Showing posts with label കര്‍ബല ചരിത്രത്തിലെ സത്തും മിത്തും● 0 COMMENTS. Show all posts
Showing posts with label കര്‍ബല ചരിത്രത്തിലെ സത്തും മിത്തും● 0 COMMENTS. Show all posts

Friday, April 27, 2018

കര്‍ബല ചരിത്രത്തിലെ സത്തും മിത്തും● 0 COMMENTS


കര്‍ബല ചരിത്രത്തിലെ സത്തും മിത്തും● 0 COMMENTS
🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0
അലവിക്കുട്ടി ഫൈസി എടക്കര
നാലു ഖലീഫമാര്‍ക്ക് ശേഷം അല്‍പകാലം ഹസന്‍(റ) ഖലീഫയാെയങ്കിലും വൈകാതെ അദ്ദേഹം മുആവിയ(റ)ന് വേണ്ടി സ്ഥാനത്യാഗം ചെയ്യുകയുണ്ടായി. മുആവിയ(റ)യുടെ ഭരണം രണ്ടു ദശാബ്ദം നീണ്ടുനിന്നു. ജനോപകാരപ്രദമായ അനേകം പരിഷ്കാരങ്ങള്‍നടത്താനദ്ദേഹത്തിന് സാധിച്ചിരുന്നു. തനിക്കു ശേഷം ഹസന്‍(റ) ഖലീഫയായിരിക്കുമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചിരുന്നെങ്കിലും ഹിജ്റ 49ല്‍മദീനയില്‍വെച്ച് ഹസന്‍(റ) ശഹീദായതോടെ ആ തീരുമാനം നടപ്പാകാതെ പോയി. ഹസന്‍(റ)ന്റെ സഹോദരനും നബി പൗത്രനുമായ ഹുസൈന്‍(റ) ജീവിച്ചിരിക്കെ തന്നെ മുആവിയ(റ) തന്റെ പിന്‍ഗാമിയും കിരീടാവകാശിയുമായി പുത്രന്‍യസീദിനെ നിശ്ചയിക്കുകയുണ്ടായി. ഹിജ്റ 56ലായിരുന്നു ഇത്, മുആവിയയുടെ മരണത്തിന് അഞ്ചുവര്‍ഷം മുമ്പ്.
യസീദിനെ കിരീടാവകാശിയായി നിശ്ചയിച്ച വിവരം രാഷ്ട്രത്തിന്റെ എല്ലാ മേഖലകളിലേക്കും അറിയിച്ചു. പക്ഷേ, മദീനയിലെ ചില പ്രധാനികള്‍അത് അംഗീകരിക്കാന്‍വിസമ്മതിച്ചു. മുആവിയ തന്നെ മദീനയില്‍വന്ന് അവരെ നിശ്ശബ്ധരാക്കി. ഇതോടെ ഖിലാഫത്ത് അതിന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍നിന്നും രാജാധിപത്യത്തിന്റെ ശൈലിയിലേക്കു മാറി. തുടര്‍ന്ന് യസീദും തന്റെ പുത്രന്‍മുആവിയയെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. മുആവിയ രണ്ടാമന്‍എന്നാണിദ്ദേഹം വിളിക്കപ്പെടുന്നത്. ഇദ്ദേഹം പക്ഷേ, 40 ദിവസം മാത്രമേ അധികാരത്തിലിരുന്നുള്ളൂ. അക്കാലത്തും അദ്ദേഹം ശയ്യാവലംബിയായ രോഗിയായിരുന്നു. അതിനാല്‍ഭരണകാര്യങ്ങളില്‍നേരിട്ട് ഇടപെട്ടിരുന്നില്ല. പിന്‍ഗാമിയെ പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം വഫാത്തായത്. യസീദിന്റെ പുത്രനായിരുന്നെങ്കിലും പിതാവിന്റെ ക്രൗര്യമൊന്നും മുആവിയ രണ്ടാമനുണ്ടായിരുന്നില്ലെന്നാണ് ചരിത്രം. കിരീടാവകാശിയെ പ്രഖ്യാപിക്കാന്‍സമ്മര്‍ദ്ദമുണ്ടായിട്ടും അദ്ദേഹം തയ്യാറാവാതിരുന്നതും അതുകൊണ്ടാണെന്നാണ് വിലയിരുത്തല്‍.
മുആവിയ(റ) യസീദിനെ പിന്‍ഗാമിയായി വാഴിച്ചതില്‍അസംതൃപ്തിയുള്ള മദീനാവാസികള്‍അദ്ദേഹത്തെ ഖലീഫയായി അംഗീകരിച്ച് ബൈഅത്ത് ചെയ്യാന്‍തയ്യാറായിരുന്നില്ല. അവരെ നിര്‍ബന്ധപൂര്‍വം ബൈഅത്ത് ചെയ്യിക്കാന്‍യസീദ് മദീനയിലെ ഗവര്‍ണര്‍വലീദ്ബ്നു ഉത്ബത്തിനെ ചുമതലപ്പെടുത്തി. അബ്ദുല്ലാഹിബ്നു സുബൈര്‍(റ), ഹുസൈന്‍(റ) എന്നിവര്‍ബൈഅത്ത് ചെയ്യാന്‍കൂട്ടാക്കാതെ മദീനയില്‍നിന്നും രഹസ്യമായി മക്കയിലേക്ക് പുറപ്പെടുകയുണ്ടായി.
മദീനാ ഗവര്‍ണര്‍അവരെ പിടിക്കാന്‍ആളയച്ചെങ്കിലും 30 പേരുള്ള സംഘത്തിന് വിജയിക്കാനായില്ല. വഴിയില്‍അബവാഇല്‍വെച്ച് അവരെ കണ്ടുമുട്ടിയ ഇബ്നു ഉമര്‍(റ) മദീനയിലേക്ക് തിരിച്ചുവരാന്‍ആവശ്യപ്പെട്ടെങ്കിലും ഇരുവരും യാത്ര തുടര്‍ന്നു. ഹുസൈന്‍(റ) മക്കയില്‍അബ്ബാസ്(റ)ന്റെ വീട്ടില്‍താമസമാക്കി. ഇബ്നുസുബൈര്‍(റ) കഅ്ബയുടെ പരിസരത്തും കഴിഞ്ഞുകൂടി.
