Monday, March 19, 2018

വെളിയങ്കോട് ഉമര്‍ഖാസി(റ) ജ്ഞാനതാവഴിയിലെ നക്ഷത്രം●


വെളിയങ്കോട് ഉമര്‍ഖാസി(റ) ജ്ഞാനതാവഴിയിലെ നക്ഷത്രം●


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

പൊന്നാനിയുടെ ചരിത്രമാരംഭിക്കുന്നതിനു മുമ്പുതന്നെ വെളിയങ്കോട് ചരിത്രത്തിലിടം നേടിയിട്ടുണ്ട്. ചാലിയത്തെ മുസ്‌ലിം മിഷനറിമാരിലൂടെയാണ് വെളിയങ്കോട്ട് വ്യാപകമായ ഇസ്ലാമിക പ്രചാരണം നടന്നത്. പൊന്നാനിയില്‍ മഖ്ദൂമുമാര്‍ വന്നതിനുശേഷം അവരുടെ ശ്രദ്ധ ഇവിടുത്തേക്കുണ്ടായി. അതിനുമുമ്പു തന്നെ സൂറത്തിലെ സയ്യിദ് എന്നറിയപ്പെടുന്ന ശൈഖ് അഹമദ്ബിന്‍ ഹസന്‍ ഫഖ്റുല്‍വുജൂദ്(റ)ന്റെ സാന്നിധ്യം വെളിയങ്കോടിനെ ആത്മീയമായി ഉന്നതിയിലെത്തിച്ചിരുന്നു.
ജനനം, പഠനം
ഇസ്ലാമികമായി ഏറെ ഉന്നതി പ്രാപിച്ചിരുന്ന വെളിയങ്കോട് ഖാസിയും മുദരിസുമായിരുന്ന ആലി മുസ്ലിയാരുടെയും പ്രമുഖ കുടുംബ കാക്കത്തറ തറവാട്ടിലെ മുഹമ്മദ് എന്നവരുടെ പുത്രിയായ ആമിനയുടെയും മകനായി ഹി 117 റബീഉല്‍ അവ്വല്‍ 10നു (എഡി 1765) ഉമര്‍ഖാസി(റ) ജനിച്ചു.
മലബാറിലെ മക്ക, ചെറിയ മക്ക എന്നൊക്കെ അറിയപ്പെടുന്ന പൊന്നാനിയാണ് അക്കാലത്തെ വിജ്ഞാനതലസ്ഥാനം. മഖ്ദൂമുമാരുടെ പ്രൗഢജ്ഞാനം പൊന്നാനിയെ ഒരു വിശ്വവിജ്ഞാന കേന്ദ്രമെന്ന അവസ്ഥയിലേക്കുയര്‍ത്തിയിരുന്നു. പി.കെ. മുഹമ്മദ്കുഞ്ഞി എഴുതുന്നു: “കേരളത്തിന്റെ നാനാഭാഗത്തുനിന്നും ദ്വീപുകളില്‍ നിന്നും ജാവാ, സുമാത്ര എന്നീ ദൂരപൗരസ്ത്യദേശങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികളും സഞ്ചാരികളും മതവിദ്യാഭ്യാസാവശ്യാര്‍ത്ഥം പൊന്നാനിയില്‍ വന്നിരുന്നു’ (മുസ്‌ലിംകളും കേരളസംസ്കാരവും).
പിതാവില്‍ നിന്നും മറ്റുമുള്ള പ്രാഥമിക പഠനത്തിനു ശേഷം താനൂരിലെ ദര്‍സില്‍ ചേര്‍ന്നു പഠനം നടത്തി. പതിനാലാം വയസ്സില്‍ താനൂരിലെ ദര്‍സില്‍ നിന്നും പൊന്നാനിയിലെ ദര്‍സിലേക്ക് പഠനം മാറാന്‍ അദ്ദേഹം തീരുമാനിച്ചു. സുപ്രസിദ്ധ സൂഫിവര്യനും അഗാധപണ്ഡിതനുമായിരുന്ന മമ്മിക്കുട്ടിഖാസി എന്നറിയപ്പെടുന്ന ഖാളിമുഹമ്മദ്ബിന്‍ സൂഫിക്കുട്ടി മുസ്ലിയാരായിരുന്നു അന്നവിടത്തെ പ്രധാന മുദരിസ്. മമ്മിക്കുട്ടിഖാളിയോട് ഉമര്‍ എന്ന വിദ്യാര്‍ത്ഥി തന്റെ ആഗ്രഹമറിയിച്ചു. ഉസ്താദ് ശിഷ്യത്വം സ്വീകരിക്കാനെത്തിയ വിദ്യാര്‍ത്ഥിയെ നന്നായി നിരീക്ഷിച്ചു. ചില ചോദ്യങ്ങളുന്നയിച്ചു. ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി കിട്ടിയപ്പോള്‍ ഉസ്താദിന് സന്തോഷമായി. പ്രായത്തില്‍ ചെറിയവനാണെങ്കിലും ജ്ഞാനത്തില്‍ വലിയവനാണെന്ന് ഉസ്താദ് തിരിച്ചറിഞ്ഞതിനാല്‍ ഉമറിന് ദര്‍സ് നടത്തുന്നകാര്യം അദ്ദേഹം തന്നെ ഏറ്റെടുത്തു.
