Friday, December 3, 2021

തബ്‌ലീഗ് :സിയാറത്ത് യാത്രയിലെ തബ്‌ലീഗ് ഉരുണ്ടുകളി!

 


  


സിയാറത്ത് യാത്രയിലെ തബ്‌ലീഗ് ഉരുണ്ടുകളി!


അൽകൗകബുദ്ദുർറിയയിൽ ശാഹ് വലിയുല്ലാഹി(റ)യുടേതായി പറഞ്ഞ അഭിപ്രായത്തെ കുറിച്ച് അടിക്കുറിപ്പിൽ തഖിയുദ്ദീൻ നദ്‌വി രേഖപ്പെടുത്തിത് ശാഹ് വലിയുല്ലാഹി തന്റെ ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ പറഞ്ഞു എന്നാണ്. യഥാത്ഥത്തിൽ ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ ശാഹ് വലിയുല്ലാഹി പറഞ്ഞെതെന്ത്, അതിന്റെ ഉദ്ദേശമെന്ത് എന്ന് നോക്കാം. മൂന്ന് പള്ളിയിലേക്കല്ലാതെ വാഹനം കെട്ടി യാത്ര പുറപ്പെടരുത് എന്നർത്ഥം വരുന്ന ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ശാഹ് വലിയുല്ലാഹി പറയുന്നു: ഖബ്ർ, ഔലിയാക്കളുടെ ആരാധനാ സ്ഥലം, ത്വൂർ പർവതം എല്ലാം ഹദീസിൽ വന്ന വിലക്കിൽ സമമാണ് (ഹുജ്ജതുല്ലാഹിൽ ബാലിഗ).

ശാഹ് വലിയുല്ലാഹി(റ) പറഞ്ഞതിന്റെ ഉദ്ദേശ്യം റശീദ് അഹ്‌മദ് ഗംഗോഹിയുടെ ഗുരുവും ഇസ്മാഈൽ ദഹ്‌ലവിയെ ശക്തമായി എതിർത്ത സുന്നി പണ്ഡിതനുമായ മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) മുൻതഹൽ മഖാലിൽ രേഖപ്പെടുത്തുന്നു: ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) ഹുജ്ജതുല്ലാഹിൽ ബാലിഗയിൽ വിവരിച്ചു: എന്റെ അടുക്കൾ ശരിയായത്, ഖബ്ർ, ഔലിയാക്കളുടെ ആരാധനാ സ്ഥലം, ത്വൂർ പർവതം എല്ലാം ഹദീസിൽ വന്ന വിലക്കിൽ സമമാണ്.

മുവത്വയുടെ വ്യാഖ്യാനമായ മുസ്വഫയിൽ പറയുന്നു: മഹാനായ അബൂ ബസ്വറത്തുൽ ഗിഫാരി(റ) ഹദീസിന്റെ വിലക്കിൽ ത്വൂർ പർവതത്തെ ഉൾപ്പെടുത്തുകയും അബൂഹുറൈറ(റ)യെ എതിർക്കുകയും ചെയ്യുന്നു.

മുവത്വയുടെ മറ്റൊരു വ്യാഖ്യാനമായ മുസവയിൽ ശാഹ് വലിയുല്ലാഹി(റ) പറയുന്നു: ഞാൻ പറയുന്നു; മൂന്ന് പള്ളി അല്ലാത്ത മറ്റു പ്രത്യേക സ്ഥലങ്ങളിലേക്ക് ഇബാദത്ത് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വാഹനം കെട്ടി യാത്ര പുറപ്പെടുന്നത് വിലക്കപ്പെട്ടതാണ്.

