Showing posts with label ഇസ്റാഉ രാപ്രയാണം; നിസ്തുലമായ ചരിത്രവിസ്മയം. Show all posts
Showing posts with label ഇസ്റാഉ രാപ്രയാണം; നിസ്തുലമായ ചരിത്രവിസ്മയം. Show all posts

Sunday, April 15, 2018

ഇസ്റാഉ രാപ്രയാണം; നിസ്തുലമായ ചരിത്രവിസ്മയം

🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
രാപ്രയാണം; നിസ്തുലമായ ചരിത്രവിസ്മയം

● അലവിക്കുട്ടി ഫൈസി എടക്കര



നബി(സ്വ)ക്ക് മാത്രം സിദ്ധമായ മഹത്തായ മുഅ്ജിസത്താണ് മിഅ്‌റാജ്. ഇസ്‌റാഉം മിഅ്‌റാജും കേവലമായ മുഅ്ജിസത്ത് മാത്രമല്ല, ആദരം കൂടിയാണ്. ജിബ്‌രീൽ(അ) എന്ന ഇടനിലക്കാരനില്ലാതെ അല്ലാഹുവുമായി മുനാജാത്ത് നടത്താൻ നബി(സ്വ)ക്ക് അന്നു ഭാഗ്യമുണ്ടായി. എന്നത്തേക്കുമുള്ള ദൃഷ്ടാന്ത വിസ്മയങ്ങളായി ഇസ്‌റാഉം മിഅ്‌റാജും നിലനിൽക്കുന്നു.

നബി(സ്വ)യുടെ ജീവിതത്തിലെ ദുഃഖസംഭവങ്ങളായിരുന്നു അബൂത്വാലിബിന്റെയും ഖദീജ ബീവി(റ)യുടെയും വഫാത്ത്. കാരണം അവർ രണ്ടു പേരും പ്രവാചകർ(സ്വ)ക്ക് സമൂഹത്തിലും വീട്ടിലും തുണയും സഹായവും സാന്ത്വനവുമായിരുന്നു.

അബൂത്വാലിബ് തിരുനബി(സ്വ)ക്ക് നൽകിയ സംരക്ഷണം കുടുംബപരമായ ബാധ്യത എന്ന നിലയിലായിരുന്നു. നാൽപത് വർഷക്കാലം അത് പ്രവാചകർക്ക് ലഭിച്ചിട്ടുണ്ട്. അതിൽ പത്തു വർഷത്തോളം നബിയാണെന്ന് പ്രഖ്യാപിച്ചതിന്റെ ശേഷമാണ്. അബൂത്വാലിബ് ജീവിച്ചിരിക്കെ നബി(സ്വ)യെ പീഡിപ്പിക്കാൻ ഖുറൈശികൾ ധൈര്യം കാണിച്ചിരുന്നില്ല. നബി(സ്വ) തന്നെ ഇതു പറഞ്ഞിട്ടുണ്ട്: ‘അബൂത്വാലിബ് മരണപ്പെടുന്നതു വരെ ഖുറൈശികളിൽ നിന്ന് എനിക്ക് ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടില്ല’ (ബൈഹഖി, ദലാഇൽ).

ഖുറൈശികളിൽ പെട്ട ചിലർ റസൂൽ(സ്വ)യുടെ ശരീരത്തിലേക്ക് മണ്ണ് വാരിയെറിഞ്ഞതിനു ശേഷം വീട്ടിലെത്തിയപ്പോൾ പുത്രി അത് തട്ടിക്കൊടുത്തുകൊണ്ടിരിക്കെയാണ് നബി(സ്വ) ഇതു പറഞ്ഞത്. നാൽപതു വർഷത്തെ സംരക്ഷണം നബി(സ്വ)ക്ക് ഉപകാരപ്പെട്ടിരുന്നുവെന്നതിൽ സംശയമില്ല.

ഖദീജ(റ) നബി(സ്വ)യുടെ യൗവന കാലത്താണ് ജീവിത സഖിയായെത്തുന്നത്. നാൽപതു വയസ്സുണ്ടായിരുന്ന മഹതി പ്രായത്തിന്റെ പക്വതയോടെ തിരുനബി(സ്വ)ക്ക് തുണയായി. അവരുടെ സാമ്പത്തിക പിന്തുണയും റസൂലിന് വലിയ ഉപകാരമായിട്ടുണ്ട്. നബി(സ്വ)യുടെ സന്താനങ്ങളുടെ മാതാവ് എന്ന ബഹുമതി കൂടി മഹതിക്കുണ്ട്. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ കൂട്ടാളിയുടെ മരണം സ്വാഭാവികമായും ദുഃഖം പടർത്താതിരിക്കില്ല.

