Saturday, February 1, 2020

അല്ലാഹുവിന്‍റെ കഴിവുകള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കുന്നതെന്തിന്?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m




അല്ലാഹുവിന്‍റെ കഴിവുകള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കുന്നതെന്തിന്?

● ഇബ്റാഹീം ബാഖവി മേല



അല്ലാഹുവിനോടും അവന്‍ നിശ്ചയിച്ചുനല്‍കിയ കേന്ദ്രങ്ങളോടും സഹായം തേടുന്നവരാണ് സുന്നികള്‍. എന്നാല്‍ ബിദഇകള്‍ അല്ലാഹുവിന്‍റെ അപാരമായ കഴിവിന് അതിര്‍ത്തി നിര്‍ണയിക്കുകയാണ് ചെയ്തത്. അല്ലാഹു നേരിട്ടു നല്‍കാന്‍ ശേഷിയുള്ളവനായതുപോലെ മറ്റൊരാള്‍ മുഖേനയും സഹായിക്കാന്‍ കഴിവുള്ളവനാണെന്ന് സുന്നികള്‍ വിശ്വസിക്കുന്നു. എന്നാല്‍ അല്ലാഹു അല്ലാത്തവരോട് സഹായാര്‍ത്ഥന പാടില്ലെന്ന വാദത്തോടെ മറ്റൊരാള്‍ മുഖേന സഹായം നല്‍കാനുള്ള അല്ലാഹുവിന്‍റെ കഴിവിനെ നിഷേധിക്കുകയാണ് വഹാബികള്‍ ചെയ്തത്. ഫാതിഹയില്‍ നിര്‍വഹിക്കുന്ന സഹായതേട്ട മാണല്ലോ നടേ നാം പരാമര്‍ശിച്ചത്. ഏത് കാര്യത്തില്‍ സഹായം തേടുന്നു എന്നത് പ്രധാനമാണ്. വിശേഷിച്ചും എന്നോട് ചോദിക്കൂ, ഞാന്‍ ഉത്തരം ചെയ്യാം എന്നു പറഞ്ഞ ശക്തിയോടുള്ള തേട്ടമാകുമ്പോള്‍ ഇതിന് വലിയ പ്രസക്തിയുണ്ട്. ഇതിന്‍റെ ബാക്കി വായനകളാണ് ‘ഇഹ്ദിന’യില്‍ മറഞ്ഞുകിടക്കുന്നത്. ഞങ്ങളെ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കണേയെന്നാണ് ആവശ്യപ്പെടുന്നത്. ദിനേന പതിനേഴു തവണ ഈ പ്രാര്‍ത്ഥന വിശ്വാസി ആവര്‍ത്തിക്കുന്നു. കാരണം ഈമാന്‍ എന്നത് എപ്പോഴും നഷടപ്പെടാന്‍ സാധ്യതയുള്ളതാണ്. ഇമാം ഗസ്സാലി(റ) പറഞ്ഞു: ഒരു അവിശ്വാസിയെ കാണുമ്പോള്‍ നീ ചിന്തിക്കേണ്ടത് അവന് അല്ലാഹു പില്‍കാലത്ത് ഹിദായത്ത് നല്‍കുകയും നിന്‍റെ ഈമാന്‍ കളയുകയും ചെയ്താലുള്ള ഗൗരവത്തക്കുറിച്ചാണ്.