കുശാഗ്രബുദ്ധിയായ ഉമര്‍ഖാസി വിവിധവിഷയങ്ങളിലെ പ്രശസ്തമായ ഗ്രന്ഥങ്ങളൊന്നൊന്നായി ഓതിത്തീര്‍ത്തു. ഉസ്താദിന്റെ തദ്രീസിന്’നുപുറമെ പരോക്ഷമായ തര്‍ബിയത്തും ശിഷ്യന് ലഭിച്ചു. ഉമര്‍ഖാസിയുടെ സിദ്ധിഗുണങ്ങളില്‍ ഉസ്താദിന്റെ ആത്മീയസ്പര്‍ശമേറ്റപ്പോള്‍ അവ കൂടുതല്‍ പ്രശോഭിതമായി. ആറുവര്‍ഷംകൊണ്ട് യോഗ്യതയൊത്തൊരു പണ്ഡിതനായിത്തീര്‍ന്ന ഉമറിന് ഉസ്താദ് ദര്‍സ് നടത്താനുള്ള ഇജാസത്ത്’(അനുമതി) നല്‍കുകയും തന്റെ കീഴില്‍ സഹമുദരിസായി നിയമിക്കുകയുമുണ്ടായി.
പൊന്നാനിയില്‍ സേവനം ചെയ്തു വരുന്നതിനിടെ ഉസ്താദ് മമ്മിക്കുട്ടിഖാസി രോഗബാധിതനായി, ശയ്യാവലംബിയ്യായ ഗുരുവര്യരെ പരിചരിക്കാനുള്ള അവസരം ഉമര്‍ഖാസിക്ക് ലഭിച്ചു. അവസാന നാളുകളിലെ ഈ ഗുരുശിഷ്യ ബന്ധം ഉമര്‍ ഖാസിയെ കൂടുതല്‍ ധന്യനാക്കി. ഗുരുവര്യര്‍ വിലയേറിയ ധാരാളം ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. ഹി. 1217ല്‍ അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു. പൊന്നാനിയില്‍ മഖ്ദൂമുമാരുടെ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
മമ്പുറം തങ്ങളോടൊപ്പം
മമ്മിക്കുട്ടി ഖാസിയുടെ മരണശേഷമാണ് ഉമര്‍ ഖാസി മമ്പുറം തങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്. മമ്പുറം തങ്ങളുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ച സ്വന്തം സഹപാഠി ഔക്കോയ മുസ്ലിയാരുടെ കൂടെയാണ് തങ്ങളെ സന്ദര്‍ശിക്കാന്‍ പോയത്. മമ്പുറം തങ്ങളുമായി ധാരാളം വൈജ്ഞാനിക ചര്‍ച്ചകളും അന്വേഷണവും നടത്തി. തങ്ങളില്‍ ആത്മീയമായ ഗുരുത്വയോഗ്യതയുണ്ടോ എന്ന ഒരു ആലോചന ഉമര്‍ ഖാസിയുടെ മനസ്സിലുദിച്ചു. ഇത് സ്വാഭാവികമാണ് താനും. പക്ഷേ ഈ സംശയം തീര്‍ക്കുന്ന ഒരു സംഭവം അവിടെയുണ്ടായി. ഉമര്‍ ഖാസിയുടെ മനസില്‍ നിന്ന് സകലജ്ഞാനങ്ങളും അപ്രത്യക്ഷമായി. സയ്യിദലവി തങ്ങള്‍ അറബി അക്ഷരമാലയിലെ അദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു. അതോടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടി. ഉമര്‍ ഖാസിക്ക് തങ്ങളുടെ മഹത്വവും പദവിയും കൂടുതല്‍ ബോധ്യപ്പെടുകയും ചെയ്തു. തദവസരത്തില്‍ തന്നെ തങ്ങളുടെ ആത്മീയശിഷ്യത്വം സന്പാദിച്ചു. തുടര്‍ന്ന് ആ ബന്ധം സുദൃഢവും ഫലപ്രദവുമായിത്തീര്‍ന്നു. വളരെ ദുരെയായിരുന്നിട്ടും ഉമര്‍ ഖാസി മമ്പുറം തങ്ങളെ ഇടക്കിടെ സന്ദര്‍ശിച്ചു. മമ്പുറം തങ്ങളുടെ അമ്മാവനായ ശൈഖ് സയ്യിദ് ജിഫ്രി ഹി. 1222ല്‍ കോഴിക്കോട്ട് വഫാത്തായപ്പോള്‍ ജനാസയില്‍ തങ്ങളോടൊപ്പം ഉമര്‍ ഖാസി സംബന്ധിച്ചിരുന്നു. ശൈഖ് ജിഫ്രിയെ സംബന്ധിച്ച് ഉമര്‍ ഖാസി ഒരു മര്‍സിയ്യത്ത് (അനുശോചന കാവ്യം) രചിച്ചിട്ടുമുണ്ട്. ഉമര്‍ ഖാസി അവര്‍കള്‍ക്ക് മമ്പുറം തങ്ങളുമായുണ്ടായിരുന്ന ബന്ധം അദ്ദേഹത്തിന്റെ സാമ്രാജ്യത്വവിരുദ്ധ മനോഗതിക്ക് കുടുതല്‍ കരുത്ത് പകരുകയുണ്ടായി. അറസ്റ്റിലായി ജയിലിലാവുമ്പോള്‍ ഉമര്‍ ഖാസി മമ്പുറം തങ്ങള്‍ക്കയച്ച ഒരു കാവ്യമുണ്ട്.