രണ്ടുപേരുടെയും മരണത്തോടെ മക്കയിൽ സംജാതമായ അപായകരമായ സാഹചര്യം അവിടുത്തെ ആശങ്കപ്പെടുത്തി. അമ്മാവന്മാരുടെ നാടായ ത്വാഇഫിലേക്കു പോകാമെന്നു വെച്ചു. അവിടെയും പീഡനമേൽക്കേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തിൽ തിരുനബി(സ്വ)ക്ക് ആദരവും ആശ്വാസവും പ്രബോധന വഴിയിൽ വലിയ സഹായവുമായാണ് ഇസ്‌റാഉം മിഅ്‌റാജും നടന്നത്.

ഇസ്‌റാഅ്

മക്കയിൽ നിന്നു ഖുദ്‌സിലേക്ക് നടന്ന രാത്രി സഞ്ചാരത്തെയാണ് ഇസ്‌റാഅ് എന്നു പറയുന്നത്. അല്ലാഹു പറയുന്നു: തന്റെ അബ്ദിനെ ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്നും ചുറ്റുപാടും ബറകത്ത് നൽകിയ മസ്ജിദുൽ അഖ്‌സ്വായിലേക്ക് പ്രയാണം ചെയ്യിച്ചവൻ ഏറെ പരിശുദ്ധനാണ് (ഇസ്‌റാഅ്/1). മക്കയിൽ നിന്നും ഒരു മാസം ഒട്ടകപ്പുറത്ത് യാത്ര ചെയ്താലാണ് ഖുദ്‌സിലെത്തിച്ചേരാനാവുക. ഇന്നത്തെ പോലെ വേഗത കൂടിയ യാത്രാ സൗകര്യങ്ങളില്ലാത്ത കാലം. അതിനാൽ അതൊരു അത്ഭുത യാത്രയായിരുന്നു. അതെന്തിനു വേണ്ടി എന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘അതിന്റെ പരിസരം നാം ബറകത്ത് ചെയ്തിരിക്കുന്നു’ എന്നാണ് പരാമർശം. തിരുനബി(സ്വ)ക്ക് വ്യക്തിപരമായി ലഭിക്കുന്ന ഒരു ഭാഗ്യമാണ് അനുഗ്രഹീത സ്ഥലത്തെത്തുക എന്നത്. ആത്മീയ പ്രാധാന്യമുള്ള അനുഗ്രഹ പ്രദേശമാണ് ഖുദ്‌സ്. ഫലഭൂയിഷ്ഠമായ മണ്ണും അരുവിയും പുഴകളും കൃഷികളുമുള്ള ആകർഷണീയ ഭൂമി.

മൂസാ(അ) ഉൾപ്പെടെ അമ്പിയാക്കളിൽ ധാരാളം പേർക്ക് വഹ്‌യ് അവതരിച്ച ഇടം. അവരുടെ ഇബാദത്തുകളും ദഅ്‌വത്തും നടന്ന പ്രദേശം. ഇബ്‌റാഹിം, ഇസ്ഹാഖ്, യഅ്ഖൂബ്, ഈസാ(അ) തുടങ്ങിയ അമ്പിയാക്കളുടെ പാദസ്പർശം കൊണ്ടനുഗ്രഹീതമാണ് ഖുദ്‌സ്. അവിടെ നബി(സ്വ) ശാരീരികമായി എത്തിച്ചേരുന്നു. അമ്പിയാക്കൾക്ക് ഇമാമായി നിസ്‌കാരം നിർവഹിക്കുന്നു. അമ്പിയാക്കളുടെയെല്ലാം നേതാവ് എല്ലാ അമ്പിയാക്കൾക്കും മുന്നിൽ നിന്ന് നേതൃത്വം നൽകി. നബി(സ്വ)യുടെ മഹത്ത്വവും പദവിയും അക്ഷരാർത്ഥത്തിൽ അനുഭവപ്പെടുത്തിക്കൊടുക്കുകയായിരുന്നു ഇതിലൂടെ.

