Wednesday, March 21, 2018

തസ്വവ്വുഫും ശീഇസവും തമ്മിലെന്ത്


തസ്വവ്വുഫും ശീഇസവും തമ്മിലെന്ത്?● ശൈഖ് അലി ജുമുഅ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തസ്വവ്വുഫിന്റെ നിർവചനപരമായ അഭിപ്രായാന്തരങ്ങൾ അതിന്റെ വൈജ്ഞാനിക വൈപുല്യത്തെയാണ് സൂചിപ്പിക്കുന്നത്. വിശുദ്ധ ഖുർആനും തിരുസുന്നത്തും തന്നെയാണ് തസ്വവ്വുഫിന്റെയും അടിസ്ഥാനമെന്നത് പണ്ഡിതലോകം സമർത്ഥിച്ചതാണ്. ശൈഖ് അബൂ നസ്വ്‌റിസ്സിറാജിന്നൈസാബൂരി(റ) തസ്വവ്വുഫിന്റെ പ്രയോഗജീവിതം അടിസ്ഥാനപ്പെടുന്ന ഘടകങ്ങളെ നാലായി വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആൻ അനുസരിച്ച് ജീവിക്കുക, നബി(സ്വ)യെ പിന്തുടരുക, സ്വഹാബത്തിന്റെയും താബിഉകളുടെ സ്വഭാവശീലങ്ങൾ സ്വീകരിക്കുക സച്ചരിതരായ അടിമകളുടെ ചിട്ടകൾ പാലിക്കുക എന്നിവയാണവ (കിതാബുല്ലുമഅ്).

മതപരമായ ശീലങ്ങളാണ് തസ്വവ്വുഫ്. അതിന്റെ അടിസ്ഥാനവും ഇസ്‌ലാമികം തന്നെയാണ്. അതിനാൽ തന്നെ ഖുർആനിൽനിന്നും സുന്നത്തിൽനിന്നും സ്വഹാബത്തിന്റെ വാക്കുകൾ, പ്രവർത്തികൾ, അവസ്ഥകൾ തുടങ്ങിയവയിൽനിന്നുമാണ് തസ്വവുഫ് അതിന്റെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ളത്. കാരണം സ്വഹാബത്തിന്റെ വചനങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും ആശയങ്ങളിൽനിന്ന് പുറത്തല്ല. അങ്ങനെയാവുമ്പോൾ തസ്വവ്വുഫിന്റെ അടിസ്ഥാന സ്രോതസ്സുകൾ ഖുർആനും സുന്നത്തുമാണെന്ന് വരുന്നു. അതായത് ഖുർആനിൽനിന്നും സുന്നത്തിൽനിന്നും തന്നെയാണ് സ്വൂഫികൾ അവരുടെ സ്വഭാവശീലങ്ങളിലും ആത്മീയ സരണിയിൽ പ്രവേശിക്കുന്നതിലും സ്വൂഫീ ജീവിതത്തിന്റെ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി അനുഷ്ഠിക്കുന്ന പ്രവർത്തനങ്ങളിലും സാധനകളിലും ആശയ-നിലപാടുകൾ സ്വീകരിച്ചിട്ടുള്ളത്.

ശരീഅത്തും ആത്മ സാക്ഷാൽക്കാരവും സമ്മേളിച്ചിട്ടുള്ള ആത്മജ്ഞാനവഴിയിൽ പ്രവേശിച്ചിട്ടുള്ള പണ്ഡിതന്മാരാരും തന്നെ ഖുർആനിലും സുന്നത്തിലും അടിസ്ഥാനമില്ലാതെ തസ്വവ്വുഫ് സംബന്ധമായി സംസാരിക്കാറില്ല. അവ രണ്ടിലേക്കും ആശ്രയിച്ചും അവലംബിച്ചും വിശ്വാസത്തിലും മതാനുഷ്ഠാനങ്ങളിലും ആത്മീയകാര്യങ്ങളിലും അവ രണ്ടിനെയും അവഗണിക്കാതെയും തസ്വവ്വുഫില്ല എന്നതിൽ രണ്ട് പക്ഷമില്ല. അതുപോലെ വിശ്വാസ കാര്യങ്ങളിലും അനുഷ്ഠാന കാര്യങ്ങളിലും ആത്മീയ നിഷ്ഠയിലും അവ രണ്ടിനുമെതിരായവ തിരസ്‌കരിക്കാതെയും

