Showing posts with label മുത്തലാഖ്. Show all posts
Showing posts with label മുത്തലാഖ്. Show all posts

Friday, February 9, 2018

മുത്തലാഖ് 1


മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാൽ
മുത്വലാഖിനെ കുറിച്ച് ഇന്ന് പലചർച്ചകളും നടക്കുമ്പോൾ എന്താണ് മുത്വലാഖ് എന്നും അതിന്റെ ഇസ്ലാമിക വീക്ഷണം എന്താണെന്ന് അറിയാത്ത ഒരുപാട് സുഹിർത്തുക്കൾ ഇമെയിലിലൂടെ ബന്ധപ്പെട്ടു ബ്ലോഗിലൂടെ വിശദമായ വിവരം നൽകണമെന്ന് അഭിപ്രായപ്പെട്ടതനുസരിച്ച് കിട്ടുന്ന ചെറിയ അവസരം ഇതിന്നുവേണ്ടി ഉപയോഗിക്കുന്നു.
ഹലാലായകാര്യങ്ങൾ വെച്ച് അല്ലാഹുവിനു ഏറ്റം ദേഷ്യമുള്ള കാര്യമാണ് വിവാഹമോചനമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.അതിനാൽ കഴിവിന്റെ പരമാവധി വിവാഹമോചനം ഒഴിവാക്കി വിശാല വീക്ഷണത്തോടെ ദാമ്പത്ത്യജീവിതം തുടരാനാണ് വിശുദ്ധ ഇസ്ലാമിന്റെ നിർദ്ദേശം. എന്നാൽ വിവാഹബന്ധം വേർപെടുത്താതെ കഴിയുകയില്ലെന്നു വരുമ്പോൾ ഉടനടി സന്ദിക്കണമെന്ന് തോന്നിയാൽ അതിനു പറ്റിയ വിധത്തിലായിരിക്കണം ത്വലാഖ് ചൊല്ലുന്നത്. അതിനുവേണ്ടിയാണ് മൂന്നു അവസരം വിശുദ്ധ ഇസ്ലാം നൽകിയിരിക്കുന്നത്. ഒരുതവണ ത്വലാഖ് ചൊല്ലിയാൽ ഇദ്ദ കഴിയുന്നതിനുമുമ്പ് വിവാഹം കൂടാതെയും ഇദ്ദക്ക് ശേഷം പുനർ വിവാഹത്തിലൂടെയും അവളെ തിരിച്ചെടുക്കാവുന്നതാണ്. തുടർന്ന് രണ്ടാം പ്രാവശ്യം ത്വലാഖ് ചൊല്ലിയാലും നിയമം ഇതു തന്നെ. എന്നാൽ രണ്ടു ത്വലാഖുകൾ ഒന്നിച്ചു ചൊല്ലിയാൽ തിരിച്ചെടുക്കാനുള്ള അവസരങ്ങളിൽ ഒന്ന് നഷ്ടപ്പെടും.