യാത്രക്കിടയിൽ ചില സ്ഥലങ്ങളിൽ നിസ്‌കരിക്കാൻ നബി(സ്വ)യോട് ജിബ്‌രീൽ (അ) ആവശ്യപ്പെടുകയും നിസ്‌കരിക്കുകയുമുണ്ടായി. ത്വയ്ബ, ത്വൂരിസീനാ, ബൈത്‌ലഹം എന്നീ സ്ഥലങ്ങൾ ചരിത്രപ്രധാനമാണ്. ത്വയ്ബയാണ് മദീനതുർറസൂൽ(സ്വ) ആയത്. ത്വൂരിസീനാ മൂസാ നബി(അ) അല്ലാഹുവിനോട് സംസാരിച്ച സ്ഥലമാണ്. ബൈത്‌ലഹം ഈസാ നബി(അ) പ്രസവിക്കപ്പെട്ട സ്ഥലവും. നബി(സ്വ)യിൽ ആത്മീയ മധുരാനുഭവങ്ങൾ പകരുന്നതായിരുന്നു ഇവിടങ്ങളിലെ നിസ്‌കാരം.

‘എന്നെ രാപ്രയാണം ചെയ്യിച്ച രാത്രിയിൽ, മൂസാ(അ) ഖബ്‌റിൽ വെച്ച് നിസ്‌കരിക്കുന്നത് ഞാൻ കാണുകയുണ്ടായി’ (ബസ്സാർ) എന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. ഫിർഔന്റെ കൊട്ടാരത്തിൽ ഭൃത്യയായിരുന്നപ്പോഴും തൗഹീദിൽ അടിയുറച്ച് ജീവിച്ച ഒരു മഹതിയുണ്ടായിരുന്നു. ഫിർഔന്റെ പുത്രിയുടെ മുടി ചീകുന്നവരായതിനാൽ അവർ ചരിത്ര പ്രസിദ്ധയായത് മാശിത്വ (മുടിചീകുന്നവൾ) എന്ന പേരിലാണ്. നബി(സ്വ) ഇസ്‌റാഇന്റെ രാത്രിയിലുണ്ടായ അനുഭവം ഇങ്ങനെ വിവരിക്കുന്നു: ‘ഞാൻ പ്രയാണം ചെയ്ത രാത്രിയിൽ ഒരു സുഗന്ധം അനുഭവപ്പെട്ടു. ജിബ്‌രീലിനോട് ഈ വാസന എന്താണെന്നു ഞാൻ ചോദിച്ചു. ‘അതു ഫിർഔന്റെ മകളുടെ മുടി ചീകിക്കൊടുത്തിരുന്നവരുടെ സുഗന്ധമാണ് എന്നെന്നോട് പറഞ്ഞു’ (അഹ്മദ്).

ശത്രുപീഡനങ്ങളിൽ പതറാതിരിക്കാനുള്ള സൂചന കൂടി ഈ സംഭവത്തിലുണ്ടെന്ന് പണ്ഡിതർ. നബി(സ്വ)ക്ക് സമാധാനവും പ്രബോധന വഴിയിൽ കരുത്തും പകരുന്ന വേറെയും അനുഭവങ്ങൾ ഇസ്‌റാഇനിടയിൽ ഉണ്ടായിട്ടുണ്ട്.

മക്കയിലെ ജനങ്ങൾക്ക് ഖുദ്‌സും അവിടേക്കുള്ള അകലവും അറിയാം. അവിടേക്കും തിരിച്ചും യാത്ര ചെയ്ത അനുഭവമുള്ളവർ അവർക്കിടയിലുണ്ട്. അവരുടെ മുമ്പിലവതരിപ്പിക്കപ്പെടുന്നതാണീ യാത്രയും. അതിനാൽ തന്നെ അവരുടെ അറിവനുഭവങ്ങൾക്കതീതമായ വിധം അത്ഭുത സംഭവമായി രുന്നു ഇസ്‌റാഅ്.

അവരെ സംബന്ധിച്ചിടത്തോളം പരിഹസിക്കാനെളുപ്പമുള്ളതായിരുന്നു പ്രത്യക്ഷത്തിൽ ഇത്. പരിഹാസവും കളവാക്കലും ഭയന്നതിനാലാണ് ഉമ്മുഹാനിഅ്(റ) നബി(സ്വ)യോട് ഈ വിവരം പരസ്യപ്പെടുത്താതിരിക്കാൻ അഭ്യർത്ഥിച്ചത്. പക്ഷേ, നബി(സ്വ) പരസ്യപ്പെടുത്തി. കാരണം അത് വിവരിക്കാനുള്ളതായിരുന്നു. അതിൽ അടങ്ങിയ പ്രബോധനപരമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ അതനിവാര്യമാണ്.