തസ്വവ്വുഫില്ല. ഖുർആനും സുന്നത്തും അവയുടെ അനുബന്ധങ്ങളും അനിവാര്യതകളുമായി പരിഗണിക്കപ്പെട്ടവയുമല്ലാതെ മറ്റൊന്നിൽനിന്നുള്ളതല്ല തസ്വവ്വുഫെന്ന് ചുരുക്കം.

ജുനൈദുൽ ബഗ്ദാദി(റ)പറയുന്നു: സ്വൂഫികൾ ഖുർആൻ-സുന്നത്തുകളുടെ അടിസ്ഥാനത്തിൽ ബന്ധിതരാണ് (രിസാലതുൽ ഖുശൈരിയ്യ). അദ്ദേഹംതന്നെ പറയുന്നു: നന്മയുടെ വഴികളെല്ലാം നബി(സ്വ)യുടെ പാതയിലൂടെ സഞ്ചരിക്കുകയും ചര്യകൾ പിന്തുടരുകയും മാർഗം അവലംബിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ തുറന്നു കിടക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ളവരല്ലാത്തവരുടെ മുന്നിൽ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടതാണ് (രിസാലതുൽ ഖുശൈരിയ്യ).

ഇമാം ഖുശൈരി(റ) എഴുതി: ഈ സത്യമാർഗാവലംബികൾ അവരുടെ അടിസ്ഥാന തത്ത്വങ്ങൾ, തൗഹീദിൽ അടിസ്ഥാനപ്പെട്ട കാര്യങ്ങളുടെ മേലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ തത്ത്വങ്ങൾകൊണ്ടാണ് ബിദ്അത്തുകളിൽ നിന്ന് അവർ വിശ്വാസത്തെ സംരക്ഷിച്ചത്. അതുപോലെതന്നെ, പൂർവികരും അഹ്‌ലുസ്സുന്നയും അംഗീകരിച്ചുൾക്കൊള്ളുന്ന തൗഹീദ് അംഗീകരിച്ചതും (രിസാലതുൽ ഖുശൈരിയ്യ).

അബുൽ ഹസനിശ്ശാദുലി(റ) പറയുന്നു: നബി(സ്വ) ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചവിധമല്ലാതെ നാഥനിലേക്ക് ക്ഷണിക്കുന്നവൻ വ്യാജവാദിയാണ്. ഈ മാർഗമെന്ന് പറയുന്നത് പൗരോഹിത്യവഴിയല്ല. ഗോതമ്പോ തവിടോ തിന്നലുമല്ല. മറിച്ച് കൽപനകൾ ശിരസ്സാവഹിക്കലും ഹിദായത്തിൽ സുസ്ഥിരമാവലുമാണ്. അല്ലാഹു പറയുന്നു; ക്ഷമ കൈകൊള്ളുകയും ദൃഷ്ടാന്തങ്ങളിൽ സുദൃഢം വിശ്വസിക്കുന്നവരാവുകയും ചെയ്തപ്പോൾ നമ്മുടെ ആജ്ഞ പോലെ ജനങ്ങൾക്ക് മാർഗദർശനം ചെയ്യുന്ന നേതാക്കന്മാരെ നാമവരിൽനിന്നും ഉണ്ടാക്കി (സജദ. 24). ശാദുലി ഇമാം തുടരുന്നു: നിനക്കുണ്ടാകുന്ന ശരിയായ വെളിപാട് ഖുർആനിനും സുന്നത്തിനും എതിരായാൽ നീ ഖുർആനും സുന്നത്തുമനുസരിച്ച് പ്രവർത്തിക്കണം, അഥവാ നിന്റെ വെളിപാടിനെ അവഗണിക്കണം. എന്നിട്ട് നീ സ്വന്തത്തോടിങ്ങനെ പറയുക; ഖുർആനിന്റെയും സുന്നത്തിന്റെയും പരിശുദ്ധിയും പവിത്രതയും അല്ലാഹു ജാമ്യം നിന്ന കാര്യമാണ്. എന്നാൽ വെളിപാടിന്റെയും ഉൾവിളിയുടെയും കാര്യത്തിൽ അല്ലാഹു അങ്ങനെ അപ്രമാദിത്വം ഏറ്റിട്ടില്ല (ഈഖാളുൽ ഹിമം).