മൂന്നു ത്വലാഖ് ഒന്നിച്ച് ചൊല്ലുവാനുള്ള അധികാരം പുരുഷനുണ്ട്. എന്നാൽ മൂന്നു ഘട്ടങ്ങളിലായി ചൊല്ലലാണുത്തമം.എന്നാൽ മൂന്നും ഒന്നിച്ചുചൊല്ലിയാൽ മൂന്നു ത്വലാഖും സംഭവിക്കുന്നതാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളും ഏകോപിച്ചിരിക്കുന്നു. ഇമാം നവവി(റ ) എഴുതുന്നു:
ﻭﻗﺪ ﺍﺧﺘﻠﻒ ﺍﻟﻌﻠﻤﺎﺀ ﻓﻴﻤﻦ ﻗﺎﻝ ﻻﻣﺮﺃﺗﻪ ﺃﻧﺖ ﻃﺎﻟﻖ ﺛﻼﺛﺎ ﻓﻘﺎﻝ ﺍﻟﺸﺎﻓﻌﻲ ﻭﻣﺎﻟﻚ ﻭﺃﺑﻮ ﺣﻨﻴﻔﺔ ﻭﺃﺣﻤﺪ ﻭﺟﻤﺎﻫﻴﺮ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﺴﻠﻒ ﻭﺍﻟﺨﻠﻒ : ﻳﻘﻊ ﺍﻟﺜﻼﺙ . ﻭﻗﺎﻝ ﻃﺎﻭﺱ ﻭﺑﻌﺾ ﺃﻫﻞ ﺍﻟﻈﺎﻫﺮ : ﻻ ﻳﻘﻊ ﺑﺬﻟﻚ ﺇﻻ ﻭﺍﺣﺪﺓ . ﻭﻫﻮ ﺭﻭﺍﻳﺔ ﻋﻦ ﺍﻟﺤﺠﺎﺝ ﺑﻦ ﺃﺭﻃﺄﺓ ﻭﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ ﻭﺍﻟﻤﺸﻬﻮﺭ ﻋﻦ ﺍﻟﺤﺠﺎﺝ ﺑﻦ ﺃﺭﻃﺄﺓ ﺃﻧﻪ ﻻ ﻳﻘﻊ ﺑﻪ ﺷﻲﺀ ، ﻭﻫﻮ ﻗﻮﻝ ﺍﺑﻦ ﻣﻘﺎﺗﻞ ﻭﺭﻭﺍﻳﺔ ﻋﻦ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ . ‏( ﺷﺮﺡ ﺍﻟﻨﻮﻭﻱ ﻋﻠﻰ ﻣﺴﻠﻢ : ٢٢١ / ٥ ‏)
"നീ മൂന്ന് ത്വലാഖും പോയവളാണ്" എന്ന് തന്റെ ഭാര്യയോട് പറഞ്ഞവന്റെ കാര്യത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. ശാഫിഈ(റ), മാലിക്(റ), അബൂഹനീഫ(റ) എന്നിവരും സലഫ്-കലഫിൽ നിന്നുള്ള ബഹുഭൂരിഭാഗവും പറയുന്നത് മൂന്നു ത്വലാഖും സംഭവിക്കും എന്നാണു. ത്വാഊസും(റ) ളാഹിരിയത്തിൽ നിന്ന് ചിലരും പറയുന്നത് ഒന്ന് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് . ഹജ്ജാജുബ്നുഅർത്വാത്(റ) മുഹമ്മദുബ്നു ഇസ്ഹാഖ് (റ) എന്നിവരിൽ നിന്നും അങ്ങനെ ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാൽ അങ്ങനെ പറഞ്ഞാൽ ഒന്നും സംഭവിക്കുകയില്ലെന്നാണ് ഹജ്ജാജുബ്നുഅർത്വാത്(റ)ൽ നിന്ന് പ്രസിദ്ധമായ അഭിപ്രായം. ഇബ്നു മുഖാതിലി (റ)ന്റെ അഭിപ്രയവും മുഹമ്മദുബ്നു ഇസ്ഹാഖി (റ ) ൽ നിന്നുള്ള ഒരു റിപ്പോർട്ടും അതാണ്. (ശർഹുൽ മുസ്ലിം : 5/ 221 )
മൂന്നും ഒരുമിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്ന ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനുള്ള പ്രമാണം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:
അർത്ഥം:
"അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവൻ അവനോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനുശേഷം അല്ലാഹു പുതുതായി വല്ല കാര്യവും കൊണ്ടുവന്നേക്കുമോ എന്ന് നിനക്കറിയില്ല" എന്ന ഖുർആനിക വചനമാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാർ രേഖയായി സ്വീകരിക്കുന്നത്. പ്രസ്തുത വചനത്തിനു അവർ നൽകുന്ന വിശദീകരണമിതാണ്: 'ത്വലാഖ് ചൊല്ലിയവൻ അതിന്റെ പേരിൽ ഖേദിക്കാം. അപ്പോൾ ഭാര്യ അവനുമായി വേര്പിരിഞ്ഞതിനാൽ അവന് അവളെ മടക്കിയെടുക്കാൻ സാധിക്കില്ലെല്ലോ. അപ്പോൾ മൂന്നും ഒരുമിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കുകയില്ലെങ്കിൽ മടക്കിയെടുക്കാവുന്ന ത്വലാഖായി മാത്രമാണല്ലോ അത് സംഭവിക്കുക. അപ്പോൾ അവനു ഖേദിക്കേണ്ടതില്ലല്ലോ. റുകാന(റ) തന്റെ ഭാര്യയെ 'അൽബത്ത' ത്വലാഖ് ചൊല്ലിയ സംഭവവും അവർ രേഖയായി സ്വീകരിക്കുന്നു. നബി(സ) റുകാനയോട് നീ ഒന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് സത്യം ചെയ്തു ചോദിച്ചപ്പോൾ അതെ ഞാൻ ഒന്നുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് റുകാന(റ ) മറുപടി നൽകി. മൂന്നും ഉദ്ദേശിച്ചാൽ മൂന്നും സംഭവിക്കുമെന്നതിന് ഈ സംഭവം രേഖയാണ്.അല്ലാത്ത പക്ഷം റുകാന(റ)യെ സത്യം ചെയ്യിച്ചതിന് യാതൊരു അർത്ഥവും ഉണ്ടാവുകയില്ലല്ലോ. (ശർഹു മുസ്ലിം : 5/ 221 )
മൂന്നും ഒന്നിച്ച് ചൊല്ലിയാൽ ഒന്നുമാത്രമേ സംഭവിക്കുകയുള്ളൂ എന്നതിന് ആ വാദക്കാർ പ്രമാണമായി സ്വീകരിക്കുന്നത് ഇനിപ്പറയുന്ന ഹദീസാണ്.
അർത്ഥം:
"ഇബ്നു അബ്ബാസി(റ) ൽ നിന്നു നിവേദനം : നബി(സ)യുടെയും അബൂബക്റി(റ) ന്റെയും ഉമറി(റ) ന്റെ ഭരണത്തിൽ നിന്ന് രണ്ട് വർഷവും മൂന്ന് ത്വലാഖ് ഒന്നായിരുന്നു. അപ്പോൾ ഉമറുബ്നുൽ ഖത്വാബ്(റ) പറഞ്ഞു: "നിശ്ചയം ജനങ്ങൾ അവർക്ക് സാവകാശമുള്ളൊരു വിഷയത്തിൽ ദൃതികാണിച്ചിരിക്കുന്നു. അതിനാൽ അവരുടെ മേൽ നാം അത് (മൂന്ന് ത്വലാഖ്) നടപ്പാകുകയാണെങ്കിൽ'. അങ്ങനെ അവരുടെ മേൽ അദ്ദേഹം അത് നടപ്പാക്കി". (മുസ്ലിം :2689)
 ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) എഴുതുന്നു:
അർത്ഥം:
ഇബ്നു അബ്ബാസി(റ)ന്റെ ഈ ഹദീസാണ് ഇക്കൂട്ടർ പ്രമാണമായി സ്വീകരിക്കുന്നത്. ഇതിനു പുറമെ ഇബ്നു ഉമറി(റ) ന്റെ ഹദീസിന്റെ ചില റിവായത്തുകളിൽ, അദ്ദേഹം ആർത്തവമുള്ളപ്പോൾ മൂന്നു ത്വലാഖ് ചൊല്ലിയെന്നും അത് പരിഗണിച്ചില്ലെന്നും വന്നിട്ടുണ്ട്. ഇതിനും പുറമെ റുകാന(റ)യുടെ ഹദീസിൽ അദ്ദേഹം തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലിയെന്നും ഭാര്യയെ തിരിച്ചെടുക്കാൻ നബി(സ) അദ്ദേഹത്തോട് നിർദ്ദേശിച്ചുവെന്നും വന്നിട്ടുണ്ട്. അതും അവർ പ്രമാണമായി സ്വീകരിക്കുന്നു. (ശർഹു മുസ്ലിം : 5/ 221 )
