Thursday, June 30, 2022

മൻത്വിഖും . പൊന്നാനി സിലബസും

 🌟🌟🌟🌟🌟 


✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 


#ഗുരുവിന്റെ_നെഞ്ചത്തല്ല

#എന്നാൽ_കളത്തിന്_പുറത്തുമല്ല 


അല്ലാഹു തആലാ വിശുദ്ധ ഖുർആനിൽ ഇസ്‌ലാം മതത്തെ കുറിച്ച് 

(صِرَ ٰ⁠طٌ مُّسۡتَقِیم)

'ചൊവ്വായ മാർഗ്ഗം' എന്ന് വിശേഷിപ്പിച്ചത് പോലെ ഈ ഉത്തമ സമുദായത്തെപ്പറ്റി പറഞ്ഞത് :

(وَكَذَ ٰ⁠لِكَ جَعَلۡنَـٰكُمۡ أُمَّةࣰ وَسَطࣰا)

എന്നാണ്. മുഫസ്സിറുകൾ പലവിധത്തിലും ഇതിനെ വ്യഖ്യാനിച്ചിട്ടുണ്ട്. 'അമിതമാവലിനും കുറഞ്ഞുപോവുന്നതിനും ഇടക്കുള്ള മിതമായ വഴി തെരെഞ്ഞെടുക്കുന്നത്' - എന്ന് പൊതുവെ സംഗ്രഹിക്കാം. താൻ നല്ലവനാണ് എന്നോ ചീത്തയായി എന്നോ ഉറപ്പിക്കാൻ പാടില്ല. ആഖിറത്തിൽ രക്ഷ കിട്ടുമെന്നോ നരകാവകാശിയാണെന്നോ തീർച്ചപ്പെടുത്തരുത്. മറിച്ച് സ്വർഗ്ഗം ലഭിക്കണമെന്ന പ്രതീക്ഷയും ആഗ്രഹവും, നരകത്തിൽ കടക്കുമോ എന്ന ഭയവും - സമന്വയമായി വേണം. إفراط ഉം تفريط ഉം പാടില്ല. രണ്ടിന്റെയും ഇടക്ക് സ്ഥാനമുറപ്പിക്കണം. ഈ ശൈലി എല്ലാ മേഖലയിലും മുസ്‌ലിമിന്ന് ഉണ്ടാവേണ്ടതുണ്ട്. മതപഠന രംഗത്തെ

علم الكلام، علم المنطق

വിഷയവുമായി ബന്ധപ്പെട്ട ചില സമീപന രീതികളും നിലപാടുകളുമാണ് കുറിക്കാനുദ്ദേശിക്കുന്നത്. 


നൂറ്റാണ്ടുകൾ പഴക്കമുള്ള ദർസ്പഠനത്തിന്റെ ചരിത്രമുണ്ട് കൊച്ചു കേരളത്തിന്. രാജ്യത്തിലേക്ക് ചേർത്തി നോക്കുമ്പോൾ ചെറുതായെന്നേയുള്ളൂ. മതപരമായി മറ്റു നാടുകളേക്കാളുപരി മേന്മയുണ്ട് ഈ മണ്ണിന്. മുബ്തദിഉകൾ - നിരീശ്വരന്മാർ തുടങ്ങി പല പേരിലും കോലത്തിലുമുള്ള കപടന്മാർ എല്ലായിടത്തുമുള്ള പോലെ ഇവിടെയുമുണ്ടെങ്കിലും ഒരു മദ്ഹബിൽ നിന്നുകൊണ്ടുള്ള ഉത്തമമായ പാരമ്പര്യ സരണി ഇന്നും നിലനിൽക്കുന്നത് നിർവചിക്കാനാവാത്ത അനുഗ്രഹമാണ്. വിദേശികൾ സോഷ്യൽ മീഡിയകളിലും അല്ലാതെയും ഈ സുന്ദരമുഖത്തെ വാഴ്ത്തുന്നത് പതിവായിട്ടുണ്ട്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും പൊന്നാനി കേന്ദ്രമായിട്ടുള്ള ദർസ് സിസ്റ്റത്തിനാണെന്ന് പറഞ്ഞാൽ തെറ്റില്ല. 