തസ്വവ്വുഫും യഥാർത്ഥ സ്വൂഫിയും ഇസ്‌ലാമിക പ്രമാണങ്ങളിലും അവയുടെ യഥാർത്ഥ ആശയങ്ങളിലും സംസ്‌കാരങ്ങളിലും അടിയുറച്ച് നിലകൊള്ളുന്നവരാണ്. മറിച്ചൊരു അവസ്ഥ തസ്വവ്വുഫിന് പുറത്താണെന്നാണ് ഉപരിവിവരണങ്ങൾ വ്യക്തമാക്കുന്നത്. ശാത്വിബി തസ്വവ്വുഫിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ തിരുത്തിയും പ്രമാണത്തോടും നബിചര്യയോടും അതിനുള്ള ബന്ധം വ്യക്തമാക്കിയും എഴുതിയതു കാണാം.

തസ്വവുഫ് ശീഇസത്തിന്റെ ഉൽപന്നമാണെന്ന ആരോപണം നിരർത്ഥകമാണ്. അടിസ്ഥാനപരമായി തസ്വവ്വുഫെന്നാൽ വിശ്വാസപരമായ നിലപാടോ വഴിയോ അല്ല. മുഅ്തസിലത്തും ഖവാരിജും ശീഅത്തും വിശ്വാസമാർഗമാണല്ലോ. അതുപോലെ ശാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ  മദ്ഹബുകളെ പോലെ കർമശാസ്ത്ര വഴിയുമല്ല തസ്വവ്വുഫ്. മറിച്ച് ഇസ്‌ലാമിക തസ്വവ്വുഫ് ആത്മീയവും സ്വഭാവശീലസംബന്ധിയുമായ പരിചരണവഴിയാണ്. അതുകാരണമായി വിശ്വാസി നബി(സ്വ) പഠിപ്പിച്ച ഇഹ്‌സാനിന്റെ പദവിയിലേക്കുയരും. തിരുനബി(സ്വ) ഇഹ്‌സാനിനെക്കുറിച്ച് പറഞ്ഞു: അല്ലാഹുവിനെ നേരിൽ കാണുന്നവനെപോലെ നീ അവന് ഇബാദത്ത് ചെയ്യുക. കാരണം നീ അവനെ കാണില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട് (ബുഖാരി).

അല്ലാഹുവിൽ നിന്നും മനുഷ്യനെ മറയിടുന്ന എല്ലാവിധ ആത്മീയരോഗങ്ങളിൽനിന്നും ശരീരത്തെ ശുദ്ധീകരിക്കുന്നതിൽ മുഖ്യപരിഗണന നൽകുന്ന പരിചരണ പരിപാടിയാണ് തസ്വവ്വുഫ്. അല്ലാഹുവിനോടും സൃഷ്ടികളോടും സ്വന്തത്തോടുതന്നെയും ബന്ധമെങ്ങനെയായിരിക്കണമെന്ന വിഷയവുമായി ബന്ധപ്പെട്ട് ശാരീരികവും സംസ്‌കാരികവുമായ വ്യതിയാനങ്ങളെ ശരിപ്പെടുത്തുന്നതിനും തസ്വവ്വുഫ് പ്രാമുഖ്യം നൽകുന്നു. എന്നാൽ ശീഈ വാദം ഇതിൽനിന്ന് എത്രയോ ഭിന്നമാണ്.