പ്രസ്തുത ഹദീസുകൾക്കുള്ള മറുപടി ഇമാം നവവി(റ) വിവരിക്കുന്നു:
അർത്ഥം:
റുകാന(റ) ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലിയെന്നും നബി(സ) അതിനെ മൂന്നായി പരിഗണിച്ചെന്നും പ്രതിയോഗികൾ ഉദ്ധരിക്കുന്ന റിപ്പോർട്ട് അജ്ഞാതരെ തൊട്ടുള്ള ദുർബ്ബലമായ രിവായത്താണ് . അൽബത്ത ത്വലാഖാണ് അദ്ദേഹം ചൊല്ലിയതെന്ന റിപ്പോർട്ടാണ് ശരി. 'അൽബത്ത' എന്ന പ്രയോഗം ഒന്നിനും മൂന്നിനും സാധ്യതയുള്ളതാണ്. ദുർബ്ബലമായ ഈ രിവായത്തിന്റെ വക്താവ് 'അൽബത്ത' എന്ന പടം മൂന്നിനെ കാണിക്കുന്നതാണെന്ന് വിശ്വസിക്കുകയും താൻ മനസ്സിലാക്കിയ ആശയം ഉദ്ധരിക്കുകയും ചെയ്തതാകാനാണ് സാധ്യതകാണുന്നത്. അതിൽ അദ്ദേഹം പിഴക്കുകയും ചെയ്തു. ഇബ്നു ഉമർ(റ)യുടെ ഹദീസിന്റെ പ്രബലമായ റിപ്പോർട്ടുകൾ മുസ്ലിമും(റ)മറ്റും ഉദ്ധരിച്ചത് അദ്ദേഹം ഒരു ത്വലാഖ് ചൊല്ലി എന്നാണ്. (ശർഹു മുസ്ലിം : 5/221)
ഇബ്നു അബ്ബാസി(റ)ന്റെ ഹദീസിനുള്ള മറുപടി ഇമാം നവവി(റ) വിവരിക്കുന്നതിങ്ങനെ:
അർത്ഥം:
ഇബ്നു അബ്ബാസി(റ) ന്റെ ഹദീസിന് പണ്ഡിതന്മാർ പല വ്യാഖ്യാനങ്ങളും പറയുന്നുണ്ട്. അവയിൽ പ്രബലമായ വ്യാഖ്യാനമിതാണ്: ആദ്യകാലത്ത് ഒരാൾ തന്റെ ഭാര്യയോട് 'നീ തലാഖ് പോയവളാണ് നീ ത്വലാഖ് പോയവളാണ് നീ ത്വലാഖ് പോയവളാണ്' എന്നിങ്ങനെ മൂന്നു പ്രാവശ്യം പറയുകയും ശക്തിപ്പെടുത്താലോ മറ്റൊന്നുകൂടി കൊണ്ടുവരലോ ഉദ്ദേശിക്കാതിരിക്കുകയും ചെയ്താൽ ഒരു ത്വലാഖ് പോയതായി വിധിച്ചിരിക്കുന്നു. കാരണം അതുകൊണ്ടു മറ്റൊന്നുകൂടി സംഭവിക്കൽ ഉദ്ദേശിക്കൽ അക്കാലത്ത് നന്നേ കുറവായിരുന്നു. അതിനാൽ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുകയെന്ന സാധാരണയുള്ള നിലപാടായി അതിനെ കണ്ടു. ഉമർ(റ) ന്റെ കാലമായപ്പോൾ ജനങ്ങൾ ആ വാചകം കൂടുതലായി ഉപയോഗിക്കുകയും ഓരോന്നുകൊണ്ടും ഓരോ ത്വലാഖ് ഉദ്ദേശിക്കുകയും ചെയ്യാൻ തുടങ്ങി. അപ്പോൾ നിരുപാധികം അങ്ങനെ പറയുമ്പോൾ അക്കാലത്ത് മനസ്സിലേക്ക് വരുന്നത് മൂന്നായത് കൊണ്ട് മൂന്നും സംഭവിക്കുമെന്ന് വെച്ചു.
