Sunday, April 5, 2020

ബറാഅത്ത് രാവും ശ്രേഷ്ഠതകളും

ബറാഅത്ത് രാവും  ശ്രേഷ്ഠതകളും   
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
         
              എൻ്റെ സമൂഹത്തിൻ്റെ ആയുർ ദൈർഘ്യം അറുപതിനും എഴുപതിനും ഇടക്കാണ്, അത് വിട്ട് കടക്കുന്നവർ വളരെ വിരളം, പ്രവാചക തിരുമേനിയുടെ ഈ പ്രസ്താവന വിശ്വാസിയെ ചിന്താമൂഖ നാക്കേണ്ടതുണ്ട്. അത്യുത്തമ വിശ്വാസികളായ സ്വഹാബികൾ പോലും തിരുമേനി (സ)യോട് ഇവ്വിഷയകമായി ആശങ്കപ്പെട്ടത് ഹദീസ് ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളോളം ആയുർദൈർഘ്യമുണ്ടായിരുന്ന ആദിമ സമൂഹങ്ങളുടെ സുകൃതങ്ങളോടൊപ്പമെത്താൻ ഹ്രസ്വകാല ജീവിതം കൊണ്ട് നമുക്കെങ്ങിനെ കഴിയും?.ഇസ്റാഉം, മിഅ്റാജും, ബറാഅത്തും, ലൈലത്തുൽ ഖദ്റുമൊക്കെ പ്രസ്തുത ആശങ്കയകറ്റാൻ ഉത്തമ സമുദായത്തിന് പടച്ച തമ്പുരാൻ കനിഞ്ഞരുളിയ വരദാനങ്ങളാണ്.ഒരു രാവിൻ്റെ സുകൃതത്തിന് ഉദ്ദേശം എട്ടരപതിറ്റാണ്ടിലെ കർമ്മനൈരന്തര്യം നേടുന്നതിനേക്കാൾ വർദ്ധിത പ്രതിഫലം (വി.ഖു ).  അഞ്ച് വഖ്ത്ത് നിസ്കാരത്തിന് അമ്പതിൻ്റെ പ്രതിഫലം ( ഹ.ശ ). മസ്ജിദുന്നബവിയിലും മസ്ജിദുൽഹറമിലുമാവുമ്പോൾ ലക്ഷങ്ങളും, മില്യനും, ബില്ല്യനുമായി വർദ്ധിക്കും (ഹ.ശ ).
             
             പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതിലും കർമ്മങ്ങളുടെ വർദ്ധിത മൂല്യങ്ങളിലുമൊക്കെയുള്ള ഈ ഓഫറുകൾ തിരുവചനങ്ങളിൽ ധാരാളം കാണാം. ഇതെല്ലാം വിശ്വാസികൾക്ക് പ്രത്യാശക്ക് വകനൽകുന്നതാണ്. സ്ഥലകാല മഹിമ കണക്കിലെടുത്ത് അത്തരം ദിവസങ്ങളും മറ്റും ഇബാദത്ത് കൊണ്ട് പ്രത്യേകമാക്കൽ പ്രോത്സാഹ ജനകമാണെന്നാണ് ഇത്തരം ഓഫറുകൾ നമ്മെ ത്വര്യപ്പെടുത്തുന്നത്. വിശുദ്ധ റമളാനിൻ്റെ പവിത്രത കണക്കിലെടുത്ത് നബി തിരുമേനി ഇഅ്തികാഫും സ്വദഖയും വർദ്ധിപ്പിച്ചതും റജബ് ,ശഅ്ബാൻ മാസങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് നോമ്പനുഷ്ടിച്ചതും ബുഖാരി, മുസ്ലിമിൻ്റെ സംയുക്ത റിപ്പോർട്ടുകളിൽ കാണാം. (ബുഖാരി-1969, 1970 ,6465) _ (മുസ്ലിം - 1156, 2308, 2679).  നബി തിരുമേനിയുടെ റജബ്മാസത്തെ  നോമ്പ് സംബന്ധിച്ച് ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് സഈദ് ബ്ൻ ജുബൈർ മുഖേന വന്ന റിപ്പോർട്ട് ഇമാം മുസ്ലിം(റ) ഉദ്ധരിച്ചത് കാണാം (1156).