അലി(റ)വിന്റെ പക്ഷക്കാരാണെന്ന് അവകാശമുന്നയിച്ച് കഴിയുന്നവരാണ് അവർ. നബി(സ്വ)ക്കുശേഷം അലി(റ)വാണ് ഇമാമെന്ന് വ്യക്തമായോ വ്യംഗമായോ അവർ വാദിക്കുന്നു. പ്രവാചകർക്കു ശേഷം അലി(റ) ആയിരിക്കും ഇമാമെന്നും അബൂബക്കർ, ഉമർ, ഉസ്മാൻ(റ) എന്നിവരല്ലെന്നും നബി(സ്വ) പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർക്ക് വാദമുണ്ട്. മാത്രമല്ല, ഇമാമത്ത് (മതനേതൃത്വം)യാതൊരു കാരണവശാലും അലി(റ)വിൽനിന്നും സന്താനപരമ്പരയിൽനിന്നും മാറുന്നതല്ലെന്നതും അവരുടെ വാദമാണ്.

ഖുലഫാഉർറാശിദുകളുടെ അവസാനകാലത്തുണ്ടായ രാഷ്ട്രീയവും സൈനികവുമായ അഭിപ്രായ വ്യത്യാസങ്ങൾ, വിശ്വാസ വ്യതിയാന പ്രസ്ഥാനങ്ങളായ ശീഅത്ത്, ഖവാരിജ് തുടങ്ങിയവ ഉടലെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയതായി കാണാം. അവരിലെ ഇമാമിയ്യത്ത് എന്ന് പറയപ്പെടുന്ന വിഭാഗത്തെ ഉദാഹരണമായെടുക്കാം.

ഈ വിഭാഗമാണ് ശിയാക്കളിലധികവും. എല്ലാ സ്വഹാബത്തിനെക്കാളും അലി(റ)നെ മുന്തിച്ച് വലിയ പിഴവിലകപ്പെട്ട വിഭാഗമാണിത്. അലി(റ)വിന് മുമ്പുള്ള ഖലീഫമാരുടെ ഖിലാഫത്തിനെ അവർ ആക്ഷേപിക്കുന്നു. അതോടൊപ്പം, സ്വഹാബത്തിൽ മഹാഭൂരിഭാഗത്തെയും കുറിച്ച് അരുതാത്തത് പറയുകയും അവരെ അധിക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നു. ഇവയെല്ലാം തന്നെ അഹ്‌ലുസ്സുന്നത്തിന്റെ ഹൃദയത്തിൽ അവരോട് വലിയ ഈർഷ്യതയുണ്ടാക്കാൻ ഹേതുവായിട്ടുണ്ട്. എന്നിട്ടും ശിഇസത്തിൽനിന്നും കടംകൊണ്ടതാണ് തസ്വവ്വുഫ് എന്ന വാദം ശരിയാവുന്നതെങ്ങനെ?

ഇങ്ങനെയൊക്കെയാണെങ്കിലും അസ്വീകാര്യമായ അഭിപ്രായങ്ങൾ നിലനിൽക്കെത്തന്നെ അഹ്‌ലുസ്സുന്ന അവരെ കാഫിറാക്കുന്നില്ലെന്നതു ശരിയാണ്. കാരണം ഒരാൾ മറ്റൊരാളെ ശപിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തതിന്റെ പേരിൽമാത്രം കാഫിറാവുകയില്ലല്ലോ. സ്വഹാബത്തിനെ കുറിച്ച് ഗുരുതരമായ നിലപാട് സ്വീകരിക്കുന്നവരായിരിക്കെത്തന്നെയാണിത്.