മക്കയിലെത്തിയ ഹുസൈന്‍(റ)നെ ജനങ്ങള്‍സന്ദര്‍ശിച്ചുകൊണ്ടിരുന്നു. നബി(സ്വ)യുടെ പരിലാളനയേല്‍ക്കാന്‍ഏറെ ഭാഗ്യമുണ്ടായവരെന്ന നിലക്ക് കൂടിയായിരുന്നു ഈ സന്ദര്‍ശക ബാഹുല്യം. അന്ന് അദ്ദേഹത്തോളം മഹത്ത്വമുള്ളവര്‍ജീവിച്ചിരുന്നില്ലെന്നതും കാരണമായി. അബ്ദുല്ലാഹിബ്നുസ്സുബൈര്‍(റ)വും ഇടക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്നു. ഹുസൈന്‍(റ) ഉണ്ടായിരിക്കെ സ്വന്തമായെന്തെങ്കിലും നിലപാട് പരസ്യമായി പ്രഖ്യാപിക്കാതിരിക്കാന്‍അദ്ദേഹം ശ്രദ്ധിച്ചു. മക്കയില്‍യസീദിന്റെ ഗവര്‍ണറായ അംറിബ്നു സഈദിനെ അംഗീകരിക്കാതെ കഅ്ബയില്‍അഭയാര്‍ത്ഥിയായി കഴിഞ്ഞു അദ്ദേഹം.
യസീദിനെ ബൈഅത്ത് ചെയ്യാതെ, മാറിനിന്നവര്‍ക്ക് അതിന് ന്യായങ്ങളുണ്ടായിരുന്നു. യസീദിന്റെ ദുര്‍നടപടികളും അതിനു കാരണമാണ്. പ്രത്യക്ഷമായി യസീദിനെ പിന്തുണച്ച് കൂടെന്ന് അവര്‍തീരുമാനിച്ചു. പക്ഷേ, ബനൂ ഉമയ്യത്ത് പക്ഷപാതത്തിലും വംശചിന്തയിലും ഏറെ മുന്നിലായിരുന്നതിനാല്‍എന്തിനും തയ്യാറായിരുന്നു അവര്‍. ഇതുമൂലം രാജ്യത്ത് സംഘര്‍ഷാവസ്ഥ ഘനീഭവിച്ചുനിന്നു. ഹുസൈന്‍(റ) തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളുമായി മുന്നോട്ടു പോയി. നിലപാടില്‍മാറ്റം വരുത്താന്‍അദ്ദേഹം തയ്യാറാവാതിരുന്നത് കുഴപ്പവും നാശവും സൃഷ്ടിക്കാന്‍വേണ്ടിയായിരുന്നില്ല. പക്ഷേ, ദുഃഖകരമായ പരിണതിയിലേക്കാണ് ഇവയെല്ലാം ചെന്നെത്തിയത്. നബി(സ്വ) മുന്നറിവ് നല്‍കിയ കുഴപ്പത്തിലേക്കായിരുന്നു പ്രയാണം.
ഇതേ സമയം തന്നെ കൂഫയിലെ ജനങ്ങളും യസീദിനെ അംഗീകരിക്കാന്‍വൈമുഖ്യം കാണിച്ചു. ഹുസൈന്‍(റ) ബൈഅത്ത് ചെയ്യാതെ മക്കയില്‍കഴിയുകയാണെന്നറിഞ്ഞപ്പോള്‍അദ്ദേഹത്തെ തങ്ങളുടെ നേതാവായി വാഴിക്കാന്‍അവര്‍താല്‍പര്യപ്പെട്ടു. സുലൈമാനുബ്നുസ്വര്‍ദ്(റ)ന്റെ വീട്ടില്‍യോഗം ചേര്‍ന്ന് ഹുസൈന്‍(റ)നെ കൂഫയിലേക്ക് ക്ഷണിക്കുന്നതിന് കത്തെഴുതാന്‍അവര്‍തീരുമാനിച്ചു. തുടര്‍ന്ന് പല പ്രാവശ്യം വ്യത്യസ്ത വ്യക്തികള്‍മുഖേന ഹുസൈന്‍(റ)വില്‍സമ്മര്‍ദം ചെലുത്തി. ബൈഅത്ത് ചെയ്യാന്‍തയ്യാറുള്ളവരുടെ പേരുവിവരങ്ങള്‍ഉള്‍ക്കൊള്ളുന്ന ലിസ്റ്റുകള്‍വരെ അവര്‍തയ്യാറാക്കി സന്ദേശങ്ങള്‍ക്കൊപ്പം അയച്ചുകൊടുത്തു. പ്രതിനിധികള്‍കൊണ്ടുവന്ന എല്ലാ കത്തിലും തങ്ങള്‍ക്കൊരു മതനേതൃത്വമില്ലെന്നും അങ്ങ് സ്ഥാനം ഏറ്റെടുക്കണമെന്നും ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു. മതപരമായി നേതൃത്വം നല്‍കാനാളില്ലാതെ ആ നാട് നശിക്കുന്നത് ഹുസൈന്‍(റ) ഗൗരവമായി കണ്ടു. ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹം മറുപടി സന്ദേശമയച്ചു.
ഹാനിഅ്, സഈദ് എന്നീ പ്രമുഖരായ പ്രതിനിധികള്‍വശമാണത് കൊടുത്തയച്ചത്. അതില്‍ഹുസൈന്‍(റ) എഴുതി: ഹാനിഉം സഈദും നിങ്ങളുടെ സന്ദേശവുമായി ഇവിടെ വന്നു. ഇതിനു മുന്പും ധാരാളം പേര്‍ഇതേയാവശ്യവുമായി വന്നിട്ടുണ്ട്. നിങ്ങളുടെ ആവശ്യങ്ങളും സ്ഥിതിഗതികളും ഞാന്‍മനസ്സിലാക്കുന്നു. ഒരു അമീറിന്റെ അഭാവം പരിഹരിക്കാന്‍ഞാന്‍അങ്ങോട്ട് വരണമെന്നതാണല്ലോ നിങ്ങളുടെ ആവശ്യം. അതിനാല്‍സ്ഥിതിഗതികള്‍നേരിട്ടറിയാന്‍എന്റെ പിതൃവ്യപുത്രനെ ഞാന്‍അങ്ങോട്ടയക്കുന്നുണ്ട്. നിങ്ങളുടെ ശരിയായ നിലപാട് അദ്ദേഹത്തെ അറിയിക്കുക. പ്രതികരണം അനുകൂലമെങ്കില്‍ഞാന്‍വരാം (അത്ത്വിബ്രി).