നഹ്‌വ്, സ്വർഫ് , ഫിഖ്ഹ്, അഖീദ: , തസ്വവ്വുഫ്, തഫ്സീർ, ഹദീസ് തുടങ്ങിയ ഫന്നുകളിലുള്ള കിതാബുകളടങ്ങിയതാണ് ഈ സിസ്റ്റത്തിലെ സിലബസ്സ്. സൂക്ഷ്മാലുക്കളായ അനേകം പണ്ഡിതരും ഔലിയാക്കളും ഈ സിലബസ്സിലൂടെ പഠിച്ചു വന്നവരാണ്. കാലക്രമേണ ഈ മൊഡ്യൂളുകളിൽ ചില മാറ്റങ്ങൾ അനിവാര്യമായി. പഴയത് നിലനിർത്തിക്കൊണ്ട് തന്നെ, ഇൽമുൽ കലാം, മൻത്വിഖ്, ഹൻദസ: , മീഖാത്, ഹിസാബ്, അഫ്‌ലാക് തുടങ്ങി പല ഫന്നുകളും അതിലേക്ക് കൂട്ടിച്ചേർത്തായിരുന്നു പുത്തൻ സിലബസ്സിന്റെ പിറവി. പുത്തനാശയക്കാരുടെയും മറ്റു നവീന വാദികളുടെയും മുന്നിൽ മതരംഗത്തുള്ളവർക്ക് പിടിച്ചു നിൽക്കാനാവുക എന്ന വലിയ ആവശ്യമായിരുന്നു ഈ നവീകരണത്തിന്റെ പിന്നിൽ. അത് കൊണ്ട് തന്നെ പുതിയതിനെ വിമർശിക്കുകയോ പഴയതിനെ കൊച്ചാക്കുകയോ ചെയ്യേണ്ടതില്ല. പഴയതിനെ, ഫുനൂനുകൾ ഇല്ലാത്തതിന്റെ പേരിൽ നിസാരപ്പെടുത്തുന്നത് ഗൗരവവും അപകടകരവുമാണ്.


ഇൽമുൽ കലാമും മൻത്വിഖും ഒഴിച്ചുകൂടാൻ പറ്റാത്തത്: 


പരിശുദ്ധ ദീനിന്റെ ശേഷിപ്പ് ഇൽമിലൂടെയും അത് കൈമുതലാക്കിയ ഉലമാഇലൂടെയുമാണ്. ഇത് രണ്ടും ഇവിടെ ഉണ്ടായേ തീരൂ. ദീനിന്റെ നിലനിൽപിനാവശ്യമായ അറിവുകൾ ഏതെല്ലാമായിരിക്കണമെന്ന് ഇമാമുകൾ വ്യക്തമാക്കുന്നുണ്ട്. 


അല്ലാമ: ഇബ്നു ഹജർ(റ) പറയുന്നു: "നിരീശ്വര - നവീന വാദികളുടെ, ദീനിനെതിരായിട്ടുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കാനാവശ്യമായ അറിവുള്ളവർ ഇവിടെ നിലനിൽക്കേണ്ടത് സാമൂഹ്യ ബാധ്യതയാണ്. അത്തരം അറിവുകൾ ഇൽമുൽ കലാം ശരിക്ക് പഠിച്ചെങ്കിലേ കഴിയുകയുള്ളൂ...." ഇങ്ങനെ ഇൽമുൽ കലാം പഠിക്കൽ നിർബന്ധമാണെന്ന് പറഞ്ഞ ശേഷം ഇമാം ഹറമൈനി (റ) യുടെ വാക്കുകൾ അവിടെ ഉദ്ധരിക്കുന്നുണ്ട്: "മതത്തെയും അതിലുള്ളതിനെയും എതിർക്കുന്നവരുടെ വിമർശനങ്ങൾ ഫലിക്കാത്ത ഉത്തമ നൂറ്റാണ്ടിലെ ജനങ്ങളെ പോലെയായിരുന്നു ശേഷമുള്ളവരുമെങ്കിൽ, ഈ ഇൽമുൽ കലാം പഠിക്കുന്നതിനെ നാം അനുവദിക്കുമായിരുന്നില്ല. അത് കൊണ്ട് തന്നെയാണ് സുന്ദര കാലത്ത് ജീവിച്ച ഇമാം ശാഫിഈ (റ) വും മറ്റുള്ളവരും ഇത്തരം പഠനത്തെ വളരെ മോശമായി ചിത്രീകരിച്ചത്. പക്ഷേ, പുത്തനാശയക്കാരുടെ കടന്നുകയറ്റം കാരണം ഇത് ഒഴിച്ചുകൂടാൻ പറ്റാത്തതായി മാറി.."(നിഹായതുൽ മത്വ്‌ലബ്: 17/417) ഇമാം ഹറമൈനി(റ) യുടെ ഈ വാക്കിനെ ഇമാം നവവി(റ) അവരുടെ 'റൗള:' യിൽ ശരിവെച്ചതായും ഇബ്നു ഹജർ (റ) പറയുന്നു (തുഹ്ഫ: 9/214). 