ആത്മീയസേവന പാതയില്‍
പൊന്നാനിയില്‍ പഠനവും മമ്മിക്കുട്ടി ഖാസിയുടെ ആത്മീയ പരിചരണാനുഭവവും തുടരുമ്പോള്‍ തന്നെ അവിടെ മുദരിസായിട്ടാണ് ഉമര്‍ഖാസി പൊതുരംഗത്ത് വരുന്നത്. ഒരേസമയം തന്നെ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായി. സമര്‍ത്ഥരും യോഗ്യരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഒരു അസുലഭ‘സൗഭാഗ്യമാണിത്. പല ദര്‍സുകളിലും ഇങ്ങനെ കാണാവുന്നതാണ്.
ഉസ്താദിന്റെ വിയോഗാനന്തരം ഉമര്‍ഖാസി(റ) സ്വന്തം നാടായ വെളിയങ്കോട്ടേക്ക് തട്ടകം മാറ്റി. നീണ്ട ഇരുപത് വര്‍ഷക്കാലം വെളിയങ്കോട് ഖാസിയും മുദരിസുമായി ദീനീസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉസ്താദിന്റെ പരിചരണത്തിലും സാമീപ്യത്തിലുമായിക്കഴിഞ്ഞ ഉമര്‍ഖാസിക്ക് ധാരാളം അനുഭവസമ്പത്തുണ്ടായിരുന്നു. അവയെല്ലാം ഉപയോഗപ്പെടുത്തി നാട്ടിലും പരിസരങ്ങളിലും പ്രബോധനപ്രചാരണസേവനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.
പിന്നീട് വെളിയങ്കോട്ടുനിന്ന് താനൂരിലേക്ക് മാറി. ഒരു കാലത്ത് താന്‍ ഓതിപ്പഠിച്ച നാട്ടില്‍ ഉമര്‍ ഖാസിയുടെ സേവനം നാട്ടുകാര്‍ അതിയായി ആഗ്രഹിച്ചതായിരുന്നു. അവരുടെ നിരന്തരാവശ്യം മുന്‍ നിറുത്തിയായിരുന്നു അങ്ങോട്ട് ചെന്നത്. ഇരുപത് വര്‍ഷം താനൂരില്‍ സേവനം ചെയ്തു. പിന്നീട് പൊന്നാനിക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും പൊന്നാനിയിലേക്ക് പോയി.മമ്മിക്കുട്ടി ഖാസിയുടെ വിയോഗവും ഉമര്‍ഖാസിയുടെ രാജിയും പൊന്നാനിയെ വൈജ്ഞാനികമായും ആത്മീയമായും ക്ഷയിപ്പിച്ചിരുന്നു. ഇതിനൊരു പരിഹാരം ഉമര്‍ഖാസിയെ കൊണ്ടുവരിക തന്നെയാണെന്ന് പൊന്നാനിക്കാര്‍ ആലോചിച്ചു തീരുമാനിച്ചു. ഉമര്‍ഖാസിയെ സംബന്ധിച്ചേടത്തോളം പൊന്നാനിക്കാരുടെ ക്ഷണം നിരസിക്കാനാകുമായിരുന്നില്ല. താന്‍ പഠിച്ചുവളര്‍ന്ന നാടാണത്. തന്റെ ഗുരുവര്യരുടെ താല്‍പര്യം പോലെ താന്‍ ദര്‍സ് നടത്തിയ പ്രദേശമാണത്. അതിനാല്‍തന്നെ പൊന്നാനിയിലേക്കുള്ള ഈ മാറ്റം അനിവാര്യവും ഗുണകരവുമായിരുന്നു. അങ്ങനെ പൊന്നാനി പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നു. വൈജ്ഞാനികരംഗം സജീവമായി. എട്ടുവര്‍ഷക്കാലം ഈ സേവനം തുടര്‍ന്നു. അതിനുശേഷം വെളിയങ്കോട്ടേക്ക് തന്നെ മാറി. പിന്നീട് മരണംവരെ നാട്ടില്‍തന്നെയാണ് കേന്ദ്രീകരിച്ചത്.