കത്തില്‍വ്യക്തമാക്കിയതുപോലെ മുസ്‌ലിമുബ്നു അഖീല്‍(റ)നെ അദ്ദേഹം കൂഫയിലേക്ക് അയച്ചു. അദ്ദേഹം മദീനയില്‍ചെന്നു നബി(സ്വ)യെ സിയാറത്ത് ചെയ്താണ് യാത്രയായത്. വഴികാട്ടികളായി രണ്ടുപേരെയും കൂടെ അയച്ചെങ്കിലും വഴിതെറ്റി വെള്ളംതീര്‍ന്ന് ഇരുവരും മരണപ്പെടുകയുണ്ടായി. എന്നാല്‍ഹുസൈന്‍(റ)ല്‍നിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് മുസ്‌ലിം(റ) കൂഫയിലേക്ക് യാത്ര തുടര്‍ന്നു.
കൂഫയിലെത്തിയ മുസ്‌ലിം(റ)നെ അവര്‍വളരെ ആദരവോടെ സ്വീകരിച്ചു. അവരുടെ പിന്തുണയും നിലപാടും അറിയിച്ചു. ആയിരക്കണക്കിനാളുകള്‍അദ്ദേഹം മുഖേന ഹുസൈന്‍(റ)നെ ബൈഅത്ത് ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഈ വിവരം അദ്ദേഹം മക്കയിലേക്ക് അറിയിച്ചു. മുസ്‌ലിം(റ)ന്റെ സാന്നിധ്യവും കൂഫക്കാരുടെ അദ്ദേഹത്തോടുള്ള സമീപനവും ഗവര്‍ണറെ പ്രയാസത്തിലാക്കി. നുഅ്മാനുബ്നു ബശീര്‍(റ) ആയിരുന്നു ഗവര്‍ണര്‍. അദ്ദേഹം ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ പ്രസംഗിച്ചു:
“കുഴപ്പവും ഭിന്നിപ്പുമുണ്ടാക്കരുത്. അത് ആള്‍നാശമുണ്ടാക്കുകയും രക്തച്ചൊരിച്ചിലിനും സമ്പത്തുക്കള്‍കവര്‍ച്ച ചെയ്യപ്പെടുന്നതിനും കാരണമാകും. എന്നോട് യുദ്ധത്തിന് വന്നെങ്കിലല്ലാതെ ഞാന്‍യുദ്ധം ചെയ്യില്ല. എനിക്കെതിരെ വരാത്തവര്‍ക്കു നേരെ ഞാന്‍വരികയുമില്ല. ഉറങ്ങുന്നവരെ ഞാനുണര്‍ത്തില്ല. നിങ്ങളോട് അതിക്രമം കാണിക്കില്ല. സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരില്‍ഞാന്‍ആരെയും പിടികൂടുകയില്ല. പക്ഷേ, നിങ്ങള്‍ഇമാമിനെതിരാവുകയും ബൈഅത്ത് പൊളിക്കുകയും ചെയ്താല്‍അല്ലാഹു സത്യം, ഈ വാളുകൊണ്ട് ഞാന്‍നേരിടും. ആരും എന്നെ സഹായിക്കാനുണ്ടായില്ലെങ്കിലും’ (അല്‍കാമില്‍).
ശാന്തനും ശുദ്ധനുമായ നുഅ്മാന്‍(റ)ന്റെ ഈ പ്രഖ്യാപനം പക്ഷേ, ബനൂഉമയ്യ പക്ഷപാതിയായ അബ്ദുല്ലാഹിബ്നു മുസ്‌ലിമിന് രസിച്ചില്ല. അദ്ദേഹം ഗവര്‍ണറെ ആക്ഷേപിച്ചു. ഗവര്‍ണര്‍അതിനോട് പ്രതികരിച്ചതിങ്ങനെ: “അല്ലാഹുവിന് വഴിപ്പെടുന്നതില്‍ദുര്‍ബലനാവുന്നതാണ് അല്ലാഹുവിനെ ധിക്കരിക്കുന്നതില്‍യോഗ്യനാവുന്നതിനേക്കാള്‍ഞാനിഷ്ടപ്പെടുന്നത് (അല്‍കാമില്‍). ഇതുകേട്ട് അബ്ദുല്ല നുഅ്മാനു പകരം കരുത്തനായ ഒരാളെ കൂഫയില്‍ഗവര്‍ണറാക്കണമെന്ന് യസീദിനെഴുതി. പ്രാപ്തനായ ഒരാളെ ലഭിക്കായ്കയാല്‍തനിക്ക് പൂര്‍ണ സംതൃപ്തിയില്ലെങ്കിലും പരുക്കന്‍സ്വഭാവക്കാരനായ ബസ്വറയിലെ ഗവര്‍ണര്‍ഉബൈദുല്ലാഹിബ്നു സിയാദിനെ കൂഫയിലേക്ക് മാറ്റി. അദ്ദേഹം തന്റെ സ്ഥാനത്ത് സഹോദരനെ പ്രതിഷ്ഠിച്ച് ബസ്വറക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കൂഫയിലേക്ക് പുറപ്പെട്ടു.
കൂഫയിലെ ജനങ്ങള്‍ഹുസൈന്‍(റ)നെ കാത്തിരിക്കുകയായിരുന്നു. ഗവര്‍ണറെ മാറ്റിയതിനെക്കുറിച്ച് അവര്‍ക്കൊരു വിവരവുമുണ്ടായിരുന്നില്ല. അതിനാല്‍പുതിയൊരാളുടെ വരവ് അവരെ സന്തുഷ്ടരാക്കി. അവര്‍കരുതിയത് ഹുസൈന്‍(റ)വാണ് വന്നെത്തിയതെന്നാണ്. അതിനാല്‍ഓരോ വീട്ടുകാരും സന്തോഷമറിയിക്കുകയും സലാം പറഞ്ഞ് നബിപൗത്രന് മര്‍ഹബയോതുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍വന്നത് കൂഫയിലേക്ക് ഗവര്‍ണറായി നിയുക്തനായ ഇബ്നുസിയാദായിരുന്നു. ഗവര്‍ണര്‍ക്ക് കൂഫക്കാരുടെ മനഃസ്ഥിതി നേരിട്ടറിയാന്‍ഇതു കാരണമായി. അദ്ദേഹം തന്റെ നിയമനവും അധികാരവും വിളംബരം ചെയ്തു പ്രസംഗിച്ചു (അത്ത്വിബ്രി).