യാത്രയിൽ ഉണ്ടായ ചില അനുഭവങ്ങൾ കാരണം നബി (സ്വ)യെ കളവാക്കാൻ സാധാരണ ഗതിയിൽ കഴിയാത്ത അവസ്ഥ വന്നു. നബി(സ്വ) പറയുന്നു: യാത്രക്കിടയിൽ ഞാൻ ഒരു കുടുംബത്തിന്റെ കച്ചവട സംഘത്തെ കാണുകയുണ്ടായി. എന്റെ വാഹനത്തിന്റെ സാന്നിധ്യവും ശബ്ദവും കാരണം അവരുടെ ഒരൊട്ടകം ഓടിപ്പോയി. അങ്ങനെ ഞാനവർക്ക് ഒട്ടകത്തെക്കുറിച്ച് അറിയിച്ചുകൊടുക്കുകയുണ്ടായി. ഞാൻ ഫലസ്തീനിലേക്ക് പോകുമ്പോഴായിരുന്നു അത്. തിരിച്ചുവരുമ്പോഴും ഞാനവരെ കണ്ടു. അവർ ഒരിടത്തു വിശ്രമത്തിനിടെ ഉറങ്ങുകയായിരുന്നു. അവരുടെ വെള്ളപ്പാത്രത്തിൽ നിന്ന് ഞാനെടുത്തു കുടിച്ചു. പാത്രം മൂടിവെച്ചു. വർത്തക സംഘത്തിന്റെ മുന്നിൽ ഒരൊട്ടകമുണ്ട്. അതിന്റെ നിറം കറുപ്പും വെളുപ്പും കലർന്നതാണ്. അതിന്റെ മേൽ രണ്ടു ഭാണ്ഡങ്ങളുണ്ട്. ഒന്ന് കറുത്തതും മറ്റേത് കറുപ്പും വെളുപ്പും നിറമുള്ളതുമാണ് (ബൈഹഖി).

മക്കക്കാരെ കുറിച്ച് നന്നായറിയുന്ന തിരുനബി(സ്വ) ഇസ്‌റാഅ് വിവരം അവരോടെങ്ങനെയാണവതരിപ്പിക്കുക എന്നതിനെ സംബന്ധിച്ച് ആലോചിച്ചുകൊണ്ടിരുന്നു. അവിടുന്ന് പറഞ്ഞു: ‘എന്നെ പ്രയാണം ചെയ്യിച്ച രാത്രി കഴിഞ്ഞ് പ്രഭാതത്തിൽ ഞാൻ മക്കയിലെത്തി. ഞാൻ പ്രയാസത്തിലായി. ജനങ്ങൾ എന്നെ വാസ്തവമാക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഞാൻ മനഃപ്രയാസത്തോടെ അൽപം അകന്നിരിക്കുകയായിരുന്നു. അപ്പോൾ അബൂജഹ്ൽ അതു വഴിവന്നു’ (നസാഈ).

അബൂജഹ്ൽ നബി(സ്വ)യെ സമീപിച്ച് പരിഹാസത്തോടെ ചോദിച്ചു:

ഇന്ന് പുതിയതെന്തെങ്കിലും പറയാനുണ്ടോ?

ഞാൻ പറഞ്ഞു: അതേ.

അതെന്താണ്?

‘ഇന്നലെ എന്നെ രാപ്രയാണം ചെയ്യിക്കപ്പെടുകയുണ്ടായി.’

എങ്ങോട്ട്?

‘ബൈതുൽ മുഖദ്ദസിലേക്ക്.’

എന്നിട്ട് നേരം പുലരുമ്പോൾ ഞങ്ങൾക്കിടയിലെത്തിയോ?

‘അതേ.’

ഇതുകേട്ട അബൂജഹ്ൽ അത് നിഷേധിക്കാത്ത ഭാവം പ്രകടിപ്പിച്ചു. കാരണം ആളുകളെയെല്ലാംവിളിച്ചുകൂട്ടുമ്പോൾ താൻ കളവാക്കിയതിന്റെ പേരിൽ നബി(സ്വ) സംഭവം നിഷേധിച്ചാലോ എന്നാണ് അബൂജഹ്ൽ വിചാരിച്ചത്. അവൻ ചോദിച്ചു:

ഞാൻ ജനങ്ങളെ വിളിച്ചാൽ അവരോടിത് വിവരിക്കാമോ?