അപ്പോൾ, ഇമാം നവവി(റ) മൻത്വിഖ് പഠിക്കുന്നത് വിലക്കിയെന്ന് അബ്ദുർറഹ്‌മാൻ അൽ അഖ്ള്വരി(റ) 'സുല്ലമുൽ മുറൗനഖ്' - ൽ പറഞ്ഞല്ലോ: 


وَالْخُلْفُ فِي جَوَازِ الِاشْتِغَالِ # بِهِ عَلَى ثَلَاثَةٍ أَقْوَالِ

فَابْنُ الصَّلَاحِ وَالنَّوَاوِي حَرَّمَا # وَقَالَ قَوْمٌ يَنْبَغِي أَنْ يُعْلَمَا 


അത് നിരുപാധികമല്ല എന്ന് മനസ്സിലാക്കണം. ഇമാം ഹറമൈനി(റ)യുടെ വീക്ഷണത്തിന് 'റൗള:' യിൽ അംഗീകാരം നൽകിയല്ലോ (റൗള: 10/223).

അതായത്, ശുബ്ഹാതുകളെ പ്രതിരോധിക്കാനാവശ്യമായ അളവിൽ അതിന് പ്രാപ്തരായ ആളുകൾ അതിനെ പഠിക്കണം. അത് ഫർള്വ് കിഫായ:യുമാണ് എന്നതിനെ ഇമാം നവവി (റ) ഒരിക്കലും തന്നെ എതിർക്കുന്നില്ല. ഇത് ഇബ്നു ഹജർ(റ) യുടെ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. 


ശറഇ'ന്ന് വിരുദ്ധമായ ഫിലോസഫിയൻ തത്വങ്ങൾ അടങ്ങിയതിനാലാണ് ഇമാം  വിലക്കിയതെന്ന മറ്റൊരു ന്യായം ഇബ്നു ഹജർ (റ) തന്നെ അവിടുത്തെ 'ഇംദാദി'ൽ പറയുന്നുണ്ട്. മൻത്വിഖ് മുഹ്തറമല്ലെന്നും അത് എഴുതിയ പേപ്പർ ഉപയോഗിച്ച് നജസ് ശുദ്ധിയാക്കാമെന്ന ഇമാം നവവി (റ) യുടെ ഫത്‌വായെ ന്യായീകരിച്ചുകൊണ്ടാണിത് പറഞ്ഞത്. ഹവാശീ അൽ മദനിയ്യ: (പേ: 1/137) ൽ ഇമാം കുർദീ (റ) യും ശർവാനി (റ) അവരുടെ ഹാശിയ: (പേ: 1/178) യിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ വ്യാഖ്യാനം മറ്റു പലയിടത്തും കാണാം. ഈ ന്യായം, പക്ഷെ - ആവശ്യമായ അളവിൽ പഠിക്കാമെന്നതിനോട് - അത് ശറഇന്ന് വിരുദ്ധമായ ഫൽസഫ: കലർന്നതാണെങ്കിൽ പോലും - ഏറ്റുമുട്ടുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇക്കാരണം കൊണ്ട് തന്നെയാണ്, ശറഇന്ന് വിരുദ്ധമായ ഫൽസഫ: കലർന്ന മൻത്വിഖും പഠിക്കാമെന്ന് ഇമാം ഹലീമീ(റ) പറഞ്ഞതെന്ന് 'ഫത്ഹുൽ മുബീനി'-(പേ:612 - ഹദീസ് നമ്പർ:36)ൽ ഇബ്നു ഹജർ(റ) വ്യക്തമാക്കിയതും. തബ്ദീൽ ഉറപ്പായ തൗറാത്, ഇൻജീൽ എന്നിവ അറിവാളന്മാർക്ക് വായിക്കാം എന്ന അനുവാദം (തുഹ്ഫ: 1/178) മേൽ പറഞ്ഞതിനെ ശക്തിപ്പെടുത്തുന്നുമുണ്ട്. 