ശേഷം മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) ശാഹ് വലിയുല്ലാഹി(റ)യുടെ ഈ വിഷയത്തിലുള്ള നിലപാട് വിവരിക്കുന്നു: ശാഹ് വലിയുല്ലാഹി(റ)യുടെ ഉദ്ദേശ്യവും നിലപാടും വളരെ വ്യക്തമാണ്. ബറകത്താക്കപ്പെട്ട സ്ഥലങ്ങൾ അഥവാ ഔലിയാക്കളുടെ ഖബറുകൾ, അവരുടെ ആരാധനാ സ്ഥലങ്ങൾ, ത്വൂർ പർവതം അതുപോലുള്ള മറ്റു സ്ഥലങ്ങളിലേക്ക് ഇബാദത്തിന് വേണ്ടിയോ തബറുകിനോ തവസ്സുലിന് വേണ്ടിയോ യാത്ര പുറപ്പെടുന്നത് നിഷിദ്ധമാക്കുന്നത് ആ സ്ഥലങ്ങൾക്ക് പ്രത്യേകം പ്രതിഫലമുണ്ടെന്ന ഉദ്ദേശ്യത്തോടുകൂടി അവിടങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴാണ് (മുൻതഹൽ മഖാൽ ഫീ ശറഹി ഹദീസി ലാ തുശദ്ദിർറിഹാൽ).

ശാഹ് വലിയുല്ലാഹി ദഹ്‌ലവി(റ) സിയാറത്ത് ചെയ്യാൻ വേണ്ടി വാഹനം കെട്ടി യാത്ര പുറപ്പെടുന്നതിനെ നിഷേധിച്ചു എന്ന് വരുത്തിത്തീർക്കാൻ റശീദ് അഹ്‌മദ് ഗംഗോഹി ഏതു പ്രസ്താവനയെയാണോ അവലംബിച്ചത് അതേ പ്രസ്താവനക്കാണ് മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ) വിശദീകരണം നൽകുന്നതും അദ്ദേഹം സിയാറത്ത് നിഷേധിച്ചിട്ടില്ല എന്ന് സമർത്ഥിക്കുന്നതും.

അമ്പേട്ടവി മുഹന്നദിൽ നബി(സ്വ)യുടെ ഖബ്ർ ഉദ്ദേശിച്ച യാത്ര പുറപ്പെടുന്നതിനെ ഞങ്ങൾ അംഗീകരിക്കുന്നു എന്ന് പറയാൻ റഷീദ് അഹ്‌മദ് ഗംഗോഹിയുടെ സുബ്ദതുൽ മനാസിക് തെളിവായി ഉദ്ധരിച്ച ശേഷം ആധികാരികമായ മറ്റൊരു ഗ്രന്ഥം അന്വേഷിച്ചു കിട്ടാതായപ്പോൾ മുഫ്തി സ്വദ്‌റുദ്ദീൻ ആസുർദ(റ)യുടെ മുൻതഹൽ മഖാൽ ഉദ്ധരിക്കുന്നുവെന്നതാണ് വിരോധാഭാസം.

കൗകബുദ്ദുർറിയുടെ ടിപ്പണിയിൽ സകരിയ കാന്ദലവിയുടെ വിശദീകരണം കാണാം: ഞാൻ പറയുന്നു; ഹദീസിൽ വന്ന വിലക്കിൽ ശാഹ് വലിയ്യുല്ലയുടെയും ഭൂരിഭാഗം വരുന്ന മറ്റു പണ്ഡിതന്മാരുടെയും അടുക്കൽ നബി(സ്വ)യുടെ ഖബർ സിയാറത്ത് ഉൾപ്പെടുന്നില്ല. ശാഹ് വലിയുല്ലാഹി മുവത്വയുടെ വ്യാഖ്യാനമായ മുസഫയിലും മുസവയിലും പറയുന്നു: ഹജ്ജിൽ നിന്ന് വിരമിച്ചതിന് ശേഷം തിരുനബി(സ്വ)യുടെ ഖബർ സിയാറത്ത് ചെയ്യൽ സുന്നതാണ്. അതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല.

റശീദ് അഹ്‌മദ് ഗംഗോഹി നബി(സ്വ)യുടെ ഖബ്ർ, മറ്റു മഖ്ബറകൾ എന്ന് വേർതിരിക്കാതെ സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടൽ അനുവദനീയമല്ലെന്ന് പറഞ്ഞിടത്ത് സകരിയ കാന്ദലവി റസൂൽ(സ്വ)യുടെ ഖബ്ർ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയെ മാത്രം അതിൽ നിന്നൊഴിവാക്കുന്നു. നബി(സ്വ)യുടേതല്ലാത്ത മറ്റു മഖ്ബറകൾ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയോട് കാന്ദലവിക്ക് വിയോജിപ്പാണ്.