‘തീർച്ചയായും.’

അബൂജഹ്ൽ ഉടനെ കഅ്ബുബ്‌നു ലുഅയ്യ് സന്തതികളേ വരൂ എന്നു വിളിച്ചു പറഞ്ഞു. അപ്പോൾ കഅ്ബക്കരികിലുണ്ടായിരുന്ന ചെറിയ സഭകളെല്ലാം പിരിഞ്ഞ് അവരടുത്തുവന്നു. അബൂജഹ്ൽ നബി(സ്വ)യോട് പറഞ്ഞു: നീ എന്നോട് പറഞ്ഞതൊക്കെ ഇവരോടും വിവരിക്കൂ.’

നബി(സ്വ) വിവരിക്കാൻ തുടങ്ങി:

‘ഇന്നലെ എന്നെ രാപ്രയാണം ചെയ്യിക്കപ്പെടുകയുണ്ടായി.’

അവർ ചോദിച്ചു: എങ്ങോട്ട്?

‘ബൈതുൽ മുഖദ്ദസിലേക്ക്.’

എന്നിട്ട് നേരം പുലർന്നപ്പോൾ ഞങ്ങൾക്കിടയിൽ എത്തിയെന്നോ?

നബി(സ്വ) പറഞ്ഞു: ‘അതേ.’

ഇതുകേട്ടതോടെ ചിലർ കയ്യടിച്ച് പരിഹസിച്ചു. മറ്റു ചിലർ ഇതെന്തൊരു കളവാണേ എന്ന നിലയിൽ തലയിൽ കൈവെച്ച് അത്ഭുതം കൂറി (നസാഈ).

അപ്പോൾ ഖുറൈശി പ്രമുഖനായ ജുബൈറുബ്‌നു മുത്ഇം പറഞ്ഞു: ‘ഞാനെങ്ങാനും പഴയ അവസ്ഥയിലായിരുന്നെങ്കിൽ നീ ഇത് ഞങ്ങൾക്കിടയിൽ പറയില്ലായിരുന്നു’ (ത്വബ്‌റാനി).

നബി(സ്വ)യുടെ ഇസ്‌റാഅ് വിവരണം വിശ്വാസം ഉറച്ചിട്ടില്ലാത്ത ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ഖുറൈശികൾ ഉപയോഗപ്പെടുത്തി. അങ്ങനെ ചിലരൊക്കെ അതിൽ സംശയാലുക്കളായി. അബൂബക്കർ(റ)നെ പിന്തിരിപ്പിക്കാനും ഇതുപകരിക്കുമെന്ന നിലയിൽ മക്കക്കാർ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു:

നിന്റെ നേതാവ് ഇന്നലെ രാത്രി മസ്ജിദുൽ അഖ്‌സ്വയിൽ പോയി തിരിച്ചെത്തിയെന്ന് വാദിക്കുന്നുണ്ട്, നീ എന്തു പറയുന്നു?

അബൂബക്കർ(റ) ചോദിച്ചു: അവിടുന്ന് അങ്ങനെ പറയുന്നുണ്ടോ?

‘അതേ.’

‘നബി അങ്ങനെ പറയുന്നുവെങ്കിൽ അത് സത്യം തന്നെയാണ്.’

ഈ ഒരൊറ്റ രാത്രിയിൽ മക്കയിൽ നിന്ന് ബൈതുൽ മുഖദ്ദസിൽ പോയി നേരം പുലരും മുമ്പ് തിരിച്ചുവന്നുവെന്നത് നീ അംഗീകരിക്കുന്നുവോ?

‘അതേ, ഞാനിതിലും വലിയ കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടല്ലോ. ഉന്നതങ്ങളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്നുവെന്ന് അവിടുന്ന് പറയുന്നത് ഞാനംഗീകരിക്കുന്നല്ലോ’ (മജ്മഉസ്സവാഇദ്).

അങ്ങനെയാണ് അബൂബക്കർ(റ)ന് ‘അതീഖ’ എന്ന അപര നാമത്തേക്കാൾ പ്രസിദ്ധമായിത്തീർന്ന ‘സ്വിദ്ദീഖ്’ എന്ന നാമം ലഭിക്കുന്നത്.