പുതിയ ഗവര്‍ണറുടെ വരവും പ്രഖ്യാപനവും അറിഞ്ഞ മുസ്‌ലിം(റ) വീടുകള്‍മാറിമാറിത്താമസിച്ചു. മുസ്‌ലിമിനെ പിടികൂടാന്‍ഗവര്‍ണര്‍പല ശ്രമങ്ങളും നടത്തി. അവസാനം തന്റെ മുന്‍അടിമയെ 3000 ദിര്‍ഹം നല്‍കി മുസ്‌ലിം(റ)നെ കണ്ടുപിടിക്കാനേല്‍പ്പിച്ചു. മുസ്‌ലിം(റ)ന്റെ അനുയായികളെ സമീപിച്ച് ശാമില്‍നിന്നും ബൈഅത്തിനായി വന്നതാണെന്നും ഈ 3000 ദിര്‍ഹം അവര്‍ക്ക് നല്‍കാനുള്ളതാണെന്നും പറഞ്ഞു. സത്യമാണെന്ന് കരുതി, അവനെ അവര്‍മുസ്‌ലിം(റ)ന്റെ അടുക്കലെത്തിച്ചു. അങ്ങനെ അഭയം നല്‍കിയിരുന്ന ഹാനിഇനെ ഇബ്നുസിയാദിന്റെ ശിങ്കിടികള്‍പിടികൂടി തടങ്കലിലാക്കി. മുസ്‌ലിം(റ)ന്റെ നേതൃത്വത്തില്‍നാലായിരം ആളുകള്‍ഇബ്നു സിയാദിന്റെ കൊട്ടാരം വളഞ്ഞു.
ഇബ്നുസിയാദ് തന്റെ കൂടെയുള്ളവര്‍ക്ക് സമ്മാനങ്ങള്‍വാഗ്ദാനം ചെയ്ത് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ഏല്‍പ്പിച്ചു. അവര്‍സ്ത്രീകളെയും മറ്റും സമീപിച്ച് ശാമില്‍നിന്ന് വലിയ സൈന്യം വരുന്നുവെന്ന് ഭയപ്പെടുത്തി. അങ്ങനെ സ്ത്രീകള്‍വന്ന് തങ്ങളുടെ മക്കളെയും പുരുഷന്മാര്‍സ്വന്തം സഹോദരങ്ങളെയും കൊണ്ടുപോയിക്കൊണ്ടിരുന്നു. അവസാനം മുപ്പതാളുകളും മുസ്‌ലിം(റ)വും മാത്രം ബാക്കിയായി. വൈകാതെ അവരും പിരിഞ്ഞുപോയി. മുസ്‌ലിം(റ) ഒറ്റപ്പെട്ടു. നിര്‍വാഹമില്ലാതെ അദ്ദേഹം അവിടെനിന്ന് ഓടി. അദ്ദേഹത്തെ അറിയുന്നതായി പോലും ആരും ഭാവിച്ചില്ല, സഹായിച്ചുമില്ല. എങ്കിലും ഒരു സ്ത്രീ തന്റെ അയല്‍പക്കത്തുള്ള വീട്ടില്‍അഭയം നല്‍കാന്‍തയ്യാറായി. പക്ഷേ, അവരുടെ മകന്‍വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ഗവര്‍ണര്‍ഒരു സംഘത്തെ അയച്ച് അഭയം നല്‍കാമെന്ന വ്യാജേന കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
ഇബ്നുസിയാദിന്റെ മുന്നില്‍ഹാജരാക്കി ചോദ്യം ചെയ്തപ്പോള്‍അദ്ദേഹം സത്യം പറഞ്ഞു: ഹുസൈന്‍(റ)നെ ബൈഅത്ത് ചെയ്യാനാണ് തീരുമാനം. ഇബ്നുസിയാദ് വധഭീഷണി മുഴക്കിയപ്പോള്‍തനിക്ക് വസ്വിയ്യത്ത് ചെയ്യാനവസരം നല്‍കണമെന്നദ്ദേഹമാവശ്യപ്പെട്ടു. അങ്ങനെ അവിടെയുണ്ടായിരുന്ന ഉമറുബ്നു സഅ്ദ്ബ്നു അബീ വഖാസിനോട്, കൂഫയിലേക്ക് വരരുതെന്നും മക്കയിലേക്കു തന്നെ തിരിച്ചുപോവണമെന്നും അറിയിക്കാന്‍ഹുസൈന്‍(റ)ന്റെയടുത്തേക്ക് ആളയക്കണമെന്ന് വസ്വിയ്യത്ത് ചെയ്തു. ശേഷം അദ്ദേഹം വധിക്കപ്പെട്ടു. ഹാനിഉം വധിക്കപ്പെട്ടു. ഇരുവരുടെയും ശിരസ്സുകള്‍യസീദിന്റെ അടുത്തേക്കയച്ചു (അസ്സിഖാത്ത്).
വധിക്കപ്പെടുന്നതിന്റെ 27 ദിവസം മുന്പാണ് ഹുസൈന്‍(റ)നോട് കൂഫയിലേക്ക് പുറപ്പെടാനാവശ്യപ്പെടുന്ന കത്ത് മുസ്‌ലിം(റ) അയക്കുന്നത്. അതു ലഭിച്ച് ദുല്‍ഹിജ്ജ എട്ടിന് അദ്ദേഹം മക്കയില്‍നിന്ന് പുറപ്പെട്ടു. നബികുടുംബത്തില്‍പെട്ട സ്ത്രീകളും കുട്ടികളുമടക്കം 72 ആളുകള്‍കൂടെയുണ്ടായിരുന്നു. വിവരമറിഞ്ഞ് മക്കയിലെ ഗവര്‍ണര്‍അംറുബ്നു സഈദ്(റ) അഭയം നല്‍കാമെന്നും പോകരുതെന്നും ആവശ്യപ്പെട്ടെങ്കിലും ഹുസൈന്‍(റ) മുന്നോട്ടുപോയി (അത്തിബ്രി).
വഴിയില്‍വെച്ച് സുപ്രസിദ്ധ കവിയായ ഫറസ്ദഖിനെ കണ്ടപ്പോള്‍കൂഫയിലെ സ്ഥിതി അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: “അവര്‍താങ്കളെ തിരസ്കരിക്കും. അങ്ങു ചെല്ലുന്ന ജനതയുടെ ഹൃദയം നിങ്ങളോടൊപ്പമാണെങ്കിലും അവരുടെ കൈകള്‍അങ്ങേക്കെതിരായിരിക്കും.’