(അല്ലാത്തവർ വായിക്കുന്നത് കടുത്ത തെറ്റാണെന്നും പ്രസ്തുത ഭാഗത്ത് തന്നെയുണ്ട്. അറിയാൻ - പഠിക്കാൻ എന്നൊക്കെ പറഞ്ഞ്, ബിദഇകളുടെയും നിരീശ്വരന്മാരുടെയും മറ്റ് മതസ്ഥരുടെയും പുസ്തകങ്ങൾ വായിക്കുന്നതും പ്രസംഗങ്ങൾ കേൾക്കുന്നതും സാധാരണക്കാർക്ക് നിഷിദ്ധമാണെന്ന് വ്യക്തം. ഖണ്ഡിക്കാനോ തിരിച്ചടിക്കാനോ കഴിയാത്ത അൽപന്മാരും വളരെയധികം ശ്രദ്ധിക്കണം. ഈമാൻ തെറ്റിയേക്കാവുന്ന ശുബഹകൾ അതുവഴി മനസ്സിൽ കടന്നു കൂടിയാൽ, അതിന് മോചനം കിട്ടാതെ വന്നാൽ, യഥാർത്ഥ മറുപടികൾ ബുദ്ധിക്കുറവ് കൊണ്ടോ മറ്റോ മനസ്സിലാകാതിരുന്നാൽ, അവസാന നിമിഷം ഈമാനില്ലാതെ പോയാൽ.... പടച്ച റബ്ബ് കാക്കട്ടെ, ആമീൻ). 


മാത്രമല്ല, ശറഇയ്യായ ഇൽമ് മനസ്സിലാക്കാനാവശ്യമായ ആലിയ്യായ ഇൽമുകളിൽ വെച്ചേറ്റവും മുന്തിയത് മൻത്വിഖാണെന്നും, അവ മനസ്സിലാക്കിയെങ്കിലേ ഒരാളുടെ തെറ്റിദ്ധാരണകൾ നീങ്ങുകയുള്ളൂവെങ്കിൽ അത് പഠിക്കൽ അവന് നിർബന്ധമാണെന്നും മേൽ പറഞ്ഞ ഹാശിയ: കളിൽ പ്രസ്തുത ഭാഗത്ത് വ്യക്തമാക്കിയിട്ടുണ്ട്. 


പിഴച്ച വാദങ്ങളെല്ലാം ഒഴിവാക്കി ദീനീ വിശ്വാസങ്ങളോട് തീർത്തും യോജിക്കുന്നവ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇന്നത്തെ സുന്നികൾ പഠിക്കുന്ന മൻത്വിഖ്. അതാണെങ്കിൽ പല മേഖലകളിൽ ആവശ്യമാണ് താനും. ഇത്തരത്തിലുള്ള മൻത്വിഖ് പഠനത്തെ ഒരിക്കലും തന്നെ ഇമാം ഇബ്നുസ്സ്വലാഹ്(റ) എതിർക്കുകയില്ലെന്ന് ഇബ്നു ഹജർ(റ) അവരുടെ വീക്ഷണത്തെ വിശദീകരിച്ചു കൊണ്ട് ഫതാവൽ കുബ്റാ (1/50) യിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ) 'മുസ്തസ്വ് ഫാ' (പേ: 1/10 ) യിലും 'അൽ മുൻഖിദ് മിനള്ള്വലാൽ' (പേ:7) ലും മൻത്വിഖ് പഠിക്കേണ്ടതു തന്നെയാണെന്ന് പറഞ്ഞിട്ടുണ്ട്. അതും ഇമാം നവവി(റ) വിലക്കിയതും തമ്മിൽ യോജിപ്പിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും ഫതാവൽ കുബ്റായിൽ വിശദീകരിച്ചത് കാണാം. 


