Wednesday, May 29, 2024

എടവണ്ണയിലെ കറാമത്ത്*മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 93/313

 https://www.facebook.com/100024345712315/posts/pfbid032Q5vcwGCWNS71dXM4oXSw6svfng59YhMEc4SSUwsB6QPfvdh7nk85GCzbj4ug3MPl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 93/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*എടവണ്ണയിലെ കറാമത്ത്*


പല നാടുകളിലും പഴയ പള്ളിപ്പറമ്പും ഖബർസ്ഥാനും  ആ പ്രദേശത്തെ ഒരു മഹാന്റെ കറാമതിലൂടെ ലഭിച്ചതായിരിക്കും. സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ച് ഇസ്‌ലാമിക ദഅവത്തിനു വേണ്ടി ഇറങ്ങിപ്പുറപ്പെടുന്ന ശൈലി പഴയകാലത്ത് ധാരാളമുണ്ട്. അവരുടെ ജീവിതം സംശുദ്ധമായിരിക്കും. ജനങ്ങൾക്കിടയിൽ വിശ്വസ്തരായിരിക്കും അവർ. എഴുത്തോ പ്രസംഗമോ ഇല്ലാതെ അവരുടെ ജീവിത ക്രമീകരണത്തിലൂടെ വലിയ ഒരു ദഅവത് അവർ നടത്തും.  ദിക്റിലും ഖുർആൻ പാരായണത്തിലും ദുആയിലുമായി കഴിഞ്ഞുകൂടുന്ന ഇത്തരക്കാരുടെ ദുആ കൊണ്ടും മന്ത്രം കൊണ്ടും ആ നാട്ടുകാർക്ക് വലിയ സമാധാനം ലഭിക്കും. 


ചിലപ്പോൾ മാറാവ്യാധി രോഗങ്ങൾക്ക് ശമനം വരുന്ന അത്ഭുതങ്ങൾ സംഭവിക്കും. പാരിതോഷികമായി ഒന്നും സ്വീകരിക്കാത്ത അത്തരം മഹാന്മാർ മുതലാളിമാരുടെ നിർബന്ധ ആവശ്യത്തിന് വഴങ്ങി ചിലപ്പോൾ പൊതു ആവശ്യങ്ങൾക്ക് വേണ്ട കാര്യങ്ങൾ നിർദ്ദേശിക്കും.  വലിയ ഭൂസ്വത്തിന്റെ ഉടമകൾ അവരുടെ നിർദ്ദേശപ്രകാരം പള്ളിക്ക് വേണ്ടി അവരുടെ സ്വത്തിന്റെ വലിയ ഒരു ഭാഗം തന്നെ വിട്ടുകൊടുക്കും. ചരിത്രത്തിൽ എമ്പാടും സംഭവങ്ങൾ ഇതിന് ഉദാഹരണമായുണ്ട്.

എടവണ്ണ വലിയ ജുമാഅത്ത് പള്ളിയുടെ ചരിത്രം ഇതിനു സമാനമാണ്.


എടവണ്ണ കോവിലകത്തെ ചെറിയൊരു കുട്ടി പാമ്പുകടിയേറ്റ് ബോധം നഷ്ടപ്പെട്ടു. മരിച്ചു എന്ന് കരുതി അനന്തര കർമ്മങ്ങൾക്കുള്ള വിലാപയാത്രയിൽ എടവണ്ണയിലെ മുഴുവൻ ജനതയും പങ്കുകൊണ്ടു. ഈ സമയത്താണ് സൂഫിവര്യനായ കുഞ്ഞിരാനുപ്പാപ്പ എതിർ ദിശയിൽ നിന്നും നടന്നുവന്നത്. ഉപ്പാപ്പ തമ്പുരാട്ടി കുട്ടിയുടെ ശരീരം കോവിലകത്തേക്ക് തിരിച്ചുകൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഉപ്പാപ്പയിൽ നിന്നും പല കറാമത്തുകൾക്കും സാക്ഷിയായ എടവണ്ണക്കാർ ഉപ്പാപ്പ ആവശ്യപ്പെട്ടതല്ലേ എന്ന നിലക്ക് ദഹിപ്പിക്കാൻ കൊണ്ടുപോയ ആ ശരീരം കോവിലകം മുറ്റത്തേക്ക് മടക്കി. ഉപ്പാപ്പയുടെ മന്ത്രത്തിനുശേഷം കുട്ടി കണ്ണു തുറന്നു. 


കുറച്ച് കുറിയരി കഞ്ഞി ഉണ്ടാക്കാൻ ഉപ്പാപ്പ ആവശ്യപ്പെട്ടു. കഞ്ഞി കുടിച്ച് കുട്ടി പതുക്കെ പുറത്തേക്ക് പോയി. ഇത് കണ്ട ജനക്കൂട്ടം ഇളകി മറിഞ്ഞു. തമ്പുരാൻ സന്തോഷം കൊണ്ട് കരഞ്ഞു. ഞാനെന്തു തരണം ഇതിന് ? ഒന്നും വേണ്ടെന്ന് ഉപ്പാപ്പ പറഞ്ഞു. എന്റെ സന്തോഷത്തിന് അങ്ങേയ്ക്ക് ആവശ്യപ്പെടാം എന്തെങ്കിലും. ഒടുവിൽ ഉപ്പാപ്പ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങി ഇങ്ങനെ ആവശ്യപ്പെട്ടു : ഒരു പള്ളിയും 40 ആളുകൾക്ക് താമസിക്കാനുള്ള വീടും നിർമ്മിക്കാൻ കുറച്ചു ഭൂമി. സ്വത്തു മുഴുവൻ കൊടുക്കാൻ ഒരുങ്ങിയ തമ്പുരാൻ സന്തോഷത്തോടെ ഉപ്പാപ്പാക്ക് തന്റെ അധീനതയിലുള്ള  എടവണ്ണ മേത്തലങ്ങാടിയിലെ സ്ഥലം നൽകി.

എടവണ്ണ വലിയ പള്ളിയും പരിസരപ്രദേശത്തുള്ള ഇടതിങ്ങിയുള്ള പാർപ്പിടരീതിയും വീക്ഷിക്കുന്നവർക്ക് ഇന്നും ഈ ചരിത്ര പശ്ചാത്തലം  ബോധ്യപ്പെടും.

എടവണ്ണയിലെ പഴമക്കാർക്കിടയിൽ മശ്ഹൂറായ ഈ സംഭവം എടവണ്ണയുടെ ചരിത്രം പറയുന്ന പല ഗ്രന്ഥങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്.

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...