സകരിയ കാന്ദലവി ഫളായിലേ അഅ്മാലിൽ സജ്ജനങ്ങളുടെ ഖബ്ർ സിയാറത്തിന് വേണ്ടി യാത്ര പോകാമെന്ന് സമർത്ഥിക്കുന്ന ഇമാം ഗസ്സാലി(റ)യുടെ ഉദ്ധരണം കൊണ്ടുവന്ന ശേഷം പറയുന്നു: ഞാൻ പറയുന്നു; ഔലിയാക്കളുടെ ഖബ്ർ സിയാറത്തിന് വേണ്ടി യാത്ര പോവൽ അനുവദനീയമാണോ അല്ലേ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട് (ഫളായിലേ അഅ്മാൽ).

ഇമാം ഗസ്സാലി(റ) പറഞ്ഞതിനോട് കാന്ദലവി വിയോജിക്കുന്നതും നബി(സ്വ)തങ്ങളുടെ ഖബർ സിയാറത്തിന് വേണ്ടി യാത്ര പോകുന്നതിൽ പരിഗണിക്കാത്ത അഭിപ്രായവ്യത്യാസം ഔലിയാക്കളുടെ ഖബ്ർ സിയാറത്തിൽ പരിഗണിക്കുന്നത് എന്തുകൊണ്ടാണ്. ഇതേ കാന്ദലവിയുടെ നിർദേശ പ്രകാരമാണ് തഖ്‌വിയതുൽ ഈമാൻ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയതെന്ന് അബുൽ ഹസൻ അലി നദ്‌വി തഖ്‌വിയതുൽ ഈമാനിന്റെ പരിഭാഷയായ രിസാലതുത്തൗഹീദിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

കാന്ദലവി പറഞ്ഞതിനോടു സമാനമായി മറ്റൊരു ദേവ്ബന്ദി നേതാവ് അൻവർ ഷാ കശ്മീരി പറഞ്ഞതായി കാണാം. സ്വഹീഹുൽ ബുഖാരിക്ക് അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ നബി(സ്വ)യുടെ ഖബർ ഉദ്ദേശിച്ച് യാത്ര പുറപ്പെടാമെന്ന് പറയുന്നു. അതേസമയം തുർമുദിക്കെഴുതിയ വ്യാഖ്യാനത്തിൽ പറയുന്നതിങ്ങനെ: ഈ കാലഘട്ടത്തിലെ ജനങ്ങൾ പതിവാക്കിയ ഔലിയാക്കളുടെ ഖബറുകൾ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര പുറപ്പെടുന്നതിന് നബി(സ്വ)യിൽ നിന്നോ മദ്ഹബിന്റെ ഇമാമുമാരിൽ നിന്നോ അല്ലെങ്കിൽ മറ്റു പണ്ഡിതന്മാരിൽ നിന്നോ ഉള്ള പ്രമാണങ്ങൾ അനിവാര്യമാണ്. നാട്ടിലെ ഖബറുകൾ സിയാറത്ത് ചെയ്യുന്നതിനെ അതിലേക്ക് ഖിയാസ് ചെയ്യൽ അനുവദനീയമല്ല. കാരണം അവിടെ യാത്ര പുറപ്പെടലില്ല (അൽ ഉർഫുശ്ശദി 1/327).

