സംശയം: പലിശയായി ഒരു വലിയ സംഖ്യ ഞാൻ വാങ്ങിയിരുന്നു. ഈ അടുത്ത് പലിശയുടെ അപകടത്തെക്കുറിച്ച് ഞാൻ ഉസ്താതിൻ്റെ ക്ലാസ് കേട്ടു. പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത്ചെയ്യണം? അത് ആർക്കെങ്കിലും സ്വദഖ ചെയ്താൽ മതിയാകുമോ? അതിൻ്റെ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
നിവാരണം: നിങ്ങൾ നടത്തിയ പലിശ ഇടപാട് അവസാനിപ്പിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും തൗബ ചെയ്‌ത് മടങ്ങുകയും വേണം. അതാണ് രക്ഷപ്പെടാനുള്ള മാർഗം. അല്ലാഹു നിരോധിച്ച മഹാപാപമായ പലിശയുമായി ബന്ധപ്പെട്ടതിൽ ആത്മാർത്ഥമായ ഖേദവും കുറ്റബോധവും വേണം. ഇനിയൊരിക്കലും പലിശയുമായി ബന്ധപ്പെടില്ലന്ന് ദൃഢനിശ്ചയം ചെയ്യണം. ഇതാണ് തൗബയുടെ മർമ്മം. മനുഷ്യരുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നമായതിനാൽ അത് പരിഹരിക്കലും നിർബന്ധമാണ്. അത് തൗബയുടെ നിബന്ധനയാണ്. അതിനാൽ ഹറാമായ വിധം കൈപറ്റിയ പണം അതിൻ്റെ ഉടമസ്ഥരിലേക്ക് തിരിച്ചു നൽകണം. ഉടമസ്ഥനെ അറിയില്ല; അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്ലിംകളുടെ പൊതുവായ മസ്ലഹത്തുകൾക്ക് നൽകുകയാണ് വേണ്ടത്.
വിഷയ സംബന്ധമായ കർമ്മശാസ്ത്ര നിയമം ഇപ്രകാരമാണ്; ഹറാമായ ധനം കൈവശത്തിലുള്ള ഒരാൾ തൗബ ചെയ്യാനും ആ ഹറാമിൽ നിന്ന് മോചിതനാവാനും ഉദ്ദേശിച്ചാൽ ആ ധനത്തിന് നിശ്ചിത ഉടമസ്ഥനുണ്ടെങ്കിൽ അത് ഉടമസ്ഥന് തിരിച്ചുനൽകൽ നിർബന്ധമാണ്. ഉടമസ്ഥൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അനന്തരവകാശികൾക്ക് നൽകണം. അതിന്റെ ഉടമസ്ഥൻ ആരാണെന്ന് അറിയുകയില്ല. അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്ലീംകളുടെ പൊതു മസ്‌ലഹത്തുകളിലേക്ക് ആ പണം നൽകേണ്ടതാണ്. പളളികൾ, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണം ഉദാഹരണമാണ്. അതില്ലെങ്കിൽ ദരിദ്രർക്ക് ദാനം ചെയ്യണം. ഇതിലേക്കെല്ലാം പണം ഉപയോഗപ്പെടുതേണ്ടത് ഖാസിയാണ്. ഹറാമായ പണം കൈവശമുളളവൻ പണം ഖാസിയെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഖാസി വിശ്വസ്ഥനല്ലെങ്കിൽ അറിവും ദീനീചിട്ടയുമുള്ള ഒരാളെ അധികാരപ്പെടുത്തി പണം അദ്ദേഹത്തെ ഏൽപ്പിക്കണം. അത് കഴിയില്ലെങ്കിൽ പണം കൈവശമുളളവൻ നേരിട്ട് പണം പൊതു ആവശ്യങ്ങളിലേക്ക് നൽകണം (ശറഹുൽ മുഹദ്ദബ് 9/351 കാണുക).
ഇമാം ഇബനു ഹജർ(റ) എഴുതുന്നു: ബാധ്യതയായിത്തീർന്ന ധനം ഉടമസ്ഥനിലേക്കും അനന്തരവകാശിയിലേക്കും തിരിച്ചുനൽകൽ അസാധ്യമായാൽ വിശ്വസ്ഥനായ ഖാസിയെ ഏൽപിക്കണം. അതും സാധ്യമല്ലെങ്കിൽ പിന്നീട് ഉടമസ്ഥനെ കണ്ടെത്തിയാൽ അവന് ബാധ്യത കൊടുത്തു വീട്ടുമെന്ന നിശ്ചയത്തോടെ പണം കൈവശമുള്ളവൻ ആ പണം പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം (തുഹ്ഫ: 10/243).
ബിഗ്യ 158-ാം പേജിലും ഇത് സംബന്ധമായ വിശദീകരണമുണ്ട്.
ചുരുക്കത്തിൽ പലിശയായി നിങ്ങൾക്ക് ലഭിച്ച സംഖ്യ അതിന്റെ ഉടമസ്ഥനിലേക്ക് തിരിച്ചു കൊടുക്കണം. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അറിയാനുള്ള പ്രതീക്ഷയില്ലെങ്കിൽ മേൽ വിവരിച്ചപ്രകാരം, പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം. അതിന് പുറമെ ഹറാമായ പലിശയുമായി ബന്ധപ്പെട്ടതിൽ ഖേദിച്ചു ഇനിയൊരിക്കലും ബന്ധപ്പെടുകയില്ലെന്ന് തീരുമാനിച്ചും തൗബ ചെയ്‌ത് മടങ്ങണം. നിങ്ങൾക്ക് രക്ഷപ്പെടാനുളള മാർഗമിതാണ്.
ഹറാമായ ധനം കൈപറ്റിയവർക്ക് തൗബ ചെയ്ത് രക്ഷപ്പെടാനുളള വകുപ്പാണിത്. അല്ലാതെ ഹറാമായ ഇടപ്പെടലുകൾ തുടരുകയും അതിലൂടെ ലഭിക്കുന്ന ഹറാമായ പണം പൊതു ആവശ്യങ്ങളിലേക്കും ദാനം ചെയ്യുകയും ചെയ്യുന്ന രീതി രക്ഷയുടെ മാർഗമല്ല. അത് ശിക്ഷയുടെ വഴിയാണ്. സ്വദഖയുടെ പ്രതിഫലം ലഭിക്കുകയുമില്ല. ഹറാമിന്റെ ശിക്ഷ ഉണ്ടാകുന്നതുമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവർ സൂക്ഷിക്കുക
ഫതാവാ നമ്പർ : 117
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
https://whatsapp.com/channel/0029VbB6F27EwEjtoNdOkU0g
No comments:
Post a Comment