ശിഷ്യസമ്പത്ത്
പ്രസിദ്ധരായ നിരവധി മഹാരഥന്മാരുടെ ഗുരുവും മാര്‍ഗദര്‍ശിയുമാവാന്‍ ഉമര്‍ ഖാസിക്ക് സാധിച്ചിട്ടുണ്ട്. പരപ്പനങ്ങാടിയിലെ പ്രശസ്ത കുടുംബാംഗവും മമ്പുറം തങ്ങളുടെ മുരീദുമായിരുന്ന ഔക്കോയമുസ്ലിയാര്‍ ഉമര്‍ഖാസിയുടെ സഹപ്രവര്‍ത്തകനെന്നപോലെ ശിഷ്യനുമാണ്. താനൂരില്‍ ഉമര്‍ഖാസി മുദരിസായിരിക്കുമ്പോള്‍ ഔക്കോയമുസ്ലിയാര്‍ അവിടെ സഹ മുദരിസായിരുന്നു.
ഇരുപത്തിനാലാമത്തെ മഖ്ദൂമായ ആഖിര്‍സൈനുദ്ദീന്‍മഖ്ദൂം (റ), ഖാസി സഈദ് മുസ്ലിയാര്‍ (കാഞ്ചാര്‍ കാസര്‍ഗോഡ്), ഫരീദ്മുസ്ലിയാര്‍ (പയ്യോളി ചെരിച്ചില്‍), ശൈഖ് സൈനുദ്ദീന്‍ (വടക്കേക്കാട്, പറയങ്ങാട്) ശൈഖ് സൈനുദ്ദീനുര്‍റംലി (പെരുമ്പടപ്പ് മണലില്‍), കമ്മുക്കുട്ടി മുസ്ലിയാര്‍ (പൊന്നാനി), 25ാമത്തെ മഖ്ദൂമായ മുഹമ്മദ് മഖ്ദൂം തുടങ്ങി ഖാളിയുടെ ശിഷ്യപരമ്പര വളരെ നീണ്ടതാണ്. അവരില്‍ സഹപ്രവര്‍ത്തകരും സതീര്‍ത്ഥ്യരുമായിരുന്ന ആളുകളുമുണ്ട്. അവരുടെ വിവിധ മേഖലകളിലുള്ള സേവനവും നേതൃത്വവും മുസ്‌ലിം ഗുണപരമായ ഗതിവേഗവും ആദര്‍ശപ്രബുദ്ധതയും അന്തസ്സും നേടിത്തന്നിട്ടുണ്ട്. ഇവരില്‍ പ്രസിദ്ധരായ ആഖിര്‍ സൈനുദ്ദീന്‍മഖ്ദൂം പ്രശസ്തരായ പണ്ഡിതവരേണ്യരുടെ ഗുരുപരമ്പരയില്‍ വരുന്നവരാണ്.
ദര്‍സില്‍ നിന്ന് മതപഠനം നടത്തി പണ്ഡിരായിത്തീര്‍ന്നവര്‍ മാത്രമല്ല, കടപ്പുറത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ള ആയിരക്കണക്കിന് സാധാരണക്കാരുടെ ആശയതീവ്രതയുടെയും ആത്മാഭിമാനബോധത്തിന്റെയും കാരണക്കാരന്‍ ഉമര്‍ഖാസിയായിരുന്നു. ഭൗതികമായി അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരം തേടി മാത്രമായിരുന്നില്ല ജനം അവിടുത്തെ സമീപിച്ചത് സാമീപ്യവും സമ്പര്‍ക്കവും കൊണ്ട് ആത്മീയമായ അനുഭൂതി നേടുക കൂടി അവരുടെ ലക്ഷ്യമായിരുന്നു. സാധാരണക്കാരെ ഉദ്ദേശിച്ചുള്ള ഇല്‍മിന്റെ സദസ്സുകളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. റമളാന്‍ മാസത്തില്‍ ഖസ്വീദതുല്‍ വിത്രിയ്യയുടെ വിശദീകരണങ്ങളാണ് ക്ലാസില്‍ നടത്തിയിരുന്നത്. സുബ്ഹി നിസ്കാരങ്ങള്‍ക്കുശേഷം സദുപദേശം ചെയ്യലും അദ്ദേഹത്തിന്റെ പതിവായിരുന്നു.