പ്രമാണങ്ങൾ ഇല്ലാത്തതുകൊണ്ട് ഔലിയാക്കളുടെ ഖബറുകൾ സിയാറത്ത് ചെയ്യാൻ വേണ്ടി യാത്ര പുറപ്പെടാൻ പാടില്ല എന്നാണ് കശ്മീരിയുടെ വാദം. മുഹന്നദിൽ നബി(സ്വ)യുടെ ഖബ്ർ ഉദ്ദേശിച്ചുകൊണ്ടുള്ള യാത്രയെ മാത്രം പരാമർശിച്ചത് കൊണ്ടാകണം കശ്മീരിയും കാന്ദലവിയും അങ്ങനെ പറഞ്ഞത്. അപ്പോഴും മുതിർന്ന നേതാക്കളായ റശീദ് ഗംഗോഹിയും ഇസ്മാഈൽ ദഹ്‌ലവിയും പറഞ്ഞതിനെ വിമർശിക്കാനോ എതിർക്കാനോ അവർ തയ്യാറുമല്ല. റസൂൽ(സ്വ)യുടെ ഖബർ സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെയെങ്കിലും അവർക്ക് അംഗീകരിക്കേണ്ടിവന്നുവെന്നത് അഅ്‌ലാ ഹസ്‌റത്തിന്റെ വിമർശനത്തിന്റെ വിജയമാണ്.

സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങളെ സമർത്ഥിച്ചുകൊണ്ട് ഇമാം സുബ്ഖി(റ) രചിച്ച ശിഫാഉസ്സഖാമിനെ കുറിച്ച് അൻവർ ഷാ കശ്മീരി പറഞ്ഞത് സാന്ദർഭികമായി പറയാതിരിക്കാൻ നിർവാഹമില്ല. കശ്മീരി എഴുതി: ശിഫാഉസ്സഖാം ഫീ സിയാറതി ഖൈരിൽ അനാം എന്ന പേരിൽ ഇബ്‌നു തൈമിയ്യയെ എതിർത്തുകൊണ്ടു തഖിയുദ്ദീൻ സുബ്ഖി ഒരു രചന നടത്തിയിട്ടുണ്ട്. സ്ഫുടവും പുതിയതുമായ ഒന്നിനെയും ഞാനതിൽ കണ്ടിട്ടില്ല. തഖിയുദ്ദീൻ സുബ്ഖി ദുർബലമായതിനെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. പിന്നീട് ഇബ്‌നു അബ്ദിൽ ഹാദി അസ്സ്വാരിമുൽ മുങ്കി എന്ന പേരിൽ തഖിയുദ്ദീൻ സുബ്ഖിയെ എതിർത്തുകൊണ്ട് രചന നടത്തുകയും അതിൽ നന്നായി സമർത്ഥിക്കുകയും ചെയ്തു (അൽ ഉർഫുശ്ശദി 1/327).

ഇമാം സുബ്ഖി(റ) ശിഫാഉസ്സഖാമിൽ സമർത്ഥിച്ച സുന്നത്ത് ജമാഅത്തിന്റെ പല ആശയങ്ങളോടും അൻവർ ഷാ കശ്മീരിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് ഇതിൽ നിന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഇസ്മാഈൽ ദഹ്‌ലവിയെയും റശീദ് അഹ്‌മദ് ഗംഗോഹിയെയും വിമർശിച്ചതിന് അൻവർ ഷാ കശ്മീരി ദേഷ്യപ്പെടുന്നത് കാണുക: സൂക്ഷ്മതയും സുഹ്ദുമുള്ള ഇസ്മാഈൽ ദഹ്‌ലവി, മുസ്‌ലിംകളുടെ ഇമാമായ റശീദ് അഹ്‌മദ് ഗംഗോഹിയെ പോലോത്ത മഹാപണ്ഡിതന്മാരെ ആക്ഷേപിക്കാൻ തുടങ്ങി ജനങ്ങളെ ഖബ്ർ പൂജയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തു (സഹ്‌മുൽ ഗൈബ് പേ. 3).

അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഖബ്‌റുകൾ ഉദ്ദേശിച്ച് വിദൂരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിനെയും അവിടെച്ചെന്ന് ഇസ്തിഗാസ നടത്തുന്നതിനെയും ശക്തമായി എതിർക്കുകയും അത് ശിർക്കാണെന്ന് വരെ എഴുതിയത് കൊണ്ടാണ് അക്കാലത്തെ സുന്നി പണ്ഡിതൻമാർ അദ്ദേഹത്തെ വിമർശിച്ചത്. അതിനെ ഖബ്ർ പൂജയാക്കി അവഹേളിക്കുകയാണ് അൻവർ ഷാ കശ്മീരി. റശീദ് അഹ്‌മദ് ഗംഗോഹിയെ പുകഴ്ത്തുന്ന കാവ്യം കൊണ്ടാണ് സഹ്‌മുൽ ഗൈബ് അവസാനിപ്പിക്കുന്നത്.