ഈമാന്‍ നഷ്ടപ്പെടുന്നത് ഗൗരവത്തില്‍ കാണണം. നബി(സ്വ) പറഞ്ഞു: ഇന്ന് എന്‍റെ ഉമ്മത്തില്‍ ആയിരത്തി എഴുനൂറാളുകള്‍ മരണപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ടാളുകള്‍ മാത്രമാണ് ഈമാനോടെ മരണപ്പെട്ടത്. ഈമാന്‍ നഷ്ടപ്പെടുകയെന്നത് പുതിയ കാലത്ത് വര്‍ധിച്ചുവരുന്ന ഒരു പ്രതിസന്ധിയാണ്. പതിനേഴ് മണിക്കൂറാണ് മനുഷ്യന്‍ സാധാരണയായി ഒരു ദിവസം ഉണര്‍ന്നിരിക്കുന്നത്. ഓരോ മണിക്കൂറിനും ഒരു തവണ എന്ന നിലയില്‍ വിശ്വാസി ഈ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു. സന്മാര്‍ഗത്തില്‍ ചേര്‍ക്കണേ എന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനക്ക് രണ്ട് അര്‍ത്ഥങ്ങളുണ്ട്. ഒന്ന്, ലഭ്യമായ ഹിദായത്ത് നിലനിര്‍ത്തുക, രണ്ട്, ഹിദായത്തിന്‍റെ ഉന്നതമായ പദവിയിലേക്ക് നയിക്കുക.

നിരവധി ഘട്ടങ്ങളിലായി വിശ്വാസി സ്വായത്തമാക്കുന്നതാണ് ഹിദായത്. ഈമാന്‍ സിദ്ധിക്കുകയെന്നതാണ് ഹിദായത്തിന്‍റെ പ്രാഥമിക ഘട്ടം. സ്വര്‍ഗലബ്ധിക്കുള്ള യോഗ്യതയാണ് ഈമാന്‍. പക്ഷേ, ദോഷം പ്രവര്‍ത്തിച്ച വിശ്വാസികളെ അല്ലാഹുവിന്‍റെ പ്രത്യേക അനുഗ്രഹം ലഭിച്ചില്ലെങ്കില്‍ നരകത്തില്‍ പ്രവേശിപ്പിക്കും. അവരെ തെറ്റുകളില്‍ നിന്ന് ശുദ്ധിയാക്കാനുള്ള ഒരു പ്രക്രിയയാണത്. കൊല്ലപ്പണിക്കാരുടെ ആലയില്‍ ഇരുമ്പ് തീയിലിട്ട് സ്ഫുടം ചെയ്യുന്നത് പോലെ. ശിക്ഷ അവസാനിപ്പിച്ച് വിശ്വാസികളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍ അവരുടെ പുറംഭാഗത്ത് നിറയെ പാടുകളുണ്ടാവും. മാഉല്‍ ഹയാത്ത് എന്ന ജലസ്രോതസ്സാണ് പിന്നീട് അവരെ വൃത്തിയാക്കുന്നത്. അല്ലാഹുവല്ലാത്ത ഒന്നും മനസ്സില്‍ വരാത്ത സ്ഥിതിയാണ് ഹിദായത്തിന്‍റെ ഉന്നത തലം. ഈ ഘട്ടത്തിലെത്തിയവരുടെ എല്ലാ വ്യവഹാരങ്ങളും അല്ലാഹുവിന്‍റെ പൊരുത്തത്തിനു വേണ്ടിയായിരിക്കും.