സാമ്രാജ്യത്വവിരുദ്ധ സമീപനം
ഉമര്‍ഖാസി ആത്മീയമണ്ഡലത്തില്‍ മാത്രം ഒതുങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നില്ല. സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തിലിടപെടുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തവരായിരുന്നു. വൈദേശികരുടെ കൊള്ളയും കൊലയും വരുത്തിവെച്ച തീരാനഷ്ടങ്ങളുടെ കഥകള്‍ ശോകം പരത്തിയ കാലത്താണല്ലോ അദ്ദേഹം കര്‍മപഥത്തിലെത്തുന്നത്. പൊന്നാനിയുമായുള്ള ബന്ധത്തിന്റെ സ്വാധീനവും മമ്പുറം തങ്ങളുടെ സൗഹൃദവും ഉമര്‍ഖാസിക്ക് സാമ്രാജ്യത്വവിരോധത്തിന്റെ വിത്തും വീറും നല്‍കി.
ഉമര്‍ഖാസി(റ)യുടെ കാലഘട്ടം മലബാറില്‍ മാപ്പിളസമരങ്ങളുടെ വേലിയേറ്റക്കാലമായിരുന്നു. മലബാര്‍ ബ്രിട്ടീഷുകാരുടെ അധികാരപരിധിയില്‍ പെട്ടതുമുതല്‍ പുതിയൊരു ദുരിതപര്‍വ്വത്തിലാണ് മാപ്പിളമാര്‍ പ്രത്യേകിച്ചും എത്തിപ്പെട്ടത്. നാട്ടുകാരായ ജന്മിമാരുടെ പീഡനങ്ങള്‍ കൂടി മാപ്പിളമാര്‍ക്ക് സഹിക്കേണ്ടിവന്നു .
അധികാരികളേര്‍പ്പെടുത്തിയ നികുതികളുടെയും പിഴകളുടെയും അമിതഭാരം ജനങ്ങളെ അങ്ങേയറ്റം വലച്ചു. അടിസ്ഥാനപരമായിത്തന്നെ അക്രമിയുടെ നികുതിപിരിവെന്ന നിലയില്‍ സഹകരിക്കാതിരിക്കുന്നതിന് കാരണമുണ്ടായിരുന്നു. അതിനുപുറമെ വിളകള്‍ക്കും ഉല്‍പന്നങ്ങള്‍ക്കുമേര്‍പ്പെടുത്തിയ വളരെ വലിയ നികുതി താങ്ങാവുന്നതിലധികമായിരുന്നു. ഓരോ ഘട്ടത്തിലും അതിന്റെ പേരില്‍ അനുഭവിക്കേണ്ട ദുരിതങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരത്തീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു.
ഈ സാഹചര്യത്തിലാണ് ഉമര്‍ഖാസി(റ) സജീവമായി പൊതുരംഗത്തിറങ്ങുന്നത്. ബ്രിട്ടീഷുകാരുടെ ആനുകൂല്യമോ പദവിയോ അദ്ദേഹം സ്വീകരിക്കുകയോ അനുഭവിക്കുകയോ ഉണ്ടായിട്ടില്ല. നാട്ടില്‍ കടന്നുവന്ന് അധികാരം സ്ഥാപിച്ച് സാമ്പത്തിക ചൂഷണവും വിഭവസമാഹരണവും നടത്തുന്നവരോടുള്ള വിരോധമായിരുന്നു അദ്ദേഹത്തിന്‍റേത്. നിലവിലുണ്ടായിരുന്ന ഒരു ഭരണകൂടത്തില്‍നിന്നും പൊതുസൗകര്യങ്ങളില്‍ നിന്നും ദോഷകരമായ ഒരു ഭരണസാഹചര്യത്തിലേക്കുള്ള മാറ്റം അംഗീകരിക്കപ്പെടാവതല്ലല്ലോ. കര്‍മ്മധര്‍മ്മരംഗത്തും ആത്മീയ പ്രചാരണരംഗത്തും ഉദാത്തവും ഉന്നതവുമായ പദവിയും അര്‍ഹതയുമുള്ള ഖാസി, സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കു നേരെ കണ്ണടച്ചില്ല. സാഹചര്യമാവശ്യപ്പെട്ട നേതൃപരമായ ദൗത്യം നിര്‍വ്വഹിക്കാനദ്ദേഹം തയ്യാറാവുകയായിരുന്നു.
