ “നഫാഇസുദ്ദുറര്‍’’ സമാപിക്കുന്നന്നത് ഇങ്ങനെ: “സൃഷ്ടിശ്രേഷ്ഠരായ, ജാഹ് (മഹത്ത്വം) കൊണ്ട് പുനരുത്ഥാന ദിവസം എല്ലാവരുടെയും ആശ്രിതരുമായ നബിയേ, ആ വിഷമഘട്ടത്തില്‍ എന്നെ മറക്കരുതേ. വിജയം പ്രതീക്ഷിച്ചാണ് അങ്ങയുടെ വാതില്‍ക്കല്‍ ഞാന്‍ എത്തിയിരിക്കുന്നത്. എന്റെ യജമാനരായ നബിയേ, അവിടുത്തെ ഔദാര്യമാണെന്റെ പ്രതീക്ഷ, പ്രത്യേകിച്ചും ദരിദ്രര്‍ക്ക്. എനിക്കുള്ള സന്പാദ്യം നബിസ്നേഹവും പ്രകീര്‍ത്തനവുമാണ്. ഇത് രണ്ടുമല്ലാത്ത സന്പാദ്യങ്ങളില്ല, ഇതെത്ര നല്ല നീക്കിയിരുപ്പ് സ്വത്താണ്. എന്റെ മുഴുവന്‍ പാപങ്ങളും പൊറുക്കാന്‍ നബി(സ്വ)യെ ഇടയാളരാക്കി ഞാന്‍ ചോദിക്കുന്നു’’.
ശഫാഅത്ത് നിഷേധികള്‍ക്ക് കൂടി താക്കീത് നല്‍കുകയാണ് മഹാന്റെ “അല്ലഫല്‍ ആസ്വി’’ എന്ന കവിത. “ഗതികെട്ടലയുന്ന അന്ത്യനാളില്‍ ആരെ നിഷേധിച്ചാണോ വിമര്‍ശകര്‍ അപകടത്തിലായത്, അങ്ങനെയുള്ള, നബിയേ എനിക്ക് ശിപാര്‍ശ നല്‍കേണമേ’’.
വിനയത്തിന്റെ സകലഭാവങ്ങളും ഒരുമിച്ച് തിരുനബി(സ്വ)ക്ക് സമര്‍പ്പിച്ചാണ് കവി അപേക്ഷ നടത്തുന്നത്. ഈ ഭാവങ്ങളെ പ്രാമാണികമായി വഹിക്കുകയും നീതീകരിക്കുകയും ചെയ്യുന്നവരുടെ നേതൃത്വമാണ് ഉമര്‍ഖാളി(റ) വഹിക്കുന്നത്. ഒരിക്കലും അത് നവീനജാഢകളല്ലെന്നുറപ്പാണല്ലോ.
കര്‍മശാസ്ത്ര സരണിയില്‍ നാലില്‍ ഒരു മദ്ഹബ് അനുധാവനം ചെയ്യല്‍ നിര്‍ബന്ധമാണെന്നാണ് അഹ്ലുസ്സുന്നത്തിന്റെ വീക്ഷണം. എന്നാല്‍ ആര്‍ക്കും ഇജ്തിഹാദാവാമെന്ന വാദവും അല്‍പജ്ഞാനികളെ അനുധാവനം ചെയ്യുകയെന്ന പ്രായോഗികതയുമാണ് നവീന തൗഹീദുകാരുടേത്. എന്നാല്‍ പരിപൂര്‍ണമായും ശാഫിഈ വീക്ഷണം പിന്തുടര്‍ന്നു ജീവിച്ചു ഉമര്‍ഖാളി(റ). പ്രസ്തുത സരണിയില്‍ ജീവിച്ചതിനു പുറമെ തദനുസാരം രചനകള്‍ നിര്‍വഹിക്കുക കൂടി ചെയ്തു. “ഇഹ്കാമു അഹ്കാമിന്നികാഹ്’’ മികച്ച ഉദാഹരണം. മദ്ഹബിലെ തന്നെ മുന്‍ഗണനാക്രമങ്ങളെ കൃത്യമായി പാലിച്ചാണ് ഈ രചന നിര്‍വഹിച്ചത്.
മതപണ്ഡിതനായും മതനേതൃത്വമായും ഉമര്‍ഖാളി(റ)യെ വിലയിരുത്തുമ്പോള്‍ മഹാത്മാവിന്റെ മതനിലപാടുകള്‍ എന്തിനോടാണ് പൊരുത്തപ്പെടുന്നത് എന്നേ ചര്‍ച്ചയാക്കേണ്ടതുള്ളൂ. രാഷ്ട്രീയ സ്വാതന്ത്ര്യസമര വ്യക്തിത്വ വിശേഷണങ്ങള്‍ അതിന്റെ അനുബന്ധം മാത്രമാണ്. എന്നാല്‍ ചരിത്ര രേഖകളില്‍ മുഴച്ചു നിലനില്‍ക്കുന്നത് രണ്ടാമത് പറഞ്ഞ ഖാസിയുടെ പശ്ചാത്തലമാണ്. തങ്ങള്‍ക്ക് പഥ്യമുള്ള ഖാസിവായനയാണ് പലരും നടത്തിയതെന്നാണിതിനു നിദാനം. ബിദ്അത്തുകാരാണ് ഈ കോണില്‍ ഖാസിയെ അവതരിപ്പിക്കുന്നത്. എന്നാല്‍ ആശയപരമായി വിരുദ്ധ ചേരിയിലാണ് മഹാത്മാക്കള്‍ എന്നുവരുമ്പോള്‍ അവര്‍ ഉഴലുക സ്വാഭാവികം.
മഹാത്മാക്കളോടുള്ള സഹായ തേട്ടം നബി(സ്വ)യോട് വിഷമമറിയിക്കല്‍, പരിഹാരം തേടല്‍, പ്രവാചക സ്നേഹ പ്രകടനങ്ങള്‍, നബികീര്‍ത്തനത്തിന്റെ വിവിധ ഭാവങ്ങള്‍, മദ്ഹബുകളോടുള്ള കണിശത, കര്‍മശാസ്ത്ര സരണിയിലെ വിധേയത്വം എന്നീ പരമ്പരാഗ വിശ്വാസാചാര തലങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഉമര്‍ഖാളി(റ)യുടെ ചരിത്രം അപൂര്‍ണമായിരിക്കും.

മുഷ്താഖ് അഹ്മദ്

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...