ഇമാം ഗസ്സാലി(റ) പറഞ്ഞു: ‘മനസ്സിന്‍റെ ധര്‍മം അതില്‍ അല്ലാഹുവിന്‍റെ മഹബ്ബത്ത് നിറക്കുകയെന്നതാണ്. അല്ലാഹുവല്ലാത്ത മറ്റു ചിന്തകള്‍ വന്നാല്‍ ഹൃദയം രോഗം ബാധിച്ചതായി.’ അറിവിന്‍റെയും ഗ്രന്ഥരചനയുടെയും ലോകത്ത് വ്യാപൃതനായി വിവാഹം കഴിക്കാന്‍ പോലും മറന്ന വിശ്വപ്രസിദ്ധ പണ്ഡിതന്‍ ഇമാം നവവി(റ)ന്‍റെ വഫാത്തിന്‍റെ രംഗം ശ്രദ്ധേയം. ഇമാം കരയുകയാണ്. കൂടിനിന്ന ശിഷ്യര്‍ കാരണമന്വേഷിച്ചപ്പോള്‍ ഇമാം മറുപടി നല്‍കി: ‘ജീവിതത്തില്‍ ഞാനെടുത്ത ഒരു തീരുമാനമുണ്ടായിരുന്നു, അല്ലാഹു അല്ലാത്ത ഒന്നിനും മനസ്സില്‍ സ്ഥാനം കല്‍പിക്കല്ലെന്നായിരുന്നു അത്. ഒരിക്കല്‍ ഞാനെന്‍റെ കൂട്ടുകാരനെ കാണാന്‍ പോകുന്ന വഴിയില്‍ ഒരു പുഴവക്കില്‍ വീഴുകയുണ്ടായി. അപ്പോള്‍ ഒരു നിമിഷം അല്ലാഹ് എന്ന ചിന്ത എന്‍റെ ഹൃദയത്തില്‍ നിന്നും നീങ്ങിപ്പോയി. ആ നിമിഷത്തെയോര്‍ത്താണ് ഞാന്‍ കരയുന്നത്.’

ഹിദായത്തിന്‍റെ ചെറിയ പടികളില്‍നിന്ന് ഉയര്‍ന്ന സ്ഥാനത്തേക്ക് എന്നെ ആനയിക്കണേ എന്നതാണ് ‘ഇഹ്ദിന’യുടെ താല്‍പര്യം. ചൊവ്വായ മാര്‍ഗത്തിന്‍റെ പ്രചാരകര്‍ എന്ന പേരിലാണ് സകല പ്രസ്ഥാനക്കാരും രംഗത്തുവരിക. വികല വിശ്വാസക്കാരായ തബ്ലീഗ് ജമാഅത്തിന്‍റെ  ആശയ പ്രമാണത്തിന്‍റെ നാമം തന്നെ ‘സ്വിറാത്വുല്‍ മുസ്തഖീം’ എന്നാണ്. വഴി പിഴച്ചവര്‍ പോലും തങ്ങള്‍ അത്തരക്കാരല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കും.

ഫാതിഹയുടെ സുപ്രധാനമായ ഒരു നാമമാണ് ‘തഅ്ലീമുല്‍ മസ്അല’. ചോദിക്കേണ്ടതെങ്ങനെ എന്നതിന്‍റെ അധ്യാപനമാണത്. കാരണം, ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ കാവല്‍ ചോദിക്കുന്നു, നിന്നെ ഞങ്ങള്‍ ആരാധിക്കുകയും സഹായം തേടുകയും ചെയ്യുന്നു എന്നൊക്കെ അല്ലാഹു തന്നെ പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അപ്പോള്‍പ്പിന്നെ ചോദിക്കേണ്ടതെങ്ങനെയാണെന്ന് അടിമകളെ പഠിപ്പിക്കുകയാണ് അല്ലാഹു. നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കണേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യമാണ് ഏതാണ് നേര്‍മാര്‍ഗമെന്നത്. ഈ സംശയത്തിന് എന്താണ് നേര്‍മാര്‍ഗമെന്നല്ല, ആരുടെ പാതയാണ് നേര്‍മാര്‍ഗമെന്നാണ് അല്ലാഹു വിശദീകരിക്കുന്നത്. ഫാതിഹയില്‍ അവന്‍ പറഞ്ഞതിങ്ങനെ: ‘അതായത്, നീ അനുഗ്രഹിച്ചവരുടെ മാര്‍ഗം. കോപത്തിനു വിധേയരുടെയും വഴിപിഴച്ചവരുടെയുമല്ല.’ ഈ വിഭാഗമേതാണെന്നും റബ്ബ് തന്നെ വിശദീകരിച്ചുതന്നത് ഇങ്ങനെ വായിക്കാം: അല്ലാഹു അനുഗ്രഹിച്ചവരെന്നാല്‍ നബിമാരും സ്വാലിഹീങ്ങളും ശുഹദാക്കളും (4/69). ഇവരുടെ വഴി പിന്തുടരുന്നതാണ് ഹിദായത്തെന്നര്‍ത്ഥം. സന്മാര്‍ഗത്തില്‍ പാരമ്പര്യത്തിന്‍റെ പ്രാധാന്യം ഈ വാക്യം നമ്മെ ബോധ്യപ്പെടുത്തുന്നു. സനദുകളില്ലായിരുന്നുവെങ്കില്‍ ദീന്‍ പാഴായിപ്പോകുമായിരുന്നു, പരമ്പരയെന്നത് ദീനില്‍ പെട്ടതാണ് തുടങ്ങിയ വാചകങ്ങള്‍ മതത്തിലെ പാരമ്പര്യത്തിന്‍റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്താന്‍ മതിയായതാണ്. വ്യക്തമായിപ്പറഞ്ഞാല്‍ നേര്‍മാര്‍ഗത്തിന്‍റെ സാധൂകരണം പാരമ്പര്യത്തിന്‍റെ കണ്ണിമുറിയാത്ത ശൃംഖലകളുടെ ആധികാരികതയിലാണ് നിലകൊള്ളുന്നത്.