ശിയാക്കളും അഹ്‌ലുസ്സുന്നയും തമ്മിൽ വ്യത്യാസമുള്ള വേറെയും അനവധി കാര്യങ്ങളുണ്ട്. ചില കാര്യങ്ങളിൽ യോജിക്കുന്നുവെന്നതോ പ്രത്യക്ഷത്തിൽ പൊരുത്തമുണ്ടെന്നതോ രണ്ടും ഒരുപോലെ തന്നെയാണെന്നോ പരസ്പരം അനുകരിച്ചതാണെന്നോ പറഞ്ഞതുകൊണ്ട് മാത്രമാവില്ല.അപകടകരമായ അതിവാദമുള്ളവരും ശിയാക്കളിലുണ്ട്. വിശുദ്ധ ഇസ്‌ലാമിൽ നിന്നു പുറത്തുപോകാൻ വരെ കാരണമായ വാദങ്ങളും അന്ധവിശ്വാസങ്ങളും വെച്ച് പുലർത്തുന്നവരാണവർ. അല്ലാഹു അലി(റ)വിലും സന്താനങ്ങളിലും അവതരിച്ച്, അവരുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും അവരുടെ നാക്കിലൂടെ സംസാരിക്കുകയും അവർ മുഖേനെ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നുപോലും വിശ്വസിക്കുന്ന ശിയാക്കളുണ്ട്. ഇത്തരത്തിലുള്ള അതിവാദികളാണ് ഇസ്മാഈലിയ്യത്ത്, ബോറ തുടങ്ങിയ വിഭാഗങ്ങൾ.

വിശുദ്ധ ഖുർആൻ മാറ്റിത്തിരുത്തൽ, ചില സ്വഹാബികളെ കാഫിറാക്കൽ, ആദ്യത്തെ മൂന്ന് ഖലീഫമാർക്കും ഖിലാഫത്തിന് അർഹതയില്ലായിരുന്നു എന്ന വിശ്വാസം തുടങ്ങിയവ ചിലരുടെ പിഴച്ച നിലപാടുകളാണ്. ഇമാമത്ത് അഥവാ മുസ്‌ലിം നേതൃത്വം അല്ലാഹു തന്നെ ക്ലിപ്തപ്പെടുത്തിയതും വ്യക്തമാക്കിയതുമാണെന്നാണവരുടെ വാദം. എന്നാൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് അങ്ങനെ ഒരു ക്ലിപ്തപ്പെടുത്തലിനെ അംഗീകരിക്കാത്തവരും അല്ലാഹു അവനുദ്ദേശിച്ചവർക്ക് നൽകുന്ന ഔദാര്യമാണെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം പ്രത്യേകമല്ലെന്നും നിലപാടുള്ളവരുമാണ്. ഈ പ്രത്യക്ഷമായ വ്യത്യാസങ്ങളെല്ലാം നിലവിലിരിക്കെ തസ്വവ്വുഫിനെയും സ്വൂഫിയെയും ശീഇസവുമായി ഏച്ചുകെട്ടുന്നത് സമൂഹത്തിൽ തസ്വവ്വുഫിനോട് നീരസമുണ്ടാക്കി ആത്മീയത നശിപ്പിക്കാനുള്ള വക്രതന്ത്രമാണ്.

സ്വൂഫിസം ആദർശപരമായ ഒരു വഴിയല്ലെങ്കിൽതന്നെയും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസ മാർഗങ്ങളിലേതെങ്കിലുമൊന്നിൽ യോജിക്കുന്നതാണ്. ഇമാം അബുൽ ഹസനിൽ അശ്അരി(റ)യുടെ ചിന്താധാരയായ അശ്അരി ത്വരീഖത്തിലോ ഇമാം അബൂമൻസ്വൂരിൽ മാതുരീദി(റ)യുടെ ചിന്താധാരയായ മാതുരീദീ സരണിയിലോ ആയിരിക്കും യഥാർത്ഥ സ്വൂഫികൾ എന്ന് ചരിത്രം വ്യക്തമാക്കുന്നു. സ്വൂഫിസം തൗഹീദ് സ്ഥിരപ്പെടുത്തുന്ന ഒരു ആദർശവഴിയല്ല, അതൊരു ആത്മീയ സംസ്‌കരണ മാർഗമാണ്. തൗഹീദ് സ്ഥിരപ്പെടുത്തുന്ന ഏതെങ്കിലും ഒരു മാർഗമായി സ്വൂഫിസം വേറിട്ട് നിൽക്കുന്നില്ലതന്നെ. അഖീദയിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് അംഗീകരിച്ച് വരുന്ന ഏതെങ്കിലും ഒരു മാർഗത്തിൽ തന്നെയായിരിക്കും അവരും.