പിന്നെ ശത്രുക്കൾ അവർക്കറിയാവുന്നതും അറിയേണ്ടതുമായ യാത്രാസംബന്ധിയായ ചില കാര്യങ്ങൾ ചോദിച്ചു റസൂലിനെ പരാജയപ്പെടുത്താൻ ശ്രമിച്ചു. മുത്ഇമിബ്‌നു അദിയ്യ് എന്ന ഖുറൈശി പ്രമുഖൻ കുറേ നന്മകളുള്ളയാളായിരുന്നു. പക്ഷേ, അദ്ദേഹവും ഈ വിഷയത്തിൽ നബി(സ്വ)യെ നിന്ദ്യമാക്കി സംസാരിക്കുകയുണ്ടായി.

‘നീ ഇതുവരെ പറഞ്ഞതു പോലുള്ളതൊന്നുമല്ലല്ലോ ഇത്. ഇത് ശുദ്ധ നുണയാണെന്ന് ഞാൻ സാക്ഷീകരിക്കുന്നു. ഞങ്ങൾ കാണാത്ത സ്ഥലമൊന്നുമല്ല ബൈതുൽ മുഖദ്ദസ്. ഒരു മാസം അങ്ങോട്ടും ഒരു മാസം തിരിച്ചും യാത്ര ചെയ്യേണ്ടി വരാറുണ്ട് ഞങ്ങൾക്ക്. എന്നിട്ട് നീ ഒരൊറ്റ രാത്രിയിൽ അവിടെ പോയി വന്നെന്നു പറയുന്നു. ലാത്തയും ഉസ്സയുമാണ് സത്യം, നിന്നെയും നിന്റെ വാദത്തെയും ഞാനംഗീകരിക്കുകയേയില്ല.’

ഇതുകേട്ട അബൂബക്കർ(റ) മുത്ഇമിനോട് പറഞ്ഞു: ‘നിങ്ങളുടെ നിലപാട് ശരിയായില്ല. അങ്ങനെയൊന്നും പറയരുതായിരുന്നു. ഞാൻ മുഹമ്മദ്(സ്വ) പറഞ്ഞത് സത്യമാണെന്നംഗീകരിക്കുന്നു.’

അപ്പോൾ മുത്ഇം പറഞ്ഞു: മുഹമ്മദേ, എന്നാൽ ബൈതുൽ മുഖദ്ദസിനെ കുറിച്ച് ഞങ്ങൾക്ക് പറഞ്ഞു തരാമോ?

നബി(സ്വ) പറഞ്ഞു: ‘ഞാൻ രാത്രിയാണവിടെ പോയതും പോന്നതും.’

എന്നിട്ട് തിരുനബി(സ്വ) അതിന്റെ ഓരോ വാതിലിനെക്കുറിച്ചും വെവ്വേറെ വിവരിച്ചുകൊടുത്തു. അബൂബക്കർ(റ) അപ്പോഴൊക്കെ സ്വദഖ്ത്തു (ഞാനംഗീകരിക്കുന്നു) എന്നു പറഞ്ഞുകൊണ്ടിരുന്നു (അബൂയഅ്‌ലാ).

മുത്ഇമും നബി(സ്വ)യും തമ്മിലുള്ള സംസാരം അവസാനിച്ചപ്പോൾ അവിടെയുണ്ടായിരുന്ന മക്കക്കാർ പറഞ്ഞു: ‘മുത്ഇം, ഇനി ഞങ്ങളൊന്നു ചോദിക്കട്ടെ. ബൈതുൽ മുഖദ്ദസിനേക്കാൾ ഞങ്ങൾക്കാവശ്യം അതാണ്.’

എന്നിട്ടവർ ചോദിച്ചു: ‘മുഹമ്മദ്, എങ്കിൽ നീ ഞങ്ങളുടെ കച്ചവട സംഘത്തെക്കുറിച്ച് പറഞ്ഞുതരൂ.’

നബി(സ്വ): ഇന്ന കുടുംബത്തിന്റെ കച്ചവട സംഘത്തിന്റെ സമീപത്തുകൂടി ഞാൻ യാത്ര ചെയ്തു. അവരുടെ ഒരു ഒട്ടകത്തെ കാണാതായി. അതന്വേഷിക്കാൻ പോയിരിക്കുകയായിരുന്നു (വിശ്രമിക്കുകയായിരുന്നു എന്നും നിവേദനമുണ്ട്). അവിടെ അവരുടെ ഒരു വെള്ളപ്പാത്രം ഉണ്ടായിരുന്നു. അതിൽ നിന്നു ഞാൻ കുടിച്ചു.