ഹിജ്‌റ 1330ൽ വഹാബി പണ്ഡിതൻ റശീദ് രിള ഇന്ത്യയിൽ വരുകയും ദേവ്ബന്ദ് ദാറുൽ ഉലൂം സന്ദർശിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തെ വരവേൽക്കുകയും ദേവ്ബന്ദി ആശയധാര അദ്ദേഹത്തിന് വിവരിച്ചു കൊടുക്കുകയും ചെയ്തത് അവിടത്തെ പ്രധാനാധ്യാപകനായിരുന്ന അൻവർ ഷാ കശ്മീരിയായിരുന്നുവെന്ന് രേഖപ്പെടുത്തിയതു കാണാം. അൻവർ ഷാ കശ്മീരി അന്ന് നടത്തിയ പ്രഭാഷണത്തിന്റെ ലിഖിതരൂപം അദ്ദേഹത്തിന്റെ ചരിത്രം പറയുന്ന ജമാലേ അൻവർ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെയും അൻവർ ഷാ കാശ്മീരി ഇസ്മാഈൽ ദഹ്‌ലവിയെ പരിചയപ്പെടുത്താൻ മറന്നില്ല. ഷാ പറയുന്നു: ഇസ്മാഈൽ ദഹ്‌ലവി പുത്തനാശയത്തിനെതിരെ കഠിനാധ്വാനം നടത്തുകയും മികച്ച ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. അതെല്ലാം വിശ്വാസ കാര്യങ്ങളിൽ വളരെ ഉപകാരപ്രദമാണെന്ന കാര്യം സ്ഥിരപ്പെട്ടതാണ് ( ജമാലേ അൻവർ പേ. 288).

ഇവരുടെ വൈരുധ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ദേവ്ബന്ദിലെ ദാറുൽ ഇഫ്താഅ് നൽകിയ രണ്ട് ഫത്‌വകൾ ശ്രദ്ധിക്കുക. സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെ നിഷേധിച്ച് മുസ്‌ലിംകൾക്കിടയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് ബോധ്യമായപ്പോൾ ‘ഏതൊരു വ്യക്തിയുടെയും ഖബറുകൾ ഉദ്ദേശിച്ച് യാത്ര പുറപ്പെടാമെന്നും അതിനെ വിലക്കാൻ യാതൊരു തെളിവുമില്ലെന്നും ഫത്‌വ നൽകുന്നു’ (ഫത്‌വ നമ്പർ: 159671).

സിയാറത്ത് യാത്ര നടത്തുന്നത് ശക്തമായി വിരോധിക്കുകയും അത് ശിർക്കാണെന്ന് വരെ എഴുതിവെക്കുകയും ചെയ്ത തഖ്‌വിയതുൽ ഈമാനിനെ കുറിച്ചും അതിന്റെ രചയിതാവായ ഇസ്മാഈൽ ദഹ്‌ലവിയെ കുറിച്ചുമുള്ള ചോദ്യത്തിന് നൽകിയ ഫത്‌വ ഇങ്ങനെ: ഇസ്മാഈൽ ദഹ്‌ലവി പ്രസിദ്ധനും പരിഗണനീയനുമായ പണ്ഡിതനാണ്. സുന്നത്തിന്റെയും തൗഹീദിന്റെയും പതാകവാഹകനാണ്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വ്യാഖ്യാതാവാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ തഖ്‌വിയതുൽ ഈമാൻ പരിഗണിക്കപ്പെടേണ്ടതും ഉപകാരപ്രദവുമായ കൃതിയാണ്. തെളിവുകൾ നിരത്തി ശിർക്കിനെയും ബിദ്അത്തിനെയും ഖണ്ഡിക്കുന്ന ഗ്രന്ഥമാണത്. ധാരാളമാളുകൾ അത് കാരണം ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും സുന്നത്തിലേക്കും തൗഹീദിലേക്കും കടന്നുവന്നിട്ടുണ്ട് (ഫത്‌വ നമ്പർ: 147034).

സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെ നിഷേധിക്കാൻ യാതൊരു തെളിവുമില്ലെന്ന് ഒരു ഫത്‌വ. സിയാറത്തിന് വേണ്ടി യാത്ര പുറപ്പെടുന്നതിനെ ശക്തമായി നിഷേധിച്ച ഗ്രന്ഥത്തെ കുറിച്ച്, തെളിവുകൾ നിരത്തി സുന്നത്ത് സ്ഥാപിക്കുന്ന ഗ്രന്ഥമെന്ന് മറ്റൊരു ഫത്‌വ. ഈ വിരോധാഭാസത്തിന്റെ പേരാണ് തബ്‌ലീഗിസം. അവരുടെ കാപട്യമാണ് ഇതിൽ നിന്നെല്ലാം ബോധ്യമാകുന്നത്. വിശ്വാസികൾ ഇതിൽ വഞ്ചിതരാവാതെ ശ്രദ്ധിക്കണം.

തഖ്‌വിയതുൽ ഈമാൻ, ഫതാവാ റശീദിയ്യ എന്നിവ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ്. അതിനെ വിമർശിക്കാനോ അതിൽ പരാമർശിച്ചത് തെറ്റെന്ന് പറയാനോ ഒരിക്കലും അവർ തയ്യാറാവില്ല. ദേവ്ബന്ദികളെ സുന്നികളാക്കി ചിത്രീകരിച്ച് മലയാളികൾക്ക് പരിചയപ്പെടുത്താൻ വടുതല മൂസ മൗലവി 2013ൽ മുഹന്നദിനെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. എന്നാൽ അതിന്റെ വർഷങ്ങൾക്കു മുമ്പുതന്നെ ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്‌ലിയാർ മുഹന്നദിന് മലയാളത്തിൽ പ്രൗഢമായൊരു ഖണ്ഡനം ‘വെളിച്ചം കെട്ട വെള്ളക്കടലാസുകൾ’ എന്ന പേരിൽ എഴുതിയിട്ടുണ്ട്. മുന്നദിലെ ഓരോ വാദത്തിനും അതിൽ അക്കമിട്ട് മറുപടി പറയുന്നുണ്ട് (അമൂല്യരത്‌നങ്ങൾ പേ. 174).

ചുരുക്കത്തിൽ, മുഹന്നദ് തനി കാപട്യമാണ്. ദേവ്ബന്ദികളുടെ വികലവാദങ്ങൾ സമൂഹം തിരിച്ചറിഞ്ഞപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു പുകമറ മാത്രമായിരുന്നു അത്. അവരുടെ തന്നെ നേതാവായ മൻളൂർ നുഅ്മാനി അദ്ദിആയത്തുൽ മുകസ്സഫ എഴുതിയപ്പോൾ മുഹന്നദിന്റ മുഖംമൂടി അവരാൽ തന്നെ അഴിഞ്ഞു വീണു. സ്വന്തം നേതാവായ അശ്‌റഫലി ഥാനവിയുടെ വികലവാദങ്ങൾ ഉൾക്കൊള്ളുന്ന ഹിഫ്‌ളുൽ ഈമാനിലെ വാചകങ്ങൾ, ഥാനവിയെ വെള്ളപൂശാനായി വെട്ടിമുറിച്ച് മുഹന്നദിൽ കൊടുക്കേണ്ടിവന്ന അമ്പേട്ടവിയുടെ ദയനീയതും സമൂഹത്തിൽ മുഹന്നദിന്റെ കപടത അടിവരയിട്ടു രേഖപ്പെടുത്തുന്നതായി.


ഇബ്‌റാഹീം ഖലീൽ സഖാഫി പെരിയടുക്ക


 


No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...