"لَا ثِقَةَ بِفِقْهٍ لَمْ يَتَمَنْطَق"

എന്ന ഇമാം ഗസ്സാലി(റ) വിന്റെ വാക്ക് പ്രസിദ്ധമാണ് (പേ: ). ഉത്തമ നൂറ്റാണ്ടിൽ 'മൻത്വിഖ്' പഠിക്കാഞ്ഞിട്ടും അവരുടെ അവരുടെ അറിവിന് മൂല്യക്കുറവൊന്നും ഉണ്ടായില്ലല്ലോ എന്ന് ചിന്തിക്കേണ്ടതില്ല. കാരണം "يَتَمَنْطَق" എന്ന വാക്കിനർത്ഥം 'മൻത്വിഖി'-ൽ കഴിവുള്ളവനാവുക എന്നാണ്. അത് രണ്ട് രീതിയിൽ ഉണ്ടാവാം. പ്രകൃതിയാൽ കഴിവുണ്ടാവുക, പഠിച്ചെടുക്കുക. മുജ്തഹിദുകളായ ഇമാമുമാരും അവർക്ക് മുമ്പുള്ളവരും ഒന്നാം ഗണത്തിൽ പെടും. പിൽക്കാലത്തുള്ളവർക്ക് അത് പഠിച്ചെടുക്കേണ്ടി വരും. അത്കൊണ്ട്, ശറഇയ്യായ ഇൽമിന്റെ പരിധിയിൽ തഫ്സീർ-ഹദീസ്-ഫിഖ്ഹ് എന്നിവക്ക് പുറമെ അത് മനസ്സിലാക്കാൻ അത്യാവശ്യമായ മൻത്വിഖും ഇൽമുൽ കലാമും ഉൾപെടുമെന്ന് ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുബീൻ - 612, ഹദീസ് നമ്പർ: 36). 


ചുരുക്കത്തിൽ, ഇന്ന് ദർസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന 'മൻത്വിഖും' 'ഇൽമുൽ കലാമും' - പഠിക്കേണ്ടതും കാലത്തിന്റെ ആവശ്യവുമാണ്. അത്പോലെ, സംഖ്യകൾ കണക്ക് കൂട്ടുന്നതിനാവശ്യമായ 'ഇൽമുൽ ഹിസാബ്' അനന്തരസ്വത്തിന്റെ ഓഹരി വിഹിതം കണ്ടെത്താനാവശ്യമാണ്. മാസപ്പിറവി, നിസ്കാരസമയം, ഖിബ്‌ല: ദിശ തുടങ്ങിയവക്ക് വേണ്ടി 'ഇൽമുൽ ഫലകും' ആവശ്യം തന്നെ. ദീനീ നിയമങ്ങൾ പഠിക്കുന്ന കൂട്ടത്തിൽ ഇവയും കൂടി പഠിക്കേണ്ടതാണെന്ന് ഇബ്നു ഹജർ(റ) വ്യക്തമാക്കിയതാണ് (തുഹ്ഫ: 9/214). 


ഇനിയാണ് ശ്രദ്ധിക്കേണ്ട കാര്യം. അതായത്, മേൽപറഞ്ഞ ഫുനൂനുകളൊന്നും ഉൾക്കൊള്ളാത്ത പൊന്നാനി സിലബസിനോട്, ഇതൊക്കെ പഠിച്ചെന്ന് കരുതി - പുച്ഛഭാവം കാണിക്കരുത്. അങ്ങനെ പച്ചക്ക് എതിർപ്പ് കാണിക്കാൻ ആരും ധൈര്യപ്പെടില്ലെങ്കിലും, പരോക്ഷമായിട്ട് ആ ശൈലിയെ അവഗണിക്കാറുണ്ട്.

"മൻത്വിഖ് തിരിയാത്തവർ..." എന്ന് പുച്ഛഭാവത്തിൽ സമീപിക്കുന്നത് ഒരുദാഹരണം. 


പഴയ സിലബസ്സിൽ, അറബി ഭാഷ മനസ്സിലാക്കാൻ വേണ്ടിയുള്ള ആലിയ്യായ ഫന്നുകൾ കഴിച്ചാൽ ബാക്കി മുഴുവനും ശറഇയ്യായ ഇൽമിന്റെ സത്ത മാത്രം - ഫിഖ്‌ഹ്, അഖീദ : , തസ്വവ്വുഫ് - പഠിക്കുന്ന സുന്ദരമായ ശൈലിയാണല്ലോ. അതല്ലേ മനുഷ്യൻ കാര്യമായി പഠിക്കേണ്ടതും. മർമ്മപ്രധാനമായ കാര്യത്തിൽ മുഴുസമയവും ചിലവഴിക്കാൻ കഴിയുക എന്നത് ഏറ്റവും വലിയ ഭാഗ്യമായിട്ടല്ലേ ബുദ്ധിയുള്ളവർക്ക് കാണാനൊക്കൂ ?

