Monday, August 29, 2022

ഇമാം_നവവിയുടെ_ഇഖ്തിയാറും_നസീർ_അസ്ഹരിയുടെ_കബളിപ്പിക്കലും

 #ഇമാം_നവവിയുടെ_ഇഖ്തിയാറും_നസീർ_അസ്ഹരിയുടെ_കബളിപ്പിക്കലും


പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ചൊല്ലേണ്ട 

اللهم اجعل في قلبي نورا

എന്ന് തുടങ്ങുന്ന പ്രാർത്ഥന സുന്നത്താണെന്നതിൽ  നാല് മദ്ഹബിന്റെയും പണ്ഡിതൻമാർക്കിടയിൽ യാതൊരു തർക്കവുമില്ലെന്നും പ്രസ്തുത ഹദീസ് ഒരൊറ്റ ഹദീസ് പണ്ഡിതനും ചോദ്യം ചെയ്യുകയോ എന്തെങ്കിലും ന്യൂനത പറയുകയോ ചെയ്തിട്ടില്ലെന്നും നാം തെളിവ് സഹിതം വ്യക്തമാക്കിയതാണ്. ഇമാം മുസ്ലിമിന്റെ സ്വഹീഹ്, മുസ്നദുൽ ഇമാം അഹ്മദ്, സ്വഹീഹുബ്നു ഹുസൈമ, സുനനു അബീദാവൂദ്, ഇമാം ബഗവിയുടെ ശറഹുസ്സുന്ന, മുസ്നദു അബീ അവാന തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിൽ മേൽ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം നവവി, ഇമാം അസ്ഖലാനി, ഇമാം ഗസ്സാലി, ഇബ്നു ഖുദാമ, ഇമാം സുർഖാനി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി തുടങ്ങി നാല് മദ്ഹബിലെയും പണ്ഡിതന്മാരും ഇബ്നു അബ്ദിൽ വഹാബ്, ഇബ്നുൽ ഖയ്യിം, ശൗകാനി, നാസിറുദ്ധീൻ, അൽബാനി തുടങ്ങി സലഫീ പണ്ഡിതരും തങ്ങളുടെ ഗ്രന്ഥത്തിൽ പ്രസ്തുത ഹദീസ് കൊണ്ട് വന്നവരും മേൽ പ്രാർഥന സുന്നത്താണെന്ന് പ്രഖ്യാപിച്ചവരുമാണ്.


എന്നാൽ അഭിനവമുജ്തഹിദ് അബ്ദുന്നസീർ അസ്ഹരി ഉന്നയിച്ച വാദങ്ങൾ  :

1) പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ചൊല്ലേണ്ട 

 الله اجعل في قلبي نورا

എന്ന് തുടങ്ങുന്ന ദിക്ർ  തന്റെ അദ്കാറിൽ കൊണ്ടുവന്നതിൽ ഇമാം നവവിക്ക് അബദ്ധം സംഭവിച്ചിട്ടുണ്ട് !

2) പ്രസ്തുത രിവായത്ത് ഇമാം മുസ്ലിമിന്റേത് മാത്രമാണ് !

3) ഇമാം മുസ്ലിം ഒരു ഹദീസ്, അദ്ധ്യായത്തിന്റെ അവസാനത്തേതായി ചേർക്കുന്നത്  ഹദീസിന്റെ തകരാറിലേക്കുള്ള സൂചനയാണ് !

4) മുസ്ലിമിന്റെ പ്രസ്തുതതഹദീസിൽ കൈക്രിയ ഉണ്ടെന്ന് ഇമാം അസലാനി പറഞ്ഞിട്ടുണ്ട്!

5) പള്ളിയിലേക്ക് പുറപ്പെടുമ്പോൾ പ്രത്യേക ദുആ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല.