ബ്രിട്ടീഷുകാര്‍ ആധിപത്യം നേടിയെന്നവകാശപ്പെടുന്ന നാട്ടില്‍ താമസിക്കുന്ന ആരും നികുതിനല്‍കാന്‍ ബാധ്യസ്ഥരായിരിക്കുമല്ലോ. ഉമര്‍ഖാസി(റ)ക്കും നികുതി ചുമത്തി. നികുതി പിരിവിനായി തന്നെ സമീപിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം തിരിച്ചയച്ചു. ഒരിക്കല്‍ അംശം അധികാരിതന്നെ ഖാസിയെ സമീപിച്ചു നികുതി ആവശ്യപ്പെട്ടു. അദ്ദേഹം ഭരണത്തെ നിശിതമായി വിമര്‍ശിക്കുകയും നികുതി തരില്ലെന്നറിയിക്കുകയും ചെയ്തു.
ടിപ്പുസുല്‍ത്താനെ കൊല്ലുകയും കൊച്ചി, കൊടുങ്ങല്ലൂര്‍, സാമൂതിരി, അറക്കല്‍ മുതലായ രാജസ്വരൂപങ്ങളെ തകര്‍ക്കുകയും ചെയ്ത ഇംഗ്ലീഷുകാരുടെ പാദസേവകരാണ് നിങ്ങള്‍. വെള്ളക്കാരുടെ ഭരണത്തില്‍ ഉദ്യോഗം വഹിക്കല്‍ തന്നെ ഹറാമാണ്. ഭൂമിയുടെ സാക്ഷാല്‍ ഉടമസ്ഥന്‍ അല്ലാഹുവാണ്. ഞാന്‍ എന്തുവന്നാലും നികുതി തരികയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്
സ്വാതന്ത്ര്യസമരരംഗത്ത് നേതൃപരമായ ബാധ്യതകള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറായതോടൊപ്പം പ്രബോധനപരമായ ബാധ്യതകള്‍ കൂടി അദ്ദേഹം നിര്‍വഹിച്ചിരുന്നു ഒരു കാഫിര്‍വിരോധിയോ നസ്വാറാവിരോധിയോ ആയി അദ്ദേഹത്തെ കേവലവല്‍ക്കരിക്കുന്നതിന് പകരം ഒരു ലക്ഷ്യാധിഷ്ഠിത സമരത്തിന്റെ ധീര ചാലകശക്തിയായായിരുന്നു അദ്ദേഹം. ഉമര്‍ഖാസി(റ)യുടെ വിശാലവീക്ഷണത്തെക്കുറിച്ച് പി.കെ മുഹമ്മദ് കുഞ്ഞി എഴുതുന്നു:
“പത്തൊമ്പതാം നൂറ്റാണ്ടില്‍ വെളിയംകോട് ഉമര്‍ഖാസി നടത്തിയ നികുതിനിഷേധ സമരം പോലും മുസ്‌ലിംകളുടെ മതാതീതചിന്താഗതി വ്യക്തമാക്കിയിരുന്നു. ഒരു മുസ്ലിമെന്ന നിലയിലും ഇന്ത്യക്കാരനെന്ന നിലയിലും അക്രമപരമായ നികുതിയെ ചെറുക്കല്‍ തന്റെ കടമയാണെന്ന് പ്രഖ്യാപിച്ച ഉമര്‍ഖാസി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങളോടാഹ്വാനം ചെയ്തതിങ്ങനെയാണ്: എന്റെ മുസ്‌ലിം സഹോദരന്മാരേ അമുസ്‌ലിം സഹോദരന്മാരേ, നാമെല്ലാം ദൈവദാസന്മാരാണ്. ഇസ്‌ലാം സമാധാനത്തെ കാംക്ഷിക്കുന്ന ഒരു മതമാണ്. നിങ്ങള്‍ എന്റെപേരില്‍ ലഹളക്കും അക്രമത്തിനും മുതിരരുത്. ജയില്‍വാസം അനുഗ്രഹമാണ്’’ (മുസ്‌ലിംകളും കേരളസംസ്കാരവും, പുറം. 163).
ഉമര്‍ഖാസിയുടെ ധാരാളം അഭിസംബോധനകളിലൊന്നാണിത്. നാട്ടിലെ ജനതയെ ഒന്നായാണ് താന്‍ കണ്ടിരുന്നതെന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. മുസ്‌ലിംകളിലെ ആത്മീയനേതാക്കള്‍ എക്കാലത്തും അങ്ങനെയായിരുന്നു. ഇസ്ലാമിന്റെ വിശാല മാനവീയതയുടെ തേട്ടവും താല്‍പര്യവുമാണീ നിലപാടിന്നാധാരം.