മാത്രമല്ല, മുമ്പൊന്നും നമ്മുടെ നാട്ടിൽ ഈ നവീനവാദികളായ കഷ്മലന്മാരുടെ മുട്ട വിരിഞ്ഞിട്ടില്ലായിരുന്നല്ലോ. അത് കൊണ്ട് മൻത്വിഖും ഇൽമുൽ കലാമും പഠിക്കേണ്ട നിർബന്ധിതാവസ്ഥയും വന്നില്ല.

പിന്നെ, വല്ല വിവരം കെട്ടവനും രംഗത്ത് വന്നാൽ തന്നെയും തഖ്‌വ:യും സൂക്ഷ്മതയും നിറഞ്ഞ മഹാന്മാരെ ഒരു നോക്കു കണ്ടാൽ, അവരുടെ ധന്യജീവിതം ചെറിയ നിമിഷം ആസ്വദിക്കാൻ കഴിഞ്ഞാൽ തന്നെ ഇവരുടെ സംശയങ്ങളൊക്കെ തീരും. അത്ര വലിയ മഹാന്മാരല്ലേ അന്ന് നിറഞ്ഞു നിന്നിരുന്നത് !

ഇന്ന് അങ്ങനെ ഒരാളെ കാണിച്ചു കൊടുക്കാൻ ആരുണ്ട്? അത് കൊണ്ട് ജീവിത വിശുദ്ധി വളരെ കുറഞ്ഞു പോയ ഇക്കാലത്ത് സംവാദങ്ങളിലൂടെയും വാഗ്വാദങ്ങളിലൂടെയും മറുപടികൾ മനസ്സിലാക്കി കൊടുക്കേണ്ട അവസ്ഥയാണുള്ളത്. എന്ന് കരുതി ഇത്തരം ഫന്നുകൾ സിലബസ്സിൽ കൂട്ടിച്ചേർത്തവർ മഹാന്മാരല്ലെന്ന് ഇപ്പറഞ്ഞതിന് ഒരിക്കലും അർത്ഥമില്ല. തൊട്ടടുത്ത് വരാനിരിക്കുന്ന - ഇന്നത്തെ ചീഞ്ഞളിഞ്ഞ അവസ്ഥ - മുൻകൂട്ടി കണ്ടറിഞ്ഞവർ എന്ന് വേണം അവരെ കുറിച്ച് മനസ്സിലാക്കാൻ. 


അപ്പോൾ അന്ന് (പൊന്നാനി സിലബസ്സിൽ പഠനം നടന്നിരുന്ന ഘട്ടം ) സുന്ദരമായ കാലമായിരുന്നു - എന്ന് വന്നാൽ പ്രസ്തുത വിഷയങ്ങൾ പഠനം നടത്താതിരിക്കലാണ് വേണ്ടത് എന്ന് പറയണം. മുമ്പ് ഉദ്ധരിച്ച ഇമാം ഹറമൈനി (റ) വിന്റെ വാക്ക് ഇവിടെ ചേർത്ത് വായിക്കാം:

ﻟﻮ ﺑﻘﻲ اﻟﻨﺎﺱ ﻋﻠﻰ ﻣﺎ ﻛﺎﻧﻮا ﻋﻠﻴﻪ ﻓﻲ ﺻﻔﻮﺓ اﻹﺳﻼﻡ ﻟﻤﺎ ﺃﻭﺟﺒﻨﺎ اﻟﺘﺸﺎﻏﻞ ﺑﻪ، ﻭﺭﺑﻤﺎ ﻧﻬﻴﻨﺎ ﻋﻨﻪ. اه كما في الروضة (ص: ١٠/٢٢٣) 


ഈ ആശയത്തിലേക്ക് ഇമാം തഫ്താസാനീ(റ) ശറഹുൽ അഖാഇദിന്റെ തുടക്കത്തിൽ സൂചിപ്പിക്കുന്നുമുണ്ട്. ആവശ്യമില്ലാത്തത് ഒഴിവാക്കലാണ് വേണ്ടത് എന്ന തിരുഹദീസും ഇവിടെ പ്രസക്തമാണ്:

مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ. اه رواه الترمذي.