ഈ പാരമ്പര്യ സുരക്ഷിതത്വം സുന്നത്ത് ജമാഅത്തിന് മാത്രം അവകാശപ്പെട്ടതാണ്. കേരളത്തിലെ പണ്ഡിതന്മാരുടെ പരമ്പരയിലെ പ്രമുഖനായിരുന്നല്ലോ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. മലയാളക്കരയിലെ മതപഠനരംഗത്ത് ചാലിലകത്തിന്‍റെ പരിഷ്കാരങ്ങള്‍ വളരെ സ്തുത്യര്‍ഹമായിരുന്നു. അദ്ദേഹത്തിന്‍റെ മൂന്ന് പ്രമുഖ ശിഷ്യന്മാരാണ് ഖുത്വുബി മുഹമ്മദ് മുസ്ലിയാര്‍, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാര്‍, കെഎം മൗലവി എന്നിവര്‍. ചാലിലകത്തിനു ശേഷം കെഎം മൗലവി പഠനാവശ്യാര്‍ത്ഥം എത്തിയത് പ്രമുഖ പണ്ഡിതനും സ്വാതന്ത്ര്യസമര സേനാനിയുമായ നെല്ലിക്കുത്ത് ആലി മുസ്ലിയാരുടെ സമീപത്താണ്. ഉസ്താദ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുമ്പോള്‍ താനും അതില്‍ പങ്കാളിയാകേണ്ടിവരുമോ എന്ന് ഭയന്ന് പെണ്‍വേഷം കെട്ടിയാണ് കെഎം മൗലവി കൊടുങ്ങല്ലൂരിലെ മണപ്പാട്ട് തറവാട്ടില്‍ അഭയം തേടിയതെന്ന് ചരിത്ര വസ്തുതയാണല്ലോ. മണപ്പാട്ട് നിന്നു കിട്ടിയ ഇബ്നു അബ്ദില്‍ വഹാബിന്‍റെയും മറ്റു ബിദഈ നേതാക്കളുടെയും ഗ്രന്ഥങ്ങള്‍ വായിച്ചാണ് അദ്ദേഹം പുതിയ വാദങ്ങളുമായെത്തിയത്. ഗുരുമുഖത്തുനിന്നുള്ള പഠനം കൂടാതെ പാരമ്പര്യത്തിന്‍റെ ചങ്ങല പൊട്ടിച്ചെറിഞ്ഞുകൊണ്ടുള്ള  രംഗപ്രവേശനമായിരുന്നു കേരളത്തില്‍ വഹാബിസത്തിന്‍റേതെന്നു ചുരുക്കം.

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...