ആദര്‍ശപ്രതിബദ്ധത
ഉമര്‍ഖാസി(റ)യുടെ ജീവിതകാലത്ത് സാമ്രാജ്യത്വത്തിന്റെ അതിക്രമങ്ങള്‍ മാത്രമായിരുന്നില്ല. ആത്മീയമായ ജീര്‍ണ്ണതകളും പ്രകടമായിരുന്നു. നിയതമായ മാര്‍ഗേണ സഞ്ചരിക്കാന്‍ ജനങ്ങള്‍ക്കു വഴി കാണിക്കുന്നതിന് പകരം സ്വന്തം മഹത്ത്വമുയര്‍ത്തി അനുയായികളെ അടിമകളെപ്പോലെ കാണുന്ന ചിലയാളുകള്‍ ആത്മീയരംഗത്ത് പല കാലത്തുമുണ്ടായിട്ടുണ്ട്. സൂഫി എന്നോ ത്വരീഖത്തെന്നോ ഒക്കെ ഇത്തരം വ്യതിചലന ചിന്തകള്‍ക്ക് അവര്‍ വിശേഷണം നല്‍കിയേക്കാം. പക്ഷേ മേല്‍വിലാസമല്ലല്ലോ അവയുടെ ശരിതെറ്റുകള്‍ വിലയിരുത്താനുള്ള മാനദണ്ഡം. മറിച്ച് ഇസ്ലാമിക പ്രമാണങ്ങളും ശരീഅത്തുമായി അവരുടെ മാര്‍ഗത്തിന്റെ ബന്ധമെന്ത്? അതിനോടുള്ള പണ്ഡിതസമൂഹത്തിന്റെ നിലപാടെന്ത്? എന്നീ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തിക്കൊണ്ടാണ് അവ വിലയിരുത്തപ്പെടേണ്ടത്. ആത്മീയമായതിനോടെല്ലാം സത്യവിശ്വാസമുള്ളവര്‍ക്ക് താല്‍പര്യമുണ്ടാവാം. പക്ഷേ, പുണരുകയും പുലര്‍ത്തുകയും ചെയ്യുന്നതിനുമുന്പായി സാധ്യമായ മാര്‍ഗേണ അവയെക്കുറിച്ചറിയണം.
കൊണ്ടോട്ടിക്കൈ, പൊന്നാനിക്കൈ എന്നപേരില്‍ ആത്മീയമാര്‍ഗത്തില്‍ രണ്ടുവഴിത്തര്‍ക്കം കേരളത്തിലുണ്ടായിരുന്നു. അതില്‍ പണ്ഡിതസമൂഹത്തിന്റെ അംഗീകാരമുണ്ടായിരുന്നത് പൊന്നാനിക്കൈക്കാണ്. സ്വാഭാവികമായും ഉമര്‍ഖാസിയും ഈ വഴിയില്‍ നിന്നു. കൊണ്ടോട്ടിക്കൈക്കാരുടെ ഇസ്‌ലാംവിരുദ്ധ ശിയാ ഇറക്കുമതികളെ അദ്ദേഹം ശക്തമായെതിര്‍ത്തു.
കറാമത്തുകള്‍
പ്രവാചകാനുരാഗത്തിന്റെ ആള്‍രൂപമായിരുന്ന ഉമര്‍ഖാസി(റ)യുടെ കവിതകള്‍ നബി(സ്വ)യെ മദ്ഹ് ചെയ്യുന്നതും അവിടുത്തെ തവസ്സുലാക്കുന്നതും ഇസ്തിഗാസ ചെയ്യുന്നതും കാണാം. ഇശ്ഖും ഇല്‍മും തരുന്ന ചെറുതുമായ കൃതികളും മനോഹരവും ആശയഗംഭീരവുമായ ചെറുതും വലുതുമായ ഈരിടകളും ഖാസി(റ)യുടേതായുണ്ട്.
മഹാനായ ഉമര്‍ഖാസി(റ)യില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ധാരാളം കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്.ബ്രിട്ടീഷ് സായിപ്പിന്റെ ജയിലറയില്‍നിന്ന് പുറത്തുവന്നതും, നബി(സ്വ) തങ്ങളുടെ തിരുസവിധത്തിലെ വാതില്‍തുറക്കപ്പെട്ടതും അവയോടനുബന്ധമായ രംഗങ്ങളും അന്യത്ര വിവരിച്ചതാണ്. പ്രയാസപ്പെടുന്നവര്‍ക്ക് സഹായമായും മഴയില്ലാതെ വിഷമിക്കുമ്പോള്‍ മഴയും വെള്ളവും ലഭിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്ത ധാരാളം സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടതാണ്. മഴയാവശ്യപ്പെട്ട് വരുന്നവരോട് സംഭാവന സ്വീകരിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണമുപയോഗപ്പെടുത്തി പ്രയാസപ്പെടുന്നവരെ സഹായിക്കുകയും പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തു.