പക്ഷേ, ഹുസൈന്‍(റ)നെ സംബന്ധിച്ചിടത്തോളം മുന്നോട്ടുപോകാന്‍ന്യായങ്ങളുണ്ടായിരുന്നു. അതില്‍പ്രധാനമായി പരിഗണിക്കാവുന്നതാണ് അബ്ദുല്ലാഹിബ്നു സുബൈര്‍(റ)നോട് ഹുസൈന്‍(റ) പറഞ്ഞത്: മക്കയില്‍നിന്ന് ഒരു ചാണെങ്കിലും പുറത്തുവെച്ച് ഞാന്‍വധിക്കപ്പെടുന്നതാണ് അവിടെവെച്ച് വധിക്കപ്പെടുന്നതിനേക്കാള്‍എനിക്കിഷ്ടം. അല്ലാഹു സത്യം, ഞാനെത്ര അഭയസ്ഥാനത്തായാലും അവരെന്നെ പിടികൂടി കൊല്ലുകതന്നെ ചെയ്യും (അല്‍കാമില്‍).
ഒരു വിഘടിത വിഭാഗത്തിന്റെ ആക്രമണത്തില്‍താന്‍വധിക്കപ്പെടുമെന്ന് നേരത്തെ അറിവ് ലഭിച്ചിട്ടുള്ള അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഭൂമിക്ക് അകത്ത് അക്രമം അരങ്ങേറുന്നത് അഹിതമായിരുന്നു. മക്കയുടെ പവിത്രത കളങ്കപ്പെടുത്താന്‍അതു കാരണമാവുന്നതിനാല്‍പ്രത്യേകിച്ചും.
അങ്ങനെ ഹുസൈന്‍(റ)വും സംഘവും യാത്ര തുടര്‍ന്നു. വഴിയില്‍വെച്ച് പല പ്രുഖ സ്വഹാബികളും അദ്ദേഹവുമായി സംസാരിച്ചിരുന്നുവെങ്കിലും മുന്നോട്ടു പോകുന്നതിലാണ് ഗുണമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഹുസൈന്‍(റ)ന്റെ യാത്രയറിഞ്ഞപ്പോള്‍കൂഫയിലെ ഗവര്‍ണര്‍ക്ക് ജാഗ്രത്തായിരിക്കാനുള്ള ഉത്തരവ് ലഭിച്ചിരുന്നു. ഇബ്നു സിയാദ് അതിനായി വന്‍സൈനിക ക്രമീകരണങ്ങള്‍നടത്തി. ഹുസൈനുബ്നു സുബൈര്‍എന്ന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ഒരു സംഘത്തെ വഴിയില്‍നിരീക്ഷണത്തിനു നിയോഗിച്ചു. അവര്‍ഖാദിസിയ്യ കേന്ദ്രീകരിച്ച് ചില പ്രതിരോധ ക്രമീകരണങ്ങള്‍നടത്തുകയുണ്ടായി. കൂഫയോടടുത്ത അല്‍ഹാജിസ് എന്ന സ്ഥലത്തെത്തിയപ്പോള്‍ഹുസൈന്‍(റ) തന്റെ ആഗമന വിവരമറിയിക്കാനായി അബ്ദുല്ല എന്ന മുലകുടി ബന്ധത്തിലെ സഹോദരനെ പറഞ്ഞുവിട്ടു. മുസ്‌ലിമിനെ കണ്ട് കാര്യങ്ങളറിയിച്ച് തുടര്‍നടപടികള്‍വേഗത്തിലാക്കാനായിരുന്നു ഇത്. പക്ഷേ, ഖാദിസിയ്യയിലെത്തിയപ്പോള്‍അദ്ദേഹം ഇബ്നു സിയാദിന്റെ സൈനികരുടെ പിടിയിലകപ്പെട്ടു. അവരദ്ദേഹത്തെ ഇബ്നുസിയാദിനു മുന്നില്‍ഹാജരാക്കി. ഹുസൈന്‍(റ)നെ ശപിക്കാന്‍അവരദ്ദേഹത്തോടാവശ്യപ്പെട്ടു. അദ്ദേഹം ഹുസൈന്‍(റ)ന്റെ വരവ് പ്രഖ്യാപിക്കുകയും ഇബ്നു സിയാദിനെയും ശിങ്കിടികളെയും ശപിക്കുകയും ചെയ്തു. ആ ധീരനെ അവര്‍കൊട്ടാരത്തിന്റെ മുകളില്‍നിന്ന് താഴേക്കെറിഞ്ഞു കൊന്നു. അബ്ദുല്ലക്ക് മുമ്പ് പറഞ്ഞയച്ചിരുന്ന ഖൈസ് എന്ന ദൂതനും വധിക്കപ്പെടുകയായിരുന്നു.
ഹുസൈന്‍(റ)ന്റെ സംഘം മുസ്‌ലിം(റ)ന്റെ വസ്വിയ്യത്തനുസരിച്ചുള്ള സന്ദേശവും മുസ്‌ലിം, ഹാനിഅ്, അബ്ദുല്ല എന്നിവര്‍വധിക്കപ്പെട്ട വാര്‍ത്തയും അറിഞ്ഞു. തിരിച്ചുപോകുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും മുസ്‌ലിം(റ)ന്റെ സന്തതികള്‍അതിനോട് യോജിച്ചില്ല. പിതാവിന്റെ രക്തത്തിന് പകരം ചോദിക്കണമെന്നവര്‍വാദിച്ചു. മുസ്‌ലിം(റ)നെ പോലെയായിരിക്കില്ല താങ്കള്‍കൂഫയിലെത്തിയാല്‍എന്നും ചിലര്‍അഭിപ്രായപ്പെട്ടു. കൂഫയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമായി അറിയാത്തവരായിരുന്നു ഈ അഭിപ്രായ പ്രകടനം നടത്തിയവര്‍. മക്കയില്‍നിന്ന് കൂടെ വന്നവരല്ലാത്തവരെല്ലാം കൂഫയിലെ നിജസ്ഥിതി അറിഞ്ഞ് തുടങ്ങിയപ്പോള്‍ഹുസൈന്‍(റ)നെ പിരിയുകയാണ് ചെയ്തത്.