ഇതുകേട്ട മക്കക്കാർ പറഞ്ഞു: ‘ഇതൊരു തെളിവാണ്.’

പ്രവാചകർ(സ്വ) തുടർന്നു: ‘പിന്നെ ഇന്ന കുടുംബക്കാരുടെ കച്ചവട സംഘത്തിനടുത്തെത്തി. എന്റെ വാഹനത്തെ കണ്ട് അവരുടെ ഒരു ഒട്ടകം വിരണ്ടു. പുറത്ത് ചാക്കുകൾ കെട്ടിവെച്ച ഒട്ടകം മുട്ടുകുത്തി വീണു. അതിന്റെ എല്ല് പൊട്ടിയോ എന്നെനിക്കറിയില്ല. അത് അവരോട് ചോദിച്ചോളൂ.’

ഇതുകേട്ടപ്പോഴും അവർ ‘ഇതും ഒരടയാളം തന്നെ’ എന്നു പറഞ്ഞു.

പിന്നെ ഞാൻ മറ്റൊരു കച്ചവട സംഘത്തെ കണ്ടുമുട്ടി. അവർ തൻഈമിലെത്തിയിരുന്നു. അതിന്റെ മുൻനിരയിൽ ചുവപ്പും വെളുപ്പും കലർന്ന നിറമുള്ള ഒരൊട്ടകമുണ്ട്. ആ സംഘം വളരെ വൈകാതെ ഇവിടെ എത്തിച്ചേരുന്നതാണ് (അബൂയഅ്‌ലാ).

നബി(സ്വ)യുടെ വിവരണം കേട്ടപ്പോൾ അതു സത്യമാണെന്ന് അംഗീകരിക്കാതിരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞപ്പോൾ പക്ഷേ, അവർ നിലപാട് മാറ്റി. നബി(സ്വ)യിൽ നിന്നും ലഭിക്കുന്ന വിവരം കൃത്യമായിരിക്കുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു. വിശ്വസിക്കാൻ തയ്യാറല്ലാത്തതിനാൽ മാരണമാണിതെല്ലാം എന്നു പറഞ്ഞ് ഒഴിയലായിരുന്നു പതിവ്. അതുതന്നെ ഇവിടെയും ആവർത്തിച്ചു.

അവരുടെ കൂട്ടത്തിലുണ്ടായിരുന്ന വലീദ് പറഞ്ഞു: ‘മുഹമ്മദ് സിഹ്‌റുകാരൻ തന്നെ.’ അങ്ങനെ അവർ പോയി നോക്കുമ്പോൾ ഒരു കച്ചവട സംഘം വരുന്നത് നേരിൽ കണ്ടു. നബി(സ്വ) പറഞ്ഞ സ്ഥലത്തും അടയാളത്തിലും തന്നെ. എന്നിട്ടും അവർ പറഞ്ഞു: വലീദ് പറഞ്ഞതെത്ര സത്യം (അബൂയഅ്‌ലാ).

റസൂൽ(സ്വ)ക്ക് സാധിച്ച ഈ മഹാ സൗഭാഗ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ താത്കാലിക പ്രയാസമുണ്ടായെങ്കിലും അവിടുത്തേക്ക് വളരെയേറെ സംതൃപ്തിയും മഹത്ത്വവും ലഭിച്ച മുഅ്ജിസത്തായിരുന്നു ഇസ്‌റാഅ്. ഖുറൈശികൾക്ക് നിഷേധിക്കാനാവാത്ത കാര്യങ്ങൾ അവതരിപ്പിക്കാൻ നബി(സ്വ)ക്ക് സാധിച്ചു. ഇസ്‌റാഇന് ശേഷമുണ്ടായ ചോദ്യം ചെയ്യലിനെക്കുറിച്ച് അവിടുന്ന് പറയുന്നു:

ഞാൻ കഅ്ബയുടെ സമീപത്ത് ഹിജ്‌റിൽ ഇരിക്കുകയായിരുന്നു. ഖുറൈശികൾ എന്നെ ചോദ്യം ചെയ്യുന്നു. അവർ ബൈതുൽ മുഖദ്ദസിനെ കുറിച്ച് എന്നോടു ചോദിച്ചു. യഥാർത്ഥത്തിൽ അവയൊന്നും കൃത്യമായി ഞാൻ നോക്കി തിട്ടപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ മുമ്പൊന്നുമില്ലാത്ത വിധം ഞാൻ മനഃപ്രയാസത്തിലായി. അപ്പോൾ അല്ലാഹു ബൈതുൽ മുഖദ്ദസിനെ എനിക്ക് പ്രത്യക്ഷമാക്കിത്തന്നു. ഞാനതിലേക്കു നോക്കി അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു. ഞാനെല്ലാം വിശദീകരിച്ച് കഴിഞ്ഞപ്പോൾ പറഞ്ഞതൊക്കെ ശരിയാണെന്നായി അവർ (ബസ്സാർ, മുസ്‌ലിം, അഹ്മദ്).