രോഗവും അന്ത്യയാത്രയും
ഹിജ്റ 1273 റമളാന്‍ 21ാം രാത്രി. പതിവുപോലെ പള്ളിയില്‍ തറാവീഹ് നിസ്കാരത്തിനെത്തിയ ഉമര്‍ഖാസി(റ)ക്ക് നിസ്കാരത്തിനിടയില്‍ത്തന്നെ അസ്വസ്ഥത അനുഭവപ്പെട്ടു പുറത്തിറങ്ങി. ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതായിരുന്നു രോഗത്തിന്റെ തുടക്കം. മൂന്നുമാസം ഇതുതുടര്‍ന്നു. രോഗാവസ്ഥയിലും ദൈനംദിനകാര്യങ്ങള്‍ മുടങ്ങാതെ നിര്‍വ്വഹിച്ചു. വീടും നാടും വിട്ടുള്ള പ്രബോധനം, രോഗം മൂര്‍ഛിച്ചു ശയ്യാവലംബിയായതോടെ നിന്നുപോയി. ദുല്‍ഹജ്ജ് മാസത്തില്‍ രോഗം ശക്തിയായി. ചികിത്സിക്കാനെത്തിയ വ്യൈനോട് ഒരിക്കല്‍ ഖാസി(റ) ചോദിച്ചു:

“വ്യൈരേ, എന്നാണ് എനിക്ക് ശരിക്കൊന്ന് കുളിക്കാന്‍ സാധിക്കുക.’’ ആ ചോദ്യം അര്‍ത്ഥഗര്‍ഭമായിരുന്നു.
“അടുത്തവെള്ളിയാഴ്ച നന്നായികുളിക്കാം’’ വ്യൈര്‍ ഖാസിയുടെ ഉള്ളം തിരിച്ചറിഞ്ഞ് പ്രതികരിച്ചു. ഇതുകേട്ട ഉമര്‍ഖാസി(റ)യുടെ മുഖത്ത് സന്തോഷത്തിന്റെ അടയാളം പ്രകടമായി. വ്യൈരെ പ്രശംസിച്ചുകൊണ്ട് നിങ്ങളാണ് രോഗസ്ഥിതിയറിയുന്ന വ്യൈന്‍’എന്നുപറഞ്ഞു തന്റെ ഊന്നുവടികളിലൊന്ന് അദ്ദേഹത്തിന് സമ്മാനമായി കൊടുത്തു.
1273 ദുല്‍ഹജ്ജ് 23 വ്യാഴാഴ്ച രാത്രി മരണത്തെ വരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഖാസി. തന്റെ വദനം പ്രസന്നമായി. ഉന്മേഷവും ഉണര്‍വ്വും കൈവന്നപോലെ. പരിസരത്തുള്ളവരുടെ മുഖത്തും സന്തോഷം. എല്ലാവരും രോഗം മാറുകയാണെന്നുകരുതി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രോഗം “മാറുക’ തന്നെയായിരുന്നു. ആത്മാവില്ലാത്ത ശരീരത്തില്‍ പിന്നെന്തു രോഗമാണ്.
ലാഇലാഹ…’ ഉമര്‍ഖാസി(റ)എല്ലാവര്‍ക്കും യാത്രാ മൊഴി നല്‍കി. മഹാന്മാരെപ്പോഴും നാഥനോട് തേടിയിരുന്നതുപോലെ തന്നെ വെള്ളിയാഴ്ച രാവില്‍ മഹാനുഭാവന്റെ ആത്മാവ് അതിന്റെ സങ്കേതത്തിലേക്ക് പറന്നു. മരണവാര്‍ത്ത വ്യാപകമായി പ്രചരിച്ചു. തങ്ങളുടെ ആത്മീയ നായകന്, നാടിന്റെ യശസ്സുയര്‍ത്തിയ വെളിയങ്കോടിന്റെ പൊന്നോമനപുത്രന് യാത്രയയപ്പ് നല്‍കാന്‍ എല്ലാവരും കാക്കത്തറ വീട്ടിലേക്ക് വന്നുചേര്‍ന്നു. ഖാസിയുടെ ശിഷ്യനായ കാക്കത്തറയില്‍ അഹ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ ജനാസനിസ്കാരം നടന്നു. ഖാസി(റ) തന്നെ തനിക്കായി നേരത്തെ കുഴിപ്പിച്ച പള്ളിയുടെ മുന്‍വശത്തെ ഖബ്റില്‍ ഭൗതികശരീരം മറവുചെയ്തു. വെള്ളിയാഴ്ച ജുമുഅക്ക് അല്‍പം മുന്പായിരുന്നു അത്. അന്നുമുതല്‍ അദ്ദേഹത്തിന്റെ മഖ്ബറ മുസ്‌ലിംസമൂഹം സന്ദര്‍ശിക്കുകയും. ആ ഓര്‍മ്മകളില്‍ നിന്ന് പുതിയ കൈത്തിരികള്‍ കത്തിച്ചെടുക്കുകയും ചെയ്യുന്നു.

അലവിക്കുട്ടി ഫൈസി എടക്കര

No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...