ഇമാം ഇസ്വ്ബഹാനിയുടെ ഹിൽയതുൽ ഔലിയാഅ് ഇമാം ശഅ്‌റാനിയുടെ ത്വബഖാതുൽ ഔലിയാഅ് തുടങ്ങിയവ തുടങ്ങുന്നത് തന്നെ മഹാൻമാരായ ഖുലഫാഉർറാശിദുകളെ വിവരിച്ച് കൊണ്ടാണ്. അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്ന ക്രമത്തിലാണിത് കാണാനാവുക. അതുപോലെത്തന്നെ സുന്നികളായ സ്വൂഫികളിൽ അഹ്‌ലുബൈത്തിൽപെട്ട ധാരാളം സയ്യിദുമാരെയും ശരീഫുമാരെയും കാണാവുന്നതാണ്. തസ്വവ്വുഫിലെ മഹാന്മാരുടെ തലമുറകളെയും ചരിത്രങ്ങളെയും വിവരിക്കുന്ന ഗ്രന്ഥങ്ങളിലാണിങ്ങനെയുള്ളത്. ശിആക്കളുടെ ചരിത്രം പറയുന്ന ഗ്രന്ഥങ്ങളിലല്ല.

ഖലീഫമാരിലേക്ക് ചെന്നുചേരുന്ന പരമ്പരകളുള്ള സാത്വികന്മാർ ചരിത്രത്തിലെമ്പാടുമുണ്ട്. ഈജിപ്തിലെ ബക്‌രീ സാദാത്തീങ്ങൾ, അബൂബക്ർ സിദ്ദീഖ്(റ)വിലേക്ക് ചേരുന്നവരാണ്. ഉമർ(റ)വിലേക്കും ഉസ്മാൻ(റ)വിലേക്കും ചേരുന്ന മഹാന്മാരെയും കാണാം. ഈജിപ്തിൽ ജീവിച്ച ശൈഖ് മുഹമ്മദ് അനാൻ(റ) എന്നവരെ ഇമാം ശഅ്‌റാനീ(റ) പരിചയപ്പെടുത്തിയത് ഉമർ(റ)വിലേക്ക് പരമ്പര ചേരുന്നവരെന്നാണ്. പ്രസിദ്ധ സാത്വികൻ ശൈഖ് ഖാലിദ് ളിയാഉദ്ദീൻ(റ) എന്നവർ ഉസ്മാൻ(റ)വിലേക്ക് ചേരുന്നു. എന്നാൽ ഏതെങ്കിലുമൊരു സാത്വിക പ്രമുഖനെ ശിആക്കളിലേക്ക് ചേർത്തിപ്പറയുന്നതായി കാണാനാവില്ല. ശിയാക്കൾ മഹാന്മാരായ അലി(റ)വിനെയും സന്താനങ്ങളെയും കുറിച്ച് സ്വന്തക്കാരെന്ന് അവകാശപ്പെടുന്നുവെന്നല്ലാതെ. ഇന്ന് പ്രചാരത്തിലുള്ള സ്വൂഫീ സരണികൾ അവരുടെ പതാകകളിൽ  നാല് ഖലീഫമാരുടെയും നാമങ്ങൾ തുല്യപ്രാധാന്യത്തോടെയാണുപയോഗിക്കാറുള്ളത്. അവരുടെ അഖീദ സുന്നിയ്യത്തായിരുന്നെന്നും ശീഇയ്യത്തല്ലെന്നും ഇതൊക്കെ വ്യക്തമാക്കുന്നു.