മുന്നോട്ടു നീങ്ങുന്ന ഹുസൈന്‍(റ)ന്റെ സംഘത്തിന് മുന്നില്‍ശര്‍റാഫ് എന്ന പ്രദേശത്തെത്തിയപ്പോള്‍ആയിരം അംഗങ്ങളുള്ള ഹുര്‍റുബ്നു യസീദിന്റെ സൈന്യം പ്രത്യക്ഷപ്പെട്ടു. നേരത്തെ പറഞ്ഞ, ഹുസൈന്‍എന്ന പോലീസ് മേധാവി നിയോഗിച്ചതായിരുന്നു ഈ സൈന്യത്തെ. അങ്ങനെ ഹുസൈന്‍(റ)ന്റെ നേതൃത്വത്തില്‍അവര്‍ഒന്നിച്ച് ളുഹ്ര്‍നിസ്കരിച്ചു. ഹുര്‍റും ഹുസൈന്‍(റ)വും തമ്മില്‍സംസാരിച്ചു. ഹുര്‍റിന് തന്റെ ദൗത്യം നിര്‍വഹിക്കുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല. ഇബ്നു സിയാദില്‍നിന്നുള്ള നിര്‍ദേശങ്ങളുമായി ദൂതന്മാര്‍വന്നുകൊണ്ടേയിരുന്നു. ഒരു സന്ദേശത്തില്‍ഹുസൈന്‍(റ)ന് വെള്ളം വരെ നിഷേധിക്കാന്‍നിര്‍ദേശിച്ചു. ഹുര്‍റിനെ നിരീക്ഷിക്കാനും ദൂതനോടാജ്ഞാപിച്ചു. അതിനാല്‍ഹുര്‍റിന് കടുത്ത നിലപാടെടുക്കുകയല്ലാതെ നിര്‍വാഹമില്ലാതായി. എങ്കിലും ഹുസൈന്‍(റ)നോട് ഒരു പരിധിവരെ മാന്യമായാണദ്ദേഹം പെരുമാറിയത്.
ഈ സമയത്ത് ഇബ്നുസിയാദ് ഉമറുബ്നു സഅ്ദ്ബ്നു അബീ വഖാസിന് റയ്യ് പ്രദേശത്തിന്റെ ഭരണച്ചുമതല പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍4000 അംഗങ്ങളുള്ള ഒരു സൈന്യത്തെ ഹുസൈന്‍(റ)നെ നേരിടാന്‍നിയോഗിച്ചപ്പോള്‍അദ്ദേഹം നീരസം പ്രകടിപ്പിച്ചു. അപ്പോള്‍ഉദ്യോഗം നല്‍കില്ലെന്നായി ഇബ്നുസിയാദ്. ദൗത്യം ഏറ്റെടുക്കാന്‍ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു. കൂടിയാലോചനയില്‍അടുത്ത അനുയായികള്‍വരെ ഹുസൈന്‍(റ)നെ എതിര്‍ക്കുന്നത് നന്നല്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി.
ഉമര്‍ദര്‍ബാറിലെത്തി ഇബ്നുസിയാദിനോട് സൈനിക നേതൃത്വം ഒഴിവാക്കിത്തരാനാവശ്യപ്പെട്ടു. വീണ്ടും റയ്യിലെ ഉദ്യോഗം കാട്ടി പ്രലോഭിച്ചപ്പോള്‍പോകാന്‍തയ്യാറായി. അവര്‍ഹുസൈന്‍(റ)വും സംഘവുമുള്ള സ്ഥലത്തെത്തി. തന്റെ പ്രതിനിധിയെ ഹുസൈന്‍(റ)ന്റെ അടുത്തയച്ച് വരവിന്റെ ഉദ്ദ്യേമാരാഞ്ഞു. ഹുസൈന്‍(റ) പറഞ്ഞു: “നിങ്ങളുടെ നാട്ടുകാര്‍ഇവിടെ വരണമെന്നാവശ്യപ്പെട്ട് വന്നതാണ് ഞാന്‍. അവര്‍ക്കിഷ്ടമില്ലെങ്കില്‍ഞാന്‍പൊയ്ക്കൊള്ളാം.’
ഈ വിവരം ഉമര്‍, ഇബ്നുസിയാദിനെഴുതി. അദ്ദേഹം മറുപടി അറിയിച്ചത് ഇങ്ങനെയായിരുന്നു: “ഹുസൈനിനോട് യസീദിനെ ബൈഅത്ത് ചെയ്യാന്‍പറയുക. അതിന് തയ്യാറായാല്‍പ്രശ്നങ്ങളില്ല.’
സന്ദേശത്തില്‍അദ്ദേഹത്തിന് കുടിവെള്ളം തടയാനും നിര്‍ദേശിച്ചിരുന്നു. ഇതിനായി അംറിബ്നു ഹജ്ജാജിന്റെ നേതൃത്വത്തില്‍500 പടയാളികളെ നദിക്കരയില്‍വിന്യസിച്ചു. മുഹര്‍റം ഏഴിനായിരുന്നു ഇത്. ശേഷം ഒരാള്‍വിളിച്ചുപറഞ്ഞു: “ഹുസൈന്‍, വെള്ളം കാണുന്നില്ലേ. എന്നാല്‍അതില്‍നിന്ന് ഒരു തുള്ളി നിങ്ങള്‍ക്ക് രുചിക്കാനാവില്ല. അങ്ങനെ ദാഹിച്ച് മരിക്കുക.’ ഇതുകേട്ട ഹുസൈന്‍(റ) അല്ലാഹുവേ, അവനെ ദാഹാര്‍ത്തനായി മരിപ്പിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു. ഇയാള്‍വെള്ളം കുടിക്കാന്‍കഴിയാതെയാണ് പിന്നീട് മരണപ്പെട്ടതെന്നാണ് ചരിത്രം.
വെള്ളം തടയപ്പെടുന്നതിന്റെ വൈഷമ്യം ഊഹിക്കാവുന്നതിലപ്പുറമാണല്ലോ. അങ്ങിനെയിരിക്കെ ആദ്യം തന്നെ സമീപിച്ച ഇബ്നുസിയാദിന്റെ പ്രതിനിധിയായ ഹുര്‍റുബ്നു യസീദും 30 ആളുകളും ഹുസൈന്‍(റ)ന്റെ പക്ഷത്തു ചേരുകയുണ്ടായി. ഇബ്നുസിയാദിനെ അംഗീകരിക്കാതെ നിര്‍വാഹമില്ല എന്ന നിലപാടിനോട് യോജിക്കാന്‍ഹുസൈന്‍(റ) തയ്യാറായില്ല. വെള്ളം തടയലിനപ്പുറം പോരാട്ടത്തിന്റെ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍നീങ്ങി. ഉമറുബ്നു സഅ്ദ് യുദ്ധ പ്രഖ്യാപനം നടത്തി. തന്റെ കൂടെവന്ന നാലായിരവും ഹുര്‍റിന്റെ കൂടെയുള്ള ആയിരവുമടക്കം അയ്യായിരം പേരാണ് ഇബ്നുസിയാദിനുവേണ്ടി ഒരു കുടുംബത്തെയും ഏതാനും സഹായികളെയും നേരിടാന്‍തയ്യാറായി നിന്നത്. ഹുസൈന്‍(റ) ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു.