ഇസ്ലാമികലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം വാദങ്ങൾക്ക്  അദ്ദേഹം എന്തെങ്കിലും തെളിവ് നിരത്തുകയോ നാം കൊണ്ടുവന്ന തെളിവുകളെ  ഖണ്ഡിക്കുകയോ ചെയ്തിട്ടില്ല, അതൊട്ട് സാധ്യവുമല്ല. അബ്ദുൽ അസീസ് ത്വരീഫി എന്ന  ആധുനിക വഹാബിപണ്ഡിതന്റെ ഗ്രന്ഥത്തിൽ കണ്ട ഒരു കാര്യം തൻറെ സ്വന്തം ഗവേഷണമായി  അവതരിപ്പിച്ചപ്പോൾ അദ്ദേഹം ഇത്രയൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. എന്നിട്ടദ്ധേഹം പരിതപിക്കുന്നത് നോക്കൂ..

"ഇപ്പോഴത്തെ ഈ ചർച്ചയിൽ ഞാനിതൊരു വിവാദമാക്കാനേ ഉദ്ദേശിച്ചതല്ല, ഇനിയും ഉദ്ദേശമില്ല. മാത്രമല്ല, ഈ വിഷയത്തിൽ മഹാനായ ഇമാം നവവി മാത്രമല്ല മഹാനായ ശൈഖ് അൽബാനി വരേ എന്റെ പ്രതിപക്ഷത്താണ്."

ഇമാം നവവിയും അൽബാനിയും മാത്രമല്ല സർവ ഹദീസ് പണ്ഡിതന്മാരും നിങ്ങളുടെ എറ്റവും വലിയ ആശയസ്രോതസ്  ഇബ്നു അബ്ദുൽ വഹാബും ഇബ്നുൽ ഖയ്യിമും അടക്കം സർവരും  നിങ്ങളുടെ എതിർപക്ഷത്താണ്. 

നിങ്ങളുടെ വാദങ്ങൾക്ക് അനുകൂലമായ നിലപാടുള്ള ഏതെങ്കിലും ഒരു പണ്ഡിതനെ  ഉദ്ധരിക്കാൻ നിങ്ങൾക്കാവുമോ?  ഇതൊരു വെല്ലുവിളിയാണ് - ആണത്തം ഉണ്ടെങ്കിൽ ഏറ്റെടുക്കാം. തനിക്ക് പറ്റിയ അബദ്ധം ബോധ്യമായിട്ടും തിരുത്താതെ, വീണത് വിദ്യയാക്കാനുള്ള കുത്സിത ശ്രമമാണ് അദ്ദേഹം നടത്തുന്നത്.


ശാഫിഈ മദ്ഹബിന്റെ പരിശോധനയിൽ ഇമാം നവവിക്ക് അനിഷേധ്യമായ പരിഗണനയും സ്ഥാനവുമുണ്ടെന്ന് പറഞ്ഞ ശേഷം അദ്ദേഹം എഴുതുന്നു:

"അതേ സമയം മദ്ഹബിന്റെ ഉളളിലുളളതല്ലാത്ത ഒരു ചർച്ചയിലോ (പളളിയിൽ പോവുമ്പോൾ വല്ല പ്രത്യേക ദുആയും സുന്നത്തുണ്ടോ ഇല്ലയോ എന്ന വിഷയം പോലെ) ഉളളിൽ തന്നെ പെട്ട ഒരു ചർച്ചയിൽ സ്വന്തമായി പറയുന്ന നിലപാടിലോ - അതിന് 'ഇഖ്തിയാർ' എന്ന് പറയും - നവവിയെ പിന്തുടരണം എന്ന തിട്ടൂരം മദ്ഹബീ പണ്ഡിതർ കല്പിച്ചിട്ടില്ല."

അല്ല മൗലവീ...ഇമാം നവവിയുടെ ഇഖ്തിയാർ സ്വീകരിക്കണോ വേണ്ടയോ എന്നതായിരുന്നോ ഇവിടുത്തെ ചർച്ച? അല്ലെങ്കിലും ഇഖ്തിയാർ എന്താണെന്ന് ഇയാൾക്ക് മനസ്സിലായിട്ടുണ്ടോ? മദ്ഹബിൽ പ്രബലമായ അഭിപ്രായത്തിനെതിരെ യോഗ്യരായ പണ്ഡിതന്മാർ പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഗവേഷണം നടത്തി പറയുന്ന സ്വന്തം വീക്ഷണങ്ങൾക്കാണ്  ഇഖ്തിയാർ എന്ന് സാങ്കേതികമായി പറയുന്നത്. ഇമാം നവവി തന്റെ അദ്കാറിൽ രേഖപ്പെടുത്തിയ പ്രാർത്ഥന ശാഫിഈ മദ്ഹബിലെ അഭിപ്രായങ്ങൾക്ക് വിരുദ്ധമാണോ ?