അതുകൊണ്ടുതന്നെ തസ്വവ്വുഫിന്റെ സുന്നീ സരണിയിലാണ് കാലമിതുവരെയും മഹാന്മാരായ സാത്വികർ കഴിഞ്ഞുവന്നിട്ടുള്ളത്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാടിത്തറയിലാണവ നിലകൊള്ളുന്നതും പ്രവർത്തിക്കുന്നതും. അഹ്‌ലുസ്സുന്നയുടെ സരണിയിൽ നിലകൊള്ളുന്ന സ്വൂഫിസം ശീഇസവുമായി അടിസ്ഥാനപരമായും ശാഖാപരമായും പ്രായോഗികമായും ചരിത്രപരമായും വേറിട്ടുനിൽക്കുന്നു. സ്വൂഫീസുന്നികൾക്ക് നബികുടുംബത്തോടുള്ള സ്‌നേഹാദരവുകളെ ശീഇസമായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തുന്നവരുടെ വാദങ്ങൾ അവഗണനയാണർഹിക്കുന്നത്. നബികുടുംബത്തെയും സ്വഹാബത്തിനെയും സ്‌നേഹിക്കുന്നവരാണവർ. നബികുടുംബത്തെ സ്‌നേഹിക്കണമെന്നത് ഖുർആന്റെ കൽപനയാണ്. സൂറത്തു ശ്ശൂറയിലെ 23-ാം സൂക്തത്തിൽ അല്ലാഹു ഇത് പറഞ്ഞതുകാണാം. അതിനാൽതന്നെ ഏതൊരു മുസ്‌ലിമിന്റെയും ഹൃദയാന്തരത്തിൽ നബികുടുംബത്തോടുള്ള സ്‌നേഹാദരവുകളുണ്ടായിരിക്കും. അത് ശീഇസമല്ല.

സ്‌നേഹം അമിതമാവുന്നു എന്ന വാദം നിരർത്ഥകമാണ്. അമിതവാദം വിശ്വാസത്തിലാണുണ്ടാവുക. എന്നാൽ അഹ്‌ലുസ്സുന്ന വിശ്വാസപരമായി അതിവാദമുള്ളവരല്ല. അവർ അ്ഹലുബൈത്തിനെ സ്‌നേഹിക്കുന്നത് വിശ്വാസത്തിൽ പ്രചോദിതമായ സ്വാഭാവിക കാര്യമാണ്. അവരെ സ്‌നേഹിക്കാൻ കഴിയുന്നത് ആത്മീയമായ ഉയർച്ചയുടെ അടയാളങ്ങളിൽ പെട്ടതുമത്രെ. അവരോടുള്ള സ്‌നേഹാദരവുകൾ വിശ്വാസിയിൽ കൂടുന്നതിനനുസരിച്ച് അവന്റെ പദവി വർധിക്കുന്നു. കാരണം ആ സ്‌നേഹം നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. നബി(സ്വ)യോടുള്ള സ്‌നേഹം അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അടയാളവും. ഇമാം ശാഫിഈ(റ) പറഞ്ഞു: നബി(സ്വ)യുടെ കുടുംബത്തെ സ്‌നേഹിക്കുന്നുവെന്നത് റാഫിളീ നിലപാടാണെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ മനുഷ്യരും ജിന്നുകളുും സാക്ഷികളായിക്കോളൂ, ഞാനൊരു റാഫിളിയാണ് (നബികുടുംബത്തോടുള്ള സ്‌നേഹത്തെ റാഫിളീ നിലപാടായി വ്യാഖ്യാനിക്കുന്ന പ്രവണതയെ തച്ചുടക്കുകയായിരുന്നു ഇമാം ശാഫിഈ-റ).

ഇത്രയും വിവരിച്ചതിൽനിന്ന് തസ്വവ്വുഫിന്റെ യാഥാർത്ഥ്യമെന്തെന്ന് മനസ്സിലാക്കാം. അതിന്റെ സ്രോതസ്സുകൾ എന്തെന്നും അതിന് ശീഈബന്ധമുണ്ടെന്നവാദം നിരർത്ഥകവും വ്യാജവുമാണെന്നും ഗ്രഹിക്കാനിത് മതിയാകും. ശരിയായ തസ്വവ്വുഫിന്റെ ബന്ധം  അഹ്‌ലുസ്സുന്നയുടെ സരണിയോടും അതിന്റെ വളർച്ച അഹ്‌ലുസ്സുന്നയുടെ സരണിയിലുമാണെന്നു ചുരുക്കം.

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...