പിറ്റേന്ന് മുഹര്‍റം പത്ത്. പോരാളികള്‍കുറച്ചേയുള്ളൂവെങ്കിലും ഹുസൈന്‍(റ) സാധ്യമായ ക്രമീകരണങ്ങള്‍നടത്തി. പോരാട്ടം തുടങ്ങി. ഹുസൈന്‍(റ)നെ അനുയായികള്‍യുദ്ധത്തില്‍നേരിട്ട് പങ്കെടുക്കുന്നതില്‍നിന്നും തടഞ്ഞ് ടെന്‍റില്‍നിര്‍ത്തുകയായിരുന്നു.
അദ്ദേഹത്തിന്റെ പക്ഷത്തുള്ളവരെല്ലാം അല്‍പസമയത്തിനകം വധിക്കപ്പെട്ടു. പക്ഷേ, ഹുസൈന്‍(റ)നെതിരെ നീങ്ങാന്‍ആരും തയ്യാറായില്ല. ആര്‍ക്കും ആ പാപഭാരം ഏറ്റുകൂടെന്നായി. ഹുസൈന്‍(റ) പടക്കളത്തിലിറങ്ങി. ഇതുകണ്ട് ശമീറുബ്നു ദുല്‍ജൂഗിന്‍എന്ന ആള്‍സൈന്യത്തെ ഹുസൈന്‍(റ)നെതിരെ തിരിച്ചു. അയാളായിരുന്നു ഇബ്നുയസീദിന്റെ തീരുമാനം കടുപ്പിക്കുന്നതിലും പ്രവര്‍ത്തിച്ചിരുന്നത്. സിനാനുബ്നു അനസ് എന്നയാള്‍മഹാനവര്‍കളെ കൊലപ്പെടുത്തുകയും ചെയ്തു. ഇത് ഹിജ്റ 61 മുഹര്‍റം പത്തിനായിരുന്നു.
യുദ്ധം അവസാനിച്ചു ടെന്‍റുകളില്‍കഴിയുകയായിരുന്നു നബികുടുംബത്തിലെ സ്ത്രീകള്‍ക്ക് മാന്യമായ പരിഗണന നല്‍കാന്‍ഉമറുബ്നു സഅ്ദ് തയ്യാറായി. അവരെ ഇബ്നുസിയാദിന്റെ മുന്നില്‍ഹാജരാക്കി. അദ്ദേഹം അവരെ യസീദിന്റെ അടുത്തേക്കയച്ചു. യസീദ് തന്റെ ഭരണത്തിനെതിരെയുള്ള ഭീഷണി നീങ്ങിയതില്‍സന്തുഷ്ടി പ്രകടിപ്പിച്ചെങ്കിലും കാര്യത്തിന്റെ ഗൗരവം ആലോചിച്ച് കരയുകയുണ്ടായി. ഇബ്നുസിയാദിന്റെ എടുത്തുചാടിയുള്ള നടപടി യസീദിനെ ദുഃഖിപ്പിച്ചു. അദ്ദേഹം പറഞ്ഞു: “ഇബ്നു മര്‍ജാനെ (ഇബ്നുസിയാദ്) അല്ലാഹു ശപിക്കട്ടെ. ഹുസൈന്‍(റ) മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങളൊന്നും അവന്‍സ്വീകരിച്ചില്ല. അങ്ങനെ യുദ്ധത്തിലേക്കും കൊലപാതകത്തിലേക്കും കാര്യങ്ങളെത്തിച്ചതവനാണ്.’ ശേഷം നുഅ്മാനുബ്നു ബശീര്‍(റ)നെ വിളിച്ചുപറഞ്ഞു: ഇവര്‍ക്കാവശ്യമുള്ളതെല്ലാം നല്‍കി വിശ്വസ്തനായ ഒരു ശാം നിവാസിയുടെ കൂടെ നാട്ടിലേക്കയക്കുക. ആവശ്യമായ വാഹനങ്ങളും സന്നാഹങ്ങളും നല്‍കണം.’
സ്ത്രീകളെ വിശ്രമിക്കാനായി അകത്തേക്കുവിട്ടു. യുദ്ധത്തടവുകാരെ പോലെ തങ്ങളുടെ മുന്നിലൂടെ കടന്നുവരുന്ന നബികുടുംബത്തിലെ സ്ത്രീകളെ കണ്ടപ്പോള്‍യസീദിന്റെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെല്ലാം കരഞ്ഞു. കൂട്ടത്തില്‍ഹുസൈന്‍(റ)ന്റെ മകന്‍അലി(റ) എന്ന സൈനുല്‍ആബിദീനുമുണ്ടായിരുന്നു.
യസീദും കുടുംബവും വളരെ ആദരവോടുകൂടിയാണവരോട് പെരുമാറിയത്. ഭക്ഷണം കഴിക്കാന്‍അലി(റ)നെ തന്റെ കൂടെക്കൂട്ടി. മൂന്നു നാളുകള്‍ക്കുശേഷം അവര്‍പോകാനൊരുങ്ങിയപ്പോള്‍യസീദ് അലി(റ)യെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ഇബ്നുമര്‍ജാനയുടെ അതിക്രമമായിരുന്നു അത്. നിങ്ങള്‍ക്കാവശ്യമുള്ളതെന്തും അറിയിക്കണം, ഞാന്‍നല്‍കും.’ അവര്‍ക്ക് വസ്ത്രവും മറ്റു അവശ്യ സാധനങ്ങളും നല്‍കി. വഴികാട്ടിയെ വിളിച്ച് നന്നായി ശ്രദ്ധിക്കാനുപദേശിച്ചു. വഴികാട്ടി അവരെ നന്നായി പരിചരിക്കുകയും മദീനയിലെത്തിക്കുകയും ചെയ്തു. പ്രത്യുപകാരമായി ഹുസൈന്‍(റ)ന്റെ കുടുംബം അയാള്‍ക്ക് സമ്മാനിക്കാനായി ആഭരണം അഴിച്ചെങ്കിലും അദ്ദേഹമത് നിരസിച്ചു. എനിക്ക് അല്ലാഹുവിന്റെ പ്രതിഫലവും നിങ്ങളുമായുള്ള നല്ല സമ്പര്‍ക്കവും മതിയെന്നു പറഞ്ഞു.
