Wednesday, May 29, 2024

സ്ത്രീ പള്ളിപ്രവേശം :* *മൗലവിമാർ പിൻവലിയുന്നു

 https://m.facebook.com/story.php?story_fbid=pfbid0bizfCzH3Yh4GdXhnBMAWYJ4wE4PVgkoVAq9Cj8Z4VmwbNVp1zRx96M3rE8dibLXvl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 90/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സ്ത്രീ പള്ളിപ്രവേശം :*

*മൗലവിമാർ പിൻവലിയുന്നു*


സ്ത്രീകളെ പള്ളിയിലേക്കാനയിക്കുന്നതിൽ മുമ്പത്തെപ്പോലുളള ആവേശം ഇപ്പോൾ മൗലവിമാർക്കില്ല. പോകുകയാണെങ്കിൽ തടയണ്ട , അനുവദനീയമാണ്. എന്നൊരു ഒഴുക്കൻ മട്ട്.  ഇത് മൗലവിമാർക്കിടയിൽ വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. 


പ്രായംചെന്ന ഒരു മൗലവി എഴുതുന്നു:

"ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന ചില സലഫി പണ്ഡിതര സ്ത്രീകൾ ജുമുഅ ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്തില്ല; ജാഇസാണ് , വീടാണ് ഉത്തമം എന്ന് പറയുന്നവരുണ്ടല്ലോ എന്ന് ചോദിക്കുന്നവരുമുണ്ടാകാം. അത്തരക്കാരോട് നമുക്ക് പറയാനുള്ളത് ഇതാണ്. ജാഇസ് എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. രണ്ടിലും പുണ്യമില്ലെന്നർത്ഥം. അപ്പോൾ സ്ത്രീകൾ പള്ളിയിൽ നിസ്കരിച്ചാൽ പുണ്യമില്ലാത്തത് കൊണ്ട് അതിന് പോകുന്നതും പുണ്യമില്ല എന്ന് വരുന്നു... ജാഇസ് എന്നത് ഒരു വർഗ്ഗ നാമമാണ്. കറാഹത്, സുന്നത്ത് എന്നീ രണ്ട് നിയമങ്ങളുടെ കൂടെയും അത് വരുന്നതാണ്. നിങ്ങൾ പറയുന്ന ജാഇസ് അത് സുന്നത്തിന്റെ കൂടെയുള്ളതാണോ ? അതോ കറാഹത്തിന്റെ കൂടെയുള്ളതോ? കറാഹത്തിന്റെ കൂടെയുള്ള ജാഇസാണെങ്കിൽ നിങ്ങളും ആധുനിക ഖുറാഫികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാക്കണം. പഴയ വീഞ്ഞ് പുതിയ പാത്രത്തിൽ അടക്കേണ്ട ആവശ്യമില്ല. നിങ്ങൾ പറയുന്ന ജാഇസ് സുന്നത്തിന്റെ കൂടെയുള്ളതാണെങ്കിൽ ആ കാര്യം സമൂഹത്തോട് തുറന്ന് പറയാൻ എന്തിന് മടി കാണിക്കണം.?

(ജാമിഅ: നദ്‌വിയ്യ : 

40ാം വാർഷിക സുവനീർ

പേജ് : 66, 67) 


ഈ അടുത്തായി പുറത്തിറങ്ങുന്ന പുസ്തകങ്ങളിൽ സ്ത്രീകളുടെ ജമാഅത്ത് പരാമർശിക്കുന്നേയില്ല. ജിന്ന് വിഭാഗം അഥവാ വിസ്ഡം ഗ്രൂപ്പ്  ഇറക്കിയ പുസ്തകത്തിലെ വരികൾ കാണുക:

"പുരുഷന്മാർ കഴിവതും അഞ്ചു നേരത്തെ നമസ്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നമസ്കരിക്കാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. സാമൂഹിക ബോധം നിലനിർത്താനും സ്നേഹവും സാഹോദര്യവും സഹിഷ്ണുതയുമൊക്കെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായകമാണ്. "

(ഇസ്‌ലാം അടിസ്ഥാന പാഠങ്ങൾ. പേജ് : 119)


"ഫർള് നിസ്കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായി(സംഘടിതമായി)ട്ടാണ് നിർവ്വഹിക്കേണ്ടത്. "

(അതേ പുസ്തകം)


സ്ത്രീകൾ ജുമുഅ ജമാഅത്തിന് വീട്ടിൽ നിന്ന് പള്ളിയിലേക്ക് പുറപ്പെട്ടു പോകുന്നത് കേരള വഹാബികളിൽ മാത്രം കാണുന്ന ഏർപ്പാടാണെന്ന് മൗലവിമാർക്കു തന്നെ ബോധ്യപ്പെട്ടതാകാം ഇങ്ങനെ പിൻവലിയാനുള്ള കാരണമെന്ന് മനസ്സിലാക്കുന്നു. 


ഗൾഫ് സലഫികളുടെ നിലപാട് ഈ വിഷയത്തിൽ കേരള സലഫികളോട് ഒരു നിലക്കും യോജിക്കുന്നില്ല.


എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു :

"സ്ത്രീകളെ ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കാൻ മുജാഹിദ് പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. അതൊരു പ്രധാന സുന്നത്താണെന്ന് പറയുകയും ചെയ്യുന്നു. അതിൻെറ പേരിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാമാണെന്ന് പറയുന്ന സമസ്തക്കാരുമായി നാം പോരാടുന്നു. സ്ത്രീകൾക്ക് പള്ളിയേക്കാൾ വീടാണ് ഉത്തമം എന്ന് വാദിക്കാറുള്ള സംസ്ഥാന സുന്നികളെയും നാം നേരിടുന്നു. എന്നാൽ സംസ്ഥാനക്കാരുടെ വാദം തന്നെയാണ് ഗൾഫിലെ സലഫികളുടെയും വാദം എന്ന വസ്തുത രസകരമാണ്....ദീർഘകാലമായി കേരളത്തിലെ മുജാഹിദുകൾ വളരെ പ്രാധാന്യപൂർവ്വം ആഹ്വാനം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്ത സ്ത്രീകളുടെ പള്ളിപ്രവേശനത്തെ കുറിച്ച് ഗൾഫ് സലഫികളുടെ വീക്ഷണമാണ് നാം വിശദീകരിച്ചത്. മുജാഹിദ് പണ്ഡിതർ തെളിവുകൾ ശരിക്കും നിരത്തി (ഹുജ്ജത് പൂർത്തിയാക്കി ) എന്ന് അവകാശപ്പെടുന്ന വിഷയത്തിലെ അന്തരമാണ് ഇതിൽനിന്ന് പ്രത്യക്ഷമായത്. സംസ്ഥാന സുന്നികളോട് ഖണ്ഡന മണ്ഡനവും വാദ പ്രതിവാദവും നടത്താൻ നാം തയ്യാറാകുന്ന ഒരു വിഷയമാണിത്. പക്ഷേ ഗൾഫ് സലഫികളുടെ മുന്നിലെത്തുമ്പോൾ വാദപ്രതിവാദം നടത്താൻ നാം മറന്നു പോകുന്നു "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 

പേജ് 128 , 130 )

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...