ഹബീബ് ബിൻ അബീസാബിത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഇമാം മുസ്ലിമിൻറെ ഹദീസ് മറ്റ് റിപ്പോർട്ടുകൾക്ക് വിരുദ്ധമായത് കൊണ്ട് സ്വീകാര്യമല്ലെന്ന് ചിലർ നീട്ടി വലിച്ച് എഴുതിയത് കണ്ടു. യഥാർത്ഥത്തിൽ ദുആഇന്റെ സമയത്തെ പറ്റിയല്ല, മറിച്ച് 'മറ്റ് റിപ്പോർട്ടുകളോട് എതിരാവുന്നു ' എന്ന് ഇമാം നവവി പറഞ്ഞതിന്റെ താല്പര്യം റക്അതുകളുടെ എണ്ണത്തെക്കുറിച്ചും അവകൾക്കിടയിലുള്ള  ഉറക്കത്തെക്കുറിച്ചുമാണ്.  ഇക്കാര്യം കഴിഞ്ഞ കുറിപ്പിൽ നാം വിശദമാക്കിയതുമാണ്. ഇത് തന്നെയാണ് ഇബ്നു ഹജറുൽ അസ്ഖലാനിയും പറഞ്ഞിട്ടുള്ളത് :

فزاد على الرواة تكرار الوضوء وما معه ونقص عنهم ركعتين أو أربعا ولم يذكر ركعتي الفجر أيضا.

എന്നാൽ വ്യത്യസ്തമായ ഈ റിപ്പോർട്ടുകളെ എന്തുചെയ്യണമെന്നും ഇബ്നു ഹജർ (റ) ശേഷം വ്യക്തമാക്കുന്നുണ്ട്.

والحاصل أن قصة مبيت بن عباس يغلب على الظن عدم تعددها فلهذا ينبغي الاعتناء بالجمع بين مختلف الروايات فيها " ( فتح الباري- ٢/٤٨٤)

"ചുരുക്കത്തിൽ മൈമൂന ബീവിയുടെ വീട്ടിൽ ഇബ്നു അബ്ബാസ് തങ്ങൾ താമസിച്ചു എന്നത് ഒറ്റ സംഭവമാകാനാണ് കൂടുതൽസാധ്യത. അതുകൊണ്ട് തന്നെ വ്യത്യസ്ത റിപ്പോർട്ടുകൾ സമന്വയിപ്പിക്കേണ്ടതാണ്."

ഇതിൽനിന്ന് ഹബീബ് ബിൻ സാബിത്തിന്റെ റിപ്പോർട്ട് തള്ളുകയല്ല അതിനെ യോജിപ്പിക്കുകയാണ് വേണ്ടത് എന്ന് വ്യകതമായി. ഇനി ഇമാം അസ്ഖലാനി ഇമാം മുസ്ലിമിൻറെ പ്രസ്തുത റിപ്പോർട്ട് സ്വഹീഹ് ആണെന്ന് വ്യക്തമായി പറയുന്നത് കാണുക:

هذا حديث صحيح اخرجه مسلم عن واصل بن عبد الاعلي  ( نتائج الافكار للعسقلاني )

അഭിനവ മുജ്തഹിദുകളേ...പിരിഞ്ഞ് പോവുക. ഹാഫിളുൽ അസ്വർ ഇമാം അസ്ഖലാനിയുടെ തീർപ്പിന് ശേഷം നിങ്ങളുടെ ഗവേഷണം ഇവിടെ അവശ്യമില്ല.

അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.


Muhyidheen Saqafi Kavanoor

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...