               വിശ്രുത ഹദീസ് വിശാരദനും മഹാപണ്ഡിതനുമായ ഇമാം നവവി(റ) തൻ്റെ ശറഅ് മുസ്ലിമിൽ റജബ് നോമ്പ് സംബന്ധമായി നൽകിയ വിശദീകരണം തിരുത്തൽ വാദികളുടെ വായ അടപ്പിക്കുന്നതും ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ് (ശറഅ് മുസ്ലിം 1156 ൻ്റെ വിശദീകരണം നോക്കുക). പ്രസ്തുത വിശദീകരണങ്ങളിൽ നിന്ന് തന്നെ മിഅ്റാജ് ബറാഅത്തിൻ്റെ മഹത്വം കണക്കിലെടുത്ത്കൊണ്ട് പ്രാർത്ഥന, നോമ്പ്, സ്വദഖ പോലോത്ത ഇബാദത്തുകളെ കൊണ്ട് പ്രസ്തുത ദിവസങ്ങളെ ധന്യമാക്കൽ വിശ്വാസികളുടെ പ്രത്യാശയുടെ ഭാഗമാണെന്നും വർദ്ധിത വിശ്വാസത്തിന് നിമിത്തമാവുമെന്നും മനസ്സിലാക്കാം. വിശ്വമാകെ വൈജ്ഞാനിക പ്രകാശം നിറച്ച ഇമാം ശാഫി (റ) തന്നെ ബറാഅത്ത് രാവിലെ പ്രാർത്ഥനക്ക് പ്രത്യേകം  ഇജാബത്തുണ്ടെന്നും ധാരാളം പുണ്യങ്ങളുണ്ടെന്നും പറഞ്ഞത് കാണാം (ഫത്താവൽ കുബ്റ 2/80).  ബറാഅത്ത് ദിനത്തിലെ നോമ്പ് പ്രത്യേകം തേടപ്പെട്ട സുന്നത്ത് തന്നെയാണന്ന് കർമ്മശാസ്ത്ര പണ്ഡിതർ വ്യക്തമാക്കുന്നു.(ഫതാവ റംലി 2/79 -  ഇബ്നു ഖാസിം, നിഹായ, ശർവാനി 3/504).  ഇതേ പ്രകാരം റജബിലെ നോമ്പ് പ്രത്യേകം സുന്നത്താണെന്ന് കർമ്മശാസ്ത്ര പണ്ഡിതർ പല സ്ഥലങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്.(ഫതാവൽ കുബ്റ 2/54 , ബാജൂരി 1/544, ഇആനത്ത് 2/264, ഇഹ് യാഅ് 1/328).   എല്ലാറ്റിനും പുറമെ അയ്യാമുൽ ബീള് (13-14-15). അയ്യാമുസ്സൂദ് (27 - 28-29) ദിവസങ്ങളുടെ നോമ്പുകൾ സുന്നത്താണെന്ന് പണ്ഡിതർ വൃക്തമാക്കിയത് കാണാം. ആ വകുപ്പിലും റജബ്, ശഅ്ബാൻ നോമ്പിന് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കാം.

               എങ്ങിനെയാണങ്കിലും പ്രസ്തുത ദിവസങ്ങളെ ഇബാദത്ത്കൊണ്ട് പ്രത്യേകമാക്കൽ പുണ്ണ്യം തന്നെയാണ്.അതേ സമയം ഇബാദത്ത് പ്രത്യേകം ചെയ്യലും, പ്രത്യേക ഇബാദത്ത് ചെയ്യലും വ്യത്യാസമുണ്ടല്ലോ. ആദ്യത്തേത് പ്രോത്സാഹിപ്പിച്ച കർമ്മശാസ്ത്ര പണ്ഡിതർ തന്നെ രണ്ടാമത്തെ ഇനത്തെ എതിർത്തതും കാണാം. ഇത് മനസ്സിലാക്കാൻ മാത്രം ശരീഅത്തിൽ പാണ്ഡിത്യമില്ലാത്ത വിവരദോഷികളാണ് ബറാഅത്തിനെയും, മിഅ്റാജിനെയുമൊക്കെ ബിദ്അത്തും, തെറ്റും, കുറ്റവുമാക്കുന്നത്. അവരെ നമുക്ക് വെറുതെ വിടാം. അവർ അനാദരിക്കാനും അവമതിക്കാനും പടക്കപ്പെട്ടവരാണല്ലോ. നബി തിരുമേനിയുടെ ഇസ്റാഅ് ,മിഅ്റാജിനെപ്പോലും യഥാവിധി ഉൾകൊള്ളാത്തവരാണല്ലോ അവർ. വെള്ളിയാഴ്ച്ചയും പെരുന്നാളും ഒന്നിച്ച് വന്നിട്ടും പള്ളിയിൽ പോവാത്തവരോട് മഹത്യമോതിയിട്ട് പ്രയോജനമില്ലല്ലോ.....

✍️
കൊട്ടുക്കര മുഹ്‌യിദ്ധീൻ സഅദി കാമിൽ സഖാഫി

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...