മക്കയില്‍നിന്ന് പുറപ്പെട്ട ഹുസൈന്‍(റ), അദ്ദേഹത്തെ കൂഫയിലേക്ക് ക്ഷണിച്ച നാട്ടുകാര്‍, പ്രവാചക പൗത്രനെ എതിര്‍ക്കുകയും വധിക്കാന്‍കാരണക്കാരനാവുകയും ചെയ്ത ഇബ്നുസിയാദ്, അയാളെ ഗവര്‍ണറാക്കിയ യസീദ് തുടങ്ങിയവര്‍പല തരത്തില്‍കടന്നുവരുന്ന ചരിത്ര ദുഃഖമാണ് കര്‍ബല യുദ്ധം.
ഇബ്നുസിയാദിന്റെ സമീപനത്തിലാണ് പ്രകടമായ അപരാധങ്ങള്‍കാണാനാവുന്നത്. ഇതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ചര്‍ച്ച ചെയ്ത് ചരിത്രപുരുഷരെ നിരൂപണം ചെയ്യുന്നതില്‍പ്രയോജനമില്ല. അതുവഴി സ്വയം പാപം പേറുന്നതും ദുരന്തമാണ്. അതിനാല്‍തന്നെ മുസ്‌ലിം സമൂഹത്തിന്റെ എന്നത്തെയും കണ്ണീരാണ് കര്‍ബല. എങ്കിലും കര്‍ബല ദിനാചരണമെന്ന പേരില്‍അത്യാചാരത്തിനും ശാരീരികപീഡനമേല്‍ക്കുന്നതിനും മുതിരുന്നത് ശുദ്ധഭോഷ്കാണ്. ശിയാക്കളുടെ ഈ ചെയ്തിക്ക് യാതൊരു പ്രാമാണികതയുമില്ലെന്നു മാത്രമല്ല, ശാരീരിക ദ്രോഹമേല്‍പ്പിക്കല്‍എന്ന നിലയില്‍കുറ്റകരവുമാണത്.
കര്‍ബല യുദ്ധത്തിന് കാരണമായ ഘടകങ്ങളുടെ ഇഴപിരിച്ചുള്ള അന്വേഷണത്തില്‍ഏതെങ്കിലും ഘട്ടത്തില്‍ഒരാളുടെ ചെയ്തിയെ അമിതമായി പ്രാധാന്യവല്‍ക്കരിക്കേണ്ട കാര്യമില്ല. മക്കയില്‍നിന്നു പുറപ്പെട്ട ഹുസൈന്‍(റ)നെ വധിക്കാന്‍യസീദ് നിര്‍ദേശിച്ചിട്ടില്ല എന്നാണ് രേഖകള്‍വ്യക്തമാക്കുന്നത്.
ഇബ്നുസിയാദും ചില കുബുദ്ധികളുമാണ് കടുത്ത നിലപാടുകള്‍സ്വീകരിച്ചതെന്നാണ് പ്രാമാണികം. കൊല നടത്തിയവനും പ്രേരിപ്പിച്ചവനും സഹായിച്ചവനും ആപേക്ഷികമായി അതില്‍പ്രതികള്‍തന്നെയായിരിക്കുമെങ്കിലും. വധത്തിനു കാരണക്കാരനും പ്രചോദകനുമായ ഇബ്നു സിയാദിനെ യസീദ് ശപിച്ചതും ഇതുകൊണ്ടുതന്നെ. ഹുസൈന്‍(റ)നെ ഗളഛേദം ചെയ്ത സിനാനോട് ഹജ്ജാജ്ബ്നു യൂസുഫ് പോലും പറഞ്ഞു: “അറിയുക, നിങ്ങള്‍രണ്ടുപേരും (ഹുസൈന്‍റ വും സിനാനും) ഒരു വീട്ടില്‍(സ്വര്‍ഗം) ഒരുമിക്കില്ല’ (ത്വബ്റാനി).
ഹുസൈന്‍(റ)നെ കൂഫയിലേക്ക് ക്ഷണിച്ച് വിഷമവൃത്തത്തിലാക്കിയവരുടെ ചെയ്തി അംഗീകരിക്കാവുന്നതല്ല. ഒരര്‍ത്ഥത്തില്‍അലി(റ)ന്റെ ആളുകളെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്ന വിഭാഗത്തിന്റെ പ്രതിനിധികളായിരുന്നു അവര്‍. അതിനാല്‍തന്നെ സ്വന്തക്കാരാണെന്ന് വാദിക്കുന്നവരാണ് ഹുസൈന്‍(റ)നെ നാശത്തിലേക്ക് ക്ഷണിച്ചതെന്ന സത്യവും സ്മരണീയമാണ്. ആദരണീയ വ്യക്തിത്വങ്ങളെ അവര്‍സംബന്ധിക്കുന്നതില്‍ഗുണമില്ലാത്ത ഇടങ്ങളിലേക്ക് വിളിച്ചുവരുത്തുന്നവര്‍ക്കു കൂടി ഈ ചരിത്രം എന്നും ബോധനമാണ്.
യസീദ്, വ്യക്തിജീവിതത്തില്‍വൃത്തികെട്ട ധാരാളം ശീലങ്ങളുള്ളയാളായിരുന്നു എന്നത് പ്രസിദ്ധം. ജീര്‍ണതകളും ആഡംബരങ്ങളും ആഭാസങ്ങളും നിറഞ്ഞവന്‍. മാത്രവുമല്ല, ഇബ്നു സിയാദിന്റെ ചെയ്തിയില്‍ദുഃഖം പ്രകടിപ്പിച്ചെങ്കിലും ശിക്ഷിക്കാനോ ജോലിയില്‍നിന്ന് പിരിച്ചുവിടാനോ തയ്യാറായില്ലെന്നതും യസീദിന്റെ വീഴ്ചയാണെന്നാണ് പണ്ഡിതമതം.
ഇതെല്ലാം കൊണ്ടുതന്നെ കര്‍ബലയുടെ വിവരണം അത്യധികം ശ്രദ്ധയോടെ നടത്തേണ്ടതാണ്. സ്വഹാബികളില്‍ആര്‍ക്കെങ്കിലുമെതിരില്‍മോശമായ ധാരണയോ പരാമര്‍ശമോ വളരാന്‍കാരണമാകുന്ന വിധത്തില്‍അത് അവതരിപ്പിക്കുന്നത് സര്‍വനാശമത്രെ. കഥാപ്രസംഗങ്ങളിലും കഥാഖ്യാനങ്ങളിലും മറ്റും അതിശയോക്തിപരമായി അതിരുകടക്കുന്നവര്‍പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.



പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...