അപ്പോൾ, ദീനിനെതിരെ തൊടുത്തു വിടുന്ന ശുബഹ:കളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിൽ പഠിപ്പിക്കപ്പെട്ട രക്ഷാകവചമായിട്ടാണ് മൻത്വിഖിനെയും ഇൽമുൽ കലാമിനേയും കാണേണ്ടത്. പോരാട്ടത്തിന് യാതൊരു സാഹചര്യമില്ലെങ്കിലും പടയങ്കി ധരിച്ചേ ഉറങ്ങാൻ വരേ പാടുള്ളൂ എന്ന പിടിവാശിയൊന്നും വേണ്ടതില്ല. വേനൽ കാലത്ത് മഴയും പ്രതീക്ഷിച്ച് കുട ചൂടി നടക്കേണ്ടതില്ലെന്ന്. കുട ചൂടാത്തവരെ പുച്ഛിക്കേണ്ടതുമില്ല. 


ഇങ്ങനെ അത്യാവശ്യ ഘട്ടത്ത് പഠിക്കേണ്ടി വന്ന ഇവകൾ മനസ്സിലാക്കിയെന്ന് കരുതി , ഉത്തമ കാലത്തെ പഴയ ഉലമാഇന്റെ ത്വരീഖിനെ രണ്ടാം നമ്പറായിട്ട് കാണാനൊക്കുമോ?. ഫിഖ്ഹും അഖീദ:യും മാത്രം പഠിച്ച്, അതനുസരിച്ച് ജീവിക്കുക എന്ന സലഫുസ്സ്വാലിഹീങ്ങളുടെ ഉത്തമ പാതയിലൂടെ പോകുന്നവരെ - സാധുക്കളായും ചിന്താ ശേഷി കുറഞ്ഞവരായും - ഇത്തരക്കാർ കാണുമെന്നും അത് വളരെ നീചവും വൃത്തികേടുമാണെന്നും ഇമാം അൽ അഖ്ള്വരി(റ) പറഞ്ഞത് കാണാം: 


وربما يؤثر بعض الحمقى هوسهم الاشتغال بما يعنيه من التفقه في أصول الدين وفروعه على طريق السلف الصالح والعمل بذلك، ويرى هذا الخبيث لانطماس بصيرته وطرده عن باب فضل الله تعالى إلى باب غضبه أن المشتغلين بالتفقه في دين الله تعالى العظيم الفؤاد دنيا وأخرى بلداء الطبع ناقصوا الذكاء، فما أجهل هذا الخبيث وأقبح سريرته الخ اه

(شرح أم البراهين على السنوسي- ص: ٧٢) 


ഫുനൂനുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുത്തൻ സിലബസ് ഉദയം ചെയ്ത ഘട്ടത്തിൽ മേൽപറഞ്ഞ രൂപത്തിലെ ഒരു ഇകഴ്ത്തൽ ചിലരിൽ നിന്ന് ഉണ്ടായി. അതിന്റെ തിക്തഫലം തന്നെയാണ് കെ.എം മൗലവിക്കും എം.സി.സി കൾക്കും സംഭവിച്ചത്. തുടർന്ന് ബിദഇകളായി മാറിയതും. 


ഇവരെപ്പോലെ വിദ്യാർത്ഥി ജീവിതം നയിച്ച ശംസുൽ ഉലമാ ഖുതുബി (ഖു:സി), പക്ഷെ, ശരിയായ ആദർശത്തിൽ നിന്നും വ്യതിചലിക്കാതെ നിലകൊണ്ടു. ഇതിന്റെ കാരണം ചരിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പൊന്നാനി വിളക്കത്തിരുന്ന് 'മുസ്‌ലിയാർ' പട്ടം സ്വീകരിച്ച് ആ സരണിയിൽ തന്നെ ദർസ് നടത്തിയിരുന്ന പോക്കർ മുസ്‌ലിയാരുടെ ( സ്വദഖതുല്ലാഹ് ഉസ്താദി(ഖു:സി)ന്റെ പിതാവ് ) യും വലിയ്യായി വാഴ്ത്തപ്പെട്ട കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാരുടെ (ഖു:സി) യും ശിഷ്യത്വവും തർബിയതും കഴിഞ്ഞാണ് ഖുത്വുബി ഓർ(ഖു:സി) പുത്തൻ സിലബസുള്ള ദർസിൽ ചേർന്നത്. അത് കൊണ്ട് തന്നെ പരിഷ്കൃത ചിന്ത ലവലേശം തൊട്ടുതീണ്ടിയില്ല. 