ഇസ്‌റാഇന്റെ രാത്രിയിൽ തന്നെ മിഅ്‌റാജുമുണ്ടായിട്ടുണ്ട്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈമാൻ വർധിക്കാനും സദ്കർമങ്ങൾ വർധിപ്പിക്കാനും ദുഷ്‌കൃത്യങ്ങളുടെ ഗൗരവമറിയാനും ഉപകാരപ്പെടുന്നതാണ് മിഅ്‌റാജനുഭവവും. പണ്ഡിതലോകത്തിന്റെയും മുൻഗാമികളുടെയും അംഗീകാരമുള്ളതും ചരിത്ര സത്യവുമാണത്.

മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിന്റെ ഉന്നതമായൊരു പ്രമാണമായി അത് പരിലസിക്കുന്നു. മിഅ്‌റാജിന്റെ ആമുഖമായി ഇസ്‌റാഅ് നടന്നതിന്റെ പ്രസക്തി പണ്ഡിതന്മാർ വ്യക്തമാക്കി. ശൈഖ് അബൂ മുഹമ്മദുബ്‌നു ജംറ(റ)യെ ഇബ്‌നുഹജറിൽ അസ്ഖലാനി(റ) ഉദ്ധരിക്കുന്നു:

‘ആകാശാരോഹണത്തിന് മുമ്പ് ബൈതുൽ മുഖദ്ദസിലേക്ക് രാപ്രയാണം ചെയ്യിച്ചതിലെ ഹിക്മത്ത്, സത്യത്തെ കെടുത്തിക്കളയാനുദ്യമിക്കുന്നവരുടെ മാത്സര്യത്തിനു മേൽ യാഥാർത്ഥ്യം പ്രത്യക്ഷപ്പെടുത്തി വിജയിപ്പിക്കുക എന്നതാണ്. മക്കയിൽ നിന്ന് തന്നെ മിഅ്‌റാജ് നടന്നിരുന്നുവെങ്കിൽ ശത്രുക്കളുടെ മത്സരത്തെയും വ്യാഖ്യാനത്തെയും വ്യക്തമാക്കാനോ വിവരിക്കാനോ മാർഗമുണ്ടാവില്ല. എന്നാൽ ഇസ്‌റാഇനെ കുറിച്ച് പറഞ്ഞപ്പോൾ ബൈതുൽ മുഖദ്ദസിന്റെ ചെറിയ കാര്യങ്ങളടക്കം അറിയാവുന്നതിനെ കുറിച്ചവർ ചോദിച്ചു. തിരുനബി(സ്വ) ബൈതുൽ മുഖദ്ദസ് മുമ്പ് കണ്ടിട്ടില്ല എന്ന് അവർക്കറിയാവുന്നതുമാണ്. അങ്ങനെ അവിടുത്തെ വിവരണം കേട്ടപ്പോൾ റസൂലിന്റെ സത്യസന്ധത അവർക്കുറപ്പായി. ഒറ്റ രാത്രിയിൽ ബൈതുൽ മുഖദ്ദസിൽ പോയത് അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ തുടർന്ന് പറയുന്നതും അംഗീകരിക്കേണ്ടിവരും. അതിനാൽ തന്നെ രാപ്രയാണം സത്യവിശ്വാസിയുടെ വിശ്വാസത്തിലും നിഷേധിയുടെയും ധിക്കാരിയുടെയും പരാജയത്തിലും വർധനവുണ്ടാക്കി (ഫത്ഹുൽ ബാരി).

മക്കയിലെ അവിശ്വാസികൾ അക്ഷരാർത്ഥത്തിൽ അടിയറവ് പറയാൻ നിർബന്ധിതരായിത്തീർന്ന പോലെ ഒരു ചരിത്ര വിസ്മയമായി ഇസ്‌റാഅ് എന്നും പ്രോജ്വലിക്കും.

(തുടരും)
🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/




പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...