പ്രസ്തുത ഹദീസിന്റെ താല്പര്യം ഇനിപ്പറയുന്ന വിധമാണെന്നും അഭിപ്രായമുണ്ട്. ഒരു ത്വലാഖ് ചൊല്ലലായിരുന്നു ആദ്യകാലത്തുള്ള പതിവ്. ഉമരി(റ)ന്റെ കാലമായപ്പോൾ ജനങ്ങൾ മൂന്നും വന്നിച്ച് ചൊല്ലാൻ തുടങ്ങി. അപ്പോൾ അതിനെ മൂന്നായി തന്നെ ഉമർ(റ) നടപ്പാക്കുകയും ചെയ്തു. ഇതനുസരിച്ച് ജനങ്ങളുടെ സമ്പ്രദായത്തിൽ വന്ന മാറ്റമാണ് പ്രസ്തുത ഹദീസ് കാണിക്കുന്നത്. ഒരു വിഷയത്തിന്റെ നിയമത്തിൽ വന്ന മാറ്റമല്ല. (ശർഹ് മുസ്ലിം : 5/ 221)
ചുരുക്കിപ്പറഞ്ഞാൽ മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്നതിൽ ഉമർ(റ) ന്റെ കാലത്ത് സ്വഹാബികിറാം(റ) ഏകോപിച്ചിട്ടുമുണ്ട്. നാല് മദ്ഹബിന്റെ ഇമാമുകളും അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്.
വിവാഹ മോചനത്തിന്റെ വാചകം പറയുമ്പോൾ ഒന്നെന്നോ രണ്ടെന്നോ മൂന്നെന്നോ ഉദ്ദേശിച്ചാൽ അത്രെയും എണ്ണം സംഭവിക്കുന്നതാണ്. ഒരു നിശ്ചിത എണ്ണം ഉദ്ദേശിക്കാതെ വിവാഹ മോചനത്തിന്റെ വാചകം പറഞ്ഞാൽ ഒന്നുമാത്രമേ സംഭവിക്കുന്നതാണ് .
ഒന്നിച്ചോ തവണകളായോ മൂന്നു ത്വലാക്കുകൾ ചൊല്ലി ഒഴിവാക്കിയ സ്ത്രീയെ അവനു വിവാഹം കഴിക്കണമെങ്കിൽ ശരിയായ നിക്കാഹിലൂടെ അവൾ ഒരു ഭർത്താവിനെ സ്വീകരിക്കുകയും അവൻ അവളുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും പിന്നീട് അവൻ ത്വലാഖ് ചൊല്ലി അവളുടെ ഇദ്ദ കഴിയുകയും വേണം. ഇക്കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് . അല്ലാഹു പറയുന്നു.
ﺍﻟﻄَّﻠَﺎﻕُ ﻣَﺮَّﺗَﺎﻥِ ۖ ﻓَﺈِﻣْﺴَﺎﻙٌ ﺑِﻤَﻌْﺮُﻭﻑٍ ﺃَﻭْ ﺗَﺴْﺮِﻳﺢٌ ﺑِﺈِﺣْﺴَﺎﻥٍ ۗ ﻭَﻟَﺎ ﻳَﺤِﻞُّ ﻟَﻜُﻢْ ﺃَﻥ ﺗَﺄْﺧُﺬُﻭﺍ ﻣِﻤَّﺎ ﺁﺗَﻴْﺘُﻤُﻮﻫُﻦَّ ﺷَﻴْﺌًﺎ ﺇِﻟَّﺎ ﺃَﻥ ﻳَﺨَﺎﻓَﺎ ﺃَﻟَّﺎ ﻳُﻘِﻴﻤَﺎ ﺣُﺪُﻭﺩَ ﺍﻟﻠَّـﻪِ ۖ ﻓَﺈِﻥْ ﺧِﻔْﺘُﻢْ ﺃَﻟَّﺎ ﻳُﻘِﻴﻤَﺎ ﺣُﺪُﻭﺩَ ﺍﻟﻠَّـﻪِ ﻓَﻠَﺎ ﺟُﻨَﺎﺡَ ﻋَﻠَﻴْﻬِﻤَﺎ ﻓِﻴﻤَﺎ ﺍﻓْﺘَﺪَﺕْ ﺑِﻪِ ۗ ﺗِﻠْﻚَ ﺣُﺪُﻭﺩُ ﺍﻟﻠَّـﻪِ ﻓَﻠَﺎ ﺗَﻌْﺘَﺪُﻭﻫَﺎ ۚ ﻭَﻣَﻦ ﻳَﺘَﻌَﺪَّ ﺣُﺪُﻭﺩَ ﺍﻟﻠَّـﻪِ ﻓَﺄُﻭﻟَـٰﺌِﻚَ ﻫُﻢُ ﺍﻟﻈَّﺎﻟِﻤُﻮﻥَ * ﻓَﺈِﻥ ﻃَﻠَّﻘَﻬَﺎ ﻓَﻠَﺎ ﺗَﺤِﻞُّ ﻟَﻪُ ﻣِﻦ ﺑَﻌْﺪُ ﺣَﺘَّﻰٰ ﺗَﻨﻜِﺢَ ﺯَﻭْﺟًﺎ ﻏَﻴْﺮَﻩُ ۗ ﻓَﺈِﻥ ﻃَﻠَّﻘَﻬَﺎ ﻓَﻠَﺎ ﺟُﻨَﺎﺡَ ﻋَﻠَﻴْﻬِﻤَﺎ ﺃَﻥ ﻳَﺘَﺮَﺍﺟَﻌَﺎ ﺇِﻥ ﻇَﻨَّﺎ ﺃَﻥ ﻳُﻘِﻴﻤَﺎ ﺣُﺪُﻭﺩَ ﺍﻟﻠَّـﻪِ ۗ ﻭَﺗِﻠْﻚَ ﺣُﺪُﻭﺩُ ﺍﻟﻠَّـﻪِ ﻳُﺒَﻴِّﻨُﻬَﺎ ﻟِﻘَﻮْﻡٍ ﻳَﻌْﻠَﻤُﻮﻥَ .