അതിനാൽ, ഇവ പഠിച്ച് വലിയ സംഭവമായി കരുതി, ഊറ്റം കൊണ്ടിട്ട് പഴയതിനെ എതിർക്കുകയോ, പുതിയതിനെ വെറും ഭൗതികമായി ചിത്രീകരിച്ച് ചെറുതാക്കുകയോ വേണ്ട. അഭ്യാസി ഗുരുക്കളുടെ നെഞ്ചത്തേക്ക് ചവിട്ടാതെ, അതേ സമയം കളത്തിന് പുറത്തു പോകാതെയും വേണം പരിശീലിക്കാൻ. അല്ലെങ്കിലും ഈ 'ഊറ്റം' കൊള്ളുന്ന സ്വഭാവം തീരെ ശരിയല്ല. സ്വന്തത്തെ പുകഴ്ത്തലാണത്. ഇതിനെ ഹദീസിൽ ആക്ഷേപിച്ചത് അറിയാമല്ലോ: 


"ثلاث مهلكات: شُح مطاع، وهوى مُتبع، وإعجاب المرء بنفسه" رواه الطبراني، وزاد البيهقي:"وهى أشدهن". 


ആ ഊറ്റം കൊള്ളൽ ആർക്കെതിരെയെല്ലാം ആകുമെന്നു കൂടി ചിന്തിക്കുന്നത് നന്ന്. വിവാഹവുമായി ബന്ധപ്പെട്ട ദീനീ നിയമങ്ങൾ - നികാഹ്, ഫസ്ഖ്, ത്വലാഖ് തുടങ്ങി എല്ലാം ഉൾകൊള്ളിച്ച് അറബിയിൽ ആയിരത്തിലധികം വരികളുള്ള കവിത രചിച്ചവരാണ് ഉമറുൽ ഖാളീ(റ). തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാരുടെ (ഖു:സി) യും കുഞ്ഞൻ ബാവ മുസ്‌ലിയാരുടെ (ഖു:സി) യും ശിഷ്യരായ പരൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ഖു:സി) ഉസ്വൂലുൽ ഹദീസ്, ഇൽമുത്ത്വിബ്ബ് തുടങ്ങി നാലോളം ഫന്നുകളിൽ അൽഫിയ്യ: രചിച്ചിട്ടുണ്ട്. പ്രാസൊപ്പിച്ച് ഭാഷാ സാഹിത്യങ്ങൾ ഉൾക്കൊണ്ട് ഇത്രയധികം കവിതകൾ രചിക്കണമെങ്കിൽ അവരുടെ അറബി സാഹിത്യത്തിലെ കഴിവ് വായിച്ചെടുക്കാവുന്നതേയുള്ളൂ. ഇനിയുമുണ്ട് ഒട്ടേറെ വെളിച്ചം കാണാത്ത രചനകൾ. (നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ -ന:മ - അദ്ദേഹത്തിന്റെ  'മലയാളത്തിലെ മഹാരഥന്മാർ' എന്ന ഗ്രന്ഥത്തിൽ ഇത്പോലെ ഒരു പാട് കേരളക്കരയിലെ പഴയ ഉലമാഇന്റെ ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. റിസർച്ച് ചെയ്യാനുദ്ദേശിക്കുന്ന മതവിദ്യാർത്ഥികൾ ഇതൊക്കെ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ഇടക്ക് ഉണർത്തുന്നു.) ഉത്തരേന്ത്യൻ ഉലമാ രചനകൾ വെളിച്ചം കണ്ടതും ഇവിടെയുള്ളത് പുറം ലോകമറിയാതെ പോയതും അന്നത്തെ രാഷ്ട്രീയ സാഹചര്യമായിരുന്നു. ഏതായാലും അമൂല്യവും ബൃഹത്തുമായ അനവധി രചനകളുടെ ഉടമകൾ പൊന്നാനി ത്വരീഖിലെ കളരിയിൽ വളർന്നവരിലുണ്ടെന്ന സത്യം മറക്കരുത്. 


ഇമാമുകളുടെ കുറച്ചു കൂടി ഉദ്ധരണികൾ ഈ കുറിപ്പിൽ ചേർക്കേണ്ടതുണ്ട്. ഇൻശാ അല്ലാഹ് - മറ്റൊരിക്കലാകാം. 


നല്ലതിനെ വേണ്ട പോലെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും അതുവഴി ഇരു ലോകത്തും വിജയിക്കാനും ഏവർക്കും റബ്ബ് ആവതാക്കട്ടെ - ആമീൻ. 


(തയ്യാറാക്കിയത് -

അബൂ ഹസന: ഊരകം)

💫  

.

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...