അർഥം:
(മടക്കിയെടുക്കാന് അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില് മര്യാദയനുസരിച്ച് കൂടെ നിര്ത്തുകയോ, അല്ലെങ്കില് നല്ല നിലയില് പിരിച്ചയക്കുകയോ ആണ് വേണ്ടത്. നിങ്ങള് അവര്ക്ക് (ഭാര്യമാര്ക്ക്) നല്കിയിട്ടുള്ളതില് നിന്നു യാതൊന്നും തിരിച്ചുവാങ്ങാന് നിങ്ങള്ക്ക് അനുവാദമില്ല. അവര് ഇരുവര്ക്കും അല്ലാഹുവിന്റെ നിയമപരിധികള് പാലിച്ചു പോരാന് കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്ക്ക് (ദമ്പതിമാര്ക്ക്) അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കുവാന് കഴിയില്ലെന്ന് നിങ്ങള്ക്ക് ഉല്ക്കണ്ഠ തോന്നുകയാണെങ്കില് അവള് വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില് അവര് ഇരുവര്ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല് അവയെ നിങ്ങള് ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമപരിധികള് ആര് ലംഘിക്കുന്നുവോ അവര് തന്നെയാകുന്നു അക്രമികള്. ഇനിയും (മൂന്നാമതും) അവന് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില് അതിന് ശേഷം അവളുമായി ബന്ധപ്പെടല് അവന് അനുവദനീയമാവില്ല; അവള് മറ്റൊരു ഭര്ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന് (പുതിയ ഭര്ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില് (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില് അവരിരുവര്ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.(അൽബഖറ : 229 -230 )
മൂന്നു ത്വലാഖുകൾ ചൊല്ലുന്ന പ്രവണതയിൽ നിന്ന് ഭർത്താക്കന്മാരെ അകറ്റിനിര്ത്തുകയാണ് ഈ നിയമത്തിന്റെ പിന്നിലുള്ളത്.
വിശുദ്ധ റമളാന്റെ അവസാനത്തെ പത്തും തീരാറായിക്കൊണ്ടിരിക്കുന്നു. ഞിങ്ങളുടെ ഈ മാസത്തിലെ വിലപ്പെട്ട ദുആയിൽ ഈ വിനീതനെയും ഉൾപ്പെടുത്താൻ മറക്കരുത്.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...